ഒരു നുള്ള് സിന്ദൂരം അവളുടെ നിറുകയിൽ ന്റെ കരങ്ങളാൽ ചാർത്തിയപ്പോൾ ആ സുന്ദര നിമിഷത്തെ കൈകൊട്ടി സ്വീകരിക്കുകയായിരുന്നു ന്റെ അമ്മു…

സാഫല്യം ~ രചന: അമ്മാളു

അമ്മു എന്തിനാ കരേണെ.. ആരേലും ന്തേലും പറഞ്ഞോ ന്റമ്മുനെ.. അമ്മു ഏട്ടനോടും പിണക്കാ… ? അമ്മൂട്ടിയെ ഇങ്ങ് വന്നേ ഏട്ടനൊരു കാര്യം ചോദിക്കട്ടെ…

എന്താന്ന്ച്ചാ ചോദിച്ചോളൂ അവിടുന്ന്..

ഏട്ടന്റെ ചിങ്കാരി ഇങ്ങടുത്ത് വാ.

ഏട്ടനെന്താ അറിയണ്ടേ ചോദിക്ക്..

ഉണ്ണി……. ഉണ്ണിനെ….

ഉണ്ണി ന്ന് കേട്ടപ്പളേ അമ്മു ഓടി ന്റടുത്ത് വന്നിരുന്നു അനുസരണയുള്ള കൊച്ചു കുഞ്ഞിനെപ്പോലെ..

ദേവേട്ടാ ന്റെ ഉണ്ണി എവിടെ.. ? ഉണ്ണി കേറിവന്നോ, എത്ര നേരായി ഞാനവനെ കാത്തിരിക്കണു … എപ്പളാ ഉണ്ണി അമ്മുനെ കാണാൻ വരണേ.. ?

എത്ര നാളായി ഏട്ടാ അമ്മു ഈ മുറിക്കുള്ളിൽ ഇങ്ങനെ.. അമ്മുനൊന്നുല്ല്യാന്ന് ഏട്ടൻ തന്നെല്ലേ പറയാറ്,

ന്നിട്ടെന്തിനാ ല്ലാരുടെ ന്നേ ഇവിടിങ്ങനെ പൂട്ടി ഇട്ടിരിക്കണേ..

ന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ടവളത് ചോദിച്ചപ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ ന്റെ കുട്ടി കാണാതിരിക്കാൻ ഏറെ പാടുപെടേണ്ടി വന്നു നിക്ക്…

ദേവനെ കണ്ടാൽ മാത്രേ അമ്മു എന്തെങ്കിലും ഒന്ന് സംസാരിക്കു… കരയാൻ വേണ്ടിയാണേൽ പോലും അവന്റെ അടുത്തേക്കൊന്ന് ചെല്ലൂ…

അമ്മു ദേവന് കൂടപ്പിറപ്പ് മാത്രല്ല മകള് കൂടിയാണ്… അമ്മുന്റെ കളിച്ചങ്ങാതിയായിരുന്നു ഉണ്ണി..രണ്ടാളും സമപ്രായക്കാരാണ്..

ഉണ്ണി അച്ഛന്റെ ഇളയ സാഹിദരിയുടെ മകൻ ആണ്‌… നാട്ടിലും വീട്ടിലും സ്കൂളിലും ഒക്കെ അമ്മുന്റെ കൂട്ട് ഉണ്ണിയായിരുന്നു. ഉണ്ണിക്കമ്മുന്നു വെച്ച അവന്റെ ജീവനേക്കാൾ വലുതും..

അങ്ങനെ ഇരിക്കെ വേദപാരായണവും സംഗീത ക്ലാസ്സും കഴിഞ്ഞ് തിരികെ വരുമ്പോളായിരുന്നു ഏവരെയും നടുക്കിയ ആ ദുരന്തം ന്റെ കുട്ട്യോൾക്കിടയിലേക്ക് കാലന്റെ രൂപത്തിൽ വന്നു ഭവിച്ചത്.

