സായാമരിയ മനു എന്ന തന്റെ ഭാര്യ വെറും പത്തു മിനിറ്റുകൾ കൊണ്ട് സായാ മരിയ തോമസ് എന്ന സെലിബ്രിറ്റി ആയി മാറിയിരിക്കുന്നു.

ജീവന്റെ പാതി ~ രചന: ഷിജു കല്ലുങ്കൻ

കാതടപ്പിക്കുന്ന കരഘോഷങ്ങൾക്കു നടുവിലൂടെ സായ നടന്നു സ്റ്റേജിലേക്കു കയറി. വിശാലമായ ഓഡിറ്റോറിയത്തിലെ മുഴുവൻ ലൈറ്റുകളും അവളുടെ മേൽ കേന്ദ്രീകരിച്ചിരുന്നു . സ്റ്റേജിനിരുവശവും ഉയർന്നു നിൽക്കുന്ന കൂറ്റൻ ഡിജിറ്റൽ സ്ക്രീനുകളിൽ സായയുടെ മുഖം നിറഞ്ഞു.

ചുറ്റും എന്താണ് നടന്നതെന്നു പൂർണ്ണമായും ഉൾക്കൊള്ളാൻ മനുവിനു കഴിഞ്ഞില്ല. സായാമരിയ മനു എന്ന തന്റെ ഭാര്യ വെറും പത്തു മിനിറ്റുകൾ കൊണ്ട് സായാ മരിയ തോമസ് എന്ന സെലിബ്രിറ്റി ആയി മാറിയിരിക്കുന്നു.

തങ്ങളെ സംബന്ധിച്ചിടത്തോളം വിദേശമലയാളികൾക്കിടയിൽ എല്ലാ വർഷവും നടക്കുന്ന ഒരു സാധാരണ ആഘോഷപരിപാടിക്കപ്പുറമുള്ള പ്രാധാന്യമൊന്നും ഈ പരിപാടിക്കും ഉണ്ടായിരുന്നില്ല, അല്പം മുൻപുവരെ.

‘സ്റ്റാർ നൈറ്റ് വിത്ത്‌ മീനു ചന്ദ്രൻ ‘…. ഈ വർഷത്തെ മലയാളിസമാജത്തിന്റെ ആഘോഷപരിപാടി തീരുമാനിക്കപ്പെട്ടപ്പോൾ എല്ലാവരെയും പോലെ ഒരു സന്തോഷവും ആകാംഷയുമുണ്ടായിരുന്നു. ദേശീയ അവാർഡ് ജേതാവും മലയാളത്തിന്റെ പ്രിയ ഗായികയുമായ മീനുവിനെ മുഖ്യാതിഥിയായി കിട്ടിയപ്പോൾ ആഘോഷങ്ങൾ പൊടിപൊടിക്കും എന്ന് ഉറപ്പായിരുന്നു.

വിശാലമായ ഓഡിറ്റോറിയം നിറഞ്ഞ് അയ്യായിരത്തിലധികം വരുന്ന കാണികൾ. ആരെയും നിരാശരാക്കിയില്ല മീനുവും സംഘവും. മനംമയക്കുന്ന ഗാനസന്ധ്യ. പ്രിയ ഗായികയുടെ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ നേരിട്ട് കേട്ടതിന്റെ സന്തോഷം ഓരോ മുഖങ്ങളിലും കാണാമായിരുന്നു.

ഗംഭീരമായ സംഗീതവിരുന്നിനു ശേഷം അത്താഴവിരുന്നായിരുന്നു. ഗായകരുടേയും മറ്റു പ്രിയ താരങ്ങളുടെയും ഒപ്പം നിന്ന് സെൽഫി സെൽഫി എടുക്കാൻ ഒരു കൂട്ടം ആളുകൾ തിക്കിത്തിരക്കുന്നു . ഒരിടത്ത് ഭക്ഷണം വിളമ്പുന്നവരുടെയും കഴിക്കാനായി ഇരിപ്പിടം അന്വേഷിക്കുന്നവരുടെയും തിരക്ക്.

ഇതിൽ നിന്നെല്ലാം ഒഴിഞ്ഞ് സ്റ്റേജിൽ നിന്ന് വളരെ ദൂരെയായി സഹപ്രവർത്തകനായ രഘുനന്ദനും കുടുംബത്തിനുമൊപ്പം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിക്കുകയായിരുന്നു മനോയും സായയും അവരുടെ മൂന്നുവയസ്സുകാരി മകൾ സമയയും.

