എന്റെ വലതു കൈ പിടിച്ചു മുറിവിന്മേൽ ചുണ്ട് അമർത്തി. എന്നെ ഇച്ചായൻ നെഞ്ചോടു ചേർത്ത് കിടത്തി. ഇടം കൈയിൽ…

കാപ്പിപ്പൂമണം ~ രചന: സിയാ ടോം

കാപ്പിപ്പൂവിന്റെ മത്തു പിടിപ്പിക്കുന്ന മണം മൂക്കിൽ അടിച്ചു കയറിയപ്പോഴാണ് കണ്ണ് തുറന്നതു.

“സ്ഥലം എത്തി കേട്ടോ കൊച്ചേ “

ഡ്രൈവർ ചേട്ടനാണ്. ഒരു വലിയ ഗേറ്റിന്റെ മുന്നിൽ വണ്ടി നിർത്തിയിരിക്കുന്നു. റോഡിൽ നിന്ന് കുറച്ചു ഉള്ളിലേക്കാണ് വീട്. രണ്ടു മിനിറ്റോളം നടക്കാൻ കാണും.

“മുറ്റത്തോട്ട് കയറ്റി നിർത്തണോ? ” ഡ്രൈവർ ചേട്ടൻ ചോദിച്ചു..

“വേണ്ട. നടന്നു പൊയ്ക്കൊള്ളാം. ഇത്രയും നേരം യാത്ര ചെയ്തതിന്റെ ക്ഷീണം ഒന്നു മാറട്ടെ “

ടാക്സി കൂലി കൊടുത്തു ഷോൾഡർ ബാഗും ട്രോളി ബാഗും എടുത്തു മുന്നോട്ടു നടന്നു. പറമ്പിന്റെ നടുവിലൂടെയാണ് വഴി. വെട്ടുകല്ലുകൾ പാകിയിരിക്കുന്നു
പലവിധ കൃഷികളാണ് പറമ്പ് നിറയെ. പൂത്തു നിൽക്കുന്ന വെള്ള കാപ്പിപ്പൂവിന്റെ മണമാണ് ഏറെ ആകർഷിച്ചത്.

കാളിങ് ബെല്ലിൽ വിരലമർത്തി ചുറ്റുമൊന്ന് നോക്കി. പഴയ മോഡൽ ഒരു ഇരുനില വീട്. സൈഡിൽ ഔട്ട്‌ ഹൗസ് പോലെ ഒരു കെട്ടിടം കൂടിയുണ്ട്. മുറ്റം നിറയെ ചരൽ പാകിയിരിക്കുന്നു. ചുറ്റും പലവിധമായ ചെടികൾ പൂത്തു നിറഞ്ഞു നിൽപ്പുണ്ട്.

ഒരിക്കൽ കൂടി ബെല്ലമർത്തി.

“ആരാ? “

നരച്ച മുടിയുള്ള….വട്ട കണ്ണട വച്ച…ചട്ടയും മുണ്ടും ഉടുത്ത ഒരമ്മച്ചി ഇറങ്ങി വന്നു.

“ഞാൻ നവ്യ.. പേയിങ് ഗസ്റ്റ് ആയിട്ട് വരുന്ന കാര്യം പറഞ്ഞിരുന്നു. “

“ഓ പള്ളിവക സ്കൂളിൽ പഠിപ്പിക്കാൻ വന്നതല്ലിയൊ? ” ഞാൻ അതെയെന്നു തലയാട്ടി.

“കയറി വാ.. “

അമ്മച്ചി തന്ന കട്ടൻ കാപ്പി കുടിച്ചു കൊണ്ട് സോഫയിൽ ചാഞ്ഞിരുന്നു

“കൊച്ചു അടുത്തയാഴ്ച വരുമെന്നല്ലിയോ പറഞ്ഞിരുന്നത്”

“എത്രയും പെട്ടന്ന് വന്നു ജോയിൻ ചെയ്യണമെന്ന് സ്കൂളിൽ നിന്നും വിളിച്ചു പറഞ്ഞിരുന്നു. അതാണ് മുന്നേ കൂട്ടി വിളിച്ചറിയിക്കാൻ പറ്റാഞ്ഞത് ” ഞാൻ ക്ഷമാപണം പോലെ പറഞ്ഞു.

“ഔട്ട്‌ ഹൌസിൽ താമസം ശരിയാക്കാം എന്നാണ് വിചാരിച്ചിരുന്നത്. പണിക്കാരെയൊന്നും കിട്ടിയില്ല. അതൊന്ന് ശരിയാക്കുവാൻ. ഇപ്പോൾ എന്തോ ചെയ്യും.”

അമ്മച്ചി താടിക്ക് കൈ കൊടുത്തു.

“കൊച്ചിന് ഇവിടെ മുകളിലെ ഒരു മുറി തല്ക്കാലം തരാം. ഒരാഴ്ചക്കുള്ളിൽ ഔട്ട്‌ ഹൌസ് റെഡിയാക്കാം. എന്ത് പറയുന്നു? “

ഞാൻ സമ്മതം പോലെ തലയാട്ടി.

