മൗനരാഗം ~ രചന: സന്തോഷ് അപ്പുക്കുട്ടൻ
നിൻ്റെ വിയർപ്പിന് നന്നായി പഴുത്ത മാമ്പഴത്തിൻ്റെ സുഗന്ധമാണല്ലോടീ….?
മഴയേറ്റ് മണ്ണിൽ വീണുകിടക്കുന്ന നന്ത്യാർവട്ട പൂക്കളെയും നോക്കി നിന്നിരുന്ന ശിഖ, ഉണ്ണിയുടെ ശ്വാസം പിൻകഴുത്തിൽ വീണപ്പോൾ ഒരു ഞെട്ടലോടെ തിരിഞ്ഞതും, ഉണ്ണിയേട്ടനു പിന്നിൽ മുറ്റമടിക്കുന്ന കുറ്റിചൂലുമായി നിൽക്കുന്ന അമ്മയെ കണ്ട് ആശ്വസിച്ചു.
മോനേ…. ആ പരിപ്പൊന്നും ഈ കലത്തിൽ വേവില്ലാട്ടോ…
പിന്നിൽ നിന്നു സുഭദ്രഅമ്മായിയുടെ സ്വരം കേട്ടപ്പോൾ അവൻ ഒരു നിമിഷം ലജ്ജയോടെ കണ്ണsച്ചു.
വീട്ടിൽ ഒന്നു അനങ്ങി പണിയെടുക്കാത്തവൾ… പോരാത്തതിന് മഴ കാലവും….അങ്ങിനെയുള്ളവൾക്ക് എവിടെയാടാ വിയർപ്പ്?
ഞാൻ ഒരു പഞ്ചിനു പറഞ്ഞതല്ലേ അമ്മായീ… അപ്പോഴെക്കും സീരിയസായി എടുത്തോ..?
ഒരു ചമ്മിയ ചിരിയോടെ അവൻ പറഞ്ഞപ്പോൾ സുഭദ്ര പതിയെ തലയാട്ടി.
“ഈ പഞ്ച് പറയുന്നതൊന്നും നിൻ്റെ അമ്മാവൻ കേൾക്കണ്ട. നിന്നെ പഞ്ചറാക്കി കളയും…. പഴയ കളരിവിദ്വാനാണെന്ന് അറിയാമല്ലോ?”
അവൻ പതിയെ മൂളികൊണ്ട്, ശിഖയുടെ മുടിയിഴകളിൽ ചൂടിയിരുന്ന തുളസീദളമെടുത്ത് വാസനിച്ചു.
ഇതു കണ്ട സുഭദ്ര കലിയോടെ അവർക്ക് നടുവിലായ് വന്നു നിന്ന് ദേഷ്യത്തോടെ ഉണ്ണിയെ നോക്കി.
“അധികം പുന്നാരമൊന്നും വേണ്ട… ഇവളിപ്പോൾ വേറെ ഒരു പയ്യന് പറഞ്ഞിട്ടുള്ള പെണ്ണാ.. “
അതു കേട്ട് അമ്പരപ്പൊന്നും കാണിക്കാതെ അവൻ അമ്മായിയെ നോക്കി ചിരിച്ചു.
“അമ്മായി ഇങ്ങിനെയുള്ള തമാശ പറഞ്ഞാൽ ഞാൻ വിശ്വസിക്കുമെന്നു വെച്ചോ? ബുദ്ധിയുറച്ച കാലം തൊട്ട് എൻ്റെ പെണ്ണായി കണ്ടതാണ് ശിഖയെ “
ഉണ്ണിയുടെ വാക്ക് കേട്ടതും, ചിരിയമർത്താൻ പാടുപെട്ട് ശിഖ അമ്മയെ നോക്കിയപ്പോൾ ആ മുഖത്ത് കടന്നൽ കുത്തിയ ഭാവമായിരുന്നു.
“പോരാത്തതിന് ശിഖ, ഉണ്ണിക്കുള്ളതാണെന്ന് പറഞ്ഞ് നിങ്ങൾ എത്ര മോഹിപ്പിച്ചിരിക്കുന്നു…. എന്നിട്ടിപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേൽപ്പിച്ച് ചോറില്ലായെന്നു പറയുന്നതുപോലെ?”
സെൻറി അടിച്ചു കഴിഞ്ഞതും ഉണ്ണി പൂവൻകോഴി പിടക്കോഴിയുടെ അരികത്തേക്ക് ചിറക് വിരിച്ച് അടുക്കുന്നതു പോലെ, പതിയെ ശിഖയുടെ അടുത്തേക്ക് അടുക്കുമ്പോഴായിരുന്നു, പിന്നിൽ നിന്ന് കഴുത്തിന് ഒരു പിടുത്തം വീണത്.
