നീ പോയപ്പോൾ ഞാൻ ശരിക്കും തളർന്നു പോയി. നീ എന്റെ ഹൃദയത്തിലും ആത്മാവിലും ആഴ്ന്നിറങ്ങിയെന്ന് ഞാൻ മനസിലാക്കാൻ വൈകിപ്പോയി…

ഹൃദയസഖി ~ രചന: സിയാ ടോം

“എമിൽ “

ആരോ വിളിക്കുന്നത് കേട്ടാണ് പിന്നിലേക്ക് തിരിഞ്ഞു നോക്കിയത്. എന്റെ നേരെ നടന്നു വരുന്ന ആളെ കണ്ടു നെഞ്ചിൽ ഒരു വിറയലും വെപ്രാളവും ഉരുണ്ടു കൂടി…..

“നിഖിത” എന്റെ ഭർത്താവിന്റെ കാമുകി..അല്ല.. ഒരു തിരുത്തുണ്ട്..എന്റെ മുൻ ഭർത്താവിന്റെ.. കാമുകി ആയിരുന്നവൾ…ഇപ്പൊ ഭാര്യയായിരിക്കണം..

നോട്ടം പോയത്.. അവളുടെ വിരൽത്തുമ്പിൽ  തൂങ്ങി നടന്നു വരുന്ന ഒരു മൂന്നു വയസുകാരനിലേക്കാണ്..മനസ്സ് ഒന്നു പിടഞ്ഞുവോ?

“താൻ ഇവിടെ? ” അതിശയത്തോടെ അവൾ എന്നെ നോക്കി..

“ഒരു ചെറിയ ജോബ്… ജേർണലിസ്റ്റാണ്”

“ഓ ഗ്രേറ്റ്‌ ” അവളുടെ കണ്ണുകൾ വിടർന്നു..

“ഞാൻ ഇവിടെ സെറ്റിൽഡ് ആണ് കേട്ടോ ” അവൾ ചിരിച്ചു..അപ്പോൾ കെവിനും ഇവിടെ കാണുമായിരിക്കും…എന്തിനോ എന്റെ മനസ് തുടിച്ചു..

“തിരക്കാണോ? ” അവൾ ചോദിച്ചു

“ഏയ്‌ ഇല്ല… ചെറിയൊരു ഷോപ്പിങ് ” ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു.

“ഒരു ചായ കുടിച്ചാലോ? ” അവൾ എന്നെ നോക്കി..വേണ്ട എന്നു പറയണമെന്നുണ്ടായിരുന്നു  കഴിഞ്ഞില്ല…

എനിക്ക് അഭിമുഖമായിരുന്ന നിഖിതയെ കണ്ടപ്പോൾ..ഒരിക്കൽ ഇതേ പോലെയിരുന്ന്  “എന്റെ പ്രണയത്തെ എനിക്ക് വേണം ” എന്ന് കെഞ്ചിയത് ഓർമ വന്നു..അന്നവൾ അയാളുടെ കാമുകിയും ഞാൻ ഭാര്യയും ആയിരുന്നു..ഞാൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി..അല്പം കൂടി തടിച്ചിട്ടുണ്ട്…പണ്ടത്തേക്കാൾ സുന്ദരിയായ പോലെ..ഓർഡർ ചെയ്ത കോഫി വരുമ്പോൾ മോനെ അടക്കിയിരുത്താൻ പാട് പെടുകയായിരുന്നവൾ..

“ഇങ്ങു വാ ” ഞാൻ അവനെ മെല്ലെ അടുത്തേക്ക് വിളിച്ചു..അവൻ ഒരു സങ്കോചവും കൂടാതെ എന്റെ അടുത്തേക്ക് വന്നു.നിഖിത എന്നെ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ നോക്കി..

“അറിയാത്ത ഒരാളുടെ കൂടെ അടുക്കാത്ത കൊച്ചാ” അവൾ ചിരിച്ചു.

“ആണോ ” ഞാൻ അവന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു. അവൻ പുഴു തിന്ന പല്ലുകൾ കാണിച്ചു ഉറക്കെ ചിരിച്ചു.

“എന്താ പേര്? “

“അയാൻ… അയാൻ സൗരവ് ” നിഖിതയാണ് മറുപടി പറഞ്ഞത്..

“സൗരവ്? ” ഞാൻ സംശയത്തോടെ നോക്കി..

“ഹസ്ബൻഡ് ആണ്.. ഇവിടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. ” ഞെട്ടി പോയി ഞാൻ.

“കെവിൻ” അറിയാതെ ആ പേര് വായിൽ നിന്നും വീണു..

“അറിയില്ല.. എന്റെ കല്യാണം കഴിഞ്ഞതിൽ പിന്നെ ഒരു കോൺടാക്റ്റും ഇല്ല ” പറയുമ്പോൾ അവളുടെ തല കുനിഞ്ഞിരുന്നു…

“കല്യാണത്തിന് ശേഷമാണ് ഭാര്യ ഭർതൃ ബന്ധത്തിന്റെ മഹത്വവും താലിയുടെ പവിത്രതയും ഒക്കെ ഞാൻ തിരിച്ചറിഞ്ഞത് ” പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