അമ്മുന് ചെറുപ്പത്തിലേ വെള്ളം പേടിയായിരുന്നു..തൊടിയിലെ കുളക്കടവിൽ എല്ലാവരുo നീന്തിക്കുളിക്കുമ്പോൾ അമ്മു മാത്രം അമ്മയുടെ സാരിത്തുമ്പിൽ തൂങ്ങി ഒളിച്ചു നിൽക്കുമായിരുന്നു.. ഉണ്ണിക്കാവട്ടെ ഭ്രമം ആയിരുന്നു വെള്ളം കണ്ടാൽ..

നട്ടുച്ച വെയിലത്തു രണ്ടാളും കുളക്കടവിന്റെ അരികിലൂടെ ഒഴുകുന്ന അരുവി ചാടിക്കടന്നാണ് പലപ്പോഴും വീട്ടിലേക്കു വരുക.

വീട്ടിലേക്കുള്ള എളുപ്പവഴിയാണ് അവിടം.. ഉണ്ണീടെ നിർബന്ധത്തിനു വഴങ്ങിയാവും മിക്കവാറും ന്റെ കുട്ടി അതുവഴി വരാറ്..

പലപ്പോഴായി അതിലെയുള്ള വരവ് രണ്ടാളേം വിലക്കിയതാണ് ഞാൻ. അനുസരണ അല്പം കുറവാണെങ്കിലും ഉണ്ണിയെ ല്ലാർക്കും വല്ല്യ കാര്യാരുന്നു വീട്ടില്.

അങ്ങനെ വെയിലുദിച്ചു നിക്കണ നേരം അമ്മുന്റെ കയ്യും പിടിച്ചു ഉണ്ണി കുളക്കടവ് ചാടിയതാണെന്നാ കണ്ടു നിന്നവർ പറയണത്.

നന്നേ നീന്തൽ അറിയാമായിരുന്ന ന്റെ ഉണ്ണിക്ക് ന്താ സംഭവിച്ചെന്ന് ഇന്നും അറിയില്ല നിക്ക്…

അന്ന് അമ്മു ആവുന്നത്ര പറഞ്ഞു വേണ്ട ഉണ്ണി നമുക്ക് അതുവഴി പോകണ്ട ന്ന്..

എന്തോ സമയം അടുതോണ്ടാവും ഉണ്ണി അത്‌ വകവെയ്ക്കാതെ അമ്മുനെ ആദ്യo അരുവി കടത്തി വിട്ടിട്ട് പുറകെ ചാടിയെത്താൻ അതും അമ്മൂട്ടിനെ പേടിപ്പിക്കാൻ ഒന്ന് കുളത്തിലേക്ക് വീഴും പോലെ ആഞ്ഞു ത്രെ..

ഒന്ന് രണ്ടു ആയല് കണ്ടപ്പളേ പാടത്ത് കൊയ്യാൻ വന്നവര് വിലക്കി..വേണ്ടുണ്ണിയെ സമയം അത്ര ശെരിയല്ല… കളിക്കാൻ നിക്കാതെ വീട്ടിലേക്കു പോകാൻ നോക്ക് ന്ന്…

ഉണ്ണി അതൊന്നും കാര്യാക്കിയില്ല.. അങ്ങനെ ആ കളി ചെന്നവസാനിച്ചത് കാല് തെറ്റി കുളത്തിലേക്ക് വീണ ന്റെ ഉണ്ണിയെ ചുഴി വലിച്ചെടുത്തപ്പോളായിരുന്നു.

അന്ന് മുതൽ ഉണ്ണി കുളത്തിൽ കളിക്ക്യാ, ഇതുവരെ കേറിയിട്ടില്ല.. രാപ്പകലില്ലാതെ വെള്ളത്തിൽ തന്നെ കിടന്നാൽ പനി വരില്ല്യേ ഏട്ടാ അവനു അവനോട് കേറി വരാൻ പറയ്..

