പക്ഷേ നിന്നെ കാണുമ്പോഴേ എന്റെ മനസ് ഓടി വന്നു നിന്നോടങ്ങു ഒട്ടി നിൽക്കും, പിന്നെ ഈ ശരീരം മാത്രം എന്തിന്…

ഗാബ്രിയേൽ ~ രചന: സിയാ ടോം

“എനിക്ക് നിന്നോട് മുഴുത്ത പ്രേമമാണ് ഗാബ്രി  “

അവന്റെ കണ്ണിൽ നോക്കി അങ്ങനെ പറഞ്ഞപ്പോൾ അവൻ ഞെട്ടുന്നത് ഞാൻ കണ്ടു. 

“നിനക്ക് വട്ടാണ്  ” അവൻ  പൊട്ടിച്ചിരിച്ചു.

“ഇങ്ങോട്ട് നോക്കെടാ ” ഞാൻ അവന്റെ മുഖം ബലമായി എന്റെ നേരെ തിരിച്ചു.

“എന്റെ കണ്ണിൽ നോക്കിയിട്ട് പറ. ഞാൻ  പറഞ്ഞത് കള്ളം ആണോന്ന് “

എന്റെ കണ്ണുകളുടെ ആഴങ്ങളിൽ കാണുന്ന അവന്റെ  പ്രതിബിംബം  അവന്റെ കണ്ണുകളിൽ നിന്ന് ഞാൻ കണ്ടെടുത്തു

“ഏയ്‌ പോടീ ചുമ്മാ ” അവൻ തല വെട്ടിച്ചു.

“അല്ല ഗാബ്രി …..കുറെ നാളായി…നിന്നോട് പറഞ്ഞാൽ നീ വിശ്വസിക്കില്ല എന്നറിയാം.വേണമെങ്കിൽ എനിക്ക് നിന്റെ മുൻപിൽ എല്ലാം മറച്ചു വച്ചു നല്ലൊരു ഫ്രണ്ട് ആയിട്ട് അഭിനയിക്കാം. പക്ഷേ എന്നെങ്കിലും ഒരിക്കൽ നീ എന്റെ പെരുമാറ്റത്തിൽ നിന്നോ  സംസാരത്തിൽ നിന്നോ എനിക്ക് നിന്നോട് പ്രണയമാണെന്ന് കണ്ടുപിടിക്കുന്നതിലും നല്ലത് ഇതാണെന്ന്  തോന്നി. നിരുപാധികം കീഴടങ്ങൽ. “

പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.

“എത്ര നാൾ എന്നെ കൊണ്ട് ഒളിച്ചു വയ്ക്കാൻ ആവും. മുഖം മനസിന്റെ കണ്ണാടി അല്ലേ? “

“എടി …. ഞാൻ ” അവനു  വാക്കുകൾ കിട്ടിയില്ല.

“ഇതും പറഞ്ഞു നീ ഞാനും ആയിട്ടുള്ള ഫ്രണ്ട്ഷിപ് കട്ട് ചെയ്യല്ലേ. എനിക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല. ” ഞാൻ അവന്റെ കൈ പിടിച്ചു. “പിന്നേ ഞാൻ ഒരിക്കലും നിനക്ക് ശല്യ മാകില്ല. കേട്ടോ ” ഞാൻ  എഴുന്നേറ്റു പോകും വഴി പറഞ്ഞു.

വീട്ടിലേക്ക് നടക്കുമ്പോൾ വല്ലാത്ത ഭാരം ആയിരുന്നു മനസ്സിൽ. അമ്മ റോസിലി.. ടീച്ചർ ആയിരുന്നു. പപ്പാ എനിക്ക് രണ്ടു വയസ് ഉള്ളപ്പോൾ മരിച്ചതാണ്. അഞ്ചാം ക്ലാസ്സ്‌ വരെ വീടിന്റെ അടുത്തുള്ള സ്കൂളിലാണ് പഠിച്ചത്. അമ്മ കുറച്ചു ദൂരം മാറി ഒരു കോൺവെന്റ് സ്കൂളിൽ ആയിരുന്നു പഠിപ്പിച്ചിരുന്നത് .

ആറാം ക്ലാസ്സിൽ ആയപ്പോൾ അമ്മയുടെ സ്കൂളിൽ തന്നെ ചേർത്തു. ആദ്യത്തെ ദിവസം അമ്മ ഞങ്ങളെ  വിളിച്ചു പരിചയപ്പെടുത്തി.

