പ്രണയത്തിനപ്പുറം ~ ഭാഗം 03 ~ രചന: സിയ യൂസഫ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മുറി വിട്ടു പുറത്തുകടന്ന ഡോക്ടറെ അരവിന്ദും സേറയും അനുഗമിച്ചു.

വാട്ട് നെക്സ്റ്റ്..?

അതായിരുന്നു ഡോക്ടർക്കു മുന്നിൽ ഇരുവരുടേയും സംശയം..

“അരവിന്ദിനപ്പുറം വേറൊരു ചിന്തയും നീലുവിനിപ്പോഴില്ല..തന്റെ സ്നേഹത്തിൽ കവിഞ്ഞ് ഒരാൾക്കും അവളെ സ്നേഹിക്കാനോ മനസ്സിലാക്കാനോ കഴിയില്ലെന്ന അവളുടെ വിശ്വാസം..അത് മാറാത്തിടത്തോളം കാലം അവൾ മറ്റൊരു ലൈഫിനെ കുറിച്ച് പോലും ചിന്തിക്കാതെ തന്നെ പിന്തുടരുക തന്നെ ചെയ്യും..അതൊരിക്കലും സ്വീകാര്യമാവില്ല അരവിന്ദ്..”

സേറയുടെ ഉള്ളിൽ കുറച്ചു നാളുകളായി തികട്ടിക്കൊണ്ടിരുന്ന വാക്കുകളെ അവൾ പുറത്തേക്കു തുപ്പി..

“നീലുവിനെ ഞാൻ പരിചയപ്പെട്ട അന്നുമുതൽ ഇന്നുവരെ ഒരു വാക്കുകൊണ്ടു പോലും അവളോടെനിക്കുള്ള സ്നേഹത്തെ മറ്റൊരർത്ഥത്തിൽ അളന്നെടുക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല..

തളരുന്നു എന്ന് തോന്നിയപ്പോൾ ഒരു താങ്ങാവണമെന്നു തോന്നി..

സങ്കടപ്പെടുന്നു എന്നു തോന്നിയപ്പോൾ ഒന്നു സന്തോഷിപ്പിക്കണമെന്നു തോന്നി..

ഉള്ളു പിടയുന്നുണ്ടെന്ന് തോന്നിയപ്പോൾ ഒന്നാശ്വസിപ്പിക്കണമെന്നു തോന്നി..

അതിനപ്പുറം..

അവളിൽ നിന്നും അരുതാത്തതായി ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല..

താൻ മുമ്പ് ചോദിച്ചില്ലേ ഏതു ബന്ധത്തിന്റെ അടിത്തറയാണ് ഞങ്ങൾക്കിടയിലുള്ളതെന്ന്.?

സ്നേഹം…!!

ഒരേ സമയം നമ്മുടെ മനസ്സിനെ പൊള്ളിക്കാനും , തണുപ്പിക്കാനും കഴിയുന്ന ആ സ്നേഹത്തെയല്ലാതെ മറ്റെന്തിനെയാണ് ഞാൻ അടിത്തറയായി കാണേണ്ടത് സേറാ..

എന്നെപ്പോലെ തന്നെ നെഞ്ചിൽ ചൂടും ചങ്കിൽ ചോരയുമുള്ള ദൈവത്തിന്റെ മറ്റൊരു സൃഷ്ടിയാണ് അവളുമെന്ന് കരുതി, അകറ്റി നിർത്താതെ ചേർത്തു പിടിക്കാൻ ശ്രമിച്ചു..അതൊരു തെറ്റായിപ്പോയെന്ന് ഈ നിമിഷം വരെ എനിക്ക് തോന്നിയിട്ടുമില്ല..

അകലം പാലിക്കേണ്ടിടത്ത് അത് പാലിക്കാൻ ശ്രമിച്ചിട്ടുമുണ്ട്

എങ്കിലും..

ഉദാത്തമായ എന്റെ സ്നേഹം അതിന്റെ പരിപൂർണ്ണതയോടെ അവളിലേക്കെത്തിക്കാൻ..ചിലപ്പോഴെങ്കിലും തോന്നാറുണ്ട് അടുത്ത ജന്മത്തിലെങ്കിലും അവളെന്റെ കൂടപ്പിറപ്പായി..കുഞ്ഞു പെങ്ങളായി പിറന്നെങ്കിലെന്ന്..! “

ഇടറിവീണ അയാളുടെ വാക്കുകൾക്ക് മുന്നിൽ ഒരപരാധിയെപ്പോലെ സേറ നിന്നു..

ഇത്രയേറെ നന്മ മനസ്സിൽ സൂക്ഷിക്കുന്ന അരവിന്ദിനേക്കാൾ എത്രയോ ചെറുതാണ് ഈ ലോകവും താനുമെല്ലാം എന്നവൾക്കു തോന്നി..

എല്ലാം കേട്ടുകൊണ്ടു നിന്ന ഡോക്ടർ അരവിന്ദിന്റെ പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു

“ഗുഡ്..നന്മയുടെ ഉറവ വറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ തന്നെപ്പോലെ സ്നേഹത്തിന് മൂല്യം നൽകുന്ന മനുഷ്യരും ഉണ്ട് എന്നറിയുന്നതിൽ വളരെ സന്തോഷവും അഭിമാനവുമുണ്ട് മിസ്റ്റർ അരവിന്ദ്..താൻ വലിയൊരു ശരിയാണ്..തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നവർക്കിടയിലെ വലിയൊരു ശരി..!

എങ്കിലും..

നീലു..അവൾ തന്നെ സ്നേഹിക്കുന്നത്..ആഗ്രഹിക്കുന്നത്..മറ്റൊരർത്ഥത്തിലാണെങ്കിൽ അതിനെ വേരോടെ പിഴുതെറിയേണ്ടത് തന്റെ ഉത്തരവാദിത്വമാണ്..അരവിന്ദിനു മാത്രമേ അതിനു കഴിയൂ..”

ഡോക്ടറുടെ വാക്കുകളെ അതിന്റെ പ്രാധാന്യത്തോടെ തന്നെ ഉൾകൊള്ളാൻ അരവിന്ദിനു കഴിഞ്ഞു..അയാൾ ഉറച്ച കാൽവെപ്പോടെ അവർക്കഭിമുഖമായി നിന്നു..

“കഴിയും..എനിക്കതിനു കഴിയും ഡോക്ടർ..

നിങ്ങളവളെ എനിക്കു വിട്ടു തരികയാണെങ്കിൽ..

അവളെ പഴയ നീലുവായിത്തന്നെ തിരിച്ചേൽപ്പിക്കാൻ എനിക്കു കഴിയും..
എനിക്കുറപ്പുണ്ട്..!

ഞാൻ മാത്രമല്ല,ഒരു വീടു മുഴുവൻ അവൾക്കായി കാത്തിരിക്കുകയാണ്..കൊണ്ടു പൊയ്ക്കോട്ടെ ഞാനവളെ..! “

അരവിന്ദിന്റെ യാചനക്കു മുന്നിൽ മുഖം തിരിക്കാനാവാതെ സേറ ഡോക്ടറുടെ മുഖത്തേക്കു നോക്കി..താനും അതാണ് ആഗ്രഹിക്കുന്നതെന്ന് അദ്ധേഹവും പറയാതെ പറയുകയായിരുന്നു..

