രചന: മഹാ ദേവൻ
” ഹോ.. കാലന് പോലും വേണ്ടല്ലോ ഈ ജന്തുവിനെ. ഇങ്ങനെ കിടന്ന് മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ നിൽക്കാതെ അങ്ങ് വിളിച്ചൂടെ ന്റെ ദൈവമേ.. “
സുഭദ്ര പ്രാകിപ്പറഞ്ഞുകൊണ്ട് മൂക്ക് പൊത്തുമ്പോൾ കിടന്ന കിടപ്പിൽ തന്നെ കാര്യം സാധിക്കുകയായിരുന്നു അനന്തു. പതിനെട്ടു വയസ്സായെങ്കിലും ജീവിതത്തിൽ ഇന്ന് വരെ കിടന്ന കിടപ്പിൽ നിന്നും എഴുനേൽക്കാൻ കഴിഞ്ഞിട്ടില്ല അവന്. അതുപോലെ സംസാരിക്കുവാനും.
പക്ഷേ, മറ്റുള്ളവർ പറയുന്നതെല്ലാം മനസ്സിലാക്കാൻ കഴിയുന്നത് കൊണ്ട് തന്നെ അമ്മായിയുടെ വാക്കുകൾ വല്ലാതെ കുത്തിനോവിക്കുന്നുണ്ടായിരുന്നു. പക്ഷേ കരയാൻ അല്ലാതെ എന്ത് ചെയ്യാൻ കഴിയും.
ഉണ്ടായ മകൻ ചലനശേഷി ഇല്ലാത്തവനാണെന്ന് അറിഞ്ഞ ദിവസം പടിയിറങ്ങിയതാണത്രേ അച്ഛൻ.
ആ മുഖം കണ്ട ഓർമ്മ പോലുമില്ല.. സ്നേഹത്തോടെ ഒരു ചിരിയോ ചുംബനമോ ഒരു തലോടലോ കിട്ടിയിട്ടില്ല..പക്ഷേ, പലപ്പോഴും കൊതിച്ചിട്ടുണ്ട്. അമ്മാവൻ മകനെ എടുക്കുന്നത് കാണുമ്പോൾ..അവന്റെ കവിളിൽ ഉമ്മ വെക്കുന്നത് കാണുമ്പോൾ ! പനി കോളുള്ള ദിവസം അവനെയും ചുമലിലിട്ട് ആശ്വാസം പകരുമ്പോൾ ! തന്റെ ഭക്ഷണത്തിൽ നിന്നും ഒരു വാ അവന്റെ വായിലേക്ക് വെച്ചുകൊടുക്കുമ്പോൾ. !
അത് കണ്ട് ഈറനണിഞ്ഞ കണ്ണുകളാൽ പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോൾ ആ പുഞ്ചിരി തല്ലിക്കെടുത്തും പോലെ അമ്മായി പറയുന്നുണ്ടാകും
“നിങ്ങൾക്ക് ഒന്ന് മാറി ഇരുന്ന് വാരികൊടുത്തൂടെ കുഞ്ഞിന് ഭക്ഷണം. കണ്ടില്ലേ ഉണ്ടകണ്ണും വെച്ച് നോക്കുന്നത് അശ്രീകരം. കുട്ടിക്ക് കൊതിപിടിക്കാനായിട്ട്. ഹോ. ഇങ്ങനെ ഒരു ജന്മം. ” എന്ന്.
അത് കേൾക്കുമ്പോൾ നെഞ്ച് പിടക്കുമെങ്കിലും അവൻ പുഞ്ചിരിക്കും. എന്നും കേൾക്കുന്ന വാക്കുകൾ ചെവിക്ക് തഴമ്പായത് കൊണ്ടാവാം അവൻ ഇപ്പോൾ അതിനെല്ലാം പുഞ്ചിരിക്കാറാണ് പതിവ്. ഉള്ള് കരയുന്നുണ്ടെങ്കിലും.
