പിന്നീട് കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അയാൾ എന്റെ വീട്ടിലേക്ക് വന്നു. ആളെ കണ്ടതും ഞാൻ ഞെട്ടി….

അമ്മയുടെ പ്രണയം ~ രചന: മെർലിൻ ഫിലിപ്പ്

”അമ്മെ എന്ത് രസമാ ഇവിടെ കാണാൻ ”

പ്രകൃതിരമണീയമായ മലകൾ നോക്കികൊണ്ട് ആദർശ് പറഞ്ഞു

”ഇതിനേക്കാൾ ഭംഗിയുണ്ടായിരുന്നു ഡാ എന്റെ കുട്ടിക്കാലത്ത് . ഇപ്പൊ ആ ചെരിവിൽ ബിൽഡിങ്ങും പാലവും വന്നതോടെ ഈ മലയുടെ സൗന്ദര്യം ഇല്ലാതായി ”

”എന്തായാലും കൊള്ളാം ഇത് തന്നെ ലൊക്കേഷൻ ഉറപ്പിക്കാം ”

”എന്റെ കർത്താവേ ലോകത്താദ്യമായിട്ടായിരിക്കും അമ്മയുടെ പ്രേമകഥ മകൻ ഷോർട്ട് ഫിലിമാക്കുന്നത് ”

ആ ചോദ്യത്തിന് ചിരിച്ചുകൊണ്ട് ആദർശ് മറുപടി നൽകി

”എന്റെ ചെറുപ്പം മുതലേ കേൾക്കുന്നതാ അമ്മയുടെ പ്രേമത്തെ പറ്റി .അമ്മയുടെ നാട്ടിൽ പോയാലും ആന്റിമാരും നാട്ടുകാരും പറയും അമ്മയുടെ പ്രണയത്തെ പറ്റി. അപ്പോൾ പിന്നെ ആ കഥ കേൾക്കണമെന്ന് തോന്നി .”

”ഹും നിന്റെ അച്ഛൻ കേൾക്കണ്ട ഈ കാര്യം ”

”അച്ഛൻ ഡൽഹിയിൽ ആണല്ലോ .അതുകൊണ്ടല്ലേ അച്ഛനറിയാതെ നമ്മൾ ഇവിടേക്ക് വന്നത് ”

”ഈ പഴഞ്ചൻ കഥയൊക്കെ ഷോർട്ട് ഫിലിം ആക്കിയാൽ ക്ലിക്ക് ആകുമോ മോനെ ”

”നൊസ്റ്റാൾജിക് ഫീൽ ആസ്വദിക്കുന്ന പ്രേക്ഷകർ ഇപ്പോഴുമുണ്ട് . . അതൊക്കെ സംവിധായകനായാ ഞാൻ നോക്കിക്കോളും പ്രൊഡ്യൂസർ ആയ അമ്മച്ചി ഇതിൽ ഇടപെടണ്ട കേട്ടല്ലോ ”

”കേട്ടു ”

”എന്നാൽ എന്റെ മേഴ്സിക്കുട്ടി കഥ പറ ”

”പറയാം ”

മലനിരകളുടെ സൗന്ദര്യത്തിൽ ലയിച്ചുകൊണ്ട് മേഴ്‌സി കഥ പറയാൻ തുടങ്ങി

“ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയം .അന്ന് പള്ളിയിൽ വെച്ച് അപ്പനുമായി ഉടക്കായി സങ്കടപ്പെട്ടു കൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത് . രാത്രിയായിട്ടും എന്റെ വിഷമം മാറിയില്ല അപ്പോഴാണ് മുകളിലത്തെ എന്റെ റൂമിലെ ജനലിൽ എന്തോ ഒരു സാധനം വന്ന് തട്ടിയത് .ഞാൻ വാതിൽ തുറന്ന് ടെറസിലെത്തി നോക്കുമ്പോൾ ഒരു പട്ടം ജനലിന് താഴെയായി കിടക്കുന്നു . ഞാനാ പട്ടം എടുത്ത് നോക്കി അതിന്റെ താഴെ ഒരു ലെറ്റർ കിടപ്പുണ്ടായിരുന്നു. ഞാനതെടുത്ത് വായിച്ചു

