രചന: അനു കല്യാണി
“അറിഞ്ഞോ?, ചന്ദ്രോത്തെ സീത തൂങ്ങി മരിച്ചൂന്ന്…”തൂക്കിലേക്ക് പാൽ ഒഴിച്ചുകൊണ്ട് ആ സ്ത്രീ പറഞ്ഞു.
“എന്നാലും ഗോപി ഇല്ലാത്ത ഒരു കുറവല്ലാതെ വേറെ എന്താ അവൾക്ക് ഒരു കുറവ്,മോൻ ഗൾഫിൽ പോയത് മുതൽ അല്ലൽ ഇല്ലാതെ കഴിഞ്ഞവളാ..ഇതിപ്പോ എന്താവോ…”
“അവളുടെ മോളില്ലെ,ആ മിണ്ടാപൂച്ച,ഇന്നലെ വൈകുന്നേരം ആ കുട്ടിയെ മാണിക്കോത്തെ ചെക്കന്റെ കൂടെ പൊളിഞ്ഞ്വീഴാറായ വീട്ടിൽ വച്ച് കണ്ടൂന്ന്, അതും ഗോപീടെ ഏട്ടൻ,ആ പാപി വായി തോന്നിയതൊക്കെ വിളിച്ചു പറഞ്ഞൂത്രേ. സിതേനോട്…”
“അയാളെ കുറ്റം പറഞ്ഞിട്ടെന്താ.. മക്കള് വഴിപിഴച്ചു പോയാൽ പിന്നെ എന്താ ചെയ്യുക… എന്നാലും മോള് തന്നെ തള്ളേടെ ജീവനെടുക്കാൻ കാരണായല്ലൊ”
***********************
“ഡീ ഇനിയിപ്പോ കിടന്ന് മോങ്ങീട്ടെന്തിനാ, നീ ഒരുത്തി കാരണാ…. എന്റെ പെങ്ങൾ ഇപ്പോ കത്തിതീരുന്നത്…”
“എന്താ വിജയാ ഇത്,ആ കൊച്ചിനോട് ഇങ്ങനെ ഒക്കെ ആണോ പറയുന്നത്”
“പിന്നെ ഞാൻ എന്താ ചെയ്യേണ്ടത് ഗോപീടെ ഏട്ടാ…നിങ്ങൾ തന്നെ അല്ലെ പറഞ്ഞത്, ഇന്നലത്തെ കാര്യം, ഞാൻ പോകുഅ, ഇവിടെ നിന്നാൽ വല്ലതും ഒക്കെ പറഞ്ഞു പോകും”
കണ്ണീരുണങ്ങിയ മുഖം അമർത്തി തുടച്ച് ജനലിലൂടെ കത്തിതീരുന്ന ചിതയിലേക്ക് നോക്കി, തണുത്ത കാറ്റിൽ അഴിഞ്ഞ മുടിയിഴകൾ താളം പിടിച്ചു അനങ്ങാൻ തുടങ്ങി.കത്തുന്ന ചിതയ്ക്കരികിൽ ഒറ്റമുണ്ടും ചുറ്റി തളർന്ന് നിൽക്കുന്ന ആ രൂപം അവളുടെ ഹൃദയത്തിലേക്ക് ആയിരം സൂചിമുനകൾ ആഴ്ന്നിറങ്ങുന്നതിനെക്കാൾ വേദന ഉണ്ടാക്കി.
“ഉണ്ണി ഏട്ടൻ വരുമ്പോ.. എനിക്ക് ചന്ദനം മണക്കുന്ന അത്തറ് കൊണ്ടുവരാവോ….ജയേട്ടന്റെ പീടിയേലെ അത്തറിനൊന്നും മണം പോരാ…”
“കൊണ്ടുവരാലോ, പക്ഷേ നീ നന്നായി പഠിക്കണം ഫസ്റ്റ് ക്ലാസോടെ ഡിഗ്രി പാസ്സായാൽ അത്തറിനെക്കാൾ വല്യ ഒരു സമ്മാനം തരുന്നുണ്ട് ഏട്ടൻ, എവിടെ നമ്മുടെ സീതമ്മ…..”