” എന്റെ സുഭദ്രേ. നിനക്കിത് എന്തിന്റെ കേടാണ്. അവൻ വയ്യാത്ത കുട്ടിയല്ലേ. ഇങ്ങനെ ഒക്കെ പറയുമ്പോൾ നിനക്ക് എന്ത് സുഖവും സന്തോഷവുമാണ് കിട്ടുന്നത്.? എന്റെ പെങ്ങളുടെ സ്ഥാനത്ത് ഇതേ അവസ്ഥ നിനക്ക് ആയിരുന്നെങ്കിലോ ? അപ്പഴേ ഇതിന്റെ ഒക്കെ വിഷമം നിനക്ക് മനസ്സിലാകൂ. പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം. ചിലത് നമ്മൾ സ്വയം മനസ്സിലാക്കേണ്ടതുണ്ട്. അല്ലതെ എത്ര പറഞ്ഞിട്ടും കാര്യമില്ല.
പക്ഷേ, ഒന്നോർക്ക്. അവന് എഴുനേൽക്കാനും സംസാരിക്കാനും കഴിയില്ലെങ്കിലും എല്ലാം മനസ്സിലാകുന്നുണ്ട്. നിന്റെ അത്ര കഠിനമല്ലാത്ത ഹൃദയം ആണ് ആ കുട്ടിക്ക്. ഇതൊക്കെ കേൾക്കുമ്പോൾ പൊട്ടിപോകുന്നുണ്ടാകും. “
സുഭദ്ര പിന്നെയും അനന്തുവിനെ പുച്ഛത്തോടെ കളിയാക്കുന്നത് കണ്ടപ്പോൾ സഹിക്കവയ്യാതെ ആയിരുന്നു പവിത്രൻ പ്രതികരിച്ചത്. അത് കേട്ടപ്പോൾ അതേ പുച്ഛം നേരെ ഭർത്താവിന് നേരെ തിരിച്ചുകൊണ്ടു അവൾ ചോദിക്കുന്നുണ്ടായിരുന്നു…
“ഹോ.. എന്താ പെങ്ങളുടെ മോനെ പറഞ്ഞപ്പോൾ കൊണ്ടു അമ്മാവന്. നിങ്ങടെ പെങ്ങൾക്ക് രാവിലെ അങ്ങ് ഇറങ്ങിപ്പോയി രാത്രി കേറി വന്നാൽ മതി. അതിനിടക്ക് ഇവൻ കിടന്ന് സാധിക്കുന്നതിന്റ നാറ്റം സഹിക്കേണ്ടത് ഞങ്ങൾ ആണ്. അവൾ കേറി വന്നിട്ട് എല്ലാം ക്‌ളീൻ ആക്കുന്നത് വരെ ഞാൻ ഇവിടെ എങ്ങനാ കഴിയുന്നത് എന്ന് അറിയോ. നാറ്റം മൂക്കിലടിച്ചു കേറി ഭക്ഷണം പോലും കഴിക്കാൻ പറ്റില്ല. ഈ നശൂലം ഇങ്ങനെ കിടക്കുന്നത് കൊണ്ട് എന്റെ വീട്ടുകാർ പോലും ഇങ്ങോട്ട് വരുന്നില്ല. ഇവിടെ നിന്ന് എങ്ങോട്ടേലും ഒന്ന് മാറാമെന്ന് വെച്ചാൽ അതിനും സമ്മതിക്കുന്നില്ല നിങ്ങൾ. പെങ്ങളെ ഒറ്റക്കിട്ട് പോകാൻ വയ്യ.ആങ്ങളക്ക് “
അതും പറഞ്ഞ് കുഞ്ഞിനേയും എടുത്ത് സുഭദ്ര അകത്തേക്ക് പോകാൻ തുടങ്ങുമ്പോൾ പവിത്രൻ വിഷമത്തോടെ റൂമിൽ എല്ലാം കേട്ട് കിടക്കുന്ന അനന്തുവിനെ ഒന്ന് നോക്കി. ഒന്ന് തുടക്കാൻ പോലും കഴിയാതെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അടച്ച് കിടക്കുന്ന അവനെ സഹതാപത്തോടെ നോക്കികൊണ്ട് അവൻ സുഭദ്രയുടെ അരികിൽ നിന്നു വിഷമത്തോടെ,
” സുഭദ്രെ. നീ പറഞ്ഞല്ലോ എന്റെ പെങ്ങൾ രാവിലെ ഇറങ്ങിപോകുന്നതും വൈകീട്ട് കയറി വരുന്നതും. അത് കഷ്ടപ്പാട് കൊണ്ടാ. അവളുടെ മോനെ നോക്കാനുള്ള കഷ്ടപ്പാട്. എന്നെ കൂടുതൽ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടി. അതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല. നിനക്ക് കൊണ്ട് വന്ന് തരാൻ ഞാൻ ഉള്ളിടത്തോളം കാലം.