“ഇവിടെ ഞാനും എന്റെ കെട്ടിയവൻ വർക്കിച്ചനും കൊച്ചുമോൻ ഡേവിസുമാണ് താമസം. കൃഷിയാണ് പ്രധാനമായിട്ടും. രണ്ടു പേരും തോട്ടത്തിൽ പോയേക്കുവാ.
വൈകുന്നേരം എത്തും. “

മുകളിലെ നിലയിൽ ഒരു റൂം റെഡിയാക്കിത്തന്നു ജോലിക്കു നിൽക്കുന്ന ഗ്രേസി ചേച്ചി..പിറകിലെ വാതിൽ തുറക്കുന്നത്… ബാൽക്കണിയിലേക്കാണ്. അവിടെ നിന്നു നോക്കിയാൽ തേയിലത്തോട്ടങ്ങളും അതിന്റെ നടുക്ക് ഉയർന്നു നിൽക്കുന്ന പള്ളിയും സെമിത്തേരിയും എല്ലാം കാണാം. ഒരുറക്കം കഴിഞ്ഞെഴുന്നേറ്റപ്പോൾ വൈകുന്നേരമായി.

“അന്നമ്മോ “

ഉറക്കെയുള്ള വിളി കേട്ടാണ് താഴേക്കിറങ്ങി ചെന്നത്.പ്രായമായ ഒരപ്പച്ചൻ സിറ്റ്ഔട്ടിൽ ഇരിക്കുന്നു. “ആ കൊച്ചു വന്ന കാര്യം ഇവൾ വിളിച്ചു പറഞ്ഞിരുന്നു. നവ്യ അല്ലിയോ. ഞാൻ വർക്കിച്ചൻ…ഇതെന്റെ കൊച്ചുമോൻ ഡേവിസ്. അരഭിത്തിൽ ചാരി പുറത്തേക്ക് കാൽ നീട്ടിയിരിക്കുന്ന ആളെ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്….

കൂട്ടു പുരികവും…..ഉയർന്നു നീണ്ട മൂക്കും..കുറ്റിത്താടിയും…ഇരു നിറവും..കലിപ്പ് ലുക്കും…മൊത്തത്തിൽ ഒരാനച്ചന്തം

ഞാൻ അയാളെ നോക്കി ചിരിച്ചു..ഡേവിസ് എന്നെ മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറിപ്പോയി.ജാഡ ആയിരിക്കും..രാത്രി എല്ലാവരും ഒരുമിച്ചിരുന്നാണ് അത്താഴം കഴിച്ചത്.അപ്പോഴും അയാൾ എന്നെ നോക്കി കൂടിയില്ല.കുറഞ്ഞ സമയം കൊണ്ട് അപ്പച്ചനും അമ്മച്ചിയുമായി നല്ല അടുപ്പമായി.

കിടക്കാൻ നേരം ബാൽക്കണിയിലെ ജനലരികിൽ ഒരു നിഴൽ കണ്ടു. ഞെട്ടി പിന്നോട്ട് ചാടി.പാതിയടഞ്ഞ വാതിലിൽ കൂടെ വന്ന വെളിച്ചത്തിൽ പള്ളിയിലേക്ക് നോക്കി നിൽക്കുന്ന ഡേവിസിനെ കണ്ടു.രണ്ടു മുറിയുടെയും വാതിലുകൾ തുറക്കുന്നതു ഒരേ ബാൽക്കണിയിലേക്കാണെന്ന് ഞാൻ അപ്പോഴാണ് ശ്രദ്ധിക്കുന്നത്.

പിറ്റേന്ന് തന്നെ സ്കൂളിൽ പോയി ജോലിയിൽ ചേർന്നു.വീട്ടിൽ നിന്നും പത്തു മിനിറ്റ് നടക്കണം ബസ്റ്റാന്റിലേക്ക് അവിടെ നിന്നും ബസിൽ ഒരു പതിനഞ്ചു മിനിറ്റ്. നല്ല അന്തരീക്ഷമുള്ള സ്കൂൾ. വലിയ ഗ്രൗണ്ട്…വലിയ നിഴൽ മരങ്ങളും..തണുപ്പ് നിറഞ്ഞ കാലാവസ്ഥയും.. മനസ്സിൽ ഒരു സന്തോഷവും സമാധാനവും തോന്നി..കൂടുതലും തോട്ടം തൊഴിലാളികളുടെ കുട്ടികൾ ആണവിടെ പഠിക്കുന്നത്.എല്ലാം കൊണ്ടു എനിക്ക് മനസങ്ങു പിടിച്ചു പോയി..

ഔട്ട്‌ ഹൌസിലേക്ക് മാറേണ്ടന്ന് അപ്പച്ചനും അമ്മച്ചിയുമാണ് പറഞ്ഞത്. അമ്മച്ചിക്ക് അഡാർ കൈപ്പുണ്യമാണ്.ഞാനും അമ്മച്ചിയുടെ കൂടെ ചേർന്നു അല്ലറ ചില്ലറ പരീക്ഷണങ്ങൾ നടത്തും.ഒഴിവു സമയങ്ങളിൽ അപ്പച്ചന്റെ കൂടെ പറമ്പിലും തോട്ടങ്ങളിലുമൊക്കെ പോകും. അപ്പോഴും ഡേവിസ് മാത്രം എന്നിൽ നിന്ന് അകലം പാലിച്ചു എന്തെങ്കിലും ചോദിച്ചാൽ ഒന്നോ രണ്ടോ വാക്കിൽ മറുപടി പറയും.

ഒരു വൈകുന്നേരം അപ്പച്ചനും അമ്മച്ചിയും ഞാനും ടിവിയിൽ ഏതോ ഒരു തമാശ കണ്ട് പൊട്ടിച്ചിരിച്ചു.

“അല്പം ഒച്ച കുറച്ചു കൂടെ. ഞാൻ ഇവിടെ കാര്യമായി ജോലി ചെയ്യുവാ “

ഡേവിസിന്റെ ഒച്ച ഉയർന്നു.എന്നെ കനപ്പിച്ചു നോക്കിയിട്ട് അകത്തേക്ക് കയറിപ്പോയി.

“അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാഅമ്മച്ചിടെ കൊച്ചുമോൻ ഒന്ന് ചിരിക്കുക കൂടിയില്ലേ “

ഞാൻ അമ്മച്ചിയെ നോക്കി.അമ്മച്ചിയുടെ കണ്ണുകൾ നിറഞ്ഞു.ഞാനും വല്ലാതെ ആയി.

“എങ്ങനെ നടന്ന കൊച്ചാന്നറിയുവോ? “

അമ്മച്ചി മൂക്ക് ചീറ്റി.

“എന്റെ മൂത്തമകൻ ജോണിക്കുട്ടീടെ മോനാ..ഇവന് അഞ്ചു വയസുള്ളപ്പോഴാ ജോണിക്കുട്ടി അറ്റാക്ക് വന്നു മരിക്കുന്നത്..ജോണിക്കുട്ടിയുടെ മരണ ശേഷം റോസി അവന്റെ അമ്മ അവനെ ബോർഡിംഗിൽ കൊണ്ടു പോയി ചേർത്തു .രണ്ടു വർഷം കഴിഞ്ഞപ്പോൾ അവൾ വേറെ കല്യാണം കഴിച്ചു പോയി.ആ ബന്ധത്തിൽ അവൾക്കു രണ്ടു പെൺകുട്ടികൾ ഉണ്ട്..വർഷത്തിൽ ഒരിക്കൽ കിട്ടുന്ന അവധിക്ക് ഡേവിച്ചൻ ഇങ്ങോട്ട് വരും. ഞങ്ങൾ ഒരുപാട് ശ്രമിച്ചതാ ഡേവിച്ചനെ ഞങ്ങളുടെ കൂടെ നിർത്തുവാൻ….പക്ഷേ റോസി സമ്മതിച്ചില്ല..പഠിത്തം ഒക്കെ കഴിഞ്ഞപ്പോഴേക്കും അവനു ഒരു മാതിരി സ്വഭാവം ആയി . അധികം ആരോടും സംസാരിക്കില്ല..ചിരിക്കില്ല..

എം ബി എ പഠിച്ചത്.. ബാംഗ്ലൂർ ആണ്. റാങ്ക് ഒക്കെ ഉണ്ടായിരുന്നു..അവിടെ ജോലിയൊക്കെ ആയിക്കഴിഞ്ഞു ഇവിടെ ഇടക്ക് വരും. അങ്ങനെ കണ്ടു പരിചയപ്പെട്ടതാ തെരേസ കൊച്ചിനെ. പള്ളിയിൽ കൊയർ പാടുന്ന ഒരു സുന്ദരി കൊച്ചു..

ഈ വരച്ച പടങ്ങളും ഈ മുറ്റത്തെ ചെടികളും ഒക്കെ അവളുടെയാ..അടിക്കടി ഇവിടെ വരുമായിരുന്നു. വലിയ സ്നേഹം ആയിരുന്നു.. ഞങ്ങളോടും..അവനോടും..ആ കൊച്ചു വന്നേ പിന്നെ ഇവൻ ആളാകെ മാറി..കളിയും…. ചിരിയും……

എല്ലാം മാറി മറിഞ്ഞത് ഒറ്റ നിമിഷത്തിൽ ആയിരുന്നു.ബ്രെയ് ട്യൂമർ ആയിരുന്നു..അടിക്കടി വരുന്ന തലവേദന കാണിക്കാൻ പോയതാ ആശുപത്രിയിൽ.ലാസ്റ്റ് സ്റ്റേജ്..ഒരു മാസം കഷ്ടിച്ച് ജീവിച്ചു..ആ കൊച്ചു പോയതോടെ അവൻ വീണ്ടും പഴയ പോലെയായി ബാൽക്കണിയിൽ നിന്ന് എന്നും അവളെ അടക്കിയ ഇടത്തോട്ട് നോക്കി നിൽക്കുന്നത് കാണാം.”

അമ്മച്ചി ദീർഘ ശ്വാസം വിട്ടു. പാവം. ഡേവിസ്..എനിക്ക് സങ്കടം തോന്നി..രാത്രി ബാൽക്കണിയിൽ നിന്ന ഡേവിസിന്റെ അടുത്തു ചെന്നു

“അമ്മച്ചി എല്ലാം പറഞ്ഞയിരിക്കും അല്ലേ? ” ഡേവിസ് എന്നെ നോക്കി.

“ഈ സഹതാപത്തോടെയുള്ള നോട്ടം എനിക്കിഷ്ടമല്ല. “

അത്രയും പറഞ്ഞു ഡേവിസ് വാതിൽ വലിച്ചടച്ചു.

ദിവസങ്ങളും ആഴ്ചകളും കടന്നു പോയി.ഒരു ദിവസം അപ്പച്ചനോടും അമ്മച്ചിയോടും വർത്തമാനം പറഞ്ഞു കൊണ്ട് വരാന്തയിൽ
ഇരിക്കുകയായിരുന്നു.ഡേവിസ് എവിടെയൊ പോയേക്കുവാണ് രണ്ടു ദിവസത്തേക്ക്.ഒരു മുരൾച്ചയോടെ മുറ്റത്തു വന്നു നിന്ന ഇന്നോവയിൽ നിന്നും പുറത്തിറങ്ങിയ ആളെ കണ്ടു വിറച്ചു പോയി ഞാൻ

“ശേഖറങ്കിൾ “

“പുന്നാര മോളെ ഒളിച്ചു താമസിച്ചാൽ കണ്ടു പിടിക്കില്ലന്നു കരുതിയോ?”