ഉണ്ണി പിൻതിരിഞ്ഞു നോക്കിയതും അവൻ്റെ പാതിബോധത്തിൻ്റെ ഫിലമെൻ്റ് അടിച്ചുപോയി.
കാലൻകുടയും പിടിച്ച് കാലൻ്റ മോഡിൽ ചുവന്ന കണ്ണുമായി നിൽക്കുന്ന അമ്മാവൻ മാധവൻ…
കാലന് ബി.ജി.എം ഇട്ടതു പോലെ തൊഴുത്തിലുള്ള പോത്ത് അമറുന്നതും കൂടി കേട്ടതോടെ, ഒരു താങ്ങിനെന്നവണ്ണം ഉണ്ണി ശിഖയുടെ അരികത്തേക്ക് ചാഞ്ഞു.
ശിഖയോടടുത്തു കൊണ്ടിരിക്കുന്ന അവനെ അയാൾ ബലമായി പിടിച്ചു വലിച്ചു.
“നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഈ കാര്യത്തിനായ് നീ ഈ പടിക്കൽ കാലുകുത്തരുതെന്ന് “
നീണ്ട വാചകം പറഞ്ഞപ്പോൾ ശ്വാസം കിട്ടാതെ കുനിഞ്ഞു പോയ അമ്മാവനെ, താങ്ങി പിടിച്ച്, മണ്ണിൽ കുത്തിനിർത്തിയിരുന്ന കാലൻ കുടയിൽ ചേർത്തു നിർത്തി ഉണ്ണി.
”നിങ്ങൾ എല്ലാവരും കൂടി തന്ന മോഹത്താൽ, ഫസ്റ്റ് നൈറ്റും കഴിഞ്ഞ് രണ്ട് കുട്ടികൾ ഉണ്ടായത് വരെ സ്വപ്നം കണ്ടപ്പോൾ, ദാ പറയുന്നു. ശിഖ നിനക്കുള്ളതല്ലായെന്ന്. വേറൊരാളുമായി ഉറപ്പിച്ചെന്ന്…ഇത് എവിടുത്തെ നീതി അമ്മാവാ?”
“പണ്ട് പലതും പറഞ്ഞിട്ടുണ്ടാവും..അതൊക്കെ ഓർത്ത് വെച്ചു വരാൻ നാണമില്ലേ നിനക്ക്?”
പാടത്ത് നിന്ന് വീശിയടിക്കുന്ന കാറ്റിൽ, ഇളകിയാടുന്ന അമ്മാവനെ നോക്കി അവൻ പതിയെ തലയാട്ടി.
“അമ്മാവൻ്റെ ഈ മലക്കം മറിച്ചിലിൻ്റെ കാരണം അറിയാം…. പണ്ട് അമ്മാവനെക്കാൾ സാമ്പത്തിക ശേഷിയുണ്ടായിരുന്നു ഞങ്ങൾക്ക്… ഇപ്പോൾ അച്ഛൻ്റെ ചീട്ടുകളീം, മദ്യപാനം കൊണ്ടു എല്ലാം തകർന്നു…. അതല്ലേ ഈ മനംമാറ്റം?”
ഉണ്ണിയുടെ ചോദ്യത്തിന് മറുപടി പറയാതെ നിൽക്കുന്ന അമ്മാവൻ്റെ തോളിൽ പിടിച്ചു കൊണ്ട് അവൻ ദയനീയമായി അയാളെ നോക്കി.
” അമ്മാവന് ഒരു കാര്യം അറിയോ? എല്ലാവരും അമ്മാവനെ കരിങ്കാലി മാധവൻ എന്നു വിളിക്കുമ്പോഴും, ഞാൻ സ്നേഹത്തോടെ മാധവൻ അമ്മാവൻ എന്നേ വിളിച്ചിട്ടുള്ളൂ”
“അയിന്?”
മഴവില്ലിൻ്റെ പോലെ വളഞ്ഞ് അയാൾ പരിഹാസത്തോടെ അവൻ്റെ കണ്ണിലേക്ക് നോക്കി.