ഉറക്കം ഉണർന്നാൽ ന്റമ്മു ആദ്യം പറേണ കാര്യാ അത്‌…

ഇന്നേക്ക് വർഷം 8 കഴിഞ്ഞു… ന്റെ കുട്ടിക്ക് കല്യാണപ്രായം ആയിരിക്കണു..

പക്ഷേ, ശരീരം മാത്രേ വളർന്നിട്ടുള്ളു ഇന്നും അവളുടെ മനസ്സ് ആ പഴേ കുളക്കടവിൽ തന്നാ ഉണ്ണിയോടൊപ്പം.

ഉണ്ണിയുടെ വിയോഗം അമ്മുനെ ആകെ തളർത്തിയിരുന്നു..

അമ്മുന് അപകടങ്ങളെയൊന്നും തരണം ചെയ്യാൻ കഴിയുമായിരുന്നില്ല. കാരണം, അമ്മുന് പത്തു വയസ്സുള്ളപ്പോൾ ആയിരുന്നു അച്ഛന്റെ മരണം..

അതൊരു വാഹനാപകടമായിരുന്നു. അമ്മയോടൊപ്പം കടയിൽ പോയി മടങ്ങവേ അച്ഛനെ എതിരെ വന്നൊരു ലോറി ഇടിച്ചു തെറിപ്പിക്കുന്നത്‌ കണ്ടാണ് അമ്മുന്റെ ഉപബോധ മനസ്സിന്റെ താളം ആദ്യമായി തെറ്റുന്നത്..

അന്നൊക്കെ രാത്രിയിൽ അമ്മു അച്ഛനോട് സംസാരിക്കുമായിരുന്നു ഉറക്കത്തിൽ..

അച്ഛന്റെ മരണം അന്നമ്മുവിനെക്കൾ ഷോക്ക് ആയത് അമ്മയ്ക്കായിരുന്നു.. കണ്മുന്നിൽ അച്ഛൻ രക്തം വാർന്നൊഴുകി മരണമടഞ്ഞപ്പോൾ നഷ്ടമായതാണ് അമ്മയ്ക്ക് ഓർമ്മകൾ..

അന്നു മുതൽ അമ്മയെ ചികിൽസിച്ചും പരിപാലിച്ചും എല്ലാവരും അമ്മയ്ക്ക് ചുറ്റും നിരന്നപ്പോൾ ആരും ന്റമ്മുനെ ഒന്ന് ശ്രദ്ധിച്ചത് പോലുമില്ല..

അച്ഛന്റെ 16 ന് ബലി ദർപ്പണത്തിനായി ഏവരും തയ്യാറെടുത്തപ്പോൾ അമ്മുവും വാശിപിടിച്ചു അവൾക്കും ബലിയിടണമെന്ന്..

അച്ഛന് അമ്മു കഴിഞ്ഞേ ഞാനും അമ്മയും ഉണ്ടായിരുന്നുള്ളു..അമ്മുന്റെ പിടിവാശിക്ക് മുന്നിൽ ഏവരും അത്‌ സമ്മതിച്ചു..”അവള് കുട്ടിയല്ലേ അവളും ഇട്ടോട്ടെ ദേവാ..”..ചെറിയമ്മേടെ വാക്കുകളായിരുന്നു അത്..

പിന്നീടങ്ങോട്ട് അമ്മു ഉണ്ണിക്കും ചെറിയമ്മയ്ക്കുമൊപ്പമായിരുന്നു ഊണും ഉറക്കവുമെല്ലാം.

വയസ്സറിയിച്ച നാളു മുതൽ ചെറിയമ്മയായിരുന്നു അവളുടെ കാര്യങ്ങളൊക്കെ നോക്കിക്കൊണ്ടിരുന്നത്, ചെറിയമ്മയ്ക്ക് അവൾ മകള് തന്നെ ആയിരുന്നു..