“മിക്കു ഇത് ഗാബ്രി, ഐസക് ഗാബ്രിയേൽ ” “ഗാബ്രി.. ഇതെന്റെ മോളാണ് മീഖാ ജെയിംസ് “

അമ്മയുടെ വായിൽ നിന്ന് എപ്പോഴും കേൾക്കുന്ന പേരാണ്. അമ്മയുടെ പ്രിയപ്പെട്ട സ്റ്റുഡന്റ്. അന്ന് തൊട്ടു തുടങ്ങിയ കൂട്ടാണ് എന്നേക്കാൾ രണ്ടു വയസ് മൂപ്പു കൂടുതൽ ആണവന്.അവന്റെ അച്ഛൻ കുടിച്ചു കരൾ രോഗം വന്നാണ് മരിച്ചത്. അമ്മ കൂലിപ്പണി ചെയ്താണ് അവനെ വളർത്തിയത്. ജോലിക്കിടയിൽ അവന്റെ അമ്മ ഒന്ന് തല കറങ്ങി വീണു. ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ കൊണ്ടു ചെന്നപ്പോഴേക്കും മരിച്ചിരുന്നു. പിന്നെ അവനെ അനാഥലയം ഏറ്റെടുത്തു. നന്നായി പഠിക്കുന്ന കുട്ടിയായത് കൊണ്ട് കോൺവെന്റ് സ്കൂളിൽ പഠിക്കാൻ പറ്റി.

വീട്ടിൽ എല്ലാ സ്വാതന്ത്ര്യവും അവനുണ്ട്. അമ്മ എന്ത്‌ വാങ്ങിയാലും അവനും ചേർത്തു വാങ്ങും.അവൻ അമ്മയെ ടീച്ചറമ്മ എന്നാണ് വിളിക്കാറുള്ളത്. ഞാൻ എവിടെ പോയാലും നിഴൽ പോലെ കൂടെയുണ്ടാവും.

അന്ന് രാത്രി എനിക്ക് ഉറങ്ങാൻ പറ്റിയില്ല.. എന്തോ മനസിന് ഒരു വല്ലാഴിക….ഫോൺ എടുത്തു അവനെ വിളിച്ചു

“പെണ്ണേ “

അടിവയറ്റിലൂടെ ഒരു ആളൽ പാഞ്ഞു പോയി..ആദ്യമായിട്ടാണ് അവൻ ഇങ്ങനെ വിളിക്കുന്നത്‌.പറയാൻ വന്നത് ഞാൻ മറന്നു പോയി..ഫോൺ കട്ട്‌ ചെയ്തു.

പിറ്റേന്ന് അവനെ കാണാൻ ചെല്ലുമ്പോൾ ഒരു പിടച്ചിലായിരുന്നു മനസ്സിൽ..കൂട്ടുകാരുടെ കൂടെ കളി പറഞ്ഞിരിക്കുന്ന അവനെ ഞാൻ ആദ്യം കാണുന്ന പോലെ നോക്കി..എടുത്തു പറയത്തക്ക പ്രത്യേകതകൾ ഇല്ലെങ്കിലും അവൻ ഒരു സുന്ദരൻ തന്നെ.എപ്പോഴാണ് നിന്നെ ഞാൻ പ്രണയിക്കാൻ തുടങ്ങിയത് ഗാബ്രി… അറിയില്ല…. ഇപ്പോൾ എന്റെ ലോകം നിന്നെ ചുറ്റിയാണ്.. നീയും ഞാനും മാത്രമായ ലോകം…

“എന്താണ് മിക്കു …. എന്തോ ഗാഢമായ ആലോചനയിലാണല്ലോ “

എന്നോട് ചേർന്നിരുന്നവൻ ചോദിച്ചു.

“ഒന്നുമില്ലടാ… ചുമ്മാതെ ” “നമുക്ക് എന്നും നല്ല ഫ്രണ്ട്‌സ് മാത്രം ആയിരിക്കാം  മീഖാ  എനിക്കെന്തോ നിന്നെ ആ രീതിയിൽ കാണാൻ വയ്യ..”

അവൻ ദൂരേക്ക് നോക്കി പറഞ്ഞു.

“നമ്മൾ എന്നും നല്ല ഫ്രണ്ട്‌സ് ആയിരിക്കും ഗാബ്രി. നീ ഞാൻ പറഞ്ഞത്  കാര്യമായി എടുക്കണ്ട “