“വൈകുന്നേരം മുറ്റം തൂക്കാൻ വയ്യാന്ന് പറഞ്ഞതിന്, ഇപ്പോ ചാകൂംന്ന് പറഞ്ഞ് നടപ്പായിരുന്നു ഇത്രീനേരം, ഇപ്പോ ചെറുതായി തണുത്തിട്ടുണ്ട്”
“നിനക്ക് ആ മുറ്റം ഒക്കെ തൂത്തുവാരി കൊടുത്തൂടെ മാളു, എന്തിനാ അമ്മയെ വിഷമിപ്പിക്കുന്നെ”
“ഓഹ് ഒരൂസം മുറ്റം അടിച്ചില്ലാന്ന് വച്ച് ഒന്നും സംഭവിക്കൂല…….ദേ അമ്മ ഏത്തീട്ടുണ്ട്…….ഇന്നാ അമ്മേടെ പൊന്നുമോൻ”
“മോനെ ഉണ്ണി,നീ ഓണത്തിന് വരില്ലെ”
“ഉവ്വ് അമ്മെ,രണ്ട് വർഷായില്ലെ ഇവിടെ,ഈ ഓണത്തിന് ഞാൻ വരും,അമ്മേടേം മാളൂന്റീം കൂടെ ഓണം ആഘോഷിക്കാൻ.
**********************
“ഓണത്തിന് ഉണ്ണി ഏട്ടൻ വരുന്നുണ്ട്…നോക്കിക്കോ ഇത്തവണ ഞാൻ ഉറപ്പായിട്ടും ഉണ്ണി ഏട്ടനോട് പറയും അജൂന്റെ കാര്യം”
“നിന്റെ ഏട്ടൻ ആള് എങ്ങനാ… എന്നെ ഇടിക്കാൻ വരുഓ”
“ഏട്ടൻ പാവാ… എന്റെ ഇഷ്ടത്തിന് ഒന്നും എതിര് നിക്കൂല”
“ഇങ്ങനെ തന്നെ അല്ലെ, നീ നിന്റെ അമ്മയെ പറ്റിയും പറഞ്ഞത്,എന്നീട്ടെന്തായി അടി കൊണ്ട് വീർത്ത കവിളും ആയിട്ടല്ലെ പിറ്റേന്ന് വന്നത്”
“അമ്മയ്ക്ക് അമ്മാവന്മാരുടെ സ്വഭാവാണ്,എന്നാലേ ഏട്ടന് എന്റെ അച്ഛന്റെ സ്വഭാവാ……..”
കല്ലുകൾ ഇളകിയ കുളത്തിന്റെ നീളൻകല്പടവിൽ ഇരുന്ന് ചുവന്ന് തുടുത്ത ജാമ്പക്കൾ ഓരോന്നായി വായീലേക്കിടുകയാണ് അവൾ.കാടുമുടിയ കാവിൽ നിന്നും മഴസ്പർശമേറ്റ മുല്ലപ്പൂക്കളുടെ ഗന്ധവും അവിടെയാകെ പരക്കുന്നുണ്ട്.
