പുല്‍വാമയില്‍ പൊലിഞ്ഞുപോയത് – രചന: NKR Mattannur
മീനാക്ഷിയും, സരയുവും വേറേ രണ്ടു സ്ത്രീകളും കൂടി നടന്നു ഈ മുറ്റത്തെത്തുമ്പോള്‍ ഉണ്ണിക്കുട്ടന്‍ അമ്മിഞ്ഞപ്പാല്‍ കുടിക്കുകയായിരുന്നു.
ഞാനവരേ നോക്കുന്നത് കണ്ടിട്ടാവും, കുഞ്ഞാവ പാലുകുടി നിര്‍ത്തി എന്‍റെ മുഖത്തേക്ക് നോക്കി. രണ്ടു വയസ്സായില്ലേ ഉണ്ണിക്കൂട്ടന്..എന്നിട്ടിപ്പോഴും അമ്മിഞ്ഞ കുടിക്കയാണോ..ചെറിയ വാവയേ പോലെ..?മീനാക്ഷിയുടെ ചോദ്യം കേട്ട ഉണ്ണിക്കുട്ടന്‍ എന്‍റെ മടിയില്‍ നിന്നിറങ്ങി.
ഏച്ചീ..എന്നു വിളിച്ചവന്‍ അവളുടെ അരികിലേക്ക് പോയി. ഈ വീടിന്‍റെ തൊട്ടയല്‍പക്കത്ത് താമസിക്കുന്ന മീനാക്ഷി പലപ്പോഴും ഇവിടെയെത്തി ഉണ്ണിക്കുട്ടനേയും ഒക്കത്തിരുത്തി പുഴക്കരയിലൂടെ കിന്നാരം പറഞ്ഞോണ്ട് നടക്കാറുള്ളതാണ്. മീനാക്ഷി സ്നേഹത്തോടെ അവനേ കോരിയെടുത്ത് മുറ്റത്തിന്നരികിലേക്ക് പോയി.
സരയു വന്നെന്‍റെ കൈ പിടിച്ചു. അവളെന്‍റെ സഹപാഠിയായിരുന്നു. രണ്ടുപേരും ഈ നാട്ടിലേക്ക് വിവാഹാനന്തരം വന്നെത്തിയതാണ്. ഡീ…നീയാകെ കോലം കെട്ടു പോയല്ലോ…? അതുപോട്ടെ…ആരാ രാത്രി കൂട്ടിന് വരാറ്…അച്ഛനോ അമ്മയോ…? രണ്ടാളും വരും ഓരോ ദിവസങ്ങളിലായ്…അമ്മയാവും ഇന്നു വരാന്‍ സാധ്യത…
വാ എല്ലാവരും കേറിയിരിക്കൂ. ഞാന്‍ മറ്റു രണ്ടുപേരേയും ഉമ്മറത്തേക്ക് ക്ഷണിച്ചു. അവരിരുവരും കസേരയില്‍ ഇരുന്നപ്പോള്‍ സരയു എന്നേയും കൂട്ടി അടുക്കളയിലേക്ക് പോയി. അവള്‍ തന്നെ ചായപ്പാത്രം കഴുകി വെള്ളമെടുത്ത് അടുപ്പു കത്തിച്ച് അത് തിളയ്ക്കാന്‍ വെച്ചു. അതിനിടയില്‍ സരയു പറയുന്നുണ്ടായിരുന്നു നാലുപേരുടേയും ആഗമനോദ്ദേശ്യം.
ഒന്നുമില്ലാ…ഈ വരുന്ന വെള്ളിയാഴ്ച, ഫെബ്രുവരി പതിനാലിന് വൈകിട്ട് വുമണ്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ”പുല്‍വാമ ദിനത്തിന്‍റെ” ഓര്‍മ്മയ്ക്കായ് നിന്നേയും മോനേയും ആദരിക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കുവാനായ് വന്നതാണവര്‍.
