മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
വിവരങ്ങളറിഞ്ഞ പ്രിയ ,, രവിയെ ശരണാലയത്തിലേക്കു പോകാൻ നിർബന്ധിച്ചു..
“”ഏട്ടൻ അച്ഛനോടുള്ള വിദ്വേഷമെല്ലാം വെടിഞ്ഞ് അവിടെ പോണം .. അച്ഛന്റെ അന്ത്യ കർമ്മങ്ങളെല്ലാം ചെയ്യണം ..അല്ലെങ്കിൽ തന്നെ തണുത്തു മരവിച്ച ആ ശരീരത്തോട് ഇനിയെന്ത് വെറുപ്പ് കാണിക്കാനാണ്..?ഏട്ടന്റെ അമ്മ ജീവിച്ചിരുന്നെങ്കിൽ…അവർ അച്ഛന് മാപ്പുകൊടുക്കുമായിരുന്നു..എനിക്കുറപ്പുണ്ട്”
പ്രിയയുടെ വാക്കുകളെ ഉൾകൊണ്ടിട്ടോ എന്തോ.. രവി ,, അച്ഛന്റെ അന്ത്യ യാത്രക്ക് സാക്ഷിയായി..!
കർമ്മങ്ങളെല്ലാം യഥാവിധി നിർവ്വഹിച്ച്..അച്ഛനെ ,, അഗ്നിയോടൊപ്പം യാത്രയാക്കി …!
എല്ലാം കഴിഞ്ഞ് തിരികെ വരാൻ നേരമാണ് ഫാദർ ഒരു തുകൽസഞ്ചിയുമായി വന്നത്..ഇതച്ഛന്റേതാണെന്നു പറഞ്ഞ് ,, അതിൽ നിന്നും ഒരു ഡയറിയെടുത്ത് രവിക്കു നേരെ നീട്ടി..
“” എന്നെങ്കിലും തന്നെ കണ്ടുമുട്ടിയാൽ..,, തന്നെ ഏൽപ്പിക്കണമെന്ന് അദ്ധേഹം ഓർമ്മിപ്പിച്ചിരുന്നു..””
ശരണാലയത്തിൽ നിന്നുള്ള മടക്കയാത്രയിലുടനീളം രവിയുടെ മനസ്സിൽ അച്ഛനെ കുറിച്ചുള്ള ഓർമ്മകളായിരുന്നു …
എത്ര സന്തോഷം നിറഞ്ഞ ദിനങ്ങളായിരുന്നു …!
വാത്സല്യവും സ്നേഹവും വാരിക്കോരിത്തന്ന അച്ഛൻ…!
നന്മയും തിന്മയും സമം ചേർന്ന ആ ജീവിതം..,,,ഇന്നൊരുപിടി ചാരമായി മാറിയിരിക്കുന്നു…!
അയാൾ ഡയറിയിലേക്ക് സൂക്ഷിച്ചു നോക്കി..
“എന്തായിരിക്കും അച്ഛനെന്നോട് പറയാൻ ബാക്കി വെച്ചത്.? ” രവി കാറിന്റെ വേഗത കൂട്ടി…
പ്രിയയും കുഞ്ഞും ഉറക്കത്തിലായിരുന്ന സമയം..,, മുറിയുടെ അരണ്ട വെളിച്ചത്തിലിരുന്ന് രവി ,, ഡയറിയുടെ താളുകൾ ഓരോന്നായി മറിച്ചു..
പരിചിതനും അപരിചിതനുമായ അച്ഛനെ വായനയിലൂടെ അയാൾ ദർശിച്ചു..
അവസാനം..അച്ഛൻ..,, തന്റെ രക്തം കൊണ്ട് കോറിയിട്ട വാക്കുകളിൽ അയാളുടെ ശ്രദ്ധ പതിഞ്ഞു..
“” ഞാൻ പാപിയാണ് … മഹാപാപി …ഒരു താലിച്ചരടാൽ..,,എനിക്കു ജീവിതം പകുത്തു തന്നവളേയും… എന്റെ പ്രാണന്റെ പാതിയായ മകനേയുമുപേക്ഷിച്ച് ,,പുതു ജീവൻ തേടിപ്പോയ മഹാപാപി …!