” മാധവനെന്ന പേര് അക്ഷരം മാറ്റി എന്നെ കൊണ്ട് വിളിപ്പിക്കരുതെന്ന് “
ഉണ്ണിയുടെ സ്വരം ഉയർന്നതും, പഴയ കളരിവിദ്വാൻ, അടവുകൾ മറന്നതു പോലെ, കുറ്റിച്ചൂലിൻ്റെ മൂടിനിട്ടു തട്ടുന്ന സുഭദ്രയെ നോക്കി
പുലർകാലത്ത് വെള്ളത്തിൻ്റെ അകമ്പടിയില്ലാതെ വയറ്റിലേക്കു കയറ്റിയ കൂതറ മദ്യം, ഉള്ളിലെ പക ആളി കത്തിച്ചെന്ന് മനസ്സിലാക്കിയ ഉണ്ണി ശിഖയെ പാളി നോക്കി..
അവൾ ഒന്നും മനസ്സിലാവാതെ മുല്ലമൊട്ടു പോലെയുള്ള മുപ്പത്താറ് പല്ലും പുറത്തു കാട്ടി ചിരിച്ചു നിൽക്കുന്നത് കണ്ടപ്പോൾ മനസ്സിലൊരു മന്ദമാരുതൻ വീശി.
“മാധവേട്ടന് ഇത്തിരി പഴങ്കഞ്ഞി എടുക്കട്ടെ?”
സുഭദ്രയുടെ സ്നേഹത്തിൻ ചാലിച്ച ആ ചോദ്യം മാധവനെ ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ ഒരു അവസ്ഥയിലെത്തിച്ചപ്പോൾ ഒരു പിശുക്കും കാണിക്കാതെ അയാൾ സുഭദ്രയുടെ മാതാപിതാക്കൾക്ക് ഉച്ചത്തിൽ നന്ദി രേഖപ്പെടുത്തി.
കാതിനിമ്പമുള്ള സ്വരം കേട്ടപ്പോൾ സുഭദ്ര, ഭർത്താവിനെ ഒന്നു ക്രൂരമായി നോക്കി കുറ്റിച്ചൂൽ മണ്ണിലേക്കിട്ട് കവിതയെഴുതാൻ തുടങ്ങി.
” പ്രണയത്തിൻ്റെ വേദന എന്താണെന്ന് അമ്മാവന് അറിയുന്നതല്ലേ?”
ഉണ്ണി പതിയെ വന്ന് അമ്മാവനോട് ശാന്തമായി ചോദിക്കുമ്പോൾ, ഭർത്താവിൽ നിന്നുതിർന്ന വെൺമണി ശ്ലോകം കേട്ട് തളർന്നു നിന്നിരുന്ന സുഭദ്ര പതിയെ തലപൊക്കി.
“പ്രസവവേദനയോളം വരുമോ മോനെ പ്രണയവേദന?”
ഉണ്ണിക്കിട്ട് ചെക്ക് കൊടുത്തതിൽ ഭാര്യയെ നോക്കി അഭിമാനപൂർവ്വം അയാളൊന്നു ചിരിച്ചു.
“അമ്മാവൻ തമാശ കളിക്കാതെ കാര്യം പറ”
മൗനത്തിൽ പുതഞ്ഞ മനസ്സോടെ നിൽക്കുന്ന അമ്മാവനെ ആശയോടെ നോക്കി ഉണ്ണി.
” പറയാൻ കൂടുതലൊന്നുമില്ല മരുമോനെ…. നിൻ്റെ ആശ ഇവിടെ തന്നെ അവസാനിപ്പിച്ച് തിരിച്ചു പൊയ്ക്കോ….അതാ നല്ലത്”
“എനിക്ക് എന്താണ് ഒരു കുറവ് അമ്മാവാ… ശിഖയുടെ അത്രയ്ക്ക് പഠിപ്പില്ലെങ്കിലും സ്നേഹിക്കാനുള്ള ഒരു മനസ്സുണ്ട്… നാട്ടിലെ കൊള്ളിത്തരം നിർത്തി ഇപ്പോൾ ഗൾഫിൽ നല്ലൊരു ജോലിയുണ്ട്… പിന്നെ എന്നെ കാണാൻ അത്ര മോശമൊന്നുമല്ല “
ഉണ്ണി പറഞ്ഞു തീർന്നതും അമ്മാവൻ പൊട്ടി ചിരിച്ചു.
” കേട്ടോടി സുഭദ്രേ… അവനെ കാണാൻ അത്ര മോശമൊന്നുമല്ലാന്ന്…”
മാധവൻ്റെ സംസാരം കേട്ടതും സുഭദ്ര കുറ്റി ചൂലിൽ നിന്ന് നോട്ടം മാറ്റി, ഉയർന്നു നിന്ന് എളിയിൽ കൈയ്യും കുത്തി അവനെ ഒന്നു പരിഹാസത്തോടെ നോക്കി.
