മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“ഡോക്ടർ …പേഷ്യന്റിനു ബോധം തെളിഞ്ഞിട്ടുണ്ട്..”
ഒരു നേഴ്സ് ഓടി വന്നു പറഞ്ഞു..
“ഓകെ അയാം കമിങ്..” അദ്ധേഹം എഴുനേറ്റു
“സേറ വരൂ..”
ഡോക്ടർക്കൊപ്പം അവളും നീലുവിന്റെ അടുത്തേക്ക് നടന്നു
അവർ ചെല്ലുമ്പോൾ നീലു പിന്നേയും വയലന്റ് മൂഡിലാണ്..
തന്നെ പിടിച്ചവരിൽ നിന്നും കുതറി ഓടാനായി അവൾ ശ്രമം നടത്തുന്നുണ്ട്..
“എന്നെ വിടാൻ പറയൂ ഡോക്ടർ..”
ഡോക്ടറെ കണ്ട മാത്രയിൽ അവൾ കേണു..
അദ്ധേഹം അവരോട് അവളെ മോചിപ്പിക്കാൻ ആവശ്യപ്പട്ടു..
സ്വതന്ത്രയായ നീലു മുറിയിൽ നിന്നും പുറത്തേക്കോടാൻ ശ്രമിക്കവേ ഡോക്ടർ അവളെ പിടിച്ചു നിര്‍ത്തി..
“നീലിമ..താനെങ്ങോട്ടാണ് ഓടുന്നത്.?”
“എനിക്ക്..എനിക്ക് മരിക്കണം ഡോക്ടർ..
എന്നെ ഇല്ലാതാക്കണം..”
അവൾ കിതക്കുന്നതായി സേറക്കു തോന്നി..
“മരണം ഭീരുക്കൾക്കുള്ളതല്ലേ..നീലിമ ഭീരുവല്ലല്ലോ..” ഡോക്ടറുടെ ചോദ്യത്തിന് അവൾ എന്തോ ആലോചനാ ഭാവത്തിൽ ചുറ്റും കണ്ണോടിച്ചു..
“വേണം..
മരിക്കണം..എനിക്കു മരിക്കണം “
അവൾ പിന്നേയും പിറുപിറുത്തു കൊണ്ടിരുന്നു..
ഒന്നും കാണാനുള്ള മനക്കരുത്ത് നഷ്ടപ്പെട്ട സേറ കണ്ണു തുടച്ചുകൊണ്ട് മുറിക്കു പുറത്തേക്കിറങ്ങി..
“സിസ്റ്റർ..സെഡേഷൻ കൊടുത്തോളൂ..” ഡോക്ടർ നിർദേശം നൽകി..
‘താനാണ് നീലുവിനെ വീണ്ടും ഇവിടെയെത്തിക്കാനുള്ള കാരണക്കാരി ‘ ആ ചിന്ത സേറയുടെ മനസ്സിനെ കുത്തി നോവിച്ചുകൊണ്ടിരുന്നു..
“സേറാ..”
തിരിഞ്ഞു നോക്കിയപ്പോൾ ഡോക്ടർ മൂർത്തിയാണ്..
“താനിങ്ങനെ അപ്സറ്റാകേണ്ട കാര്യമൊന്നുമില്ല..ഷി ഈസ് ഓൾറൈറ്റ് സൂൺ..
പിന്നെ..ഞാൻ മുമ്പ് പറഞ്ഞിട്ടുള്ളതു പോലെ ഇത്തരം പേഷ്യൻസിനു മരിക്കാനുള്ള ടെൻഡൻസി വളരെ കൂടുതലായിരിക്കും..
“തനിക്കു സ്നേഹിക്കാനും തന്നെ സ്നേഹിക്കാനും ആരുമില്ലെന്നൊരു തോന്നൽ..അതുമല്ലെങ്കിൽ..താൻ ജീവനു തുല്യം സ്നേഹിച്ച ഒരാളുടെ വേർപാട്..അങ്ങനെ പല അവസരങ്ങളിലും ഇത്തരത്തിൽ മനസ്സിന്റെ താളം തെറ്റിപ്പോകാറുണ്ട്..
തന്റെ പ്രിയപ്പെട്ട കൂട്ടുകാരി വിവാഹത്തോടെ തന്നിൽ നിന്നും അകന്നു പോകുമെന്ന ചിന്തയാണ് അവളെ അരവിന്ദിലേക്ക് കൂടുതൽ അടുപ്പിച്ചത്..
പക്ഷേ..അയാളും മറ്റൊരു രാഹുലായി മാറുമോ എന്ന ഭയം..! അതാണിവിടെ നീലിമയുടെ മനോനില തെറ്റിച്ചത്…”
“അതിനു കാരണക്കാരി ഞാനല്ലേ ഡോക്ടർ..” സേറ വിതുമ്പി..