ഏറെ കാലങ്ങൾക്ക് ശേഷമായിരുന്നു അമ്മ എന്നെ ദേവ ന്ന് വിളിച്ചത്, അതും ഉണ്ണിയെ തിരക്കിയായിരുന്നു ആ വിളി..

അവധിക്ക് തറവാട്ടിൽ ആയിരുന്ന ഉണ്ണിയെ കൂട്ടിക്കൊണ്ടുവരാന് പോയി മടങ്ങും വഴി ആയിരുന്നു അച്ഛന്റെ മരണം..

ഇന്ന് ഉണ്ണിയുടെ വിയോഗം ആരുടെയോ നാവിൽ നിന്നും കേക്കാനിടയായപ്പോൾ ഒരുൾവിളിയെന്നോണം അമ്മയുടെ ഓർമ്മകൾ തിരിച്ചു വന്നെന്ന് കരുതി ആശ്വസിച്ചു ഞാൻ..

അമ്മയുടെ ദേവാ ന്നുള്ള വിളിയിൽ അതിശയത്തോടെ ഓടിയമ്മക്കരികിൽ ചെന്നപ്പോൾ

” അമ്മു എവിടെ അവളാണ് ന്റെ കുട്ടിയെ തള്ളി ഇട്ടത്, ഞാൻ കണ്ടതാ മോനെ ന്റെ കണ്ണുകൊണ്ട് “

എന്നമ്മ പറഞ്ഞപ്പോൾ ന്റെ കണ്ണിൽ ആകെയൊരു ഇരുട്ട് കയറും പോലെ തോന്നി..

പിന്നിൽ നിന്നും അമ്മുവിന്റെ ശബ്‌ദം കാതുകളിലേക്ക് തുളഞ്ഞു കയറുന്നുണ്ടായിരുന്നു അപ്പോൾ..

ഒരു വശത്ത് അമ്മയുടെ വാക്കുകൾ, മറുവശത്തു ഉണ്ണിയോട് കേറിവരാൻ പറഞ്ഞു വിതുമ്പുന്ന ന്റമ്മുവും…

*************

“ഇരുവർക്കും ഇടയിൽ കിടന്നു ഒരിക്കെ പോലും ആ ജീവിതത്തെ ശപിക്കാതെ എങ്ങനെ ദേവേട്ടൻ ഇത്ര നാളും പിടിച്ചു നിന്നു..” ശ്രീയുടെ വാക്കുകൾ ആയിരുന്നു അത്..

ശ്രീ എന്ന് ദേവൻ മാത്രം വിളിക്കുന്ന ദേവന്റെ ശ്രീപ്രിയ, ദേവനൊപ്പം ഇന്നോളം അവന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും കൂടെ നിന്നവൾ..

ദേവനെക്കാളും ശ്രീക്കിഷ്ടം അമ്മുനേം ഉണ്ണിയേം ആയിരുന്നു.. ദേവന്റെ സന്തോഷവും സങ്കടങ്ങളും ശ്രീക്കു ദേവനെക്കാൾ പ്രിയപ്പെട്ടവയായിരുന്നു..

പക്ഷേ, അവിടെയും വിധി ദേവനെതിരായിരുന്നു.. ശ്രീയുടെയും ദേവന്റെയും മുന്നാളായിരുന്നു.. ചേർക്കാൻ പാടില്ലാത്തവ..

ജാതകത്തിൽ ദോഷം ഉള്ളതിനാൽ ദേവൻ സ്വയം ശ്രീയിൽ നിന്നും ഒഴിഞ്ഞു മാറി.

അങ്ങനെ നാട്ടിലെ പ്രമുഖനായ ഒരു വ്യക്തിയുടെ ആലോചന വന്നപ്പോൾ പണത്തോടും പ്രതാപത്തോടുമുള്ള അമിത മോഹത്താൽ ശ്രീയേ വീട്ടുകാർ മറ്റൊരുവന് വിവാഹം ചെയ്തു കൊടുത്തു..