” ഉം…. ശരിക്കും ഋത്വിക് റോഷനെ പോലെയുണ്ട്… കട്ടപ്പനയിലെ ഋത്വിക് റോഷനാണെന്നു മാത്രം “
സുഭദ്രയുടെ പരിഹാസം നിറഞ്ഞ വാചകം കേട്ടതും മാധവൻ പൊട്ടി ചിരിച്ചു.
ശിഖ ചിരിയമർത്തി, കാൽവിരലിലെ നഖം കൊണ്ട് പൂച്ചയെ പോലെ മണ്ണിനെ പോറി കൊണ്ടിരുന്നു.
അവരുടെ പ്രവൃത്തി കണ്ട്, അതുവരെ ഉണ്ണിയുടെ മുഖത്തുണ്ടായിരുന്ന ചിരിയുടെ വെട്ടം മങ്ങി.
കണ്ണിലെ നനവ് ആരും കാണാതിരിക്കാൻ അവൻ മുഖം താഴോട്ടേക്ക് കുനിച്ചു.
“ഇവിടേയ്ക്കാണ് ഞാൻ വരുന്നതെന്നറിഞ്ഞ അമ്മ ഒരുപാട് പറഞ്ഞതാ പോകണ്ടായെന്ന്…. സ്വന്തം പെങ്ങൾ ആങ്ങളയുടെ അടുത്തേക്ക് പോകണ്ടായെന്ന് പറഞ്ഞപ്പോൾ, നിങ്ങൾ തമ്മിൽ വല്ല പിണക്കവും ഉണ്ടാകുമെന്നു മാത്രം ഞാൻ ചിന്തിച്ചുള്ളൂ…. ഇങ്ങിനെയൊരു ചതി ഞാൻ പ്രതീക്ഷിച്ചില്ല.”
ഉണ്ണി പറഞ്ഞു തീർന്നപ്പോൾ അമ്മായിയും, അമ്മാവനും പരസ്പരം നോക്കി ചിരിച്ചു.
“പിന്നെ എനിക്ക് ഇത്തിരി സൗന്ദര്യ കുറവുണ്ട്. അതിൽ എനിക്കു വിഷമവുമില്ല. കാരണം ശരീരത്തിനല്ല, മനസ്സിനാണ് സൗന്ദര്യം വേണ്ടതെന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ “
അവൻ ഒന്നു നിർത്തി അമ്മാവനെ നോക്കി.
” പിന്നെ അമ്മായിയെ അമ്മാവൻ വിവാഹം കഴിക്കുന്ന കാലത്ത് അമ്മാവൻ്റെ രൂപം ദേ ഈ കുട പോലെയായിരുന്നു… എന്നിട്ടും അമ്മായി എല്ലാവരെയും എതിർത്തിട്ട്, പാത്രി രാത്രിയിൽ അമ്മാവൻ്റെ ഒപ്പം ഇറങ്ങി വന്നില്ലേ?;
ഉണ്ണിയുടെ സംസാരം കേട്ടപ്പോൾ അഭിമാനക്ഷതത്തോടെ അയാൾ ഗോതമ്പ് മണി പോലെ ഉരുണ്ട് തടിച്ച സുദ്രയെ നോക്കി പതിയെ തലയാട്ടി.
അവൻ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് അയാൾക്കറിയാമായിരുന്നു.
ഇന്നും താനും, സുഭദ്രയും ഒന്നിച്ച് നടക്കുമ്പോൾ ആനയും പാപ്പാനെന്നും ആളുകൾ രഹസ്യമായി പരിഹസിക്കാറുണ്ട്.
” സൗന്ദര്യമല്ല അമ്മാവാ മനുഷ്യന് വേണ്ടത് മനസ്സിലെ നന്മയാണ് “
ഉണ്ണി പറഞ്ഞു ശിഖയെ നോക്കിയതും, അവൾ ഒന്നും പറയാതെ വീടിനകത്തേക്ക് കയറി പോയതു കണ്ടപ്പോൾ അവൻ്റെ നെഞ്ച് ഒന്നിളകി.
ഗൾഫിൽ നിന്നു കഴിഞ്ഞ വരവിനു വരെ തൻ്റെ ഓരം ചേർന്നു നടന്നവൾ….
