ഈ ജന്മത്തിൽ നിന്നോട് എടുത്തോളാൻ അടുത്ത ജന്മം തിരിച്ചു കൊടുക്കണമെന്ന് പായൽ പറഞ്ഞു….

പ്രണയ വല്ലരികൾ പൂക്കുമ്പോൾ ~ രചന: സിയാ ടോം

“തനിക്ക് ഒരു വിസിറ്റർ ഉണ്ട് കേട്ടോ. “

റൂം മേറ്റ്‌ ശിഖയാണ്. എനിക്കോ?  ഇവിടെ തന്നെയറിയാവുന്ന ആരും തന്നെയില്ല. ഇവിടെ ജോയിൻ ചെയ്തു അധികമായിട്ടില്ല. ചുരിദാറിന്റെ മുകളിൽക്കൂടി ഒരു സ്വെറ്റർ  എടുത്തിട്ടു. കഴുത്തിലൂടെ  സ്കാർഫ് ചുറ്റി.
മലയോരമാണ്…അഞ്ചുമണിയാകുന്നതിനു മുന്നേ തണുപ്പ് തുടങ്ങും.

ഗാർഡനിലെ  ബെഞ്ചിൽ  ചാരിയിരുന്ന  ആളെ ഒറ്റ നോട്ടത്തിൽ മനസിലായില്ല. പതിയെ മുന്നോട്ടു നടന്നു ചെന്നു.

“ഡെന്നിച്ചൻ ” നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി.  ഒരിക്കൽ പോലും ജീവിതത്തിൽ കാണരുത് എന്നാഗ്രഹിച്ചയാൾ മുന്നിൽ.

“ഓ അപ്പൊ നീ മറന്നിട്ടില്ല അല്ലേ “

“ഇവിടെ? “അമ്പരപ്പ് മാറാതെ ചോദിച്ചു.

“നാൾ കുറെയായി നിന്നെ തേടി അലയുന്നു.മാഡം വനവാസം അല്ലാരുന്നോ? “പരിഹാസ ചിരിയോടെ അയാൾ പറഞ്ഞു. ആദ്യം തോന്നിയ പരിഭ്രമം എങ്ങോ പോയി മറഞ്ഞു.

” എന്തിന്? ” എൻറെ സ്വരം കടുത്തു.

“അതു പറയാനാണ് വന്നത്. നാളെ നീയെന്റെ കൂടെ ഒരിടം വരെ വരണം. “

“എങ്ങോട്ട് “ഞാൻ അയാളുടെ കണ്ണിൽ സൂക്ഷിച്ചു നോക്കി.

“പറഞ്ഞാലേ വരുവോള്ളോ? ” ഞാൻ മെല്ലെ ചിരിച്ചു

“പറഞ്ഞാലും ഇല്ലേലും എങ്ങോട്ടും ഞാൻ വരില്ല.  ദയവായി നിങ്ങൾ പോണം ” മറുപടി കാക്കാതെ തിരിഞ്ഞു നടന്നു.

“ഇനു” ഡെന്നിച്ചന്റെ വിളിയിൽ അറിയാതെ നിന്ന് പോയി.

“നീ  വരും. വന്നില്ലേൽ തൂക്കിയെടുത്തോണ്ട് പോകും ഞാൻ ”  അയാൾ എന്റെ മുന്നിൽ വന്നു നിന്നു താടി മെല്ലെ തടവി.

“ചുമ്മാ ഡെന്നിച്ചാ  നിങ്ങൾ വിരട്ടിയാൽ ഞാൻ പേടിച്ചു നിങ്ങളുടെ കൂടെ വരുമെന്ന് വിചാരിച്ചെങ്കിൽ  തെറ്റി. ആ പഴയ ഇനു അല്ല ഞാൻ “

പടക്കം പൊട്ടുന്ന പോലെ ഒരടി എന്റെ കവിളിൽ വീണു.

“നീ വരും . കൊണ്ടു പോകും ഞാൻ. ” അയാൾ  മുരണ്ടു. എത്ര നിയന്ത്രിച്ചിട്ടും കണ്ണ് നിറഞ്ഞു ഒഴുകി. അയാൾ എന്റെ അടുത്ത് വന്നു ചൂണ്ട് വിരൽ കൊണ്ട് കണ്ണീർ തുടച്ചു.

“ഓഫീസിൽ ലീവ് ഞാൻ പറഞ്ഞിട്ടുണ്ട്. പ്രിൻസിപ്പൽ മാഡം എനിക്ക് വേണ്ടപ്പെട്ട ആളാണ്. നാളെ ഒരുങ്ങി നിൽക്കണം. രണ്ടു ദിവസം. ” കടകട ശബ്ദത്തോടെ ബുള്ളറ്റ് അയാൾ മുന്നോട്ടോടിച്ചു പോയി.

ആ രാത്രി ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞു കിടന്നു. മറക്കാൻ ശ്രമിച്ചതെല്ലാം കൂടുതൽ മിഴിവോടെ കൺമുന്നിൽ തെളിഞ്ഞു വന്നു. 