അയാൾ വായിലെ മുറുക്കാൻ നീട്ടി തുപ്പി.

“നിന്റെ ആ കൂട്ടുകാരൻ ചെക്കൻ ഉണ്ടല്ലോ അജി അവനെ ഞങ്ങളങ്ങ് പൊക്കി. ചോദിക്കണ്ട പോലെ ചോദിച്ചപ്പോൾ മണി മണി പോലെയവൻ കാര്യങ്ങൾ പറഞ്ഞു. അവന്റെ കെയർ ഓഫിൽ പള്ളിവക സ്കൂളിൽ ജോലി വാങ്ങിച്ചതും ഇവിടെ ഒളിച്ചു താമസിക്കുന്നതും എല്ലാം. “

അയാൾ പുച്ഛിച്ചു ചിരിച്ചു.ഞാൻ തറഞ്ഞു നിന്നു.അപ്പച്ചനും അമ്മച്ചിയും ഒന്നും മനസിലാകാതെ നിൽക്കുവാണ്.

“നീ മര്യാദക്ക് വന്നാൽ നിനക്ക് കൊള്ളാം. ഇല്ലെങ്കിൽ തൂക്കിയെടുത്ത് കൊണ്ടു പോകും ഞാൻ.”

അയാൾ മുരണ്ടു..

“നാളെ രാവിലെ പത്തുമണിക്ക് നിന്നെ കൂട്ടാൻ ആള് വരും..ഇവിടെ രെജിസ്റ്റാറാഫീസിൽ വച്ചു എന്റെ മകൻ നിന്നെ കല്യാണം കഴിക്കും ” വല്ലോം ഏടാകൂടവും ഒപ്പിക്കാനാണ് പ്ലാനെങ്കിൽ.. “

അയാൾ ഒന്ന് നിർത്തി..മീശ ഒന്നു പിരിച്ചു..

“നിന്റെ തന്തയേയും തള്ളയേയും പറഞ്ഞു വിട്ട പോലെ നീയും പോകും…കേട്ടല്ലോ…”

ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞിട്ട് അയാൾ വണ്ടി വേഗത്തിൽ ഓടിച്ചു പോയി. ഒരു പൊട്ടികരച്ചിലോടെ അമ്മച്ചിയുടെ നെഞ്ചിലേക്ക് വീണു.

പപ്പായുടെ ബിസിനസ്‌ പാർട്ണർ ആയിരുന്നു ശേഖറങ്കിൾ..സ്വത്തിനു വേണ്ടി പപ്പയെയും അമ്മയെയും കൊന്നു ആക്‌സിഡന്റ് ആണെന്നു വരുത്തി തീർത്തു. പപ്പാ മരണത്തിന് മുൻപ് എല്ലാം എന്റെ പേരിൽ എഴുതി വച്ചിരുന്നു..ഇപ്പൊ എന്റെ പേരിൽ ഉള്ള സ്വത്തുക്കൾ കിട്ടാൻ വേണ്ടി മകനെ കൊണ്ട് കെട്ടിക്കാൻ നടക്കുവാണ്.

ആ രാത്രി ഉറങ്ങാതെ വെളുപ്പിച്ചു.അനാഥത്വം എത്ര വേദനയാണ്..സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ..വെറുതെ മോഹിച്ചു….എന്തു ചെയ്യാൻ പറ്റും ..അപ്പച്ചനും അമ്മച്ചിയും എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുന്നു.

പിറ്റേന്ന് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കൊല്ലാൻ കൊണ്ടു പോകുന്ന അറവു മാടിന്റെ അവസ്ഥയായിരുന്നു എനിക്ക്.അമ്മച്ചിയും അപ്പച്ചനും കരയുന്നുണ്ട്. രണ്ടു പേരെയും ചേർത്തു പിടിച്ചു കവിളിൽ ഉമ്മ വച്ചു.ഞാൻ കാരണം അവർക്ക് ഒരു ദോഷവും വരാൻ പാടില്ല.

രജിസ്റ്റർ ഓഫീസിനു മുന്നിൽ കാത്തു നിന്ന അയാളുടെയും മകന്റെയും മുഖത്തു ജയിച്ച ഭാവം ഉണ്ടായിരുന്നു.കണ്ണീർ ഒഴുകി കാഴ്ച മറച്ചു.രജിസ്റ്ററിൽ കുനിഞ്ഞു ഒപ്പ് വയ്ക്കുമ്പോഴാണ് ആക്രോശം കേട്ടത്

“ഡേവിച്ചന്റെ പെണ്ണിനെ കല്യാണം കഴിക്കാൻ മാത്രം ധൈര്യം ആർക്കാഡാ ഉള്ളത്? “

പിന്നിൽ ഡേവിച്ചൻ നിൽക്കുന്നു.മടക്കികുത്തിയ മുണ്ടും..തെറുത്തു കയറ്റിയ ഷർട്ടിന്റെ കൈയും..അയാളും മകനും പേടിച്ചു വിളറുന്നത്‌ ഞാൻ കണ്ടു..

“ശേഖരാ പണ്ട് ഞാൻ നിനക്കൊരു വാണിങ് തന്നതാണ്. എന്റെ നേരെ കോർക്കരുതെന്ന് ഓർമ്മയുണ്ടോ?”

അയാളുടെ കുത്തിനു പിടിച്ചു ഡേവിച്ചൻ അലറി..