പിന്നെ നീ ഓർത്തിട്ടുണ്ടോ കിടന്നിടത് കിടന്ന് കാര്യം സാധിക്കുന്നതിന്റ നാറ്റം കാരണം നിനക്ക് ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ലെന്ന് പറയുമ്പോൾ ആ കിടന്ന് കിടപ്പിൽ കാര്യം സാധിച്ച് അതിൽ തന്നെ ഞാനോ അല്ലെങ്കിൽ അവന്റെ അമ്മയോ വരുന്നത് വരെ വിസർജ്യത്തിൽ പിണഞ്ഞു കിടക്കുന്ന ആ കുട്ടിയുടെ മാനസികാവസ്ഥ.?
കുറച്ചെങ്കിലും ശേഷി ഉണ്ടെങ്കിൽ ഒന്ന് ഉരുണ്ടെങ്കിലും അതിൽ നിന്നും ഒന്ന് മാറികിടക്കാൻ കൊതിക്കുന്നുണ്ടാക്കും ആ മനസ്സ്. സ്വന്തം വിസർജ്യം ആണെങ്കിലും നാറ്റം എന്നത് എല്ലാവർക്കും ഒരുപോലെ ആണ്. ആ നാറ്റം സഹിച്ചു ഒന്ന് മിണ്ടാനോ ആരെയെങ്കിലും വിളിക്കാനോ കഴിയാതെ ഇത്രേം കാലം അതിൽ തന്നെ കിടന്ന് കരയാൻ മാത്രം വിധിക്കപ്പെട്ട അവന്റെ മനസ്സ് ഒന്ന് കാണാൻ ശ്രമിച്ചാൽ മതി, നിന്റെ ഈ വാശി ഇല്ലാതാകാൻ. നമ്മുടെ മോനെ പോലെ അവനും ആഗ്രഹിക്കുന്നുണ്ടാവും ഒന്ന് നടക്കാൻ, ഓടാൻ, എല്ലാവർക്കുമൊപ്പം ചിരിക്കാനും കളിക്കാനും. അതിന് കഴിവില്ലാത്ത ഒരുത്തനേ നീ സന്തോഷിപ്പിക്കണ്ട. പക്ഷേ, മുറിവിലേക്ക് പിന്നെയും മുളക് വാരി എറിയരുത്. നീറുന്നുണ്ടാകും. ” എന്ന്.
അതും പറഞ്ഞ് അയാൾ അനന്തുവിന്റെ റൂമിലേക്ക് നടക്കുമ്പോൾ അവൾ പവിത്രൻ പറഞ്ഞ വാക്കിനോട് ഒന്നും പ്രതികരിക്കാതെ ചിറി കോട്ടികൊണ്ട് അകത്തേക്ക് നടന്നു.
വൈകീട്ട് അംബിക കേറി വരുമ്പോൾ പതിവിലും വൃത്തിയായിരുന്നു അനന്തുവും ആ മുറിയും. അപ്പോൾ തന്നെ അവൾക്ക് മനസ്സിലായി ഏട്ടൻ വന്നിട്ടുണ്ട് എന്ന്.
ആ മുറിയിലേക്ക് തിരിഞ്ഞു നോക്കാൻ പോലും മടിക്കുന്ന ഏട്ടത്തിയമ്മ വഴിപാട് പോലെ ഉച്ചക്ക് ഭക്ഷണം കൊടുക്കാൻ മാത്രമായിരുന്നു ആ മുറിയിൽ കയറാറുള്ളൂ എന്ന് അവൾക്ക് അറിയാം. അത് തന്നെ പ്രാകി പറഞ്ഞ് കൊണ്ടായിരിക്കും കൊടുക്കുന്നതും. വാ തുറന്നാലും ചങ്കിൽ നിന്നിറങ്ങാതെ പലപ്പോഴും വിശന്നു കിടക്കാറുണ്ട് അനന്തു അമ്മ വരുന്നത് വരെ.
” മാമൻ വന്നിട്ടുണ്ടല്ലേ.. ന്നിട്ട് മോനോട് എന്ത് പറഞ്ഞു ” എന്ന് ചോദിക്കുമ്പോൾ അവൻ ചിരിച്ചുകൊണ്ട് തലയാട്ടും. ആ സന്തോഷത്തിൽ നിന്നും മനസിലാക്കാം മാമൻ അവനോട് ഒരുപാട് സംസാരിച്ചെന്ന്. അടുത്തിരുന്ന് തലോടിയെന്ന്.
