അടി കൊണ്ട കവിളിൽ കൈ വച്ച് തല ഉയർത്താതെ ഞാൻ മുറിയിലേക്ക് ഓടി. കിടക്കയിലേക്ക് വീഴുമ്പോൾ കണ്ണീര് കവിളിനെ നനച്ച് തുടങ്ങിയിരുന്നു..

രചന: അനു കല്യാണി

“ആരാടീ ഇവൻ”

അച്ഛൻ ഉയർത്തി പിടിച്ച ഫോണിൽ തെളിഞ്ഞുകാണുന്ന എന്റെയും വരുണിന്റെയും ഫോട്ടോ കണ്ടപ്പോൾ കണ്ണ് മിഴിച്ച് ഞാൻ ദയനീയമായി അച്ഛനെ നോക്കി.

“ചോദിച്ചത് കേട്ടില്ലേ…”

ശബ്ദം ഉയർന്നപ്പോൾ വിറച്ചകൊണ്ട് പിറകോട്ട് നീങ്ങി,അപരാധിയെ പോലെ തലകുനിച്ച് നിന്നു. അപ്പോഴേക്കും അമ്മയുടെ കൈപ്പത്തി എന്റെ കവിളിൽ പതിഞ്ഞു. പറയാതെ തന്നെ കാര്യം മനസ്സിലായി എന്ന് അച്ഛന്റെ മുഖത്ത് നിന്നും അമ്മയുടെ പ്രവർത്തിയിലൂടെയും അറിഞ്ഞു.

അടി കൊണ്ട കവിളിൽ കൈ വച്ച് തല ഉയർത്താതെ ഞാൻ മുറിയിലേക്ക് ഓടി.
കിടക്കയിലേക്ക് വീഴുമ്പോൾ കണ്ണീര് കവിളിനെ നനച്ച് തുടങ്ങിയിരുന്നു. മേശപ്പുറത്ത് നിന്ന് റിങ് ചെയ്യുന്ന ഫോൺ എടുക്കാൻ തുടങ്ങുമ്പോഴേക്കും അമ്മ കോൾ കട്ട് ചെയ്ത് ഫോണും എടുത്ത് പോയി.

എന്ത് ചെയ്യണം എന്നറിയാതെ മനസ്സ് കലങ്ങി മറിയുകയായിരുന്നു.

“ഇനി എന്താ നിന്റെ പ്ലാൻ…”

പിറ്റേന്ന് രാവിലെ തീൻ മേശയിൽ എല്ലാവരും മൂകമായി ഭക്ഷണം കഴിക്കുമ്പോഴാണ് അച്ഛനത് ചോദിച്ചത്. തലയുയർത്തി ഒന്ന് അമ്മയെ നോക്കി. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പ്ലേറ്റിൽ ശ്രദ്ധിക്കുകയാണ്.

“അത്… ഹയർ സ്റ്റഡീസ്…..” വിക്കിയും ഇടറിയും എങ്ങനെയൊക്കെയോ പറഞ്ഞു.

“എങ്കിൽ ഒരു കാര്യം ചെയ്യ്, ഇവിടെ പഠിക്കേണ്ട… നാട്ടിലേക്ക് പോയ്ക്കോ…അവിടെ മുത്തശ്ശി ഒറ്റയ്ക്ക് അല്ലേ…”

ഗൗരവം വിടാതെ അമ്മ അത് പറയുമ്പോൾ എന്റെ കണ്ണുകളിലെ നീർകണം ഞാൻ തടയാൻ ശ്രമിച്ചുകൊണ്ടിരുന്നു..

“ആഹ് അതാണ് നല്ലത്… അമ്മയ്ക്ക് ഒരു കൂട്ടും ആകും” മറുപടി ഒന്നും പറയാതെ ഞാൻ എഴുന്നേറ്റ് മുറിയിലേക്ക് പോയി.

എന്നെ ഇവിടെ നിന്നും പറഞ്ഞയക്കാനുള്ള തന്ത്രമാണ് ഇതെന്ന് നോവോടെ ഞാനറിഞ്ഞു. ബാംഗ്ലൂരിൽ ജനിച്ച് വളർന്ന വരുണിന് ഒരിക്കലും അവിടം വിടുന്നതിനെ കുറിച്ച് ചിന്തിക്കാനാവില്ലെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു.