ഓഡിറ്റോറിയത്തിന് ഉള്ളിലൂടെ പറന്നു നടന്ന ഹെലിക്യാം ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ ഓരോന്നായി സ്ക്രീനുകളിൽ പതിഞ്ഞു കൊണ്ടിരുന്നു. പറന്നു താഴ്ന്നു വന്ന ക്യാമറയിൽ പതിഞ്ഞ തങ്ങളുടെ മുഖം സ്ക്രീനിൽ തെളിഞ്ഞപ്പോൾ രഘുനന്ദന്റെ കുട്ടികൾക്കൊപ്പം സമയയും കൈകൾ കൊട്ടിക്കൊണ്ട് ആർത്തുചിരിച്ചു സന്തോഷിച്ചു.

അവരെ കടന്ന് മുന്നോട്ടു പോയ ക്യാമറ ചില നിമിഷങ്ങൾക്കുള്ളിൽ തിരികെ വന്ന് വീണ്ടും അവരുടെ ടേബിളിന് മുകളിൽ നിലയുറപ്പിച്ചു.

ആദ്യമുണ്ടായ ആഹ്ലാദത്തിനു പകരം ഇത്തവണ അമ്പരപ്പാണ് അവരുടെയെല്ലാം മുഖത്തുണ്ടായത്. സ്ക്രീനുകളിൽ നിശ്ചലമായി നിന്ന അവരുടെ കുടുംബ ചിത്രം മെല്ലെ സായയുടെ മുഖം മാത്രമായി ചുരുങ്ങി.

ഓഡിറ്റോറിയം മുഴുവൻ ഒരു നിമിഷം കൊണ്ട് നിശബ്ദമായി. കൂറ്റൻ ലൗഡ്സ്പീക്കറുകളിൽ നിന്ന് നേർത്ത ശബ്ദത്തിൽ ഒഴുകിയെത്തിക്കൊണ്ടിരുന്ന മീനു ചന്ദ്രന്റെ പ്രശസ്തമായ ഗാനത്തിന്റെ പിന്നണിയും പെട്ടെന്ന് നിലച്ചപ്പോൾ ഓഡിറ്റോറിയത്തിലെ മുഴുവൻ കണ്ണുകളും സ്ക്രീനിലേക്ക് കേന്ദ്രീകരിച്ചു. പേടിച്ചരണ്ടപോലെ പിടക്കുന്ന കണ്ണുകളുമായി സായ ഓഡിറ്റോറിയം നിറഞ്ഞു.

പെട്ടന്ന് സ്പീക്കറിൽ കൂടി ഒഴുകി വന്ന മീനു ചന്ദ്രന്റെ ശബ്ദം സായയെ ഒന്നു നടുക്കി. അവൾ മനുവിന്റെ കയ്യിൽ മുറുകെപ്പിടിച്ചു.

” ഒന്നു ചോദിച്ചോട്ടെ….. ഞാനീ സ്‌ക്രീനിൽ കാണുന്നത് സായ ആണോ..? സായ മരിയ തോമസ്?”

സായ അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു. അത്രയും നേരം സായയുടെ അടുത്തു ചേർന്നു നിന്നിരുന്ന സമയ ഓടി വന്ന് മനുവിന്റെ മടിയിലേക്കു കയറി അവനെ മുറുകെപ്പിടിച്ചു.

മുൻവശത്തെ സ്റ്റേജിനടുത്തു നിന്നും മീനു സായയെ ലക്ഷ്യമാക്കി നടന്നു വന്നു. ഓഡിറ്റോറിയത്തിലെ മുഴുവൻ ഫോക്കസ് ലൈറ്റുകളും ക്യാമറകളും അവരെ അനുഗമിച്ചു. നിന്നിടത്തു തന്നെ അനങ്ങാനാവാതെ നിൽക്കുകയായിരുന്നു സായ. അവളുടെ മുഖത്തെ വിവചിക്കാനാവാത്ത ഭാവഭേതങ്ങൾ ക്യാമറക്കണ്ണുകൾ സ്ക്രീനിലേക്കെത്തിച്ചുകൊണ്ടിരുന്നു.