“അയ്യോ ദേ മഴപെയ്യാൻ തുടങ്ങി, വേഗം വാ….,” പടവിലുണ്ടായിരുന്ന ജാതിയിലയിൽ ജാമ്പക്കകൾ പോതിഞ്ഞ് വലത് കൈ തലയിൽ വച്ച് പടവുകൾ കയറി അവൾ ഓടി, പിന്നാലെ അവനും.ഇടിഞ്ഞ് വീഴാറായ പഴയ ചെങ്കല്ല് വീട്ടിൽ കയറി നിന്ന്, ശ്വാസം വലിച്ച് വിട്ടു, തിരിഞ്ഞു നോക്കുമ്പോൾ പിറകിൽ നിന്നവനെ തട്ടി നിന്നു.കണ്ണുകൾ പരസ്പരം ഉടക്കി, മുന്നിലേക്ക് വീണുകിടക്കുന്ന അവളുടെ നനഞ്ഞ മുടിയിഴകൾ, ചെവിയുടെ പിറകിൽ ആക്കി, കൈകൾ കൊണ്ട് മഴ നനഞ്ഞ മുഖം അവൻ തലോടി, വിറയ്ക്കുന്ന ചുണ്ടിലേക്ക് ഒട്ടും എതിർപ്പില്ലാതെ അവൻ അലിഞ്ഞു ചേർന്നു.ചുരുട്ടി പിടിച്ചിരുന്ന ജാമ്പക്കകൾ ഓരോന്നായി താഴേക്ക് വീണു.മഴയുടെ താളത്തിനനുസരിച്ച് കരിയിലകളുടെ ശബ്ദവും ഉയർന്നു.
“അയ്യോ,വല്ല്യച്ഛൻ”
“ഒരുമ്പട്ടവളെ, ഇവിടെ വാടി…” അയാളുടെ കൈപ്പത്തി അവളുടെ മുഖത്ത് പതിഞ്ഞു, അവന്റെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി അയാൾ അവളെയും വലിച്ച് പുറത്തേക്ക് ഇറങ്ങി.
“സീതേ” അയാളുടെ അലർച്ച കേട്ട് സീത പുറത്തേക്ക് വന്നു.
“എന്താ ഏട്ടാ”
“നിന്റെ മോളില്ലെ ,ഇവൾ ആ മാണിക്കോത്തെ ചെക്കന്റെ കൂടെ പൊളിഞ്ഞ്വീഴാറായ വീട്ടിൽ വച്ച് ഉമ്മ വച്ചു കളിക്കുന്നു, അത് എങ്ങനെയാ നീ അല്ലെ വളർത്തുന്നെ,പെൺപിള്ളേരെ മര്യാദയ്ക്ക് വളർത്തണം,ഇല്ലെങ്കിലേ തറവാടിന്റെ മാനം പോകും”
“നേരാണോടി..”
“അമ്മേ…… ഞാൻ……”
“നശിച്ചവളെ ഇവിടെ വാടി…………. നിന്നോട് ഞാൻ പലവട്ടം പറഞ്ഞതാ… ആ ചെക്കനും ആയിട്ടുള്ള കൂട്ട് നിർത്തിക്കോളാൻ…… നോക്കിക്കോ ഉണ്ണിയോട് ഞാൻ പറയുന്നുണ്ട്,പെങ്ങടെ വിശേഷങ്ങൾ…”
അടുക്കളയിലെ പാത്രങ്ങൾ വലിച്ചെറിഞ്ഞു കൊണ്ട് സീത പറഞ്ഞു.
“അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും അജൂനെ മാത്രേ ഞാൻ കെട്ടത്തുള്ളൂ…”
“നിന്റെ അച്ഛനെ പിടിച്ച് ഞാൻ പറയുവാ….അവനെ നീ കെട്ടിയാൽ…, ഞാൻ വെറുതെ പറയുന്നതല്ല… ചത്ത് കളയും ഞാൻ..”
“ജനിച്ചപ്പോൾ തൊട്ട് കേൾക്കാൻ തുടങ്ങിയതാ.. തൊട്ടതിനും പിടിച്ചതിനും ഒക്കെ ചാകൂംന്ന് പറയുന്നത്, അത് പറഞ്ഞ് എന്നെ പേടിപ്പിക്കാൻ നോക്കണ്ടാ….,അജു വന്ന് വിളിച്ചാൽ ഞാൻ ഇറങ്ങിപ്പോകും”
“കാണാടി…. നമുക്ക് കാണാം”
“സീതേച്ചി…..” രാവിലെ ഉമ്മറത്തെ വാതിലിൽ തട്ടിയുള്ള വിളി കേട്ടാണ് മാളു എഴുന്നേറ്റത്.