എല്ലാം മനസ്സിലാക്കാൻ വൈകിപ്പോയെങ്കിലും..,,, തിരിച്ച് അവരിലേക്കെത്താൻ മനസ്സ് വല്ലാതെ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു..
പക്ഷേ.. ധൈര്യം വരുന്നില്ല..!നീചനായ അച്ഛനെ മകൻ കല്ലെറിയുമോ എന്ന ഭയം എന്നെ പിന്നോട്ടു വലിക്കുന്നു..!
പോകണം …എല്ലാം ഏറ്റു പറയണം …നഷ്ടപ്പെടുത്തിയ ആ സ്നേഹ വലയം തിരിച്ചെടുക്കണം…
ആ ചിന്തയുമായാണ് വണ്ടികയറിയത്..എന്നാൽ. … എന്നെ എതിരേറ്റത് അവളുടെ മരണവാർത്തയാണ്…
നെഞ്ച് പിളർന്നുപോയി …ഒന്നുറക്കെ പൊട്ടിക്കരയണമെന്നു തോന്നി …
നിലതെറ്റിയ മനസ്സുമായി റോഡുമുറിച്ചു കടന്നയെന്നെ …,, ഒരു ലോറിയിടിച്ചു തെറിപ്പിച്ചു..
ചോരവാർന്ന് മണിക്കൂറുകളോളം റോഡിൽ കിടന്നിരിക്കണം…വീഴ്ചയുടെ ആഘാതത്തിൽ സ്വബോധം നഷ്ടപ്പെട്ട് … ആർക്കും വേണ്ടാത്ത ജീവച്ഛവമായി …നിരവധി ആശുപത്രി ദിനങ്ങൾ …!ആരും ഏറ്റെടുക്കാൻ വരാതിരുന്ന എന്നെ…,,ഹോസ്പിറ്റലിനോടു ചേര്‍ന്ന് പ്രവർത്തിക്കുന്ന ശരണാലയം ഏറ്റെടുത്തു..മകനെക്കുറിച്ചുള്ള ഓർമ്മകൾ ഉറക്കം കെടുത്തുമ്പോഴും…എന്റെ ആരോഗ്യസ്ഥിതിയിൽ ഞാൻ നിസ്സഹായനായി നിന്നു …അപ്പോഴേക്കും വർഷങ്ങൾ നിരവധി ഓടിമറഞ്ഞിരുന്നു..
അവിചാരിതമായൊരു കണ്ടുമുട്ടലായിരുന്നു മറ്റൊരിക്കൽ നടന്നത്..എന്നോടൊപ്പം ജോലി ചെയ്തിരുന്ന വർഗീസ്…!അവനിൽ നിന്ന് മകനെക്കുറിച്ചുള്ള നല്ല വാർത്തകൾ അറിയാൻ കഴിഞ്ഞത് വളരെ സന്തോഷം നൽകി..ഒപ്പം അയാൾ മറ്റു ചിലതു കൂടി പറഞ്ഞു …,,അനുരാധയെക്കുറിച്ച് … !
ഞങ്ങളുടെ ബന്ധം നാട്ടിൽ പാട്ടായതിനാൽ..,, അവർ മുംബൈക്ക് പോകാൻ പദ്ധതിയിട്ടിരുന്നു.. ആ വിവരം എനിക്കും അറിയാമായിരുന്നു.. എന്നാൽ … ആ യാത്ര നടന്നില്ല …!യാത്രയുടെ അവസാന നിമിഷത്തിലാണ് അവരാ ഞെട്ടിക്കുന്ന വാർത്തയറിഞ്ഞത് .. അവിവാഹിതയായ അനുരാധ ഒരമ്മയാവാൻ പോകുന്നു…!!
അതോടെ. …അവർക്കു മുന്നിൽ ഞാൻ..,, അവരുടെ മകളെ ചതിച്ച് കടന്നുകളഞ്ഞവനായി…!
