രചന: സുധീ മുട്ടം
വരുൺ ഇന്ന് പെണ്ണുകാണാൻ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് നെഞ്ചിലൊരു പിടച്ചിലും ശ്വാസം മുട്ടലും..
‘ഒരേ ഓഫീസിലെ ജീവനക്കാർ… പോരെങ്കിൽ എന്റെ മേലധികാരിയും..അങ്ങനെയുള്ള വരുണിന് എങ്ങനെയാണ് എന്നെ പോലൊരു പെൺകുട്ടി മാച്ചാകുക..
വാക്കുകളാലൊ നോട്ടത്തിലോ ഇഷ്ടമാണെന്നൊരു അർത്ഥം ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല..പൊതുവേ കർക്കശക്കാരനായ വരുണിൽ റൊമാന്റിക്കായിട്ടൊരു ഭാവവും കണ്ടട്ടില്ല..ആളൊരു മൂരാച്ചിയാണല്ലോ പ്രണയം ഒന്നുമില്ലെന്ന് വരെ തോന്നിപ്പോയിട്ടുണ്ട്..
“ഡീ… ഇതുവരെ ഒരുങ്ങിയില്ലേ…അവർ ഇപ്പോഴിങ്ങെത്തും”
അമ്മയുടെ ശബ്ദം എന്നെ ചിന്തയിൽ നിന്ന് ഉണർത്തി…
“എനിക്ക് വിവാഹം വേണ്ടാന്ന് എത്ര പ്രാവശ്യം ഞാൻ പറഞ്ഞു..എന്നിട്ടെന്തിനാ അച്ഛനും അമ്മക്കും വീണ്ടും ഇത്രയും ധൃതി…എന്റെ അവസ്ഥ അറിയാവുന്നതല്ലേ”
ഓർമ്മകളിൽ അമ്മയൊന്ന് നിശബ്ദയായെങ്കിലും പെട്ടെന്ന് മുഖഭാവംമാറ്റി..
“എത്രനാളെന്ന് വെച്ചാ അനു ഒറ്റക്ക് ജീവിക്കുന്നത്… അമ്മയും അച്ഛനും എത്ര നാളെന്നുവെച്ചാ കുട്ടിയേ”
അമ്മയിൽ നിന്നൊരു തേങ്ങലുണർന്നതോടെ ഞാൻ വല്ലാതായി..എനിക്കറിയാം എനിക്കൊരു നല്ലൊരു ജീവിതം ഉണ്ടായി കാണാൻ അവർക്കതിയായ ആഗ്രഹമുണ്ടെന്ന്..അതുകൊണ്ട് മാത്രമാണ് വിവാഹാലോചനക്ക് സമ്മതിച്ചത്..
കുറെയേറെ ആൾക്കാർ പെണ്ണുകാണാനായി എത്തിയപ്പോൾ അവർക്കെല്ലാം മുമ്പിൽ ഒരുങ്ങി നിന്ന് മടുത്തു..വന്നവർക്കെല്ലാം കിട്ടാവുന്ന തുകയുടെയുയും ശരീരത്തിൽ അണിയുന്ന ആഭരണത്തിന്റെയും കണക്കുകളായിരുന്നു അറിയേണ്ടിയിരുന്നത്..
“ഞങ്ങൾ മകളെ വിൽപ്പനച്ചരക്കാക്കാൻ ഉദ്ദേശിക്കുന്നില്ല”
അച്ഛൻ നല്ല ചുട്ട മറുപടി കൊടുത്തപ്പോൾ മനസ്സിലെ ഹീറോയോട് ബഹുമാനം കൂടിയതേയുള്ളൂ…
“അമ്മയിനി ഒന്നും രണ്ടും പറഞ്ഞു കരയാൻ നിൽക്കണ്ടാ”
വേവുന്ന മനസ്സിനെയും നീറുന്ന ഉടലിനെയും അവഗണിച്ചുകൊണ്ട് ഞാനമ്മയെ ആശ്വസിപ്പിച്ചു…അമ്മയുടെ കണ്ണുകളൊന്ന് തിളങ്ങി.അപ്പോഴേക്കും പുറത്ത് ഏതോ വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ട് അമ്മ ജനലരികിലേക്ക് ചേർന്ന് പുറത്തേക്ക് നോക്കി..
“മോളേ വേഗം ഒരുങ്ങ്..അവരെത്തി”
അങ്ങനെ പറഞ്ഞമ്മ ധൃതിയിൽ മുറിക്ക് പുറത്തേക്ക് ഇറങ്ങിയതും മനസ്സിൽ സംഭരിച്ചു വെച്ചിരുന്ന എന്നിലെ ധൈര്യമൊക്കെ ചോർന്ന് തുടങ്ങി..പിന്നെയെല്ലാം യാന്ത്രികമായിരുന്നു.. കണ്മുമ്പിൽ കണ്ടൊരു ചുരീദാർ എടുത്ത് ധരിച്ചു..മുടി ചീകിയൊതുക്കിയെങ്കിലും ഒരുങ്ങിയില്ല.