******************

സൈഡ് ഗ്ലാസ് താഴ്ത്തി പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു നീലു..പിന്നിട്ടു കൊണ്ടിരുന്ന ഓരോ കാഴ്ചകളും പുതിയൊരു അനുഭൂതിയായി അവൾക്കു തോന്നി..

“നമ്മളെവിടേക്കാണ് പോകുന്നതെന്നു മാത്രം ഇപ്പോഴും പറഞ്ഞില്ല..” അവൾ അരവിന്ദിനെ നോക്കി.

ഡോക്ടറുടെ നിർദേശമനുസരിച്ച് യാത്രയുടെ ഉദ്ദേശം നീലുവിൽ നിന്നും മറച്ചിരുന്നു..

“ഈ കാത്തിരിപ്പിനും ഒരു സുഖമില്ലേ നീലു..”

ശരിയാണ്..ഓരോ കാത്തിരിപ്പും ഓരോ സുഖമുള്ള അനുഭവങ്ങളാണ്..!

“തനിക്കെന്തെങ്കിലും കുടിക്കണോ.? “ഇടക്കു വച്ച് അരവിന്ദിന്റെ ചോദ്യം അവളെ നിദ്രയിൽ നിന്നുണർത്തി..

“സോറി..ക്ഷീണം കാരണം ചെറുതായൊന്ന് ഉറങ്ങിപ്പോയി..”

ഇരുവരും കാറിൽ നിന്നിറങ്ങി..

സുഖമുള്ളൊരു തണുത്ത കാറ്റ് അവളെ തഴുകിക്കൊണ്ട് കടന്നു പോയി..

വഴിയോരത്തെ തിരക്കു കുറഞ്ഞ തട്ടുകടയിൽ നിന്നും ചൂടു പഴംപൊരിയുടെ മണം..

“ഉം..കഴിക്ക്..തന്റെ ഫേവറേറ്റല്ലേ..”

കട്ടനൊപ്പം പഴംപൊരി ഒരു കടലാസു തുണ്ടിൽ പൊതിഞ്ഞെടുത്ത് അവൾക്കു നൽകുമ്പോൾ അരവിന്ദ് പറഞ്ഞു.

ഇടക്കെപ്പഴോ പറഞ്ഞതാണ് ഈ പഴംപൊരി പ്രേമം..അതുപോലും അരവിന്ദ് ഓർത്തു വച്ചിരിക്കുന്നു..!

പിന്നേയും യാത്ര തുടര്‍ന്നു..

ചുറ്റിലും ഇരുട്ട് പരന്നു തുടങ്ങിയിരുന്നു..

അരവിന്ദിന്റെ ഫോൺ നിർത്താതെ റിംഗ് ചെയ്യുന്നുണ്ട്..

“എടുക്കുന്നില്ലേ..”

“വേണ്ട..അതിന്റെ ആവശ്യമില്ല..”

ഒരു വളവ് തിരിഞ്ഞ ശേഷം അവരുടെ കാർ ആ വലിയ മതിൽക്കെട്ടിനകത്തേക്ക് കടന്നു.

നീലുവിനൊരല്പം പരിഭ്രമം തോന്നാതിരുന്നില്ല..

“ഇറങ്ങ്..” ഡോർ തുറന്നു കൊടുത്ത അരവിന്ദിനെ അവൾ സംശയത്തോടെ നോക്കി..

“ഇത്…ഇതെവിടാ അരവിന്ദ് ? “

അയാൾ ചിരിച്ചു..

“താൻ പേടിക്കണ്ട..ലോകത്ത് എവിടെപ്പോയാലും ,നാം സേഫായ ഒരിടമുണ്ടെങ്കിൽ..അവിടെയാണ് താനിപ്പോൾ..നമ്മുടെ വീട്ടിൽ..”

വീട്..!

നമ്മുടെ വീട്..!

അവൾ അരവിന്ദിനെ നിറകണ്ണുകളോടെ നോക്കി..

അപ്പോഴേക്കും ഒരു കുടുംബം മുഴുവനും അവളെ വരവേൽക്കാനായി മുറ്റത്തേക്കിറങ്ങിയിരുന്നു..

അക്ഷരാർത്ഥത്തിൽ താനൊരു സ്വർഗ്ഗത്തിലാണ് എത്തിയിരിക്കുന്നതെന്ന് നീലുവിനു തോന്നി

അച്ഛനുമമ്മയും പ്രിയയും അരവിന്ദുമെല്ലാം അവളെ സ്വന്തം വീട്ടിലെ കുട്ടിയായിത്തന്നെ കണ്ടു..

അത്താഴം കഴിഞ്ഞു കിടക്കാൻ നേരം അവൾ സേറയെ കുറിച്ചോർത്തു.

‘പാവം..! ഒറ്റപ്പെട്ടുകാണും അവളവിടെ..’

അവൾ ഫോണെടുത്ത് സേറയെ വിളിച്ചു

“നീലു..”

ആ വിളിക്കൊപ്പം അവളുടെ മിഴിയിൽ നിന്നുതിർന്ന നീർകണങ്ങളും നീലുവിന്റെ ഹൃദയത്തിലേക്കൊഴുകിയെത്തി..

“അവസാനം ഞാൻ നിന്നെ തനിച്ചാക്കി അല്ലേടാ..” നീലുവിനും സ്വയം നിയന്ത്രിക്കാനായില്ല..

ഒരുപാട് നേരത്തെ മൗനം കൊണ്ട് അവർ പലതും പറഞ്ഞു..

‘നഷ്ടപ്പെടലുകൾക്കു മാത്രമേ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിത്തരാനാകൂ ‘ എന്ന നീലുവിന്റെ വചനങ്ങളെ സേറ അന്നാദ്യമായി തിരിച്ചറിയുകയായിരുന്നു..

‘സേറയുടെ സ്നേഹത്തിന് പകരം വെക്കാൻ സേറക്കു മാത്രമേ കഴിയൂ ‘ എന്ന് അവളുടെ ആത്മാവിൽ തൊട്ടറിയുകയായിരുന്നു നീലുവും..

******************

“മാമ്പഴ പുളിശ്ശേരിക്ക് വളരെ നല്ലതാ ഈ മാങ്ങ..മോള് മുമ്പ് കഴിച്ചിട്ടുണ്ടോ.? “പ്രിയടെ അച്ഛൻ ശ്രീധരൻ നായർ , തൊടിയിലൂടെ നടന്നു കൊണ്ട് നീലുവിനോട് ചോദിച്ചു.

“ഇല്ല..”

“എന്നാല് അമ്മോട് പറഞ്ഞ് നമുക്കത് ണ്ടാക്കിക്കാം..സൂക്ഷിച്ചു നടക്ക്ട്ടോ മോളേ..എഴ ജന്തുക്കള് കാണും എവടേലും..”