വൈകാതെ അനുരാധ ഒരു പെൺകുഞ്ഞിനു ജന്മം നൽകി..പക്ഷേ..അവർ ആ കുഞ്ഞിന് സംരക്ഷണം നൽകാതെ അനാഥത്വത്തിലേക്ക് തള്ളിവിട്ടു..! അനുരാധ മറ്റൊരാളുടെ ഭാര്യയുമായി..!
അറിഞ്ഞും. ..അറിയാതേയും എനിക്കു പിറന്ന എന്റെ രണ്ടു മക്കൾ…! അവർ രണ്ടു പേരും ഒരുപോലെ അനാഥരായി രണ്ടിടങ്ങളിൽ…!
അവരെ നെഞ്ചോടു ചേർക്കാൻ കഴിയാതെ ഞാനെന്ന പിതാവ് … മറ്റൊരിടത്ത്. ..!
ഇനി എനിക്കൊരൊറ്റ ലക്ഷ്യം മാത്രം …!
എന്റെ മക്കൾ …. !
മരണത്തിനു തൊട്ടു മുൻപെങ്കിലും അവരെ കണ്ടെത്തണം… ഇത് നിന്റെ ചോരയാണെന്നു പറഞ്ഞ് അവളെ …,,, അവനോട് ചേര്‍ത്ത് നിർത്തണം …!
ഞാൻ യാത്ര തുടങ്ങുകയാണ് …!
വിശ്രമമില്ലാത്ത യാത്ര ..! “”””
എല്ലാം ഒരൊറ്റ ശ്വാസത്തിൽ വായിച്ചു തീർത്ത്. ..,രവി ഡയറിയടച്ചു വച്ചു …
കലുഷിതമായിരുന്നു അയാളുടെ മനസ്സ് …
എന്റെ ചോര ..!
അവൾ ആരാണ് ..?
അച്ഛനവളെ തിരിച്ചറിഞ്ഞിരുന്നോ .? അറിയില്ല … !
ഒരു നൂറു നടുവിൽ … ഉത്തരം കിട്ടാത്തൊരു സമസ്യയായി അയാൾ ഇരുട്ടിനെ ഉറ്റുനോക്കി.. !
****************
“” ഇതെന്താ രവ്യേട്ടാ രാവിലെത്തന്നെ …? ഇന്ന് ഓഫീസില്ലല്ലോ… “”
അതിരാവിലെത്തന്നെ പുറപ്പെട്ടിറങ്ങിയ രവിയോട് പ്രിയ ചോദിച്ചു …
“” എനിക്കൊരിടം വരെ പോകാനുണ്ട് .. ഞാൻ തിരിച്ചു വരുന്നത് ഏറ്റവും വിലപിടിപ്പുള്ളൊരു സമ്മാനവും കൊണ്ടായിരിക്കും … “”
അത്രമാത്രം പറഞ്ഞ് രവി ,, കാറെടുത്ത് കടന്നു പോയി..
അയാൾ നേരെ പോയത് ശരണാലയത്തിലേക്കാണ്… രവിയെ കണ്ടതും. ..,, ഫാദർ അടുത്തേക്കു വന്നു..
“” അച്ഛൻ പറഞ്ഞതു പോലെ താൻ വീണ്ടും വന്നു ..അല്ലേടോ … “”
“” ഫാദർ … അവൾ .. എന്റെ അനിയത്തി..അവളാരാണ് …? അതുമാത്രം അച്ഛനതിൽ എഴുതിയിട്ടില്ല.. “”
ഫാദർ ചിരിച്ചു..
