രചന: മഞ്ജു ജയകൃഷ്ണൻ
“ചുള്ളികമ്പിൽ സാരീ ചുറ്റിയതായാലും മതി…. എനിക്കിനി ചായേം ജിലേബിയും കഴിക്കാൻ പറ്റില്ല “
മടുത്തു പണ്ടാരമടങ്ങി ഞാനതു പറയുമ്പോൾ എല്ലാവരും മുടിഞ്ഞ ചിരി ആയിരുന്നു
പെണ്ണുകാണലിനു “ചായയും ജിലേബിയും ” കോമ്പിനേഷൻ കണ്ടു പിടിച്ചവന്റെ പൂർവികരെ വരെ ഞാൻ മനസ്സിൽ തെറി വിളിച്ചു
കൊല്ലം ഇപ്പൊ അഞ്ചു കഴിഞ്ഞു ഞാനീ പരിപാടി തുടങ്ങിയിട്ട്….
വർഷത്തിൽ ലീവിന് വരുമ്പോൾ ഒക്കെ ‘ഇപ്പം കെട്ടണം ‘ എന്ന് വിചാരിക്കും എങ്കിലും ഒന്നും നടക്കാറില്ല എന്നതാണ് നേര്..
ഒന്നിലെങ്കിൽ ജാതകം വില്ലൻ ആയിരിക്കും… അല്ലെങ്കിൽ എന്റെ വീട്ടുകാർക്ക് പിടിക്കില്ല… എല്ലാം ഒത്തു വന്നാൽ പെണ്ണിന് എന്തെങ്കിലും ചുറ്റിക്കളി കാണും…
കല്യാണം ആലോചിക്കുന്ന പെൺകുട്ടികളുടെ കല്യാണം വേറെ ആരെങ്കിലുമായി പെട്ടെന്ന് നടക്കുന്നത് കൊണ്ട് അങ്ങനെയും ചിലർ എന്നെ സമീപിച്ചു….
“എടാ നിനക്ക് വല്ല ഇഷ്ടം ഉണ്ടേൽ ഇങ്ങു കൊണ്ടു പോര് “
എന്ന് അമ്മ പറഞ്ഞപ്പോൾ എന്റെ വായിൽ നല്ലതു വന്നു എന്നതാണ് നേര്
പണ്ട് ഈ അമ്മ തന്നെയാണ് ഞാൻ എന്തെങ്കിലും നാണക്കേട് ഉണ്ടാക്കിയാൽ ഉത്തരത്തിൽ തൂങ്ങും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയത്
അന്നാണ് അമ്മ ഇങ്ങനെ പറഞ്ഞത് എങ്കിൽ ഇവിടെ പെണ്പിള്ളേരുടെ പട ഞാൻ റെഡിയാക്കിയേനെ
അല്ലെങ്കിലും പോയ ബുദ്ധി ആന വന്നാലും റെഡിയാവൂല്ലല്ലോ
“ഈ ലോകത്തു ഇത്രേം പെണ്ണുങ്ങൾ ഉണ്ടായിട്ടും നമ്മൾ ആലോചിക്കുമ്പോൾ മരുന്നിനു പോലും ഒരെണ്ണം ഇല്ല” ഞാൻ ആത്‍മഗതം പറഞ്ഞു
അങ്ങനെ ആണ് മൂന്നാറു നിന്നും ഒരു ആലോചന വരുന്നത്…
“നല്ല ദൂരമുണ്ട് ” എന്ന് പറഞ്ഞു ആദ്യമേ പെങ്ങൾ ഉടക്കിടാൻ നോക്കി എങ്കിലും ഞാൻ അവളെ ആദ്യമേ പൂട്ടിക്കെട്ടി
“എടീ ഇടി വച്ചാലും അവൾ ചാടിക്കേറി വീട്ടിൽ പോവില്ല…. ” എന്ന് പറഞ്ഞപ്പോൾ അവൾ പിന്നെ ഒന്നും മിണ്ടിയില്ല
അങ്ങനെ പെണ്ണുകാണൽ പരിപാടി വൻപിച്ച പരിപാടിയായി….