അവസാനം വരുണിനെ എങ്ങനെയെങ്കിലും നേരിട്ട് കണ്ട് കാര്യം പറയാൻ തീരുമാനിച്ചു. പക്ഷേ എന്നെ പോലും ഞെട്ടിച്ച അവന്റെ വാക്കുകൾ എന്നെ ശരിക്കും വല്ലാതെ തളർത്തി.അവന്റെ കൂടെ കറങ്ങി നടക്കുന്ന പെൺകുട്ടികളിൽ ഒരാൾ മാത്രമായിരുന്നു ഞാൻ…

അച്ഛന്റെയും അമ്മയുടെയും ആഗ്രഹം പോലെ ഞാൻ മുത്തശ്ശിയുടെ അരികിൽ ചെന്നു. ഒരുതരത്തിൽ പറഞ്ഞാൽ ചിലതൊക്കെ മറക്കാൻ ഒരു മാറ്റം അനിവാര്യമായിരുന്നു. രണ്ടേക്കർ നീണ്ടു കിടക്കുന്ന പറമ്പിന്റെ ഒത്ത നടുവിൽ തലയെടുപ്പോടെ നിൽക്കുന്ന പഴയ തറവാട്.ആ വീട്ടിൽ മുത്തശ്ശി തനിച്ചായിരുന്നു താമസിച്ചിരുന്നത്. വീടിന് ചുറ്റും ഉയർന്ന് നിൽക്കുന്ന മരങ്ങൾ, പലപ്പോഴും അവിടെ ഇരുട്ട് നിറയ്ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ മുത്തശ്ശി സന്തോഷത്തോടെ അരികിൽ വന്നു. അച്ഛനും അമ്മയും തിരിച്ച് പോകുമ്പോൾ കൂടെ എന്റെ ഫോണും കൂടി കൊണ്ടുപോയി. ആവശ്യം ഉണ്ടെങ്കിൽ മുത്തശ്ശിയുടെ ഫോണിൽ വിളിക്കാനും പറഞ്ഞു. കടിഞ്ഞാണില്ലാതെ ഓടുന്ന മനസ്സ് എപ്പോഴെങ്കിലും മാറുമോ എന്ന ഭയം അവരിൽ ഉണ്ടായിരുന്നു.

രാത്രിയിൽ ആ വീടിന്റെ അകത്തും പുറത്തും കാട്ട്മുല്ലയുടെ വശ്യമായ ഗന്ധം നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു…. മരങ്ങളിൽ പറ്റിപ്പിടിച്ച് കയറുന്ന വള്ളിപ്പടർപ്പും രാത്രിയിൽ മൂങ്ങയുടെ പേടിപ്പിക്കുന്ന മൂളലും വല്ലാത്ത ഒരു പ്രതീതി ഉണ്ടാക്കി… അടുത്തെങ്ങും മറ്റൊരു വീട് ഇല്ല, നാലുപാടും മരങ്ങളും ചെടികളും മാത്രം.. കുറച്ചകലെ ആയീ വെളുത്ത പുകമയം കാണാനായിരുന്നു.

“അതെന്താ മുത്തശ്ശി അവിടെ….”

“മോള് ആ ഭാഗത്ത് പോകണ്ട… അവിടെ ശ്മശാനം ആണ്… ഇന്ന് ഒരു മരണം ഉണ്ടായിരുന്നു…..” മുത്തശ്ശിയുടെ വാക്കുകൾ ചെറുതായി ഭയം ഉണ്ടാക്കുന്നുണ്ടായിരുന്നു…

മുത്തശ്ശിയെ കെട്ടി പിടിച്ച് കണ്ണും തുറന്ന് കിടക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് ഒരു മണിക്കിലുക്കം കേട്ടത്.എഴുന്നേറ്റ് പോകാൻ തുടങ്ങുമ്പോഴാണ് കയ്യിൽ പിടി വീണത്.

“അങ്ങോട്ട് ചെല്ലേണ്ട… അത് മുത്തച്ഛൻ ആണ്…”

“മുത്തച്ഛനോ….?”

തികട്ടി വന്ന പേടി മറച്ച് വെച്ച് ഞാൻ മുത്തശ്ശിയെ നോക്കി… പതിയെ എന്റെ കണ്ണുകൾ ചുമരിൽ മാലയിട്ട് വച്ചിരുന്ന മുത്തച്ഛന്റെ ഫോട്ടോയിലേക്കും.

“പണ്ടും ഇങ്ങനെ ആയിരുന്നു… ഞാനും നിന്റെ മുത്തച്ഛനും ഭക്ഷണം കഴിക്കുമ്പോൾ എന്നും വഴക്കിടും, അവസാനം അദ്ദേഹം പിണങ്ങി പോകുംഞാനുറങ്ങി എന്ന് ഉറപ്പു വരുത്തി പതിയെ അടുക്കളയിൽ പോയി തിന്നും… എങ്ങാനും ഞാൻ കണ്ടാൽ അപ്പോൾ പിന്നിലെ ചായ്പ്പിൽ പോയി ഇരിക്കും”. ഭയം തോന്നി ഞാൻ മുത്തശ്ശിയുടെ കൈയിൽ അമർത്തി പിടിച്ചു.