ഒരച്ഛന്റെ വാത്സല്യവും കരുതലും അന്നാദ്യമായി അവൾ അറിയുകയായിരുന്നു..

“അച്ഛനും മോളും കൂടി മാങ്ങയറുക്കാൻ ഇറങ്ങീതാ..”

അരവിന്ദാണ്..

“തനിക്ക് ഇവിടൊക്കെ ഇഷ്ടായോ..”

പിന്നാലെ പ്രിയയുമുണ്ട്..

“ഉം. ..ഇവിടെ ആർക്കാ ഇഷ്ടാവാതിരിക്യാ..ശരിക്കും ഇതൊരു സ്വർഗ്ഗമാണ്..ആരും എത്തിപ്പെടാൻ ആഗ്രഹിക്കുന്ന സ്വർഗ്ഗം..” നീലു ചുറ്റിലും കണ്ണോടിച്ചു കൊണ്ട് വാചാലയായി..

“ഒരു കഥയെഴുതാനുള്ള മൂഡുണ്ടെന്നു തോന്നുന്നല്ലോ..” അരവിന്ദ് ചിരിച്ചു

“എഴുതണം..ഇപ്പോഴല്ല പിന്നീട്..ഈ വീടും വീട്ടുകാരും എല്ലാവരും എന്റെ കഥയിലെ കഥാപാത്രങ്ങളായി മാറും..സ്നേഹത്തിന്റെ പര്യായങ്ങളായ കഥാപാത്രങ്ങൾ..! “

“എങ്കിൽ ഞാനൊന്നു ചോദിക്കട്ടെ..

ഈ കഥയിൽ ,നീലു എനിക്കു നൽകുന്ന റോളെന്തായിരിക്കും.? “

അരവിന്ദിന്റെ പെട്ടന്നുള്ള ചോദ്യത്തിൽ എന്തു പറയണമെന്ന് അവൾക്കറിയില്ലായിരുന്നു

എങ്കിലും..ഒന്നവൾക്കു മനസ്സിലായി..

ഈ ചോദ്യം വെറുമൊരു ചോദ്യമല്ല..

ഒരു വിശദീകരണം നൽകലാണ്..!

അരവിന്ദിനു മേൽ താൻ സ്ഥാപിക്കാൻ ശ്രമിക്കുന്ന സ്നേഹത്തിനുള്ള വിശദീകരണം..!!

ഉച്ചയൂണ് കഴിഞ്ഞൊന്ന് വായിക്കാനിരുന്നപ്പോഴാണ് മുറ്റത്തൊരു ബുള്ളറ്റ് വന്നുനിന്നത്. .

“ന്റെ കണ്ണാ നിനക്കീ വെയിലൊന്ന് ആറീട്ടു വന്നൂടാർന്നോ..”

അമ്മയോടൊപ്പം നീലുവും പൂമുഖത്തെത്തി..

ചൂണ്ടു വിരലിൽ കീയിട്ടു കറക്കിക്കൊണ്ട് അകത്തേക്കു കയറിയ കണ്ണൻ പൊടുന്നനെ സ്റ്റക്കായി..

അവൻ നീലുവിനെ നോക്കി

“ഇതാരാമ്മേ പുതിയൊരാള് ..”

“നിനക്കറിയില്ലേ ഈ കുട്ടിയെ.?നിന്നെ അന്വേഷിച്ചു വന്നതാ..” അകത്തു നിന്നു കടന്നു വന്ന അരവിന്ദ് നീലുവിനെ നോക്കി കണ്ണിറുക്കി..

നീലു തലതാഴ്ത്തി നിന്നു..!

“എന്നെ അന്വേഷിച്ചോ..!അതിനു എനിക്കീ കുട്ടിയെ മുമ്പ് പരിചയമില്ലല്ലോ..” കണ്ണൻ ചെറുതായൊന്ന് പേടിച്ചപോലെ..

അതുകണ്ട എല്ലാവരും പൊട്ടിച്ചിരിച്ചപ്പോഴാണ് താനൊരു കളിയാക്കലിനു ഇരയായ സത്യം അവനറിഞ്ഞത്..!

“നീലുവിന് ഇദ്ദേഹത്തെ മനസ്സിലായോ. ?ഇതാണ് സാക്ഷാൽ കർണ്ണൻ എന്ന ഞങ്ങളുടെ കണ്ണൻ..!എന്റെ സ്വന്തം അളിയൻ..!ബാംഗ്ലൂരിൽ ഡിസൈനറായി ജോലി ചെയ്യുന്നു..”കണ്ണനെ ചേര്‍ത്തു നിറുത്തിക്കൊണ്ട് അരവിന്ദ് പറഞ്ഞു..

കണ്ണന് ഊണ് വിളമ്പിക്കൊടുക്കുന്നതിനിടെ അമ്മ നീലുവിനെ കുറിച്ച് പറഞ്ഞു..

‘പാവം..!’ അവൻ മനസ്സിലോർത്തു..

“രവ്യേട്ടാ..ഏട്ടനെ കാണാനാരോ വന്നിട്ടുണ്ട് ” ഉറങ്ങുകയായിരുന്ന അരവിന്ദിനെ പ്രിയ തട്ടി വിളിച്ചു..

എഴുനേറ്റു വരുമ്പോൾ അപരിചിതൻ അച്ഛനുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്..

തലമുടിയും താടിയും നരച്ച് അല്പം പ്രായം ചെന്ന ആ മനുഷ്യനെ അരവിന്ദിന് മുൻപരിചയം തോന്നിയില്ല ..

“ആരാ..എനിക്കു മനസ്സിലായില്ല? “

“ഞാൻ കുറച്ചു തെക്ക്ന്നാ..” അയാൾ പോക്കറ്റിൽ കരുതിയ പേഴ്സ് അരവിന്ദിനു നേരെ നീട്ടി

“ഇത്..കഴിഞ്ഞ ദിവസം ഒരു തട്ടുക്കടയ്ക്കു മുന്നീന്നു കിട്ടീതാ..അഡ്രസ് നോക്കിയാ വീട് കണ്ടുപിടിച്ചേ..”

ആ സമയം മാത്രമാണ് തന്റെ പേഴ്സ് നഷ്ടപ്പെട്ട വിവരം അരവിന്ദ് അറിയുന്നത്..

“ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം..അതിലെ മൊബൈൽ നമ്പറിൽ വിളിച്ചാൽ മതിയായിരുന്നു.ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ..”

“സാരല്യ..അതോണ്ട് ആളെ നേരിട്ടൊന്ന് കാണാൻ കഴിഞ്ഞൂലോ..പൈസ ഒക്കെ ഇല്യേന്ന് തിട്ടപ്പെടുത്തിക്കോളൂ..ഞാനെറങ്ങാണ്..”

“എന്തെങ്കിലും കുടിച്ചിട്ട്…”

“ഒന്നും വേണ്ട..മധുരം പാടില്യ ഷുഗറിന്റെ പ്രശ്നണ്ടേ..” ആ മനുഷ്യൻ ഇറങ്ങാനൊരുങ്ങി..

