നെല്ലിമരം – രചന: അബ്ദുൾ റഹീം
ഡാ നമുക്കിന്ന് നമ്മൾ പഠിച്ച സ്കൂളിൽ പോയാലോ…?കുറേനാളായി വിചാരിക്കുന്നു നീ വന്നിട്ട് പോകാമെന്ന് കരുതി. രാഹുൽ ശിഹാബിനോട് ചോദിച്ചു.
ഗൾഫിൽ നിന്നും ലീവിന് വന്നതായിരുന്നു ശിഹാബ്. അതിനെന്താ പോകാലോ…അല്ല നിനക്കെന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ. ഏയ് ഒന്നുല്ലടാചുമ്മാ ഒരു ആഗ്രഹം അവിടെ പോയി കുറച്ചു നേരം ഇരിക്കാൻ.
ശിഹാബും രാഹുലും സുഹൃത്തുക്കൾ മാത്രമല്ല സഹോദരങ്ങളെ പോലെയാണ്. രാഹുലിന് രണ്ടു വയസുള്ളപ്പോഴാണ് അവന്റെ അച്ഛനും അമ്മയും മരിക്കുന്നത്. അതിന് ശേഷം ശിഹാബിന്റെ ഉമ്മയും വാപ്പയും രാഹുലിനെ അവരുടെ വീട്ടിലേക്ക് കൊണ്ട് വന്നു. പിന്നീട് ശിഹാബിന്റെ വീട് രാഹുലിന്റെയും കൂടി ആയിരുന്നു.
ഡാ പോകാം…ഒരുപാട് നേരമായില്ലെ ഇരിക്കാൻ തുടങ്ങിയിട്ട് കാലത്തു 9 മണിക്ക് വന്നതാ ഇപ്പോൾ സമയം 11 ആയി ഇനി നമുക്ക്‌പിന്നെ വരാം. ഇല്ലടാ കുറച്ചുനേരം കൂടി….ഈ നെല്ലി മരത്തിന്റെ ചോട്ടിൽ ഇങ്ങനെ ഇരിക്കുമ്പോൾ എന്തോ മറന്നു വെച്ച പോലെ..
ആരൊക്കെയോ നമ്മുടെ ചുറ്റും ഉണ്ടെന്ന തോന്നൽ…സ്കൂൾ വിട്ടതിനു ശേഷം നമ്മൾ ഇവിടെ വന്നിട്ടേയില്ലാ..ഇടക്ക് ഇതിലെ പോകും എന്നാലും ഇവിടേക്ക് നമ്മൾ വരാറേയില്ല. നിനക്ക് ഓർമയുണ്ടോ ആനി ടീച്ചർ നിന്നെ എപ്പോഴും കണക്ക് ചെയ്യാത്തതിന് പുറത്തു നിർത്തും. രാഹുൽ ശിഹാബിനോട് ചോദിച്ചു…
പിന്നേ ഓര്മയുണ്ടോന്നോ..?ആ ടീച്ചർ വരല്ലേന്നും പറഞ്ഞു എത്ര പൈസയ ഭണ്ടാരത്തിൽ ഇട്ടേക്കുന്നെ..ആ..അന്നൊന്നും നമ്മുടെ പ്രാർത്ഥന ആരു കേൾക്കാൻ…അന്നു പുറത്തുനിർത്തിയതിന് ഒരു ഗുണമുണ്ടായി കഞ്ഞിപ്പുരയിൽ പോയി ഇരുന്നത് കൊണ്ട് കഞ്ഞി വെയ്ക്കാൻ പഠിച്ചു.
അതെകൊണ്ടന്താ ഇപ്പോൾ റൂമിൽ ഒറ്റക്കായാലും കഞ്ഞി വെച്ചു കുടിക്കാൻ അറിയാം. ശിഹാബ് ചെറു ചിരിയോടെ പറഞ്ഞു. നിനക്കൊരു കാര്യം അറിയോ..? റൂമിൽ ഒരുത്തൻ വിസിറ്റിംഗ് വന്നിട്ടുണ്ട്. അവൻ എം.ബി.എ.ആണ്. അവന് ഇതേവരെ ചോറു വെയ്ക്കാൻ പോലും അറിയില്ലട. അതെന്താ അങ്ങനെ…ഞാൻ സ്കൂളിൽ വന്നു കഞ്ഞിവെയ്കാനെങ്കിലും പടിച്ചു.
ശിഹാബ് ഒളികണ്ണിട്ട് രാഹുലിനെ നോക്കി. രാഹുൽ വേറേതോ ലോകത്താണ്. എന്താ നീ ഇങ്ങനെ ആലോചിക്കുന്നെ…എന്താ നിനക്ക് പറ്റിയെ..? വാപ്പയും പറഞ്ഞു നീ കുറേനാളായി ആരോടൊന്നും മിണ്ടുന്നില്ലന്ന് എന്താണെകിലും എന്നോട് പറ…
ഏയ് ഒന്നുല്ലടാ, അവർക് തോന്നുന്നത ഞാൻ ഇപ്പോഴും പഴയത് പോലെ തന്നെയാ. അങ്ങനെ ആയാൽ നിനക്കു കൊള്ളാം. ഒരു കാര്യം ചെയ്യ് നീ ഇവിടെ ഇങ്ങനെ ഇരിക്ക്. ഞാൻ അപ്പൂപ്പന്റെ കടയിൽ കാണും. സ്കൂൾ വിട്ടതിനു ശേഷം ആളെ കണ്ടിട്ടേയില്ല. അതും പറഞ്ഞു ശിഹാബ് പുറത്തേക്കിറങ്ങി.