“എന്താ രാമേട്ടാ…”
“ആഹാ ഇന്ന് മോളാണോ…അമ്മ എവിടെ…. പോയി പാത്രം എടുത്തിട്ട് വായോ…” ഉള്ളിൽ ഒരു വെപ്രാളത്തോടേ അവൾ അകത്തേക്ക് പോയി,
“അമ്മേ….അമ്മേ…. വാതിൽ തുറക്ക്…..” മുറ്റത്തേക്ക് ഓടി ജനൽ വാതിൽ തുറക്കാൻ ശ്രമിച്ചു.
“രാമേട്ടാ…. അമ്മ വിളിച്ചിട്ട് കതക് തുറക്കുന്നില്ല….” പാൽ പാത്രം താഴെ വച്ച് അകത്തു കയറി വാതിൽ ശക്തിയോടെ ചവിട്ടി തുറന്നു.
തൂങ്ങി നിൽക്കുന്ന ജീവനറ്റ ശരീരം കണ്ട് ശ്വാസം എടുക്കാൻ പോലും കഴിയാതെ അവൾ നിന്നു.
“ഡീ, അറിഞ്ഞോ, നമ്മുടെ മോൻ കാരണം ആ കൊച്ചിന്റെ അമ്മ തൂങ്ങീന്ന്….”
“ഈശ്വരാ…നേരോ…”നെഞ്ചത്ത് കൈ വച്ച് അവർ ചോദിച്ചു.
“ഓരോ തോന്ന്യാസം ചെയ്ത് വച്ചിട്ട് ഇരിക്കുന്നത് നോക്ക്,അസത്ത്” ചോറിൽ വിരലിട്ട് തലകുനിച്ച് ഇരിക്കുന്ന അജുവിന്റെ പാത്രം തട്ടി തെറിപ്പിച്ച് അയാൾ പറഞ്ഞു.
“നിന്റെ വിസശരിയാട്ടുണ്ട്,പൊക്കോണം…ഈ നാട്ടീന്ന്… എല്ലാം കലങ്ങി തെളിഞ്ഞിട്ട് തിരിച്ചു വന്നാൽ മതി”.
“ഉണ്ണി,മാളുവിനെ എന്റെ വീട്ടിൽ നിർത്താം, പക്ഷേ നീ തിരിച്ച് പോകുന്നതിന് മുമ്പ് അവളുടെ കല്യാണം ഉറപ്പിക്കണം”
“വല്ല്യച്ഛാ… പക്ഷേ അവൾ പഠിക്കുഅ അല്ലേ.,ഇത്ര പെട്ടെന്ന്..”
“അത് വേണം,ആ ചെക്കന്റെ കാര്യം നാട്ടിലൊക്കെ ഏതാണ്ട് അറിഞ്ഞ മട്ടാ….”
“ഏട്ടാ, എനിക്ക് ഒരു കാര്യം പറയാനുണ്ട്” കരഞ്ഞ് കലങ്ങിയ കണ്ണുമായി അവന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു.
“അജുവിനെ കുറിച്ചാണോ” മുഖത്ത് നോക്കാതെ അവൻ ചോദിച്ചു.
“അതെ., എനിക്ക് അവനെ മറക്കാൻ കഴിയില്ല…..”
“നിനക്ക് അവനെ കെട്ടണൊ” തലയുയർത്തി നിർവികാരത നിറഞ്ഞ കണ്ണുകളോടെ അവൻ ചോദിച്ചു. വിടർന്ന കണ്ണുകളോടെ അവൾ വേണം എന്ന് തലയാട്ടി.
“ഞാൻ നിങ്ങളുടെ കല്ല്യാണം നടത്തി തരാം, പക്ഷേ അത് കഴിഞ്ഞാൽ പിന്നെ ഞാനുമായിട്ട് നിനക്ക് ഒരു ബന്ധവും ഇല്ല, അമ്മയ്ക്കും അച്ഛനും ഒപ്പം നീയും അങ്ങ് മരിച്ചതായി ഞാൻ വിചാരിച്ചോളാം”
കേട്ടത് വിശ്വാസം വരാതെ തലയുയർത്തി അവൾ അവനെ തന്നെ നോക്കി, അവളുടെ മുഖത്തേക്ക് ഒന്ന് രൂക്ഷമായി നോക്കി അവൻ എഴുന്നേറ്റ് പോയി.
