സഹ്യപുത്രി ~ രചന: ഓമന ആര്‍ നായര്‍
അയാള്‍ കാട്ടിലേക്ക് നോക്കി അരമതിലില്‍ ഇരുന്നു. മല്ലീശ്വരക്ഷേത്ര പൂജാരി മണിയടിച്ചു വല്ലാതെ ഒച്ചയുണ്ടാക്കി അയാള്‍ നിശ്ശബ്ദതയെ വല്ലാതെ സ്നേഹിക്കുന്നു.അതിനാല്‍ കര്‍ണ്ണകഠോരമായ ആ ശബ്ദം ഭഗവാനെ ഓടിക്കുമെന്നയാള്‍ മനസ്സില്‍ പരിഹസിച്ചു..പൂജ കഴിഞ്ഞ് ആദിവാസി പൂജാരി അയാള്‍ക്ക് അവില്‍ കദളിപഴം എന്നീ നേദ്യം കഴിക്കാന്‍ കൊടുത്തു..അതയാള്‍ വാങ്ങികഴിച്ചു…താഴ്വര നിശ്ശബ്ദം..
ഇവിടെ ശിവരാത്രിക്ക് തിരിതെളിച്ചോ മല്ലീശ്വരമുടിയില്‍ അയാള്‍ പൂജാരിയോടന്വേഷിച്ചു.
ഉംം….പൂജാരി മൂളി
അയാള്‍ ആ ക്ഷേത്രമതിലിലിരുന്ന് ദൂരേക്ക് നോക്കി ..തലയുയര്‍ത്തി നില്‍ക്കുന്ന മലമുടി..ശിവരാത്രി ഗോത്ര വര്‍ഗ്ഗക്കാരുടെ വലിയ ആഘോഷവും ആചാരാനുഷ്ടാനവുമാണ്..ആ സമയത്ത് ഈ സ്ഥലത്ത് വന്നാല്‍ കാലു കുത്താനാവില്ല..വ്രതമെടുത്ത് മലപൂജാരിമാര്‍ മലകയറി മല്ലീശ്വര മുടിയില്‍ വിളക്കുതെളിക്കും മലമുകളിലെ കിണറിലെ വെള്ളം തിരിച്ചുവരുന്ന പൂജാരിമാര്‍ ആദിവാസികള്‍ക്ക് കൊടുക്കും തീര്‍ത്ഥമാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്..അന്ന് താഴ്വരയിലെ ആണുങ്ങള്‍ മദ്യവും കഞ്ചാവുമടിച്ച് കിറുങ്ങി നടപ്പായിരിക്കും..പെണ്ണുങ്ങള്‍ തനതു ഉത്സവലഹരിയിലും..കഥ വിചിത്രമാണ് ശിവരാത്രി ആഘോഷത്തിന്റെ
പണ്ട് പണ്ട് പാര്‍വ്വതി ആദിവാസിയുവതിയായി ജനിച്ചു മൂപ്പന്റെ മകളായിട്ട്.. മല്ലി ദേവിയുടെ പേര്. മകള്‍ പ്രായപൂര്‍ത്തിയായപ്പോള്‍ എങ്ങാണ്ടൂന്നോ ഒരു യുവാവ് ഊരിലെത്തി..സുന്ദരിയായ മല്ലി ആദ്യ ദര്‍ശനത്തില്‍ അയാളുമായി അനുരക്തയാവുന്നു..അയാളും..
അന്യ ഊരില്‍ നിന്നെത്തിയ ഒരാളെ സ്ത്രീകള്‍ ഇഷ്ടപ്പെട്ടു കൂടാ..
