പ്രണയത്തിനപ്പുറം ~ രചന: സിയ യൂസഫ്
“അതു ശരി നീയിപ്പോഴും ഫോണിൽ തന്നെ കുത്തിയിരിക്യാ..ഒന്നു ചെന്നു കുളിക്കെന്റെ നീലു..”
സേറ നീലിമയെ നോക്കി ദേഷ്യപ്പെട്ടു..
“ചുമ്മാ പിണങ്ങല്ലേടാ..ദാ കഴിഞ്ഞു..”
അവൾ ബെഡിൽ നിന്നുമെഴുനേറ്റ് ബാത്റൂമിലേക്ക് നടന്നു..
“അയാൾ തന്നെയായിരിക്കും..ആ അരവിന്ദ് മേനോൻ അല്ലേ? ഇത് കുറച്ചു കൂടുന്നുണ്ട്..”
“സോറി ഡാ..സംസാരിച്ചിരുന്നപ്പോ ടൈം പോയതറിഞ്ഞില്ല..ഇനി ശ്രദ്ധിച്ചോളാം..പോരേ “
നീലു സേറയുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.
“ഉം..ശ്രദ്ധിച്ചാൽ നിനക്ക് കൊള്ളാം..” പോയി കുളിച്ചിട്ടു വാ..”
സേറ കറിക്കരിയുന്ന ജോലിയിലേർപ്പെട്ടു..
നീലു കുളിയുടെ തിരക്കിലും..
നീലിമയും സേറയും കോളേജ് മുതലേ അടുത്ത സുഹൃത്തുക്കളാണ്..
പഠനത്തിനു ശേഷം ജോലിയും അവർ ഒന്നിച്ചു തിരഞ്ഞെടുത്തു..ഒരേ കമ്പനിയിൽ ഐടി പ്രൊഫഷണൽസ്..ഹോസ്റ്റലിൽ ഒന്നിച്ചാണ് താമസവും..
നീലു..,
ജന്മം കൊണ്ട് അനാഥയല്ലെങ്കിലും ,ജീവിതത്തിൽ അവളെന്നും തനിച്ചായിരുന്നു..
വിവാഹത്തിനു മുമ്പ് തന്റെ കാമുകനിൽ നിന്നും ഒരു കുഞ്ഞിനു ജന്മം നൽകേണ്ടി വന്ന അമ്മ..അയാൾ പക്ഷേ..ആ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ തയ്യാറായില്ല..സമൂഹത്തിലെ ഉന്നത പദവി അലങ്കരിച്ചിരുന്ന അവളുടെ ഫാമിലിക്കും ആ കുഞ്ഞ് ഒരു നാണക്കേട് തന്നെയായിരുന്നു..അവർ ആ പെൺകുഞ്ഞിനെ ബോർഡിങ്ങിലാക്കി..
ഇടയ്ക്കെപ്പോഴോ വന്നു പോകുന്ന അമ്മയുടെ ചിത്രമല്ലാതെ അവളുടെ ബാല്യമത്രയും നിറം മങ്ങിയ കടലാസു തുണ്ടുകളായിരുന്നു..പതുക്കെ പതുക്കെ ആ വർണവും അവളിൽ നിന്നും അന്യമായി..അമ്മ വേറെ വിവാഹം കഴിച്ചു..സ്നേഹത്തിന് പകരം അവളുടെ അക്കൗണ്ടിൽ പണം നിക്ഷപിച്ച് എന്നന്നേക്കുമായി അവർ അവളിൽ നിന്നും വേർപിരിഞ്ഞു..
ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ നാളുകളിൽ നിന്നും അവൾ മോചിതയായത് സേറയെ കണ്ടു മുട്ടിയതിനു ശേഷമാണ്..പഠനത്തിന്റെ ഒഴിവു വേളകളിലെല്ലാം നീലു സേറയുടെ വീട്ടിലെ അംഗമായി..അവൾ പറയുന്നതിന് നീലുവിന് എതിർ വാക്കില്ലായിരുന്നു..അങ്ങനെ സേറ നീലുവിന്റെ എല്ലാമെല്ലാമായി മാറി…
തന്റെ സങ്കടങ്ങളും പരിഭവങ്ങളുമെല്ലാം ‘നീലുവിന്റെ കഥകൾ’ എന്ന പേരിൽ ഫേസ്ബുക്കിൽ അവൾ പോസ്റ്റ് ചെയ്തു വന്നു..