ആർത്തുപെയ്യുന്ന മഴയിൽ ജനൽ കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കി നിന്നു.പുറത്ത് പെയ്യുന്ന മഴയുടെ ശക്തിയോടെ ഉള്ളിലും പെയ്യുകയാണ് മഴ.മിന്നലിൽ തെളിഞ്ഞ രൂപം അവളിൽ ഒരു ഞെട്ടൽ ഉളവാക്കി.ഒരു കാന്തീകവലയത്തിലെന്ന പോലെ അവൾ പുറത്തേക്ക് ഇറങ്ങി ഓടി. സംഹാരതാണ്ഡവം ആടുന്ന മഴയിൽ ഉള്ളിലെ ദുഃഖം മറക്കാൻ എന്നോണം,വരണ്ട ചിരിയോടെ അവൻ നിന്നു,മഴയുടെ രാഗത്തിന് താളം പിടിച്ചു അവളുടെ തേങ്ങൽ ഉയർന്നുകൊണ്ടിരുന്നു.
“എന്റെ വിസ ശരിയായിട്ടുണ്ട്, നാളെ പുലർച്ചെ ഉള്ള ഫ്ളൈറ്റിൽ പോകും…മാളൂ…..”
താഴോട്ട് നോക്കി നിൽക്കുന്ന അവളുടെ മുഖത്തേക്ക് തലകുനിച്ച് അവൻ നോക്കി.
“കാത്തിരിക്കുഓ……നീ…എന്നെ….” ഇടറിയ ശബ്ദത്തോട അവൻ അത് ചോദിക്കുമ്പോൾ,അടക്കി പിടിച്ചുള്ള കരച്ചിലായിരുന്നു അവളുടെ മറുപടി.
“മാളൂ” ഉണ്ണിയുടെ അലർച്ച കേട്ട് അവർ ഞെട്ടി.കുത്തിയൊലിക്കുന്ന മഴവെള്ളത്തിൽ ശക്തിയിൽ ചവിട്ടിക്കൊണ്ടവൻ അവർക്ക് നേരെ പാഞ്ഞടുത്തു. അവളുടെ കവിളിൽ ആഞ്ഞ് തല്ലി ബലമായി പിടിച്ച് തിരിച്ചു നടന്നു.
“ഏട്ടാ, ഞാനൊന്ന് പറഞ്ഞോട്ടെ, ഒരു കാര്യം പറഞ്ഞ് ഞാൻ വരാം ഏട്ടാ…”
“നീ ഒന്നും പറയേണ്ട”
“ഏട്ടാ, നമ്മുടെ അമ്മയാണെ.., ഞാൻ പറഞ്ഞിട്ട് വരും ഏട്ടാ.,” കൈയ്യിലെ പിടി അയഞ്ഞതും അവൾ അവനരികിലേക്ക് ഓടി.
“അജൂ, എനിക്ക് നിന്നെ ഇഷ്ടാണ്…… ഒരുപാട്…., പക്ഷേ അമ്മയുടെ ജീവന് എന്റെ ജീവിതം കൊണ്ട് പ്രായശ്ചിത്തം ചെയ്യാനാണ് എന്റെ തീരുമാനം, അജു,പൊയാക്കോ”
അടർന്ന് വീഴുന്ന തുള്ളികൾ മഴയ്ക്ക് ഒപ്പം അലിഞ്ഞു ചേർന്നു. ഏന്തി വലിഞ്ഞ് അവന്റെ നെറ്റിയിൽ ഒന്നമർത്തി ചുംബിച്ചു.തിരിഞ്ഞുനടന്ന അവളെ നനഞ്ഞ കണ്ണുകളുമായി അവൻ നോക്കി നിന്നു.
അവസാനിച്ചു