നടുവകത്തെ ചുവരിന്‍മേല്‍ ശ്രീയേട്ടനുണ്ടിപ്പോഴും സൈനിക വേഷത്തില്‍…താഴെ..എന്നും കത്തുന്നൊരു വിളക്കും.
അന്ന് വൈകിട്ട് സമയമാവുമ്പോള്‍ ഞങ്ങള്‍ ഇവിടെ വന്നു കൂട്ടി പൊയ്ക്കോളാം നിന്നേയും മകനേയും…ഒരു പതിനഞ്ചു മിനിറ്റു കഴിഞ്ഞ് തിരികേ കൊണ്ടു വിടുകയും ചെയ്യാം…ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു ഞാന്‍. സരയു എന്നരികിലേക്ക് വന്നു.
എല്ലാം അറിയാവുന്ന നീ തന്നേയാണോ ഇതും പറയുന്നത്. എന്തിനാ എന്നേ അവിടേ കൊണ്ടുപോയി കരയിക്കണത്. ഞാനെങ്ങും വരില്ലാ…ഒന്നും കാണാനോ കേള്‍ക്കാനോ സംസാരിക്കാനോ എനിക്കാവില്ലാ. അവള്‍ക്കും സങ്കടം വന്നെന്നു തോന്നി. ഒടുവില്‍ അവള്‍ ഇത്രേം കൂടി പറഞ്ഞു. നിന്‍റെ സാന്നിദ്ധ്യം അവിടേയുണ്ടാവുമെന്ന് ഞാന്‍ പുറത്തിരിക്കുന്നവര്‍ക്ക് വാക്കു കൊടുത്തു പോയി.
വിശിഷ്ട്യാതിഥിയായ് നമ്മുടെ സിനിമാ താരം കൂടി വരണുണ്ട് ആ വേദിയില്‍..നിന്‍റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കന്ന ആ നടി തന്നേയാ വരുന്നത്. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ത്തുള്ളികള്‍ തുടയ്ക്കാതെ പ്രതിമ കണക്കേ ഇരുന്നു. സരയു അവളുടെ ചേലത്തുമ്പാല്‍ എന്‍റെ മിഴിനീര്‍ തുടച്ചു…
പ്ലീസ് അലീനാ…ദയവു ചെയ്തെന്‍റെ മോള്‍ ഇതിന് തടസ്സം പറയല്ലേ…ഞാനല്ലേ വിളിക്കുന്നേ…പ്ലീസ്.. ഒന്നും പറയാതെ നില്‍ക്കുമ്പോള്‍ അവളെന്നെ ഇറുകേ പുണര്‍ന്നു. എനിക്ക് എന്തിനോ അങ്ങനേ തോന്നിയതാ…തെറ്റത്തില്ലാ… ഈ പരിപാടി ചിലപ്പോള്‍ നല്ലതിനാവും.. എന്‍റെ മോള്‍ വരാതിരിക്കല്ലേ…അവളെന്‍റെ മുഖം ഇരുകൈകളിലുമെടുത്ത് കവിളില്‍ മൃദുവായ് ചുംബിച്ചു.
നിന്നോളം ദൈവം ആരേയും വേദനിപ്പിച്ചിട്ടുണ്ടാവില്ലാ…കാരണം നീ ദൈവത്തിന്‍റെ അത്രയും പ്രിയപ്പെട്ടവളാവും. സരയു നാലുപേര്‍ക്കും ചായ കൂട്ടി ഗ്ലാസ്സില്‍ പകര്‍ന്ന് അതുമായ് പുറത്തേക്ക് പോയി. ഒന്നും അറിയില്ലാ..എന്താ ചെയ്യേണ്ടതെന്നോ, പറയേണ്ടതെന്നോ…
കുറച്ചു കഴിഞ്ഞപ്പോള്‍ ഉണ്ണിക്കുട്ടന്‍ അമ്മേന്ന് വിളിച്ച് ഓടിവന്നെന്‍റെ മടിയില്‍ കയറിയിരുന്നു…എന്നിട്ടവന്‍റെ കുഞ്ഞിളം കയ്യാല്‍ എന്‍റെ മുഖം നിറയേ തലോടി…കണ്ണുകളില ഉമ്മതന്നു…കഴുത്തിലൂടെ കയ്യിട്ടെന്നെ കെട്ടിപ്പിടിച്ചു. മീനാക്ഷിയും സരയുവും അടുക്കളയിലേക്ക് വന്നു.
