വീടിനകത്തളത്തിൽ കണ്ട ഓരോ രക്തത്തുള്ളികളെയും പിന്തുടർന്ന് ഞാനെത്തിയത് തൊടിയിലേക്കിറങ്ങുന്ന വഴിവക്കിൽ ആണ്…

അമ്മ ~ രചന : AmMu Malu AmmaLu

മുഖപുസ്തകത്തിലെ ഒരു സാഹിത്യ കൂട്ടായ്മയിൽ ഞാനും അംഗമായിരുന്നു. പഠിത്തം ഇല്ലാത്ത ദിവസങ്ങളിൽ അച്ഛന്റെ ഫോണിൽ നിന്നുമാണ് ഞാൻ കഥകളും കവിതകളും മറ്റും വായിച്ചു തുടങ്ങിയത്. അവയോരോന്ന് വായിക്കുമ്പോളും കുഞ്ഞുന്നാളിൽ അമ്മ പറഞ്ഞു തരാറുണ്ടായിരുന്ന കഥകളും ചൊല്ലിതരാറുണ്ടായിരുന്ന കവിതകളും മനസ്സിനെ ഓർമകളിലേക്ക് കൊണ്ടുപോകുമായിരുന്നു അവയിൽ കുറച്ചെണ്ണം അച്ഛന്റെ പ്രിയപ്പെട്ടവയായിരുന്നു.. അതെനിക്കും ഏറെ പ്രിയങ്കരം ആയിരുന്നു.

തുടരെ തുടരെയുള്ള അമ്മയിൽ നിന്നുമുള്ള കഥകേൾക്കൽ എന്നിലൊരു കൊച്ചു മടിച്ചിയെ തന്നെ സൃഷ്ടിച്ചു.. സ്കൂൾ ജീവിതം ആരംഭിച്ച നാൾ മുതൽ അമ്മ ആയിരുന്നു അടുത്തിരുത്തി എന്നെ പഠിപ്പിചിരുന്നത് .. എങ്കിലും വായന അമ്മക്ക് വിട്ടുകൊടുത്തിട്ട് എഴുത്ത് മാത്രം ഞാൻ കൈവശമാക്കി. കഥകൾ കേട്ടുമാത്രം ശീലമുള്ള എന്നിൽ വായനാശീലം വളർത്താൻ അമ്മ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും ഫലമുണ്ടായില്ല.. ഒടുവിലൊരുനാൾ പരീക്ഷ അടുത്തപ്പോൾ മനഃപാഠമാക്കിയിരുന്നവയെ ഓർത്തെടുക്കാൻ കഴിയാത്ത വിധം ഞാൻ നന്നേ പാടുപെട്ടിരുന്നു.. പരീക്ഷ ഫലം വന്നപ്പോൾ എന്നിലെ കുഞ്ഞുമനസ്സ് പിടഞ്ഞു.. വായനാശീലം ഇല്ലാത്തതിനാൽ മനഃപാഠമാക്കിയവയെ ഓർത്തെടുക്കാൻ കഴിയാത്ത വിധം പരീക്ഷയിൽ ഭംഗിയായി തോൽവി സമ്മതിക്കേണ്ടി വന്നു എനിക്ക്.

ക്ലാസ്സ്‌ ടീച്ചറുമായി സംസാരിക്കുന്ന അമ്മയെ ദയനീയ ഭാവത്തിൽ ഒന്ന് നോക്കിയെങ്കിലും ഫലമുണ്ടായില്ല. തലങ്ങും വിലങ്ങും അമ്മേന്റെ ശകാരത്തിന് ചെവിക്കൊടുത്തു താഴേക്ക്നോക്കി നിൽക്കയല്ലാതെ അപ്പോൾ എനിക്ക് വേറെ മാർഗം ഒന്നും ഉണ്ടായിരുന്നില്ല.. എന്നെ ശകാരിക്കുന്നത് കണ്ടിട്ടാവണം കുട്ടൂസ് (വീട്ടിലെ പൂച്ച)അമ്മയെ കണ്ണിമ ചിമ്മാതെ തുറിച്ചു നോക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടത്.. . അമ്മയോട് പിണങ്ങി കുട്ടൂസിനേം എടുത്തു ഉമ്മറത്തിരിക്കുന്ന ഞങ്ങളെ നോക്കി നിലാവ് പുഞ്ചിരി തൂകി.