അരവിന്ദ് പേഴ്സ് തുറന്നു നോക്കി..

അമ്മയുടെ പഴയൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ..അവനെ നോക്കി പുഞ്ചിരിച്ചു..

“ഓഹ്. ..ചോദിക്കാൻ വിട്ടുപോയി നിങ്ങളുടെ പേര്….? “

പോകാനായി മുറ്റത്തേക്കിറങ്ങിയ അയാൾ അരവിന്ദിന്റെ ചോദ്യം കേട്ട് ഒന്നു തിരിഞ്ഞു നിന്നു..

“യതീന്ദ്രൻ…! “

അയാൾ മുന്നോട്ടു നടന്നു

ഒരുനിമിഷം…

ആ മനുഷ്യൻ, അരവിന്ദിന്റെ ഓർമ്മകളെ പഴയ പത്തു വയസ്സുകാരനിലേക്കെത്തിച്ചു..അരവിന്ദ് അയാളെ തിരിച്ചറിഞ്ഞു

അച്ഛൻ…!!

അരവിന്ദ് അമ്മയുടെ ചിരിച്ച മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് നിന്നു..

“ഈ രവ്യേട്ടന്റൊരു കാര്യം..ഈ നേരം വരെ പേഴ്സ് നഷ്ടപ്പെട്ട വിവരം കൂടി അറിഞ്ഞിട്ടില്യ..ഇങ്ങനെയുണ്ടോ ഒരു മറവി..”പ്രിയ പറയുന്നതൊന്നും അരവിന്ദ് കേട്ടിരുന്നില്ല..അയാളുടെ മനസ്സു മുഴുവൻ ആ അപരിചിതനായ മനുഷ്യനിലായിരുന്നു..

‘സത്യത്തിൽ അത് അച്ഛൻ തന്നെയാണോ..?’

‘ആണെങ്കിൽ അച്ഛനെന്നെ തിരിച്ചറിഞ്ഞു കാണുമോ…?

ഒരുപാട് ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം കിട്ടാതെ അരവിന്ദ് പകച്ചു നിന്നു..!

മുറ്റത്തെ ചുവന്ന പനിനീർ പൂവിനെ ഇമവെട്ടാതെ നോക്കി നിൽക്കുകയായിരുന്നു നീലു..

“ആരെയോ വല്ലാതെ മിസ് ചെയ്യുന്നുണ്ടല്ലോ താൻ..”

ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ണനാണ്

“ആരു പറഞ്ഞു.? “

“ദേ..ഈ കണ്ണുകൾ..! “

അവന്റെ കണ്ണുകൾ അവളിലേക്കു ഗാഢമായി പതിച്ചപ്പോൾ , നീലു പെട്ടെന്ന് മുഖം തിരിച്ചു..

“ശരിയാണ്..തമ്മിൽ കണ്ടുമുട്ടിയിട്ടിന്നോളം തമ്മിൽ പിരിഞ്ഞു നിന്നിട്ടില്ല ഞാനെന്റെ സേറയെ..എന്നെ തനിച്ചാക്കിയിട്ടില്ല അവൾ..ഇപ്പോൾ ഞാനിവിടേയും.. അവളവിടേയും..”

“ലൈഫ് അങ്ങനാടോ..നാം വിചാരിക്കുന്നിടത്തൊന്നും അങ്ങേര് ബ്രേക്ക് ചവിട്ടില്ല..ഇപ്പൊ എന്റെ കാര്യം തന്നെ നോക്ക്..കുറച്ചു മുമ്പ് വരെ അമ്മേടെ സാരിത്തുമ്പ് വിടാതെ നടന്ന ആളാ..പുറത്ത് പോയിട്ടുള്ള ഒരു പഠിപ്പിനും ജോലിക്കും ഞാനില്ലാന്ന് പറഞ്ഞതാ..എന്നിട്ടും , ഇവിടെക്കിടന്ന് ക്ലാവ് പിടിച്ച് പോയാലോന്ന് കരുതി ഉന്തിത്തള്ളി വിട്ടതാ എന്നെ..!പിടിച്ചു നിൽക്കാൻ പറ്റാതെ ഊരിപ്പോരാൻ നോക്കി പലവട്ടം..വിട്ടില്ല..!ഒരു ആണൊരുത്തൻ ‘ അമ്മേ കാണണംന്ന് ‘ പറഞ്ഞോണ്ട് കരയാൻ പറ്റ്വോ..?ഇപ്പഴും ടൈം കിട്ടുമ്പോ ഓടിയിങ്ങ് പോരും അല്ലേൽ ഭ്രാന്തു പിടിക്കും..” കണ്ണനതു പറയുമ്പോൾ , നീലു അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു..

“യൂ ആർ സോ ലക്കി..എത്രപേരാ ചുറ്റിലും സ്നേഹിക്കാൻ..!

വ്യവസ്ഥകളില്ലാതെ അത്രമേൽ സ്നേഹിക്കപ്പടുക..അതൊരു ഭാഗ്യം തന്നെയാ..അല്ലേ കണ്ണാ… “

അവളുടെ വാക്കിലും നോക്കിലും , ഒളിപ്പിച്ചുവച്ച സ്നേഹത്തിന്റെ നീരുറവ , അവളുടെ കണ്ണിലൂടെ അവനു ദർശിക്കാൻ കഴിഞ്ഞു..

അരവിന്ദ് തിടുക്കപ്പെട്ട് പുറത്തേക്കിറങ്ങാൻ ഒരുങ്ങുകയായിരുന്നു..

“രവ്യേട്ടാ സിറ്റിയിലേക്കാണേൽ ഞാനും വരുന്നു..”

കണ്ണനും ഒപ്പം കൂടി .

“നീലു പോരുന്നോ..? ഞങ്ങടെ നാടൊക്കെയൊന്ന് കാണാം..”

അരവിന്ദിന്റെ ക്ഷണം അവൾ നിരസിച്ചില്ല..

യാത്രയിലുടനീളം കണ്ണൻ തമാശകൾ കൊണ്ട് നീലുവിന്റെ ചൂടുപിടിച്ച മനസ്സിനെ തണുപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു..

പ്രയാസങ്ങൾ മറന്ന് അവൾ പൊട്ടിച്ചിരിക്കുമ്പോൾ അവൻ പതുക്കെ പറഞ്ഞു ,

“ഈ ചേലുള്ള ചിരിയെന്തിനാ ചുമ്മാ ഗൗരവം കൊണ്ട് മൂടിവെക്കുന്നത്…! “

സിറ്റിയിലെ നമ്പർ വൺ ഷോപ്പിംഗ് സെന്ററിനു മുന്നിൽ അരവിന്ദ് കാർ ബ്രേക്കിട്ടു..