സായയുടെ മുന്നിലെത്തിയ മീനു ഒരു നിമിഷം അനങ്ങാതെ നിന്നു. മനുവും രഘുനന്ദനും കുടുംബവുമെല്ലാം ശ്വാസം വിടാതെ എഴുന്നേറ്റു നിൽക്കുകയായിരുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല.

” സായേച്ചീ……. ” വല്ലാത്തൊരു കരച്ചിലോടെ മീനു സായയെ കെട്ടിപ്പിടിച്ചു തുരുതുരെ ഉമ്മ വച്ചു.

“ചേച്ചി ഇത് ഞാനാണ്….. ചേച്ചിയുടെ മീനാക്ഷി…. മീനാക്ഷി ചന്ദ്രശേഖർ…….ഹോസ്റ്റൽ റൂമിൽ ചേച്ചി പാട്ടു പഠിപ്പിച്ച മീനാക്ഷി…..”

ഇതുവരെ ഭയന്ന് അമ്പരന്നു നിന്ന സായ ഒരു നിലവിളിയോടെ മീനുവിനെ കെട്ടിപ്പുണർന്നു.

നിശബ്ദമായിരുന്ന ഓഡിറ്റോറിയം നിമിഷങ്ങൾക്കുള്ളിൽ ശബ്ദമുഖരിതമായി. നിലക്കാത്ത കരാഘോഷങ്ങൾക്കു നടുവിലൂടെ സായയെ ചേർത്തുപിടിച്ച് മീനു സ്റ്റേജിനരുകിലേക്ക് നടന്നു.

സായ സ്റ്റേജിലേക്ക് കയറുമ്പോഴും സംഭവിച്ചതെന്താണെന്ന് പൂർണ്ണമായി മനസ്സിലാക്കാനാവാതെ സ്തംഭിച്ചു നിൽക്കുകയായിരുന്ന മനുവിനെ സമയമോൾ വട്ടം പുണർന്നു.

വലിയൊരു തിരമാല ചുഴറ്റിയെടുത്തു വട്ടം ചുറ്റിച്ച് കരയിലേക്കു വലിച്ചെറിഞ്ഞപോലെ അയാൾ കസേരയിലേക്കിരുന്നു. സമയ അയാളുടെ മടിയിൽ കയറി ഇരിപ്പുറപ്പിച്ചു.

“ഇത് സായേച്ചി….. എന്നെ പാട്ടുകാരിയാക്കിയ എന്റെ പ്രിയപ്പെട്ട ചേച്ചിക്കുട്ടി….”

നിറഞ്ഞു തുളുമ്പുന്ന മിഴികളും ഇടറുന്ന സ്വരവുമായി മീനു ചന്ദ്രൻ മൈക്കിന്റെ മുന്നിൽ നിൽക്കുമ്പോൾ ഓഡിറ്റോറിയം മുഴുവൻ ശ്വാസം വിടാതെ കേട്ടു.

“ഒരേ ഹോസ്റ്റൽ റൂമിൽ ഒന്നര വർഷം…. എട്ടാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേരുമ്പോൾ റൂംമേറ്റ് ആയി എനിക്കു കിട്ടിയ എന്റെ ചേച്ചിക്കുട്ടി….. ഞങ്ങളുടെ സ്കൂളിന്റെ വാനമ്പാടി. അതുവരെ ഒരു മൂളിപ്പാട്ടു പോലും പാടാത്ത എന്നെ പാടാൻ മോഹിപ്പിച്ചത് ചേച്ചിയാണ്……. എന്റെ ആദ്യത്തെ ഗുരു. ഞങ്ങളുടെ സ്കൂളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗായിക, സായ മരിയ തോമസ്….. എന്റെ പ്രിയപ്പെട്ട സായേച്ചി.”

നിശബ്ദതതയിൽ നിന്ന് ഒരു കയ്യടി… അതു തിരമാലകൾ പോലെ ആർത്തിരമ്പുന്ന കരാഘോഷമായി.

“റെയിൽവേയിലെ ഉദ്യോഗസ്ഥനായിരുന്ന അച്ഛനു സ്ഥലം മാറ്റം കിട്ടി ഒൻപതാം ക്ലാസിന്റെ ക്രിസ്തുമസ് അവധിക്കാലത്തു ചെന്നൈയിലേക്ക് പറിച്ചു നടപ്പെടുമ്പോൾ ഒരു യാത്രമൊഴിപോലും പറയാതെ ഹോസ്റ്റൽ മുറിക്കുള്ളിൽ ഞാൻ ഉപേക്ഷിച്ചു പോന്ന എന്റെ പാട്ടിന്റെ ആൽമാവ്….. ഞാൻ തേടി നടന്ന എന്റെ സായേച്ചി.”