അപ്പൂപ്പ…ഒരു ചായ…അതും പറഞ്ഞു ശിഹാബ് ബെഞ്ചിൽ ഇരുന്നു. ഇന്നാ ചായ… ചായ വെച്ചിട്ട് അയാൾ അവനെ രൂക്ഷമായി നോക്കി. ഇയാൾ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ…അപ്പൂപ്പനെ കാണാനില്ലല്ലോ…?അപ്പൂപ്പൻ എന്തേ….എന്നു ചോദിക്കാൻ വരുന്നതിനു മുൻപേ ശിഹാബ് ചുമരിലുള്ള ഫോട്ടോ കണ്ടത്.
അതു ശരി അപ്പൂപ്പൻ പടമായി. അതാ അയാൾ എന്നെ ഇങ്ങനെ നോക്കിയത്..കൂടെ അമ്മൂമ്മയുടെയും ഫോട്ടോ ഉണ്ടല്ലോ ..അതെന്തായാലും നന്നായി അല്ലങ്കിൽ ഒരാൾ പോയാൽ മറ്റൊരാൾക്കു വിഷമമായേനെ..ചായയുടെ പൈസ കൊടുത്തു ശിഹാബ് വെളിയിലേക്കിറങ്ങി. ബൈക്കിൽ ചാരി നിന്നു. മൊബൈൽ കയ്യിലെടുത്തു ചുമ്മാ മെസേജുകൾ നോക്കിക്കൊണ്ടിരുന്നു.
ഗ്രൂപ്പിൽ കാര്യമായ ചർച്ച നടക്കാണാല്ലോ. ആർക്കോ ബിരിയാണി കഴിക്കണം അതാണ് ഇന്നത്തെ വിഷയം. കാഞ്ചനയാണ് മുൻപിൽ അവളാണ് ബിരിയാണി നന്നായി വെക്കുമെന്ന് പറയുന്നേ. വീട്ടിൽ വന്നാൽ തരാമെന്ന്. അവളുടെ വീട് ഇവിടെ അടുത്തല്ലേ ചുമ്മാ പോയി നോക്കിയാലോ. ചിലപ്പോ ബിരിയാണി കിട്ടിയാലോ.
അല്ലങ്കിൽ വേണ്ട…പണ്ട് സ്കൂളിൽ പടിക്കുമ്പോ ഡ്രോയിങ് പീരിഡിൽ ഒരു റൂൾ പെൻസിൽ ചോദിച്ചപ്പോൾ പോടാ പട്ടിന്ന് പറഞ്ഞതാ…അന്നു അവളുടെ കയ്യിൽ രണ്ടു പെൻസിൽ ഉണ്ടായി..ചോദിച്ചപ്പോൾ ഒരെണ്ണത്തിന്റ് മുന ഓടിഞ്ഞാൽ ഉപയോഗിക്കാനാണെത്രേ. ആ…അവളാണ് ബിരിയാണി കൊടുക്കുന്നെ…അന്നു അവള് വരച്ച മാനിന്റെ പടം കണ്ടു മാഷ്‌ചോദിക്കേം ചെയ്തു ഇതെന്തു മൃഗമാണെന്ന്…
ഓരോന്നു ആലോചിച്ചു സമയം പോയതറിഞ്ഞില്ല. ഇവനിത് എന്തെടുക്കുകയാ…കുറെ നേരമായാലോ അവന്റെ അയവിറക്കൽ…അപ്പോഴാണ് അടുത്ത ബേക്കറിയിൽ നിൽക്കുന്ന ആളെ ശിഹാബ് ശ്രദിച്ചത്. ഇതു സിമിയല്ലേ…?ഇവളാകെ മാറിയിരിക്കുന്നു. പണ്ട് എല്ലു പോലെ ഇരുന്ന കൊച്ചാ…ഇപ്പോൾ തടിയൊക്കെ വെച്ചു.
കൂടെ മൂന്നു കുട്ടികൾ ഉണ്ടാല്ലോ…പണ്ട് വലിയ നാണക്കാരി ആയിരുന്നു…ആ.. വർഷങ്ങൾ ഒരുപാട് കഴിഞ്ഞില്ലേ. അതിന്റെ മാറ്റമാ..പോയി സംസാരിച്ചാലോ…? അല്ലങ്കിൽ വേണ്ട എന്നെ മനസിലായില്ലങ്കിൽ നാണക്കേടാകും. വീണ്ടും മൈബൈലിൽ മെസേജുകൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ…
ടാ ശിഹാബ് നീ എന്നെ അറിയോ…?എത്ര നാളായി കണ്ടിട്ട്…നീ എവിടാ…ഇപ്പോൾ എന്താ ചെയ്യുന്നെ…? സിമിയുടെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് ശിഹാബ് ഞെട്ടി.