“വാവയ്ക്ക് കുറച്ചു ടോയ്സും ഡ്രസും വാങ്ങിക്കണം.നിങ്ങൾ സെലക്ട് ചെയ്യ് ഞാൻ കാർ പാർക്ക് ചെയ്തു വരാം “

കണ്ണനേയും നീലുവിനേയും വെളിയിലിറക്കി അരവിന്ദ് പാർക്കിംഗ് ഏരിയയിലേക്ക് വണ്ടി പായിച്ചു..

കാർ ലോക്ക് ചെയ്ത് തിരിയുന്ന നേരത്താണ് ആ വാൻ മുന്നിൽ വന്നുനിന്നത്.രണ്ടു പേർ, രണ്ടു മൂന്നു വലിയ പെട്ടികൾ താങ്ങിക്കൊണ്ടുവന്ന് വാനിലേക്ക് കയറ്റുന്നുണ്ട്..കുറച്ചപ്പുറത്തായി അവർക്ക് നിർദേശം നൽകാനെന്നവണ്ണം ഒരാൾ നിൽപ്പുണ്ട്..അരവിന്ദിന്റെ ദൃഷ്ടി അയാളിലേക്ക് പതിഞ്ഞു..

അതെ, അതയാൾ തന്നെയാണ്..

യതീന്ദ്രൻ..!

അയാൾ തന്നെയാണ് തന്റെ അച്ഛനെന്ന് ഉള്ളിലിരുന്നാരോ പറയും പോലെ..

വാൻ മുന്നോട്ടെടുക്കുന്നതു വരെ അരവിന്ദ് അയാളിൽ നിന്നും മറഞ്ഞു നിന്നു..

“ആ വാൻ…അത് എവിടേക്കാ പോകുന്നതെന്നറിയാമോ.? ” വാനും യതീന്ദ്രനും കണ്ണിൽ നിന്നും മറഞ്ഞപ്പോൾ, അരവിന്ദ് അടുത്തു നിന്ന ഷോപ്പിലെ ജീവനക്കാരനോട് ചോദിച്ചു.

“അത് നമ്മുടെ സേവ്യറച്ചൻ നടത്തുന്ന ശരണാലയത്തിലെ വണ്ടിയാണ്..ഇവിടുന്ന് ഇടക്കിടെ അവിടെയുള്ളവർക്ക് വസ്ത്രം സ്പോൺസർ ചെയ്യാറുണ്ട്..അതാണിപ്പോൾ കൊണ്ടുപോയത്..”

ശരണാലയം…!

ജീവനക്കാരൻ പറഞ്ഞ വാക്കുകൾ അരവിന്ദിന്റെ മനസ്സിൽ മിന്നിമാഞ്ഞുകൊണ്ടിരുന്നു..

അയാൾ പെട്ടന്നു തന്നെ കാറെടുത്ത് വാനിനു പിന്നാലെ വച്ചു പിടിച്ചു..തനിക്കു മുന്നിൽ പേഴ്സുമായി എത്തിയ ആ മനുഷ്യൻ തന്റെ അച്ഛൻ തന്നെയാണോ എന്ന് കണ്ടെത്തുകയായിരുന്നു അയാളുടെ ലക്ഷ്യം..!

വാൻ പോയ വഴിയേ അരവിന്ദിന്റെ കാറും സഞ്ചരിച്ചു.അവസാനം ‘ശരണാലയം ‘ എന്നെഴുതിയ ആ വലിയ ഗേറ്റ് കടന്ന് വാൻ അകത്തേക്കു പ്രവേശിച്ചു. അരവിന്ദ് മതിലിനു പുറത്ത് റോഡരികിലായി കാറൊതുക്കി..

ശരണാലയത്തിനുള്ളിൽ കടന്ന് ചുറ്റുപാടും കണ്ണോടിച്ചു..വാർധക്യം ഒറ്റപ്പെടുത്തിയ ഒരുപാടു പേർ..ചിലർ..മരത്തണലിലിരുന്ന് ചർച്ചയിലാണ്..മറ്റുചിലർ..അകത്ത് വിശ്രമത്തിലാണ്..

“ആരാ..? “

സേവ്യറച്ചന്റെ ചോദ്യത്തിൽ അരവിന്ദ് തിരിഞ്ഞു നോക്കി..

“ഞാൻ…ഞാനൊരു വഴിപ്പോക്കനാണ്.ശരണാലയത്തിന്റെ ബോർഡു കണ്ടപ്പോ ഒന്നു കയറീന്നേ ഉള്ളൂ..”

“വഴിതെറ്റി ഈ ശരണാലയത്തിന്റെ പടി കടന്നു വരുന്നവർ പോലും ഇവിടെയുള്ള അന്തേവാസികൾക്കൊരു പ്രതീക്ഷയാണ്..അതവരുടെ മക്കളോ കൊച്ചുമക്കളോ ആരെങ്കിലും ആയിരിക്കുമോ എന്നുള്ള പ്രതീക്ഷ..! “അച്ചന്റെ ചിരി നിറഞ്ഞ വാക്കുകൾ തലതിരിഞ്ഞ സമൂഹത്തിനു നേരെയുള്ള കൊഞ്ഞനം കുത്തലായേ തോന്നിയുള്ളൂ..

“ആരെയെങ്കിലും ഏൽപ്പിക്കാനുണ്ടെങ്കിൽ പറയാൻ മടിക്കണ്ട..മക്കൾ ഉപേക്ഷിച്ചവരും..നോക്കാൻ ആളില്ലാത്തവരും..അങ്ങനെ പല തരക്കാരുമുണ്ട്.അവരെ ഏറ്റെടുക്കലാണല്ലോ എന്റെ ജോലി..അവർക്കൊരു അത്താണിയാവാൻ കഴിഞ്ഞാൽ അതുമൊരു പുണ്യം..!അത്ര തന്നെ.. ” അച്ചൻ പിന്നേയും ചിരിച്ചു..

“ഇല്ല..എനിക്കിവിടെ ഏൽപ്പിക്കാൻ ആരുമില്ല..ഉണ്ടായിരുന്നവർ പണ്ടേക്കു പണ്ടേ എന്നെ വിട്ടുപിരിഞ്ഞു പോയി..പിന്നെ..എനിക്ക് പരിചയം തോന്നിയ ഒരാളെ ഞാൻ പുറത്തു വച്ചു കണ്ടു. അതൊന്നന്വേഷിക്കാനാ ഞാൻ..”

“നിങ്ങൾക്ക് ആരെ കുറിച്ചാണ് അറിയേണ്ടത്..? “

“കുറച്ചു മുമ്പ് ടൗണിലെ ഷോപ്പിൽ നിന്നും ഡ്രസ്സ് കളക്ട് ചെയ്യാൻ വന്ന വാനിൽ, ജോലിക്കാർക്കൊപ്പം അയാളും ഉണ്ടായിരുന്നു.താടിയൊക്കെ നരച്ച്..അയാളും ഇവിടുത്തെ ജോലിക്കാരനാണോ..? ” അരവിന്ദിന്റെ സംശയത്തിന് അച്ചൻ കുറച്ചൊന്ന് ആലോചിച്ചു..