ഒടുവില്‍ അയാളുമായൊരു യുദ്ധത്തിന് ഊരുകാര്‍ ഒരുങ്ങി…ശക്തിശാലിയായ അയാള്‍ അവരെ എതിര്‍ത്ത് പെണ്ണിനെ കൊണ്ടു പോവുന്നു.. അവരെ പിന്‍തുടര്‍ന്ന ആളുകള്‍ മല്ലീശ്വരമുടിയിലെത്തി അപ്പോള്‍ അവര്‍ കാണുന്നു
മലമുകളിലെ പാറയില്‍ വിശ്രമിക്കുന്ന മല്ലിയും അയാളും ..
ഊരു കാരെ കണ്ടതും രണ്ടു പേരും മയിലായി പറന്നുയരുന്നു..
അത്ഭുതത്തോടെ അവര്‍ മനസ്സിലാക്കി അത് ശിവപാര്‍വ്വതിമാരാണെന്ന്.. അവര്‍ വിശ്രമിച്ച പാറയിലാണ് ദീപം തെളിക്കുന്നത്..മല്ലിയെ പ്രണയിച്ച ശിവനെ മല്ലീശ്വരനാക്കി..താഴ്വരയില്‍ കാവുപണിതു.ആദിവാസികളാണ് പൂജാരികള്‍…ഉച്ചക്കും അമ്പലം അടക്കില്ലാ..
അയാള്‍ തെല്ലു ചിരിയോടെ ഓര്‍ത്തു !!
ഇത് തന്നെയാണ് ശിവപാര്‍വ്വതീ ചരിതം സഹ്യപുത്രിയുടെ പ്രണയം തപസ്സ്. പരീക്ഷണം അച്ഛന്റെ എതിര്‍പ്പ് കഥകള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്നെ നടന്നതോ വെറും ഭാവനയോ എന്തായാലും കേള്‍ക്കാന്‍ രസമാണ് പര്‍വ്വതപുത്രിയുടെ പ്രണയം..
അയാള്‍ എന്തിനാണ് കാടിനേയും മലയേയും സ്നേഹിക്കുന്നത്??
അറിഞ്ഞൂടാ..18 വയസ്സുമുതല്‍ ഈ ഏകാന്ത സഞ്ചാരമാണ്..ക്യാമറ സഹയാത്രികയും..രസമെന്നു തോന്നിയതെല്ലാം പകര്‍ത്തും .നീണ്ട 20 കൊല്ലത്തെ യാത്ര കേരളത്തിലെ മിക്ക വനമേഖലയും പരിചിതമായി.വേടമല കുറിഞ്ഞിമല അട്ടപ്പാടി വനമലനിരകള്‍ ..ശിരുവാണി
പക്ഷെ അയാള്‍ പോയിട്ടില്ലാത്ത മലയാണ് മല്ലീശ്വര മുടി കീഴടക്കാന്‍ അത്രയെളുപ്പമല്ല ഉയരം 1664 അടിയാണ് അട്ടപ്പാടി മലനിരകളുടെ അഗ്രഭാഗമാണ്..
എന്തോ കുറെയായി ആ മലമുടി അയാളെ മോഹിപ്പിക്കാന്‍ തുടങ്ങീട്ട് മൂന്നുദിവസം വേണ്ടിവരുമോ നടത്തം കുത്തനെയുള്ള കയറ്റങ്ങള്‍ ആയാസമാവും..ആ വനം അയാള്‍ക്ക് കാണാപാഠമാണ്.. ആനത്താരി മാറി ഒരു ഊടുവഴി അയാള്‍ കണ്ടു പിടിച്ചിട്ടുണ്ട്..