“” തനിക്കവളെ അംഗീകരിക്കാൻ കഴിയുമെങ്കിൽ… താനിവിടെ വീണ്ടും വരുമെന്ന് അദ്ധേഹം പറഞ്ഞിരുന്നു…എന്നാൽ. …,, അദ്ധേഹം ആഗ്രഹിച്ചത് എല്ലാം തന്നോട് നേരിട്ടു പറയാനാണ് .. അവളെ മരണത്തിനു മുമ്പ് നിങ്ങളെ ഏൽപ്പിക്കാനാണ്..! അതിനായിരുന്നു അദ്ധേഹം തന്നെ കാണണമെന്ന് ആവശ്യപ്പെട്ടത്..പക്ഷെ..അതിന് വിധിയുണ്ടായില്ലെന്നു മാത്രം..! “””
ഫാദറതു പറഞ്ഞപ്പോൾ.. കുറ്റബോധത്താൽ രവിയുടെ ശിരസ്സ് കുനിഞ്ഞു ..
“” സാരമില്ലെടോ.. ഓരോരുത്തർക്കും അവരവരുടെ ശരികളുണ്ടായിരിക്കും.….എന്തായാലും താൻ വന്നല്ലോ .. അച്ഛനോട് ക്ഷമിക്കാൻ കഴിഞ്ഞു എന്നതിന്റെ തെളിവാണത് … അദ്ധേഹത്തിന്റെ ആത്മാവ് സന്തോഷിക്കട്ടെ..! “”
അവർ ഇരുവരും ശരണാലയത്തിന്റെ നടുമുറ്റത്തെ ആഞ്ഞിലിച്ചോട്ടിലിരുന്നു…
“” ഫാദർ …ആ പെൺകുട്ടി … അവളിപ്പോൾ എവിടെയുണ്ട്. ..? എനിക്കവളെ കാണണം …അച്ഛനാഗ്രഹച്ചതു പോലെ അവളെ ഈ നെഞ്ചിലേക്ക് ചേർത്തു നിർത്തണം … അവൾക്ക് കിട്ടാതെ പോയ സ്നേഹം മുഴുവൻ എനിക്കവൾക്കു നൽകണം.. “” രവി വാചാലനായി …
“” പറയാം ..അതിനു മുമ്പ് ഞാനൊരാളെ വിളിക്കാം..തനിക്കു പരിചയമുള്ളൊരാളെ.. “”
ഫാദർ അകത്തേക്കു പോയി തിരിച്ചു വന്നു..കൂടെ ഒരു പെൺകുട്ടിയും..
” സേറ…!താനെങ്ങനെ ഇവിടെ ..? “” രവി അത്ഭുതപ്പെട്ടു.. രവിയെ കണ്ട സേറ..,,ചിരിയോടെ അടുത്തുവന്നു…
“” സത്യത്തിൽ ഞാൻ നിങ്ങളെയെല്ലാം കാണാനായി വീട്ടിലേക്കു വന്നതാണ്..ഇങ്ങോട്ടു വരുന്ന വിവരം പറഞ്ഞപ്പോൾ അപ്പച്ചനാണ് ഇവിടെവന്ന് ഫാദറിനെ വിവാഹം ക്ഷണിക്കാൻ പറഞ്ഞത്.. സേവ്യറച്ചൻ ഞങ്ങളുടെ നാട്ടുകാരനും കുടുംബ സുഹൃത്തുകൂടിയാണ്.. അരവിന്ദിന്റെ കാർ ഇന്നലെ ഈ ഗേറ്റുകടന്ന് പോകുന്ന സമയത്താണ് ഞാനിങ്ങോട്ടു വന്നത്…സോ..വിവരങ്ങളെല്ലാം അച്ചൻ പറഞ്ഞു. “”
കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് വിരാമമിട്ട്..,, സേറ പറഞ്ഞു
“” ഞാൻ വന്നത് നിങ്ങളെയെല്ലാം കണ്ട് വിവാഹം ക്ഷണിക്കാൻ വേണ്ടി മാത്രമല്ല ..
ഇതുവരെ നീലുവിനറിയാത്തൊരു രഹസ്യമുണ്ട് ഞങ്ങൾക്കിടയിൽ …
നീലുവിന്റെ അമ്മ …!!