“ആഹ്..യതീന്ദ്രനെപ്പറ്റിയാവും നിങ്ങൾ ചോദിക്കുന്നത്..അയാളിവിടത്തെ ജോലിക്കാരനല്ല ,അന്തേവാസിയാണ്..! “

“അപ്പോൾ അയാളുടെ കുടുംബം.?അവരും ഉപേക്ഷിച്ചതാണോ ഇയാളെ.? “

“അല്ല..കുടുംബം അയാളെ ഉപേക്ഷിച്ചതല്ല..അയാൾ കുടുംബത്തെ ഉപേക്ഷിച്ചതാണ് വർഷങ്ങൾക്കു മുമ്പ്..”

അച്ചന്റെ മറുപടി ഒരു കൂരമ്പു തറക്കുന്ന വേദനയോടെ അരവിന്ദിന്റെ നെഞ്ചിൽ തുളഞ്ഞു കയറി..

“ഏതു ദൈവപുത്രനേയും തെറ്റിലേക്കു നയിക്കാൻ ഒരു സാത്താനുണ്ടാവും..അവനെ അതിജീവിക്കുന്നിടത്താണ് ഓരോരുത്തരുടേയും വിജയം..അതിൽ യതീന്ദ്രൻ പരാജയപ്പെട്ടു.സ്വന്തം ഭാര്യയേയും കുഞ്ഞിനേയും മറന്ന് അയാൾ മറ്റൊരു സ്ത്രീക്കു വഴിപ്പെട്ടു..ചെയ്തത് തിരുത്താനാകാത്ത തെറ്റ്..! ഭാര്യയും കുഞ്ഞും അയാളിൽ നിന്നകന്നു..”

അച്ചന്റെ വാക്കുകളിലൂടെ സ്വന്തം ആത്മകഥയിൽ നിശ്ചലപ്പെട്ടു കിടക്കുകയായിരുന്നു അരവിന്ദിന്റെ മനസ്സ്..!

തന്റെ സംശയം അസ്ഥാനത്തായില്ല…!

പത്താമത്തെ വയസ്സിൽ ,ഭൂമിയാകുന്ന തന്റെ അമ്മയേയും..അതിൽ നാമ്പെടുത്ത ഈ കുഞ്ഞു പുൽക്കൊടിയേയും വിട്ട്..തങ്ങൾക്ക് വെള്ളവും വളവുമാവേണ്ട ആ മനുഷ്യൻ…

കയ്യിലുള്ള കനിയെ കാണാതെ..വിലക്കപ്പെട്ട കനി തേടിപ്പോയ മനുഷ്യൻ..!

വീണ്ടും കൺമുന്നിൽ…!

സന്തോഷമല്ല, മറിച്ച് അമർഷമാണ് തോന്നിയത്..

ഉള്ളിൽ അതുവരെ കൂട്ടിയും കിഴിച്ചും കണക്കെടുത്തപ്പോഴെല്ലാം വെറുപ്പ് മാത്രമാണ് ബാക്കി വന്നത്..

ഇരമ്പി വന്ന ദേഷ്യത്തെ തല്ക്കാലത്തേക്ക് പല്ലുകളിൽ കടിച്ചമർത്തി..

“അറിയുമോ തനിക്കയാളെ..? “അച്ചന്റെ ചോദ്യം അരവിന്ദിനെ ഓർമ്മകളിൽ നിന്നുണർത്തി..

“അത്…”

എന്ത് ഉത്തരം നൽകണമെന്നറിയാതെ സംശയിച്ചു നിന്നപ്പോഴാണ് മൊബൈൽ റിങ് ചെയ്തത്..

കണ്ണനാണ്..

“ചേട്ടനിതെവിടാ..വണ്ടി പാർക്ക് ചെയ്തു വരാന്നു പറഞ്ഞിട്ട്, വണ്ടിയും ഇല്ല ആളും ഇല്ല ഞങ്ങള് രണ്ടും ദേ ഷോപ്പിനു മുന്നിൽ നിൽക്കാ..”

“ഓഹ്..സോറി..ഞാൻ…ഞാനിതാ വരുന്നു ” ഫോൺ കട്ടു ചെയ്ത് അച്ചനെ നോക്കി

“എന്നെക്കാത്ത് ടൗണിൽ രണ്ടുപേര് നിൽക്കുന്നുണ്ട്..ഞാൻ പോട്ടെ ഫാദർ…”

യാത്ര പറഞ്ഞ് ധൃതിയിൽ നടക്കാനൊരുങ്ങവേ, പിന്നിൽ നിന്നും അച്ഛന്റെ വിളി

“അരവിന്ദ്..”

അയാൾ ഞെട്ടിത്തരിച്ചു.

“അച്ചനെങ്ങനാ എന്റെ.. പേര്…”

മുഖത്തൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് തനിക്കു നേരെ നടന്നു വരുന്ന അച്ചനെ അരവിന്ദ് അത്ഭുതത്തോടെ നോക്കിനിന്നു..

“രണ്ടു മാസങ്ങൾക്കു മുമ്പ് ഒരു പൊതു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് യതീന്ദ്രനെ ഞാൻ ആദ്യമായി കാണുന്നത്..പ്രായത്തെ വെല്ലുവിളിച്ച് അയാൾ ചടങ്ങിലുടനീളം ഓടി നടന്നു..പരിചയപ്പെട്ടപ്പോൾ ജീവിതത്തിൽ സംഭവിച്ചു പോയ തെറ്റിനെകുറിച്ച് പറഞ്ഞ് എനിക്കു മുന്നിലയാൾ പൊട്ടിക്കരഞ്ഞു..തിരിച്ചു പോരുമ്പോൾ കൂടെ കൂട്ടാതിരിക്കാൻ തോന്നിയില്ല.ഇവിടെ വന്നതു മുതൽ മകനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു..കഴിഞ്ഞ ദിവസം അതിനുള്ള ഉത്തരം കിട്ടി..നിങ്ങൾ വീണ്ടും കണ്ടുമുട്ടുക എന്നത് ദൈവ നിശ്ചയമാണ്..അതുകൊണ്ടാണ് നിങ്ങളുടെ കളഞ്ഞു പോയ പേഴ്സ് സ്വന്തം അച്ഛന്റെ കൈകളിൽ തന്നെ എത്തിച്ചേർന്നത്..”

“അച്ഛൻ…!

ആ പദം ജീവിതത്തിൽനിന്നും എന്നേ എടുത്തു കളഞ്ഞതാണ്..പിന്നീടൊരിക്കൽ പോലും വേണമെന്ന് തോന്നിയിട്ടുമില്ല..എന്റമ്മ ആദ്യമായി അച്ഛനോട് കലഹിച്ചപ്പോഴും ,എന്നെ മാറോട് ചേര്‍ത്ത് കരഞ്ഞപ്പോഴും ഞാനച്ഛനെ പഴിച്ചില്ല..!ഈ മോനെ കാണാൻ അച്ഛൻ വരുമെന്നു പറഞ്ഞ് ദിവസങ്ങളോളം ഉമ്മറപ്പടിമേൽ കാത്തിരുന്നിട്ടുണ്ട് ഞാൻ..അപ്പോഴും..അച്ഛനെപ്പറ്റി തെറ്റായൊരു വാക്കു പോലും എന്റമ്മ എന്നോടുച്ചരിച്ചിട്ടില്ല..