ഉണ്ണിക്കുട്ടന്‍ വരുന്നോ ചേച്ചീടെ കൂടേ…? അവന്‍ പുഞ്ചിരിയോടെ അവളേ നോക്കി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. അവനറിയാം അവന്‍റേയമ്മ ഇവിടെ തനിച്ചാണെന്ന്…എന്നാല്‍ ഞങ്ങളിറങ്ങട്ടെ. നാളേ കഴിഞ്ഞടുത്ത ദിവസമാണ് വെള്ളിയാഴ്ച…അന്നു ഉച്ച കഴിഞ്ഞാണ് പരിപാടി…ഞങ്ങള്‍ വരാംട്ടോ വണ്ടിയുമായ്…നീ മോനേം ഒരുക്കി റെഡിയാവണം അപ്പോഴേക്കും…അവര്‍ നടന്നകന്നുപോയി…
വെറുതേ… ചുവരിനരിലേക്ക് പോയി. ആ പുഞ്ചിരി കാണുമ്പോള്‍ സങ്കടം അടക്കാന്‍ വയ്യാ… സ്വന്തം മകന്‍റെ മുഖം ഒന്നു കാണാന്‍ കഴിയാതെ..അവനേയൊന്നു താലോലിക്കാനാവാതെ…ഇവിടംവിട്ടു പോയ ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ അച്ഛനാവും ശ്രീയേട്ടന്‍… പാവം എങ്ങനേയാ സഹിക്കാന്‍ കഴിയുന്നുണ്ടാവുക…
ശ്രീയേട്ടാ…അന്നേ ദിവസം ഞാന്‍ പോവണോ അവിടേക്ക്…എനിക്കു കരയാന്‍ വയ്യാത്തോണ്ടാ വരില്ലാന്ന് പറഞ്ഞേ.
അലീനാ..പാടത്തിനക്കരേ നിന്നും ശ്രീയേട്ടന്‍റെ നീട്ടിയുള്ള വിളി കേട്ടു. ഓ…ഞാന്‍ വിളി കേട്ടു. ഇതുവഴി വാ…ഒരുകൂട്ടം പറയാനുണ്ട്…
ആകാംക്ഷയോടെ അങ്ങോട്ട് നടന്നു. പോവണം മോളെ ഈ വരുന്ന ഇരുപത്തിയാറിന് പോയി ജോലിക്ക് ജോയിന്‍ ചെയ്യണം. ആഹ്ളാദവും, സങ്കടവും മിന്നിമറിയുന്നുണ്ടാ മുഖത്ത്. എന്തിനാ അതിനിത്രേം സങ്കടം..വേഗം പോയി ജോലിയില്‍ കയറംണം..എന്നിട്ട്..എന്നിട്ട്..?
എന്നിട്ടെന്താ ഒരു മൂന്നുമാസം ജോലി ചെയ്തിട്ട് ലീവെടുത്ത് വരണം. എന്നിട്ട്..? വേഗം ഒരു മിന്നു കെട്ടി എന്നേക്കൂടി കൊണ്ടു പോവണം കാശ്മീരിലേക്ക്…എന്നിട്ട്..?
ബാക്കി പിന്നേം പറയണോ..? ഒരുചെറു നാണം വന്നു മുഖത്ത് വിരിഞ്ഞു. അമ്പടി കള്ളീ തിരക്കായോ പെണ്ണിന്..?പിന്നല്ലാതെ..ദേ..മൂന്നു വയസ്സു മുതല്‍ ഈ കൈയും പിടിച്ചോണ്ട് പിറകേ നടക്കുവാ ഈ അലീന…വയസ്സിപ്പോള്‍ ഇരുപത്തിമൂന്നായി… ഇരുപത് വര്‍ഷങ്ങളോളം ഒരു പെണ്ണിനേ പിറകേ നടത്തിയിട്ടും മതിയായില്ലേ ഈ ശ്രീയേട്ടന്…?
