അരുണിമ ~ രചന: Uma S Narayanan
അല്ല ഇതെന്ത് പറ്റി രഘുവേട്ടൻ ഇതുവരെ ഉണർന്നില്ലേ
രാവിലെത്തെ ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കിക്കഴിഞ്ഞിട്ടും രഘു എണീറ്റു കണ്ടില്ല സാധാരണ രാവിലെ രഘു കൂടെ എല്ലാത്തിനും കൂടും.
നന്ദ ബെഡ്‌റൂമിൽ വന്നു നോക്കുമ്പോൾ തീർത്ഥക്കുട്ടിയേയും കെട്ടിപിടിച്ചു രഘു നല്ല ഉറക്കമാണ്.
“ഏട്ടാ ഇന്നെന്താ പോകുന്നില്ലേ സമയം എത്ര ആയിന്ന വിചാരം “
“നന്ദ രഘുവിനെ കുലുക്കി വിളിച്ചു. “
“ആ ഇന്ന് ഞാൻ പോണില്ല എന്തോ ഒരു സുഖമില്ല. ലീവ് വിളിച്ചു പറഞ്ഞു “
“അതെന്താ. “
“ഒന്നുമില്ല “
“അല്ല എന്തോ ഉണ്ട് മുഖമാകെ ഒരു വാട്ടം ഉണ്ടല്ലോ എന്നോട് പറ. “
രഘു മോളെ ഉണർത്താതെ പതുക്കെ എണിറ്റു ചാരിയിരുന്നു . എന്നിട്ട് ഫോൺ എടുത്തു നന്ദക്ക് കാണിച്ചു കൊടുത്തു
ഫോണിൽ അരുണിമ എന്ന പേര് കണ്ടതും അതിശയം തോന്നി നന്ദക്ക്
“രഘുവേട്ട അവൾ വിളിച്ചല്ലേ എന്ത് പറഞ്ഞു “
“വിളിച്ചു എന്നെ ഒന്ന് കാണണം .അത്യാവശ്യം ആണ് പോലും വരാതെ ഇരിക്കരുത് എന്ന് വഞ്ചകിയാണവൾ ജീവനെ പോലെ സ്‌നേഹിച്ചു ചതിച്ചവൾ “
“രഘുവേട്ടൻ പോണുണ്ടോ “
“പോണം കൂടെ നീയും വരണം രണ്ടു പറയണം അവളോട് അവളുടെ ഭർത്താവ് ഇവിടെ അമലയിൽ അഡ്മിറ്റ് ആയി ഉണ്ടെന്നു അങ്ങോട്ട് ചെല്ലാൻ “
“ഞാൻ എന്തിനാ നിങ്ങളുടെ ഇടയിൽ “
“നീ ആണ് എന്റെ ഭാര്യാ നിന്നെ ഒളിക്കുന്ന ഒരു കാര്യവും ഇല്ല എന്റെ ജീവിതത്തിൽ. “
“രഘുവേട്ടൻ എണീക്ക് ഞാൻ ചായ എടുത്ത് കൊണ്ടു വരാം “
രഘുവിന്റ മനസിൽ അരുണിമയുടെ മുഖം തെളിഞ്ഞു വന്നു. അവൾ ഒരിക്കൽ തന്റെ ജീവനായിരുന്നവൾ എട്ടു വർഷം ജീവനായി പ്രണയിച്ചു ഒരു സുപ്രഭാതത്തിൽ തന്നെ ഉപേക്ഷിച്ചു പോയി… എങ്ങനെ കഴിഞ്ഞു അവൾക്കു.
എത്ര എത്ര തവണ സായംസന്ധ്യകളിൽ കടപ്പുറത്തു തന്റെ തോളിൽ തല ചായ്ച്ചു അടിച്ചു കയറുന്ന തിരകൾ എണ്ണി അവൾ ഇരുന്നിരുന്നു ഒക്കേ ഓർമ്മകൾ.
അന്ന് കാലിക്കറ്റ് ബ്രാഞ്ചിൽ ജോലി ചെയുന്ന സമയം ഒരിക്കൽ ബാങ്കിലെ തിരക്കിൽ അസിസ്റ്റന്റ് മാനേജർ ക്യാബിനോലേക്ക് വിളിച്ചു .
“”രഘു പുതിയ ഒരു കുട്ടി പോസ്റ്റ് ആയി എത്തീട്ടുണ്ട് അവർ ആദ്യമായി ബാങ്കിൽ ജോയിൻ ചെയ്യുകയാണ് എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം “”
അങ്ങനെ ആണ് അരുണിമയെ ആദ്യമായ് കണ്ടത് താൻ ജോലി ചെയുന്ന ബാങ്കിൽ പുതിയതായി വന്ന സ്റ്റാഫ് എന്ന രീതിയിൽ..
അന്ന് ബാങ്കിൽ വന്നപ്പോൾ അവൾ ജോയിൻ ചെയ്തിരിക്കുന്നു. സർ വിളിയോടെ തുടങ്ങിയ പരിചയം പിന്നെ രഘുവേട്ട വിളിയിൽ എത്തി എന്തു സംശയം ഉണ്ടെങ്കിലും ചോദിച്ചു വരും ക്രമേണ അതൊരു പ്രണയമായി ഒന്നിച്ചുള്ള പോക്കുവരവ് അവൾ ഹോസ്റ്റലിലായിരുന്നു താമസം. ബാങ്ക് വിട്ട ബീച്ചിൽ പോയി കറങ്ങി അവളെ ഹോസ്റ്റലിൽ ട്രോപ് ചെയ്യും വീണ്ടും രാവിലെ ഒന്നിച്ചു ബാങ്കിലേക്ക്. പ്രണയശലഭങ്ങളായ് പാറിപ്പറന്ന ദിനങ്ങൾ..
തനിക്കു വീട്ടിൽ അമ്മ മാത്രം ഉണ്ടായിരുന്നുള്ളു ആകെ ഉള്ള പെങ്ങൾ കുടുംബസമേതം ഗൾഫിലും അമ്മയോട് അവളെ പറ്റി പറഞ്ഞു അമ്മക്ക് അവളെ വിവാഹം കഴിക്കാൻ സമ്മതമായിരുന്നു അപ്പോളൊക്കെ അവൾ പറഞ്ഞു ചേച്ചി ഉണ്ട് അവളുടെ വിവാഹം കഴിഞ്ഞു വീട്ടിൽ പറയാമെന്നു.
തൃശ്ശൂർ ആയിരുന്നു അവളുടെ വീട് ഒരിക്കൽ വീട്ടിലേക് എന്നുപറഞ്ഞു പോയ അവൾ പിന്നെ മടങ്ങി വന്നില്ല ഇന്നിപ്പോൾ വർഷം നാല് കഴിഞ്ഞു അവൾ പോയിട്ട്.
പിന്നൊരിക്കൽ അവൾ ബാങ്കിലെ ജോലി രാജിവച്ചു എന്നറിഞ്ഞു പിന്നീട്.. അവളുടെ ഫോണിൽ വിളിച്ചപ്പോൾ അവളുടെ വിവാഹമാണ്. ദുബായിൽ ജോലിയുള്ള വരൻ ആണെന്ന് വീട്ടുകാർ പറയുന്നത് കേൾക്കാൻ പറ്റു ഇനി വിളിക്കരുത് എന്നും പറഞ്ഞു.
പണക്കാരനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ മഞ്ഞളിച്ചു പോയിരിക്കുന്നു..
തകർന്നു പോയ ദിവസങ്ങൾ..
അമ്മ കണ്ടു പിടിച്ച നാട്ടിൻ പുറത്തുള്ള കുട്ടിയായിരുന്നു നന്ദ എല്ലാം അവളോട് തുറന്നു പറഞ്ഞു തന്നെ ആണ് കല്യാണം കഴിച്ചതും അവളിലൂടെ പുതിയ ജീവിതം ആരംഭിച്ചു എല്ലാ ഓർമ്മകളിൽ നിന്നും എങ്ങനെയോ കരകയറി. ഇപ്പോൾ നന്ദയും തീർത്ഥകുട്ടിയും മാത്രമാണ് തന്റെ ലോകം.
ഇപ്പോൾ കാണണം പോലും കെട്ട്യോനെയും കൊണ്ട് വന്നിട്ടുണ്ട് അമലയിൽ എന്നു അവളുടെ കെട്ട്യോൻ ക്യാൻസർ ആയി കിടക്കുന്നു അങ്ങനെ ആണ് വിളിച്ചപ്പോ പറഞ്ഞത് തന്നെ ഉപേക്ഷിച്ചു പോയതിന് ദൈവം കൊടുത്തത് ആകും അവൻ മനസിൽ പറഞ്ഞു
തീർച്ചയായും കാണണം വന്നേ ഒക്കുള്ളു എന്നും അതെ തനിക്കും കാണണം പകയോടെ ചോദിക്കണം ചിലത്… കൂട്ടത്തിൽ തന്റെ സ്‌നേഹനിധിയായ നന്ദയെ കാണിച്ചു കൊടുക്കണം..
അന്ന് തന്നെ നന്ദയെയും കൂട്ടി രഘു അമലയിൽ എത്തി സങ്കടം വരുത്തുന്ന കരളുരുക്കുന്ന കാഴ്ച്ചകൾ..കാണുമ്പോൾ തന്നെ അവിടെ കണ്ട ഓരോ കാഴ്ചകൾ നന്ദയുടെ കണ്ണുകൾ ഇറനണിയിച്ചു
ഇരുന്നൂറ്റി ഇരുപത്തിനാലാം നമ്പർ റൂം എന്നാണവൾ പറഞ്ഞത് അവർ ലിഫ്റ്റ്ൽ കയറി. റൂമിന് പുറത്തെത്തി വാതിലിൽ മുട്ടി.
അല്പം കഴിഞ്ഞാണ് ഒരു നഴ്സ് വാതിൽ തുറന്നത്
“ആരാണ് “
“ഞാൻ രഘു അരുണിമ എവിടെ വരാൻ പറഞ്ഞിരുന്നു.. “
നഴ്സിന്റ പിന്നിൽ നിന്ന് പെട്ടന്ന് ഒരു പ്രായമായ അമ്മ മുന്നിൽ വന്നു
“രഘു അല്ലെ മോൾ പറഞ്ഞിരുന്നു “
“അതെ രഘു ആണ് “
“ഇതു നന്ദയല്ലേ “
“അതെ “
അവൻ അകത്തു കയറി
“”എവിടെ അരുണിമ “
അവൻ ചോദിച്ചു. ബെഡിൽ പുറം തിരിഞ്ഞു പുതച്ചു കിടക്കുന്ന ഒരു മെല്ലിച്ച രൂപം..
“”മോളെ “”
അമ്മ വിളിച്ചു പതുക്കെ തിരിഞ്ഞു കിടന്ന രൂപം കണ്ടുരഘുവും നന്ദയും ഞെട്ടി തലയിൽ മുടിയെല്ലാം പോയി കുഴിഞ്ഞ കണ്ണുകൾ കരുവാളിച്ച കവിളുകൾ അവൾ അരുണിമ .. വളരെ സുന്ദരിയായ തന്റെ അരുണിമ..
അവൻ പകച്ചു മിടയിറക്കി. നന്ദയേ നോക്കി.
ഒന്നും മനസിലാവാതെ നന്ദ രഘുവിനെയും
“രഘുവേട്ട… ” നന്ദ രഘുവിന്റ കൈയിൽ മുറുക്കേ പിടിച്ചു അവൾ ഒരേങ്ങലൊടെ തേങ്ങി.
അരുണിമയുടെ രൂപം കണ്ടപ്പോൾ അവന്റെ മനസ്സിലെ വെറുപ്പൊക്കെ പോയി.
“”അരുണി നിനക്കെന്തു പറ്റി “”
തളർന്ന കണ്ണുകളോടെ അവൾ രഘുവിനെ നോക്കി
ബാക്കി അമ്മയാണ് പറഞ്ഞത്.
“” മോനേ അവൾക്ക് കീമോ കഴിഞ്ഞു കൊണ്ടു വന്നതേ ഉള്ളു എന്റെ മോൾക്കിത് ആണെന്നറിഞ്ഞു അന്നവൾ വേറെ വിവാഹം എന്നു പറഞ്ഞു ഓടിയൊളിച്ചത് രഘുവിന് വേറെ ജീവിതം കിട്ടട്ടെ കരുതി “”
അവർ തേങ്ങലോടെ കണ്ണീരൊപ്പി.
“”അരുണി നിന്നെ വല്ലാതെ ഞാൻ തെറ്റിദ്ധരിച്ചു ഒരു വാക്കു അറിയിക്കാമായിരുന്നു “”
“സാരല്യ രഘുവേട്ട എനിക്കൊന്നു നിങ്ങളെ കാണാൻ കഴിഞ്ഞല്ലോ. “
അവൾ തുടർന്നു.
“”രഘുവേട്ട അവസാനമായി ഒരു ആഗ്രഹമുണ്ട് എനിക്ക് രഘുവേട്ടന്റ മോളെ ഒന്ന് ഉമ്മ വെക്കണം എനിക്ക് പിറകാതെ പോയ മോൾ പിന്നെ നന്ദ സമ്മതിച്ചു എങ്കിൽ എനിക്കു നന്ദയുടെയും രഘുവേട്ടന്റയും ഒപ്പം കടലിലെ തിരകൾ എണ്ണണം അതിൽ ഒരു തിര എന്നിൽ അലിഞ്ഞു ഇല്ലാതാവുന്നത് കാണണം “”..
കൊണ്ടു പോകാം എന്നുറപ്പിൽ അവളുടെ കയ്യിൽ.മുറുക്കെ പിടിക്കുമ്പോൾ അറിയാതെ അവന്റെ കണ്ണുകളിൽ നിന്നു കണ്ണുനീർത്തുള്ളികൾ അവളുടെ കൈകളിൽ പതിച്ചു…
ദിവങ്ങൾക്ക് ശേഷം അസ്തമയസൂര്യൻ കടലിൽ താഴുന്ന ഒരു മനോഹരസായാഹ്നം..
“രഘുവേട്ട പോകാം വരൂ “
നന്ദ പതിയെ വിളിച്ചു.
കടൽക്കരയിൽ. നന്ദയുടെ തോളിൽ തല ചായ്ച്ചു ഇരിക്കുകയാണ് രഘു.. തീർത്ഥക്കുട്ടി അടുത്ത് മണൽ വാരി കളിക്കുന്നുണ്ട്
“അവളിവിടെ ഉണ്ട് നന്ദ അരുണിമ ഞാനിപ്പോൾ കൂടി കണ്ടു. “
“അവള് പോയില്ലേ രഘുവേട്ട “
“ഇല്ല നന്ദ നിനക്കു വിഷമം ഉണ്ടോ ഞാൻ അവളെ ഓർക്കുന്നത് “
“ഇല്ല രഘുവേട്ട “
“നീ കണ്ടോ ഓരോ തിരകളും അടിച്ചു കയറുമ്പോൾ അവളുടെ പൊട്ടിച്ചിരി എന്റെ കാതിൽ മുഴങ്ങുന്നു.. “
“മതി രഘുവേട്ട പോകാം “
അവൾ വീണ്ടും പറഞ്ഞു. നന്ദ ഒരു കൈയിൽ തീർത്ഥയെയും മറുകൈയിൽ രഘുവിനെയും പിടിച്ചു തിരിച്ചു മണൽത്തരികളിൽ കൂടെ നടന്നു.
അപ്പോഴും അസ്തമയസൂര്യന്റെ അരുണിമയിൽ പിന്നിൽ തിരമാലകൾ അതു കണ്ടു പൊട്ടിച്ചിരിച്ചു.. സന്തോഷം കൊണ്ടുള്ള ചിരിയായിരുന്നു അത് അരുണിമയുടെ മാത്രം പൊട്ടിച്ചിരി…