അതവൾക്ക് ഒരുപാട് ആരാധകരെ സമ്മാനിച്ചു..
അതിൽ പ്രധാനിയായിരുന്നു അരവിന്ദ് മേനോൻ..!
അയാളുടെ ഫ്രണ്ട് റിക്വസ്റ്റെല്ലാം നീലു കണ്ടില്ലെന്ന് നടിച്ചു..
അയാൾ വിടാൻ ഭാവമില്ലായിരുന്നു..
അവസാനം..സേറയുടെ സമ്മതത്തോടെ അവളയാളെ ആസപ്റ്റ് ചെയ്തു..
പിന്നീട്..ചാറ്റിംഗായി..നിലയ്ക്കാത്ത കോളുകളായി..
അതിനിടക്കായിരുന്നു സേറയുടെ മുറച്ചെറുക്കനുമായി ,സേറയുടെ എൻഗേജ്മെൻറ് ഫിക്സ് ചെയ്തത്..
നീലുവിന് സേറയെ പിരിയേണ്ടി വരുന്ന കാര്യം ആലോചിക്കാനേ കഴിഞ്ഞില്ല..
“നീ പോകുന്ന കാര്യം എനിക്ക് ഓർക്കാനേ വയ്യ..ഞാൻ തനിച്ചായി പോകുന്ന പോലെ..”
ഉറങ്ങാൻ കിടക്കുമ്പോൾ നീലു സേറയുടെ ചെവിയിൽ പറഞ്ഞു.
“അതിനു നിന്നെ തനിച്ച് വിട്ടു ഞാൻ പോയിട്ടു വേണ്ടേടാ..”
“പിന്നെ എന്നെ നീ എന്തു ചെയ്യാൻ പോവാ..”
“കെട്ടിച്ചു വിടാൻ..! “
“കെട്ടിച്ചു വിടാനോ..? “
“ഞാനല്ലേ നിന്റെ രക്ഷിതാവ്..അപ്പൊ ഞാൻ തന്നെ വേണ്ടേ അതു ചെയ്യാൻ..”
നീലു നിശ്ശബ്ദയായി..
“നീലു..നീയെന്താ ഒന്നും മിണ്ടാത്തേ..?”
സേറ അവളെ തൊട്ടു വിളിച്ചു..
“നീ പറ..ഞാൻ കേൾക്കുന്നുണ്ട്..”
“എന്നാ ഞാനൊരു കാര്യം പറയാം..നിന്നെ കുറിച്ച് എല്ലാം അരവിന്ദിനോട് പറഞ്ഞിട്ടുണ്ടെന്നല്ലേ നീ പറഞ്ഞത്..എങ്കിൽ നമുക്കയാളെ തന്നെ പ്രപ്പോസ് ചെയ്താലോ..? “
നീലു കിടന്നിടത്തു നിന്ന് എഴുനേറ്റിരുന്നു..
“ഏയ് അത്..അതൊന്നും ശരിയാവില്ല സേറാ..”
“വൈ നോട്ട്..? തമ്മിൽ കണ്ടതിനു ശേഷം മാത്രം നമുക്ക് തീരുമാനിച്ചാൽ മതി..ഫോട്ടോയിൽ കാണുമ്പോൾ ആൾ സ്മാർട്ടാണ്..ബാക്കിയൊക്കെ നമുക്കന്യേഷിക്കാലോ..”
“എന്നാലും…നമുക്കിത് പിന്നീട് സംസാരിക്കാം സേറാ ..നീ ഉറങ്ങാൻ നോക്ക്..”
നീലു കിടക്കാനായി ഭാവിച്ചപ്പോൾ സേറ തടഞ്ഞു.
“ഉം…എന്നതാ നിന്റെ പ്ലാൻ ? എന്നും ഫോൺ വിളിച്ചോണ്ട് നടക്കാന്നാണോ..അതിനു ഞാൻ സമ്മതിക്കില്ല..! ഇതിനു ഇപ്പൊ തന്നെ ഒരു തീരുമാനം എടുക്കണം..നിനക്കയാളെ ഇഷ്ടാണോ അല്ലേ..”
“അത്..ഇഷ്ടാണ്..ബട്ട്..”
“പിന്നെന്താ നിന്റെ പ്രോബ്ലം..? “
നീലു എഴുനേറ്റു..
സേറ അവൾക്കഭിമുഖമായി നിന്നു..
“എന്താടാ…എന്നോട് പറ “
“സേറാ..അരവിന്ദ്..”