ആഹാ…ഇതൊക്കെ ഇങ്ങനേ കുറിച്ചു വെച്ചിട്ടുണ്ടോ ഈ കൊച്ചു ഹൃദയത്തില്‍…? വാ…ആ കൈ പിടിച്ചു പാടവരമ്പത്തൂടെ നടക്കുമ്പോള്‍..ഓരോരോ കിന്നാരങ്ങള്‍ പതിവു പോലെ ഞാന്‍ പറയുന്നുണ്ടായിരുന്നു…എപ്പോഴോ മറുപടി വരാന്‍ വൈകിയപ്പോള്‍ ആ വിരലില്‍ ഒരു നുള്ളു കൊടുത്തു…എന്താ ഇത്ര വല്യ ആലോചനാ…?
ശ്രീയേട്ടാ…മം…അത്…ഇനി കുറച്ചു നാള്‍ നിന്നേ കാണാതേ എങ്ങനേയാ ഞാന്‍…? പെട്ടെന്ന് എനിക്കു മുഖം തരാതെ നോട്ടം മാറ്റി…ശ്രീയേട്ടാ…എനിക്കും സങ്കടായപ്പോള്‍ ഞാനാ ദേഹത്തൊട്ടി നിന്നു…എന്നെ ചേര്‍ത്തു പിടിച്ചിട്ട് പറഞ്ഞു…ഞാനും കഴിഞ്ഞ ഇരുപത്തി മൂന്ന് വര്‍ഷം കാണുന്നതും നിന്നേയല്ലേ…?
അങ്ങനേ, ആ ദിവസം വന്നെത്തി…ഞാന്‍ തലേ ദിവസം ശ്രീയേട്ടന്‍റെ വീട്ടില്‍ പോയി യാത്ര പറഞ്ഞിരുന്നു…നാളേ ഇവിടെ വന്നാല്‍ എനിക്കു സങ്കടം വരും…അതുകൊണ്ട്…വാതിലിന്‍റെ മറവില്‍ പിടിച്ചു വെച്ച് ചുണ്ടില്‍ വേദനിപ്പിക്കുന്ന തരത്തില്‍ നല്ലൊരു കടി തന്നു…പിടഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും വിട്ടില്ല…
കരച്ചില്‍ വന്ന് കണ്ണുകള്‍ നിറഞ്ഞപ്പോള്‍ ചുണ്ടുകളാല്‍ തന്നെ മിഴിനീരൊപ്പിത്തന്നു. ഈ വേദന ഞാന്‍ പോയി വരണതുവരെ എന്നേ ഓര്‍ക്കാനായ് തന്നതാ. ഒന്നും പറയാതെ ആ നെഞ്ചില്‍ മുഖമമര്‍ത്തി…വേഗം വരണം ട്ടോ ലീവെടുത്തിട്ട്…മം…ആ കാത്തിരിപ്പ് ഒരു വര്‍ഷം വരേ നീണ്ടുപോയി.
വീട്ടുകാര്‍ കല്യാണത്തീയ്യതി കുറിച്ചു വാങ്ങി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടും, കല്യാണത്തലേന്നാ ലീവുമായെത്തിയത്. അങ്ങനേ…അലീനയ്ക്ക്, ശ്രീകുമാര്‍ സ്വന്തമായി.
മോഹിച്ചിടത്തെല്ലാം കൊണ്ടുപോയും ആഗ്രഹങ്ങളെല്ലാം അലിയിച്ചു കളഞ്ഞും കുറേ ദിവസങ്ങള്‍…ലോകത്തിലെ ഏറ്റവും വിലപ്പെട്ട പെണ്ണാണ് താന്‍ എന്ന് മനസ്സും ഹൃദയവും തിരിച്ചറിഞ്ഞ ദിവസങ്ങള്‍.
