വിശാലമായ ഹാളിൽ നിവർന്നു കിടന്ന അയാളുടെ തൊട്ടടുത്ത് അവൾ കിടന്നു. അയാളത് വക വച്ചില്ല. അയാളെ….

ലവ് ബൈറ്റ്‌സ് ~ രചന: JIDHUL JALAL

“ഹരിയേട്ടൻ എന്താ ഒന്നും മിണ്ടാത്തെ??” മീനു ചോദിച്ചു. അയാൾ മറുപടി പറഞ്ഞില്ല. അയാളുടെ കണ്ണുകൾ ഏതോ സ്വപ്നദർശനത്തിന്റെ പ്രേരണയാൽ അടഞ്ഞു കാണപ്പെട്ടു.

വിശാലമായ ഹാളിൽ നിവർന്നു കിടന്ന അയാളുടെ തൊട്ടടുത്ത് അവൾ കിടന്നു. അയാളത് വക വച്ചില്ല. അയാളെ ചിരിപ്പിക്കുവാനായി, അയാളുടെ ആകർഷണം തന്നിലേക്ക് പകർത്തുവാനായി അയാളുടെ തലമുടിയുടെ, നാസികത്തുമ്പിലൂടെ, ചുണ്ടുകളിലൂടെ, താടിയിലൂടെ അവളുടെ വിരലുകൾ സഞ്ചരിച്ച് നെഞ്ചിലെ രോമകൂപങ്ങളിൽ വന്നു നിന്നു.

“പിണക്കത്തിലാണോ എന്നോട്?” അവൾ പിന്നെയും ചോദിച്ചു. കണ്ണീര് അവളുടെ കണ്ണുകളിൽ നിന്നും ഒഴുകിയൊലിച്ച് അന്തരീക്ഷത്തിൽ ലയിച്ചു.

“ഹരിയേട്ടന് ഇഷ്ടപ്പെട്ട ഉപ്പുമാങ്ങാ ചമ്മതി ജാനുവിനെക്കൊണ്ട് ഞാൻ ഉണ്ടാക്കിച്ചിട്ടുണ്ട്.”മീനു വീണ്ടും പറഞ്ഞിട്ടും അയാളുടെ പരിഭവം മാറിയില്ല.

“കുറച്ച് കഷ്ടമുണ്ട് ട്ടോ, ഞാനെത്ര നേരമായി ചോദിക്കുന്നു.. ഇങ്ങനെ പിണങ്ങല്ലേ, എന്റെ നെഞ്ച് നീറുന്നു ഹരിയേട്ടാ..” അവൾ അയാളെ പരിഭവത്തോടെ നോക്കി. ചുണ്ടുകൾ വക്രിപ്പിച്ചുകൊണ്ട് അയാളുടെ മാറിലേക്ക് തല ചായ്ച്ചു കിടന്നു.

“ഹരിയേട്ടന്റെ പിണക്കം മാറ്റാൻ എന്റെയടുത്ത് ഒരു സൂത്രംണ്ട്…” മെല്ലെ പുഞ്ചിരിച്ചുകൊണ്ട് അവൾ അയാളോട് ചേർന്നുനിന്ന് അയാളുടെ കവിളുകളിൽ മെല്ലെ ചുംബിച്ചു. എന്നിട്ടും അയാളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞില്ല. ഇപ്പോഴും ആ മുഖത്തെ ദേഷ്യം മാറിയിട്ടില്ല.

“മിണ്ടൂലാന്ന് നേർച്ച നേർന്നതാണോ?? ഹരിയേട്ടന്റെ പിണക്കം ഞാനിപ്പോ മാറ്റിത്തരാം.” സങ്കടം കലർത്തി പറഞ്ഞുകൊണ്ട് അവൾ എഴുന്നേറ്റ് അയാൾക്ക് മീതെ കയറി കിടന്നു.

“കുട്ടികളെ പോലുള്ള വാശിയാ ഈ ഏട്ടന്.. ഒരു കാരണവും ഇല്ലാതെ പിണങ്ങിക്കോളും.”അയാളുടെ മുടിയിഴകളെ തഴുകി മിഴികളിൽ അമർത്തി ചുംബിക്കുന്നത് അയാൾ പലപ്പോഴും ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ ചെയ്‌താൽ അയാൾ കണ്ണ് തുറക്കുമെന്നും പുഞ്ചിരിക്കുമെന്നും അവളെ ചേർത്തുപിടിച്ച് ചുംബനങ്ങളാൽ പൊതിയുമെന്നും അവൾ പ്രതീക്ഷിച്ചു. പക്ഷെ ഇക്കുറി അയാളുടെ പിണക്കം വലുതായിരുന്നു. അയാൾ അതൊന്നും വക വെച്ചതുമില്ല, അവളോട് ഒന്ന് ചിരിച്ചുകൂടിയില്ല.

അവൾക്ക് ഒത്തിരി കോപം തോന്നി. താൻ എന്ത് തെറ്റ് ചെയ്തിട്ടാ ഇങ്ങനെ മുഖം വീർപ്പിച്ചു വച്ചിരിക്കുന്നത്? അവളുടെ ചുണ്ടുകൾ മിഴികളിൽ നിന്നും അയാളുടെ ചുണ്ടുകളിലേക്ക് ചേക്കേറി. ആ ഒറ്റ ചുംബനം മതിയായിരുന്നു അയാളുടെ പിണക്കം മാറ്റുവാൻ എന്ന് അവൾക്ക് അറിയാമായിരുന്നു. തന്റെ ചുണ്ടുകളിലേക്ക് അയാളുടെ ചുണ്ടുകൾ പടർന്നുകയറുമെന്ന് അവൾ പ്രതീക്ഷിച്ചു. പക്ഷെ എന്നത്തേയും പോലെ അവളുടെ അധരങ്ങളെ ചുംബനങ്ങളാൽ പൊതിയുവാൻ അന്ന് അയാൾ തുനിഞ്ഞില്ല.