അത്രക്ക് സ്നേഹമായിരുന്നു അവർക്ക് ഭർത്താവിനെ…!

എന്നിട്ടും..വേദന തീറ്റിച്ചു കൊന്നില്ലേ എന്റമ്മയെ..!

അയാളെ ഒരിക്കൽ പോലും കാണാനാഗ്രഹിച്ചതല്ല..തെറ്റിദ്ധാരണയുടെ പേരിൽ , നന്മ ചെയ്തൊരാളെ വെറുക്കരുതെന്ന് കരുതി മാത്രം സത്യമറിയാൻ വന്നതാണ്…

ഞാൻ പോകുന്നു..

എത്ര ന്യായീകരണങ്ങൾ നിരത്തിയാലും എനിക്കു നഷ്ടപ്പെട്ടത് എന്റെ അമ്മയെയാണ്…!എന്റെ ജീവനാണ്..!

ആ കനൽ ഒരിക്കലും അണയില്ല ഫാദർ..അതെത്ര ജന്മമെടുത്താലും…! “

നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു തുള്ളികളെ കാറ്റിൽ പറത്തിക്കൊണ്ട് , അചഞ്ചലമായ മനസ്സോടെ അരവിന്ദ് കാറിനെ ലക്ഷ്യമാക്കി നടന്നു..

“രവ്യേട്ടനെന്താ പറ്റീത്…?രണ്ടു ദിവസായി ഞാൻ ശ്രദ്ധിക്കണൂ..ഒന്നിനും ഒരു ഉഷാറില്ലാത്ത പോലെ..നീലുവിനും പരിഭവണ്ട്ട്ടോ അവളോട് മിണ്ടണില്ലാന്ന്…എന്തേലും പ്രശ്നണ്ടോ രവ്യേട്ടാ…”

തണുപ്പുള്ള ആ രാത്രിയിൽ അരവിന്ദിന്റെ ചൂടുപറ്റി കിടക്കുമ്പോൾ , പ്രിയ പതുക്കെ അയാളുടെ ചെവിയിൽ മന്ത്രിച്ചു..

“ഏയ്..ഒന്നുമില്ല പ്രിയേ..ഞാനൊരു ദു:സ്വപ്നം കണ്ടു..അത് സ്വപ്നം മാത്രമാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു ഇതുവരെ..ഇപ്പൊ എല്ലാം ഓകെ യായി..ഇനി താൻ ടെൻഷനിടിക്കണ്ട..മോള് ഉണരുന്നതിനു മുന്‍പേയ് കുറച്ചു പണിയുണ്ട്.. താൻ വന്നേ..”അരവിന്ദ് അവളെ ഇറുകെപ്പുണർന്നു..ആ കരവലയത്തിൽ അവൾ സ്വയം മറന്ന് അയാളിലേക്ക് അലിഞ്ഞു ചേര്‍ന്നു..

******************

“മോനേ..ഞങ്ങളൊന്ന് വീടു വരെ പോയിട്ടു വരാം.കുറച്ചായില്ലേ പോയിട്ട്..നീലു മോളേയും കൊണ്ട് പോവ്ണ്ട്..ഇന്ന് ബാങ്ക് അവധ്യല്ലേ നീയിവിടെ പ്രിയടേം കുഞ്ഞിന്റേം അട്ത്ത് നിക്ക്..ഞങ്ങള് പോയിട്ട് വേഗം വരാം..”ഭാരതിയമ്മ സ്വന്തം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു രാവിലെത്തന്നെ..

കണ്ണൻ കാർ റെഡിയാക്കി നിർത്തി..

“എനിക്കും പോകാനുള്ള അനുവാദം തരണട്ടോ രവ്യേട്ടാ..” നീലു ഹാൻഡ് ബാഗും തൂക്കിപ്പിടിച്ച് പൂമുഖത്തേക്കു വന്നു..

പെട്ടെന്ന്..എന്തോ അപരാധം പറഞ്ഞതു പോലെ അവൾ മൗനിയായി..

“ഉം..എന്തേ നിർത്തിക്കളഞ്ഞേ പറഞ്ഞോളൂ..” അരവിന്ദ് ചിരിച്ചു കൊണ്ട് അവൾക്കരികിലേക്ക് വന്നു..

“അത്..ഞാൻ പെട്ടന്ന്…”

“എന്നെ ഏട്ടാന്ന് വിളിച്ചതാണോ തന്റെ പ്രശ്നം..? അപ്പോ ഞാൻ തന്റെ ഏട്ടനല്ലേ..”

കുനിച്ചു വച്ച അവളുടെ താടി പിടിച്ചു മുകളിലേക്കുയർത്തുമ്പോൾ..അവളുടെ നിറഞ്ഞ കണ്ണുകൾ അയാളുടെ കൈതലം പൊള്ളിച്ചു..

“ഏട്ടൻ….!

ഇനി അങ്ങനേ വിളിക്കാവൂ..കേട്ടല്ലോ “

അവളുടെ കവിളിൽ ചാലിട്ട കണ്ണുനീരിനെ അരവിന്ദ് മെല്ലെ ഒപ്പിയെടുത്തു..

“അല്ലേലും വയസ്സിനു മൂത്തവരെ പേരെടുത്ത് വിളിക്കുന്നത് അത്ര നല്ലതല്ല..അല്ലേ രവ്യേട്ടാ..”

മുറ്റത്തു നിന്നും കണ്ണനെറിഞ്ഞ കമന്റിനെ നീലു കണ്ണുരുട്ടി പേടിപ്പിച്ചു..

എല്ലാവരും ചിരിയുടെ ഭാഗമായപ്പോൾ..,അകത്തുനിന്ന് അരവിന്ദിന്റെ കുഞ്ഞ് തൊട്ടിലിൽക്കിടന്ന് ഉറക്കെ കരഞ്ഞു..

കുഞ്ഞിനെ നോക്കേണ്ട ഡ്യൂട്ടി ഭർത്താവിനെ ഏൽപ്പിച്ച് ,പ്രിയ അടുക്കളയിൽ തിരക്കിട്ട ജോലിയിലാണ്..കുഞ്ഞിനെ തന്റെ നെഞ്ചിലേക്ക് ചേര്‍ത്ത് കിടത്തി താരാട്ടു പാടി ഉറക്കാനുള്ള ശ്രമത്തിലാണ് അരവിന്ദ്..

“ഏട്ടാ..മോള് മേല് മൂത്രമൊഴിക്കൂട്ടോ..”

പ്രിയ അടുക്കളയിൽ നിന്നും വാണിംഗ് നൽകി..

“മക്കള് അച്ഛനമ്മമാരുടെ ചൂട് തട്ടി വളരണം..അതിനിത്തിരി മൂത്രം മേലായാലും കുഴപ്പല്യ..”