അന്നുമുതൽ അമ്മയുമായി പിണങ്ങുന്ന ഓരോ ദിവസവും എന്റെ പരിഭവങ്ങൾ കേൾക്കാൻ നിലാവും താരങ്ങളും വരുമായിരുന്നു. പിന്നീടുള്ള ദിനങ്ങളിൽ ഞങ്ങൾ നല്ല കൂട്ടുകാരായി. കളിചിരികളും ഇണക്കങ്ങളും പിണക്കങ്ങളുമായി നാളുകൾ ഏറെ കഴിഞ്ഞു.. പക്ഷെ, പഠനകാര്യങ്ങളിൽ പ്രത്യേകിച്ചും എന്നിലെ വായന മാത്രം ഉണർന്നില്ല.

അങ്ങനിരിക്കെ ഒരുദിവസം ക്ലാസ്സ്‌ പി. ടി. എ. യിൽ പങ്കെടുത്തു തിരികെ വീട്ടിലെത്തിയ അച്ഛൻ അമ്മയെ ശകാരിക്കുന്നത് കേട്ടാണ് ഞാൻ മുറിയിലേക്കു ചെല്ലുന്നത്.. ശകാരത്തിന്റെ കാരണം പഠനത്തിൽ ഉള്ള എന്റെ പിന്നോക്കാവസ്ഥ ആണെന്നും അതിനു അമ്മ വളം വെച്ച് കൊടുക്കുന്നതാണെന്നും അച്ഛന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കിയ ഞാൻ അന്നും നിലാവിനോട് പരിഭവം പറഞ്ഞു. എന്നും പരിഭവങ്ങൾ പറഞ്ഞിരിക്കുന്ന എന്നെ നോക്കി ചിരിക്കുന്ന അച്ഛൻ അന്നുമാത്രം എന്നെയൊന്ന് നോക്കിയത് പോലുമില്ല.പിറ്റേന്ന് അവധി ആയിരുന്നതിനാൽ കാലത്ത് തന്നെ കൂട്ടുകാരോടൊന്നിച്ചു തൊടിയിൽ കൺകെട്ടുകളിയിൽ മുഴുകിയിരുന്നു ഞാൻ. അവധി ദിവസമായാൽ രാവിലത്തെ ചായകുടി കഴിഞ്ഞാൽ പിന്നെ കൂട്ടരോടൊന്നിച്ചാൽ മഷിയിട്ട് നോക്കിയാൽപോലും കാണില്ല എന്നെ.

അന്നാദിവസം എനിക്കേറെ പ്രിയപ്പെട്ട മാമ്പഴപ്പുളിശ്ശേരിയും ഉണ്ടാക്കിവെച്ച് ഒരു കുഞ്ഞു സദ്യയും ഒരുക്കിയിരുന്നു അമ്മ.. കളി കഴിഞ്ഞു വീട്ടിലെത്തിയ ഞാൻ കണ്ടത് അമ്മയെ കോരിയെടുത്തു കാറിൽ കയറ്റി പോകുന്ന അച്ഛനെയും അടുത്ത വീട്ടിലെ ഗംഗാധരേട്ടനെയുമാണ്.. വീടിനകത്തളത്തിൽ കണ്ട ഓരോ രക്തത്തുള്ളികളെയും പിന്തുടർന്ന് ഞാനെത്തിയത് തൊടിയിലേക്കിറങ്ങുന്ന വഴിവക്കിൽ ആണ്.. കാര്യമെന്തെന്നറിയാതെ പരിഭ്രമിച്ചു നിൽക്കുന്ന എന്നെ പിന്നിൽ നിന്നും വന്നു മാറോടു ചേർത്ത് വീട്ടിലേക്കു കയറിയ അടുത്ത വീട്ടിലെ ജാനകിയമ്മയെ ചോദ്യ ഭാവത്തിൽ ഒന്ന് നോക്കിയെങ്കിലും വാക്കുകൾ കിട്ടാതെൻ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു.. ജാനകി അമ്മയുടെ ആശ്വാസവാക്കുകൾക്ക് ഒരു പരിധിവരെ എന്നിലെ സങ്കടത്തെ പിടിച്ചു നിർത്താൻ സാധിച്ചു..