“ഒരിക്കലുമല്ല..താൻ അവളുടെ നന്മയെ മാത്രമാണ് ആഗ്രഹിച്ചത്..അതുകൊണ്ട് തന്നെയാണ് അവളെ നമുക്ക് ഇങ്ങനെയെങ്കിലും തിരിച്ചു കിട്ടിയത്..അല്ലായിരുന്നുവെങ്കിൽ അവളെ മറ്റൊരു തലത്തിൽ നമുക്ക് കാണേണ്ടി വന്നേനെ..”
ഡോക്ടർ ഒന്ന് നിറുത്തിയ ശേഷം തുടർന്നു..
“അവളിൽ നിന്ന് മരണമെന്ന ചിന്തയെ ആദ്യം നമുക്ക് ഒഴിവാക്കണം..മരുന്നും ട്രീറ്റ്മെന്റുകളും അതിനു ശേഷമാവട്ടെ..”
“അതിനു നമുക്ക് എന്തു ചെയ്യാൻ കഴിയും ഡോക്ടർ..” സേറ അദ്ദേഹത്തെ ഉറ്റു നോക്കി..
“അതിനു ഒരേയൊരു മാർഗ്ഗമാണ് നമുക്ക് മുന്നിലുള്ളത്. ദാറ്റ് ഈസ് അരവിന്ദ്..! “
“അരവിന്ദ്..! “
“യെസ്..അയാളെ നമുക്ക് നീലിമക്കു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ പകുതി ജോലി കഴിഞ്ഞു..അത് നമുക്ക് വലിയൊരു പ്രോഗ്രസ് ആയിരിക്കും..”
“ബട്ട് ഡോക്ടർ..നമ്മുടെ നിർബന്ധത്തിനു വഴങ്ങി അരവിന്ദ് വന്നെന്നിരിക്കട്ടെ അത് നീലുവിന് അയാളിലേക്ക് കൂടുതൽ അടുക്കാനുള്ള കാരണമാവില്ലേ..”
അവളുടെ സംശയത്തിനു ഡോക്ടറൊന്നു പുഞ്ചിരിച്ചു
“നോ..നെവർ.. ‘ മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക ‘ എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ താൻ..അത്രയേ ഉള്ളൂ ഇതും..”
അത്രയും പറഞ്ഞ് അദ്ധേഹം മുന്നോട്ടു നടന്നു..
സേറ കുറച്ചു നേരം ചിന്തയോടെ അങ്ങനെ തന്നെ നിന്നു..
പിന്നെ..,ഫോണെടുത്ത് അരവിന്ദിന്റെ നമ്പർ ഡയൽ ചെയ്തു..
ഭാഗ്യം..റിംഗുണ്ട്..!
“ഹലോ ആരാണ്.? ” മറുതലയ്ക്കൽ അരവിന്ദിന്റെ ശബ്ദം
“എന്റെ പേര് സേറ.ഞാൻ..നീലുവിന്റെ ഫ്രണ്ടാണ്..”
“ഓഹ്..ഐ നോ..നീലു പറയാറുണ്ട് തന്നെപ്പറ്റി..അവളെവിടെ.? വിളിച്ചിട്ട് കിട്ടുന്നില്ല..”
“അത്..അവൾ ഹോസ്പിറ്റലിലാണ്..ചെറിയൊരു പ്രശ്നമുണ്ട്..നിങ്ങൾക്ക് കഴിയുമെങ്കിൽ ഒന്നിവിടം വരെ വരണം..അപേക്ഷയാണ്..നിങ്ങളെ കൊണ്ടല്ലാതെ മറ്റാരെക്കൊണ്ടും ഈ അവസ്ഥയിൽ നിന്നുമവളെ രക്ഷിക്കാനാവില്ല..ഞങ്ങൾ പ്രതീക്ഷിക്കും..വരാതിരിക്കരുത്..” അയാൾ മറുപടി പറയും മുന്‍പേ അവൾ ഫോൺ വച്ചു..
‘കർത്താവേ അയാൾക്ക് നല്ല ബുദ്ധി കൊടുത്തേക്കണേ..’ അവൾ നെറ്റിയിൽ കുരിശ് വരച്ചു പ്രാർത്ഥിച്ചു..
*******************
ഹോസ്പിറ്റലിലെ വിജനമായ വരാന്തയിലൂടെ നടക്കുമ്പോൾ അരവിന്ദിനുള്ളിൽ ഒരായിരം ചോദ്യ ശരങ്ങളുയർന്നു..