വികാരത്തള്ളിച്ച അടക്കാനാവാതെ പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ വീണ്ടും സായയെ പുണർന്നു.

അവിടെക്കൂടിയിരുന്ന ഒട്ടുമിക്ക ആളുകളുടെ കണ്ണിലും സന്തോഷത്തിന്റെ അശ്രുക്കൾ പൊടിഞ്ഞു തുടങ്ങിയിരുന്നു.

നിർത്താതെ കയ്യടിച്ചുകൊണ്ട് സ്റ്റേജിലേക്കു കടന്നുവന്ന പ്രോഗ്രാമിന്റെ അവതാരികയായ പെൺകുട്ടി ഇംഗ്ലീഷും മലയാളവും കൂട്ടിക്കുഴച്ചു എന്തൊക്കെയോ പറഞ്ഞ ശേഷം മൈക്കുമായി സായയുടെ അടുത്തെത്തി.

“സായാ….. സായ ഇപ്പോഴും പാടാറുണ്ടോ…?

“ഇല്ല…. അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല,വിവാഹം കഴിഞ്ഞ്……”

പരിഭ്രമം കൊണ്ട് ഇടറിയ ശബ്ദത്തിൽ സായ പറഞ്ഞതു പൂർത്തിയാക്കുന്നതിന് മുൻപേ അവതാരിക മൈക്ക് തിരിച്ചെടുത്തു സ്വന്തം ചുണ്ടോടു ചേർത്തു.

” ഡിഡ് യൂ ഹിയർ ഹേർ….? …..മുപ്പത്തിയഞ്ചു വയസ്സു കഴിഞ്ഞിട്ടും ഞാൻ എന്തു കൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് നിങ്ങൾ എന്നോട് ചോദിച്ചില്ലേ…… ദാ ഇതാണ് എന്റെ ഉത്തരം….ഈ സായയാണ് എനിക്ക് നിങ്ങൾക്കുള്ള ഉത്തരം….. ഇതുപോലൊരു സായ മരിയ തോമസ് ആകാൻ എനിക്കിഷ്ടമില്ല….. കഴുത്തിലൊരു താലിച്ചരട് കെട്ടി എന്ന ഒറ്റബലത്തിൽ സ്വന്തം കഴിവുകളെ മുഴുവൻ ഒരു പുരുഷനു മുന്നിൽ അടിയറ വച്ച് അടിമയായി ജീവിക്കാൻ എന്നെക്കിട്ടില്ല.”

ആർത്തിരമ്പിക്കൊണ്ടിരുന്ന ഓഡിട്ടോറിയം വീണ്ടും നിശബ്ദമായി.

“…. മീനുചന്ദ്രനെ പാട്ടു പഠിപ്പിച്ച പാട്ടുകാരി… മീനുവിനെക്കാൾ നല്ല പാട്ടുകാരി എന്ന് മീനു തന്നെ പറയുന്നു…….. ആ സായയെയാണ് ഒരു താളിച്ചരടിൽ കുരുക്കി ആ പ്രതിഭ തന്നെ നശിപ്പിച്ചു കളഞ്ഞിരിക്കുന്നത്….. ഈ കാടത്തത്തെ നിങ്ങൾ എന്തു വിളിക്കും???????”

അവളുടെ വാക്കുകൾ ഉള്ളിലേക്ക് തുലച്ചിറങ്ങിയ പിടച്ചിലിൽ മീനുവിന്റെ പിടുത്തം വിടുവിച്ച് സായ മുന്നോട്ടു വരുമ്പോഴേക്കും അവതാരികയുടെ അഹങ്കാരം തുടിക്കുന്ന ആക്രോശം പ്രതിധ്വനികൾ സ്രഷ്ടിച്ചുകൊണ്ട് ഓഡിറ്റോറിയത്തിൽ എങ്ങും അലയടിച്ചുയർന്നിരുന്നു.