ആ സിമി..പിന്നെ നിന്നെ അറിയാതെ…ഞാൻ കണ്ടില്ല. എവിടെ പോയതാ? ഞാൻ ഹസ്ബന്റിന്റെ വീട്ടിലേക്ക് പോകാ. ഇവിടെ അടുത്ത എന്റെ വീട്. എത്രനാളായില്ലേ നമ്മൾ കണ്ടിട്ട് നിനക്ക് ഒരുപാട് മാറ്റമുണ്ട് തടിയൊക്കെ വെച്ചു. നമ്മുടെ കൂടെ പഠിച്ച ആരേലും കാണാറുണ്ട.
അതൊക്കെ ചോദിക്കുമ്പോൾ അവളുടെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു. ചിലരെ കാണാറുണ്ട്. പിന്നെ നമ്മുടെ ബാച്ചിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ട്. നിന്റെ നമ്പർ തന്നാൽ ഞാൻ ആഡ് ചെയ്യാം. ആണോ എന്നാ എന്നെ ആഡ് ചെയ്തോ. അപ്പോഴേക്കും ബസ് വന്നു…നമ്പർ തന്നിട്ട് അവൾ പോയി.
അവളെ കണ്ടിട്ട് അങ്ങോട്ടു പോയി മിണ്ടാതിരുന്നത് മോശമായി..ശെ…വളരെ മോശം…നമ്മൾ വിചാരിക്കുന്നത് പോലെയല്ല മറ്റുള്ളവർ..ഇനി ആരെ കണ്ടാലും മിണ്ടണം. ശിഹാബ് മനസിൽ പറഞ്ഞു. ഇനി ഇവളുടെ കത്തിയും ഉണ്ടാകുമല്ലോ ഗ്രൂപ്പിൽ അതും സഹിക്കണ്ടേ…എന്തായാലും നന്നായി..ഗ്രൂപ്പിൽ ആളുകളുടെ എണ്ണം നൂറ് ആയി. ഗൾഫിലേക്കു പോകുന്നതിന് മുൻപ് റീയൂണിയൻ ഉണ്ടായാൽ മതിയായായിരുന്നു.
കഴിഞ്ഞ നിന്റെ അയവിറക്കൽ…രാഹുലിനെ കണ്ടപാടെ ശിഹാബ് ചോദിച്ചു. എന്താണ് നിന്റെ പ്രശ്നം അത് പറ…
നീ നമ്മുടെ രേഷ്മയെ അറിയോ…പിന്നേ അറിയാതെ…നീ രണ്ടുകൊല്ലം അവളുടെ പിന്നാലെ നടന്നതല്ലേ…എന്താണിപ്പോ അവളുടെ കാര്യം ചോദിക്കാൻ. ഞാൻ രണ്ടാഴ്ച മുമ്പ് അവളെ കണ്ടിരുന്നു…അവൾക്കിപ്പോ ഒരു കൊച്ചുണ്ട്…കൂടെ അവളുടെ അനിയത്തിയും…അതു പറയുമ്പോ രാഹുലിന്റെ മുഖം വിടർന്നിരുന്നു.
അതിനിപ്പോ എന്താ….ഒന്നും മനസിലാകാതെ ശിഹാബ് ചോദിച്ചു. അവളെ ഓർക്കാൻ വേണ്ടിയാണോ നീ നാലു മണിക്കൂർ ഇവിടെ വന്നിരുന്നത്. അല്ലട…അവളുടെ ഓർമ്മ ഇപ്പോഴുമുണ്ട്…പക്ഷെ ഈ നിമിഷം മുതൽ അതു അവസാനിച്ചു..പിന്നെ..
പിന്നെന്താ പറ…ഞാൻ അവളുടെ അനിയത്തിയെ പരിചയപ്പെട്ടു. നീലിമ എന്നാ അവളുടെ പേര്. ഞങ്ങൾ തമ്മിൽ ഇപ്പോൾ ഇഷ്ടത്തിലാ…രാഹുൽ ചെറു ചമ്മലോടെ പറഞ്ഞു.
അവൾക്കറിയോ അവളുടെ ചേച്ചിയുടെ പിന്നാലെ നീ നടന്നത് ശിഹാബ് ആകാംഷയോടെ ചോദിച്ചു.
ഉം….ചമ്മലോടെയുള്ള ഒരു മൂളലായിരുന്നു രാഹുലിന്റെ മറുപടി. ഒരു പൊട്ടിച്ചിരി ആയിരുന്നു ശിഹാബ്…ആ ചിരിയുടെ ശബ്ദം കേട്ടിട്ടാണോന്നറിയില്ല അപ്പൂപ്പന്റെ ഫോട്ടോ ആടുന്നുണ്ടായിരുന്നു.