അവൾക്ക് ആദ്യത്തെ മെന്റൽ ഷോക്ക് വന്ന സമയത്താണ് ഞാനവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്..അവൾ പറഞ്ഞിട്ടുള്ള ബോർഡിംഗല്ലാതെ മറ്റൊരറിവും എനിക്കവരെ കുറിച്ച് ഇല്ലായിരുന്നു.. അവിടെ ചെന്നു … സംസാരിച്ചു …ബട്ട് അവർ ഐഡന്റിറ്റി വെളിപ്പെടുത്താൻ വിസമ്മതിച്ചു..ഞാനവളുടെ അവസ്ഥ പറഞ്ഞ് നിർബന്ധിച്ചപ്പോൾ അവർ ഡീറ്റേൽസ് തന്നു..നീലു അറിയാതെ തന്നെ ഞാനവരെച്ചെന്ന് കണ്ടു … പലതവണ ആരുമറിയാതെത്തന്നെ ..പക്ഷേ അവരവളെ കാണാൻ കൂട്ടാക്കിയില്ല..മറ്റൊരു കുടുംബമായി കഴിയുന്ന അവർക്ക് അവളൊരു പ്രശ്നമായി മാറുമെന്നവർ ഭയപ്പെട്ടു..ആ കഥ അവിടെ അവസാനിച്ചെന്നു കരുതിയതാണ്.. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അവരെന്നെ വിളിച്ചു ..അവളെ കാണണമെന്നാവശ്യപ്പെട്ടു.
ഇനിയതിന്റെ ആവശ്യമില്ലെന്ന് ഞാൻ വാദിച്ചെങ്കിലും…,, ഒരു ക്യാൻസർ പേഷ്യന്റിന്റെ അവസാനത്തെ ആഗ്രഹമാണെന്ന യാചനക്കു മുന്നിൽ കണ്ണടയ്ക്കാൻ എനിക്കു കഴിഞ്ഞില്ല..
അവൾ എങ്ങനെ റിയാക്ട് ചെയ്യുമെന്നറിയില്ല അരവിന്ദ്.. പക്ഷേ ആ അമ്മയെ കണ്ടില്ലെന്നു നടിക്കാനും എനിക്കാവുന്നില്ല.. അവരെന്റെ കൂടെ ഇവിടെ വന്നിട്ടുണ്ട് … “” സേറ തിരിഞ്ഞു നിന്നപ്പോൾ..,, വാർധക്യം ബാധിക്കാത്ത ,,, ക്ഷീണിതയെങ്കിലും സുന്ദരിയായൊരു സ്ത്രീ അവർക്കിടയിലേക്ക് കടന്നു വന്നു..
എവിടെയോ കണ്ടു മറന്നൊരു മുഖം പോലെ അരവിന്ദ് അവരെ നോക്കി ..അവരും ഒന്നും മിണ്ടാതെ അയാളെത്തന്നെ നോക്കി നിന്നു..തന്നെത്തന്നെ നോക്കി നിൽക്കേ..,, ആ മിഴികൾ നിറഞ്ഞു തൂവുന്നത് അയാളറിഞ്ഞു..പെട്ടന്ന്… ഫാദറും സേറയും കാൺകെ ആ സ്ത്രീ രവിയുടെ അടുത്തു വന്ന് അയാളെ കെട്ടിപ്പിടിച്ച് നിശ്ശബ്ദയായി കരഞ്ഞു..അവരുടെ മിഴിനീർ കണങ്ങൾ അയാളുടെ പാദങ്ങളെ സ്പർശിച്ചു..
സംഭവിക്കുന്നതെന്തെന്നറിയാതെ..അരവിന്ദ് മിഴിച്ചു നിന്നു.. അവർ തന്റെ പിടിയിൽ നിന്നും അയാളെ മോചിപ്പിച്ച് ,,അയാൾക്കു മുന്നിൽ കൈക്കൂപ്പി നിന്നു..
“” എന്നോടു പൊറുക്കണം … ഞാൻ … ഞാനാണ് മോന്റെ ജീവിതം തകർത്തത്. ..ഞാനാണ് നിന്റെ അമ്മയെ കൊന്നത് …അച്ഛനെ അകറ്റിയത് … എനിക്ക് .. എനിക്ക് മോൻ മാപ്പു തരണം .. “”
“” നിങ്ങൾ …? “” രവി വിറച്ചു കൊണ്ട് അവരെ നോക്കി
“” അനുരാധ ..! !