“ഞാനറിഞ്ഞിട്ടുള്ള നീലിമ…
അവളൊരിക്കലും ഇങ്ങനെ..ഈയൊരു അവസ്ഥയിൽ…ഐ കാണ്ട് ബിലീവ് ദിസ്…
സേറാ.. ആക്ച്വലി എന്താണ് നീലുവിന് സംഭവിച്ചത്..?
“അവൾക്ക് സംഭവിച്ചതെന്താണെന്നറിയണമെങ്കിൽ ആദ്യം അവനെക്കുറിച്ച് അറിയണം..
രാഹുലിനെ..! “
“രാഹുൽ…? “
“ഉം…രാഹുൽ..! അങ്ങൊനൊരാളെ കുറിച്ച് അവൾ പറഞ്ഞു കാണില്ല അല്ലേ. ..
പറയില്ല…!
പറയാനാവില്ല അവൾക്ക്…”
“ആരാണയാൾ.?
നീലുവുമായി അയാൾക്കുള്ള ബന്ധമെന്താണ്..? “
അരവിന്ദ് അക്ഷമനായി..
സേറ..വരാന്തയുടെ ഓരത്തോട് ചേർന്നു നിന്ന് നീലാകാശത്തെ നോക്കി..
ഓർമ്മകളിലേക്ക് ഊളിയിട്ടു കൊണ്ട് അവളുടെ മനസ്സ് പഴയ ക്യാംപസ് ലൈഫിലേക്ക് സഞ്ചരിച്ചു..
” കോളേജിലെ ഞങ്ങളുടെ ക്ലാസ്മേറ്റ് ആയിരുന്നു രാഹുൽ…പൊതുവെ സൗമ്യനായ അവൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു..കോളേജിലെ മ്യൂസിക് ബാന്റിലെ സിങ്ങറായ അവൻ..,പാട്ടുകൾ ചിട്ടപ്പെടുത്താൻ നീലുവിനെ ബാന്റിന്റെ അംഗമാക്കി..ആ സൗഹൃദം പ്രണയമായ് വളർന്നു..
ക്യാംപസ് ചുവരുകൾക്കു പോലും അവരുടെ പ്രണയം പരിചിതമായിരുന്നു..
‘എനിക്ക്..നഷ്ടപ്പെട്ട സന്തോഷത്തിന്റെ നിമിഷങ്ങളെ അതിന്റെ ഇരട്ടിയായി ദൈവം തിരിച്ചു തരികയാണെന്ന് ‘അവളെപ്പോഴും പറയുമായിരുന്നു..
അങ്ങനെ..
സ്നേഹം കൊടുത്തും വാങ്ങിയും ആ മൂന്നു വര്‍ഷത്തെ പ്രണയം അവർ ശരിക്കും ആസ്വദിച്ചു..
കോളേജിലെ ഞങ്ങളുടെ അവസാന വർഷം..
അന്ന് Feb 14th വാലന്റൈൻസ് ഡേ..
ഞങ്ങൾ സുഹൃത്തുക്കളെയെല്ലാം അവൻ അരികിലേക്ക് വിളിച്ചു വരുത്തി..
“ഇന്ന് നിങ്ങളുടെയെല്ലാം മുന്നിൽ വച്ച് ഞാനെന്റെ പ്രണയിനിയെ പ്രപ്പോസ് ചെയ്യാൻ പോകുകയാണെന്ന് ” അവൻ അനൗൺസ് ചെയ്തു..
എല്ലാവരുടേയും കണ്ണുകൾ അവളിലേക്കു മാത്രമായി..
ചുറ്റും കൂടിനിന്നവരുടെ കരഘോഷത്തിൽ, കയ്യിൽ കരുതിയ ചുവന്ന റോസാപ്പൂവുമായി ഞങ്ങൾക്കരികിലേക്ക് രാഹുൽ കടന്നു വന്നു..
നീലു നാണത്താൽ തല താഴ്ത്തി നിൽക്കെ..
അവൻ കയ്യിലിരുന്ന റോസാപ്പൂ നീലുവിന്റെ തൊട്ടടുത്തു നിന്ന ശീതളിനു നേരെ നീട്ടി..!!
അതൊരു കളിയായി ആദ്യം തോന്നിയെങ്കിലും കുറച്ചു നേരത്തെ അവരുടെ പെർഫോമൻസ് അത് സത്യമാണെന്ന് തെളിയിച്ചു..
എന്റെ സകല നിയന്ത്രണവും വിട്ടു പോയി. ..എല്ലാവരുടേയും മുന്നിൽ വച്ച് ഞാനവനെ ചോദ്യം ചെയ്തു..