അവളുടെ ദേഷ്യമിരട്ടിച്ചു. അയാളുടെ പിണക്കം മാറുന്നത് വരെ അവളുടെ ചുണ്ടുകൾ അയാളുടേതിൽ തന്നെ തങ്ങിനിന്നു. ഒരിറ്റ് ശ്വാസത്തിന് വേണ്ടിയൊരു ഇടവേള പോലും അവൾ കൊടുത്തില്ല. അയാൾ ചെയ്യാറുള്ളത് പോലെ അയാളുടെ ചുണ്ടുകളെ അവൾ കടിച്ചുപറിക്കുവാൻ തുടങ്ങി. എന്നിട്ടും അയാൾ നിശബ്ദനായി തന്നെ അവശേഷിച്ചു. അയാളുടെ പ്രതികരണം ലഭിക്കാഞ്ഞതിനാൽ അവൾ അയാളുടെ ചുണ്ടുകളെ പല്ലുകളാൽ അമർത്തി ചുംബിച്ചു. പരിസരമാകെ അയാളുടെ ചുണ്ടുകളിൽ നിന്നും രക്തമിറ്റിയൊഴുകി. അയാളുടെ മുഖമൊരു പ്രേതചിത്രം പോലെ തോന്നിച്ചു. ചോരയിൽ കുതിർത്ത ആ ചുംബനം ഹാളിലെ നിലക്കണ്ണാടിയിൽ പ്രതിബിംബിച്ചു. രാത്രിയുടെ ഇരുണ്ട നിറത്തിൽ പടർന്നിറങ്ങിയ ആ ചോരക്ക് നീലനിറം കൈവന്നിരുന്നു.

“അയ്യയ്യോ.. ഈശ്വരാ. ഈ അമ്മ ഇതെന്തൊക്കെയാ കാണിക്കുന്നേ..” അവൾക്ക് പിന്നിൽ നിന്നും കേട്ട സ്വരം! അതിന്റെ അകമ്പടിയോടെ ഓടിയടുത്ത കാലൊച്ചകൾ.. ബലിഷ്ഠമായ രണ്ടു പുരുഷകരങ്ങൾ അവളെ അയാളിൽ നിന്നും അടർത്തിമാറ്റി.

“വല്യമ്മാമ്മയോട് അപ്പഴേ പറഞ്ഞതാ അച്ഛന്റെയടുത്ത് അമ്മയെ ഇരുത്തണ്ടാന്ന്.”അവളെ പിടിച്ചുമാറ്റിയ യുവാവ് ശബ്‌ദം കേട്ട് ഓടിയെത്തിയ വല്യമ്മാമ്മയെ ശകാരിച്ചു.

“അതിനിപ്പോ ഞാനറിഞ്ഞോ ഇവള് ഉറങ്ങാതെ ശവത്തിന് കാവലിരിക്കുമെന്ന്?? ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഞാനറിഞ്ഞോ.?”ഉറക്കച്ചടവിൽ തല ചൊറിഞ്ഞു വല്യമ്മാമ്മ പറഞ്ഞു. അപ്പോഴേക്കും ആ മരണവീട്ടിലെ ഉറങ്ങിക്കിടന്നവർ എല്ലാവരും ഉണർന്നിരുന്നു.

“വെള്ളം കുടിക്കാൻ വേണ്ടി എണീറ്റപ്പോ ഞാൻ കണ്ടത് ഭാഗ്യം.” യുവാവ് പിറുപിറുത്തു. അയാളുടെ കൈകളിൽ അവൾ കോപത്തോടെ നിശ്ചലമായി കിടന്ന ശവശരീരത്തെ നോക്കി കണ്ണുരുട്ടി.

അവൾ ഒരുനിമിഷം അയാളുടെ ചുണ്ടുകളിലേക്കും പരിസരത്തേക്കും മാറി മാറി നോക്കി.. ചുംബനത്തിൽ നീറിയ ആ നീലരക്തമെവിടെ?? അവൾ സ്വന്തം ചുണ്ടുകളിൽ തൊട്ട് നോക്കി.. ഇല്ല.. എവിടെയുമില്ല.. എങ്കിൽ ഹരിയേട്ടന്റെ മാജിക്‌ ആകും..

“ഇപ്പോഴും ഈ ഹരിയേട്ടന്റെ കുട്ടിക്കളി മാറിയിട്ടില്ല.. എന്ത് പിണക്കമാ ഇത്.. അതെങ്ങനെയാ പണ്ടേ വല്യ വാശിക്കാരൻ ആയിരുന്നു ലോ..” അവൾ പൊട്ടിച്ചിരിക്കുവാൻ ശ്രമിച്ചുകൊണ്ട് ഉറക്കെ ചോദിച്ചത് കേട്ട് അവളുടെ മകനായ യുവാവും വല്യമ്മാമയും മറ്റുള്ളവരും മുഖത്തോട് മുഖം നോക്കിനിന്നു.
അയാൾ അപ്പോഴും കണ്ണുകളടച്ച് മിണ്ടാതെ കിടന്നു..

(അവസാനിച്ചു)