ഉയരെ ~ രചന: മെർലിൻ ഫിലിപ്പ്
”ചേട്ടാ വരാപ്പുഴ വരെയൊന്ന് പോകണം ”
മുന്നിൽ കണ്ട ഓട്ടോറിക്ഷ ഡ്രൈവറോട് ആര്യ പറഞ്ഞു
”പോകില്ല മോളെ ഇന്നത്തെ ഓട്ടം നിർത്തി ഞാൻ വീട്ടിലേക്ക് പോകാ ”
”അയ്യോ ചേട്ടാ മീറ്ററിന്റെ ഇരട്ടിക്യാഷ് തരാം വേറെ നിവർത്തിയില്ലാഞ്ഞിട്ട ”
”പറ്റില്ല മോളെ ഞാൻ ക്ഷീണിച്ചിരിക്കാ കുറച്ചു മുൻപോട്ട് പോയാൽ ഒരു ജംഗ്ഷനുണ്ട് അവിടെ നിന്ന് കയറിക്കോ ”
ഓട്ടോക്കാരൻ വണ്ടിയെടുത്ത് മുൻപോട്ട് നീങ്ങി . ആര്യ ചെറിയൊരു ഭയത്തോടെ നെഞ്ചിൽ കൈവെച്ചു
”ഈശ്വര ഒരു വണ്ടി പോലും കാണാനില്ല .മര്യാദയ്ക്ക് ബാക്കി ജോലികൾ നാളെ ചെയ്താൽ മതിയായിരുന്നു ഒന്നും നാളത്തേക്ക് വെക്കാതെ ഇന്ന് തന്നെ ചെയ്ത് തീർക്കുന്ന സ്വഭാവം ഇപ്പൊ എനിക്ക് തന്നെ വിനയായി ”
നാലുവരി പാത റോഡിന്റെ ഇടത് വശത്ത് കൂടെ അവൾ മുൻപോട്ട് നീങ്ങി. ഇടയ്ക്ക് പോകുന്ന വാഹനങ്ങളുടെ വെട്ടം മാത്രമേ ആ റോഡിലുള്ളൂ . ജൂഡ് ആൻഡ് കമ്പനി എന്ന ഇലക്ട്രിക്കൽ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് ആര്യ
ജോലി തിരക്ക് കാരണം അവൾ ഓഫീസിൽ നിന്ന് ഇറങ്ങിയത് വൈകീട്ട് 8മണിക്ക്
ആ സമയമാകുമ്പോൾ ഓഫീസിലെ മാനേജർ ഒഴികെ ബാക്കിയെല്ലാവരും പോകും. മാനേജർ 10 മണിക്കാണ് പോകുക
”രണ്ടും കൽപ്പിച്ചു അടുത്ത ജംഗ്ഷൻ വരെ നടക്കുക തന്നെ ”
ആര്യ മുൻപോട്ട് നടന്നു . നടത്തത്തിനിടയിൽ ഇടയ്ക്ക് തിരിഞ്ഞു നോക്കും ഓട്ടോറിക്ഷയോ ബസ്സോ വരുന്നുണ്ടെങ്കിൽ കൈ കാണിക്കാൻ .
പെട്ടെന്നാണ് ഒരു ലോറി ആര്യയുടെ പുറകിലായി വന്നത് . അവൾ ശകലം കൂടി റോഡിന്റെ ഇടത് വശത്തേക്ക് നീങ്ങി.ലോറി ഹോണടിച്ചു കൊണ്ട് അവളുടെ പുറകിലായി തന്നെ നിന്നു. ആര്യ പതിയെ തിരിഞ്ഞു നോക്കിയതും ലോറി മുൻപോട്ട് നീങ്ങി അവളെ മെല്ലെ ഇടിച്ചിട്ടു. ഒരലർച്ചയോടെ ആര്യ നിലത്തേക്ക് വീണു
******************
ഫോണടിക്കുന്ന ശബ്ദം കേട്ട് ആര്യ ഞെട്ടിയെഴുന്നേറ്റു . അവൾ പുതപ്പ് മാറ്റി ചുറ്റും നോക്കിയ ശേഷം ഫോണെടുത്തു
”ഹലോ ”
”ആര്യ ദീപക് ആണ് ”
”ഹാ ദീപക് പറയു ”
”വേഗം റെഡിയായി വാ .എങ്ങനെയൊക്കെയോ അയാളെ കാണാനുള്ള പാസ്സ് ഒപ്പിച്ചിട്ടുണ്ട് ”
ആര്യ ചെറു ദേഷ്യത്തോടെ നെറ്റിയിലെ വിയർപ്പു തുടച്ചു
”നന്ദിയുണ്ട് ദീപക് .അവൻ നരകിക്കുന്നതിന് മുൻപ് കാണാൻ അവസരമൊരുക്കിയതിന് ”
”വേഗം റെഡിയായിക്കോ ഒരു പത്തുമിനിറ്റ് കൊണ്ട് ഞാനെവിടെയെത്തും ”
”ശരി ”
അവൾ ഫോൺ കട്ട് ചെയ്തു മുൻപിൽ കണ്ട ചുമരിലേക്ക് തുറിച്ചു നോക്കി
************************
പൂജപ്പുര സെൻട്രൽ ജയിലിന് മുൻപിലേക്ക് ദീപകിന്റെ കാറിൽ അവൾ വന്നെത്തി
”ദീപക് നീയിവിടെ ഇരുന്നാൽ മതി ,ഞാൻ പോയിട്ട് കണ്ടുവരാം ”
”നീ ഒറ്റയ്ക്ക് ”
”ഒറ്റയ്ക്ക് നേരിട്ട പ്രതിസന്ധികൾ വെച്ച് നോക്കുമ്പോൾ ഇതെല്ലം എന്ത് ”
അവൾ കാറിന്റെ ഡോർ തുറന്നിറങ്ങി മുന്നിൽ കണ്ട പോലീസുകാരന് നേരെ തന്റെ കയ്യിലുള്ള പേപ്പർ നീട്ടി
”വരൂ ”
പോലീസുകാരൻ സ്നേഹത്തോടെ അവളെ അകത്തേക്ക് വിളിച്ചുകൊണ്ട് പോയി
ആര്യ അയാൾക്കൊപ്പം നടന്നു
ജയിൽ വരാന്തയിലൂടെ നടക്കുമ്പോൾ ആര്യ പോലീസുകാരനോട് ചോദിച്ചു
”അയാൾക്ക് ഇവിടെ സുഖമായിരിക്കുമല്ലേ ”
”പിന്നെ ആഴ്ച്ചയിൽ മൂന്ന് ദിവസം ബിരിയാണി ,ഒരു ജോലിയും ചെയ്യണ്ട സുഖ ജീവിതം ”
”തോന്നി ”
”പക്ഷെ കൂടുതൽ കഠിനമായ പണികൾ ഞങ്ങൾ പോലീസുകാർ കൊടുത്തിട്ടുണ്ട്, പിന്നെ ജയിലിലെ പ്രതികളും .അയാളുടെ ജനനേന്ദ്രിയത്തിൽ തീപ്പെട്ടി കൊള്ളിവരെ കുത്തിക്കേറ്റിയിട്ടുണ്ട് ഇവിടെയുള്ള വിരുതന്മാർ ”
”ആദ്യമായാണ് ജയിൽ പുള്ളികളോട് ഒരു മതിപ്പ് തോന്നുന്നത് ഒപ്പം നിങ്ങൾ പോലീസുകാരോടും സംഭവം നടന്ന് രണ്ടാഴ്ച്ച കൊണ്ട് തന്നെ നിങ്ങൾ അയാളെ പിടിച്ചു ”
”ഉം സംഭവം നടന്ന് 3 വർഷം കഴിഞ്ഞിട്ടാ കോടതി അയാൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത് ”
പോലീസുകാരൻ അവളെയും കൊണ്ട് ജയിലിലെ വിസിറ്റേഴ്സ് റൂമിലെത്തി
”ഇരിക്കു അയാളെ ഇപ്പൊ വിളിക്കാം ”
”ഉം ”
ആര്യ അവിടെയുണ്ടായിരുന്ന പൊടിപിടിച്ച ബെഞ്ചിന് മുകളിരുന്നു രണ്ട് കൈവിരലുകളും അവൾ നെറ്റിയുടെ രണ്ട് വശത്തായി വെച്ചു
”ജീവിതത്തിൽ സന്തോഷിക്കാൻ വീണു കിട്ടിയ ചാൻസാണ് അത് നന്നായി തന്നെ ആസ്വദിക്കണം ”
പോലീസുകാരൻ ആര്യയുടെ അടുത്തേക്ക് വന്നെത്തി
”ആള് വന്നിട്ടുണ്ട് ”
തീക്ഷ്ണമായി ജ്വലിക്കുന്ന കണ്ണുകളോടെ ആര്യ ബെഞ്ചിൽ നിന്നെഴുന്നേറ്റു .
ഇരുമ്പ് കമ്പിയിൽ തീർത്ത മറയിലൂടെ അവൾ നോക്കി
വെള്ള ഷർട്ടും പാന്റും ധരിച്ചു കട്ടത്താടിയും ചീകിയൊതുക്കാത്ത മുടിയുമായി ഒരാൾ മറുവശത്ത് വന്നെത്തി
ആര്യ അയാളെ തുറിച്ചു നോക്കി. ആര്യയെ കണ്ടതും അയാളുടെ കണ്ണുകൾ ചുവന്നു. ഒരുനിമിഷം ഒരിക്കലും ഓർക്കാനാഗ്രഹിക്കാത്ത ആ പഴയ ഓർമയിലേക്ക് അവൾ പോയി
***********************
ലോറി തട്ടിയതും ആര്യ നിലത്ത് വീണു. നട്ടെല്ലും കാലും വേദനിക്കാൻ തുടങ്ങി, കാലനക്കാൻ പറ്റാത്ത അവസ്ഥയായി. ലോറിയിൽ നിന്ന് ഡ്രൈവറും ക്ലീനറും ചാടിയിറങ്ങി
ഡ്രൈവർ ആര്യയുടെ കാൽപിടിച്ചു വലിച്ചു പുറകോട്ടാക്കി. മുൻപിൽ നിന്നും പുറകിൽ നിന്നും വരുന്ന വാഹനങ്ങൾ ലോറിയുടെ മറകാരണം ആര്യയെ കാണാൻ പറ്റാത്ത രീതിയിലിട്ടു
”ആരാ .. എന്നെ ഉപദ്രവിക്കരുത് ”
ആര്യ തൊഴുതുകൊണ്ട് അവരോട് അപേക്ഷിച്ചു. ഡ്രൈവർ വികാരഭാവത്തോടെ അവളെ നോക്കി. ബലം പ്രയോഗിച്ചു കൊണ്ട് ആര്യയെ ലോറിയുടെ അടിയിലേക്ക് വലിച്ചു നീക്കി എഴുന്നേറ്റോടാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അവൾ
ലോറിക്കടിയിലെ നടുഭാഗത്തായി അയാൾ ആര്യയെ ചവിട്ടിയും തള്ളിയുമെത്തിച്ചു. എന്നിട്ട് തന്റെ കാക്കി ഷർട്ടും മുഷിഞ്ഞ പാന്റുമഴിച്ചു ലോറിക്കടിയിലേക്ക് വന്നു
ആര്യയുടെ ദേഹത്തിന് മുകളിലായി കിടന്നു. വലതുകൈ അവളുടെ വായിൽ വെച്ചമർത്തി കൊണ്ട് അയാൾ തന്റെ വികൃതികൾ തുടങ്ങി. ചുരിദാർ കടിച്ചു വലിച്ചു കീറി. കാലുകളിൽ അമർത്തി ചവിട്ടി
ലോറി ഓഫാക്കാത്തതിനാൽ ആ ശബ്ദം കാരണം ആര്യയുടെ കരച്ചിൽ ആരും കേട്ടില്ല
പാൻമസാലയുടെ രൂക്ഷഗന്ധമുള്ള അയാളുടെ ചുണ്ടുകൾ അവളുടെ ശരീരം മൊത്തം ഒപ്പിയെടുത്തു. തന്റെ ശരീരം കണ്ട് ഇഷ്ടപെട്ട ദയ പോലും അയാൾ കാണിച്ചില്ല. ദേഹത്ത് നിന്ന് മാറാതെ പരാക്രമത്തോടെ അയാൾ തന്റെ ജോലി തുടർന്നു
വേദന കൂടിയപ്പോൾ പെട്ടെന്ന് ചത്തുപോയിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു
കണ്ണടച്ചു പിടിച്ചു കരഞ്ഞു വേദന കടിച്ചമർത്തി
കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ഒരു നെടുവീർപ്പിട്ടു കൊണ്ട് തന്റെ ശരീരത്തിന് മുകളിൽ നിന്ന് മാറി
പാതിയടഞ്ഞ കണ്ണുകളിൽ നിന്ന് കണ്ണീർ വന്നുകൊണ്ടിരുന്നു. അടുത്തത് ക്ലീനറുടെ ഊഴമായിരുന്നു. 16 വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ
അവൻ പതിയെ സ്നേഹിച്ചു തുടങ്ങി അവസാനം അക്രമമാരംഭിച്ചു. അതും കൂടി താങ്ങാനുള്ള ശേഷി ആര്യയ്ക്കില്ലായിരുന്നു.അവളുടെ ബോധം നഷ്ടപ്പെട്ടു
അൽപസമയം കഴിഞ്ഞപ്പോൾ പയ്യൻ കിതച്ചുകൊണ്ട് അവളുടെ ശരീരത്തിൽ നിന്ന് മാറി രണ്ട് പേരും ലോറിയിൽ കയറി പെട്ടെന്ന് തന്നെ സ്ഥലം വിട്ടു .പോകുന്നതിന് മുൻപ് റോഡിന് സമീപത്തുണ്ടായ കീറിയ മാലിന്യ ചാക്ക് അവൻ ആര്യയുടെ ദേഹത്തിട്ടിരുന്നു
ലോറി പോയതും തെരുവ് നായകൾ അലഞ്ഞു തിരിഞ്ഞു അവളുടെ സമീപത്തെത്തി. നക്കി തുടച്ച ശേഷം കൂട്ടത്തിൽ വമ്പനായ പട്ടി അവളുടെ മാറിൽ കടിച്ചു
************************
”നോ ”
തലയിൽ കൈവെച്ച ശേഷം ആര്യ അലറി. അയാൾ ഞെട്ടലോടെ ആര്യയെ നോക്കി
ജ്വലിച്ച കണ്ണുകളുമായി ആര്യ അയാളുടെ തൊട്ടടുത്തെത്തി . അയാൾ തലതാഴ്ത്തി നിന്നു
”എന്റെ ശരീരം പിച്ചിച്ചീന്തി അവിടെയുള്ള തെരുവ് നായകൾക്ക് എറിഞ്ഞു കൊടുത്ത് മുങ്ങിയാൽ പിടിക്കപെടില്ലെന്ന് കരുതിയല്ലേ ”
അയാളൊന്നും മിണ്ടിയില്ല
”പുറകെ വന്ന മറ്റൊരു ലോറിക്കാരൻ എന്നെ ഹോസ്പിറ്റലിലെത്തിച്ചു .പിന്നീട് ഒരുമാസം ഞാൻ അനുഭവിച്ച വേദന . 3മാസം സമനില തെറ്റി ഭ്രാന്തിയായി മാറിയ അവസ്ഥ , പത്രങ്ങളിലും ചാനലുകളിലും എന്നെ പിച്ചിച്ചീന്തിയ വാർത്തകൾ മാത്രം ,എന്റെ ഫോട്ടോയും വെച്ച് ഇരയ്‌ക്കൊപ്പം എന്ന ഹാഷ്‌ടാഗും കൊടുത്ത് സോഷ്യൽ മീഡിയയും .
പക്ഷെ ദൈവം എന്നെ കൈവിട്ടില്ല .ഇത്രയും ക്രൂരമായി പരിക്ക് പറ്റിയിട്ടും മുഴുഭ്രാന്തിയായിട്ടും ഞാൻ തിരിച്ചു വന്നു .എന്തിനാണെന്നറിയാമോ മരണം വരെ നീ നശിക്കുന്നത് കാണാനും ജീവിതാവസാനം വരെ എനിക്ക് ഉയരാനും ”
അയാൾ പതിയെ തലപൊക്കി കലങ്ങിയ കണ്ണുകളോടെ അവളെ നോക്കി
”എങ്ങനെയൊക്കെ ചെയ്തിട്ട് തനിക്ക് എന്ത് കിട്ടി. തന്റെ ജീവിതം നശിച്ചില്ലേ പടുകിളവനാകും വരെ ജയിലിൽ കിടക്കേണ്ടി വന്നില്ലേ .വധശിക്ഷയായിരുന്നു ഞാൻ പ്രതീക്ഷിച്ചത് പക്ഷെ ഞാൻ മരിക്കാത്തത് കൊണ്ട് അത് ഇരട്ട ജീവപര്യന്തമായി ഒതുങ്ങി. ഇനി നീ വയസ്സനായി ജയിലിൽ നിന്നിറങ്ങിയാലും എന്റെ പക തീരില്ല കൊല്ലും ഞാൻ ”
അയാളുടെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി
”കരയുന്നോ . ഈ കരച്ചിൽ ഒരു ദൈവവും കേൾക്കില്ല . നിനക്ക് ജീവിതകാലം വരെ നരകിക്കാന വിധി ഞാൻ പുറത്ത് സന്തോഷത്തോടെ ജീവിക്കും . ഐഡിയ സിം കമ്പനിയുടെ ചീഫ് അക്കൗണ്ടന്റാണ് ഞാനിപ്പോൾ നല്ല ആലോചനകൾ വരുന്നുമുണ്ട്. എല്ലാം നഷ്ടപ്പെട്ടു എന്ന് തുടങ്ങുന്നിടത്ത് നിന്നാണ് ധീരയായ ഒരു സ്ത്രീയും ജനിക്കുന്നത് ”
അയാൾ പൊട്ടിക്കരയാൻ തുടങ്ങി
”തന്റെ ക്ലീനറുടെ അവസ്ഥയെന്തായി. പ്രായപൂർത്തിയാകാത്തത് കൊണ്ട് കോടതി അവനെ വെറുതെ വിട്ടു പിന്നീട് എന്തുണ്ടായി വീട്ടുകാരും നാട്ടുകാരും ഒറ്റപെടുത്തിയില്ലേ ആരെങ്കിലും അവനെ സഹായിച്ചോ ഒരു ജോലി കൊടുത്തോ എന്നിട്ട് മനംനൊന്ത് ആത്മഹത്യ ചെയ്തു ”
അയാൾ പൊട്ടിക്കരഞ്ഞു കൊണ്ട് ആര്യയ്ക്ക് നേരെ കൈകൂപ്പി
”പൊറുക്കില്ല ഞാൻ .അനുഭവിക്ക് ജീവിതാവസാനം വരെ . ഒരു നിമിഷത്തിന്റെ വികാരം തീർക്കാൻ പാഞ്ഞു വരുന്ന നിന്നെ പോലുള്ള മറ്റ് കഴുകന്മാർക്ക് ഇതൊരു പാഠമാകട്ടെ ”
അയാൾ ഇരുമ്പ് കമ്പിയിൽ നെറ്റിവെച്ച് കരഞ്ഞുകൊണ്ടിരുന്നു
ആര്യ അയാളെ പുച്ഛത്തോടെ നോക്കി എന്നിട്ട് തിരിഞ്ഞു നടന്നു
ജീവിതത്തിൽ താഴ്ച്ചകളും ഉയർച്ചകളുമുണ്ട്. താഴ്ച്ചയുടെ വില നോക്കി ദുഖിച്ചാൽ അതിനെ നേരം കാണും മറിച്ച് താഴ്ച്ചയിൽ നിന്ന് എങ്ങനെ ഉയരാനാകും എന്ന് ചിന്തിച്ചാൽ നമ്മൾ ഉയരും ആകാശത്തോളം…
ശുഭം