“നീയെന്റെ നീലുവിനെ ചതിക്കുകയായിരുന്നു അല്ലേടാ..”
ഞാനവന്റെ കോളറിൽ പിടുത്തമിട്ടു.
“സേറാ കയ്യെടുക്ക്..ഇവിടെ കിടന്നു അധികം ഷോ കാണിക്കണ്ട അത് നിനക്ക് നല്ലതിനല്ല..”
അവനെന്നെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ഞാൻ വിട്ടില്ല
“നീ ഇത്രയും നാൾ ഇവളെ ഒരു വിഡ്ഢി വേഷം കെട്ടിക്കുകയായിരുന്നല്ലേ.. ?
ഇങ്ങന ഒഴിവാക്കാനായിരുന്നെങ്കിൽ ഇത്രയും നാൾ പ്രണയിച്ചതെന്തിനായിരുന്നു.?
എന്നിട്ടു നീയെന്തു നേടി…! ? “
“പ്രണയമോ..എനിക്കോ..അതും ഇവളോട്..! ” അവൻ പൊട്ടിച്ചിരിച്ചു..
“പ്രണയിക്കപ്പെടാൻ മാത്രം ഇവൾക്കെന്തു യോഗ്യതയുണ്ട്…!
ഇവളുടെ അച്ഛനാരാണെന്ന് ഇവൾക്കറിയാമോ..?
ഇല്ല..അറിയില്ല !
അതറിയണമെങ്കിൽ നേരായ വഴിക്ക് തന്നെ പിറവിയെടുക്കണം..
ഇത് കഥ മാറിപ്പോയില്ലേ…
അമ്മക്ക് ആരിൽ നിന്നോ കിട്ടിയ വിഴുപ്പ്..!
അമ്മ അങ്ങനാണെങ്കിൽ മോളും ആ പാതയിൽ തന്നെ പോകും..അതാണല്ലോ ഞാനൊന്നു കൈ ഞൊടിച്ചപ്പോഴേക്കും ഇവൾ എന്റെ വഴിക്ക് വന്നത്..! “
നീലുവിനെ കുറിച്ചുള്ള ആർക്കുമറിയാത്ത രഹസ്യങ്ങൾ , അവന്റെ നാവിലൂടെ കേട്ടതിന്റെ ഷോക്കിലായിരുന്നു എല്ലാവരും..
അവൻ പിന്നേയും പറഞ്ഞു
“നീ ചോദിച്ചില്ലേ ഇതുകൊണ്ട് ഞാനെന്തു നേടിയെന്ന്..പലപ്പോഴായി പതിനായിരങ്ങളാണ് സ്വന്തം എക്കൗണ്ടിൽ നിന്നും ഇവളെനിക്കു തന്നിട്ടുള്ളത്..സംശയമുണ്ടേൽ ചോദിച്ചു നോക്ക്..ലാഭമില്ലാത്ത ഒരു ബിസിനസിനും ഈ രാഹുലിനെ കിട്ടില്ല..”
എന്റെ രക്തം തിളച്ചു പൊങ്ങി..
കാലിൽ കിടന്ന ചെരിപ്പൂരി അവന്റെ കരണം നോക്കി ഒന്നു പൊട്ടിക്കാതിരിക്കാൻ കഴിഞ്ഞില്ല…!
തിരിഞ്ഞു ഞാൻ നീലുവിനെ നോക്കി..
ചലനമറ്റ പ്രതിമ കണക്കേ നിൽക്കുകയായിരുന്നു നീലു…!
കണ്ണുകൾ ചുവന്ന്.,കവിളിലൂടെ രക്തത്തുള്ളികൾ ഒലിച്ചിറങ്ങി..!
“നീലു..” ഞാൻ വിളിച്ചെങ്കിലും അവളനങ്ങിയില്ല..!
“നമുക്ക് പോകാം..” ഞാനവളുടെ കൈ പിടിച്ചപ്പോൾ അവളത് തട്ടി മാറ്റി
എല്ലാവരും നോക്കി നിൽക്കേ..ഉറക്കെ അലറി വിളിച്ചുകൊണ്ടവൾ ക്യാംപസിന്റെ സ്റ്റെയർകേസ് ഓടിക്കയറി..
ഒരുനിമിഷം..!
എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലായില്ല
എങ്കിലും..അവൾക്കു പിറകെ ഞാനും ഓടി..
“നീലു ..”
ഞാനുറക്കെ വിളിക്കുന്നുണ്ടെങ്കിലും എനിക്കു പിടി തരാതെ അവളോടിക്കയറിയത് ക്യാംപസിന്റെ മൂന്നാം നിലയിലേക്കായിരുന്നു…!!