എന്തുപറ്റി ഈ മുഖം വാടിപ്പോയത് . അപ്പൻ എന്തിനാ വഴക്ക് പറഞ്ഞത്. ഇതായിരുന്നു ലെറ്ററിൽ എനിക്ക് അത് കേട്ടതും അതിശയമായി

ഞാൻ ചുറ്റിലും നോക്കി ആരെയും കാണാനില്ല ഒടുവിൽ ഞാനത് മൈൻഡ് ചെയ്യാതെ റൂമിലേക്ക് പോയി . പിറ്റേദിവസം രാവിലെയും പട്ടം ജനവാതിലിൽ വന്ന് മുട്ടി . ഞാനത് എടുത്ത് നോക്കി

”വിഷമമെല്ലാം മാറിയോ . ” എന്ന കുറിപ്പായിരുന്നു അതിൽ .ഇത്തവണ ഞാൻ റിപ്ലൈ കൊടുത്തു

“മാറി ” .എന്നിട്ട് പട്ടമെടുത്ത് രണ്ടുകയ്യുംകൊണ്ട് പൊക്കി പിടിച്ചു കാറ്റത്ത് മുകളിലേക്കെറിഞ്ഞു പട്ടം പറന്നു പോയി .

ആരോ ഒരാൾ ദൂരെ നിന്ന് എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായി . പിന്നെ ദിവസേന 3 നേരം വെച്ച് പട്ടം ജനലിൽ വന്ന് മുട്ടും എന്റെ വിഷമങ്ങളും സങ്കടങ്ങളും എല്ലാം പറയാനായുള്ള ഒരു നല്ല കൂട്ടുകാരനായി ആ പട്ടം മാറി

കഥയുടെ തുടക്കം കേട്ടതും ആദർശിന് കൗതുകമായി

”കൊള്ളാല്ലോ അമ്മെ . ഇതുവരെ കേൾക്കാത്ത സൂപ്പർ സ്റ്റോറി . ഉം എന്നിട്ട് ”

മേഴ്‌സി ആനന്ദത്തോടെ ബാക്കി പറയാനാരംഭിച്ചു

”അങ്ങനെ ഞാനും ആ പട്ടവും തമ്മിൽ കൂടുതൽ അടുത്തു . ആ നിമിഷം ചെറിയൊരു വാശി എന്നിലുണർന്നു . എങ്ങനെയെങ്കിലും പട്ടം പറപ്പിക്കുന്ന വിദ്ധ്വാനെ കയ്യോടെ പിടികൂടണമെന്ന് .പട്ടം വരുന്ന നൂൽ നോക്കി ആളെ കണ്ടുപിടിക്കാൻ അയൽപക്കത്തെ കുട്ടികളായ ചിന്നുവിനെയും മിന്നുവിനെയും ഏൽപ്പിച്ചു

പക്ഷെ നിരാശയായിരുന്നു ഫലം .ഒരാൾക്ക് പോലും പിടികൊടുക്കാതെ പുള്ളി ഒഴിഞ്ഞു മാറി എനിക്ക് ദേഷ്യമായി . നേരിട്ട് കാണണം ഇല്ലെങ്കിൽ മിണ്ടാൻ വരില്ല എന്ന് പറഞ്ഞു ലെറ്റർ എഴുതി അതിന്റെ പേരിൽ 3 ദിവസം പട്ടവുമായി പിണങ്ങി

ഒടുവിൽ നേരിട്ട് വരാമെന്നു പറഞ്ഞു .നാളെ രാവിലെ കൃത്യം ഒൻപത് മണിക്ക് നിന്റെ വീടിന് മുൻപിൽ വരുമെന്ന് പറഞ്ഞു . പിന്നെ ഒരു ക്ലൂവും തന്നു . എനിക്ക് അറിയുന്ന ആളാണെന്നും