ബൈക്കിലേറി,രാത്രിമഴയിലൂടെ, തന്നോടു ഒട്ടിയിരുന്നു യാത്ര ചെയ്തവൾ…..
വാ തോരാതെ തന്നോടു കലപില പോലെ സംസാരിച്ചിരുന്നവൾക്ക്, ഇപ്പോൾ വാക്കുകൾക്ക് ക്ഷാമമായി…..
“മോൻ ഊഹിച്ചതും സത്യമാണ്. അവൾക്കു നീയുമായുള്ള ബന്ധത്തിന് തീരെ താൽപ്പര്യമില്ല… അവൾ ഇത് എങ്ങിനെ മോനോടു പറയുമെന്ന വിഷമത്തിലാണ്…”
മാധവൻ അവൻ്റെ തോളിൽ പതിയെ പിടിച്ചപ്പോൾ, അവൻ വല്ലാത്തൊരു ഞെട്ടലോടെ, നീരണിഞ്ഞ കണ്ണുകളുയർത്തി അയാളെ നോക്കി.
“ഈ കാര്യത്തിൽ അവളെയും കുറ്റം പറയാൻ പറ്റില്ല… കാരണം ഇന്നത്തെ പെൺകുട്ടികൾ പ്രാക്ടിക്കലായി ചിന്തിക്കുന്നവരാണ്… വർഷത്തിലോ, രണ്ട് വർഷത്തിലോ ഒരിക്കൽ വരുന്ന ഗൾഫുക്കാരെക്കാളും അവർക്കിഷ്ടം നാട്ടിൽ സ്ഥിര ജോലിയുള്ളവരെയാണ് “
അമ്മാവൻ പറയുന്നത് കേട്ടപ്പോൾ അവൻ കടിച്ചമർത്തിയ സങ്കടത്തോടെ പതിയെ തലയാട്ടി.
“പിന്നെ അവളെ കെട്ടാൻ പോകുന്ന ചെക്കൻ ഒരു ഗുമസ്തനാണ്. കാണാൻ പണ്ടത്തെ കുഞ്ചാക്കോ ബോബനെ പോലെയുണ്ടെന്നാ അവൾ പറയുന്നത് “
എല്ലാം കേട്ട്, ഒന്നും പറയാനില്ലാത്തവനെ പോലെ അവൻ അവിടം തരിച്ചുനിന്നു പോയി.
വരുമ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷകളൊക്കെ കുറച്ചു നിമിഷം കൊണ്ട് കത്തി കരിഞ്ഞതു പോലെ തോന്നിയപ്പോൾ, ആ അഗ്നിയെ കണ്ണീർ കൊണ്ട് കെടുത്താൻ ഒരു വിഫലശ്രമം നടത്തി അവൻ…..
കുട്ടികാലം തൊട്ടേ ഒന്നിച്ചു നടന്നവൾ….
വർണചോക്ക് തൊട്ടു ലാപ്ടോപ് വരെ സമ്മാനമായി കൊടുത്ത് കാലങ്ങളോളം ഒഴുകി നീങ്ങിയ പ്രണയം….
എത്ര പെട്ടെന്നാണ് അവൾ വഴിമാറി ഒഴുകിയത്?
പ്രണയത്തിൻ്റെ വിശുദ്ധി നഷ്ടപ്പെടുത്തരുതെന്ന ചിന്തയിൽ അവളെയൊന്ന് ചുംബിച്ചിട്ടു കൂടിയില്ല….
” കഴിഞ്ഞതൊക്കെ മോൻ മറക്കണം. കള്ള് കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഞാനും, മോൻ്റെ അച്ഛനും മദ്യലഹരിയിൽ ഒരു തമാശ പറഞ്ഞതാണെന്നു കരുതണം”
അമ്മാവൻ പറഞ്ഞതു കേട്ട് ഒരു പുഞ്ചിരിയോടെ അയാളെ നോക്കി.
“ഇനി കല്യാണം വരെയുള്ള കാര്യങ്ങൾ മോൻ നോക്കണം… അവളുടെ ആങ്ങളയുടെ സ്ഥാനത്ത് നിന്ന്…. “
അത്രയും പറഞ്ഞ് അയാൾ കൈയിൽ കരുതിയിരുന്ന ഒരു കവറിൽ നിന്ന് ഒരു കല്യാണകത്തെടുത്ത് അവനു നേരെ നീട്ടി.
“ഈ മോഡൽ എങ്ങിനെയുണ്ട് മോനെ? അടിപൊളിയല്ലേ?”