ഒടുവിൽ “സംസാരിക്കണോ ” എന്ന് ചോദിച്ചപ്പോൾ ഞാൻ “വേണ്ട ” എന്ന് പറഞ്ഞു
ഈ അവസാനത്തെ ലാപ്പിൽ ആണ് പെണ്ണ് പ്രേമം പറഞ്ഞു ഊരുന്നത്..
പെണ്ണ് ഇങ്ങോട്ടു പറഞ്ഞു “എനിക്കൊന്നു സംസാരിക്കണം ” എന്ന്
“അതും തീരുമാനമായി ” ഞാൻ മനസ്സിൽ ഓർത്തു
“പ്രേമം ആണല്ലേ… ഞാൻ കുട്ടിയെ ഇഷ്ടമായില്ല എന്ന് പറയാം.. പോരെ “
“മാനസ മൈന” എന്റെ നെഞ്ചിൽ മുഴങ്ങികൊണ്ടേ ഇരുന്നു
“അതല്ല ചേട്ടാ….. എന്തു വന്നാലും ഈ കല്യാണത്തിൽ നിന്നും പിന്മാറരുത് “
ഞാൻ ഒന്നൂടെ ചെവികൂർപ്പിച്ചു… ഞാൻ കേട്ടത് സത്യമാണോ എന്ന് ഒന്നൂടെ ഉറപ്പിക്കാൻ ..
അവൾ പറഞ്ഞു തുടങ്ങി….
“എനിക്കൊരു പ്രേമം ഉണ്ടായിരുന്നു…. കുറേകാലം പുറകെ നടന്നപ്പോൾ തോന്നിയ ഒരിഷ്ടം….പിന്നീടാണ് അവൻ ഒരു അൽസൈക്കോ ആണെന്ന് എനിക്ക് മനസ്സിലായത്..
ആണ്പിള്ളേരോട് മിണ്ടാൻ പാടില്ല..നോക്കാൻ പാടില്ല….
കഷ്ടപ്പെട്ട് കിട്ടിയ ജോലിക്ക് പോകുന്നത് പോലും അവനു ഇഷ്ടമല്ല
ബസിൽ ആയിരുന്നു ജോലിക്ക് പോയിരുന്നത്…. അതിൽ പോകുന്ന അവന്റെ സുഹൃത്തുക്കളോട് എന്നെ നോക്കാൻ ഏല്പിക്കും….
” ഞാൻ ആരോടൊക്കെ സംസാരിക്കുന്നു “….”ഫോൺ വല്ലതും വരുന്നുണ്ടോ ” എന്നൊക്കെ അറിയാൻ..
ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് വരെ ഇടക്കിടക്ക് വിളിക്കും… ഞാൻ അവിടെ ഉണ്ട് എന്ന് ഉറപ്പിക്കാൻ.. “
ഒരുതരത്തിലും പൊരുത്തപ്പെടാൻ പറ്റിയില്ലാ…. അങ്ങനെ ഞാൻ അവനെ അവഗണിക്കാൻ തുടങ്ങി…
ഒടുവിൽ ഭീഷണിയായി… വരുന്ന ആലോചനകൾ മുഴുവൻ മുടക്കാൻ തുടങ്ങി…
ഇത് ദൂരേനിന്നുള്ള ആലോചന ആയത് കൊണ്ട് അവനു മുടക്കാൻ പറ്റാതെ ഇരുന്നത്… അല്ലെങ്കിൽ ഈ പെണ്ണുകാണൽ പോലും നടക്കില്ല. “…..അവൾ പറഞ്ഞു നിർത്തി
“അപ്പോൾ നല്ല പോസ്റ്റിൽ ആണ് ഞാൻ തല വെച്ചിരിക്കുന്നത് “….ഞാൻ വിചാരിച്ചു
ഇതേവരെ പെണ്ണ് ആലോചിച്ചു ഇടി കിട്ടിയിട്ടില്ല.. ഇവൾ എനിക്ക് അതും മേടിച്ചു തരും… ” ഞാൻ ഓർത്തു
പ്രതീക്ഷയോടെയുള്ള അവളുടെ നോട്ടം അവഗണിക്കാൻ എനിക്ക് തോന്നിയില്ല…
“ഞാൻ ഉണ്ടാകും “….. അങ്ങനെ പറഞ്ഞു ഞാൻ അവിടെനിന്നും ഇറങ്ങി..