“അരവിന്ദ്..? “
“അയാൾ മാരീഡാണ്..!! “
നീലു പറഞ്ഞത് കേട്ട് സേറ സ്തബ്ദയായി നിന്നു..!
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു
“നീലു, നിനക്കെന്താ ഭ്രാന്താണോ..വിവാഹിതനായ ഒരുത്തനേ കിട്ടീള്ളൂ പ്രേമിക്കാൻ..?നിന്നെ പോലുള്ള പെൺപിള്ളാരെ കിട്ടിയാ അവര് സ്വന്തം ഭാര്യയെ മറന്നെന്നൊക്കെ വരും..ബട്ട് യൂ..”
“അയാം സോറി സേറാ…എനിക്ക്..”
അവൾ കട്ടിലിലിരുന്നു തേങ്ങി..
“ഇറ്റ്സ് ഓകെ. .നീയത് വിട്ടേക്ക്.ഇനി മേലിൽ അയാളുമായി യാതൊരു കോൺടാക്റ്റ്സും നമുക്ക് വേണ്ട..അയാളെ മറന്നേക്ക്..”
സേറ നീലുവിന്റെ മുടിയിഴകളിൽ മെല്ലെ തലോടി..
“ഉം..കിടക്ക് ഈ രാത്രി കഴിയുന്നതോടെ അയാളും ഓർമ്മകളും നിന്നിൽ നിന്ന് അന്യമാകും..സോ ഡോണ്ട് ഗെറ്റ് അപ്സെറ്റ്..ഗുഡ് നൈറ്റ് “
സേറയുടെ ആശ്വാസ വാക്കുകളൊന്നും അവളെ ഉറക്കിയില്ല..
അരവിന്ദ് മേനോന്റെ ചിരിച്ച മുഖം പിന്നേയും അവളെ പിന്തുടർന്നു കൊണ്ടിരുന്നു..
********************
ലഞ്ച് ടൈമിൽ നീലുവിനെ കാണാതെ അന്വേഷിച്ചു നടക്കുകയായിരുന്നു സേറ..അപ്പോഴാണ് കൊളീഗ് സൂരജ് കമന്റുമായി വന്നത്..
“നീലിമയെ വല്ലവരും കൊളുത്തി വലിച്ചോ സേറാ..”
“വാട്ട് യു മീൻ..? “
“അല്ല..കുറച്ചു നേരമായി വാഷ് റൂമിനു മുന്നിൽ നിന്ന് സൊറ തുടങ്ങീട്ട്..അതോണ്ട് ചോദിച്ചതാ..”
അവനെ രൂക്ഷമായൊന്നു നോക്കുക മാത്രം ചെയ്ത് , സേറ വാഷ് റൂമിലേക്ക് നടന്നു
സൂരജ് പറഞ്ഞതു പോലെ നീലു ഫോണിൽ തന്നെയായിരുന്നു..
“നീലു….!! “
സേറയുടെ ശബ്ദമുയർന്നു..
പൊടുന്നനെ നീലു ഫോൺ കട്ടു ചെയ്തു..
“നിനക്ക് പറഞ്ഞാലും മനസ്സിലാവില്ലേ..? “
അവൾ ശക്തിയിൽ നീലുവിന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി..
“അത് സേറാ..അരവിന്ദിന്റെ വൈഫ് ഹോസ്പിറ്റലിലാണെന്ന്..”
“അതിന്..? “
“അവർ പ്രെഗ്നന്റാണ്..”
“ഓഹ്..വൈഫ് ഹോസ്പിറ്റലിൽ കിടക്കുമ്പോഴും അയാൾ നീയുമായി ശൃംഗരിക്കാൻ വിളിച്ചേക്കാ..ഫ്രോഡ്..! “
സേറ ദേഷ്യം കൊണ്ട് പല്ലുകൾ ഞെരിച്ചു..
പെട്ടെന്ന് സേറയുടെ കയ്യിലിരുന്ന നീലുവിന്റെ ഫോൺ ശബ്ദിച്ചു..
അവൾ സ്ക്രീനിലേക്ക് നോക്കി
‘അരവിന്ദ് മേനോൻ..! ‘
അവൾ നീലുവിനെ തുറിച്ചു നോക്കിക്കൊണ്ട് കോൾ അറ്റന്റ് ചെയ്ത് സ്പീക്കർ മോഡിലിട്ടു..
