രചന : അബ്ദുൾ റഹീം
നാട്ടുകൂട്ടം വാട്സാപ്പ് ഗ്രൂപ്പിലേക്ക് കൂട്ടുകാരൻ ഫൈസൽ അയച്ച മെസേജിന്റെ സത്യാവസ്ഥ അറിയാനാണ് ഞാൻ അവനെ കോണ്ടാക്റ്റ് ചെയ്തത്.
ഹലോ…ആ പറയെടാ…നീ ഗ്രൂപ്പിലേക്ക് അയച്ച ആ വീഡിയോയിലുള്ളത് തെക്കെകാട് ജാഫറിന്റെ പെങ്ങളല്ലേ…അതേടാ…അതെന്താ സംഭവം? അവൾ ആരുടെയൊകൂടെ ചാടിപ്പോയി, പോയ കൂട്ടത്തിൽ ഉമ്മ ധരിച്ചിരുന്ന സ്വർണ്ണവും അവളുടെ കല്യാണത്തിന് ഒരുക്കിയിരുന്ന ആഭരണങ്ങളും പണവുമെല്ലാം എടുത്തോണ്ടാ പോയത്.
അവൾ ഇറങ്ങിപ്പോയത് തന്നെയാണോ? അതോ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണെങ്കിലോ. അല്ലെടോ..അവൾ ഇറങ്ങിപ്പോയത് തന്നെയാ…ഇനി എന്നെ അന്വേഷിക്കരുതെന്നും, ഞാൻ എന്റെ ഇഷ്ടത്തിന് ജീവിക്കാൻ പോകുകയാണെന്നൊക്കൊ ആ ഉമ്മയോട് പറഞ്ഞിട്ടാണ് പോയതത്രെ.
അവന്റെ ഉമ്മാക്ക് കാലിന് എന്തോ പറ്റിയിരുന്നില്ലേ? അതൊരു ആക്സിഡന്റിൽ പറ്റിയതാ, അങ്ങനെയാണ് അവന്റെ ഉപ്പ മരിച്ചത്, ഉമ്മാക്ക് രണ്ട് കാലിനുള്ള സ്വാധീനം നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരിച്ചു കിട്ടി, ഇപ്പൊ ആ ഉമ്മയുടെയും അവന്റെയുമൊക്കെ മാനവിസികാവസ്ഥ ആലോചിക്കുമ്പോഴാ…
അതേടാ…പാവല്ലെ…അവന്റെ ഉമ്മയുടെ അടുത്ത് ഇപ്പൊ ആരാ ഉള്ളെ? അവിടെ ഇപ്പൊ ബന്ധുക്കളൊക്കെ വന്നിട്ടുണ്ട്. ജാഫർ നാട്ടിലേക്ക് വരുന്നുണ്ടോ? ആ അവൻ നാളെ വരുമെന്ന് പറഞ്ഞിരുന്നു, അടുത്ത ഞായറാഴ്ച്ചയായിരുന്നില്ലേ അവളുടെ കല്യാണം ഉറപ്പിച്ചിരുന്നത്, ആ കല്യാണം കൂടാൻ വേണ്ടി വരാനിരുന്നതാ പാവം.
മ്മ്…കഴിഞ്ഞ ആ പ്രളയ കാലത്ത് ഞാൻ അവനെ കണ്ടിരുന്നു. ഒരുപാട് നേരം സംസാരിച്ചു. പെങ്ങളെയും ഉമ്മയെയും വിട്ടൊരു ലോകത്തെക്കുറിച്ച് അവന് ചിന്തിച്ചിട്ടുപോലുമില്ല പാവം. അതേടാ…അവന് പോവുന്നതിനു കുറച്ചു ദിവസം മുമ്പ് എനിക്കും വിളിച്ചിരുന്നു, പ്രളയത്തിന് ശേഷം കോറികൾക്ക് ലൈസൻസ് റദ്ധാക്കിയതോടെ കുറേകാലം പണിയില്ലാതായിട്ടുണ്ട് ആ പാവത്തിന്.
എന്നിട്ടും അവന് ആ കുടുംബത്തെ പട്ടിണിയിലാക്കിയിട്ടില്ല. ആരോടെങ്കിലുമൊക്കെ കടം മേടിച്ചും മറ്റും അവൻ അവരെ പൊന്നുപോലെ നോക്കി, അന്നെനിക്ക് വിളിച്ചതും എന്തെങ്കിലും തിരിക്കാനുണ്ടാകുമോ എന്ന് ചോദിച്ചാ. ഗൾഫിലേക്ക് പോകേണ്ടെന്ന് അവനോട് ഉമ്മ പല തവണ പറഞ്ഞിട്ടുണ്ടായിരുന്നെന്ന് കേട്ടു?