താഴേക്കു ചാടാനായി അവൾ, കാൽ മുൻപോട്ടു വച്ചതും..പിറകെയെത്തിയ എന്റെ കൈകളവളെ പിന്നിലേക്ക് വലിച്ചിട്ടു..
ഒരു സെക്കന്റ് വൈകിയിരുന്നെങ്കിൽ..എന്റെ നീലു..!
സേറയത് പറയുമ്പോൾ , നിറഞ്ഞു തൂവിയ അവളുടെ കണ്ണുകളിൽ ഭയത്തിന്റെ നെരിപ്പോട് നിഴലിച്ചിരുന്നു..
പിന്നീടുള്ള ദിനങ്ങൾ ആശുപത്രിയുടെ മനം മടുപ്പിക്കുന്ന ഗന്ധം ശ്വസിച്ചായിരുന്നു..
ആരോരും സഹായത്തിനില്ലാതെ..
മനസ്സിന്റെ താളം തെറ്റിയ നീലുവും, അവൾക്ക് താങ്ങായി ഞാനും മാത്രം..!
ബെറ്റർ ട്രീറ്റ്മെന്റിനു വേണ്ടി, അന്ന് നീലുവിനെ ചികിത്സിച്ച ഡോക്ടർ റോയിയാണ് ,ഡോ: കൃഷ്ണ മൂർത്തിയെ സജസ്റ്റ് ചെയ്തത്..
ഇത്രയും ദൂരം ഒറ്റയ്ക്ക്..
അതും രണ്ടു പെൺകുട്ടികൾ..!
എന്റെ വീട്ടുകാർ എതിർപ്പു പ്രകടിപ്പിച്ചു.
പക്ഷേ..,
അവളെ തനിച്ചാക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല..
ഒരു മുഴുത്ത ഭ്രാന്തിയായി ,ഏതെങ്കിലുമൊരു മെന്റൽ ഹോസ്പിറ്റലിലെ ഇരുട്ട് മൂടിയ സെല്ലിൽ അവളുടെ ജീവിതം ഹോമിക്കപ്പെടുന്നത് എനിക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു..
എന്റെ വീട്ടുകാരുടെ പാതി സമ്മതവും വാങ്ങി ഞാനുമവളും ഈ നഗരത്തിന്റെ അതിഥികളായി ഇവിടേക്ക് ചേക്കേറി..
മുടങ്ങിപ്പോയ എക്സാമും..
തുടർ പഠനവും..
ജോലി സമ്പാദനവും..
കുറച്ചു സമയമെടുത്തു എല്ലാം പഴയതു പോലെ ആയിത്തീരാൻ..”
സേറ ദീർഘമായൊന്ന് നിശ്വസിച്ചു..
“നീലുവിന്റെ കഥകളോടൊപ്പം അവളുടെ ജീവിതവും ശാന്തമായിത്തന്നെ ഒഴുകിക്കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങൾക്കിടയിലേക്ക് മറ്റൊരു വില്ലനായി അരവിന്ദ് മേനോനെന്ന നിങ്ങൾ കടന്നുവന്നത്..”
“അപ്പോൾ ഒരു വില്ലന്റെ പരിവേഷമാണ് സേറയെനിക്ക് നൽകുന്നത്..അല്ലേ ? “
അരവിന്ദ് ഒരു പുഞ്ചിരി കടമെടുത്തു കൊണ്ട് ചോദിച്ചു.
“നിങ്ങൾക്ക് വേറെന്തു റോൾ നൽകണമെന്നെനിക്കറിയില്ല അരവിന്ദ്..
അവളുടെ മനസ്സിലേക്ക് നിങ്ങൾ പണിത സ്നേഹത്തിന്റെ നൂൽപാലത്തിന് ഏതു ബന്ധത്തിന്റെ അടിത്തറയാണുള്ളതെന്നും എനിക്കറിയില്ല..! “
സേറയുടെ വാക്കുകൾക്കൊരു മറുവാക്കു പറയാൻ അരവിന്ദിന് അല്പം സമയം വേണ്ടിവന്നു..
“സത്യത്തിൽ എല്ലാവരുടെ ജീവിതത്തിനു പിന്നിലും ചില കഥകളുണ്ടായിരിക്കും..
എല്ലാ കഥകൾക്കു പിന്നിലും ചില ജീവിതങ്ങളും. .അല്ലേ സേറാ..”
“സാഹത്യത്തിന്റെ ഭാഷ നീലുവിനേ വശമുള്ളൂ..വെറുമൊരു കേൾവിക്കാരിയാവാനേ എനിക്കു കഴിയൂ..”