“ഓഹ്.. വന്നോ നീ.. രാവിലെഇറങ്ങിപ്പോയിട്ട് വന്ന് കേറുന്നത് രാത്രിക്ക്. അപ്പൊ കേറും റൂമിലേക്ക്. പിന്നെ ഇതിനടുത് ഇങ്ങനെ ഇരുന്നാൽ മതിയല്ലോ. ബാക്കി ഒന്നും അറിയണ്ടല്ലോ. എല്ലാം ചെയ്യാൻ ഞാൻ ഒരുത്തി ഉണ്ടല്ലോ ഇവിടെ. “
വാതിൽ പുറത്ത് നിന്ന് ഉച്ചത്തിൽ പറയുന്ന സുഭദ്രയെ കണ്ട് അംബിക എഴുന്നേൽക്കുമ്പോൾ ” അമ്മ ഇപ്പോൾ വരാട്ടോ ” എന്നും പറഞ്ഞ് അവന്റെ മുടിയിലൊന്ന് തലോടി. പിന്നെ പുറത്ത് നിൽക്കുന്ന ചേച്ചിയെ നോക്കി പുറത്തേക്കിറങ്ങുമ്പോൾ പറയുന്നുണ്ടായിരുന്നു ” ഞാൻ വന്നതല്ലേ ഉളളൂ ചേച്ചി. വന്ന് കേറുമ്പോഴേക്കും ഇങ്ങനെ തുടങ്ങല്ലേ ” എന്ന്. അതും പറഞ്ഞ് അടുക്കള ലക്ഷ്യമാക്കി നീങ്ങുന്ന അംബികയെ നോക്കികൊണ്ട് പുച്ഛത്തോടെ നിൽകുമ്പോൾ പുറത്ത് നിന്ന് വരുന്ന പവിത്രൻ കേറി വന്നത് നല്ല ഒരു വാട്ടർബെഡ്ഡുമായിട്ടായിരുന്നു. അത് കണ്ട പാടെ സുഭദ്ര കടിച്ചുകീറും പോലെ അയാൾക്ക് നേരെ തുള്ളികൊണ്ട് അടുത്തു.
” നിങ്ങൾക്കിത് എന്തിന്റെ കേടാണ് മനുഷ്യാ… ഉള്ളതിൽ കിടത്തിയാൽ പോരെ അവനെ. വെറുതെ തൂറി നാറ്റിക്കാൻ വേണ്ടിയാണോ പുതിയ ബെഡ്ഡ്. അമ്മാവന്റെ ഒരു സ്നേഹം.
ഇവിടെ ഭാര്യക്കും കുട്ടിക്കും എന്തേലും ചോദിച്ചാൽ ഹേ ഹേ…. പെങ്ങടെ മോന് കിടക്കാൻ വാട്ടർബെഡ്ഡ്. ഞാനും എന്റെ മോനും അനുഭവിക്കേണ്ടതാ ഇങ്ങനെ കിടന്ന സിംപതിയുടെ പേരിൽ അനുഭവിക്കുന്നത് ഈ പാതി ചത്തവൻ. ബാക്കി ഉള്ള ജീവൻ കൂടി അങ്ങ് പോയിരുന്നെങ്കിൽ മനുഷ്യന് കുറച്ച് ആശ്വാസം ആയേനെ ” എന്ന്.
അത് കെട്ടതും മുന്നിൽ നിന്ന് തുള്ളുന്ന അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു പവിത്രൻ. ” വേണ്ടാ വേണ്ടാ എന്ന് വെക്കുമ്പോൾ നീ എന്റെ തലയിൽ കേറി ഭരിക്കുന്നോ.. നീ എന്റെ തന്തയാവാൻ നിൽക്കല്ലേ.. കേട്ടോടി…പുഴുത്ത മനസ്സുമായി ഇങ്ങനെ ഒരു ജന്മം. ശരിക്കും ചാവേണ്ടത് നീയൊക്കെയാ. നീയൊക്കെ ആണ് ഈ ഭൂമിക്ക് ഭാരം. ” അതും പറഞ്ഞ് അവളെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട് അയാൾ അനന്തുവിന്റെ റൂമിലേക്ക് നടക്കുമ്പോൾ അകത്തു നിന്ന് എല്ലാം കേട്ട് കരയാൻ പോലും കഴിയാതെ നിൽക്കുകയായിരുന്നു അംബിക.