എത്രയായിരുന്നു ആ ഹൃദയത്തില്‍ സൂക്ഷിച്ചു വെച്ച സ്നേഹം…ഒരായുസ്സിന്‍റെ മുഴുവന്‍ പ്രണയങ്ങളും എന്നില്‍ ചേര്‍ത്തുവെച്ച്…കൊതി തീരാത്ത എത്രയോ രാവുകള്‍…ഒടുവില്‍ പിന്നേയും ലീവു കഴിഞ്ഞുള്ള ഒരു മടക്കയാത്ര.
കരയാതെ പിടിച്ചു നിന്ന എന്നെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു..ഞാനാ വലതു കയ്യെടുത്തെന്‍റെ ഉദരത്തോട് ചേര്‍ത്തു വെച്ചു…എന്താ ഇവിടെ…? മൃദുവായ ഒരു തലോടലോടെ ചോദിച്ചു. അവിടെ പുതിയൊരു സൈനികന്‍ പിറവി കൊണ്ടോന്നൊരു സംശയം. അയ്യെടാ ഇത്രവേഗമോ..?കുറച്ചു കഴിഞ്ഞിട്ട്..
ആ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ വിടാതെ ഞാനാ വാ പൊത്തി…ഈശ്വരന്‍ തരുവാണേല്‍ അപ്പോള്‍ തന്നെ സ്വീകരിച്ചോളുക…കഴിഞ്ഞ ഇരുപത് വര്‍ഷമായ് ഞാന്‍ കാത്തിരിക്കുന്നതല്ലേ…?അത്ഭുതത്തോടെ എന്നേ ചേര്‍ത്തമര്‍ത്തി…
ഡീ…നീ കൊള്ളാല്ലോ…? എന്നിട്ടെന്തേ ഇതുവരേ അത് എന്നോട് പറയാഞ്ഞേ…?ഛേ…മോശായിപ്പോയല്ലോ…പാതി കളിയായാ അങ്ങനേ പറഞ്ഞത്…അതൊക്കെ പറയണോ…?
പതിനാലു വയസ്സിലേ ഋതുമതിയായ ഞാന്‍ നിഴലുപോലേ കൂടേയുണ്ടായിരുന്നില്ലേ…? തോന്നിയില്ലല്ലോ അങ്ങനേ എന്നെങ്കിലും ഒരുവട്ടം…? അതേ…നീ കാര്യായിട്ട് പറഞ്ഞതാണോ അതൊക്കെ…?ആണെങ്കില്‍…?അല്ലാ ഇനിയൊന്നും ചെയ്യാന പറ്റില്ലാല്ലോ…ചെറിയൊരു നിരാശയോടെ പറഞ്ഞു.
പിന്നേയും ചുണ്ടുകളില്‍ ചുണ്ടമര്‍ന്നു. ഞാനെന്തൊരു മണ്ടനാണ് ല്ലേ..? ചുണ്ടില്‍ ചിരിയുണ്ട്…അഥവാ അങ്ങനേ പറഞ്ഞിരുന്നെങ്കില്‍ എന്തു ചെയ്തേനേ…? നിന്‍റേ കൂടെ ഇപ്പോള്‍ മിനിമം മൂന്നു കുഞ്ഞുങ്ങളേയെങ്കിലും കണ്ടേനെ. അമ്പട കള്ളാ…അപ്പോള്‍ അങ്ങനേയൊക്കെയുണ്ടായിരുന്നു മനസ്സിലിരിപ്പ് അല്ലേ…?
ഒരു ഓട്ടോയിലായിരുന്നു മീനാക്ഷിയും, സരയുവും ഉണ്ണിക്കുട്ടനും ഞാനും..
