ഞാന്‍ ഇരുട്ടുപോലെ കറുത്തവളാണെങ്കിലും എന്‍റെ കണ്ണിനകവും ദന്തനിരകളും നല്ലപോലെ വെളുത്തതാണ്

വരനെ ആവശ്യമുണ്ട്- രചന: NKR മട്ടന്നൂർ

പേര് – അരുന്ധതി.

വയസ്സ് -30.

ജോലി – ടീച്ചർ.

നിറം – കറുപ്പ്.

നക്ഷത്രം – മകം.

വിദ്യാഭ്യാസ യോഗ്യത – MA Bed.

അനുയോജ്യരായ വരന്‍റെ രക്ഷിതാക്കള്‍ മുഖേനെയുള്ള വിവാഹാലോനകള്‍ മാത്രം ക്ഷണിച്ചു കൊള്ളുന്നു.

NB – ചെറുക്കന്‍ മിനിമം ഡിഗ്രി വരെ പഠിച്ചയാളും, കൂടാതെ വിശാല മനസ്സുള്ളവനുമായിരിക്കണം. പിന്നെ എന്‍റെ സ്വഭാവത്തോട് പൊരുത്തപ്പെടാന്‍ കഴിവുള്ളവനായിരിക്കണം. എന്നെ അവനെ പോലെ കാണാന്‍ കഴിവുള്ളവനായിരിക്കണം.

നിര്‍ബന്ധബുദ്ധി ഇല്ലാത്തവനും കറുപ്പ് നിറമുള്ളയാളുമായിരിക്കണം. കൂടാതെ എന്‍റെ മോഹങ്ങളും ആഗ്രഹങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കുന്നവനുമായിരിക്കണം.

പിന്നെ ഞാന്‍ ഇരുട്ടുപോലെ കറുത്തവളാണെങ്കിലും എന്‍റെ കണ്ണിനകവും ദന്തനിരകളും നല്ലപോലെ വെളുത്തതാണ്. ഇരുട്ടില്‍ ഞാന്‍ ചിരിക്കാറില്ല. കാരണം എന്‍റച്ഛന്‍ ദേഷ്യത്തിലായപ്പോള്‍ എന്നോട് പറഞ്ഞതാ ഇരുട്ടില്‍ ചിരിക്കല്ലേ നീ എന്ന്…

(അന്നു ഞാന്‍ എന്‍റെ മനസ്സില്‍ പറഞ്ഞിരുന്നു ഈ ഇരുട്ടിനെ കയ്യില്‍ കിട്ടിയപ്പോഴെ അങ്ങു മായ്ച്ചു കളഞ്ഞൂടായിരുന്നോന്ന്).

അതൊരു ഭീഷണിയാണ്…എന്തിരുന്നാലും എനിക്ക് പൂക്കളും പൂന്തോട്ടവും ഇഷ്ടമാണ്. പൂമ്പാറ്റകളേയും കിളികളേയും സ്നേഹിക്കാനറിയുന്ന ഞാനെന്‍റെ അച്ഛനമ്മമാരേയും ബന്ധുജനങ്ങളേയും സ്നേഹിക്കുന്നതിനോടൊപ്പം മുതിര്‍ന്നവരെ ബഹുമാനിക്കാനും പഠിച്ചിട്ടുണ്ട്.

ആരേയും പുച്ഛിക്കാനോ വേദനിപ്പിക്കാനോ അറിയില്ലെങ്കിലും…’കരിംകുയിലേ’…എന്നു വിളിക്കുന്നവരുടെ മുഖത്ത് നോക്കി പോടാ, പോടീ എന്നീ വാക്കുകള്‍ പറയാറുണ്ട്. ഒരു സാധാരണ മനുഷ്യനെ പോലെ പാട്ടുകേള്‍ക്കാറുണ്ട്. അവരുടെ കൂടെ പാടാറുമുണ്ട്.