ആദ്യത്തെ അമ്പരപ്പുമാറാതെ സ്തബ്തനായിയിരിക്കുകയായിരുന്ന മനുവിലേക്ക് ക്യാമറകണ്ണുകൾ തിരിഞ്ഞു. തന്റെ തലയിൽ ആരോ കൂടം കൊണ്ട് ഇടിച്ചതുപോലെ അവൻ ചലനമറ്റ് വിളറിവെളുത്തു. പേടിച്ചരണ്ട സമയ അവനെ ആള്ളിപ്പിടിച്ചു കൊണ്ട് ഉറക്കെക്കരയാൻ തുടങ്ങി. ആയിരക്കണക്കിന് കണ്ണുകൾ ഒരു നികൃഷ്ടജീവിയെപ്പോലെ അവനെ തുറിച്ചു നോക്കി.

പെട്ടെന്ന് ഓഡിറ്റോറിയത്തിനുള്ളിൽ എവിടെ നിന്നോ ഒരു കൂക്കുവിളി ഉയർന്നു, പതിയെ അനേകം കണ്ഠങ്ങൾ അതേറ്റു പിടിച്ചു. ഈ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എത്ര നന്നായേനെ എന്നോർത്ത് മനു ശ്വാസം വിടാൻ മടിച്ച് തല കീഴ്പ്പോട്ടു കുമ്പിട്ടു.

അതേ സമയം തന്നെ പടക്കം പൊട്ടുന്ന പോലൊരു ശബ്ദവും അതിനൊപ്പം ഒരു അലർച്ചയും ഉയർന്നു.

“സ്റ്റോപ്പിറ്റ്…..”. സായ കോപം കൊണ്ട് വിറക്കുകയായിരുന്നു.

കരണം പൊത്തിയുള്ള അടിയിൽ പാതി ബോധം മറഞ്ഞു രണ്ടു കൈകൊണ്ടും തലപൊത്തിപ്പിടിച്ചു കൊണ്ട് അവതാരിക നിലത്തേക്കിരുന്നു. അവരുടെ കയ്യിൽ നിന്ന് മൈക് ദൂരേക്ക് തെറിച്ചു വീണു പോയിരുന്നു.

അമ്പരന്നുപോയ കാണികൾ നിശബ്ദരായി. ഒരു നിമിഷം സ്തബ്തയായിപ്പോയ മീനു പെട്ടെന്നു തന്നെ സായയെ പിടിച്ചു. അവൾ വിതുമ്പിതുടങ്ങിയിരുന്നു. എങ്കിലും പെട്ടെന്നു വീണ്ടെടുത്ത ധൈര്യത്തിൽ മീനുവിനെ ഒഴിവാക്കി താഴെ വീണു കിടന്ന മൈക് കയ്യിലെടുത്തു.

“ശരിയാണ്… ഞാൻ പാടുമായിരുന്നു. നന്നായി പാടുമായിരുന്നു…പതിനഞ്ചാം വയസ്സിൽ വോക്കൽ കോഡിന് ഒരു പാർഷ്യൽ പരാലിസിസ് ഉണ്ടാകുന്നതു വരെ…..”

മീനു വീണ്ടും സായയുടെ അടുത്തു വന്ന് സ്വാന്ത്വനം പോലെ അവളുടെ കയ്യിൽ പിടിച്ചു.

“സായേച്ചീ….. ഞാൻ അറിഞ്ഞില്ല.. “

” …..ഭാകികമായി ശബ്ദം പോലും നഷ്ടപ്പെട്ടുപോയ എന്നെ നെഞ്ചോടു ചേർത്തുവച്ച് ഒരു കുഞ്ഞിനെപ്പോലെ കാത്തു സൂക്ഷിക്കുന്ന എന്റെ ജീവന്റെ പാതിയാണ് നിങ്ങൾ കുക്കിവിളിച്ച് തലയുയർത്താൻ പോലുമാവാതെ നെഞ്ചുരുകിയിരിക്കുന്ന ആ മനുഷ്യൻ…. എന്റെ മനുവേട്ടൻ… “

സ്റ്റേജിന്റെ ഒരറ്റത്തേക്ക് മാറി നിന്നിരുന്ന അവതാരികയുടെ തല താണുപോയി.

സായ അവൾക്കരുകിലേക്ക് നടന്നു ചെന്നു. രണ്ടു പേരുടെയും അടുത്ത പ്രതികരണം എന്താവുമെന്നോർത്ത് എല്ലാവരും ശ്വാസമടക്കി നോക്കി നിന്നു.

മനു ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റ് സ്റ്റേജിലേക്ക് കുതിച്ചു.