”നന്നായിരിക്കിണു”
അവൻ പതിയെ പറഞ്ഞ് നടക്കാനൊരുങ്ങുമ്പോൾ മാധവൻ അവൻ്റെ കൈ പിടിച്ചു ദയനീയതയോടെ നോക്കി.
“മാമനോട് ഒന്നും തോന്നരുത് മക്കളേ”
അവൻ ഉത്തരം പറയും മുൻപെ ഗേറ്റും കടന്ന് ഒരു കാർ ഗേറ്റിലൂടെ കടന്നു വരുന്നത് കണ്ട അയാൾ സന്തോഷത്തോടെ ചിരിച്ചു.
” വക്കീൽ വരുന്നുണ്ടല്ലോ സുഭദ്രേ “
അഹ്ളാദിതിരേകത്താൽ മാധവൻ വീടിൻ്റെ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞപ്പോൾ, സുഭദ്രയും, ശിഖയും ചാടിയിറങ്ങി ഓടി വന്നു.
“മോനറിയും ഈ വക്കീൽ കുട്ടിയെ. മ്മടെ താഴെവീട്ടിലെ സംഗീതയാണ്. വക്കീലാണ്. അവളുടെ ഓഫീസിലെ ഗുമസ്തനാണ് ശിഖയെ കെട്ടാൻ പോണത് “
അയാൾ പറഞ്ഞു തീരുമ്പോഴേക്കും, ഫ്രണ്ട് ഗ്ലാസിൽ വക്കീലിൻ്റെ എംബ്ലം ഒട്ടിച്ച കാർ അവർക്കരികിലേക്ക് വന്നു നിന്നു.
കാറിൽ നിന്നിറങ്ങിയ അഡ്വ:സംഗീത പുഞ്ചിരിയോടെ മാധവൻ്റെ അരികിലേക്ക് നടന്നതും, അടുത്ത് നിൽക്കുന്ന ഉണ്ണിയെ ചോദ്യഭാവത്തോടെ നോക്കി.
” പെങ്ങളുടെ മോനാണ്. ഉണ്ണിയെന്നാണ് പേര്.. ഇന്നലെ ഗൾഫിൽ നിന്നു വന്നതാ…. ശിഖയുടെ കല്യാണ കാര്യം എവിടം വരെ എത്തി എന്ന് അന്വേഷിക്കാൻ ഇങ്ങോട്ടേക്ക് ഇറങ്ങിയതാ
സംഗീത ഒരു നിമിഷം ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു.
“ഈ കക്ഷിയുമായിട്ടല്ലേ ശിഖ കുട്ടികാലം തൊട്ടേ പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നത്?”
“നാട്ടുകാരല്ലേ പറഞ്ഞത് മാഡം? നാവിനു എല്ലില്ലാത്ത അവർക്ക് എന്താ പറയാൻ പറ്റാത്തത് ?”
ശിഖ അത്രയും പറഞ്ഞു കൊണ്ട് ഉണ്ണിയെ നോക്കി.
” കേട്ടില്ലേ ഉണ്ണിയേട്ടാ? നമ്മൾ ചെറുപ്പംതൊട്ട് പ്രണയത്തിലാണെന്ന്… ഈ നാട്ടുക്കാരുടെ ഒരു കാര്യം നോക്കണേ?”
ഉണ്ണി ഒരു പരിഹാസചിരി ശിഖയ്ക്ക് സമ്മാനിച്ച് സംഗീതയുടെ അടുത്തേക്ക് നടന്നു.
” ശിഖയിൽ നിന്നു തന്നെ കേട്ടു വക്കീലേ? വക്കീൽ പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ വിഷമമുണ്ടായിരുന്നു. ഇപ്പോൾ എല്ലാം മനസ്സിലായി “
ഉണ്ണിയുടെ സംസാരം കേട്ടപ്പോൾ സംഗീത പുഞ്ചിരിയോടെ തലയാട്ടി.
അമ്പരപ്പോടെ നിൽക്കുന്ന മാധവനെയും, കാക്കയ്ക്ക് കറണ്ട് അടിച്ചതു പോലെ മുഖം നിലത്തേക്ക് തൂങ്ങിയ ശിഖയെയും നോക്കി അവൾ തുടർന്നു.
” ഉണ്ണിയെ ആദ്യമായി കാണുന്നത് ഒരു അടിപിടി കേസിനു ജാമ്യമെടുക്കാൻ എൻ്റെ അരികിൽ വന്നപ്പോഴാണ് … ഗുണ്ടയാണെങ്കിലും ഇവൻ നല്ല വ്യക്തിത്വമുള്ളവനാണെന്ന് കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി….. “
അവൾ ഒരു നിമിഷം നിർത്തി ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു.