പ്രകൃതി ചതിക്കില്ല വനത്തിലെ ഒരു ജീവിയും 20 കൊല്ലമായുള്ള നീണ്ടയാത്രയില്‍ അയാളെ ഉപദ്രവിച്ചിട്ടില്ല..എന്തെല്ലാം കൗതുകങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി
വേനലില്‍,ശിശിരത്തില്‍ വസന്തത്തില്‍ പ്രകൃതിയിലെ എല്ലാ ഋതുഭേദങ്ങളിലും വിവിധയിനം ശലഭങ്ങള്‍ പക്ഷികള്‍ ഓന്തുകള്‍ ക്യാമറ കൗതുകമായി..പക്ഷികള്‍ വനത്തിലാണ് ദേശാടകരായി എത്തുന്നത് അധികവും ശലഭങ്ങള്‍ പൂക്കളേക്കാള്‍ ഭംഗിയുള്ളത്..മഴപോലെ പൊഴിയും ചിലയിടങ്ങളില്‍ ഇല വീഴാപൂഞ്ചോല, കാടിന്റെ ഹൃദയഭാഗത്താണ്.. തടാകമാണ് നാലുപുറം മരങ്ങളുടെ മതില്‍ മരത്തിലെ ഇലകള്‍ തടാകത്തില്‍ ഉതിരുന്ന കാഴ്ച ശിശിരത്തിലാണ്..അയാള്‍ക്കൊരു കൂട്ടുകാരനുണ്ട് ഗുണ്ടുമണിയെന്നയാള്‍ വിളിക്കുന്ന കുട്ടി കൊമ്പന്‍ .എപ്പോഴും പൂഴിയില്‍ കുതിര്‍ന്നാണ് നടപ്പ് ..കളിയാണ് മണ്ണില്‍ ..അയാള്‍ അവനുവേണ്ടി ഇത്തിരി ശര്‍ക്കരയോ ഒരു പടല പഴമോ കയ്യില്‍ കരുതാറുണ്ട്…
അയാള്‍ വേഗം നടന്നു ഇരുട്ടിയാല്‍ വിശ്രമിക്കാനൊരു പാറ ഗുഹയുണ്ട് ഇത്തവണ പോയേ പറ്റു!!! മല്ലിശ്വരമുടിയില്‍.. രണ്ടോ നാലോ ദിവസമാവട്ടെ..കുറച്ച് ആഹാരം കരുതീട്ടുണ്ട് ..
രാത്രി തീ കൂട്ടി തണുപ്പിന്റെ കാഠിന്യം കുറച്ചു കോടയിറങ്ങീട്ടുണ്ട്..ദൂരെ ഒന്നും കാണാന്‍ വയ്യ.
നാല്പതായി വയസ്സ് ഒരു കൂട്ട് വേണ്ടെന്ന് വെച്ചത് ഈ യാത്ര കമ്പം കൊണ്ടാണ് ഭാര്യയോടൊത്തുള്ള ജീവിതം തന്റെ കാലില്‍ ചങ്ങലവീഴുമെന്ന ഭയം.. കാടിനെ പ്രകൃതിയെ പേരറിയാ കിളികളെ സ്നേഹിക്കാം.. ഈ നിശ്ശബ്ദതയെ പ്രണയിക്കാം. .ഒടുവിലേതെങ്കിലും വിചനതയില്‍ പൊലിഞ്ഞു തീരാം..
ആലോചനക്കൊടുവില്‍ എപ്പോഴോ അയാളുറങ്ങി..
വിറകുകത്തിച്ച് ചായകെറ്റിലില്‍ വെള്ളം തിളപ്പിച്ച് ചായ തയ്യാറാക്കി. കുറച്ച് ബിസ്കറ്റും പഴവും കൂടി കഴിച്ച് വിശപ്പടക്കി അയാള്‍ യാത്ര തുടര്‍ന്നു..
കാട് കയറ്റമായി ബുദ്ധിമുട്ടില്ലാത്ത ചരിഞ്ഞ കയറ്റം തിരഞ്ഞെടുത്തു.. ആയാസ രഹിതമാക്കാന്‍..ഹോയ്.. പിന്നിലൊരു വിളി.. അയാള്‍ തിരിഞ്ഞു നോക്കി..വിറകു ചുമടുമായി ഒരു കാട്ടു പെണ്ണ്..അവള്‍ ചുമട് താഴേക്കിട്ട് അയാള്‍ക്കരികിലേക്ക് വന്നു..