ഇജോ ഇമ്മാനുവേൽ എന്റെ ഇച്ചായൻ..ഞാൻ ഇനു ഇമ്മാനുവേൽ. ഇച്ചായനും ഞാനും തമ്മിൽ അഞ്ചു വയസ് വ്യത്യാസം ഉണ്ട്. ഇച്ചായന്റെ ഫ്രണ്ട് ആരുന്നു ഡെന്നിച്ചൻ. ഡെന്നി സാമുവേൽ.സ്കൂളിൽ പോകുന്നതും വരുന്നതും ഒരുമിച്ചു.വീടുകളും തൊട്ടടുത്തു…ഡെന്നിച്ചൻ ആയിട്ട് മിക്കവാറും അടിയാണ്..എന്റെ എല്ലാ കൊള്ളരുതായ്മയും..സ്കൂളിലെ തല്ലു കൊള്ളിത്തരവും….വീട്ടിൽ വന്നു പറഞ്ഞു കൊടുക്കുന്ന ഒറ്റുകാരനായിരുന്നു ഡെന്നിച്ചൻ..

വീട്ടിലും നാട്ടിലും സ്കൂളിലും വേണ്ട എല്ലായിടത്തും നല്ല പിള്ളയാണ് അങ്ങേര്.എന്റെയെല്ലാ പോക്രിത്തരവും പുള്ളി കൈയ്യോടെ പൊക്കും..അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ കശപിശ ചെറുതായി  ഉണ്ടാരുന്നു വലുതാകുന്തോറും  വഴക്കും പിണക്കവും  കൂടിക്കൂടി വന്നു.പരസ്പരം പോര് കോഴികളെ പോലെ..അങ്ങേര് കോളേജിൽ പഠിക്കാൻ പോയപ്പോൾ  രക്ഷപെട്ടു എന്നാണ് വിചാരിച്ചത്.എവിടെ അങ്ങേരുടെ കുറെ ശിങ്കിടികളുണ്ട് സ്കൂളിൽ.വീഴാതെ കെട്ടാതെ എല്ലാം അയാളുടെ ചെവിയിലെത്തിക്കും.

ഞങ്ങളുടെ വഴക്ക് തീർക്കലാരുന്നു ഏവരുടെയും ജോലി.എന്റെ അപ്പച്ചനും അമ്മച്ചിയും ഡെന്നിച്ചനെ  സപ്പോർട്ട് ചെയ്യും..ഡെന്നിച്ചന്റ പപ്പയും മമ്മിയും എന്നെ സപ്പോർട്ട് ചെയ്യും.

“ഇക്കണക്കിനു പോയാൽ ഇവരെ തമ്മിൽ എങ്ങനെ കെട്ടിക്കും” ഒരിക്കൽ അമ്മച്ചി ചോദിച്ചു.

“ഇങ്ങേരെ കെട്ടുന്നതിനേക്കാൾ നല്ലത് വല്ല ആറ്റിൽ ചാടി ചാവുന്നതായിരിക്കും. കെട്ടാൻ പറ്റിയ ഒരു സാധനം. ഒരു ഓഞ്ഞ ലുക്കും..വെട്ട് പോത്തിന്റെ സ്വഭാവവും “

“നീ കെട്ടണ്ടടി. നിന്നെ കെട്ടാൻ സായിപ്പ് വരും. നോക്കിയിരുന്നോ “

“താൻ  പോടോ ” വഴക്കുകൾ പിന്നെയും മുറുകി

ഒൻപതിൽ പഠിക്കുമ്പോഴാണ് മഹേശ്വർ അങ്കിളും ഫാമിലിയും ഞങ്ങളുടെ അടുത്ത് താമസിക്കാനെത്തുന്നത്. നോർത്ത് ഇന്ത്യയിൽ ആയിരുന്നു. ബിസിനസ് ഒക്കെ നിർത്തി നാട്ടിൽ വന്നു. അവർക്ക്  ഇരട്ടകുട്ടികൾ ആയിരുന്നു പായൽ ……. പല്ലവി…..എന്റെ സമപ്രായക്കാർ…..കാഴ്ചയിലും സ്വഭാവത്തിലും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്നവർ….പായൽ വളരെ ശാന്ത സ്വഭാവം…. അധികം സംസാരിക്കത്തില്ല…പല്ലവി എന്റെ അതേ സ്വഭാവം. ആറ്റംബോംബിനു കൈയും കാലും വച്ച സാധനം.ഞാനും പല്ലവിയുമാണ് പെട്ടന്ന് കൂട്ടായതു.പായൽ പതിയെ ഞങ്ങളോട് ചേർന്നു.പല്ലവി…. പാർട്ണർ ഇൻ ക്രൈം..ഡെന്നിച്ചന്റെ തല വേദന കൂടി..പല്ലവിക്കുള്ളത് കൂടി എനിക്കു കിട്ടും.അവരെ ഞാനാണ് ചീത്തയാക്കുന്നതെന്ന് പറയും.വഴക്ക് കഴിയുമ്പോൾ താൻ പൊടോ. ഹെ എന്ന രീതിയിൽ ഞാനും ഒരു നോട്ടം നോക്കും. 

പത്താം ക്ലാസ്സിലെ ഓണപ്പരീക്ഷയ്ക്ക് പായൽ ആണ് കൂടുതൽ മാർക്കെടുത്തത്.”നിന്നെ ഒക്കെ കണ്ടം പൂട്ടാൻ വിടണം. എടുത്തോണ്ട് വന്ന മാർക്ക്‌ കണ്ടില്ലേ. ജസ്റ്റ്‌ പാസ്സ്..നാണം ഉണ്ടോടി അപ്പച്ചന്റേം അമ്മച്ചീടേം കൈയിലുള്ള  കാശ് കളയാനായിട്ട് ഇങ്ങനെ നടക്കാൻ? ” ഡെന്നിച്ചൻ നിർത്താതെ വഴക്ക് പറയുകയാണ്. ഒറ്റ മോളായതു കൊണ്ടു അപ്പച്ചനും അമ്മച്ചിയും  ലാളിച്ചാണ്  വളർത്തിയത്.അവർ വഴക്ക് പറഞ്ഞാലും കേൾക്കാത്ത കൊണ്ടു ഡെന്നിച്ചൻ ചീത്ത പറയുമ്പോൾ അവർ ഒന്നും മിണ്ടാതെ നിൽക്കും.

എനിക്ക് വല്ലാത്ത നാണക്കേട് ആയി. എന്തോ വാശി തോന്നി എല്ലാരോടും.. ഫൈനൽ എക്സാമിനു 95%മാർക്ക്‌ വാങ്ങിയാണ് ആ വാശി തീർത്തത്. അവർക്കും ഉണ്ടാരുന്നു 90%..അവർക്ക് ഡെന്നിച്ചൻ  ഗിഫ്റ്റായിട്ട് വാച്ചു വാങ്ങി കൊടുത്തു എന്നറിഞ്ഞപ്പോൾ  എന്തോ ഒരു സങ്കടം.അമ്മച്ചി ഉണ്ടാക്കിയ പായസം കൊടുക്കാൻ ഡെന്നിച്ചന്റെ വീട്ടിൽ ചെന്നപ്പോഴും ഒന്നും മിണ്ടാതെ അങ്ങേര്  ഇറങ്ങി പോവുകയാണ് ചെയ്തത്.

വൈകുന്നേരം പായലും പല്ലവിയും ഡെന്നിച്ചൻ കൊടുത്ത വാച്ചു കെട്ടി വീട്ടില് വന്നു. “നിനക്ക് എന്ത് ഗിഫ്റ്റാണ് ഡെന്നിച്ചായൻ തന്നത്? “പായൽ ചോദിച്ചു. “പിന്നെ അങ്ങേരുടെ ഒരു ഗിഫ്റ്റ്. എന്റെ പട്ടി വാങ്ങിക്കും. “

“ചക്ക വീണു മുയൽ ചത്ത പോലെ മാർക്ക്‌ വാങ്ങിക്കുന്നവർക്ക് ആര്  ഗിഫ്റ്റ് കൊടുക്കാനാണ്? ” ഇച്ചായന്റെ മുറിയുടെ വാതിൽക്കൽ വന്നു നിന്നാണ്  ഡെന്നിച്ചൻ അത് പറഞ്ഞത്. ഓ ഇവിടെ ഉണ്ടാരുന്നോ മഹാൻ അയാളെ നോക്കി ദഹിപ്പിച്ചിട്ട് ഞാൻ അവരെയും കൂട്ടി പുറത്തേക്ക് പോയി.

രാത്രി കിടക്കാൻ നേരത്താണ് ഇച്ചായൻ വിളിച്ചു ഒരു ഗിഫ്റ്റ് കൈയിൽ തന്നത്.

“ചക്കരയുമ്മ”ഇച്ചായനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു

“എനിക്കൊന്നും വേണ്ട നിന്റെ ഉമ്മ “

“ഡെന്നി തന്നതാ  നിനക്ക് കൊടുക്കാൻ ” തുറന്നു പോലും നോക്കാതെ എടുത്തു ഒരേറായിരുന്നു…

“ഇനു” ഇച്ചായന്റെ ഒച്ച ഉയർന്നു 

“എനിക്കെങ്ങും വേണ്ട.അങ്ങേരുടെ ഒരു ഒണക്ക ഗിഫ്റ്റ്. പോയി പറഞ്ഞേരെ ഞാൻ കഷ്ട്ടപ്പെട്ടു  പഠിച്ചെഴുതി നേടിയ മാർക്കാണെന്ന്  “

“കൊച്ചേ അവൻ ചുമ്മാതെ.. നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ. “

“പിന്നെ അങ്ങേരുടെ ഒരു തൊലിഞ്ഞ സ്നേഹം. കൊണ്ടു പോയി ഉപ്പിലിട്ടു വയ്ക്കാൻ പറ ” മുഖം ഉയർത്തി നോക്കിയതും കണ്ടു വാതിൽക്കൽ ഗിഫ്റ്റ് പിടിച്ചു നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന ഡെന്നിച്ചൻ.