“പിന്നെ തുടരെ തുടരെ അടിയും, കുത്തുമുണ്ടാക്കി വരുന്നത് കണ്ടപ്പോൾ എന്നെ കാണാനാണെന്നു ഞാൻ കരുതി “
അവൾ അത്രയും പറഞ്ഞു കൊണ്ട് അവനോട് ചേർന്നു നിന്നു ആ കൈയിൽ പിടിച്ചു.
“ഈ ഇടിയും, കുത്തും ഒഴിവാക്കിയിട്ട് ജീവിതമെന്താണെന്ന് പഠിക്കാനും, വീട്ടുക്കാരെ സംരക്ഷിക്കാനും ഞാൻ പറഞ്ഞപ്പോഴാണ് ഉണ്ണി മനസ്സില്ലാ മനസ്സോടെ ഗൾഫിനു പോയത് “
ഒരു അത്ഭുത കഥ കേൾക്കുന്ന പോലെ വായും പൊളിച്ചിരിക്കുന്ന മാധവനെയും, സുഭദ്രയെയും നോക്കി അവൾ പതിയെ പുഞ്ചിരിച്ചു.
“ഇടയ്ക്കിടയ്ക്ക് വരുന്ന ഉണ്ണിയുടെ കോളുകൾക്കിടയിൽ ഒരു ദിവസം ഞാൻ എൻ്റെ ഇഷ്ടം തുറന്നു പറഞ്ഞു “
സംഗീത, ശിഖയുടെ അടുത്തേക്ക് പതിയെ വന്നു അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
” പക്ഷേ അവൻ പറഞ്ഞ കാര്യം കേട്ടപ്പോൾ എൻ്റെ ആശകൾ വെറുതെയാണെന്നു തോന്നി. കാരണം കുട്ടികാലം തൊട്ട് നീയായിരുന്നു ഉണ്ണിയുടെ മനസ്സിൽ … ദിനേശിൻ്റെ ആലോചന വരും വരെ നിനക്കും അങ്ങിനെ തന്നെയായിരുന്നു “
ശിഖയ്ക്കു നേരെ കൈ ചൂണ്ടി പറഞ്ഞപ്പോൾ അവളുടെ മുഖം വിളറി.
” കുട്ടി കാലത്തു നിനക്ക് തോന്നിയ ഒരു കുസൃതിയാണെന്നും, ഇപ്പോൾ നിന്നിൽ അങ്ങിനെ ഒരു വികാരമില്ലെന്നും ഞാൻ നിന്നെ രക്ഷിക്കാൻ വേണ്ടി പറഞ്ഞപ്പോൾ ഈ മണ്ടൻ വിശ്വസിച്ചില്ല.. വൈകിയാണേലും അവന് ഇപ്പോൾ എല്ലാം മനസ്സിലായി “
ഉണ്ണി പതിയെ ചെന്ന് ശിഖയുടെ തോളിൽ തൊട്ടു.
“പ്രണയമെന്ന സാധനം എത്ര മടങ്ങ് കൂടുതൽ തിരിച്ചു കിട്ടുന്നുവോ അവിടേയ്ക്കേ ആരും പോകുകയുള്ളൂ… ഇനി എനിക്ക് കുറ്റബോധമില്ലാതെ സംഗീതയുമായി ചേർന്ന് പോകാം”
അവൻ പതിയെ ചെന്ന് സംഗീതയെ ചേർത്തു പിടിച്ചു ശിഖയെ നോക്കി പുഞ്ചിരിച്ചു.
“നിൻ്റെ വിവാഹത്തിന് ഞങ്ങൾ വരും… അത് നമ്മുടെ ബന്ധം വെച്ചല്ല. സംഗീതയുടെ ഓഫീസിൽ ജോലി ചെയ്യുന്നവനുമായുള്ള ബന്ധം വെച്ച് “
സംഗീതയിൽ നിന്ന് പിടി വിട്ടു ഉണ്ണി അമ്മാവൻ്റെ അരികിലേക്ക് ചെന്നു.