അങ്ങോട്ടെന്തെങ്കിലും പറയും മുന്‍പേ മറുതലയ്ക്കൽ അരവിന്ദിന്റ ശബ്ദം:
“നീലു..പ്രിയ പ്രസവിച്ചു..പെൺകുഞ്ഞാണ്..അല്പം ക്രിട്ടിക്കലായതു കൊണ്ട് സിസേറിയൻ വേണ്ടി വന്നു..ബട്ട് ബി ഹാപ്പി..അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു..ഞാൻ കുറച്ചു ബിസിയാണ്. പിന്നീട് വിളിക്കാം ഓകെ..”
അയാൾ ഫോൺ വച്ചു..
സേറ നീലുവിനെ ഉറ്റു നോക്കി..
“ഇവർക്കിടയിൽ നിന്റെ സ്ഥാനമെന്താണ്..? “
സേറയുടെ ചോദ്യത്തിന് നീലുവിനും ഉത്തരമില്ലായിരുന്നു…
ജോലി കഴിഞ്ഞു റൂമിൽ എത്തിയിട്ടും, പതിവിനു വിപരീതമായി സേറ നീലുവിനോട് മൗനം പാലിച്ചു..
“എന്നോടുള്ള ദേഷ്യം മാറിയില്ല ,അല്ലേടാ..”
നീലു അവളെ പിറകിലൂടെ ചേര്‍ത്തു പിടിച്ചു
“ദേഷ്യമല്ല സേറാ സഹതാപം..അതാണ് നിന്നോടെനിക്ക് തോന്നുന്നത്..നിനക്ക് ഇത്രത്തോളം ചിന്താശേഷി ഇല്ലാതായല്ലോ എന്നോർത്തുള്ള സഹതാപം..
അല്ലെങ്കിൽ നിന്നെപ്പോലൊരു പെണ്ണ് അയാളെപ്പോലൊരാളെ..”
സേറ വാക്കുകൾ മുഴുമിപ്പിക്കാതെ നീലുവിനെ നോക്കി..
അവളൊന്നു ചിരിച്ചു
“സ്നേഹത്തിനു ഒരു മതിൽക്കെട്ടിന്റെ ആവശ്യമുണ്ടോ സേറാ..”
“ഉണ്ട്..ബന്ധങ്ങളുടെ മതിൽക്കെട്ട് തകരാതിരിക്കാൻ..അത് ആവശ്യമാണ് നീലു”
“അതിനർത്ഥം ഞാനവരുടെ കുടുംബ ബന്ധം തകർക്കുമെന്നല്ലേ..” അവൾ വീണ്ടും ചിരിച്ചു..
“അത് തന്നെ സംഭവിക്കും..നിനക്ക് സംശയമുണ്ടോ “
“തകരാതെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്വമല്ലല്ലോ സേറാ..”
“അയാൾക്കു വേണ്ടി നീ വല്ലാതെ സ്വാർത്ഥയാകുന്നു..” സേറക്ക് നീലുവിന്റെ വാക്കുകളെ ഉൾക്കൊള്ളാനായില്ല..
“എല്ലാവരും അങ്ങനെ തന്നെയല്ലേ സേറാ..അവവരുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി ഓരോരുത്തരും സ്വാർത്ഥരാകും.”
“ആരാണിവിടെ നിനക്ക് വേണ്ടപ്പെട്ടവർ..? അതൊന്ന് പറഞ്ഞു താ..”
“എന്റെ ജീവിതത്തിൽ എന്നെ ആവശ്യമെന്ന് തോന്നിയ.. എനിക്ക് ആവശ്യമെന്ന് തോന്നിയ രണ്ടു പേർ..ഒന്ന് നീയാണ്..മറ്റൊന്ന്..”
“അരവിന്ദ് ആയിരിക്കും അല്ലേ..”
സേറ പുച്ഛത്തോടെ ചോദിച്ചു.
“യെസ്..”
“അപ്പോൾ രാഹുൽ..! അവനെ നീ മറന്നു പോയോ..? “
സേറയുടെ പെട്ടന്നുള്ള ചോദ്യത്തിൽ നീലു പകച്ചു നിന്നു..
രാഹുൽ…!
അവൻ…
“എന്താ..ആ പേര് നീ മറന്നു പോയോ..
എന്നാൽ..ഞാൻ മറന്നിട്ടില്ല..!
മറക്കുകയുമില്ല..!
അവൻ നൽകിയ നോവ് നിന്നോളം തന്നെ നെഞ്ചിലേറ്റിയവളാ ഈ ഞാനും..