അരവിന്ദ് വീണ്ടും താരാട്ടിൽ മുഴുകിയപ്പോഴാണ് മൊബൈലിൽ മണി മുഴങ്ങിയത്..

കുഞ്ഞിനെ പ്രിയയെ ഏൽപ്പിച്ച് ഫോൺ നോക്കി

അറിയാത്ത നമ്പറാണ്..

“ഹലോ..”

“ഹലോ ഞാൻ ഫാദർ സേവ്യർ പാലത്തിങ്കലാണ് ..””

ഫാദറിന്റെ ശബ്ദമാണ് കേട്ടതെങ്കിലും മനസ്സിലേക്കു വന്ന മുഖം അച്ഛനെന്നു പറയുന്ന ആ മനുഷ്യന്റേതാണ്..ഉള്ളിൽ ദേഷ്യം ഇരച്ചു വന്നെങ്കിലും അച്ചനോടുള്ള ബഹുമാനംകൊണ്ട് സംയമനം പാലിച്ചു..

“ആഹ്. ..പറയൂ ഫാദർ “

“അരവിന്ദിനു തിരക്കില്ലെങ്കിൽ ഇവിടം വരെയൊന്ന് വരാമോ..?അച്ഛന് തന്നോടൊന്നു സംസാരിക്കണമെന്നുണ്ട്..ഇന്നലെ മുതൽ ആൾക്കൊരു സുഖമില്ലായ്മയുണ്ട്..അധികമൊന്നും വേണ്ട കുറച്ചു സമയം മതി “

ഉടലിലാകെ ചൂടുപിടിച്ചു അച്ചന്റെ വാക്കുകൾ കേട്ടപ്പോൾ..!

“സോറി ഫാദർ..ഞാൻ പറയാനുള്ളതൊക്കെ ഫാദറിനോടു പറഞ്ഞതാണ്.പിന്നെ ഇങ്ങനെയൊരു കോളിന്റെ ആവശ്യമില്ലായിരുന്നു..”

“അറിയാം എന്നാലും..ക്ഷമിക്കുന്നവരല്ലേ അരവിന്ദ് ദൈവത്തിനു മുന്നിൽ അത്യുദാരൻമാർ..” ഫാദർ അനുനയത്തിന്റെ മേലങ്കിയണിഞ്ഞു..

“എനിക്ക് അത്രത്തോളം വിശാലമായ മനസ്സൊന്നുമില്ല ഫാദർ..ദേഷ്യം വന്നാൽ ദേഷ്യപ്പെടാനും , സങ്കടം കണ്ടാൽ സ്വാന്തനപ്പിക്കാനും അറിയാവുന്ന ഒരു സാധാരണ മനുഷ്യൻ മാത്രമാണ് ഞാൻ..

എനിക്കു കുറച്ചു തിരക്കുണ്ട്..മറ്റൊന്നും പറയാനില്ലെങ്കിൽ ഞാൻ ഫോൺ വെക്കാണ്. …ഓകെ…”

ഹും…ഒരച്ഛൻ പോലും….!!

ചങ്കിലുടച്ച അമർഷത്തെ ചവച്ചിറക്കാനാകാതെ മുറ്റത്തേക്ക് ആഞ്ഞൊന്നു തുപ്പി..

ത്ഫൂ…!

അടക്കാനാത്ത വിദ്വേഷം പാദങ്ങളിലർപ്പിച്ച് അമർത്തിച്ചവിട്ടിക്കൊണ്ട് പൂമുഖപ്പടികൾ കയറി വരുമ്പോൾ മുന്നിലതാ തന്നെത്തന്നെ ദൃഷ്ടിയിൽ കോർത്ത് പ്രിയ നിൽക്കുന്നു…!

പറയാതെ ഒളിപ്പിച്ചുവച്ചതൊന്നും ഇനിയും അവൾക്കു മുന്നിൽ പൂഴ്ത്തിവെക്കുന്നതിൽ അർത്ഥമില്ലാത്തതിനാൽ..തന്നെ തേടിവന്ന ആ മനുഷ്യനാണ് തന്റെ അച്ഛനെന്ന് അരവിന്ദ് അവൾക്കു മുന്നിൽ വെളിപ്പെടുത്തി…

“പാവം..!വല്ലാണ്ട് പ്രയാസപ്പെടുന്നുണ്ടാവും മോനെ ഒന്നു കാണാൻ..എത്ര വലിയ തെറ്റു ചെയ്താലും അച്ഛൻ അച്ഛനല്ലാണ്ടാവോ രവ്യേട്ടാ…ഒന്ന് അവിടം വരെ…” പറഞ്ഞു വന്നത് മുഴുമിപ്പിക്കുന്നതിനു മുമ്പേ, അരവിന്ദിന്റെ ജ്വലിക്കുന്ന മിഴികൾ അവളിലേക്ക് ചൂഴ്ന്നിറങ്ങി..!

കുറച്ചു മണിക്കൂറുകൾ പിന്നിട്ടപ്പോൾ വീണ്ടും ഫാദറിന്റെ വിളി അരവിന്ദിനെ തേടിയെത്തി..എടുക്കാതെ വീണ്ടും വീണ്ടും കട്ടാക്കിയെങ്കിലും..വിടാൻ ഭാവമില്ലാതെ ഫോൺ പിന്നേയും ശബ്ദിച്ചു..

രണ്ടു വാക്ക് സംസാരിക്കണമെന്നു തന്നെ ഉറപ്പിച്ചാണ് ഫോണെടുത്തത്..കയർത്ത് സംസാരിക്കാൻ ശീലിച്ചിട്ടില്ലാത്ത നാവ്, ഒരുവേള മടിച്ചു നിന്നപ്പോൾ..ഫാദർ സേവ്യറുടെ വാക്കുകൾ കർണ്ണപടത്തിൽ വന്നു പതിച്ചു..

“വീണ്ടും വീണ്ടും ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം..

ഇനിയൊരിക്കലും അച്ഛനെ കാണാൻ ഞാൻ നിർബന്ധിക്കില്ല..അദ്ധേഹത്തിനിനി നിങ്ങളെ കാണാൻ കഴിയില്ല..

അയാൾ കുറച്ചു മുമ്പ് നമ്മെ വിട്ട് ദൈവത്തിന്റെ വിളിക്ക് ഉത്തരം നൽകിയിരിക്കുന്നു..!

ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു..! “”

ഫാദറിന്റെ വാക്കുകൾക്ക് മറുവാക്കില്ലാതെ മരവിച്ചു നിൽക്കാനേ അരവിന്ദിനു കഴിഞ്ഞുള്ളൂ..

വരണ്ട തൊണ്ടക്കൊരല്പം നനവു പകരാൻ അയാൾ ചുറ്റും മിഴികൾ പായിച്ചു..

ആ നിമിഷത്തിൽ..

ഉള്ളിലെ നീറ്റൽ ഉടലിലാകെ പടർന്നു കയറുന്നത് അയാളറിഞ്ഞു…!!

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ..