കാലം കാത്തുവെച്ചത് – രചന: NKR മട്ടന്നൂർ
ഏട്ടാ…
ഒരു പൊട്ടിച്ചിരിയോടെ ആ വിളി അലിഞ്ഞമര്‍ന്നു. ജനാലയ്ക്കല്‍ നിന്നും ചങ്ങലകിലുക്കത്തോടെ ആ കാലടികള്‍ അകന്നു പോയി. മുകളിലത്തെ കൊട്ടിയടച്ച മുറിക്കുള്ളില്‍ നിന്നും പിന്നേയും ജ്വല്‍പനങ്ങള്‍ കേട്ടു.
എനിക്കൊന്നു കാണണം..! ശൗര്യവും ശക്തിയും ക്ഷയിച്ച് ഒരു പടുമരം പോലെ ഉമ്മറത്തെ ചാരുകസേരയില്‍ വീണുകിടക്കുന്ന ആ മുഖത്തേക്ക് നോക്കി ഞാന്‍ പറഞ്ഞപ്പോള്‍…വിദൂരതയിലേക്ക് നോക്കി ഒന്നിനുമാവാതെ അയാള്‍ അങ്ങനേ കിടന്നു.
നിന്നേപ്പോലെ ഒരു ഓട്ടോറിക്ഷാക്കാരന് കെട്ടിച്ചു കൊടുക്കാനുള്ളതല്ല ഇവിടത്തെ തമ്പുരാട്ടിക്കുട്ടി…കാതുകളില്‍ ഇപ്പോഴും അലയടിക്കുന്നുണ്ട് ആ അട്ടഹാസം…പിന്നില്‍ എന്തിനും പോന്ന അനിയന്മാരായ ആ മൂന്നുപേരും ഉണ്ടായിരുന്നു. പുച്ഛത്തിലൊരാട്ടും തന്നു. ഇറങ്ങി പൊക്കോണം…
ഒന്നിനുമാവാതെ തലയും കുനിച്ച് പടിയിറങ്ങുമ്പോള്‍ മുകളിലത്തെ നിലയിലെ ജനാലയ്ക്കല്‍ പാദസ്വരകിലുക്കം കേട്ടു മിഴികളുയര്‍ത്തി നോക്കി. എന്നേ തനിച്ചാക്കി പോവല്ലേ, എന്ന് ദയനീയമായ് തേങ്ങുന്ന മിഴികള്‍ കണ്ടു. പതിയേ ഇറങ്ങി നടന്നു.
നാലു വര്‍ഷങ്ങള്‍ക്കിപ്പുറം അതേ മുറ്റത്തേക്ക് വീണ്ടും ഒരു വരവുണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ആ പഴയപ്രതാപം പോയ്മറഞ്ഞിരിക്കുന്നു. കൂടെ ആള്‍ബലവും.
കളകള്‍ നിറഞ്ഞ് മുറ്റവും ആള്‍പ്പാര്‍പ്പില്ലാത്തതുപോലെ ആകെ മാറാലയും പൊടിയും പിടിച്ച ഉമ്മറത്ത്..ഭ്രാന്തിന് കാവലെന്ന..പോലെ ഒരു വൃദ്ധന്‍.
ഉമ്മറത്തെ വാതിലില്‍ ചെറുതായ് ഒന്നു തള്ളിയപ്പോൾ, അത് വലിയ ഞരക്കത്തോടെ ഒരു ഭാഗത്തേക്ക് ഞരിഞ്ഞു നീങ്ങി. മരത്തില്‍ പണിത പടിക്കെട്ടുകള്‍ കയറി മേലേക്ക് പോവുമ്പോള്‍ ഉള്ളിലെവിടേയോ ഒരു നീറ്റല്‍.
അന്ന്…ഇവിടെല്ലാം പ്രകാശം പരന്നൊഴുകുന്നുണ്ടായിരുന്നു. ഇപ്പോള്‍…ഇരുട്ടു കട്ടപിടിച്ചു കിടക്കുന്നു. പതിനഞ്ചോളം പേര്‍ ചിരിച്ചും കളിച്ചും ഒത്തിരി സന്തോഷത്തോടെ കഴിഞ്ഞിരുന്ന അകത്തളങ്ങളിലൂടെ എലിയും പാറ്റയും ഓടിക്കളിക്കുന്നു. ഒരാള്‍ക്ക് നടന്നു പോവാനായ് കാട്ടിലൂടെ ഒരു വഴിവെട്ടിയതുപോലെ തോന്നിപ്പിച്ചു.
പുറത്തൂന്ന് പൂട്ടിയ ആ വാതിലിനുമുന്നില്‍ പോയി നിന്നു. അകത്തൂന്നും ഒരു നേര്‍ത്ത തേങ്ങല്‍ കേള്‍ക്കാം. പിന്നെ കനത്ത നിശ്ശബ്ദത. പുറത്തെ ഓടാമ്പല്‍ മാറ്റി. ഒരു വാതില്‍പാളി പതിയേ തുറന്നു.
കട്ടിലില്‍ ഇരിക്കുന്നുണ്ട്…പാറിപ്പറന്ന തലമുടി….മുഷിഞ്ഞ ഒരു ചേല ചുറ്റിയിട്ടുണ്ട്…കാലില്‍ ചങ്ങലകൊളുത്ത്…ശരീരം പിന്നേയും മെലിഞ്ഞിട്ടുണ്ട്…മറ്റേ കതകും തുറന്ന് അകത്തേക്ക് കയറാന്‍ തോന്നി.
ആദ്യം കയ്യെത്തിച്ച് ലൈറ്റിട്ടു. കട്ടിലില്‍ കാല്‍ കയറ്റി വെച്ച് കാല്‍മുട്ടില്‍ മുഖം പൂഴ്ത്തി. ചങ്ങലയുടെ കിലുക്കം നെഞ്ചുലച്ചു.
മീരേ…വിറങ്ങലിച്ചു അമര്‍ന്നു പോയി ആ വിളിയൊച്ച. പെട്ടെന്ന് മുഖമുയര്‍ത്തി എന്‍റെ മുഖത്തേക്ക് നോക്കി. ആ അരികില്‍ പോയിരുന്നു. മീരയേ ഞാന്‍ കൊണ്ടു പോവട്ടെ. വാ…എഴുന്നേല്‍ക്കൂ.
ആരാ..?എന്താ…എന്തിനാ വന്നത്..? മീരയ്ക്ക് ഭ്രാന്താണ്…പൊയ്ക്കോളൂ…പിന്നേയും ഒരു പൊട്ടിച്ചിരി. ഹും…ഭ്രാന്തിയേ തേടി വന്നിരിക്കുന്നു..എന്തിനാ..? കൊണ്ടുപോയി കൊല്ലാനാവും..അല്ലേ..?
അല്ലാ…വര്വോ എന്‍റെ കൂടേ..? ഞാനീ ചങ്ങലയൊന്നഴിക്കയാണ്. മീരയ്ക്ക് എന്തു വേണേലും എന്നേ ചെയ്യാം. കട്ടിലിന്‍റെ കാലില്‍ കെട്ടിയ ചങ്ങലക്കുടുക്ക് ആദ്യം അഴിച്ചു.
പിന്നെ അവളുടെ ഭാവം ശ്രദ്ധിച്ചു കൊണ്ട് മെല്ലെ ആ കാല്‍ക്കല്‍ ഇരുന്നു. അനങ്ങാതെ നിന്നു തന്നു. കണ്ണീരും നൊമ്പരങ്ങളും വീണുടഞ്ഞ, മുഷിഞ്ഞു നാറുന്ന ആ ഉടലിനെ സ്നേഹത്തോടെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു.
പിടിവിടുവിക്കാനൊരു വിഫലശ്രമം നടത്തിയതിനെ ശക്തിയോടെ ചെറുത്തു. പെട്ടെന്നെന്നെ ഇരുകരങ്ങളാലും എന്നെ ചേര്‍ത്തുപിടിച്ചു.
കൊണ്ടോവ്വോ എന്നെ…എനിക്കു പേടിയാ…ഈ ഇരുട്ടിനെ എനിക്കു പേടിയാ…
മം…എനിക്കു വേണം എന്‍റെ മീരയെ…എനിക്കു വേണം…ഒന്നു പൊട്ടിക്കരയണമെന്ന് തോന്നി…വാ…വേദനിപ്പിക്കാതെ…
എന്നോ പ്രാണനായ് കണ്ട് സ്നേഹിച്ചിരുന്ന…ഒന്നാവാന്‍ കൊതിച്ചു കാത്തിരുന്നും…കാലം തട്ടിയകറ്റിയപ്പോള്‍, വിധിയേ പഴിച്ച് മുന്നിലുള്ള ജീവിതം എങ്ങനേലും ജീവിച്ചു തീര്‍ക്കാന്‍ തീരുമാനിച്ച്, മനഃസമാധാനം തേടിയലഞ്ഞലഞ്ഞ് വീണ്ടും ഇവിടെത്തന്നെ എത്തിച്ചേരാന്‍ തോന്നിയ മനസ്സിനേ സ്നേഹിച്ചുകൊണ്ട്…എന്‍റെ ദേഹത്തു ചേര്‍ത്ത് പിടിച്ച് കൊണ്ട് പടികളിറങ്ങി.
ഇളം ചൂടുള്ള ആ ശരീരത്തിനുള്ളില്‍ പ്രാണനേ പോലെ ഈ ദേവനേ സ്നേഹിച്ചിരുന്ന ഒരു മനസ്സുണ്ടാവും ഇപ്പോഴും…
ഉമ്മറത്ത് ചാഞ്ഞുകിടന്ന ആ രൂപത്തെ നോക്കി പറഞ്ഞു…ഞാന്‍ കൊണ്ടുപോവുകയാണ്. ഈ നരകം നിങ്ങള്‍ സമ്മാനിച്ചതാണെങ്കിലും, യാതൊരു പരാതിയോ പരിഭവമോ ഇല്ലാതെ, ഞാനെന്‍റെ നെഞ്ചില്‍ ചേര്‍ത്തുവെച്ചോളാം ഇനിയുള്ള കാലം.
റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍, പിറകിലേ സീറ്റില്‍ എന്നെ കെട്ടിപ്പിടിച്ചു കിടന്നു, അനുസരണയുള്ള ഒരു കൊച്ചു കുഞ്ഞിനേ പോലെ. ഇനി ഞാന്‍ എന്‍റെ മീരയ്ക്കായ് ജീവിക്കാന്‍ പോവാണ്. ആ മനസ്സ് തെളിയും വരേ ചേര്‍ത്തു പിടിക്കും…എന്‍റെ മരണം വരെ…
കാര്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നു…