അതിനിയും ആവർത്തിക്കപ്പെടണോ നീലു.? നീ തന്നെ പറ..”
അമർഷം കടിച്ചമർത്തി ,സേറയത് പറയുമ്പോൾ നീലു ജനലഴികളിലൂടെ വിദൂരതയിലേക്കു നോക്കി നിൽക്കുകയായിരുന്നു..
പെട്ടെന്ന്..സ്വബോധം തിരിച്ചു കിട്ടിയവളെ പോലെ സേറ ഒരു നിമിഷം ചിന്തിച്ചു..!
‘ഞാനെന്തൊക്കെയാണ് പറഞ്ഞത്..ഞാൻ…ഞാനൊരിക്കലും പറയാൻ പാടില്ലായിരുന്നു അവനെക്കുറിച്ച് ..’
“നീലു..”
അവൾ നീലുവിന്റെ ചുമലിൽ കൈ വച്ചു കൊണ്ട് പതുക്കെ വിളിച്ചു..
അവളൊന്നും പറയാതെ നിശ്ചലയായി നിന്നു..
“നീലൂ..ഡാ..” സേറ നീലുവിനെ ബലമായി തനിക്കു നേരെ തിരിച്ചു നിർത്തി..
അവളുടെ കണ്ണുകൾ ചുവന്നിരുന്നു..!
“നീലൂ സോറി ഡാ..ഞാൻ…
നിന്നെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല..ഇനിയുമൊരു നഷ്ടപ്പെടൽ നിനക്ക് താങ്ങാനാവില്ല മോളേ..
അരവിന്ദിനെ വെറും ഫോണിലൂടെയുള്ള പരിചയം മാത്രമേ നമുക്കുള്ളൂ..
യഥാർത്ഥത്തിൽ അയാളാരാണ്..?ഉദ്ദേശമെന്താണെന്ന് എന്നൊന്നും നമുക്കറിയില്ല..മാത്രമല്ല,
അയാളൊരു ഭർത്താവാണ്..
ഒരു കുഞ്ഞിന്റെ അച്ഛനാണ്..
ആ സ്നേഹം നീ ആഗ്രഹിക്കാൻ പാടില്ല നീലൂ..”
സേറയുടെ വാക്കുകൾക്ക് മറുപടി എന്നവണ്ണം നീലുവിന്റെ കണ്ണുനീർ ചാലിട്ടൊഴുകി..
“എന്താടാ നീയൊന്നും പറയാത്തത്..? എന്തെങ്കിലുമൊന്ന് പറ നീലൂ..”
നീലു ഒന്നും മിണ്ടാതെ ബെഡിൽ ചെന്നിരുന്നു..
അപ്പോൾ..കുറച്ച് അപ്പുറത്തിരുന്ന് നീലുവിന്റെ ഫോൺ ശബ്ദിച്ചു..
നീലു ഫോണെടുത്തില്ല..
നീണ്ട റിംഗിനു ശേഷം അത് നിശ്ചലമായി..
വീണ്ടും ശബ്ദിച്ചു..!
സേറ ഫോണെടുത്തു നോക്കി
അരവിന്ദാണ്..!
“അയാളാണ്..അരവിന്ദ്! ” അവൾ ഫോണെടുത്ത് നീലുവിനു നേരെ നീട്ടി..
അവളത് വാങ്ങി ,
കുറച്ചു നേരം അതിലേക്കു തന്നെ നോക്കിയിരുന്നു..
പിന്നെ..
ഒരറ്റയേറ്..!!
ഫോൺ പല ഭാഗങ്ങളായി നിലത്ത് ചിതറി വീണു..
“നീലൂ..നീയെന്തു ഭ്രാന്താണീ കാണിക്കുന്നത്..”
“അതെ ഭ്രാന്ത്..!
ഭ്രാന്താണെനിക്ക്..!
മുഴുത്ത ഭ്രാന്ത്..! “
“ഡാ…” സേറ പതുക്കെ അവളുടെ ചുമലിൽ കൈ വച്ചു..
അവളത് വകഞ്ഞു മാറ്റിക്കൊണ്ട് ആക്രോശിച്ചു
“വേണ്ട..എനിക്കാരും വേണ്ട..എന്നെ ആരും സ്നേഹിക്കണ്ട..ജന്മം തന്നവർക്ക് പോലും വേണ്ടാത്ത പാപിയാണു ഞാൻ..എനിക്കു നല്ലത് മരണമാണ്…!