“വിട് ഡേവിച്ചാ.. നീയാ ഒപ്പ് ഇട് “

അപ്പച്ചൻ പിന്നിൽ നിൽപ്പുണ്ട്.ഇച്ചായൻ എന്നെയൊന്നു നോക്കി..രജിസ്റ്ററിൽ ഒപ്പു വച്ചു .എന്റെ കഴുത്തിൽ മാല ചാർത്തുമ്പോൾ ഇച്ചായന്റെ സ്വരം കാതിൽ വീണു.

“പേടിച്ചു പോയോ…. ഞാൻ വന്നില്ലേ “

കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെയാണ് എനിക്കു തോന്നിയത്.

“ഇവൾ നവ്യ ഡേവിസ് ജോൺ. എന്റെ ഭാര്യ. ഇനി ഇവളുടെ നിഴൽ വെട്ടത്തെങ്ങാനും നിന്നെക്കണ്ടാൽ.. “

ഡേവിച്ചൻ ശേഖറിന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് എന്നെ ചേർത്തു പിടിച്ചു.

മെഴുകുതിരിയും കൊന്തയും കൈയിൽ തന്ന് അമ്മച്ചി വീട്ടിലേക്ക് പിടിച്ചു കയറ്റി.
തിരുരൂപത്തിനു മുന്നിൽ വച്ചു ഡേവിച്ചൻ എന്റെ കഴുത്തിൽ മിന്നു കെട്ടി.

“ഇനി കരയണ്ട എല്ലാം ശരിയായില്ലേ “

അമ്മച്ചി ആശ്വസിപ്പിച്ചു.രാത്രി പാലും തന്ന് അമ്മച്ചി മുറിയിലേക്കു പറഞ്ഞു വിടുമ്പോൾ ഒരു പേടിയും വിറയലും എന്നെ മൂടി. ബാൽക്കണിയിൽ പള്ളിയിലേക്ക് നോക്കി ഡേവിച്ചൻ നിൽപ്പുണ്ട്.

“നവ്യ… തന്റെ അവസ്ഥ അപ്പച്ചനും അമ്മച്ചിയും പറഞ്ഞാണ് അറിഞ്ഞത്.
സഹായിക്കണം…. രക്ഷിക്കണം.. അത്രേ തോന്നിയുളൂ. ശേഖർ.. അവനെ എനിക്കറിയാം.. ഒരിക്കൽ ഒരു ബിസിനസിൽ ഒന്ന് പിശകിയതാണ് ” എന്നെ ഒന്നു നോക്കി..

“ഇവിടെ താൻ സുരക്ഷിതയായിരിക്കും. വേറൊന്നും എന്നിൽ നിന്നും പ്രതീക്ഷിക്കരുത്. “

ഡേവിച്ചൻ പറഞ്ഞു നിർത്തി.

“ഇച്ചായൻ.. അങ്ങനെ വിളിക്കാമോ?ഇല്ലേലും ഞാനും അങ്ങനെയെ വിളിക്കൂ. ഈ താലി ഒരു ബാധ്യതയായിട്ട് കാണേണ്ട.ഇതിന്റെ അവകാശം പറഞ്ഞു ഞാനും വരില്ല.. ഓർമ വച്ച നാൾ തൊട്ട് വേദനകളും സങ്കടങ്ങളും മാത്രമേ ഉണ്ടായിട്ടുള്ളൂ..സ്നേഹം നടിച്ചു കൂടെ നിന്നവർക്ക് പണത്തിലാണ് കണ്ണ് എന്നു മനസിലാക്കാൻ വൈകി.ജീവൻ കൈയിൽ പിടിച്ചു ഓടാൻ തുടങ്ങിട്ട് നാൾ കുറെയായി..എനിക്ക് വലിയ ആഗ്രഹം ഒന്നുമില്ല.. എന്നും മനസ്സമാധാനത്തോടെ ഉറങ്ങണം അത്രേ ഉള്ളൂ..ഞാൻ ഒരിക്കലും ഒരു ബുദ്ധിമുട്ട് ആവില്ല.” അത്രയും പറഞ്ഞു തിരിച്ചു നടന്നു.

പിന്നീടങ്ങോട്ട്‌ സന്തോഷത്തിന്റെ നാളുകളായിരുന്നു..സ്കൂളിലെ ജോലിയും….വൈകുന്നേരങ്ങളിൽ അപ്പച്ചനോടൊപ്പം കൃഷിയിൽ സഹായിച്ചും…അമ്മച്ചിയോടൊപ്പം പുതിയ റെസിപ്പികൾ പരീക്ഷിച്ചും..ചെടികൾ നട്ടും അങ്ങനെ..ഇച്ചായൻ ചിലപ്പോഴോക്കെ എന്നെ നോക്കി ചിരിക്കും..ഒന്നോ രണ്ടോ വാക്കുകൾ സംസാരിക്കും.. അതു മതിയായിരുന്നു എനിക്ക്..താലി കെട്ടിയ ആൾ അല്ലേ …സ്നേഹിച്ചു പോയി…പ്രണയിച്ചു പോയി…നിശബ്ദമായി..

അപ്പച്ചന്റെയും അമ്മച്ചിയുടെയും വിവാഹ വാർഷികത്തിന്റെയന്നു അവർക്ക് ഡ്രസ്സ്‌ വാങ്ങിയ കൂട്ടത്തിൽ എനിക്കുമുണ്ടായിരുന്നു ഒരു കവർ.

“ഇഷ്ടപ്പെടുമോ എന്നറിയില്ല.”