ഹൃദയത്തിന്‍റെ ഉള്ളറകളിലെല്ലാം ഇപ്പോഴും
നിറഞ്ഞു നില്‍ക്കുന്നുണ്ട് ഒരു മുഖം. ചോദിക്കാനും പറയാനും എനിക്കു സ്വന്തമായിരുന്നു എന്നും. പിച്ചവെച്ച കാലം മുതലെന്ന പോലെ ആഴത്തില്‍ പതിഞ്ഞ രൂപം. ഇനിയും ജന്മങ്ങള്‍ പിറവി കൊണ്ടാലും കൂട്ടു കൂടേണ്ടുന്നതും പാതി പകുത്തു നല്‍കേണ്ടുന്നതുമായ രൂപം.
ഓട്ടോ ഒരു വലിയ കെട്ടിടത്തിന് മുന്നില്‍ നിന്നു. വാ…സരയുവും മീനാക്ഷിയും എന്നെ ഇരുവശത്തു ചേര്‍ത്തു പിടിച്ചാ അകത്തേക്ക് നടത്തിയത്. ഉണ്ണിക്കുട്ടന്‍ നഗരത്തിലെ വര്‍ണ്ണക്കാഴ്ചകള്‍ കാണുകയായിരുന്നു. അവനെന്തെങ്കിലും വയ്യായ്ക വന്നാലാ വീടിന്ന് പുറത്തേയ്ക്ക് പോവുന്നതും വരുന്നതും.
ഒരു വലിയ ഹാളിലെ നിറഞ്ഞ സദസ്സിനു മുന്നിലൂടെ വേദിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ ഹൃദയത്തിന്നകത്തേയ്ക്ക് എവിടുന്നോ വന്നു നിറഞ്ഞു എല്ലാത്തിനുമുള്ള ഊര്‍ജ്ജം. സ്റ്റേജില്‍ കയറിയതും ഉണ്ണിക്കുട്ടന്‍ എന്തോ കണ്ടിട്ട് വേഗം കയ്യില്‍ നിന്നും ഊര്‍ന്നിറങ്ങി മുന്നിലേക്ക് പോയി.
ആ വേദിയുടെ ഒത്ത നടുക്ക് വെച്ച ആ ഛായാ ചിത്രത്തില്‍ പോയി, അച്ഛാ…ഉമ്മ..ഉമ്മ…ഞാന്‍ പോയി അവനേ കോരിയെടുത്തു. എല്ലാ കണ്ണുകളും ഞങ്ങളിലായിരുന്നു. ഒരു കസേരയില്‍ ഞങ്ങളിരുന്നു. മീനാക്ഷിയും സരയുവും പിറകിലേ സീറ്റിലുണ്ടായിരുന്നു.
ഒരു സ്ത്രീ എഴുന്നേറ്റ് പോയി ഞങ്ങളേക്കുറിച്ച് എന്തൊക്കേയോ പറഞ്ഞതിനൊടുവില്‍…അടുത്തതായി…ഈ സദസ്സിലെ ഇന്നത്തെ ഞങ്ങളുടെ വിശിഷ്ട വ്യക്തി…മിസ്സിസ് അലീനാ ശ്രീകുമാര്‍ നമ്മളോട് രണ്ടു വാക്ക് സംസാരിക്കുന്നതാണ്..വേദിയില്‍ കനത്ത നിശ്ശബ്ദത…
സരയു പിന്നില്‍ നിന്നും കാതിനരികില്‍ വന്നു പറഞ്ഞു…ഒരു രണ്ടുവാക്ക് പറയാവോ…ബുദ്ധിമുട്ടാണെങ്കില്‍ നിര്‍ബന്ധിക്കുന്നില്ലാ…ഞാനെഴുന്നേറ്റു…
മോനേയും കൂട്ടി മൈക്കിനരികിലേക്ക് പോയി.