ഇരുവർക്കുമിടയിൽ ഒരു ചെറുപുഞ്ചിരി പതുക്കെ മൊട്ടിട്ടു..
“സത്യത്തിൽ..എന്നെ ‘നീലുവിന്റെ കഥകളുടെ’ വായനക്കാരനാക്കിയത് പ്രിയയാണ്..
എന്റെ ഭാര്യ..!
വായിച്ചു തുടങ്ങിയ അന്നുതൊട്ടവൾ പറയുന്നതാണ് ‘ രവ്യേട്ടാ..ഈ കുട്ടിയുടെ കഥകൾക്ക് വല്ലാത്തൊരു ഫീലുണ്ട്..ഏട്ടനിതൊന്നു വായിച്ചു നോക്കൂ..’ അവളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ നീലുവിന്റെ കഥകളെ അറിഞ്ഞു തുടങ്ങിയത്..
പ്രിയ പറഞ്ഞത് എത്ര സത്യമാണ്..!
അവളുടെ ഓരോ വരിയും കൂരമ്പു പോലെ മനസ്സിലേക്ക് തറഞ്ഞു കയറുന്നു..
വായിക്കുന്ന ഓരോ വരിയിലും വിഷാദത്തിന്റെ ഉപ്പുരസം..
ആ രസത്തെ ഞാനും നുണഞ്ഞു തുടങ്ങിയപ്പോഴാണ് നീലു എന്ന വ്യക്തിയെ ഞാനറിയാതെ തന്നെ മനസ്സിലാക്കി തുടങ്ങിയത്..ഇത് കേവലം വായനക്കാരനെ പിടിച്ചിരുത്താനുള്ള വെറും കഥകളല്ല..കഥകൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന അവളുടെ ജീവിതം തന്നെയാണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു..
തൂലിക കൊണ്ടല്ല അവളെഴുതിയിരുന്നത് മറിച്ച്, അവളുടെ ഹൃദയം കൊണ്ടായിരുന്നെന്ന യാഥാർത്ഥ്യത്തെ അവളിൽ നിന്നു തന്നെ കവർന്നെടുക്കാനുള്ള ശ്രമങ്ങളാണ് പിന്നീടു നടന്നതെല്ലാം..”
അരവിന്ദ് തന്റെ വാക്കുകൾക്ക് ഒരിടവേള നൽകി ക്കൊണ്ട് അവളെ നോക്കി
“ഇത് കേട്ടാൽ ചിലപ്പോൾ താൻ ചോദിക്കും ‘തനിക്ക് അവളെക്കുറിച്ച് അറിഞ്ഞിട്ടു എന്തു കാര്യമെന്ന്..മറ്റൊരാളുടെ വിഷമങ്ങൾ നമുക്ക് കൂടുതലായി ഫീൽ ചെയ്യുന്നത് എപ്പോഴാണെന്നറിയാമോ സേറക്ക്..?
നമുക്കും ആ വഴിയിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോൾ..!
അവൾക്കു മുൻപേ..
ഞാനും ആ വഴികളിലൂടെ സഞ്ചരിച്ചവനാണ്..
അന്ന്..നെഞ്ചിൽ തറച്ച മുള്ളും, മുറിവേറ്റ മനസ്സും പിടച്ചിലടങ്ങാത്ത എന്റെ ചങ്കും…
കാണാനും..കേൾക്കാനും..അറിയാനും..
ആരുമില്ലാത്തവന്റെ നോവ്..
അതനുഭവിച്ചവൻ ഒരിക്കലും മറ്റൊരാൾ തനിച്ചാവാൻ ആഗ്രഹിക്കില്ല..!
ഒറ്റപ്പെടാൻ സമ്മതിക്കില്ല..! “
അരവിന്ദിന്റെയുള്ളിൽ നീലു ഒരു കനലായി മാറിയതിനു ശക്തമായ ഒരു കാരണമുണ്ടെന്ന് സേറക്കു തോന്നി..
എന്തായിരിക്കും..?
അവൾ ചിന്തകളെ കൂട്ടുപിടിച്ചപ്പോൾ , അരവിന്ദ് തന്നെക്കുറിച്ച് പറഞ്ഞു തുടങ്ങി..
“സ്നേഹത്തിന്റെ സമ്പന്നതിയിലേക്ക് ജനിച്ചു വീണവനാണു ഞാൻ..
പക്ഷേ..
ആ സ്നേഹം ആവോളം നുകരാൻ വിധിയെന്നെ അനുവദിച്ചില്ലെന്നു മാത്രം..!