എന്നും പറഞ്ഞു എന്റെ കൈയിൽ തന്നിട്ട് പോയി…ഇളം നീലയിൽ കറുപ്പു പൂക്കൾ തുന്നിയ ഒരു സാരി.. ഞാൻ അത് നെഞ്ചോടു ചേർത്ത് കരഞ്ഞു. ആദ്യ സമ്മാനം…അടുത്ത ദിവസം രാവിലെ സ്കൂളിൽ അതുടുത്തു കൊണ്ടിറങ്ങിയ എന്ന് കണ്ടു ഇച്ചായന്റെ മുഖം വിടരുന്നതും..എന്നെ കണ്ണിമയ്ക്കാതെ നോക്കുന്നതും ഞാൻ കണ്ടു…സന്തോഷം കൊണ്ടു മതി മറന്നു പോയി. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ബുള്ളറ്റ് കൊണ്ടു വന്നു നിർത്തിയിട്ട്

“വാ ഞാൻ അങ്ങോട്ടാണ്. സ്കൂളിന് മുന്നിൽ ഇറക്കാം”

ഒരു ചിരിയോടെ പറയുന്ന ഇച്ചായനെ ഞാൻ നിറ കണ്ണുകളോടെ നോക്കി. ഇച്ചായന്റെ പിന്നിൽ ഇരുന്നു ഒരു യാത്ര..മനസ് നിറഞ്ഞു..വൈകുന്നേരം എന്നെ കാത്തു സ്കൂളിന്റെ ഗേറ്റിൽ നിന്നെ ഇച്ചായനെ കണ്ടു ഞാൻ അമ്പരന്നു.

“കുറച്ചു പണിയുണ്ടായിരുന്നു.. നിന്നെ കൂട്ടിട്ട് പോകാന്ന് കരുതി.. മഴ വരുന്ന പോലെയുണ്ട്. നീ ലേറ്റ് ആയാലോ “

വീടെത്തും മുൻപേ മഴ പെയ്തു..ആ മഴയിൽ നനഞ്ഞു ഞാൻ ഇച്ചായനോട്‌ ചേർന്നിരുന്നു..

അപ്പച്ചനോട് ചേർന്നു കപ്പ പറിക്കുവായിരുന്നു. മഴ പെയ്ത തറയിൽ ചവിട്ടി നിന്നപ്പോൾ ബാലൻസ് കിട്ടിയില്ല തെന്നിപ്പോയി.

“നിനക്ക് അറിയാവുന്ന പണിക്ക് പോയാൽ പോരെ..”

മടങ്ങിയ കാൽ അപ്പച്ചൻ കുഴമ്പ് തേച്ചു വലിച്ചു വിടുമ്പോൾ വേദന സഹിക്കാൻ പറ്റാതെ ഉറക്കെ കരഞ്ഞു. എന്നെ നെഞ്ചോടു ചേർത്തു പിടിച്ചു ദേഷ്യപ്പെടുവാണ് ഇച്ചായൻ

“സാരമില്ല…. നാളത്തേക്ക് ശരിയാകും.” എന്നെ കസേരയിൽ ചാരി ഇരുത്തി ഇച്ചായൻ.

“അവൻ ഇച്ചിരി ഇളകി തുടങ്ങിയെന്നാ തോന്നുന്നത് തെരേസക്കൊച്ചിനോടും ഇങ്ങനെയായിരുന്നു. “

എന്ന് അമ്മച്ചി പറയുമ്പോൾ ഞാൻ അത്ഭുതപ്പെട്ടു.

“നാളെ ഒരു കല്യാണം ഉണ്ട് നീയും വാ “

എന്ന് പറഞ്ഞു… കല്യാണത്തിനു കൂടെ കൊണ്ടു പോയി. കല്യാണവീട്ടിൽ വച്ചു എന്റെ ഭാര്യയെന്ന് പറഞ്ഞു എല്ലാവർക്കു പരിചയപെടുത്തുമ്പോഴും…എന്റെ വിരലിൽ വിരൽ കോർത്തു പിടിച്ചപ്പോഴും ഞാൻ ഇച്ചായനോട് ചേർന്നു നിന്നു..

ഉച്ച കഴിഞ്ഞു റൂം ക്ലീൻ ചെയ്യുവായിരുന്നു..മേശമേൽ ഇരുന്നു ബുക്സ് അടുക്കി വയ്ക്കുന്നതിനിടയിൽ തെരേസയുടെ ഫ്രെയിം ചെയ്ത ഫോട്ടോ താഴെ വീണുടഞ്ഞു വിറച്ചു പോയി..വെപ്രാളത്തോടെ വാരിയെടുക്കുമ്പോൾ ചില്ല് തറച്ചു വലതു കൈയിൽ ആഴത്തിൽ ഒരു മുറിവുണ്ടായി . പെട്ടന്നു കയറി വന്ന ഇച്ചായനെ കണ്ടു ഞാൻ ഒന്നു പകച്ചു. ഫോട്ടോ മൊത്തം ചോര പടർന്നിരുന്നു.

“എടി ” എന്നൊരലർച്ച ആയിരുന്നു..

“ഞാൻ…. അറിയാതെ…” കണ്ണുകൾ നിറഞ്ഞ ഒഴുകി…ഭയത്തോടെ പിന്നിലേക്ക് ചുവടു വച്ചു…

“താഴെയിടെടി . ” വീണ്ടും അലറി.