കാണിക്കൾക്കിടയിൽ നിന്ന് ഉച്ചത്തിൽ കരയാൻ തുടങ്ങിയ സമയയെ രഘുനന്ദന്റെ ഭാര്യ എടുത്തുയർത്തി ആശ്വസിപ്പിച്ചു.

“…കുട്ടീ…. നിന്റെ പേരുപോലും എനിക്കറിയില്ല… നീയെന്നോടു ക്ഷമിക്കണം. എന്റെ ജീവന്റെ ജീവനായ മനുഷ്യനെ എല്ലാവരും ചേർന്ന് അപമാനിക്കുമ്പോൾ നോക്കി നിൽക്കാൻ സാധിക്കാത്ത ഒരു സാധാരണ സ്ത്രീ മാത്രമാണ് ഞാൻ….. അടിച്ചത് തെറ്റായിപ്പോയി…”

“ഇല്ല സായ…. എനിക്കാണ് തെറ്റു പറ്റിയത്…” അവൾ മുന്നോട്ടുവന്ന് സായയുടെ കൈകൾ കൂട്ടിപ്പിടിച്ചു.

“എനിക്ക് യാതൊരു മുൻപരിചയവും ഇല്ലാത്ത വ്യക്തികളെപ്പറ്റി ഞാൻ അങ്ങനെയൊക്കെ പറയാൻ പാടില്ലായിരുന്നു.”

സ്റ്റേജിനു മുൻവശം വരെ എത്തി നിശ്ചലനായി നിൽക്കുന്ന മനുവിനെ നോക്കി സായ കണ്ണീരിലൂടെ പുഞ്ചിരിച്ചു.

“മീനാക്ഷി…. നിന്റെ സായേച്ചി എവിടെ ഉണ്ടെന്ന് നിനക്കു മനസ്സിലായല്ലോ… എപ്പോ വേണമെങ്കിലും നിനക്കു വരാം എന്റടുത്തേക്ക്…. ഈ ആരവങ്ങളും ആൾക്കൂട്ടവും ഒന്നുമില്ലാതെ…..” തിരിഞ്ഞു മീനുവിനോട് പറഞ്ഞിട്ട് സായ മെല്ലെ സ്റ്റേജിൽ നിന്നിറങ്ങി മനുവിന്‌ നേരെ നടക്കുമ്പോൾ മൈക് കയ്യിലെടുത്ത അവതാരിക വീണ്ടും ചമ്മിയതെങ്കിലും ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“എല്ലാവരും സായേച്ചിക്കും മനുവേട്ടനും ഒരു വലിയ കയ്യടി കൊടുക്കുമോ….”

സായയെ ചേർത്തു പിടിച്ചു കൊണ്ട് മനു നടന്നു നീങ്ങുമ്പോൾ അവതാരികയുടെ ശബ്ദം വീണ്ടും വീണു ചിതറി.

“…. സായേച്ചി…അങ്ങനെ വിളിക്കുവാ ഞാൻ….. എന്റെ പേരു രശ്മി.., പിന്നെ ഈ മുപ്പത്തിഅഞ്ചു വയസ്സു വരെ ഞാൻ കണ്ട പുരുഷന്മാരെല്ലാം സ്ത്രീകളെ അടിമയാക്കിവെക്കുന്നവരാണ് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ടെങ്കിൽ……!!” സായ ഒരു നിമിഷം നിന്നിട്ട് സ്റ്റേജിലേക്ക് തിരിഞ്ഞു.

“….. അത് എന്റെ തെറ്റ് തന്നെയാകാനാണ് സാധ്യത…. അല്ലേ??”

ആളുകൾക്കിടയിൽ നിന്ന് കൂട്ടച്ചിരി ഉയർന്നു.

“…. മനുവേട്ടാ നിങ്ങൾക്ക് എന്നോട് ക്ഷമിക്കാൻ കഴിയുമെങ്കിൽ…. സായേച്ചിയുടെ അനിയത്തിക്കുട്ടിയായി മീനു എത്തുമ്പോൾ മനുവേട്ടന്റെ അനിയത്തിക്കുട്ടിയായി എന്നേക്കൂടി കൂട്ടുമോ….?”

സമയയും സായയുമായി ഓടിറ്റോറിയത്തിന് വെളിയിലേക്കു നടന്നുകൊണ്ടിരുന്ന മനു തിരിഞ്ഞു നിന്ന് ചിരിച്ചു കൊണ്ട് കൈവീശി. സ്ക്രീനുകളിൽ അയാളുടെ ചിരിക്കുന്ന മുഖം നിറഞ്ഞു.