നാട്ടിലെത്തന്നെ ഒരു കൺസ്ട്രക്ഷൻസ് കമ്പനിയിലെ ജോലിക്കാരനായിരുന്നു എന്റെ അച്ഛൻ..അമ്മ സാധാരണ ഒരു വീട്ടമ്മയും..എന്റെ ഓർമ്മ വച്ച നാൾ മുതൽ അച്ഛനുമമ്മയും പരസ്പരം കലഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല..അത്രക്ക് സ്നേഹവും ബഹുമാനവുമായിരുന്നു അവർ തമ്മിൽ..അങ്ങനെയിരിക്കെ..നാട്ടുകാരിൽ പലരും അമ്മയോട് ചിലത് രഹസ്യമായും പരസ്യമായും പറയാൻ തുടങ്ങി ‘നിന്റെ ഭർത്താവും കമ്പനി ഉടമയുടെ മോളും തമ്മിൽ നല്ലതല്ലാത്ത ചില ബന്ധമുണ്ടെന്ന്.. ‘
അമ്മയെ ഒരുപാട് വിഷമിപ്പിക്കുന്ന വാക്കുകളായിരുന്നെങ്കിലും..,അച്ഛനിൽ വിശ്വാസമർപ്പിച്ച അമ്മ അതിനെ കാര്യമായി എടുത്തില്ല..അച്ഛനോട് ചോദിച്ചതുമില്ല..
ദിവസങ്ങൾ കടന്നു പോയി..
കർക്കിടകത്തിലെ മഴ തിമിർത്തു പെയ്യുന്നൊരു ദിവസം..
എനിക്കു ചുട്ടു പൊള്ളുന്ന പനി..!
അച്ഛൻ ജോലി കഴിഞ്ഞ് എത്തിയിട്ടില്ല..
പനിയുടെ ശക്തി കൂടിക്കൂടി വന്നു..
ഞാൻ കിടുകിടെ വിറക്കൊണ്ടു..!
കമ്പനിയിലെ ടെലഫോണിലേക്ക് വിളിച്ചു കിട്ടാത്തതിനാൽ, അമ്മ എന്നേയും കൊണ്ട് അച്ഛനടുത്തേക്കു പോയി..എന്നെ ഓട്ടോയിലിരുത്തി ,കമ്പനിക്കകത്തേക്കു കയറിപ്പോയ അമ്മ തിരിച്ചു വന്നത് മരവിച്ച അവസ്ഥയിലായിരുന്നു..എന്നെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി തിരികെയെത്തുന്നതു വരെ അമ്മ , എന്നെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു കരയുകയായിരുന്നു..എന്റെ വയ്യായ്കയാണ് അമ്മയെ കരയിപ്പിച്ചത് ‘ എന്ന പത്തു വയസ്സുകാരന്റെ ചിന്തക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല..അന്ന് വൈകീട്ട് അച്ഛൻ വന്നപ്പോൾ പതിവിനു വിപരീതമായി പലതും സംഭവിച്ചു..അടച്ചിട്ട മുറിക്കകത്തു നിന്ന് അമ്മയുടെ കരച്ചിലും അച്ഛന്റെ ഉറക്കെയുള്ള സംസാരവും ഉയര്‍ന്നു കേട്ടു..
മുറിക്കു പുറത്ത് ഭയചകിതനായി നിന്ന എന്റെ മുന്നിലൂടെ ,വാതിൽ തുറന്ന് അച്ഛൻ ഇറങ്ങിപ്പോയി..
സ്തബ്ധനായി നിന്ന എന്നെ കെട്ടപ്പിടിച്ച് അമ്മ ഒരുപാട് കരഞ്ഞു..
ഏറെ വൈകിയിട്ടും അച്ഛനെത്തിയില്ല..!
അമ്മയോടു ചോദിച്ചപ്പോൾ കണ്ണീരു തന്നെയായിരുന്നു മറുപടി.
പിന്നീടുള്ള ദിവസങ്ങളിലൊന്നും ഞാനച്ഛനെ കണ്ടില്ല..!
“ഞങ്ങൾ പറഞ്ഞപ്പോ വിശ്വസിച്ചില്ല..ഇപ്പൊ ന്തായി നേരിട്ട് കണ്ടപ്പോ..”
അയലത്തെ പെണ്ണുങ്ങൾ അമ്മയെ കുറ്റപ്പടുത്തുന്നതു കേട്ടപ്പോഴാണ് അച്ഛൻ വരാത്തതിന്റെ കാരണം ആദ്യമായി ഞാൻ മനസ്സിലാക്കിയത്..!
അച്ഛനെ വെറുത്തു തുടങ്ങിയത്..!
അമ്മയും ഞാനും മാത്രമായി ചുരുങ്ങിയ ഞങ്ങളുടെ കുടുംബം ,അധികം വൈകാതെ എന്നിലേക്കു മാത്രമായി ചുരുങ്ങി..