നീ അയാള്‍ ചോദിച്ചു??
കണ്ടില്ലേ വിറകൊടിക്കാന്‍ വന്നത്..!! അവളുടെ മറുപടി
ഒറ്റക്കോ ഈ കൊടും കാട്ടില്‍!!!
ഞങ്ങടെ കാടല്ലേ പേടിക്കാനെന്താ.??
ഉം പക്ഷെ ഒറ്റയാനറിയോ നീ ആരാന്ന്..
അയാള്‍ കളിയാക്കി.
നിങ്ങള്‍ ഒറ്റക്കെങ്ങോട്ടാ..?അവള്‍ മറുചോദ്യമിട്ടു.
ഏയ് ഞാന്‍ കുറെ ചിത്രമെടുക്കാന്‍..!!
അവള്‍ പോകുന്ന ലക്ഷണമില്ല. അവസാനം സത്ത്യം പറഞ്ഞു .. മല്ലിശ്വരമുടിയാണ് ലക്ഷ്യമെന്ന്.
ഞാന്‍ കൊണ്ടുപോവാം.. ഒരു ഊടു വഴിയുണ്ട് ഞങ്ങള്‍ക്ക് മാത്രം അറിയുന്നത്!!
അയാള്‍ അത്ഭുതപെട്ടു പെണ്ണുങ്ങള്‍ പോവോ??
പാര്‍വ്വതി പെണ്ണല്ലേ ?അവള്‍ തിരിച്ചു ചോദിച്ചു.
നീ പാര്‍വ്വതിയല്ലലോ.. മാത്രമല്ല നിന്നെ വീട്ടില്‍ തിരക്കില്ലെ??
നമുക്ക് സന്ധ്യക്കു മുന്നേ പോയിവരാം നിങ്ങള്‍ കാര്യമായി കാശെന്തേലും തന്നാ മതി !!!അവള്‍ പറഞ്ഞു..ഒടുക്കം അയാള്‍ അവളെ കൂടെ കൂട്ടി. വഴിയില്‍ അയാള്‍ അതുവരെ കാണാത്ത പക്ഷികളെയും പൂക്കളേയും ക്യാമറയിലാക്കി.
ഒരിക്കല്‍ അവളേയും..
മലമുകളിലവരെത്തി..അയാളെ വിസ്മയിപ്പിച്ചആ മലയും ശിവപാര്‍വ്വതിമാരെ കണ്ട പാറയും അയാള്‍ നിര്‍വൃതിയോടെ നോക്കിയിരുന്നു..ആ പാറയില്‍ നിന്ന് രണ്ടു മയിലുകള്‍ പറന്നുയരുന്നത് അയാള്‍ ഭാവനയില്‍ കണ്ടു..
തിരിച്ചെത്തിയപ്പോള്‍ സന്ധ്യയായി..അയാളോട് യാത്രയോതി അവള്‍ നടന്നു..താഴ്വരയിലെ അവസാനബസ്സില്‍ സ്വന്തം താമസസ്ഥലത്തേക്ക് അട്ടപ്പാടി ചുരമിറക്കം കാണാനാവാതെ കോട..അയാള്‍ മിഴിയടച്ച് ബസ്സില്‍ ഒരു ചെറുമയക്കത്തിലായി..
പിറ്റേന്നയാള്‍ തലേന്നെടുത്ത ഫോട്ടോസ് ലാപ്പിലേക്ക് കയറ്റികൊണ്ടിരുന്നു. അയാള്‍ വീണ്ടും വീണ്ടും നോക്കി തനിക്കു വഴികാണിച്ച അവളെവിടെ ????ഒരു ചിത്രത്തിലും അവളില്ല..!!! അവസാനം ഒരു ഉള്‍ക്കിടിലത്തോടെ രോമാഞ്ചത്തോടെ അയാള്‍ അവളുടെ പേരോര്‍ത്തു…
മല്ലി!!!!!!