മ്മ്…അവൾക്ക് വേണ്ടിയല്ലേ അവന് പോയത്. നാട്ടിൽ നിന്നാൽ ഒന്നും മാറ്റിവെക്കാൻ കഴിയുന്നില്ലെന്നും, അവളെ ആണൊരുത്തന്റെ കയ്യിൽ ഏൽപ്പിക്കുമ്പോൾ ഏട്ടന്റെ വകയായി കുറച്ചെങ്കിലും കണ്ടെത്തണമെന്നുമുള്ള അവന്റെ ആഗ്രഹം ആണ് വിട്ട് പിരിയാൻ മനസ്സില്ലാഞ്ഞിട്ടും അവനെ പ്രവാസിയാക്കിയത്…എന്നിട്ടിപ്പോ അവൾ കാട്ടിയതോ.
അല്ല…അവളെക്കുറിച്ച് വല്ല വിവരവും ലഭിച്ചോ? ഇല്ല…ഇന്നേക്ക് രണ്ടു ദിവസമായി, ഒരു ചുവന്ന മാരുതി സെൻ കാറിലാണ് അവൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. അത്‍ ആരാ കണ്ടത്. അവന്റെ അയൽവാസിയില്ലേ മുഹമ്മദിക്ക… അയാളാണ് കണ്ടത്, പുലർച്ചെ അഞ്ചരക്കാൻ അവൾ വീട്ടിൽ നിന്നും പോയതത്രെ?
വണ്ടിയിൽ മൂന്നോ നാലോ പുരുഷന്മാരും ഉണ്ടത്രേ. കേസ് കൊടുത്തിട്ടില്ലെ? ആ…അതൊക്കെ അപ്പഴേ കൊടുത്തു. മ്മ്…എന്തെങ്കിലും വിവരം അറിയുവാണേൽ അറീക്ക്…ഓക്കെ…ഡാ..
ഫോൺ വെച്ച ഉടൻ എന്റെ കണ്ണുകൾ തിരഞ്ഞത് എന്റെ പേഴ്‌സിനകത്ത്‌വെച്ച എന്റെ കൂടപ്പിറപ്പിന്റെ ഫോട്ടോയിലേക്കാണ്. ഇന്ന് ഞാനും നാടും വീടും വിട്ട് ഈ പ്രവാസലോകത്തേക്ക് വന്നത് അവൾക്ക് വേണ്ടിയിട്ടാണ് എന്റെ കുഞ്ഞുപെങ്ങൾക്ക് വേണ്ടി. ഞാൻ പെട്ടെന്ന് തന്നെ പോക്കറ്റിൽ നിന്നും പേഴ്സെടുത്ത് അതിനുള്ളിൽ ഒരു നിധിപോലെ സൂക്ഷിച്ചുവെച്ചിരുന്ന എന്റെ റസിയയുടെ പുഞ്ചിരിച്ചു നിൽക്കുന്ന ആ നിഷ്കളങ്കമായ മുഖത്തേക്ക് കുറെ നേരം നോക്കി നിന്നു.
ഹേയ്, എന്റെ റസിമോൾ ഇങ്ങനെയൊന്നും ചെയ്യില്ല, അല്ലെടീ പെണ്ണെ, ഞാൻ സ്വയം മനസ്സിൽ പറഞ്ഞ് ആത്മവിശ്വാസം വീണ്ടെടുക്കാൻ ശ്രമിച്ചു. പക്ഷെ ജാഫറിന്റെ അനുഭവം എന്റെ മനസ്സിനെയും കുത്തിനോവിച്ചുകൊണ്ടിരുന്നു. അവൾ ഒരു പാവം പെൺകുട്ടിയായിരുന്നു. ആരോടും അതികം സംസാരിക്കാത്ത അതികം ആരോടും കൂട്ടില്ലാത്ത ഒരു പാവം പെൺകുട്ടി. കാൽ നഷ്ടപ്പെട്ട ഉമ്മയുടെ കാലുകളാകാൻ അവൾക്ക് സാധിച്ചിരുന്നു. എന്നാലും അവൾക്കെങ്ങനെ മനസ്സ് വന്നു.
ഒരുപാട് നേരം വേണ്ടാത്തത് ചിന്തിച്ചതുകൊണ്ടാകണം എന്റെ റസിക്ക് വിളിക്കാൻ എന്റെ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കി ഞാൻ അവൾ പഠിക്കുന്ന ഹോസ്റ്റലിലേക്ക് കോണ്ടാക്റ്റ് ചെയ്തു.
ഹലോ…ആരാണ്…? ഞാൻ റസിയയുടെ ഇക്കാക്കയാണ്.
മഞ്ചേരിയിലുള്ള റസിയയുടെയാണോ?അതെ സിസ്റ്റർ…ഇപ്പൊ വിളിക്കാൻ പറ്റില്ലെന്ന് അറിയില്ലേ..അവർ പഠിച്ചുകൊണ്ടിരിക്കുന്ന സമയമാണ്.