രാത്രി എല്ലാവരും കഴിച്ചതിനു ശേഷം ഒരു പാത്രത്തിൽ ഭക്ഷണവും എടുത്ത് അനന്തുവിന്റെ മുറിയിൽ എത്തുമ്പോൾ അമ്മയെ പ്രതീക്ഷിച്ചു കിടക്കുകയായിരുന്നു അവൻ. ചിരിയോടെ അവനരികിൽ ഇരുന്ന് ” നമുക്ക് ഭക്ഷണം കഴിച്ചാലോ ” എന്നും ചോദിച്ച് ഓരോ പിടി ചോറ് അവന്റെ വായിലേക്ക് വെക്കുമ്പോഴും ആർത്തിയോടെ അവൻ അത് കഴിക്കുന്നുണ്ടായിരുന്നു. അത് കണ്ട് അവളുടെ കണ്ണുകൾ നിറയുമ്പോൾ ” എന്ത് പറ്റി ” എന്ന് ചോദിക്കുന്ന പോലെ അവന്റെ നോട്ടം കണ്ട് അവൾ ഒന്നുമില്ലെന്ന് തലയാട്ടി ചിരിക്കാൻ ശ്രമിച്ചു. അതോടൊപ്പം മകന് കൊടുക്കുന്ന ചോറിൽ നിന്നും അവളും കഴിക്കുമ്പോൾ അവൻ സന്തോഷത്താൽ ചിരിക്കുന്നുണ്ടായിരുന്നു.
അമ്മ തരുന്ന ചോറിന്റെ സ്വാദ് ആവോളം .നുകർന്നു കിടക്കുന്ന അവന് അവസാന ഉരുളയും നൽകി മുഖം കഴുകി എഴുനേറ്റ് ” ഇപ്പോൾ വരാട്ടോ ” എന്നും പറഞ്ഞ് അംബിക പുറത്തേക്ക് പോകുമ്പോൾ അനന്തു അമ്മയെ തന്നെ നോക്കി കിടക്കുവായിരുന്നു.
അപ്പോഴെല്ലാം അവന്റ മനസ്സിലുണ്ടായിരുന്നു ” തനിക്ക് അമ്മ കൂടി ഇല്ലായിരുന്നെങ്കിൽ ” എന്നൊരു പേടിപ്പെടുത്തുന്ന ചിന്ത. പിന്നെ പതിയെ കണ്ണുകൾ അടക്കാൻ തുടങ്ങുമ്പോൾ അമ്മയുടെ പുഞ്ചിരി ആയിരുന്നു മനസ്സ് നിറയെ. ആരോ ചുറ്റിപിടിക്കുന്ന പോലെ തോന്നി പാതി അടയുന്ന കണ്ണുകൾ തുറക്കാൻ ശ്രമിക്കുമ്പോൾ അവന് മനസ്സിലായി അമ്മ കെട്ടിപിടിക്കുവാണെന്ന്. കവിളിൽ ചുംബിക്കുന്നുണ്ടെന്ന്. പക്ഷേ, ഒന്നും ഉൾകൊള്ളാൻ കഴിയാത്ത പോലെ കണ്ണുകൾ അടയുന്നു. അമ്മയുടെ പിടുത്തതിന് സ്നേഹം കൂടുന്ന പോലെ. ആ കരവലയത്തിൽ കിടന്ന് പതിയെ കണ്ണുകൾ അടക്കുമ്പോൾ അവനെ കെട്ടിപിടിച്ചുകൊണ്ട് അംബികയും പാതി ഉറക്കത്തിന്റെ പടിവാതിൽക്കൽ ആയിരുന്നു.
അവസാന ശ്വാസത്തിന് അരികിലെന്നോണം.
ഒരു പിടി ചോറിൽ ഒരു ജന്മം അവസാനിക്കുമ്പോൾ മകൻ പോലും അറിഞ്ഞില്ല അമ്മ തന്ന ചോറും പുഞ്ചിരിയും അവസാനത്തെ ആണെന്നും അതിന് മരണത്തിന്റെ ചുവ ഉണ്ടെന്നും….