പ്രതീക്ഷിച്ചപോലെ വീട്ടിൽ അവളുടെ പ്രേമകഥ എത്തി…..
അതോടെ വീട്ടുകാർക്കു ‘ഇതു വേണോ ‘ എന്ന ആലോചന ആയി….
അവരെ കാര്യമൊക്കെ പറഞ്ഞു മനസിലാക്കി ഞാൻ തത്കാലം പ്രശ്നം പരിഹരിച്ചു..
പിന്നെ…. എന്നോട് ഉപദേശം ആയി അകമ്പടിയായി പതിവ് ഡയലോഗും
“ഞാൻ കുറേ കൊണ്ടു നടന്നതാ…. “
“അവളുടെ പാസ്ററ് എനിക്ക് അറിയേണ്ട “….. എന്ന് പറഞ്ഞപ്പോൾ
ആ പരിപ്പ് ഈ വെള്ളത്തിൽ വേവില്ല എന്നവർക്കു മനസ്സിലായി..
പിന്നെ ഭീഷണിയായി……
“കല്യാണത്തിനു മുന്നേ എന്റെ കയ്യും കാലും അടിച്ചൊടിക്കും “
എന്നൊക്കെ കേട്ടപ്പോൾ ഉൾപ്പെടി വന്നെങ്കിലും ഞാൻ ധൈര്യം സംഭരിച്ചു അതിൽ ഉറച്ചു നിന്നു
കല്യാണദിവസം അലമ്പുണ്ടാക്കാൻ വന്നവനെ നോക്കി അവിടെ കൂടിയവരെ സാക്ഷിയാക്കി ഞാൻ തുടർന്നു ..
“ഇത് ഞാൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടി……
ആ നില്കുന്നവൻ ഇന്നത്തെ വിവാഹം മുടക്കാൻ വന്നവൻ ആണ്.. സ്വകാര്യത ആയിട്ട് കൂടി അവന്റെ ഭീഷണിയും പെരുമാറ്റവും ഒക്കെ എനിക്ക് പറയേണ്ടി വന്നു..
“മടിയിൽ കനമില്ലാത്തവർക്ക് പേടിക്കാനും ഒന്നും ഇല്ലല്ലോ “
ഒരിക്കൽ ഇവർ സ്നേഹത്തിൽ ആയിരുന്നു… പ്രണയം തടവറ ആയപ്പോൾ അവൾ തിരിഞ്ഞു നടന്നു…
ഒരുപരിചയം പോലുമില്ലാത്ത പെൺകുട്ടി എന്നെ സ്വീകരിക്കണം എന്ന് പെണ്ണുകാണൽ ദിവസം യാചിക്കുമ്പോൾ അവൾ എത്ര മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി….. പ്രണയമെന്നത് അവൾക്ക് സമ്മാനിച്ച മുറിവ് അത്രക്ക് വലുതായിരുന്നു.. . അഭിമാനത്തിനു മുറിവേറ്റപ്പോൾ തിരിഞ്ഞു നടന്നവളെ കുറച്ചു പേര് എങ്കിലും ‘തേപ്പുകാരി ‘ എന്ന് വിളിച്ചേക്കാം…പക്ഷെ എന്റെ മുന്നിൽ എല്ലാം തുറന്നു പറഞ്ഞു..അവൾ ചെയ്തതാണ് ശരി എന്നുള്ളവർക്ക് ഞങ്ങളെ ആശീർവദിക്കാം “
അവിടെ കൂടിയവർ കൈയടിച്ചു പ്രോത്സാഹിപ്പികുമ്പോൾ മറ്റു ചിലർ അവനു നേരെ നീങ്ങി..
അങ്ങനെ ഇത്തവണത്തെ എന്റെ വരവ് വെറുതെ ആയില്ല…
അടിയുടെ ഇടിയുടെ മറവിൽ കല്യാണം ഗംഭീരമായി നടന്നു (ക്ലൈമാക്സ് ഒന്ന് തിരുത്തി….. )