മോഹങ്ങളേ… ~ രചന: Unni K Parthan
“വെറുതെ മോഹങ്ങൾ തന്നുല്ലേ ഏട്ടാ ഞാൻ…” വിസ്മയയുടെ ചോദ്യം കേട്ട് ഹരൻ ഒന്ന് ചിരിച്ചു….
“മ്മ്..” ഹരൻ മൂളി…
“ഇനി….” വിസ്മയ ഹരനെ നോക്കി…
“ഇനിയെന്ത്…തിരിഞ്ഞു നടക്കണം…വന്ന വഴിയിലൂടെ…” ഹരൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
“അപ്പൊ കൂടെ എന്റെ ഓർമ്മകൾ ഉണ്ടാവില്ലേ…”
“മ്മ്…അതേ ഉണ്ടാവൂ…”
“സഹിക്കുമോ നീ അത്…എന്റെ ഓർമകളേ എത്ര നാൾ നീ നെഞ്ചോടു ചേർത്ത് നിർത്തും…..” ഇടറിയിരുന്നു വിസ്മയയുടെ വാക്കുകൾ…
“നിന്റെ ഓർമ്മകൾ…അതൊരു സുഖമല്ലേ..കൂടെ നെഞ്ചോട് ചേർത്ത് പിടിച്ചു തിരിഞ്ഞു നടക്കുമ്പോൾ…ഒരു നോവ് ണ്ട്…സുഖമുള്ള നീറ്റൽ തരുന്ന നോവ്…ആ നോവ് എന്നിൽ നിന്നും ഒരിക്കലും മായരുതേ എന്നാണ് ന്റെ പ്രാർത്ഥന…”
“ഹരാ…..നിനക്കെങ്ങനെ…നിനക്കെങ്ങനെ എന്നേ ഇങ്ങനെ ഭ്രാന്തമായി സ്നേഹിക്കാൻ കഴിയുന്നു…” കൈ വിരൽ ഹരന്റെ കൈ വിരലിൽ കോർത്തു പിടിച്ചു വിസ്മയ…
“നിനക്കെങ്ങനെ പെണ്ണേ എന്നേ ഇങ്ങനെ ചേർത്ത് പിടിക്കാൻ കഴിയുന്നു…” കൈ വിരൽ കോർത്തു ഒന്നുടെ മുറുക്കി ഹരൻ..
“ആ ചേർത്ത് പിടിക്കലിന്റെ കരുതലറിഞ്ഞ ഞാനിങ്ങനെയല്ലാതെ നിന്നെയെങ്ങനാ പെണ്ണേ സ്നേഹിക്കാ…”
“കാത്തിരിക്കണമെന്ന് പറയാൻ പോലും എനിക്ക് കഴിയുന്നില്ല ലോ ചെക്കാ…നിന്റെ മുഖത്തേക്ക് നോക്കി…”
“വേണ്ടാ…അങ്ങനെ പറയണ്ടാ…അങ്ങനെ പറഞ്ഞാൽ ഞാൻ കാത്തിരുന്നാലോ…”
“എന്റെ കൂടെ പോന്നുടെ നിനക്ക്..നമ്മൾ മാത്രമായ ലോകത്തേക്ക്….” ഹരന്റെ നെറ്റിയിലേക്ക് ചുണ്ടമർത്തി വിസ്മയ…
“ഞാൻ വരട്ടെ പെണ്ണേ നിന്റെ കൂടെ…” ഇടറി പൊട്ടി ഹരൻ….
“മ്മ്..വാ…എന്നോടൊപ്പം…എനിക്ക് കൂട്ടായി എന്നും വേണം…”
“അതേ….ഇനി ആരേലും കാണാനുണ്ടോ…മുഖം മൂടാൻ പോവാ…ആരേലുമുണ്ടോ…” വിസ്മയയുടെ മുഖത്തേക്ക് വെള്ളതുണി കൊണ്ട് മറച്ച നേരം…ഹരൻ തിരിഞ്ഞു നടന്നു…
“പാതിയിൽ നിർത്തിയ മോഹങ്ങളേ…വീണ്ടും കാണാൻ…ഞാനും വരുവാ പെണ്ണേ നിന്റെ കൂടെ…” ഹരന്റ വാക്കുകൾ…ഒരു മറുപടിയായിരുന്നു…ആർക്കോ ആരോടോ….
ശുഭം