രണ്ടാഴ്ച കഴിഞ്ഞതോടെ ഇച്ചായനും ഡെന്നിച്ചനും ചെന്നൈയിൽ എം ബി എ അഡ്മിഷൻ കിട്ടി പോയി. എങ്കിലും എല്ലാ ആഴ്ചയും വരും.  പിന്നീടൊരിക്കലും അയാൾ എന്റെ മുന്നിൽ വന്നു വഴക്ക് ഉണ്ടാക്കാൻ  നിന്നിട്ടില്ല. അവർ പോയതോടെ എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം ആയി.

ദിവസങ്ങൾ മാസങ്ങൾ  കഴിഞ്ഞു പോയി.. ഒരു ദിവസം പല്ലവി പറഞ്ഞു “ഇനു  ഐ തിങ്ക് പായൽ ഈസ്‌ ഇൻ ലവ് വിത്ത്‌  സംവൺ “

“ശരിക്കും.!!” എന്നാലും എന്റെ പായൽ…..പായലേ വിട.. പൂപ്പലേ വിട…..ശരിയാക്കി കൊടുക്കാം. മിണ്ടാപ്പൂച്ച കലം ഉടക്കുമല്ലേ..പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് ഒന്നും ആയില്ല.സി ഐ ഡി പണി അവസാനം പാരയായി. “ഒന്ന് പോടീ പായലിന് അങ്ങനെ ആരും ഇല്ല.അവളുടെ ഒരു കണ്ടു പിടുത്തം ഞാൻ പല്ലവിക്ക് കണക്കിന് കൊടുത്തു.

“ഇനു ” പല്ലവി വിളിച്ചു കൂവുന്ന കെട്ടിട്ടാണ്ഞാ ൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്. “യുറേക്ക..യുറേക്ക ” അവൾ അലറികൂവി 

“ആളെ കിട്ടി മോളെ ഇവളുടെ ആളെ കിട്ടി.. “

“ആരാ….”എന്റെ ഉറക്കം പമ്പ കടന്നു

“വാടി ഇവിടെ ” വാതിലിന് പിന്നിൽ മറഞ്ഞു നിന്ന പായലിനെ  പല്ലവി അകത്തേക്ക് വിളിച്ചു….

“ആരാ? “ഞാൻ ആകാംഷയോടെ  ചോദിച്ചു. “നിന്റെ ജന്മ ശത്രു.. മ്മടെ ഡെന്നിച്ചായൻ ” ഒരു വിറയൽ നെഞ്ചിലൂടെ പാഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു

“ഡെന്നി… ച്ചായനോ? ” “മ്മ്” പായൽ നാണത്തോടെ തല കുലുക്കി.

ശരിക്കും…എനിക്ക് വിശ്വസിയ്ക്കാൻ പറ്റിയില്ല…

“ഡെന്നിച്ചൻ നിന്നെ  ഇഷ്ടം ആണെന്ന്  പറഞ്ഞോ..? “

“മ്മ് “അവൾ മെല്ലെ മൂളി . കാതുകൾ കൊട്ടിയടച്ചപോലെ..കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടത് പോലെ… “എന്നാലും നിന്റെ ഡെന്നിച്ചൻ കാണുന്ന പോലെയൊന്നുമല്ല.അങ്ങേര് അഡാർ റൊമാന്റിക് ആണ് മോളെ. നിന്റെ അടുത്ത് മാത്രമേയുള്ളു ഈ മൂരാച്ചി സ്വഭാവം. “പല്ലവി പറയുന്നതൊന്നും എനിക്ക് കാതിൽ വീണില്ല. അവർ  പോയതും ഞാൻ അറിഞ്ഞില്ല…

നെഞ്ചിൽ ഒരു നൊമ്പരം…ഞാൻ ഉള്ളിൽ പൊതിഞ്ഞു  വച്ചൊരു ഇഷ്ടം. ഡെന്നിച്ചനോടുള്ള.. അടി കൂടി അടി കൂടി ഞാൻ ഡെന്നിച്ചനെ പ്രണയിക്കുകയായിരുന്നു …എപ്പോഴാണ്  ഇഷ്ടം ആയത്.. അറിയില്ല….കണ്ണുകൾ നിറഞ്ഞു..

ഒരു ഉൾവലിയൽ ആയിരുന്നു പിന്നീട് അങ്ങോട്ട്…..അറിയാതെ പോലും ഞാൻ ഡെന്നിച്ചന്റെ  മുഖത്തേക്ക് നോക്കാറില്ലാരുന്നു.ഡെന്നിച്ചൻ വീട്ടിൽ വന്നാൽ പോലും ഞാൻ പുറത്തിറങ്ങാറില്ല.സ്നേഹിക്കുന്നവർ ഒന്നിക്കട്ടെ…പറയാതെ.. അറിയാതെ പോയ എന്റെ പ്രണയം……

പായലും ഡെന്നിച്ചനും എപ്പോഴും ഒരുമിച്ചു ഉണ്ടാകും…..ചെന്നൈയിൽ നിന്നു ഡെന്നിച്ചൻ വരുമ്പോൾ കൊണ്ടുവന്നു കൊടുക്കാറുള്ള ഗിഫ്റ്റ്കളൊക്കെ  പായലും പല്ലവിയും കൊണ്ടു വന്നു കാണിക്കും..അപ്പോഴൊക്കെ ഞാൻ വേദനയോടെ ചിരിക്കും.

അപ്പോഴാണ് ക്യാമ്പസ്‌ സെലെക്ഷനിലൂടെ  ഇച്ചായനു ഡൽഹിയിൽ ജോബ് റെഡി ആകുന്നത്. “അയാൾക്കും ജോലി ഉണ്ടോ അവിടെ? ഞാൻ ഇച്ചായനോട്  ചോദിച്ചു. “ഇല്ല. ” “എങ്കിൽ എനിക്കു അവിടെയെവിടെയെങ്കിലും  കോളേജിൽ അഡ്മിഷൻ റെഡിയാക്കൂ ഡിഗ്രിക്ക് ” ഇച്ചായൻ ഉള്ളത് കൊണ്ടു വീട്ടിൽ അപ്പച്ചനും  അമ്മച്ചിയും എതിരൊന്നും  പറഞ്ഞില്ല. അയാളിൽ നിന്നും ഒരു
ഒളിച്ചോട്ടമായിരുന്നു എന്റെ പ്രധാന ലക്ഷ്യം.

കുക്കിംഗ്‌ എനിക്കും ഇച്ചായനും  വശമില്ലാത്ത കൊണ്ടു അമ്മച്ചി ഒരുമാസം ആയപ്പോൾ ഡൽഹിക്ക് വന്നു. കൃഷി ഒക്കെ ഉള്ളത് കൊണ്ടു അപ്പച്ചൻ നാട്ടിൽ നിന്നു.എന്റെ ഡിഗ്രി കഴിയാറായപ്പോൾ  ഇച്ചായനു  അബ്രോഡ്‌ ജോബ് ആയി….അമ്മച്ചി നാട്ടിലേക്ക് തിരിച്ചു പോന്നു .ഞാൻ അവിടെ തന്നെ പിജി ചെയ്തു.ബിഎഡ്ഡ്  പിന്നെ നാട്ടിൽ വന്നു  ചെയ്തു. കൽപ്പറ്റയിൽ. ആദ്യത്തെ പോസ്റ്റിങ്ങ്‌ ഇവിടെ….

ഒരിക്കൽ പോലും പായലിനെയോ  പല്ലവിയെയോ വിളിച്ചിട്ടില്ല. എന്തോ എല്ലാവരോടും ഒരു പിണക്കം മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. അയാളെ പറ്റി ഒരിക്കൽ പോലും  തിരക്കിയിട്ടില്ല “ഇനു നിനക്ക് എന്താണ് ഡെന്നിയോട് ഇത്രയും ദേഷ്യം? “ഒരിക്കൽ ഇച്ചായൻ എന്നോട് ചോദിച്ചു.

“അറിയില്ല.. എന്തോ “

“നിനക്ക് വേണ്ടിയാണ്  അവൻ ഇവിടെ കിട്ടിയ ജോലി വേണ്ടന്ന് വച്ചത്” ഓ  അല്ലാതെ പായലിനെ കാണാൻ വേണ്ടിയല്ല.. എന്ന് പറയണം എന്നുണ്ടായിരുന്നു.
പായലും പല്ലവിയും നാട്ടിൽ തന്നെ തുടർന്നു പഠിച്ചു എന്ന് എപ്പോഴോ ഇച്ചായൻ പറഞ്ഞ ഓർമ്മയുണ്ട്.

ഫോൺ ബെല്ലടിച്ചപ്പോഴാണ്  ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് . പരിചയം ഇല്ലാത്ത നമ്പർ.

“എണീറ്റില്ലേ  ഇതുവരെ? ” ഡെന്നിച്ചന്റെ സ്വരം.

“വേഗം വാ ഞാൻ താഴെ നിൽപ്പുണ്ട്. ” ഒരകലം പാലിച്ചു ബൈക്കിൽ കയറി  ഇരുന്നു….ചുരം ഇറങ്ങും തോറും ഞാൻ ഛർദിച്ചു അവശയായി…

“എന്തിനാ എന്നെ കൊണ്ട് പോകുന്നത്?  കരച്ചിലടക്കി ഞാൻ ചോദിച്ചു.

“എന്റെ പായലിനു നിന്നെ ഒന്ന് കാണണമെന്ന്.അവൾ അമ്പിളി മാമനെ  ചോദിച്ചാലും ഞാൻ പിടിച്ചു കൊടുക്കും പിന്നല്ലേ നീ. ചങ്ക് പറിച്ചു  സ്നേഹിക്കുന്ന കൊച്ചാണ്. ” ഞാൻ ഒന്നു മിണ്ടാതെ വണ്ടിയിൽ കയറി.എന്തോ മനസ് വല്ലാതെ നൊന്തു. 