പേടിയോടെ നിന്നയെന്റെ കൈയിൽ പിടിച്ചു വെള്ളം ഒഴിച്ച് കഴുകി.മരുന്ന് വച്ചു തന്നു..ചില്ല് എല്ലാം വാരി കളഞ്ഞു. റൂം വൃത്തി ആക്കിയത് ഇച്ചായനാണ്.

“സോറി… അറിയാതെ കൈ തട്ടി.. ” ഞാൻ വിശദീകരിക്കാൻ ശ്രമിച്ചു. ഒന്നും മിണ്ടാതെ ഇച്ചായൻ മുറിയിൽ നിന്നും ഇറങ്ങി പോയി..ശ്രദ്ധിക്കേണ്ടതായിരുന്നു..ഇച്ചാന്റെ ഹൃദയം ആണവൾ..ഓർക്കുന്തോറും സങ്കടം കൂടി..

അന്ന് രാത്രിയിൽ അപ്പച്ചന്റെയും അമ്മച്ചിയുടെയും ഇളയ മകൾ ജെസ്സിയാന്റിയും മക്കൾ ജെറിച്ചയനും ഭാര്യയും കുട്ടികളും ജെനിയും വന്നു.

“ഫോട്ടോയിൽ കണ്ടതിനേക്കാൾ സുന്ദരി ആണല്ലോ.” ജെനിയും ആന്റിയും കവിളിൽ തലോടി. എല്ലാവരുമായിട്ട് പെട്ടന്ന് കൂട്ടായി.

“വയ്യാത്ത കൈ വച്ചു അവിടെയെങ്ങാനും ഇരുന്നാൽ പോരാ. “

ഇച്ചായൻ ദേഷ്യപ്പെട്ടു

“നീ ഇങ്ങനെ ആ കൊച്ചിനോട് ദേഷ്യപ്പെടാതെ ഡേവിസ് “

ആന്റി പറഞ്ഞു.

“എങ്ങനെ സഹിക്കുന്നു ചേച്ചി “

ജെനി എന്നെ നോക്കി ചോദിച്ചു . ഞാൻ മറുപടിയായി ഒന്നു പുഞ്ചിരിച്ചു. രാത്രി പിള്ളേർ സെറ്റ് എല്ലാവരും ഒരുമിച്ചു കിടക്കാൻ ഹാളിൽ പായ വിരിച്ചു. ജെറിച്ചായൻ, ചേച്ചി, പിള്ളേർ, ജെനി ഞാൻ.നിരന്നു കിടന്നു.

“നീയു വാ ഡേവിസ് “

ജെറിച്ചായൻ വിളിച്ചു. ഇച്ചായന്റെ നോട്ടം എന്റെ നേരെ വരുന്നത് ഞാൻ കണ്ടു. ഒരു പേടിയും വെപ്രാളവും നെഞ്ചിൽ കൂടി ഇച്ചായൻ പതിയെ വന്നു എന്റെയടുത്ത് കിടന്നു.ഒരു വിറയൽ എന്റെ നെഞ്ചിലൂടെ പാഞ്ഞു പോയി. തൊട്ടടുത്തു . ഒരു നിശ്വാസത്തിനപ്പുറം ഇച്ചായൻ…പതിയെ എല്ലാവരും ഉറക്കം ആയി

“കൊച്ചുവെ” കാതിൽ ഇച്ചായന്റെ നിശ്വാസം പതിഞ്ഞു. “സോറി… ദേഷ്യപ്പെട്ടത്തിന്… “

എന്റെ വയറിൽ വച്ചിരുന്ന വലതുകൈ ഇച്ചായന്റെ വിരലുകൾ പൊതിഞ്ഞു. “നിന്റെ കണ്ണ് നിറഞ്ഞാൽ പിടയുന്നത് എന്റെ ചങ്കാണ്
സ്നേഹിച്ചുപോയി…. “

എന്റെ കവിളോരം ഇച്ചായൻ മുഖം ചേർത്തു വച്ചു.

“ഇച്ചായാ” ഞാൻ തേങ്ങിപ്പോയി..

ഹാളിൽ പാറി വീഴുന്ന നിലാ വെളിച്ചത്തിൽ ഇച്ചായന്റെ മുഖം ഞാൻ കണ്ടു..എന്റെ വലതു കൈ പിടിച്ചു മുറിവിന്മേൽ ചുണ്ട് അമർത്തി..എന്നെ ഇച്ചായൻ നെഞ്ചോടു ചേർത്ത് കിടത്തി…ഇടം കൈയിൽ എന്റെ തല എടുത്തു വച്ചു വലതു കൈകൊണ്ടു എന്നെ പൊതിഞ്ഞു പിടിച്ചു..എന്റെ കണ്ണീർ ഒഴുകി ഇച്ചായന്റെ നെഞ്ചിൽ വീണു..നെറുകയിൽ ഇച്ചായൻ മൃദുവായി ചുംബിച്ചു..ആദ്യ ചുംബനം….പുതപ്പ് ഞങ്ങളുടെ മേലേക്ക് വലിച്ചിട്ടു ഇച്ചായൻ എന്നെ ഒന്നു കൂടി ചേർത്ത് പിടിച്ചു…

ആവേശത്തോടെ ഇച്ചായൻ എന്നെ വരിഞ്ഞു മുറുക്കി…എന്റെ അധരങ്ങൾ നൊടിയിട കൊണ്ടു ഇച്ചായൻ സ്വന്തമാക്കി.ഒരു ദീർഘ ചുംബനം…ആത്മാവിലേക്ക് അലിഞ്ഞു ചേർന്ന…ഹൃദയമിടിപ്പുകൾ ഒന്നായ…നിശ്വാസങ്ങൾ ഇടകലർന്ന…ചോരയുടെ രുചിയുള്ള….പ്രണയ ചുംബനം..