എങ്കിലും നേരം ഇരുട്ടിൽ മറഞ്ഞപ്പോൾ വീണ്ടും എന്നിൽ ആശങ്ക ഉദിച്ചു.രാത്രി ഏറെ വൈകിയിട്ടും അമ്മയേം അച്ഛനേം കാണാതെ ഞാൻ വീണ്ടും പരിഭവിച്ചു..അന്നെന്റെ പരിഭവം കേൾക്കാൻ നിലാവും താരങ്ങളും വന്നതേയില്ല.. പകരം ഒരിളം കാറ്റ് എന്നെ തഴുകി തലോടി അവിടമാകെ പരന്നു.. അമ്മയെന്താ വരാത്തെ എന്നുള്ള തുടരെ തുടരെയുള്ള എന്റെ ചോദ്യത്തിന് ജാനകിയമ്മ ഒരു കുഞ്ഞു കള്ളം പറഞ്ഞെന്നെ മാറോട് ചേർത്തുറക്കി. ആ ഉറക്കത്തിൽ എന്നെ വിളിക്കാനായി തൊടിയിലേക്കിറങ്ങവേ കാല് തെറ്റി ഒരു കൂറ്റൻ കല്ലിന്റെ അഗ്രഭാഗത്തു തലയടിച്ചു വീണു കിടക്കുന്ന എന്റമ്മയെ കാണുന്നുണ്ടായിരുന്നു ഞാൻ.. ജീവനെ കീറിമുറിക്കുന്ന ആ കാഴ്ച കണ്ടു ഞാൻ ഞെട്ടിയുണർന്നതും അച്ഛന്റെ വിളി വന്നതും ഒരുമിച്ചായിരുന്നു..

എന്താ മോളെ എന്ത് പറ്റി..? നീ കരഞ്ഞോ.. ?എന്താടാ ഇന്നും എന്റെ ചക്കരേടെ ഉറക്കത്തിൽ അവൾ വന്നോ..?

ഇന്നെനിക്ക് 25ആം പിറന്നാൾ.. ഇന്നേക്ക് പതിനെട്ടു വർഷം തികയുന്നു അമ്മ ഞങ്ങളെ തനിച്ചാക്കിപ്പോയിട്ട്.. ആ ദിവസങ്ങളിൽ അച്ഛൻ ഒപ്പോളോട് പറഞ്ഞ വാക്കുകൾ ഞാൻ ശ്രവിച്ചിരുന്നു..അവസാനമായി അവളൊന്നെ എന്നോടാവശ്യപ്പെട്ടുള്ളു.. “നമ്മുടെ പൊന്നോമനയെ നന്നായി പഠിപ്പിക്കണം വായിപ്പിക്കണം, അമ്മയില്ലാത്ത കുറവുകൾ അവളെ തളർത്താതെ നോക്കണം.

“അച്ഛന്റെ ആ വാക്കുകൾ എന്റെ മനസ്സിനെ എന്നും തളരാതെ പിടിച്ചു നിർത്തി അമ്മയുടെ ആഗ്രഹം സഫലീകരിക്കാൻ. അമ്മ ആഗ്രഹിച്ചപോൽ ഞാൻ വായനയെ സ്നേഹിച്ചു തുടങ്ങി ഒപ്പം പഠിച്ചു നന്നായി തന്നെ..അമ്മയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാവാം പിന്നീടുള്ള നാളുകളിൽ എന്റെ ആത്മമിത്രം വായനയായത്.. വീട്ടിലേക്കു സാധനങ്ങൾ പൊതിഞ്ഞു കൊണ്ടുവന്നിരുന്ന ഓരോ തുണ്ടു കടലാസുകളിലെയും അക്ഷരങ്ങളെ പ്രണയിക്കാൻ അച്ഛനും എനിക്ക് കൂട്ട് നിന്നു എന്നിലെ കൊച്ചു കലാകാരിയെ സാഹിത്യ ലോകം നെഞ്ചിലേറ്റും വരെ..