അപ്രതീക്ഷിതമായി നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ഇരുട്ടുപോലെ കടന്നുവന്നവൾ… ! തന്റെ ജീവിതം മാറ്റിമറിച്ചവൾ …! “” മറുപടി പറഞ്ഞത് സേവ്യറച്ചനായിരുന്നു …
“” അപ്പോ നീലു…!
അവൾ … അവളായിരുന്നോ ഞാനന്വേഷിച്ച എന്റെ പെങ്ങൾ …എന്റെ ചോര … !””
അരവിന്ദിന്റെ കണ്ണുകൾ ആനന്ദാശ്രു പൊഴിച്ചു.. ഹൃദയം സ്നേഹ സാന്ദ്രമായി ….
“” ഞാനവളെ വിളിച്ചിട്ടുണ്ട് … കിച്ചു അവളേയും കൊണ്ട് ഇപ്പോഴിങ്ങെത്തും.. “”
സേറ പറഞ്ഞു തീരും മുന്‍പേ കിച്ചുവിന്റെ ബുള്ളറ്റ് പടികടന്നെത്തി..
ബൈക്കിൽ നിന്നിറങ്ങിയ നീലു ..,, ഒരു നിമിഷം അരവിന്ദിനെ നോക്കി നിന്നു. .
അയാൾ … ഇരുകൈകളും നീട്ടി അടുത്തേക്കു വരാൻ ആംഗ്യം കാണിച്ചതും അവൾ ഓടിവന്ന് ആ നെഞ്ചിലേക്ക് വീണു..
കണ്ടു നിന്നവരെ കൂടി കരയിക്കുന്നതായിരുന്നു പിന്നീടുള്ള രംഗങ്ങൾ …!മിനിറ്റുകൾ നീണ്ട ആ സ്നേഹ പ്രകടനത്തിനിടയിലവൾ കണ്ടു ,, തന്നെത്തന്നെ നോക്കി നിൽക്കുന്ന തന്റെ അമ്മയെ …! അനുഭാവമില്ലാതെ മുഖം കുനിക്കവേ …,, അരവിന്ദ് പറഞ്ഞു
“” ചെല്ല്.. അമ്മയുടെ അടുത്തേക്കു ചെല്ല്.. “”
പതിയെ ..അവരുടെ മാറിലേക്ക് പറ്റിച്ചേർന്നു കിടന്ന്..അവൾ സ്വയം മറന്ന് സന്തോഷിച്ചു..
ശേഷം.. ,,,, മൂവരും ചേര്‍ന്ന് അച്ഛനെ ദഹിപ്പിച്ച അഗ്നിയുടെ അവശേഷിച്ച ചാരത്തിനരികെ ചെന്നുനിന്ന് മനസ്സു നിറഞ്ഞു പ്രാർത്ഥിച്ചു..
“” ഡാ… എന്റെ സ്വന്തം ഏട്ടൻ …! “”
നീലു സേറയെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു..
ഇടയ്ക്കിടെ മോളെ കാണാൻ വരുമെന്ന വാക്കുപറഞ്ഞ് പിരിയും നേരം..അനുരാധ ,,,, കുറച്ചു കാലം കൂടി തനിക്ക് ആയുസ് നീട്ടിത്തരണേയെന്ന് ദൈവത്തോട് തേടുകയായിരുന്നു…
*********************
വീട്ടിൽ അന്നെല്ലാവർക്കും ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു… നീലു പിടിവിടാതെ രവിയെത്തന്നെ ചുറ്റിപ്പറ്റി നിന്നു..ഹൃദയം … ഹൃദയത്തോടു ചേർന്നു നിന്ന സുന്ദരമായ കാഴ്ച … ആരോരുമല്ലാതെ ആ വീട്ടിലേക്ക് കയറി വന്നവൾ. … ഇന്നവിടത്തെ അവകാശിയായി മാറിയിരിക്കുന്നു…
“” താങ്ക്സ് ഡാ.. നീയെനിക്കുവേണ്ടി ഒരുപാട് ബുദ്ധിട്ടിയല്ലേ..ജീവിതത്തിലൊരിക്കലും കാണാൻ കഴിയില്ലെന്നു കരുതിയതാ ഞാനെന്റെ അമ്മയെ… നിന്നോടെങ്ങനെയാടാ ഞാൻ നന്ദി പറയേണ്ടത്…..? “” നീലു സേറയെ ഇറുകെപ്പുണർന്നു..