“കുറച്ചു കഴിയുമ്പോൾ അതൊക്ക തനിയെ ശരിയായിക്കോളും. നമുക്ക് നല്ല ഒരു സുന്ദരൻ ചെക്കനെ കണ്ടു പിടിച്ചു നിന്നെക്കൊണ്ട് കെട്ടിക്കാം ” അവൻ ചിരിച്ചു.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി. എന്നും അവനെ കാണും സംസാരിക്കും
എങ്കിലും എന്തോ ഒരു അകൽച്ച ഞങ്ങൾക്കിടയിൽ ഉടലെടുത്തത് പോലെ എനിക്ക് തോന്നി.ഫോണിൽ വിളിച്ചാൽ  തിരക്കാണ്..ഡിപ്പാർട്മെന്റിൽ ചെന്നാൽ അവിടെ കാണില്ല…പാർട്ട്‌ ടൈം പോലെ ഒരു ഷോ റൂമിൽ പോകുന്ന കൊണ്ട് വൈകുന്നേരം ഫ്രീ ആകാറില്ല…വീട്ടിലേക്ക് ഉള്ള വരവ് കുറഞ്ഞു..ആ തോന്നൽ സത്യം ആണെന്ന് പിന്നീടെനിക്ക് മനസിലായി.

എന്നും ഉച്ചക്ക് അമ്മ അവനുകൂടി ഒരു ചോറു പൊതി തന്നു വിടാറുണ്ട്. പണ്ട് തൊട്ടേയുള്ള ശീലമാണ്.ഞാനും അവനും എന്ത് വഴക്ക് കൂടിയാലും ഉച്ചക്ക് കക്ഷി എന്റെയടുത്തു ഹാജർ ഉണ്ടാകും.അന്നുച്ചക്ക് അവനെ അന്വേഷിച്ചു   ചെന്നിട്ട് കണ്ടില്ല. തിരിച്ചു വരും വഴിയാണ് സോനയുമൊത്തിരുന്നു ഭക്ഷണം കഴിക്കുന്ന അവനെ കണ്ടത്.സോന അവന്റെ ജൂനിയർ ആണ് ഒരിക്കൽ അവളെ പറ്റി പറഞ്ഞിട്ടുണ്ട്.അവൾക്കവനെ വലിയ ഇഷ്ടമാണത്രെ.

എന്തോ പറഞ്ഞു രണ്ടുപേരും ഉച്ചത്തിൽ ചിരിക്കുന്നുണ്ട്.നെഞ്ചിൽ ഒരു വിങ്ങൽ.
ഞാൻ മെല്ലെ തിരിച്ചു നടന്നു.നേരെ പോയത് കോളേജിൽ മുന്നിൽ ഭിക്ഷ യാചിക്കുന്ന ഒരു മനുഷ്യൻ ഉണ്ട്. അയാളുടെ അടുത്തേക്ക് ആണ്.പലപ്പോഴും ഞങ്ങൾ അയാൾക്ക് ആഹാരം വാങ്ങി നൽകിയിട്ടുണ്ട്.എന്റെയും അവന്റെയും പൊതിച്ചോർ അയാളെ ഏൽപ്പിച്ചു.

ഗേറ്റിൽ ചാരി എന്നെ നോക്കി നിൽക്കുന്ന അവനെ ദൂരെ നിന്ന് കണ്ടു.

“സോന വിളിച്ചപ്പോൾ കൂടെ പോയി… വേറെ ഒന്നും വിചാരിച്ചിട്ടല്ല.. ” അവൻ പറഞ്ഞു.

“വിശക്കുന്നവർക്ക് ഒരു നേരെത്തെ ആഹാരം കൊടുത്താൽ അതിനുള്ള പുണ്യം കിട്ടും.”

അവൻ മിണ്ടിയില്ല. “പുതിയ ശീലങ്ങൾ തുടങ്ങിയത് അറിഞ്ഞിരുന്നില്ല.ഏതായാലും കൊണ്ടു വന്ന ഫുഡ്‌ വേസ്റ്റ് ആയില്ല. “

അവനെ നോക്കി അത്രയും പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് നടന്നു.

പിറ്റേന്ന് തൊട്ട് എന്റെയും അവന്റെയും പൊതിച്ചോർ ഞാൻ ആ മനുഷ്യനു നൽകാൻ തുടങ്ങി..ഗാബ്രി ആയിട്ടുള്ള സംസാരവും കൂടികാഴ്ചകളും കുറഞ്ഞു വന്നു..സോനയും  ഗാബ്രിയും തമ്മിൽ എന്തോ ഉണ്ടെന്ന് പലരും പറഞ്ഞു ഞാൻ കേട്ടു..നെഞ്ചിൽ ആരോ കത്തി വച്ചു വരഞ്ഞ പോലെ തോന്നിയെനിക്ക്.വെറുതെ എന്തിനാ ആശിക്കുന്നത്..ഇഷ്ടം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ…എല്ലാം മനസ്സിൽ അടക്കി…..

കോളേജിൽ ഓണാഘോഷ പരിപാടിക്ക് ഡ്രസ്സ്‌ എടുക്കാൻ വന്നതായിരുന്നു ഞാനും അമ്മയും.ഞങ്ങളുടെ പർച്ചേസ് ഒക്കെ കഴിഞ്ഞു ഗാബ്രിക്ക് ഷർട്ട്‌ എടുക്കാൻ വേണ്ടി മെൻസ് സെക്ഷനിലേക്ക് കയറി.

“ഗാബ്രിയല്ലേ അത് “

അമ്മ ചൂണ്ടി കാണിച്ച ഇടത്തേക്ക് നോക്കി.ഗാബ്രിയും സോനയും.കാര്യമായി എന്തോ വാങ്ങുന്ന തിരക്കിൽ ആണ് രണ്ടു പേരും.

“ഗാബ്രി ” അമ്മ വിളിക്കുന്ന കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്.

“ടീച്ചറമ്മേ ” അവൻ ഓടി വന്നു.

“എന്തൊക്കെയുണ്ട് വിശേഷം?ഇപ്പൊ വീട്ടിലേക്ക് കാണാറില്ലല്ലോ. മിക്കു പറഞ്ഞു മോൻ തിരക്കാണെന്നു.ഓണത്തിന് എന്തായാലും വരണം കേട്ടോ.”

അവർ സംസാരിക്കുമ്പോഴേക്കും ഞാൻ അവനെടുത്ത ഷർട്ട്‌ ബിൽ ചെയ്തു  കൊണ്ടു വന്നു അമ്മയുടെ കൈയിൽ കൊടുത്തു.

“ദാ നിനക്ക് ഒരു ഷർട്ട്‌ ആണ്. കോളേജിൽ പ്രോഗ്രാം അല്ലേ.. ഇനി ഇതു ഇവളുടെ കൈയിൽ കൊടുത്തു വിടണ്ടല്ലോ ” എന്നും പറഞ്ഞു അമ്മ അത് അവന് കൊടുത്തു.. “അയ്യോ വേണ്ടാരുന്നു. ഞാൻ ഇപ്പൊ ഒരെണ്ണം വാങ്ങിയതേ ഉള്ളൂ. ” ഇരിക്കട്ടെടാ ” അമ്മ അവന്റെ തോളിൽ തട്ടി. “ഓണത്തിന് വരണം “

ഇറങ്ങാൻ നേരത്തു അമ്മ വീണ്ടും ഓർമിപ്പിച്ചു. അവൻ തലയാട്ടുന്നുണ്ടാരുന്നു.

കോളേജിലെ ഓണാഘോഷ പരിപാടി വളരെ നന്നായി നടന്നു. ഞാൻ എടുത്തു കൊടുത്ത ഷർട്ട്‌ ഇട്ടു വരുന്ന ഗാബ്രിയേ നോക്കി ഞാൻ ഇരുന്നു.പക്ഷേ ഒരു കളർ ഡ്രസ്സിൽ സോനയും ഗാബ്രിയും… ഒരുമിച്ചു വന്നപ്പോൾ….മനസ്സ് പിടഞ്ഞു..നിറഞ്ഞ കണ്ണുകൾ ആരും കാണാതെ ഞാൻ അവിടുന്ന് മാറി.

ഓണത്തിന്റെയന്ന് അമ്മ അവനെയും നോക്കി രാത്രി വരെ വഴിക്കണ്ണുമായി നിന്നു.പക്ഷേ ഫേസ്ബുക്കിൽ സോനയോടൊപ്പമുള്ള ആഘോഷത്തിന്റെ ഫോട്ടോകൾ കണ്ടു എന്റെ നെഞ്ച് തകർന്നു.

“മീഖ ഗാബ്രി ആയിട്ട് നിനക്ക് എന്തേലും പ്രശ്നം ഉണ്ടോ? ” അമ്മ ചോദിച്ചു.

“അങ്ങനെ ഒന്നും ഇല്ലമ്മേ “

“എന്തോ എനിക്കങ്ങനെ തോന്നി “

അന്നാദ്യമായി അവനോട് എന്റെ ഇഷ്ടം പറയാൻ തോന്നിയ ആ നിമിഷത്തെ ഞാൻ ശപിച്ചു.അവൻ വരാതിരുന്നത് അമ്മക്ക് അത്രയും വിഷമം ആയെന്ന് എനിക്ക് മനസിലായി.

പിറ്റേന്ന്  അവൻ സോനയുമായി എന്തോ കാര്യമായി സംസാരിച്ചു കൊണ്ടിരിക്കുന്നപ്പോഴാണ് ഞാൻ അങ്ങോട്ട്‌ ചെന്നത്.

“അമ്മ തന്നുവിട്ടതാണ്. കുറച്ചു പായസം. ഇന്നലെ രാത്രി വരെ നീ വരും എന്ന് വിചാരിച്ചു കാത്തിരുന്നു പാവം. “

പായസം നിറച്ച പാത്രം അവന്റെ മുന്നിൽ വച്ചിട്ട് പോന്നു.

വൈകുന്നേരം വീട്ടിൽ ചെല്ലുമ്പോൾ അവൻ വീട്ടിൽ ഉണ്ട്. അമ്മയുമായി എന്തോ സംസാരിച്ചു കൊണ്ടിരിക്കുന്നു.ഒരു കുളിയൊക്കെ കഴിഞ്ഞു അമ്മക്ക് സംശയം ഒന്നും തോന്നേണ്ടന്ന് കരുതി ഞാനും അവർക്കൊപ്പം പോയി ഇരുന്നു.

“ആ ഫോൺ ഒന്ന് എടുത്തു വയ്ക്കാവോ എപ്പോ നോക്കിയാലും അതിന്റകത്തു തലയിട്ട്  ഇരിക്കും. “

ഫോണിൽ തോണ്ടിക്കൊണ്ടിരുന്ന എന്നെ അമ്മ വഴക്ക് പറഞ്ഞു. അതു കേട്ട് അടക്കി ചിരിച്ച അവനെ ഞാൻ ദേഷ്യപ്പെട്ടു നോക്കിക്കൊണ്ട്  എഴുന്നേറ്റു അകത്തേക്ക് നടന്നു.

“ഹലോ മാഡം അകത്തേക്ക് വരാമോ? “

വാതിൽക്കൽ നിന്നുകൊണ്ട് അവൻ ചോദിച്ചു.

“ഇത്രയും നാൾ ചോദിച്ചിട്ടാണോ അകത്തു കയറിയത്? “

“ആണ്. പക്ഷേ പറയാൻ പറ്റില്ലല്ലോ മനുഷ്യരല്ലേ മാറും “

“അതു ശരിയാ. മാറും. നിന്നെക്കാൾ നല്ല ഉദാഹരണം വേറെയുണ്ടോ?  “

ഞാൻ അവനെ തറപ്പിച്ചു നോക്കി. അവനൊന്നു ചിരിച്ചു.

“എന്തു പറഞ്ഞാണ് നീ ഇന്നലെ വരാതിരുന്നതിനു അമ്മയെ സോപ്പിട്ടത്? “

“സോപ്പോ? അമ്മ നിന്നെ പോലെയല്ല കാര്യം പറഞ്ഞാൽ മനസിലാകും. ഇന്നലെ ഇങ്ങോട്ട് വരുന്ന വഴി ഒരു ആക്‌സിഡന്റ് ആയി. അയാളുടെ കൂടെ ആയിരുന്നു ആശുപത്രിയിൽ. “

ഞാൻ അവനെ കൂർപ്പിച്ചു നോക്കി. “ഇതാണോ  അവിടെ പറഞ്ഞത്? “

“അയ്യോ ഞങ്ങൾ അതിനേക്കാൾ വലിയ കാര്യം ചർച്ച ചെയ്യുവാരുന്നു “

“അമേരിക്കയിൽ ആറ്റം ബോംബ് ഇടുന്നതിനെ പറ്റി ആയിരുന്നായിരിക്കും “

‘അല്ല ഒരു ആറ്റം ബോംബിനെ കെട്ടിക്കുന്ന കാര്യം ആയിരുന്നു “

ഞാൻ അവനെ ഒന്നിരുത്തി നോക്കി.

“വേറെ ആരെയും അല്ല നിന്നെയാണ് “

“അതിനു നീ കൂടുതൽ ബുദ്ധിമുട്ടണ്ടാ. ” ഞാൻ ചൊടിച്ചു

” ഞാൻ  ബുദ്ധിമുട്ടും.  കാരണം നിന്നെ കെട്ടാൻ പോകുന്നത് ഞാൻ അല്ലേ? ” ഞാൻ ഒന്ന് ഞെട്ടി.

“എന്നാരു പറഞ്ഞു”

“നിനക്ക് എന്നോട് മുഴുത്ത പ്രേമം ആണെന്ന് നീ പറഞ്ഞിട്ടുണ്ടല്ലോ? “

“അതുകൊണ്ട്? “ഞാൻ ചോദ്യഭാവത്തിൽ അവനെ നോക്കി.

“ടീച്ചറമ്മയോട് ഞാൻ ചോദിച്ചു. എനിക്ക് ഈ മിക്കൂസിനെ ഇഷ്ടം ആണ്.  പഠിച്ചു ഒരു ജോലിയൊക്കെ ആയിട്ടു  വന്നാൽ കെട്ടിച്ചു തരുമോ എന്ന്. “

അവന്റെ കണ്ണിൽ ഒരു തിളക്കം. കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ കേട്ട ഷോക്കിൽ ആയിരുന്നു ഞാൻ..

“നിന്നോട് പ്രണയം ഒന്നും ഇല്ല എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു പെണ്ണെ… പക്ഷേ  നിന്നെ കാണുമ്പോഴേ എന്റെ മനസ് ഓടി വന്നു നിന്നോടങ്ങു ഒട്ടി നിൽക്കും പിന്നെ ഈ ശരീരം മാത്രം എന്തിന് അതാണ് ഓടി വന്നത്. എന്റെ പെണ്ണിനെ  ഇഷ്ടം ആണെന്ന് പറയാൻ. “

ഞാൻ കൈകെട്ടി നിന്ന്അവനെ തന്നെ നോക്കി.

“സർ ഈ ലോകത്തോന്നും അല്ലെന്ന് തോന്നുന്നു.ഞാൻ അന്ന് ഇഷ്ടം ആണെന്ന് പറഞ്ഞു.നീ റിജെക്ട് ചെയ്തു……അതോടെ തീർന്നു…..അല്ലാതെ ഞാൻ ആ ഇഷ്ടം ഇപ്പോഴും കൊണ്ട് നടക്കുവാണെന്ന് കരുതുന്നുണ്ടോ. നല്ല തമാശ. “

ഞാൻ പൊട്ടിച്ചിരിച്ചു.

“പെണ്ണേ  കളിയാക്കല്ലേ “അവൻ ദേഷ്യത്തോടെ എന്നെ നോക്കി.

“സത്യം ഗാബ്രി എനിക്ക് ഇപ്പൊ അങ്ങനെ ഒരു ഫീലിംഗ് നിന്നോട്  ഇല്ല.പ്ലീസ്  നമുക്ക് എന്നും നല്ല ഫ്രണ്ട്സ് ആയിരിക്കാം. എന്ത് പറയുന്നു? “

ഞാൻ അവനെ നോക്കി.അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .ഒന്നും  മിണ്ടാതെ അവൻ റൂമിൽ നിന്നും ഇറങ്ങിപ്പോയി.ഒരു വാശിക്ക് പറഞ്ഞതാണ്.

“ഗാബ്രി നല്ല പയ്യനല്ലേ.നീ എന്തിനാ അങ്ങനെ പറഞ്ഞത്.”

അമ്മ ചോദിച്ചപ്പോൾ”ജസ്റ്റ്‌ ഫോർ എ രസം” എന്നും പറഞ്ഞു ചിരിച്ചു.

“പിന്നെ ഒരു രസം. നിന്നോട് ഒരിഷ്ടം ഉണ്ടായപ്പോൾ ആദ്യം പറഞ്ഞത് എന്നോടാണ്. ഇനി നിനക്ക് ഇഷ്ടം അല്ലേലും അവനെയങ്ങു കെട്ടിയേച്ചാൽ
മതി “

പിറ്റേന്ന് തൊട്ട് ഒരു പൊതിച്ചോർ കൂടുതൽ എടുത്തു.ഉച്ചക്ക് ആൾ ക്ലാസിനു മുന്നിൽ ഹാജർ ആയിരുന്നു.

“സോന എവിടെ? “ഫുഡ്‌ കഴിക്കുമ്പോൾ ചോദിച്ചു.

“വിളിക്കണോ? “

“വിളിക്ക് ഇത്രയും നാൾ ഒരുമിച്ചു ഉണ്ടായിട്ട് പെട്ടന്ന് മാറ്റി നിർത്തിയാൽ  സങ്കടം ആകും. എനിക്കറിയാം.”

അവൻ എന്നെ മുഖം ഉയർത്തി നോക്കി. ഞാൻ പെട്ടന്ന് നോട്ടം മാറ്റി.നിമിഷങ്ങൾക്കുള്ളിൽ അവളെത്തി.

എന്റെ ഫുഡ്‌ അവൾക്ക് കൊടുത്തു അവളോട്‌ കഴിക്കാൻ അവൻ ആവശ്യപ്പെട്ടു.
അമ്പരന്ന് ഇരുന്ന എന്റെ മുന്നിലേക്ക് അവന്റെ പാത്രം നീക്കി വച്ചു കഴിക്കാൻ ആംഗ്യം കാണിച്ചു.

“ഇനി നമുക്ക് എന്നും ഒരു പാത്രത്തിൽ നിന്നും കഴിച്ചാൽ മതി പെണ്ണെ”

അവൻ മെല്ലെ കാതിൽ  പറഞ്ഞു.ഞാൻ ഒന്നും മിണ്ടിയില്ല.ഞാൻ കഴിക്കാൻ തുടങ്ങിയ ഒരു ഉരുള ചോറു അവൻ ബലമായി അവന്റെ വായിലേക്ക് വപ്പിച്ചു.
ഞെട്ടിപ്പോയി ഞാൻ.അവൻ പതിയെ എന്റെ വിരലുകളിൽ കടിച്ചു.ഒരു വിറയൽ ദേഹത്തുകൂടി പാഞ്ഞു പോയി.ചുവന്നു പോയ എന്റെ മുഖത്തെ അവനിൽ നിന്നും ഒളിപ്പിക്കാൻ ഞാൻ പാടുപെട്ടു.കുസൃതി ചിരിയോടെ അവൻ എന്നെ നോക്കി.സോനയുടെ മുഖം മങ്ങുന്നത് ഞാൻ കണ്ടു.

പിന്നീടങ്ങോട്ട് അവന്റെ പ്രണയം ഞാൻ അറിയുകയായിരുന്നു.എന്നെ കാണുമ്പോൾ ഉള്ള കള്ള നോട്ടത്തിലൂടെ…എനിക്കായ് ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ചു വച്ച പുഞ്ചിരിയിലൂടെ…അറിയാതെ കോർത്തു പിടിക്കുന്ന വിരൽ തുമ്പിലൂടെ..അങ്ങനെ അങ്ങനെ….

കോളേജ് ആർട്സ് ഡേയുടെ അന്ന്.. പെൺകുട്ടികൾ എല്ലാം സാരീ ആയിരുന്നു ഡ്രസ്സ്‌ കോഡ്.ആൺകുട്ടികൾ മുണ്ടും ഷർട്ടും…മെറൂൺ കളർ ഷർട്ട്‌ ഇട്ട് സുന്ദരനായി  അവനെ കണ്ണ് പറിക്കാതെ ഞാൻ നോക്കി.സോനയാണെങ്കിൽ അവനെ വിടാതെ പുറകെയുണ്ട് .

“സോന നിന്നെ കാണാൻ നല്ല ഭംഗിയുണ്ടല്ലോ “

അവളെ നോക്കി പറഞ്ഞത് എന്നെ കേൾപ്പിക്കാൻ ആണെന്നെനിക്ക് മനസിലായി.എന്തോ അറിയാതെ പോലും  അവന്റെ നോട്ടം എന്റെ നേർക്ക് വന്നില്ല….ആഘോഷങ്ങളോട് എന്തോ മടുപ്പ് തോന്നി.ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല.എഴുന്നേറ്റു ക്ലാസ്സിലേക്ക് നടന്നു.അരികിൽ ചേർത്തിട്ട ബെഞ്ചിൽ ചാഞ്ഞിരുന്നു ജനാലയിലൂടെ പുറത്തേക്ക് നോക്കി..വാതിൽ അടയുന്ന ശബ്ദം കേട്ടാണ് തല ഉയർത്തി നോക്കിയത്. “ഗാബ്രി “

ഒരു ചിരിയോടെ എന്നെ നോക്കി നിൽക്കുന്നു.ദൂരേക്ക് തന്നെ നോട്ടം അയച്ചു തിരിഞ്ഞു ഇരുന്നു.അവൻ എന്റെയടുത്തു വന്നിരുന്നു.

“വേറെയാരും നിന്നെ നോക്കുന്നത് എനിക്ക് ഇഷ്ടമില്ല..എനിക്ക് വേണ്ടി മാത്രം ഒരുങ്ങിയാൽ മതി പെണ്ണെ ഇതുപോലെ.. “

“അതെന്റെ ഇഷ്ടം ആണ്. “

ചാടി എണീറ്റ് പോകാൻ തുടങ്ങിയ എന്നെ കൈയിൽ പിടിച്ചു വലിച്ചു.ബാലൻസ് തെറ്റി വീണത് അവന്റെ മടിയിലേക്ക് ആണ്.അവൻ എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചു.

കണ്ണുകൾ തമ്മിൽ കോർത്തു..ഹൃദയം താളം മുറുകുന്നത് ഞാൻ അറിഞ്ഞു.

“മീഖാ ഗാബ്രിടെ പെണ്ണാ “

അവൻ പതിയെ എന്റെ കാതിൽ പറഞ്ഞു..അറിയാതെ  എന്റെ വിരലുകൾ അവന്റെ ഷർട്ടിൽ മുറുകി.

“നിനക്ക് എന്നെ മത്തു പിടിപ്പിക്കുന്ന ഒരു മണം ആണ് പെണ്ണെ. “

അവൻ എന്റെ കഴുത്തിടുക്കിലേക്ക് മുഖം അമർത്തി.പിടഞ്ഞു പോയി ഞാൻ..

