അവൾ ~ രചന: സൗമ്യ ദിലീപ്
””ശിവാ ” അഭിലാഷിൻ്റെ വിളി കേട്ട് മുഖം മറച്ച തട്ടം പതിയെ മാറ്റി ശിവന്യ അവനെ നോക്കി. ” ഒറ്റക്കിരുന്നു ബോറടിച്ചോ താൻ, എനിക്ക് കുറച്ചു തിരക്കായിപ്പോയി അതാണ്.”
“സാരമില്ല അഭീ, എനിക്ക് മനസ്സിലാവും. “
” ഉം. എന്നാ ശരി, താൻ കിടന്നോളൂ, ഞാൻ താഴെ കാണും.” യാത്ര പറഞ്ഞിറങ്ങിയ ശേഷം എന്തോ ഓർത്തെന്നപോലെ അഭിലാഷ് തിരിച്ചു വന്നു . ചരിഞ്ഞു കിടക്കുന്ന ശിവയുടെ കാലിലെ മുറിവിൽ തലോടി. അവൻ്റെ സാമീപ്യം അറിഞ്ഞ ശിവ പെട്ടന്ന് പിടഞ്ഞെണീറ്റു.
“സോറി, ഞാൻ മുറിവ് നോക്കാൻ വന്നതാ. വേദനയുണ്ടോ ഇപ്പോൾ?”
“കുറവുണ്ട്, അഭിയ്ക്ക് ബുദ്ധിമുട്ടായി ലേ “
“എനിക്കെന്ത് ബുദ്ധിമുട്ട്? നാളെ ഉച്ചക്ക് മുൻപ് ഇവിടന്ന് പോണം. വേറെ ഒരു സ്ഥലം കണ്ടു വച്ചിട്ടുണ്ട്. തൽകാലം താൻ അവിടെ താമസിക്കൂ. നാളെ അച്ഛനും അമ്മയും തിരിച്ചു വരും. അതിനു മുൻപ് നമുക്കു പോണം. ഞാൻ എന്നും വന്നന്വേഷിച്ചോളാം.”
“ശരി അഭി, താൻ എനിക്കൊരു ജോലി ശരിയാക്കിത്തന്നാൽ മതി. “
“അതിനെക്കുറിച്ചൊക്കെ പിന്നീടു സംസാരിക്കാം. ഇപ്പോൾ വിശ്രമിക്കൂ. ഒരു പാട് ഓടിത്തളർന്നതല്ലേ. ശരി എന്നാൽ ” അഭിലാഷ് പോയെന്നുറപ്പാക്കിയ ശേഷം ശിവ പതിയെ എണീറ്റ് വാതിൽ ചേർത്തടച്ചു. കാലിന് നല്ല വേദനയുണ്ട്. ശരിക്ക് നടക്കാൻ പോലും പറ്റുന്നില്ല. കട്ടിലിൽ വന്നു കിടന്നതേ ഓർമയുണ്ടായിരുന്നുള്ളു.പിന്നെ എണിക്കുന്നത് രാവിലെ അഭിവന്നു വിളിക്കുമ്പോഴാണ്.
“എങ്ങനെയുണ്ടായിരുന്നെടോ ഉറക്കം ഒക്കെ “
“ഒരു പാട് നാളായി ഞാൻ ഇതു പോലെ ഉറങ്ങീട്ട്. “
“എങ്കിൽ വേഗം റെഡിയായി വാ. ഭക്ഷണം കഴിച്ച് നമുക്കിറങ്ങാം.” ഉം ശരി അഭി, ഞാനിപ്പൊ വരാം. പെട്ടന്ന് തന്നെ കുളിക്കാൻ കയറി. വെള്ളം വീണപ്പോൾ കാലിലെ മുറിവ് നീറുന്നുണ്ടായിരുന്നു. അതിനേക്കാൾ നീറിയത് മനസ്സിലെ മുറിവുകളാണ്. ഇനിയെന്ത് എന്ന ഒരു ചോദ്യം മാത്രം ഉത്തരമില്ലാതെ അവശേഷിക്കുന്നു. കുളി കഴിഞ്ഞ് തല തുവർത്തുമ്പോഴാണ് മുറിയിലെ നിലക്കണ്ണാടിയിൽ സ്വന്തം പ്രതിബിംബം നോക്കിയത്. പാതിയും പൊള്ളിയടർന്ന മുഖം നോക്കി അവൾ നെടുവീർപ്പിട്ടു. ഒപ്പം രണ്ടു തുള്ളി കണ്ണീർ പൊള്ളലിനു മേലെ അരിച്ചിറങ്ങി. കൂടുതൽ ആലോചിക്കാൻ നിൽക്കാതെ ഒരു ഷാളെടുത്ത് തലയിലിട്ട് അവൾ അഭിലാഷിനടുത്തേക്ക് നീങ്ങി.
” ആ വന്നോ, ചായ കുടിക്ക്.” പാത്രത്തിൽ ആവി പറക്കുന്ന പുട്ടും കടലക്കറിയും റെഡിയായിരുന്നു.
“അഭിയാണോ ഇതെല്ലാം ഉണ്ടാക്കീത്” “അതെ എന്തേ “
“ഒന്നുല്യ വെറുതെ ചോദിച്ചെന്നേയുള്ളു. ” അഭി മനോഹരമായി പുഞ്ചിരിച്ചു. വേഗം കഴിച്ചെഴുന്നേറ്റ് ഞങ്ങൾ പോകാനായി ഇറങ്ങി. ഷാൾ കൊണ്ട് മുഖം പാതി മറച്ചിരുന്നു. കാറിൻ്റെ ഫ്രൻ്റ് ഡോർ തുറന്ന് അഭി ക്ഷണിച്ചു. ലേശം ചമ്മലോടെയാണെങ്കിലും മുൻ സീറ്റിൽ കയറിയിരുന്നു.നേരം വെളുത്തു വരുന്നേ ഉണ്ടായിരുന്നുള്ളു. കിഴക്ക് ഉദയസൂര്യൻ്റെ പൊൻകിരണങ്ങൾ. വിടവാങ്ങാൻ നിൽക്കുന്ന അസ്തമയ ചന്ദ്രൻ്റെ പൊട്ടും കാണാം. ആകാശത്തിലൂടെ നിരയായി പറക്കുന്ന പറവകൾ. മഞ്ഞുതുള്ളിയെ പുണർന്നു കണ്ണു മിഴിക്കാൻ മടിക്കുന്ന പൂക്കൾ. എല്ലാം കണ്ട് ആസ്വദിച്ചായിരുന്നു ഞാൻ ഇരുന്നത്. ഇത് പോലെ ഒരു യാത്ര പോയിട്ട് കാലം കുറച്ചായിരിക്കുന്നു. കാർ മെയിൻ റോഡ് കടന്ന് ഒരു പാടത്തിനു നടുവിലൂടെയുള്ള റോഡിലെത്തി. ചുറ്റും പച്ച പട്ടു ചുറ്റി നിൽക്കുന്ന ഞാറുകൾ. തൊട്ടടുത്ത് ഒരു ബണ്ട് അവിടെ നിന്നും പാടത്തേക്ക് വെള്ളം ഒഴുക്കുന്നു. നെൽപ്പാടങ്ങൾക്കപ്പുറം വിശാലമായ തെങ്ങിൻ തോപ്പുകൾ. അതിൽ പണിയെടുക്കുന്ന പരിഷ്കാരം തീണ്ടാത്ത മനുഷ്യർ. കുറച്ചു സമയത്തേക്ക് ഞാൻ എന്നെത്തന്നെ മറന്നു. അത്രയ്ക്ക് ആ യാത്ര ഞാൻ ആസ്വദിച്ചിരുന്നു. പാടവും പറമ്പുമെല്ലാം പിന്നിട്ട് ആ യാത്ര അവസാനിച്ചത് വിശാലമായ ഒരു പറമ്പിൻ്റെ നടുവിലുള്ള ഓടിട്ട വീട്ടിലാണ്. മുറ്റത്ത് നിറയെ പൂച്ചെടികൾ. കാശിത്തുമ്പയും നന്ദ്യാർവട്ടവും മന്ദാരവുമെല്ലാം കണ്ണിന് കുളിർമയൊരുക്കി പൂത്തു നിൽക്കുന്നു. മുറ്റത്ത് ഒരു തുളസിത്തറയുണ്ട്. ഉമ്മറത്ത് ഒരു അരമതിലുണ്ട്. ചെറുതാണെങ്കിലും വൃത്തിയുള്ള ചുറ്റുപാട്. എനിക്കാ വീട് വളരെയേറെ ഇഷ്ടപ്പെട്ടു.
” വീട് ഇഷ്ടായോ ശിവ “
“പിന്നെ ഒത്തിരി ഇഷ്ടായി, താങ്ക്സ് അഭീ”
” ഉം, വാ ഇനിയും കാണാനുണ്ട് ഏറെ.”
വാതിൽ തുറന്ന് അഭിനയന്നെ നേരെ കൂട്ടിക്കൊണ്ടു പോയത് പുറകു വശത്തേക്കാണ്. അവിടെ ഒരു തോട് ഒഴുകുന്നു. ചുറ്റും വിശാലമായ പാടമാണ്. ആകെ മനസിനു കുളിർമയേകുന്ന ഇടം. കുറച്ചു സമയം സ്വയം മറന്ന് നിന്നു പോയി. പിന്നിൽ നിന്ന് അഭിലാഷിൻ്റെ വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്..
” സ്വപ്നമൊക്കെ പിന്നെ കാണാം. എനിക്ക് പോണം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാ മതി. ഞാൻ നാളെ വരാം. അപ്പൊ ശരി. അച്ഛനും അമ്മയും എത്തുന്നേനു മുന്നേ വീട്ടിലെത്തണം. പോട്ടെ”
“ഉം .അഭീ, ഇതാരുടെ വീടാ”
“ഞങ്ങളുടേത് തന്നെയാണ്. ടൗണിലേക്ക് താമസം മാറിയപ്പോൾ ഇവിടെ ഒഴിഞ്ഞു കിടക്കായിരുന്നു. ആരെങ്കിലും ചോദിച്ചാൽ എൻ്റെ ബന്ധുവാണെന്ന് പറഞ്ഞാൽ മതി.”
“ശരി ഞാൻ നാളെ വരാം”
അഭി യാത്ര പറഞ്ഞിറങ്ങിയ ശേഷം ആ ഇളം തിണ്ണയിൽ കുറച്ചു നേരം ഇരുന്നു. തലേ രാത്രിയിലെ സംഭവങ്ങളിലേക്ക് ഊളിയിട്ടു…
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…..