ഒരു വീടിന്റെ മുന്നിൽ വണ്ടി നിന്നപ്പോൾ പതിയെ ഇറങ്ങി.

“വാ.”…ഡെന്നിച്ചൻ മുൻപേ നടന്നു… ഒരു പഴയ മോഡൽ വീട്.ഇവിടെ എന്താണാവോ.ഡൽഹിക്ക് പോയതിൽ പിന്നെ ഒരിക്കൽ പോലും സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നിട്ടില്ല. ഓരോ വെക്കേഷന് അപ്പച്ചൻ അങ്ങോട്ട്‌ വരും. എന്നിട്ടെല്ലാവരും കൂടി ടൂർ പോകും. ഇച്ചായൻ അബ്രോഡ്‌ പോയിക്കഴിഞ്ഞു അതു തുടർന്നു. ഓൾമോസ്റ്റ് എല്ലാ സ്ഥലങ്ങളും അഞ്ചു വർഷങ്ങൾ കൊണ്ടു കണ്ടു തീർത്തു.

ഡെന്നിച്ചൻ ബെല്ലടിച്ചു…മനസ്സിൽ ഒരു വെപ്രാളം തിങ്ങി..എന്തു പറയും?  ഇത്രയും നാളായി ഒരു  കോൺടാക്ട് പോലും  ഇല്ലാതെ… പായൽ…… പല്ലവി…… അവർ എന്ത് വിചാരിച്ചിട്ടുണ്ടാവും?ഒരു സൗഹൃദം പോലും കാത്തു സൂക്ഷിക്കാൻ തനിക്കായില്ല….താൻ ഒരു നല്ല സുഹൃത്തേ അല്ല….ആയിരുന്നെങ്കിൽ ഇങ്ങനെ നിൽക്കേണ്ടി വരില്ലായിരുന്നു.തിരിച്ചു പോയാലോ എന്നു തോന്നി..

വാതിൽ തുറന്നു വന്ന ആളെ കണ്ടു ഞെട്ടി “പല്ലവി “

“ഇനു “ഒരു നിലവിളിയോടെ അവൾ ഓടി വന്നു കെട്ടിപ്പിടിച്ചു. 

“വിശ്വസിക്കാൻ ആവുന്നില്ല. നീ ഇവിടെ…” അവൾ മുഖത്തും കണ്ണിലും ഒക്കെ ഉമ്മ വച്ചു….

“സുഖാണോ? “എന്റെ മുഖം കയ്യിൽ എടുത്തവൾ ചോദിച്ചു.

“മ്മ് ” കരഞ്ഞു പോയി.. വാക്കുകൾ ഇല്ലാതെ പോയ നിമിഷങ്ങൾ

“പായൽ ….. പായൽ എവിടെ? ” പല്ലവിയുടെ നോട്ടം മെല്ലെ വലതു വശത്തേക്ക് പോയി.ചുവരിൽ മാല ചാർത്തിയ ഫോട്ടോ….. പായൽ…..ഒരു നിമിഷം ശ്വാസം നിന്ന് പോയി… “ബ്രെയിൻ ട്യൂമർ ആയിരുന്നു ഒരു മാസം ആയി.. “പല്ലവി പറഞ്ഞത് ഒന്നും കേട്ടില്ല.

തളർന്നു പോയി…അവളുടെ കുഴിമാടത്തിനരുകിൽ പോയി  ഇരുന്നു കുറേ നേരം….”കുറെ നാൾ കിടപ്പിലായിരുന്നു നിന്നെ കാണണം  എന്ന് എപ്പോഴും പറയുമായിരുന്നു.  ഓരോ തവണയും ഡെന്നിച്ചൻ  വരുമ്പോൾ  അവൾ നിന്നെ പറ്റി ചോദിക്കും….ഇത് അമ്മയുടെ തറവാടാണ്. രോഗം കണ്ടുപിടിച്ചതിനു ശേഷം  ഇങ്ങോട്ട് മാറി.ആരും അറിയുന്നതിനോട്‌ താല്പര്യം ഇല്ലാരുന്നു. ഇവിടെ അടുത്ത ഹോസ്പിറ്റലിൽ ആയിരുന്നു ട്രീറ്റ്മെന്റ്.”

ഒരു ദിവസം അവിടെ നിന്നു.ആന്റിയുo അങ്കിളും ഒരുപാട് വയസായ പോലെ തോന്നി..പല്ലവി ഇപ്പൊ അടുത്തൊരു സ്കൂളിൽ പഠിപ്പിക്കാൻ പോകുന്നുണ്ട്…ഒരിക്കൽ പോലും ഡെന്നിച്ചൻ എനിക്ക് മുഖം തന്നില്ല.പായലിന്റെ നഷ്ട്ടം ഡെന്നിച്ചൻ  എങ്ങനെ സഹിചിട്ടുണ്ടാകും?

തിരിച്ചു വരുമ്പോൾ ഞങ്ങളെ യാത്രയാക്കാൻ പല്ലവി പടിക്കൽ  വരെ വന്നു. “ഇനു പായൽ മാത്രമേ ഡെന്നിച്ചനെ  സ്നേഹിച്ചുള്ളൂ.” ഞാൻ ഒന്നും മനസിലാകാതെ അവളെ  നോക്കി.. “പോയിട്ട് വാ”

തിരിച്ചു വരുമ്പോൾ ഡെന്നിച്ചന്റെ  പുറത്തു മുഖം അമർത്തി ഇരുന്നു…കണ്ണീർ വീണു നനവ് പുറത്തു പടർന്ന കൊണ്ടാവും ഓരം നോക്കി വണ്ടി നിർത്തിയത് 

“എന്താ? “

“പായൽ എന്നോട് ക്ഷമിക്കുമോ? ” ഞാൻ കാരണം….ഒന്നു കാണാൻ പോലും പറ്റിയില്ല “

“ലാസ്റ്റ് സ്റ്റേജിൽ ആണ് കണ്ടു പിടിച്ചത് “ഞാൻ കൽപ്പറ്റയിൽ വന്നിരുന്നു. നിന്നെ കാണുവാൻ. പക്ഷേ പറ്റിയില്ല. പിന്നെ അറിയിക്കേണ്ട എന്ന് തോന്നി. ഒന്നും ഓർത്തു വിഷമിക്കേണ്ട. “

ഇടയ്ക്ക്  ഡെന്നിച്ചൻ  വണ്ടി നിർത്തി ചൂട് ചായയും പരിപ്പുവടയും വാങ്ങി തന്നു.

“വട വേണ്ട, ഛർദിച്ചാലോ? ” ഞാൻ പറഞ്ഞു.

“ഡെന്നിച്ചൻ എവിടാ വർക്ക്‌ ചെയ്യുന്നേ? ദൂരെ എവിടെയോ ദൃഷ്ടിയൂന്നി നിന്ന ഡെന്നിച്ചനെ നോക്കി ചോദിച്ചു.

“എന്തിനാ? ഇനിയും ഒളിച്ചോടാൻ ആണോ? ” ഞാൻ മെല്ലെ ചിരിച്ചു.

“എന്നിൽ നിന്ന് മാറി നിൽക്കാനാണ് നീ ഡൽഹിയിൽ പോയി പഠിച്ചതും, വെക്കേഷന് പോലും ഇങ്ങോട്ട് വരാതെയിരുന്നതും എന്നൊക്കെ  എനിക്കറിയാം.” ഞാൻ ഒന്നും  മിണ്ടിയില്ല. 

“നീ എപ്പോഴേലും എന്നെ സ്നേഹിച്ചി രുന്നോ ഇനു “പെട്ടന്ന് ഡെന്നിച്ചൻ ചോദിച്ചു. 
കുടിച്ചു കൊണ്ടിരുന്ന ചായ നെറുകയിൽ കയറി. “ഇപ്പോഴും ദേഷ്യം ആണോ എന്നോട്? ” ഡെന്നിച്ചൻ എന്റെ മുഖത്തോട്ട് നോക്കി. അപ്പോഴാണ് ഞാൻ ശരിക്കും ഡെന്നിച്ചനെ കാണുന്നത്. വെട്ടിയൊതുക്കിയ താടിയും.. മുഖത്തെ വട്ടകണ്ണടയും  എല്ലാം. “അറിയില്ല.” നോട്ടം മാറ്റി ഞാൻ പറഞ്ഞു.

ചായ ഗ്ലാസ്‌ തിരിച്ചു കൊടുത്തു ഞാൻ അല്പം ഉയർന്നു നിന്ന പാറയുടെ മുകളിലേക്ക്  കയറി നിന്നു. താഴ്വാരം നന്നായി കാണാം.

“കൊന്നാലും പറയരുത്  സ്നേഹം ഉണ്ടെന്ന്  കേട്ടോ ” കവിളിൽ ഡെന്നിച്ചന്റെ ചൂട് നിശ്വാസം  പതിഞ്ഞു. ദേഹമാകെ കുളിർ കോരി….പിറകിൽ നിന്നു  ഡെന്നിച്ചൻ എന്നെ ഇറുക്കി പുണർന്നു.

“വാശി ഒരല്പം കൂടുതൽ ആണല്ലേ?  എന്തിനാടി ഈ വാശി.? ” ഞാൻ ഒന്നും മിണ്ടിയില്ല..

എന്നെ ഡെന്നിച്ചൻ അഭിമുഖമായി തിരിച്ചു നിർത്തി.. “ഈ ജന്മത്തിൽ നിന്നോട് എടുത്തോളാൻ  അടുത്ത ജന്മം തിരിച്ചു കൊടുക്കണമെന്ന് പായൽ പറഞ്ഞു. “ഡെന്നിച്ചൻ എന്റെ കണ്ണുകളിൽ നോക്കി . “എന്നിട്ട് ഇയാൾ എന്ത് പറഞ്ഞു? “

“എത്രയൊക്കെ ജന്മം ഉണ്ടായാലും ഡെന്നി ഇനുവിന്റെ  മാത്രമായിരിക്കും എന്ന്.” എന്റെ മുഖം ചുവന്നു പോയി. “അപ്പൊ എന്നോട് പറ ” 

“എന്ത്? “

” ഐ  ലവ് യുന്ന്”

“അയ്യട.. നോക്കിയിരുന്നോ. ഇപ്പൊ പറയും ” ഞാൻ ഡെന്നിച്ചനെ തള്ളിമാറ്റി..എന്റെ കൈയിൽ പിടിച്ചു നെഞ്ചിലേക്ക്  വലിച്ചിട്ടു. ഡെന്നിച്ചന്റെ  മുഖം താഴ്ന്നു വരുന്നത് കണ്ടു കണ്ണുകൾ ഞാൻ ഇറുക്കിയടച്ചു.ഡെന്നിച്ചൻ കഴിച്ച വടയുടെ എരിവ് എന്റെ ചുണ്ടുകളിലും പടർന്നു……

തിരിച്ചു വരുമ്പോൾ വല്ലാത്ത ഒരു ഉന്മാദ അവസ്ഥയിൽ ആയിരുന്നു ഇരുവരും…

“എന്തിനാ ഡെന്നിച്ച നമ്മൾ വഴക്കിട്ടതും പിരിഞ്ഞതുo? “

“ഇങ്ങനെ നിബന്ധനകൾ ഇല്ലാതെ പ്രണയിക്കാൻ”

ഇച്ചന്റെ  നെഞ്ചിൽ ചുറ്റിയ എന്റെ വിരലുകളിൽ ചുംബിച്ചാണ് ഇച്ചൻ അതു പറഞ്ഞത്.

“അന്ന് നീ പത്താം ക്ലാസ്സ്‌  പാസായപ്പോൾ തന്ന ഗിഫ്റ്റ് ഒന്ന് തുറന്നു നോക്കിയിരുന്നേൽ ഇത്രയും നാൾ ഇങ്ങനെ കളയണ്ട കാര്യമില്ലാരുന്നു. ” ഞാൻ അമ്പരന്നു പോയി…

“അപ്പൊ ഡെന്നിച്ചനു.. “

“എന്റെ കൊച്ചേ തിരിച്ചറിവില്ലാത്ത പ്രായത്തിൽ ഡെന്നിച്ചനുള്ളതാ ഇനു എന്ന് കേട്ടപ്പോൾ തൊട്ട് ഈ നെഞ്ചിൽ കയറിയതാ നീ. നിനക്ക് ഒഴികെ ബാക്കി എല്ലാർക്കും  അറിയാമായിരുന്നു. “

“പായൽ .. “എന്റെ ഒച്ച ഇടറി.

“അവൾക്കു ഒരിഷ്ടം ഉണ്ടാരുന്നു. ഞാൻ പറഞ്ഞു ചത്താലും ജീവിച്ചാലും എന്റെ ഇനു കൊച്ചിന്റെ കൂടയെ ഉള്ളുന്ന് ” ഒരു സന്തോഷം വന്നു ഉടൽ മൊത്തം മൂടി. ഞാൻ അല്പം ഉയർന്നു പൊങ്ങി ഡെന്നിച്ചന്റെ ചെവിയിൽ ഉമ്മ വച്ചു.

ഇച്ചൻ വണ്ടി നിർത്തി. “നമുക്ക് എങ്ങോട്ടേലും പോയാലോടി “

“എങ്ങോട്ട്? “

“പറഞ്ഞാലേ വരുവുള്ളോ? ” എന്റെ കൈ അറിയാതെ ഇടതു കവിളിൽ തൊട്ട് “വേദനിച്ചോ?” ഞാൻ രൂക്ഷമായിട്ട് നോക്കി. ഡെന്നിച്ചൻ മൃദുവായി അവിടെ ഉമ്മ വച്ചു.

“ലീവ്  “ഞാൻ സംശയം പ്രകടിപ്പിച്ചു. “ഒരാഴ്ചത്തേക്ക് ആണ് നിന്നെ ഞാൻ അവിടുന്ന് പൊക്കിയത് ” കള്ളചിരിയോടെ   ഇച്ചൻ പറഞ്ഞു.

“കള്ളതെമ്മാടി “

“എങ്ങനെ അറിഞ്ഞു എനിക്ക് ഇഷ്ടം ആയിരുന്നു എന്ന്.”

“ചിലതൊക്കെ പറയാതെ തന്നെ അറിയാൻ പറ്റും കൊച്ചേ. പിന്നെ നിന്റെ കണ്ണിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുവല്ലാരുന്നോ എന്നോടുള്ള പ്രണയം. “എന്നെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു. കോടമഞ്ഞു വകഞ്ഞു മാറ്റി ബുള്ളറ്റ് ഞങ്ങളെയും കൊണ്ട് മുന്നോട്ടു കുതിച്ചു….

അവിടെ  തുടങ്ങുകയായിരുന്നു ഞങ്ങളുടെ പ്രണയഗാഥ…..