മരണം..!
മരണം മാത്രം…! “
അവൾ ബെഡിൽ നിന്നും ചാടി എഴുനേറ്റു..
“എവിടെ..
കത്തിയെവിടെ..?
എന്റെ ഹൃദയത്തെ ഞാൻ തന്നെ കീറി മുറിക്കട്ടെ..!
ആർക്കും വേണ്ടാത്ത എന്റെ സ്നേഹത്തെ എന്റെ മരണത്തിലൂടെ ഞാനൊഴുക്കി കളയട്ടെ..! “
നീലു ഒരു ഭ്രാന്തിയെ പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടി..
“നീലൂ നിൽക്ക്..നിനക്കെന്താ പറ്റിയത്..? അവിടെ നിൽക്കാൻ..”
പിടിച്ചു നിർത്താൻ ശ്രമിക്കുന്തോറും അവൾ കുതറി മാറിക്കൊണ്ടിരുന്നു..
കുറച്ചു സമയത്തെ മൽപ്പിടുത്തത്തിനു ശേഷം നീലു സേറയുടെ കയ്യിൽ നിന്നും ബോധരഹിതയായി താഴെ വീണു..
“നീലൂ…”
സേറ നീലുവിനെ വിളിക്കുകയല്ല..
കരയുകയായിരുന്നു…!!
******************
ഡോ: കൃഷ്ണ മൂർത്തിയുടെ കൺസൾട്ടിംഗ് റൂമിനു മുന്നിൽ സേറ അക്ഷമയോടെ കാത്തു നിന്നു..
“നീലിമയുടെ കൂടെ വന്നതാരാണ്..”
ഒരു നേഴ്സ് റൂമിനുള്ളിൽ നിന്നും തല പുറത്തേക്കിട്ടു.
“ഞാനാണ്..” സേറ, അവർക്കു പിന്നാലെ അകത്തേക്ക് കയറി..
“ആഹ്..വരൂ..
സോറി..
പേര് ഞാൻ മറന്നു പോയി..”
ഡോ: മൂർത്തി പരിചയം പുതുക്കി.
“സേറ..”
“ഓ യെസ്..ഞാനോർക്കുന്നു.താനിപ്പോഴും കൂട്ടുകാരിയെ കൈവിട്ടിട്ടില്ല അല്ലേ..? “
അദ്ദേഹം ചിരിച്ചു കൊണ്ട് ചോദിച്ചു..
“ഇല്ല..അവളെ എനിക്ക് തനിച്ചാക്കാൻ കഴിയില്ല ഡോക്ടർ..”
സേറയുടെ മറുപടി കേട്ട് ഡോക്ടർ പുഞ്ചിരിച്ചു..
“നാലു വർഷങ്ങൾക്കു ശേഷം വീണ്ടുമിവിടെ വരേണ്ടി വന്നു അല്ലേ…? “
“വീണ്ടും അവളെ ഇവിടെ കാണേണ്ടി വരരുതെന്ന് ആഗ്രഹിച്ചതാണ്..ബട്ട്. ..”
സേറയുടെ കണ്ണുകളിൽ നനവ് പടർന്നു..
കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഡോക്ടർ ചോദിച്ചു
“ഹു ഈസ് അരവിന്ദ്..?
ഇവിടെ വന്നതു മുതൽ അവ്യക്തമായി , നീലിമ ആ പേര് പറയുന്നുണ്ട്..
അബോധാവസ്ഥയിലും അവളാ പേര് ഉച്ചരിക്കണമെങ്കിൽ..അയാൾ അവൾക്ക് അത്രമേൽ പ്രിയപ്പെട്ട ഒരാളായിരിക്കണം..”
സേറ..
നീലു , അരവിന്ദിനെ പരിചയപ്പെട്ടതു മുതലുള്ള എല്ലാ കാര്യങ്ങളും അദ്ദേഹത്തോട് തുറന്നു പറഞ്ഞു ..
“ഈയൊരു സിറ്റുവേഷൻ കാണാതിരിക്കാൻ ഞാൻ മാക്സിമം ശ്രമിച്ചതാണ്..ബട്ട്…അവളിത്രത്തോളം അയാളിൽ അഡിക്ടായിരിക്കുമെന്ന് ഞാനറിഞ്ഞില്ല ഡോക്ടർ…അവളെ സംരക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല ഡോക്ടർ…”
സേറ, രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി വാവിട്ടു കരഞ്ഞു..
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….