“” പിന്നേ.. അവളുടെ കോപ്പിലെ ഒരു സെന്റിമെൻസ്.. അതേയ് നീ നന്ദി പറയേണ്ടത് എന്നോടല്ല..,, പ്രിയയോടാണ് … നിന്റെ ഏടത്തിയോട്…!
നമ്മൾ പെണ്ണുങ്ങൾക്ക് ഒരു സ്വഭാവമുണ്ട്…ഒരുതരം പൊസസീവ്നെസ്സ്..
താൻ സ്നേഹിക്കുന്ന ആൾ..അത് ഭർത്താവായാലും കാമുകനായാലും…,,,,മറ്റൊരാളെ സ്നേഹിക്കുന്നതോ അംഗീകരിക്കുന്നതോ നമുക്ക് സഹിക്കില്ല..എന്നിട്ടും..അരവിന്ദ് നിന്നെ സ്നേഹിച്ചു..,, കൂടെ നിർത്തി സംരക്ഷിച്ചു…!എല്ലാം പ്രിയയുടെ മനസ്സിന്റെ നന്മ… ! അവർക്ക് ഭർത്താവിനോടുള്ള വിശ്വാസം..!
അതുകൊണ്ട് മാത്രം…!! “”
സേറ ഒന്നു നിറുത്തിയ ശേഷം അരവിന്ദിനെ നോക്കി
“” താൻ ലക്കിയാടോ.. ദ മോസ്റ്റ് ലക്കിയെസ്റ്റ് മാൻ ഇൻ ദ വേള്‍ഡ് … “”
അരവിന്ദ്…അഭിമാനത്തോടെ പ്രിയയെ നോക്കുമ്പോൾ..,,, അവർ ആരും കാണാതെ മിഴികൾ തുടക്കുകയായിരുന്നു..
നീലു അവരുടെ ഇരുകൈകളും അവളുടെ നെഞ്ചോരം ചേർത്തു പിടിച്ചു…
ഊണു കഴിഞ്ഞ് പോകാനിറങ്ങിയ സേറയെ നീലു വട്ടംപിടിച്ചു..
“” നീയിത്ര പെട്ടെന്ന് പോവണോടാ…രണ്ടു ദിവസം എനിക്കൊപ്പം കഴിഞ്ഞിട്ട് പോയാൽ പോരേ നിനക്ക്…? “”
“” ജോലി റിസൈൻ ചെയ്യുന്നതിനു മുമ്പ് കുറച്ചു വർക്ക്സ് കൂടി തീർക്കാനുണ്ട്..അതു കഴിഞ്ഞ് നിന്നോടൊപ്പം രണ്ടു ദിവസം കൂടിയിട്ടേ ഞാൻ നാട്ടിൽ പോകുന്നുള്ളൂ.. പോരേ… “” അവൾ നീലുവിനെ കെട്ടിപ്പിടിച്ചു ..