അച്ഛൻ തന്നെ നൊമ്പരത്തിന്റെ ഭാരവും പേറി അമ്മയും വിടവാങ്ങി..
ജീവിതത്തിൽ പകച്ചു പോയ ആ പത്തു വയസ്സുകാരന്റെ കണ്ണീർ കണങ്ങൾ ആരും തന്നെ കണ്ടില്ല..
എന്നാലും അടിപതറിയില്ല..!
ചുവടുകൾ പിഴച്ചില്ല..!
കരുണ വറ്റാത്ത ചില മനുഷ്യർ..കാരുണ്യത്തിന്റ സഹായഹസ്തം നീട്ടി..
ബാങ്കിലെ ജോലിക്കിടയിലാണ് പ്രിയയെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും..
അതിലൂടെ പുതിയൊരു അച്ഛനുമമ്മയയും..ഒരു സഹോദരനേയും..സ്നേഹിക്കാൻ മാത്രമറിയുന്ന എന്റെ പ്രിയയേയും എനിക്കു കിട്ടി..ഞാനിന്ന് സന്തോഷവാനാണ്..ഈ ലോകത്തിലെ മറ്റാരേക്കാളും..” അരവിന്ദ് ,സേറ കാണാതിരിക്കാൻ ശ്രമിച്ചു കൊണ്ട് കണ്ണുകൾ തുടച്ചു..
“അയാം സോറി..നിങ്ങളെ കണ്ടുകണ്ടുമുട്ടുന്നതു വരെ നിങ്ങളെ ഒരു ഫ്രോഡായി മാത്രമേ സങ്കൽപ്പിച്ചിരുന്നുള്ളൂ..നീലുവുമായി അടുത്തത് നിങ്ങൾക്ക് അവളോട് മറ്റെന്തെങ്കിലും തരത്തിലുള്ള ഉദ്ദേശത്തിലാണെന്നേ കരുതിയുള്ളൂ..ഐ റിയലി സോറി..നിങ്ങൾ നല്ലൊരു മനുഷ്യനാണ്..ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യൻ..! “
അവൾ തന്റെ മുൻവിധിയെ അരവിന്ദിനു മുന്നിൽ വച്ചു തന്നെ കാറ്റിൽ പറത്തി വിട്ടു..
“അരവിന്ദിനു നീലുവിനെ കാണണ്ടേ..അവൾ മയക്കം വിട്ടു കാണും..”
“ഉം…പിന്നേ..
ഉറക്കിൽ നിന്നെഴുനേൽക്കുന്ന അവൾക്ക് ഞാനൊരു സർപ്രൈസ് ആയിരിക്കും അല്ലേ സേറാ..”
“തീർച്ചയായും..അവൾക്ക് കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ സർപ്രൈസ് അരവിന്ദ് തന്നെയായിരിക്കും..
വരൂ..”
അരവിന്ദിനൊപ്പം ആ വരാന്തയിലൂടെ നടന്നു നീങ്ങുമ്പോൾ..സേറ..അരവിന്ദിനു വില്ലനിൽ നിന്നും നായകനിലേക്കുള്ള പരിവേഷം നൽകുകയായിരുന്നു..!!
**************
ഉറക്കം കഴിഞ്ഞെഴുനേൽക്കുന്ന ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവൾ കണ്ണുകൾ പതുക്കെ തുറന്നു..
“നീലു..” അരവിന്ദ് വിളിച്ചു.
ഒരു സ്വപ്നത്തിലെന്ന പോലെ അവൾ ചുറ്റും നോക്കി..
വിശ്വാസം വരാതെ പിന്നേയും നോക്കി..
“നീലുവിന് എന്നെ മനസ്സിലായോ.? “
അവളുടെ കണ്ണുകൾ തിളങ്ങി..ചുണ്ടുകൾ വിറച്ചു..
എന്തോ പറയാനായി മനസ്സ് വെമ്പൽ കൊണ്ടു..
“അരവിന്ദ്..! ” അവൾ സ്വയം മറന്ന് വിളിച്ചു..
“ആഹാ..നീലിമ ആളങ്ങ് സ്മാർട്ടായി പോയല്ലോ..” ഡോ: മൂർത്തി റൂമിലേക്ക് വന്നു.
“ഇപ്പൊ എങ്ങനെ..മരിക്കാനൊക്കെ തോന്നുന്നുണ്ടോ.?”
“മരിക്കാനോ..! എന്തിന്..? “
അവളുടെ ചോദ്യം കേട്ട് അദ്ധേഹം ചിരിക്കുക മാത്രം ചെയ്തു..
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….