അതാലോചിച്ചു ഞാനന്ന് ഉറങ്ങിയില്ല . ആരായിരിക്കും അത് . ഒടുവിൽ പറഞ്ഞപോലെ സമയം 9 മണിയായി ആകാംഷയോടെ ഞാനയാളെ കാത്തിരുന്നു . പിന്നീട് കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അയാൾ എന്റെ വീട്ടിലേക്ക് വന്നു . ആളെ കണ്ടതും ഞാൻ ഞെട്ടി . ഞങ്ങളുടെ റെസിഡൻസിൽ താമസിക്കുന്നതും സ്കൂളിൽ എന്റെ സീനിയറുമായ കണ്ണൻ ചേട്ടൻ ..

ആ ഒരു നിമിഷം തന്നെ കണ്ണൻ ചേട്ടനെ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു . എന്നും കോളേജിൽ പോകുന്ന വഴിക്ക് ചേട്ടനെ കാണും സംസാരിക്കും.കോളേജ് ലീവുള്ളപ്പോൾ ദാ ആ കാണുന്ന മലനിരകളുടെ ഉള്ളിലേക്ക് കയറി ചെല്ലും . രാത്രി പട്ടം പറത്തി മെസ്സേജ് അയക്കും

അങ്ങനെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ ഒരുപാടടുത്തു . ഞാൻ പുള്ളിക്കാരനോട് ഓരോന്ന് പറഞ്ഞു പിണങ്ങും പക്ഷെ പുള്ളി ഇതുവരെ എന്നെയൊന്ന് നോവിച്ചിട്ടില്ല വഴക്ക് പറഞ്ഞിട്ടില്ല

അങ്ങനെ ഒരു നാൾ അപ്പൻ മുറിയിലുള്ള സമയത്ത് പട്ടം പറന്നെത്തി . എന്നേക്കാൾ മുൻപ് അപ്പൻ ടെറസ്സിലെത്തി പടമെടുത്തു ആ ലെറ്ററും കണ്ടുപിടിച്ചു

പിന്നെയൊരു ജാലിയൻ വാലാബാഗ് ആയിരുന്നു ആ വീട്ടിൽ നടന്നത് . അപ്പൻ കോളേജിൽ നിന്ന് ടിസി വാങ്ങി എന്നെയും കൊണ്ട് ബാംഗ്ലൂരിലേക്ക് പോയി

നാട്ടുകാരോടെല്ലാം പറഞ്ഞത് ബാംഗ്ലൂരിലേക്കാണ് എന്നായിരുന്നു . പക്ഷെ ബാംഗ്ലൂരിൽ നിന്ന് നേരെ മുംബൈയിലേക്കായിരുന്നു പോയത് 3 വർഷം അവിടെയുള്ള ബോർഡിങ്ങിൽ എന്നെ ചേർത്തു . അവിടെ വെച്ച് കണ്ണൻ ചേട്ടന് കത്തെഴുതിയെങ്കിലും നാട്ടിലെ പോസ്റ്റ്മാനെ അപ്പൻ കയ്യിലെടുത്തിരുന്നു

എന്നും ഹോസ്റ്റൽ റൂമിലിരുന്ന് കരയുമ്പോൾ പ്രതീക്ഷിക്കും പണ്ടൊരു നാൾ വിഷമിച്ചു നിന്നപ്പോൾ ആശ്വാസമായി വന്ന കണ്ണൻ ചേട്ടന്റെ പട്ടത്തിനെ

എന്റെ പഠിപ്പ് കഴിഞ്ഞതും മുംബൈയിലുള്ള അപ്പന്റെ കൂട്ടുകാരന്റെ മോനെ കൊണ്ട് എന്നെ കല്യാണം കഴിപ്പിച്ചു പിന്നെ 5 വർഷത്തേക്ക് ഞാൻ കേരളം കണ്ടിട്ടില്ല . പിന്നീട് ഒരുനാൾ പഴയ വീട്ടിൽ പോകാൻ അവസരം കിട്ടിയപ്പോൾ ഹസ്ബെന്റിനെയും കൂട്ടി പോയി .