” സ്വന്തമായി ഒരു അഡ്വക്കേറ്റ് ഉള്ള എൻ്റെ അടുത്ത പ്ലാൻ, അച്ഛനെ പറ്റിച്ച് അമ്മാവൻ കൈക്കലാക്കിയ സ്വത്ത് തിരിച്ചുപിടിക്കലാണ്… അതുകൊണ്ട് ഇനി നമ്മൾ കാണുന്നത് കോടതിയിൽ വെച്ചായിരിക്കും “
“മോനേ “
ഇടിവെട്ടേറ്റതു പോലെ ചിതറിയ ഒരു വിളി അയാളിൽ നിന്നുതിർന്നപ്പോൾ അവൻ പതിയെ പുഞ്ചിരിയോടെ മന്ത്രിച്ചു.
” പക വീട്ടാനുള്ളതാണ് “
പറഞ്ഞു തീർന്ന് അവൻ സംഗീതയെ നോക്കിയപ്പോൾ, അവൾ ഒരു ഒഴിഞ്ഞ കോണിൽ ശിഖയുമായി സംസാരിക്കുകയായിരുന്നു.
“ശിഖയ്ക്ക് ഇപ്പോൾ തോന്നും ഞാൻ ചെയ്തത് വലിയ മണ്ടത്തരമാണെന്ന്. പത്താം ക്ലാസ് തോറ്റ ഒരു വനെ പ്രണയിക്കുന്ന വിഡ്ഡിയെന്നും തോന്നാം….അവിടെയാണ് നമ്മൾ രണ്ടു പേരും തമ്മിലുള്ള വ്യത്യാസം”
വക്കീൽ പറഞ്ഞു വരുന്നതെന്തെന്ന് മനസ്സിലാവാതെ നീരണിഞ്ഞ കണ്ണുകളോടെ അവൾ നിന്നു.
” ജോലിയും, സാമ്പത്തികവും, സൗന്ദര്യവും നോക്കുമ്പോൾ നമ്മൾ നോക്കാൻ മറക്കുന്ന ഒന്നുണ്ട്. അവൻ്റെ മനസ്സ്.
അവൻ്റെ മനസ്സ് നല്ലത് അല്ലെങ്കിൽ ഈ അലങ്കാരങ്ങൾ കൊണ്ട് നമ്മൾ പെണ്ണുങ്ങൾക്ക് ഒരു കാര്യവുമില്ല”
മഴയിൽ കുതിർന്നു നിൽക്കുന്ന നന്ത്യാർവട്ടത്തിൽ നിന്ന് ഒരു പൂവ് പറിച്ച് സംഗീത മുടിയിഴകളിൽ തിരുകി കൊണ്ട് ചാറൽ മഴയിലേക്ക് നോക്കി നിന്നു….
“ഒരിക്കലും അടുത്തറിയുന്ന മനസ്സിനെ കണ്ടില്ലെന്ന് നടിച്ച് അകലെയുള്ള മനസ്സിനെ തേടരുത്… കാരണം അടുത്തറിയുന്ന മനസ്സാണെങ്കിൽ കഞ്ഞി കുടിച്ചിട്ടാണെങ്കിൽ കൂടി സന്തോഷത്തോടെ ജീവിതാവസാനം വരെ ജീവിക്കാം. നമ്മൾ ഒരുപാട് സ്വപ്നങ്ങളോടെ പുണരാൻ കൊതിക്കുന്ന അകലെയുള്ള മനസ്സിന് ഒരു ഗ്യാരണ്ടിയുമില്ല.’
പറഞ്ഞു തീർന്നതും, അവൾ ഉണ്ണിയുടെ അടുത്തേക്ക് ചെന്ന് ചേർന്നു നിന്നു.
എല്ലാവരോടും യാത്ര ചോദിച്ച് അവൻ സംഗീതയുമായി കാറിനടുത്തേക്ക് നടന്നതും ഒരു നിമിഷം മാധവനെ തിരിഞ്ഞു നോക്കി, പരിഹാസത്തോടെ മൊഴിഞ്ഞു.
“മരുമോനോടൊന്നും തോന്നല്ലേ അമ്മാവാ “
പറഞ്ഞതും കോ.ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു അവൻ അവർക്ക് കൈ വീശി കാണിക്കുമ്പോൾ,സംഗീത പതിയെ കാർ മുന്നോട്ടെടുത്തു.
സംഗീതയും, ഉണ്ണിയും കയറിയ കാർ പോകുന്നതും നോക്കി, ഭൂമികുലുക്കത്തിൽ വിറയ്ക്കുന്നവരെ പോലെ പതർച്ചയോടെ നിൽക്കുമ്പോൾ, മനുഷ്യന് അത്യാർത്തി നല്ലതല്ലായെന്ന് അവർ തിരിച്ചറിയുകയായിരുന്നു!!
ശുഭം