കാറിനുള്ളിൽ കയറി സീറ്റിലിരുന്നപ്പോൾ സായ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.

അവളുടെ മുഖം തനിക്കു നേരെ തിരിച്ചു പിടിച്ച് ആ കണ്ണീരൊപ്പിക്കൊണ്ട് മനു ചോദിച്ചു.

“നീയെന്തിനാ കള്ളം പറഞ്ഞത്….? സ്വരം നഷ്ടപ്പെട്ടു പോയതാണെന്ന്…?”

“എനിക്ക് മനുവേട്ടനും മോളുമല്ലേ ലോകത്തിൽ ഏറ്റവും വലുത്..? സ്വന്തം ഭർത്താവ് ലോകത്തിനു മുന്നിൽ തലകുനിക്കുമ്പോൾ നിലനിൽപ്പിനു വേണ്ടി ഏതറ്റം വരെപ്പോകാനും ഒരു ഭാര്യ തയ്യാറാകും മനുവേട്ടാ….”

കാർ സ്റ്റാർട്ട്‌ചെയ്തു മുന്നോട്ടെടുക്കുമ്പോൾ മനു കുറ്റബോധത്തിന്റെ ശബ്ദത്തിൽ പറഞ്ഞു.

നീ പാട്ടു പാടുമെന്ന് എനിക്കറിയില്ലായിരുന്നു സായ….!! സത്യമായിട്ടും….!!…. ഒരിക്കലെങ്കിലും പറഞ്ഞു കൂടായിരുന്നോ നിനക്ക്….?”

“സാരമില്ല മനുവേട്ടാ…… സ്വന്തം ഭാര്യക്ക് എന്തൊക്കെ കഴിവുകൾ ഉണ്ടെന്ന് അറിയാവുന്ന എത്ര പുരുഷന്മാർ ഉണ്ട് നമ്മുടെ നാട്ടിൽ..?”

മനു ഒന്നും മിണ്ടിയില്ല.

“നിലം തൂക്കാനും തുടയ്ക്കാനും, പാത്രം കഴുകാനും, ഭക്ഷണം ഉണ്ടാക്കാനും വസ്ത്രങ്ങൾ അലക്കാനും പിന്നെ അവന്റെ ചൂടും ചൂരും പറ്റി കുഞ്ഞുങ്ങളെ പ്രസവിച്ചു പോറ്റാനുമുള്ള കഴിവുകൾ ഉണ്ടെങ്കിൽ എല്ലാ പുരുഷൻമാർക്കും അവൾ ഉത്തമ ഭാര്യ ആയി…… ഇതിനപ്പുറം ഉള്ള കഴിവുകൾ പുറത്തു പറയാൻ തന്നെ മിക്ക സ്ത്രീകൾക്കും ഇപ്പോഴും പേടിയാണ് മനുവേട്ടാ….. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും തങ്ങളെ എങ്ങനെ നോക്കിക്കാണും എന്ന ഭയം…!!”

“ഞാനും അക്കൂട്ടത്തിൽ ഒരാളാണെന്ന് നീ കരുതിയോ സായ?”

“നിങ്ങളോരാളല്ലല്ലോ മനുവേട്ടാ നമ്മുടെ കുടുംബം..!”

ആ വാക്കുകളുടെ വ്യാപ്തി തേടിയലയാൻ നിൽക്കാതെ മനു ചോദിച്ചു.

“പാട്ടു പാടുന്ന സായയെ എനിക്കു കൂടുതൽ ഇഷ്ടമാണെങ്കിലോ…?”

എതിരെ വന്ന ഒരു വാഹനത്തിന്റെ വെളിച്ചത്തിൽ സായയുടെ മുഖം പ്രകാശിക്കുന്നതും അവളുടെ കവിളിൽ സന്തോഷവും നാണവും ഒത്തുചേരുമ്പോൾ മാത്രം വിരിയുന്ന നുണക്കുഴികൾ വിടരുന്നതും മനു കണ്ടു.

അയാളുടെ ചുണ്ടിലും ഒരു ചിരി വിടർന്നു. ഭാര്യയെ മനസ്സിലാക്കി അവളുടെ മനസ്സു കീഴടക്കിയവന്റെ ചിരി.