എങ്ങനെയെങ്കിലും കണ്ണൻചേട്ടനെ കാണണം എന്ന് തോന്നി . പക്ഷെ പോയപ്പോഴും നിരാശയായിരുന്നു ഫലം പുള്ളിടെ വീട് നിന്നിരുന്ന സ്ഥലത്ത് പഴയ സ്റ്റീൽ ഫാക്ടറി വന്നു . ഹസ്ബന്റ് കൂടെയുണ്ടായത് കൊണ്ട് പുള്ളിയെ പറ്റി അന്വേഷിക്കാനും കഴിഞ്ഞില്ല .

ഒന്നര വർഷത്തോളം പ്രണയിച്ചു അവസാനമായി കണ്ടിട്ട് 27 വർഷങ്ങളായി .

മേഴ്സിയുടെ കണ്ണിൽ നിന്നും രണ്ട്തുള്ളി കണ്ണീർ നിലത്തെ പുല്ലിലേക്ക് വീണു .
ആദർശ് അമ്മയുടെ തോളിൽ കൈവെച്ചു

”’അമ്മ ഒരു കണക്കിന് അങ്ങനെ സംഭവിച്ചത് കൊണ്ട് നല്ലൊരു ഭർത്താവിനെ കിട്ടിയില്ലേ ഇങ്ങനെ മുടിയനായൊരു പുത്രനെയും അമ്മയ്ക്ക് കിട്ടിയില്ലേ ”

”ഒന്ന് പോയെഡാ ”

മേഴ്‌സി സ്നേഹത്താൽ അവന്റെ കവിളിൽ നുള്ളി .

ഈ രംഗങ്ങൾ കണ്ടുകൊണ്ട് ഒരു നാട്ടുകാരൻ അവരുടെ മുൻപിലെത്തി . മുണ്ടും തലയിൽ കെട്ടിയ തോർത്തുമായിരുന്നു അയാളുടെ വസ്ത്രം .കയ്യിൽ ഒരു പാത്രവുമുണ്ട്

”എന്താ ഇവിടെ പരിപാടി ”

അയാളുടെ രൂക്ഷമായ ചോദ്യം കേട്ട് മേഴ്സി ചെറുതായൊന്ന് ഭയന്നു

”പരിപാടി ഒന്നുമില്ല ചേട്ടാ . ഈ സ്ഥലമൊന്ന് കാണാൻ വന്നതാ ഒരു ഷോർട്ട് ഫിലിമെടുക്കാൻ ”

”ഇതാരാ ”

”എന്റെ അമ്മയാ. അമ്മയാണ് ഈ പടത്തിന്റെ പ്രൊഡ്യൂസർ ”

”ഉം .മതി .നേരം സന്ധ്യയായി വേഗം കുടുംബത്തെത്താൻ നോക്ക് ”

അയാൾ പാത്രവുമായി ഒരു കുന്നിൻ മുകളിലേക്ക് നടന്നു .

”വാ മോനെ .ഇനി നിന്നാൽ ശരിയാകില്ല .നമുക്ക് പോകാം ”

മേഴ്‌സി ആദർശിന്റെ തോളിൽ തട്ടി . അവൻ വേഗം കാറിൽ കയറി റിവേഴ്‌സ് ഗിയറിട്ടു .

വഴിപോക്കൻ നടന്നു നടന്ന് കുന്നിൻ മുകളിലുള്ള വീടിന് മുൻപിലെത്തി .
വീടിന്‌ മുൻപിൽ ചാരുകസേരയിൽ കാലുംനീട്ടി ഒരാൾ ഇരിപ്പുണ്ടായിരുന്നു
കാണുമ്പോൾ മലനിരകൾ ആസ്വദിക്കുന്നതായി തോന്നുമെങ്കിലും അയാൾ വേറൊരു മായാലോകത്താണ്

”സാറേ വൈകീട്ടത്തേക്കുള്ള ഊണ് റെഡി ”

വഴിപോക്കന്റെ ശബ്ദം അയാളെ മായാലോകത്ത് നിന്ന് തിരിച്ചു വിളിപ്പിച്ചു .