പണവും പ്രതാപവുമെല്ലാം നഷ്ടമായപ്പോൾ അയാൾ മദ്യപാനവും പെണ്ണ് പിടിയും തുടങ്ങി.. സ്വന്തം ഭാര്യക്ക് മുൻപിൽ മറ്റ് സ്ത്രീകൾക്കൊപ്പം.. ഒന്നും കണ്ടില്ല കേട്ടില്ല ന്ന് വെച്ച് ഓരോ ദിനവും തള്ളി നീക്കി..

ഒടുവിൽ ഗതി വഷളായി തുടങ്ങിയപ്പോൾ കുടിച്ചു കൂത്താടി അയാൾ ഭാര്യക്ക് കിടക്ക പങ്കിടാൻ കൂട്ടിന് സുഹൃത്തുക്കളെ അണിനിരത്താൻ തുടങ്ങിയപ്പോൾ, മാനം വിറ്റ് ജീവിക്കണ്ട ഗതികേടൊന്നും തനിക്ക് വന്നിട്ടില്ലെന്നുള്ള ബോധ്യം ഉള്ളതിനാലാവും ഇന്നവൾ എനിക്കരികിലേക്ക് ഓടിയെത്തിയിട്ടുണ്ടാവുക..

മക്കളില്ലാത്ത ശ്രീക്ക് കൂടുതലൊന്നും ആലോചിച്ചു സമയം കളയേണ്ടി വന്നില്ല അവളുടെ ദേവേട്ടനരികിലെത്താൻ.

ശ്രീ പോയേപ്പിന്നെ മറ്റൊരു പെണ്ണിനെ കുറിച്ച് ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല ഞാൻ.

അന്ന് തൊട്ടിന്നുവരേയും ഉള്ളിൽ അമ്മയും അമ്മുവും മാത്രമായിരുന്നു..

എന്നാൽ ഇന്ന്, ശ്രീയുടെ തിരിച്ചു വരവ് എന്നിൽ പുതിയൊരു ജീവിതത്തിന് തിരി തെളിക്കുവായിരുന്നു..

അന്ന് മുതൽ ഉറച്ചൊരു തീരുമാനം എടുത്തു ഞങ്ങൾ.. ഇനിയൊരു ജാതകത്തിന്റെ പേരിലും ശ്രീയേ വിട്ടുകൊടുക്കാൻ ദേവനും ദേവനെ വിട്ടുകൊടുക്കാൻ ശ്രീയും തയ്യാറല്ലെന്ന്..

ഇന്നോളം ഏകനായ് ജീവിച്ചില്ലേ ഇനിയെങ്കിലും ന്നേ കൂടി കൂട്ടിക്കൂടേ ദേവേട്ടാ ന്നുള്ള അവളുടെ ചോദ്യത്തിന് മുൻപിൽ , വർഷങ്ങൾക്ക് മുൻപ് അവളുടെ ആഗ്രഹപ്രകാരം ന്റെ പേരിനാൽ തീർത്തൊരു താലി സൂക്ഷിച്ചിരുന്നു ഞാൻ..

ഒരു നുള്ള് സിന്ദൂരം അവളുടെ നിറുകയിൽ ന്റെ കരങ്ങളാൽ ചാർത്തിയപ്പോൾ ആ സുന്ദര നിമിഷത്തെ കൈകൊട്ടി സ്വീകരിക്കുകയായിരുന്നു ന്റെ അമ്മു..

പിന്നിൽ ചെറിയമ്മയ്‌ക്കൊപ്പം നിലവിളക്കുമായി അമ്മയും നിറമിഴിയോടെ ഞങ്ങളെ വരവേൽക്കാൻ തയ്യാറായി കഴിഞ്ഞിരുന്നു.

ഒപ്പം ആ ശുഭമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു കൊണ്ട് അമ്മുവിനരികിൽ അവൾക്കൊഴികെ മറ്റാർക്കും കാണാൻ കഴിയാതെ അവളുടെ ഉണ്ണിയും പുഞ്ചിരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു..