സൗഭാഗ്യങ്ങളുടെ ലോകം അവൾക്കു മുൻപിൽ നിരത്തിയിട്ടും അവയെല്ലാം നിന്റെ സ്നേഹത്തിനു മുൻപിൽ ചെറുതാണത്രേ അവൾക്കു…

സ്നേഹപൂർവ്വം ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

അവളുടെ അച്ഛന്റെ കാർ മുറ്റത്തു വന്നു നിന്നപ്പോൾ. നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു.

മുൻപൊരിക്കൽ ഇത്‌പോലെ വന്നിട്ടുണ്ട്. ഒരു പോരാളിയെപോലെ. ഏതുകൊടുംകാറ്റിനേയും നേരിടാൻ പാകത്തിൽ വേരുറപ്പിച്ച വൻവൃക്ഷത്തെപോലെ.

അമ്മ ഉണ്ടാക്കിയ കട്ടൻ കാപ്പിയും കുടിച്ചുകൊണ്ടു കൂട്ടി മുട്ടാത്ത ജീവിതത്തിന്റെ കണക്കുകൾ ആലോചിച്ചിരിക്കുമ്പോൾ.

” മേലിൽ ഇതു ആവർത്തിച്ചാൽ.. കത്തിച്ചു കളയും നിന്നെയും നിന്റെ തറവാടും. ബാക്കി വരുന്നിടത്തു വെച്ചു കാണാം എന്നു കരുതി ഞാനതു ചെയ്യും. കടം ഉണ്ടെങ്കിൽ അധ്വാനിച്ചു വീട്ടണം അല്ലാതെ കാശുള്ള വീട്ടിലെ പെൺകുട്ടികളെ വലവീശി പിടിക്കുകയല്ല വേണ്ടത്. എന്നു ഷിർട്ടിന്റെ കോളർ കൂട്ടിപിടിച്ചു പറഞ്ഞപ്പോൾ. മറുപടി പറയാൻ ഒന്നും ഉണ്ടായിരുന്നില്ല എനിക്കു “

അല്ലെങ്കിലും തോറ്റു നിൽക്കുന്നവന്റെ വാക്കുകൾക്ക് എവിടെയാ വില കിട്ടിയിട്ടുള്ളത്?

ഒരു അച്ഛന്റെ സ്വപ്‌നങ്ങൾ തകരുമോ എന്നുള്ള ഭയമാണ് ഞാൻ ആ വാക്കുകളിൽ ഞാൻ കണ്ടത്.

*****************

ഒന്നിച്ചു കളിച്ചപ്പോൾ ഒന്നിച്ചു കഴിച്ചപ്പോൾ സൗഹൃദത്തിനു അപ്പുറത്തേക്ക് അവൾക്കു പ്രണയം കൂടി ഉണ്ടായിരുന്നു എന്നു എനിക്കും മനസ്സിലായിരുന്നില്ല.

പിന്തിരിപ്പിക്കാൻ നോക്കിയതാണ്.. ഇഷ്ട്ടം ഉണ്ടായിട്ടുകൂടി. അതു മൗനത്തിൽ ഒളിപ്പിച്ചു അവഗണിച്ചതാണ്.

കയ്പുനിറഞ്ഞ ജീവിതസാഹചര്യത്തിൽ. അടവ് മുടങ്ങിയ ചിട്ടി കമ്പനികളുടെ നിരന്തരമായ വിളികളിൽ. അച്ഛന്റെ മരുന്നു കുറിപ്പടികളിൽ. ഹോസ്‌പിറ്റൽ ബില്ലുകളിൽ. മുങ്ങിപ്പോയ വീടിന്റെ ആധാരം പണയത്തിൽ ഇരിക്കുന്നവന് എന്തു പ്രണയം.

എത്രത്തോളം അകലം കാണിക്കുന്നുവോ അതത്രത്തോളം ചേർന്നു നിൽക്കുന്നവളെ ഞാനെന്തു പറഞ്ഞു പിന്തിരിപ്പിക്കാനാണ്?

**************************

അവളുടെ അച്ഛൻ വന്നു പോയതിനു ശേഷം. ഞാൻ ഒരിക്കൽ കൂടി കണ്ടിരുന്നു.. അവളെ.

ജീവിതം എവിടെയെത്തും എന്നുപോലും അറിയാതെ ഓടുന്നവനാണ് ഞാൻ. ആ ഓട്ടത്തിനിടക്ക്. തട്ടി തടഞ്ഞു വീഴാനായിട്ടു ഒരു കാരണം ആകരുത് താൻ. ദൂരെ നിന്നുപോലും ഞാൻ കാണുവാനും ആഗ്രഹിക്കുന്നില്ല.

അപ്പോൾ ഇനി എന്റെ ഇടുങ്ങിയ വഴികളിൽ കാണരുത്.. ഞാൻ ആഗ്രഹിക്കുന്നുമില്ല.

തിരിഞ്ഞു നടക്കുമ്പോൾ. പ്രിയപ്പെട്ടത് എന്തോ ഇനിയൊരിക്കലും തിരിച്ചെടുക്കാൻ പറ്റാത്തദൂരത്തേക്ക് വലിച്ചെറിഞ്ഞപോലെ എന്തോ എന്നെ ചുറ്റിപിടിച്ചിരുന്നു.

നഷ്ടങ്ങളുടെ കൂമ്പാരത്തിനു മുകളിൽ നിൽക്കുന്നവൻ. എന്തു പറയാനാണ് അല്ലേ? ഒരു ചെറുപുഞ്ചിരിയിൽ ഒതുക്കാൻ എന്നേ പഠിച്ചു കഴിഞ്ഞിരിക്കുന്നു.

അറുത്തു മാറ്റിയാലും ചിരിക്കാൻ ശ്രമിക്കുന്ന ജീവിതം. അതിനപ്പുറം എന്താണ് ഒരു നിർവചനം.

******************************

ഒരുപക്ഷേ നിങ്ങളും ആഗ്രഹിച്ചുകാണില്ലേ.. എനിക്കതു ഉണ്ടായിരുന്നെങ്കിൽ. ഒന്നും നഷ്ടപെടില്ലായിരുന്നു എന്ന്?

കൈപിടിച്ചു ഉയർത്താൻ ഒരു കൈ എങ്കിലും ഉണ്ടായിരുന്നു എങ്കിൽ തോൽവിയുടെ പടുകുഴിയിൽ വീണു പോവില്ലായിരുന്നു എന്ന്.

ആഗ്രഹങ്ങളാണ്. ആഗ്രഹിക്കുന്നതിനു അപ്പുറത്തുള്ള ആഗ്രഹങ്ങൾ.

*************************

കാറിൽ നിന്നു ഇറങ്ങിയ അവളുടെ അച്ഛന്റെ മുഖത്തു ആളിക്കത്തുന്ന തീ.. ഉണ്ടായിരുന്നില്ല. ശാന്തമായിരുന്നു മുഖം.

മൗനങ്ങൾ മുറിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു. സൗഭാഗ്യങ്ങളുടെ ലോകം അവൾക്കു മുൻപിൽ നിരത്തിയിട്ടും. അവയെല്ലാം നിന്റെ സ്നേഹത്തിനു മുൻപിൽ ചെറുതാണത്രേ അവൾക്കു.

ഒരു അച്ഛന്റെ ആഗ്രഹത്തിന് അതിരുകളില്ല അതൊരു മകൾക്കു വേണ്ടിയാണെങ്കിൽ പറയുകയും വേണ്ടല്ലോ അത്രത്തോളം സ്വാർത്ഥമാകും.

എനിക്കിപ്പോ തോന്നുന്നു. ഈ വീട്ടിൽ. അവളു അനുഭവിക്കുന്നത് ഏതുമായിക്കോട്ടെ അതു പൂർണമനസോടെ ആയിരിക്കുമെന്ന്.

ഒരു അച്ഛന്റെ മനസ്സറിഞ്ഞു പിന്തിരിഞ്ഞു നടക്കാൻ തോന്നിയ മനസ്സിനേക്കാൾ വലുത് എവിടെപോയാടാ.. മോനേ അന്വേഷിക്കാ..എന്നും പറഞ്ഞു ചേർത്തു പിടിച്ചപ്പോൾ കണ്ണിൽ നിന്നുതിർന്നതു അടക്കിവെച്ച സ്വപ്നങ്ങളായിരുന്നു.

എന്നും ആഗ്രഹിച്ചത് സ്വന്തം കാലിൽ നിൽക്കാനായിരുന്നു. കുറച്ചു സമയംകൂടിവേണം എനിക്കു. അന്ന് ഞാൻ വരും.. എന്റെ അച്ഛനും അമ്മയെയും കൂട്ടി.

വിയർപ്പിൽ ഊതികാച്ചിയ ഒരു താലിമാലയുമായി ഞാൻ വരും എന്റെ സ്വപ്നങ്ങളിലേക്കു എന്റെ ജീവിതത്തിലേക്ക് അച്ഛന്റെ മകളെ കൂടെ കൂട്ടാനായി നിറഞ്ഞമനസോടെ കൈപിടിച്ചു ഏൽപ്പിക്കണം അന്ന് അച്ഛന്റെ സ്വപ്നങ്ങളെ എന്റെ കൈകളിലേക്കു.

കാർ ഗേറ്റ് കടന്നുപോകുമ്പോൾ. മനസുപറയുന്നുണ്ടായിരുന്നു സ്നേഹം സത്യമാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കപെടുന്നു.