”അവിടെ വെച്ചോളൂ കുഞ്ഞപ്പ ”

കുഞ്ഞപ്പൻ പാത്രം വീടിന്റെ വരാന്തയിൽ വെച്ചു . അയാൾ വീണ്ടും മായാലോകത്തേക്ക് പോകാനൊരുങ്ങിയെങ്കിലും കുഞ്ഞപ്പൻ അതിന് സമ്മതിച്ചില്ല

”സാറേ ”

”എന്താ കുഞ്ഞപ്പ ”

” പണ്ടെങ്ങോ സ്നേഹിച്ചു പോയ കാമുകിയെയും കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായല്ലോ. അവരുടെ കല്യാണം കഴിഞ്ഞു അവരുടെ മക്കളുടെയും കല്യാണം കഴിഞ്ഞിട്ടുണ്ടാകും ഇപ്പോൾ സാറിന്റെ കാമുകി ഒരു മുത്തശ്ശിയായിട്ടുണ്ടാകും ”

അത് കേട്ടതും അയാളുടെ മുഖത്ത് ചിരിപടർന്നു

”ആയിക്കോട്ടെ കുഞ്ഞപ്പ . എന്റെ ഈ കാത്തിരുപ്പ് അവളുടെ ജീവിതത്തിലേക്ക് കയറി ചെല്ലാനല്ല .കൺകുളിർക്കെ ഒന്ന് കാണണം പറ്റുമെങ്കിൽ അരനാഴിക നേരം ഒന്ന് സംസാരിക്കണം അങ്ങനെ സംഭവിച്ചാൽ എനിക്ക് മോക്ഷം കിട്ടും .
ഈ കാത്തിരുപ്പിൽ നിന്ന് ”

”ഉം കൊള്ളാം സാറേ എന്നാലും ഒറ്റത്തടിയായി എത്ര കാലമായി ഇവിടെ . ”

”അതിന് കുഞ്ഞപ്പൻ ചേട്ടന് ബുദ്ധിമുട്ട് വല്ലതുമുണ്ടോ .എന്റെ കാര്യം നോക്കുന്നതിന് എന്റെ അനിയൻ കൃത്യമായി കാശ് തരുന്നില്ലെ നിങ്ങൾക്ക് ”

”ഉണ്ട് അയ്യോ .അതല്ല സാർ .. ഞാൻ ”

”കുഞ്ഞപ്പൻ പോകാൻ നോക്ക് .. അല്ല ആരാ താഴെ കാറിൽ വന്നത് ”

”അത് ഏതോ പടം പിടിക്കാൻ വേണ്ടി വന്നതാ സാറേ ഒരു പയ്യനും ഒരു സ്ത്രീയും സിനിമക്കാരാ . സാറിതൊക്കെ കണ്ടോ ”

”കണ്ടു . പണ്ട് ഈ കുന്നിൻ ചെരുവിൽ ഒരു സ്കൂട്ടറിന്റെ ശബ്ദം കേട്ടാൽ വരെ ഞാൻ ഓടിപോയി നോക്കുമായിരുന്നു അതെന്റെ മേഴ്‌സിയാണോ എന്നറിയാൻ .പക്ഷെ …. അങ്ങനെ പോയി പോയി പോയി പോയി ഞാൻ മടുത്തഡോ . പിന്നെ നിർത്തി .ആയകാലത്ത് അവളെ അന്വേഷിക്കാത്ത സ്ഥലമില്ല പോകാത്ത ഇടവും. പിന്നെ ആരോഗ്യം പണി തന്നപ്പോൾ തീരുമാനിച്ചു ഈ സ്ഥലത്ത് ഒരിക്കൽ എന്നെത്തേടി അവൾ വരുമെന്ന് ”

കുഞ്ഞപ്പൻ ഒന്നും മിണ്ടാതെ താഴോട്ടിറങ്ങി . കണ്ണൻ വീണ്ടും തന്റെ മായാലോകത്തേക്ക് പറന്നു .