അവിടെ തുടങ്ങുകയായിരുന്നു ഞങ്ങളുടെ പ്രണയം…വാക്കുകളിൽ….നോട്ടങ്ങളിൽ..ചുംബനങ്ങളിൽ..ഒളിപ്പിച്ച പ്രണയം…ഇച്ചായന്റെ പഴയ കളിയും ചിരിയും തിരിച്ചു വന്നു. പഴയ ആളായി മാറി….അപ്പച്ചനും അമ്മച്ചിക്കും വളരെ സന്തോഷമാണിപ്പോൾ

അന്ന് ഇച്ചായന്റെ പിറന്നാൾ ആഘോഷമായിരുന്നു..കേക്ക് കട്ട്‌ ചെയ്യുമ്പോൾ ഇച്ചായന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു.രാത്രി ബാൽക്കണിയിൽ… കാറ്റേറ്റ് നിൽക്കുമ്പോൾ ഇച്ചായൻ പിന്നിൽ നിന്നും പുണർന്നു..

“കൊച്ചുവേ….ആദ്യമായി നീ വന്നയന്ന് എന്റെ നെഞ്ചു വേണ്ടപ്പെട്ട ഒരാളെ കാണും പോലെ തുടിക്കുവായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ കയറി ഈ ചങ്കിലോട്ട് ചാടികയറിയില്ലേ നീ. ഞാൻ ഇത്രയും നാൾ തേടി നടന്നത് നിന്നെയായിരുന്നു എന്നൊരു തോന്നൽ. “

എന്റെ കണ്ണു മിഴിഞ്ഞു വന്നു.”തെരേസയെ ഇഷ്ടം ആയിരുന്നു. എന്നെ മാറ്റിയെടുത്തത് അവളാണ്.ഞങ്ങൾ പ്രണയത്തിൽ ഒന്നുമല്ലായിരുന്നു.എല്ലാവരും അങ്ങനെ തെറ്റിദ്ധരിച്ചു. നല്ല സുഹൃത്തുക്കൾ ആയിരുന്നു.അവൾ പോയതോടെ വീണ്ടും ഒറ്റക്കായി.”

നെഞ്ചിൽ ഒരു തണുപ്പ്..എത്രയെന്ന് പറഞ്ഞാലും ഭർത്താവിന്റെ ആദ്യ പ്രണയം ഭാര്യക്ക് ഒരു വേദനയാണ്.

“നീ വന്നു ശേഷമാണ് വീടുണർന്നത്. അവൾ പോലും ഇത്രയുമധികം സ്നേഹിച്ചിട്ടില്ല…അപ്പച്ചനെയും അമ്മച്ചിയേയും..പിന്നെ എന്നെയും.. “

കഴുത്തിൽ ഇച്ചായൻ ചുണ്ട് ചേർത്ത് അമർത്തി ചുംബിച്ചു.

“എവിടെ? എനിക്കുള്ള ഗിഫ്റ്റ് എവിടെ?”

എന്നെ നെഞ്ചോടു ചേർത്തമർത്തി ചോദിച്ചു.ഞാൻ ഇച്ചായനോട്‌ ചേർന്നു നിന്നു കവിളിൽ അമർത്തി ചുംബിച്ചു

“ഇതാണ് ഗിഫ്റ്റ് “

“അയ്യടാ പള്ളിയിൽ പോയി പറഞ്ഞാൽ മതി. എനിക്ക് വേണ്ട ഗിഫ്റ്റ് ഞാൻ പറയും. റൂമിൽ ഡയറിയിൽ ഒരു സാധനം ഉണ്ട്. പോയി നോക്കൂ “

ഞാൻ ചെന്നു ഡയറി തുറന്നു..ഒരു ചെറിയ പേപ്പറിൽ ഇങ്ങനെ എഴുതിയിരുന്നു.

“കൊച്ചുവേ ഒരു ബർത്ഡേ ഗിഫ്റ്റ് വേണമല്ലോ.ഒരു കൊച്ചു നവ്യയെതന്നാൽമതി”

നാണം വന്നു മെല്ലെ പൊതിഞ്ഞു..”ഓക്കേ ആണോ? ” വാതിൽ അടച്ചു കൊണ്ടു ഇച്ചായൻ ചോദിച്ചു.

“അല്ല ” ഞാൻ മുഖം വെട്ടിച്ചു….

“അതെന്നാ? എന്നെ ഇഷ്ടമല്ലേ? ” ഇച്ചായൻ പരവേശപ്പെട്ടു.

“കൊച്ചു നവ്യ പറ്റില്ല..വേണമെങ്കിൽ കൊച്ചു ഡേവിസിനെ തരാം ” ഞാൻ ചിരിച്ചു. ഇച്ചായൻ ഓടി വന്നു എന്ന് ചേർത്തണച്ചു ഉമ്മകൾ കൊണ്ടു മൂടി.

“എനിക്ക് സമ്മതം…പിന്നേ നമുക്ക് ഒരു കൊച്ചു നവ്യ വരുന്നത് വരെ ട്രൈ ചെയ്യാടി..”.

നനുത്ത ചുംബനങ്ങളാൽ ഇച്ചായൻ എന്നെ പ്രണയിക്കുമ്പോൾ വീശിയകാറ്റിൽ കാപ്പിപ്പൂമണം നിറഞ്ഞു നിന്നിരുന്നു.