പ്ലീസ് സിസ്റ്റർ, കുറെ നാളായി വിളിച്ചിട്ട്. സോറി, ഇപ്പൊ പറ്റില്ല…അങ്ങനെ പറയല്ലേ സിസ്റ്റർ, എനിക്ക് ഈ സമയത്ത് മാത്രമേ ലീവൊള്ളൂ…ഈ ഒരു തവണകൂടി മാത്രം, പ്ലീസ്.
മ്മ്…ഇനി ആവർത്തിക്കരുത്, കുറച്ചു സമയം ഹോൾഡ് ചെയ്യൂ…ഓകെ…
മറുഭാഗത്ത് അവളുടെ ശബ്ദം കേൾക്കുന്നത് വരെയുള്ളൊരു കാത്തിരിപ്പുണ്ടല്ലോ…?അതൊരു വല്ലാത്ത ഫീലിംഗ് തന്നെയാണ്, ഇക്കാക്ക എന്നുള്ള അവളുടെ ആ വിളി കേൾക്കുമ്പോൾ മനസ്സിനകത്ത് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷമായിരുന്നു.
ഇക്കാക്ക…
ആ വിളിയങ് കേട്ടതോടെ എനിക്ക് സന്തോഷത്തിന്റെ കണ്ണുനീർ അടക്കിപ്പിടിക്കാൻ കഴിഞ്ഞില്ല, എന്റെ തേങ്ങലുകൾ അവളുടെ കാതിൽ പതിച്ചതുകൊണ്ടാകണം അവളും വിതുമ്പാൻ തുടങ്ങി, ആ കണ്ണീരിൽ എല്ലാം ഉണ്ടായിരുന്നു.
അവൾ ഈ ഇക്കാക്കയെ മറക്കില്ല, ഞാൻ ഇഷ്ടപ്പെടാത്തതൊന്നും അവൾ ആഗ്രഹിക്കില്ല, ഞാൻ അവളെ സ്നേഹിക്കുന്നതിലേറെ അവൾ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് ആ കണ്ണീരിലൂടെ എനിക്ക് തിരിച്ചറിയാമായിരുന്നു.
റസി നിനക്കെന്നോട് ദേഷ്യം ഉണ്ടോ..?ജോലിത്തിരക്കയൊണ്ടാട്ടോ കഴിഞ്ഞാഴ്ച വിളിക്കാഞ്ഞേ. അതെനിക്ക് അറിയാം ഇക്കാക്കാ…ഇക്കാക്ക കരയല്ലേ…ഹേയ്, ഞാൻ നിർത്തി. പിന്നീട് ഒരുപാട് നേരം ഞങ്ങൾ പരസ്പരം ക്ഷേമാന്വേഷണങ്ങൾ പങ്കുവെച്ചു, അതിനിടയിൽ ഞാൻ ചിലതാങ് തുറന്നു ചോദിച്ചു.
റസി ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ? എന്താ ഇപ്പൊ ഇങ്ങനെയൊക്കെ…ഹേയ് ചോദിച്ചു എന്നെ ഒളളൂ. എനിക്ക് ഇക്കാക്ക കാണിച്ചു തരുന്ന ഒരാളെ മതി. ആ വാക്കുകൾ പതിച്ചത് എന്റെ നെഞ്ചത്തായിരുന്നു, ഒടുവിൽ ഞാൻ മറ്റൊരു കാര്യം കൂടെ അവളോട് ചോദിച്ചു.
നിന്നെ അവിടെ (അനാഥാലയത്തിൽ) കൊണ്ടാക്കിയതിൽ നിനക്ക് വിഷമം ഉണ്ടോ? ഇക്കാക്ക ഇതുപോലുള്ള ചോദ്യം ചോദിച്ചാൽ ഞാൻ മിണ്ടൂല്ലട്ടോ.
മ്മ്…ഒരു വീട് ശരിയാക്കിയിട്ട് വേണം നാട്ടിൽ വരാൻ, പിന്നെ അവിടെതന്യാ… നാട്ടിൽ വന്നാ പിന്നെ നിന്നെ എവിടേക്കും വിടൂല, ആണൊരുത്തനെ കണ്ടെത്തുന്നത് വരെ നമുക്ക് സന്തോഷത്തോടെ ജീവിക്കണം. എല്ലാം, പെട്ടെന്നാവാൻ ഞാൻ നിത്യവും പ്രാര്ഥിക്കുന്നുണ്ട്.
ഒരുപാട് നാളത്തെ അവളുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടിയ ഒരു ദിവസമായിരുന്നു ഇന്നലെ, കയറിക്കിടക്കാൻ ചെറിയൊരു കൂരയെന്ന ഞങ്ങളുടെ സ്വപ്നം പൂവണിഞ്ഞ ദിവസം, സുഹൃത്തുക്കളും അയൽക്കാരും ബന്ധുക്കളും നിറഞ്ഞ ആ പാലുകാച്ചൽ ചടങ്ങിൽ ഒരുപക്ഷേ ഞങ്ങളുടെ രക്ഷിതാക്കളുടെ ആത്മാക്കളും പങ്കെടുത്തിട്ടുണ്ടാകും.