എല്ലാവര്‍ക്കും നമസ്ക്കാരം…ഞാന്‍ അലീന ശ്രീകുമാര്‍…ഇതെന്‍റെ ഒരേയൊരു മകന്‍ ഉണ്ണിക്കുട്ടന്‍…
കഴിഞ്ഞ ഒരുവര്‍ഷക്കാലം ഞാനുമിവിടെ ജീവിച്ചിരുന്നു എന്നോര്‍ക്കുമ്പോള്‍…ഇപ്പോള്‍ എനിക്കു തന്നെ അത്ഭുതം തോന്നുന്നു..കാരണം..കൊഴിഞ്ഞു പോയ ഒരു വര്‍ഷക്കാലത്തെ പാതി ദിവസങ്ങളത്രയും ഞാന്‍ കരഞ്ഞു തീര്‍ക്കുകയായിരുന്നു…
ഉണ്ണിക്കുട്ടന്‍ ഉറങ്ങുന്ന നേരങ്ങളില്‍ മുഴുവന്‍ കരയുകയായിരുന്നു ഞാന്‍..കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ ഇരുപത്തിമൂന്ന് വര്‍ഷക്കാലവും ശ്രീയേട്ടന്‍ എന്നോടൊപ്പം ഉണ്ടായിരുന്നു…ഇപ്പോഴും ഉണ്ട്…ഇനിയുള്ള കാലങ്ങളില്‍ ഞാന്‍ ജീവിച്ചിരിക്കുന്ന നാള്‍ വരേയും അതങ്ങനേ തന്നേയാവും..
കഴിഞ്ഞ വര്‍ഷത്ത ഇതേ ദിവസം..നമ്മുടേയെല്ലാം പ്രിയപ്പെട്ട നാല്‍പ്പതു ജീവനുകള്‍…അങ്ങു ദൂരെ കാശ്മീരില്‍ ഭീരുക്കളയച്ച ചാവേറുകള്‍ മനുഷ്യബോംബായ് പൊട്ടിത്തെറിച്ചപ്പോള്‍ ചിന്നിഛിതറിപ്പോയി..അതിലൊരാള്‍ ഞങ്ങളുടെ എല്ലാമെല്ലാമായിരുന്നു..
കരഞ്ഞു കരഞ്ഞ് കണ്ണീരു വറ്റിയ കുറേ ദിവസങ്ങള്‍ക്കുശേഷം ഞാന്‍ പിന്നേയും ശ്രീയേട്ടനോടൊപ്പം കൂടി..ചുവരില്‍ തൂക്കിയ ഫോട്ടോയിലിരുന്നു ശ്രീയേട്ടന്‍ എന്നേ വിളിച്ചുണര്‍ത്തുകയായിരുന്നു..മോനേ നോക്കാന്‍ നീയല്ലേ ഉള്ളൂ..ഞാനിവിടേത്തന്നെയുണ്ട്..വേറെങ്ങോട്ട് പോവാനാ ഞാന്‍..എനിക്ക് നീയും മകനുമല്ലേയുള്ളൂ..അങ്ങനെ ഞാന്‍ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കയറിത്തുടങ്ങുകയായിരുന്നു..
ഉണ്ണിക്കുട്ടനായിരുന്നു എല്ലാത്തിനും കാരണം..ശ്രീയേട്ടന്‍ ഞങ്ങളുടെ മകന്‍റെ മുഖം കണ്ടിട്ടില്ലായിരുന്നു..കാണാന്‍ വരാന്‍ കാത്തിരിക്കുകയായിരുന്നു..ഒരു മാസം കൂടി കഴിഞ്ഞേ ലീവുള്ളൂന്നും പറഞ്ഞ് കരഞ്ഞിട്ടുണ്ട് ഒത്തിരി..അവന്‍റെ ഫോട്ടോ അയച്ചു കൊടുക്കാതെ ഞാന്‍ പാവം ശ്രീയേട്ടനെ..ഒത്തിരി തവണ കെഞ്ചിയിട്ടും..നാട്ടില്‍ വന്നിട്ട് കണ്ടാല്‍ മതിയെന്നു പറഞ്ഞു വാശിപിടിച്ചത് ഞാനായിരുന്നു.
അത്…ഉണ്ണിക്കുട്ടന്‍ ജനിച്ചിട്ട് ഒരു വര്‍ഷമാകാറായിട്ടും ലീവുമായ് വരാത്തതിലുള്ള എന്‍റെ ദേഷ്യം കൊണ്ടായിരുന്നു ആ പാവത്തിനെ..
അതിര്‍ത്തി രക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥന് ഭാര്യയുടെ പ്രസവമോ, കുഞ്ഞിന്‍റെ ചോറൂണോ, അച്ഛനമ്മമാരുടെ ആണ്ടോ ഒന്നുമായിരുന്നില്ലാ വലുത്. കണ്ണിമ ചിമ്മാതെ ഭാരതമണ്ണിലെ നൂറ്റിമുപ്പത് കോടി ജനങ്ങളുടെ സംരക്ഷണമായിരുന്നു…അത്…ഒരു സൈനികന്‍റെ ഭാര്യയായ എനിക്കു പോലും അത് മനസ്സിലാകുവാന്‍…എല്ലാം നഷ്ടപ്പെടേണ്ടി വന്നു.
വെറും മുപ്പതു ദിവസത്തെ ദാമ്പത്യം മാത്രം അനുഭവിച്ചറിഞ്ഞ ഒരു ഭാര്യയാണ് ഞാന്‍. ഇപ്പോഴും ഞാനൊരു ഭാര്യയാണ്..എന്‍റേ ശ്രീയേട്ടന്‍ എങ്ങും പോയിട്ടില്ലാ..ഇപ്പോഴും എന്നോടൊപ്പമുണ്ട്..ഉണ്ണിക്കുട്ടന്‍ എന്നും അവന്‍റച്ഛന്‍റെ ഒരു ഫോട്ടോയ്ക്കരികിലാ ഉറങ്ങുന്നത്..എന്നും മുറിയിലൂടെ നടക്കുമ്പോഴും കളിക്കുമ്പോഴും അവന്‍ അച്ഛാന്ന് വിളിക്കുന്നതു കേള്‍ക്കാം..
അവന്‍ കാണ്‍കെ ശ്രീയേട്ടന്‍ വരണുണ്ടാവും വീട്ടിനുള്ളില്‍..കാരണം..ഒരു നോക്കു കാണാതെ..ഒന്നു തൊട്ടു തലോടാതെ..അവന്‍ പിറന്നു വീണതും പിച്ചവെച്ചു തുടങ്ങിയതും എന്‍റേ വാക്കുകളിലൂടെ അറിഞ്ഞ് ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി സ്വയം ഉരുകിത്തീര്‍ന്നൊരു അച്ഛന്‍റെ മകനാണവന്‍.
ശ്രീയേട്ടന്‍റെ അച്ഛനും ഒരു ഇന്ത്യന്‍ പട്ടാളക്കാരനായിരുന്നു. നുഴഞ്ഞു കയറ്റം തടയാനുള്ള പരിശ്രമത്തിനൊടുവില്‍ അദ്ദേഹവും മാതൃരാജ്യത്തിന് വേണ്ടി ധീരരക്തസാക്ഷിയാവുകയായിരുന്നു. അച്ഛന്‍റെ പാത പിന്‍തുടരണമെന്നത് ശ്രീയേട്ടന്‍റേ വലിയൊരു വാശിയായിരുന്നു. സ്വയം തിരഞ്ഞെടുത്തതാ ശ്രീയേട്ടന്‍ ഒരു സൈനികന്‍റെ വേഷം.
ഇന്നിവിടെ ഞാനും പറയുന്നു…ഞങ്ങളുടെ മകന്‍ ഉണ്ണിക്കുട്ടനേയും എനിക്കൊരു സൈനികനാക്കണം. അവനും എന്‍റെ നാടിന്‍റെ സംരക്ഷകനാവണം. ചുറ്റിലും ഉയര്‍ന്ന കരഘോഷം നിമിഷങ്ങളോളം നീണ്ടു നിന്നു. അതു കണ്ടിട്ടാവും ഉണ്ണിക്കുട്ടനും അവന്‍റെ കുഞ്ഞിളം കൈകള്‍ കൂട്ടിയടിച്ചു.