നിമിഷങ്ങൾ കടന്നു പോയപ്പോൾ അമ്മ വീണ്ടുമെത്തി..
“വേഗം വാ… “
നിശ്ചലമായ കാൽപ്പാദങ്ങൾ ചങ്ങലപ്പൂട്ട് വീണത് പോലെയായി ഞാൻ.. ഒരടി മുമ്പോട്ട് വെക്കാൻ കഴിഞ്ഞില്ല..അതോടെ അമ്മയെന്റെ കയ്യിൽ പിടിച്ചു വലിച്ചു അടുക്കളയിലേക്ക് കൊണ്ടുപോയി.. ട്രേയിൽ രണ്ടു മൂന്ന് ചായക്കപ്പ് എടുത്തുവെച്ചു അതെന്നെ പിടിച്ചേൽപ്പിച്ചു.
“സമയം പോകുന്നു..കൊണ്ട് കൊടുക്ക് പെണ്ണേ”
വീണ്ടും ഉന്തിതള്ളിയെന്നെ ഹാളിലേക്ക് വിട്ടു..അതുവരെ ശബ്ദമുഖരിതമായിരുന്ന അന്തരീക്ഷം പൊടുന്നനെ നിശ്ചലമായി സൂചി നിലത്ത് വീണാൽ കേൾക്കാൻ കഴിയുന്ന അവസ്ഥയിലായി..
ഞാനാരെയും ശ്രദ്ധിക്കാതെ തല കുനിച്ചു ട്രേ അവിടേക്ക് നീട്ടി..
“ദേ..ഞാനല്ല ചെറുക്കൻ..ദാ ഇവനാണ്”
വരുണിന്റെ കൂട്ടുകാരൻ പറഞ്ഞപ്പോഴാണ് മിഴികൾ ഉയർത്തിയത്…നയനങ്ങൾ ചെന്ന് തറച്ചത് വരുണിലായിരുന്നു..അയാളുടെ അധരങ്ങളിലൊരു മന്ദഹാസം വിരിയുന്നത് കണ്ടു..
“സോറി”
ചായക്കപ്പ് നീട്ടി പിണഞ്ഞ അബദ്ധം മനസ്സിലാക്കി ക്ഷമ ചോദിച്ചു..
“ഇറ്റ്സ് ഓക്കേ”
പിന്തിരിഞ്ഞ് നടക്കുമ്പോൾ വരുണിന്റെ മറുപടി കാതിൽ വീണിരുന്നു…എനിക്ക് അവിടെ നിൽക്കാൻ കഴിഞ്ഞില്ല..നേരെ മുറിയിലെത്തി ജനലരികിലൂടെ പുറത്തേക്ക് നോക്കി നിന്നു..ഓർമ്മയിലെവിടെയോ നടുക്കുന്ന ഓർമ്മകൾ വീണ്ടും ഇരച്ചെത്തിയിരുന്നു..അതിനാൽ ഞാൻ വീണ്ടും അസ്വസ്ഥായി തുടങ്ങി…
“ഹലോ… പിന്നിൽ നിന്നൊരു സ്വരം.. ഞെട്ടിത്തിരിഞ്ഞപ്പോൾ വരുൺ തൊട്ടരുകിൽ..ഉടലാകെയൊന്ന് വിറച്ചു…
” സോറി…വീട്ടിൽ വിവാഹം കഴിക്കാൻ നിർബന്ധം തുടങ്ങിയപ്പോൾ ഓർമ്മയിലെത്തിയത് തന്റെ മുഖമാണ്…വീട്ടുകാരോട് സൂചിപ്പിച്ചപ്പോൾ അവർക്ക് സമ്മതം. കാരണം എന്റെ വിവാഹം നടന്നു കാണാനായി അമ്മ നേർച്ചയിടാത്ത അമ്പലവും പള്ളിയും കേരളത്തിൽ ചുരുക്കമായിരിക്കും”
വരുണിൽ നിന്ന് മനോഹരമായൊരു പുഞ്ചിരി ഉണ്ടായപ്പോൾ എന്നിലൊരു വിളറിയൊരു ചിരിയായിരുന്നു..
“ഓഫീസിൽ വെച്ചു തന്നെ കാണുമ്പോഴെല്ലാം മനസ്സിലെ ഇഷ്ടം പുറത്ത് പറയാതെ വിവാഹാലോചനയുമായി വന്ന് തന്നെ ഞെട്ടിപ്പിക്കാനായിരുന്നു എന്റെ പ്ലാൻ…തനിക്കൊരു സർപ്രൈസ്..അല്ലാതെ ഞാൻ മൂരാച്ചിയൊന്നും അല്ല..ആവശ്യത്തിന് റൊമാന്റിക് ആകാനെനിക്ക് അറിയാം”
എന്റെ മനസ്സ് വായിച്ചതു പോലെയുളള മറുപടി കേട്ടപ്പോൾ ഞാനൊന്ന് വിതുമ്പി പോയി..മനസ്സിൽ അടക്കിപ്പിടിച്ച രഹസ്യത്തിന്റെ ചൂടിൽ ഞാൻ വെന്തുരുകി.
“വരുൺ പ്ലീസ്..ഈ വിവാഹത്തിൽ നിന്ന് പിന്മാറണം..എന്…എനിക്ക് എനിക്ക് കഴിയില്ല വരുൺ അറിഞ്ഞുകൊണ്ട് ചതിക്കാൻ.ഇയാളുടെ ഭാര്യാപദവി അലങ്കരിക്കാനുളള യോഗ്യതയെനിക്കില്ല”
ചാലിട്ടൊഴുകിയ കണ്ണുനീർ തുള്ളികൾ കൂപ്പി പിടിച്ച കൈകളിലിടെ ഒഴുകി നീങ്ങി…
“അനു….”
സ്നേഹത്തോടെ അതിലുപരി വാത്സല്യവും കരുതലും ഉള്ള സ്വരം..കൂപ്പിയ കൈകളിൽ വരുണിന്റെ കരങ്ങൾ അമർന്നപ്പോൾ തീപ്പൊളളലേറ്റവളെ പോലെ പിടഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും വരുണെന്നെ അയാളിലേക്ക് ചേർത്തണച്ചു…
“എനിക്കറിയാടൊ താനെന്താ പറയാൻ പോണതെന്ന്..മനസ്സറിയാത്ത പ്രായത്തിൽ കഴുകന്മാരാൽ കൊത്തി നുറുക്കിയ ശരീരവും നീറുന്ന മനസ്സുമായി അച്ഛനും അമ്മക്കുമായി താൻ ജീവിക്കുന്നു.. അല്ലെങ്കിൽ എന്നേ ആത്മഹത്യ ചെയ്യുമായിരുന്നു.. അല്ലേ”
മനസ്സിലെ രഹസ്യം മറ്റൊരാൾ ചൂഴ്ന്നെടുത്തപ്പോൾ അത്ഭുതത്തേക്കാൾ ഭയമായിരുന്നു..
“വിവാഹാലോചനയുമായി എത്തിയപ്പോൾ തന്നെ തന്റെ അച്ഛൻ എല്ലാം പറഞ്ഞിരുന്നെടോ…എല്ലാം അറിഞ്ഞു കൊണ്ട് മകളുടെ ജീവിതത്തിലൊരാൾ കടന്നു വരാനാണ് അദ്ദേഹം ആഗ്രഹിച്ചത്.ആ അച്ഛന്റെ നന്മയുളള മകളല്ലേ താൻ…എനിക്ക് വിട്ടുകളയാൻ തോന്നിയില്ലെടോ…
” വരുൺ…ഞാൻ.. ഞാൻ.. “
എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല…വിതുമ്പിക്കൊണ്ട് വരുണിനെ കൂടുതൽ വരിഞ്ഞു മുറുക്കി…എല്ലാം അറിഞ്ഞുകൊണ്ട് ഒരാൾ,അതും പരിചിതനായ ഒരാൾ എന്നെ കൂടുതൽ സ്നേഹിക്കുന്നുണ്ടെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ ശരീരത്തിന്റെ യും മനസ്സിന്റെയും ചൂട് കുറഞ്ഞ് തണുപ്പ് അനുഭവപ്പെടുന്നത് ഞാനറിഞ്ഞു..
ഒപ്പം മനസ്സിലെ ആരാധ്യപുരുഷന്റെ,പെണ്മക്കളുടെ ഹീറോയെ മന്നസ്സാൽ സാഷ്ടാംഗം പ്രണമിച്ചു…
“അച്ഛൻ…അച്ഛനെ ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയൂ…അതുകൊണ്ട് തന്നെയാണ് പെണ്മക്കൾക്കെന്നും അച്ഛൻ ഹീറോ ആകുന്നതും….
എന്റെ മനസ്സ് എന്നോട് തന്നെ മന്ത്രിച്ചു..
അവസാനിച്ചു
മാസങ്ങളായി എഴുതിയിട്ട്…അതിനാൽ അതിന്റേതായ പാളിച്ചകൾ കാണും..ക്ഷമിക്കുമല്ലോ…അതുപോലെ തീം പഴയതാണെങ്കിലും എന്റെ ശൈലിയിലൊന്ന് എഴുതി നോക്കിയതാണ്….