“സത്യം ആണോ…”

ചിരിയോടെ എന്നോട് കൂടെ പോകാൻ പറഞ്ഞു. കോണിപ്പടികൾ ഇറങ്ങി അടുക്കളയിലേക്ക് ചെല്ലുമ്പോൾ കഴുത്തിൽ മണി കെട്ടിയ സുന്ദരനായ പൂച്ച തട്ടിയിൽ കയറി എന്തൊക്കെയോ തിന്നുന്നു. ഞങ്ങളുടെ സാന്നിധ്യം അറിഞ്ഞതും അത് മുത്തശ്ശി പറഞ്ഞത് പോലെ തന്നെ ചായ്പ്പിൽ പോയി കിടന്നു.അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല.അതൊക്കെ മുത്തശ്ശിയുടെ വെറും വിശ്വാസം മാത്രമാണെന്ന് മനസ്സിനെ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

പിന്നീട് ദിവസവും ആ മണികിലുക്കം കേൾക്കാമായിരുന്നു…. പതിയെ പതിയെ ആ ശബ്ദത്തോടുള്ള ഭയവും മാറിക്കൊണ്ടിരുന്നു..

ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വരുമ്പോഴാണ് ഒരു ചെറിയ കുട്ടി അരികിൽ വന്നത്.

“ചേച്ചി ആ പ്രാന്തി മുത്തശ്ശിയുടെ വീട്ടിൽ അല്ലേ താമസിക്കുന്നത്? നാളെ വരുമ്പോൾ എനിക്ക് ഒരു സീതപ്പഴം കൊണ്ടുവരാവോ… അവിടെ ഒരുപാട് ഉണ്ടല്ലോ അത്..”

“അതിനെന്താ കൊണ്ടുവരാമല്ലോ” പറഞ്ഞുകൊണ്ട് നടക്കുമ്പോഴും മനസ്സ് മുഴുവൻ ആ വാക്ക് ആയിരുന്നു.

“പ്രാന്തി മുത്തശ്ശി”

അന്ന് വീട്ടിലേക്ക് ചെല്ലുമ്പോൾ മുത്തശ്ശി പതിവിൽ കൂടുതൽ സന്തോഷത്തോടെ ഇരിക്കുന്നുണ്ടായിരുന്നു.. പതിവിന് വിപരീതമായി ഒരുപാട് സംസാരിക്കുകയും ചിരിക്കുകയും ചെയ്തു. മുത്തശ്ശിയുടെ വയറിൽ ചുറ്റി ഉറങ്ങുമ്പോൾ അന്ന് ആ മണിക്കിലുക്കത്തിന് കൂടുതൽ ശബ്ദം ഉള്ളതുപോലെ തോന്നി, ശബ്ദം അടുത്തേക്ക് അടുത്തേക്ക് വരുന്നുണ്ടായിരുന്നു…ഏറി വന്ന ഭയം കാരണം ചെവി രണ്ടും പൊത്തി മുത്തശ്ശിയെയും കെട്ടി പിടിച്ചു കിടന്നു.

രാവിലെ എഴുന്നേൽക്കുമ്പോൾ അന്ന് എനിക്ക് മുന്നേ മുത്തശ്ശി ഉണർന്നിരുന്നില്ല…തണുത്ത് മരവിച്ച മുഖത്ത് അപ്പോഴും അതേ ചിരി ഉണ്ടായിരുന്നു…മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ ചെയ്ത് തിരിച്ച് ബാഗ്ലൂരിലേക്ക് പോകാൻ തീരുമാനിച്ചു.

രാത്രിയിൽ മണിക്കിലുക്കം കേട്ട് ഞാൻ അടുക്കളയിലേക്ക് ചെന്നു…സുന്ദരൻ പൂച്ചയുടെ കൂടെ ഇന്ന് മറ്റൊരു പൂച്ചയും കുടി ഉണ്ടായിരുന്നു….എന്നെ കണ്ടിട്ടും അവ ഓടിയില്ല…അന്ന് എനിക്ക് അവിടെ നിൽക്കാൻ എന്തെന്നില്ലാത്ത ഒരു ധൈര്യം ഉണ്ടായിരുന്നു.

തിരിച്ച് പോകാൻ മനസ്സ് ഒട്ടും സമ്മതിക്കുന്നുണ്ടായിരുന്നില്ല…..മുറ്റത്ത് നിന്ന് കാർ നീങ്ങുമ്പോൾ പിറകിലെ ചായ്പ്പിലേക്ക് എത്തി നോക്കി…അവിടെ ഉണ്ടായിരുന്നു അവർ രണ്ടാളും….