“” ദേ അരവിന്ദ്. .. പിന്നൊരു കാര്യം … ഇനിയിവളെ ഇങ്ങനെ ചുമ്മാ വിട്ടാൽ പറ്റില്ല. എത്രയും വേഗം ഒരു കോന്തനെ കണ്ടുപിടിച്ച് ഇവളെ കെട്ടിച്ചു വിട്ടേക്കണം … “”
“” ആഹ്.. നമുക്കാലോചിക്കാം.. “”
അരവിന്ദിന്റെ മറുപടി കേട്ട് നീലു ഇടയിൽ കയറി
“” ഹയ്യട.. ആ പൂതിയങ്ങ് മനസ്സിൽ വച്ചാ മതി.. എനിക്കു കുറച്ചു കാലം കൂടി എന്റേട്ടനെ സ്വസ്ഥമായിട്ടൊന്ന് സ്നേഹിക്കണം. .. എന്നിട്ടു മതി കല്യാണൊക്കെ…”” അവൾ അരവിന്ദിനെ മുറുകെയണച്ചു…
ആ സമയം പ്രിയയും കിച്ചുവും തമ്മിൽ ഒരു സ്വകാര്യ സംഭാഷണത്തിലായിരുന്നു..
“” ഉം… എന്താ രണ്ടാളും കൂടിയൊരു സ്വകാര്യം.. എന്താടോ ? “” രവി അന്വേഷിച്ചപ്പോൾ…,, പ്രിയയുടെ മുഖത്തൊരു കള്ളച്ചിരി വിടർന്നു ….
“” അത് പിന്നെ… രവ്യേട്ടാ … “” പ്രിയ പറയാനായി തുടങ്ങിയതും കിച്ചു ചേച്ചിയുടെ വാ പൊത്തിപ്പിടിച്ചു..രവി കാര്യമറിയാതെ അന്ധാളിച്ചു നിന്നപ്പോൾ, ,, അകത്തുനിന്ന് അമ്മയുടെ കമന്റ്
“” ഇനിയിപ്പോ രവി സമ്മതിച്ചാലും ഇല്ലേലും എനിക്കു മരുമോളായിട്ട് നീലൂനെ മതി…!അല്ലാതെ കിച്ചു വേറൊരുത്തിയെ കെട്ടാൻ ഞാൻ സമ്മതിക്കില്ല.. “”
“”അതുശരി.. അപ്പൊ അതാണു കാര്യം.. “”
രവി ചിരിച്ചു കൊണ്ട് തിരിഞ്ഞപ്പോഴേക്കും കിച്ചു എസ്കേപ്പായിരുന്നു..നാണിച്ചു തലതാഴ്ത്തിയ നീലുവിനെ കണ്ട് സേറ കളിയാക്കി ചോദിച്ചു
“” ഇതിനിടയിൽ ഇതൊക്കെ എപ്പോ സംഭവിച്ചു…? “”
“”” അത് …. “”
അവൾ ,,, സേറക്കു പിടികൊടുക്കാതെ ഓടിയതും … കാലുതെന്നി വീണത് കിച്ചുവിന്റെ നെഞ്ചിലേക്കാണ് … !
നാണത്താൽ പിടഞ്ഞെഴുനേൽക്കാൻ ശ്രമിച്ച അവളെ കിച്ചു കൂടുതൽ തന്നിലേക്കടുപ്പിച്ചു …. അവന്റെ ഉച്ഛ്വാസം അവളുടെ ഉടലിനെ ചൂടുപിടിപ്പിച്ചപ്പോൾ..,,, അവൾ കുതറി മാറി
“” വിട് കിച്ചൂ…ആരേലും കാണും “”
“”കണ്ടാലെന്താ…ഇനി നീയേയ് ഈ കിച്ചുവിന്റെ പെണ്ണാ … കിച്ചുവിന്റെ മാത്രം പെണ്ണ് ….. ! “””
പ്രണയം തുടിച്ച അവന്റെ മിഴികൾ…. അവളിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ…,,,,നീലു സ്വയം മറന്ന് അവനെ പ്രാപിച്ചു …
അവിടെ…
നീലുവിന്റെ പുതിയൊരു കഥ തുടങ്ങുകയായി … ദു:ഖങ്ങൾക്കും പരിഭവങ്ങൾക്കും സ്ഥാനമില്ലാത്ത…,, പ്രണയാർദ്രമായൊരു ജീവിതകഥ…!!
ആ നല്ല നാളുകൾക്ക് ഭാവുകങ്ങളരുളി..സ്നേഹപൂർവ്വം..തല്കാലത്തേക്കു വിട…!
അവസാനിച്ചു