“പറ്റുന്നില്ലെടി.. നീ… ഇല്ലാതെ…..വേണ്ടന്ന് വയ്ക്കല്ലേ പെണ്ണെ…. “

അവന്റെ മുഖം ഞാൻ പിടിച്ചുയർത്തി നിറഞ്ഞ കണ്ണുകൾ.ഞാൻ മുഖം മെല്ലെ കൈകളിൽ കോരിഎടുത്തു..എന്നെ ചുറ്റിയിരിക്കുന്ന അവന്റെ കൈകൾ മുറുകുന്നത് ഞാൻ അറിഞ്ഞു.അവന്റെ മൂക്കിന്റെ വലതു ഭാഗത്തു കവിളോടെ ചേർന്നുള്ള കുഞ്ഞു മറുകിൽ ഞാൻ ചുണ്ടുകൾ ചേർത്തു.മൗനമായി പ്രണയം പങ്കുവച്ച സമയം..അവൻ എന്നെ നെഞ്ചോടു ചേർത്ത് വരിഞ്ഞു മുറുക്കി…

“നാളെ രാവിലെ നമുക്ക് ഒരിടം വരെ പോകണം  “

“എവിടെ “ഞാൻ മെല്ലെ മുഖം ഉയർത്തി നോക്കി…

“സർപ്രൈസ് “എന്റെ മൂക്കിന്റെ തുമ്പിൽ അവൻ മെല്ലെ കടിച്ചു.

വെളുപ്പിന് എഴുന്നേറ്റു…തണുപ്പ് വക വയ്ക്കാതെ അവന്റെ കൂടെ പോകുമ്പോൾ ഒരു ഉന്മേഷം തോന്നി.

ഇടയ്ക്കു എപ്പോഴോ അവനോട് ചേർന്നിരുന്നു  മയങ്ങി പോയി.

“പെണ്ണെ….മിക്കു…. “

അവൻ എന്നെ വിളിച്ചുണർത്തി.ഏതോ മലയുടെ  ഉച്ചിയിലാണ് ..ഇളം വെയിൽ പരക്കുന്നതെ ഉള്ളൂ ..അസ്ഥി തുളച്ചു കയറുന്ന തണുപ്പ്..ഞാൻ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി…

“ഇവിടെ എന്താ”

“ചുമ്മാ “

അവൻ അടുത്തേക്ക് വന്നു. അവൻ പുതച്ചിരുന്ന ഷാളിനുള്ളിലേക്ക് എന്നെയും ചേർത്ത് നിർത്തി…ഇടുപ്പിലൂടെ കൈയിൽ ചുറ്റി ചേർത്തു പിടിച്ചു…

“ദിസ്‌ ഈസ്‌ ദ പെർഫെക്ട് ടൈം ഫോർ എ പെർഫെക്ട് കിസ്സ് “

അടി വയറ്റിൽ മഞ്ഞു വീണ അവസ്ഥ…നിശ്വാസങ്ങൾ കൂടി കലർന്നു….

“പ്രണയിച്ചു പോയി…..പെണ്ണെ..ചേർത്തു വച്ചത് എന്റെ
ഹൃദയത്തോടാണ്…ആഗ്രഹിക്കാൻ അർഹത ഇല്ല എന്നറിയാം…. ഇഷ്ടമാണ്‌ ആണെന്നും പറഞ്ഞിട്ടും മാറി നടന്നത് നിനക്ക് പിന്നീട് എന്നെ ഉൾക്കൊള്ളാൻ ആയില്ലെങ്കിൽ എന്നോർത്തിട്ടാണ്…പക്ഷേ എപ്പോഴോ എനിക്കു മനസ്സ് കൈ വിട്ടു പോയി..നീ ഇല്ലാത്ത അവസ്ഥ… ചിന്തിക്കാൻ കൂടി വയ്യ….നിന്റെ സ്ഥാനത്തു വേറെ ആരെയും സങ്കൽപ്പിച്ചു നോക്കാൻ വയ്യ….. ” എന്റെ കൈകളും അവനെ ചുറ്റി.

അവന്റെ കണ്ണുകൾ എന്റെ മുഖം മൊത്തം ഓടി നടന്നു….മുഖം ചുവക്കുന്നതും….ഹൃദയമിടിപ്പ് കൂടുന്നതും…. ശരീരം തളർന്നു പോകുന്നതും…… അറിഞ്ഞു…

അവൻ എന്നെ വാരിയെടുത്തു അധരങ്ങളിൽ അമർത്തി ചുംബിച്ചു…ആദ്യ ചുംബനത്തിൽ അലിഞ്ഞു അതിന്റെ മധുരം ഞങ്ങൾ നുണയുമ്പോൾ  ഇളംവെയിൽ ഭൂമിയിൽ പടർന്നു തുടങ്ങിയിരുന്നു..