പിന്നെ…നൃത്ത പഠനം…ഈ കരിംകുയിലെന്തു ചെയ്യാനാ ഇതൊക്കെ പഠിച്ചിട്ടെന്ന് ആറു വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു ആ നാണിത്തള്ള ചോദിച്ചത്. അതോടെ കാലിലെ ചിലങ്ക അഴിച്ചു വലിച്ചെറിഞ്ഞതാണ്.

എന്‍റെ മനസ്സില്‍ കടലോളം സ്നേഹമുണ്ട്. എന്നെ ഇതുവരെ ആരും മനസ്സറിഞ്ഞ് സ്നേഹിക്കാത്തതിനാല്‍ ആര്‍ക്കും പകുത്തു നല്‍കാതെ മുഴുവനായും ഞാന്‍ കാത്തു സൂക്ഷിച്ചിട്ടുണ്ട്. ആരുടെ കണ്ണുകളിലും ഇന്നേവരെ ഒരു പ്രണയപുഷ്പം എനിക്കായ് വിരിയുന്നതു ഞാന്‍ കണ്ടിട്ടില്ല.

ആര്‍ക്കും എന്നെ പ്രണയിക്കാനാവില്ലേ എന്നൊരു ആശങ്ക എന്‍റുള്ളിലുണ്ടെങ്കിലും അതെന്നെ ഭയപ്പെടുത്തുന്നില്ല…അതെന്താണെന്നാല്‍, ഈ ഇരുട്ടിന്‍റെ മുഖമുള്ളവളുടെ കണ്ണുനീര്‍ എന്നോ വറ്റിയതാണ്…ഇനി കരയാനെനിക്കു മനസ്സില്ലാ…

വരുന്നവന്‍ ആരായിരുന്നാലും എന്നിലെ എന്നെ വേദനിപ്പിക്കാന്‍ ‘ഞാന്‍’ ഒരിക്കലും സമ്മതിക്കില്ല. അതിനുമപ്പുറം ഒരു അപേക്ഷയുണ്ട്. എന്നെ ഇഷ്ടമാണേല്‍ മാത്രം കെട്ടിയാല്‍ മതീട്ടോ. എനിക്കു ഇപ്പോള്‍ സ്വപ്നങ്ങളൊന്നുമില്ല. വലിയ മോഹങ്ങളുമില്ല.

എന്‍റെ അമ്മയുടെ നിര്‍ബന്ധവും കണ്ണീരും മാത്രമാ ഈയൊരു സാഹസത്തിന് എന്നെ ഇപ്പോഴും പ്രേരിപ്പിക്കുന്നത്. പിന്നെ എന്നെ പോലൊരു പെണ്ണിന് ഒരിടത്തും ഒരു കൂട്ടു കിട്ടില്ലെന്ന് എന്‍റെ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ വെറുതേ കൊതിക്കാറുണ്ട്.

കണ്ണുകളാല്‍ എന്നെ കാണാന്‍ കഴിയാത്ത മനസ്സില്‍ നിറയേ സ്നേഹമുള്ള ആരെങ്കിലും ഒരാളെങ്കിലും എന്നെ വന്നു കൊണ്ടുപോയെങ്കിലെന്ന്…അയാളുടെ രൂപമില്ലാത്ത, നിറമില്ലാത്ത ഹൃദയത്തില്‍ ഞാനെന്‍റെ സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കും. ജീവിതകാലം മുഴുവന്‍ ആ കാല്‍കീഴില്‍ ഞാനെന്നെ സമര്‍പ്പിച്ചോളാം…

അദ്ദേഹത്തിന്‍റെ…ഈ ലോകത്തെ കാണാന്‍ കഴിയാവുന്ന മക്കളെ പെറ്റു പോറ്റി വളര്‍ത്തിക്കോളാം…അങ്ങനെയെങ്കിലും എന്‍റെ മാതാപിതാക്കളുടെ തീരാസങ്കടം മാറ്റിക്കൊടുത്തോട്ടെ ഞാന്‍…അല്ലാതെ എനിക്കു മരിക്കാന്‍ കഴിയില്ലാല്ലോ…?

സ്നേഹപൂര്‍വ്വം, അരുന്ധതി.