“കെവിൻ തന്നെ സ്നേഹിക്കാൻ തുടങ്ങി എന്ന് തോന്നിയപ്പോഴാണ് ഞാൻ അന്ന് തന്നെ കാണുവാൻ വന്നത്…അവന്റെ സംസാരം മുഴുവൻ തന്നെ കുറിച്ച് ആയപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല…താൻ ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴിയും..വിനയത്തോടെയുള്ള സംസാരവും….നിഷ്കളങ്കമായ പെരുമാറ്റവും എല്ലാം അവനെ ഒരുപാട് ആകർഷിക്കാൻ തുടങ്ങിയൊ എന്ന് അവൻ സംശയം പറഞ്ഞപ്പോൾ ഞാൻ ആകെ തകർന്നു പോയി.. “

ഞാൻ അമ്പരന്ന് പോയി..ഒരിക്കൽ പോലും കെവിൻ എന്നെ ശ്രദ്ധിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. “അവനെ നഷ്ടപ്പെടുത്താൻ എനിക്ക് ആകുമായിരുന്നില്ല..ഞാൻ സ്വാർത്ഥയായിപ്പോയി…എന്റെ നിർബന്ധം കാരണമാണ് ഡിവോഴ്സ് നടന്നത്.അതിനു ശേഷം കെവിൻ എന്നോട് നേരെ ചൊവ്വേ മിണ്ടിയിട്ടില്ല..ഫോൺ വിളിച്ചാൽ എടുക്കില്ല…ഓഫീസിൽ കറക്റ്റ് ആയിട്ട് പോകില്ല…വീട്ടിൽ സമയത്തു എത്തില്ല..ബിസിനസിൽ നഷ്ടങ്ങൾ..അങ്ങനെ കുറെയേറെ പ്രശ്നങ്ങൾ…അവൻ ആകെ മാറി പോയ പോലെ…എന്നോടൊപ്പം ഒരു ജീവിതം സമാധാനത്തോടെ ജീവിക്കാൻ അവന് സാധ്യമല്ല എന്ന് തീർത്തു പറഞ്ഞു..അവസാനം അവൻ എന്നെ കാണുവാൻ വന്നത് എന്റെ കല്യാണത്തിന്റെ തലേന്നാണ്.സ്നേഹിച്ച പെണ്ണിനോടും..താലി കെട്ടിയ പെണ്ണിനോടും നീതി പുലർത്താൻ കഴിഞ്ഞില്ലന്നും പറഞ്ഞു കുറെ കരഞ്ഞു..പിന്നെ ഒരറിവും ഇല്ല.. ” നിഖിത വല്ലാതെ കിതച്ചു

കെവിൻ തന്നെ സ്നേഹിച്ചിരുന്നു എന്ന്…മനസ്സിൽ ഒരു നിറവ്…

“സൗരവ് “.. ഞാൻ മെല്ലെ ചോദിച്ചു.

“ഡാഡിയുടെ  റിലേറ്റീവ് ആണ്…എല്ലാം അറിയാം…ഒരുപാട് സ്നേഹം ആണ് എന്നോടും മോനോടും… ” അവൾ ഒന്നു നിർത്തി. “ഒരു സോറി കൊണ്ടു തീർന്നു പോകുന്നതല്ല ഞാൻ ചെയ്തത് എല്ലാം..തന്നെ ഒന്ന് കാണണം എന്നും ഒരു മാപ്പെങ്കിലും ചോദിക്കണം എന്നുണ്ടായിരുന്നു. ” അവൾ എന്റെ രണ്ടു കൈകളും കൂട്ടി പിടിച്ചു..

“മാപ്പ് ” നിറഞ്ഞ കണ്ണുകൾ എന്നിൽ നിന്നും മറയ്ക്കാൻ അവൾ ഒരു വൃഥാശ്രമം നടത്തി..എന്തോ എനിക്ക് ഒന്നും പറയുവാൻ തോന്നിയില്ല.

“എന്നാൽ പോകട്ടെ ” നിഖിത യാത്ര പറഞ്ഞു.

“എമിൽ…. പറ്റുമെങ്കിൽ കെവിനു ഒരു ചാൻസ് കൂടി നൽകണം. ” മറുപടി കാക്കാതെ അവൾ മോനെയും വാരിയെടുത്തു നടന്നകന്നു.

“വാട്ട് ഹാപ്പെൻഡ് എമിൽ? രണ്ടു ദിവസമായി ശ്രദ്ധിക്കുന്നു…ഒന്നിലും ഒരു താല്പര്യം ഇല്ലാത്തതു പോലെ..  എനി ഇഷ്യൂസ്? “

ഗോപികയാണ് ഇവിടെ ആകെയുള്ള ഒരു ഫ്രണ്ട്..ഒന്നുമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞെങ്കിലും അവൾ വിട്ടില്ല.ആരോടെങ്കിലും ഒന്ന് മനസ് തുറക്കുന്നത് നല്ലതാണെന്നു തോന്നി.

കെവിൻ.. എന്നെ താലി ചാർത്തിയവൻ..ഞാൻ ആദ്യമായിട്ട് നേരിൽ കാണുന്നത് ഞങ്ങളുടെ  വിവാഹത്തിന്റെയന്ന് പള്ളിയിൽ വച്ചായിരുന്നു..ചിരിക്കുമ്പോൾ ചെറുതാകുന്ന പീലികൾ തിങ്ങിയ അയാളുടെ കണ്ണുകളാണ് ആദ്യം എന്റെ ശ്രദ്ധയിൽ പെട്ടത്…

ഡിഗ്രി ഫസ്റ്റ് ഇയർ അവസാനം..

“ഒരു കല്യാണ ആലോചന വന്നിട്ടുണ്ട്.ചെറുക്കന്  ബിസിനസ്സ് ആണ്.ഇതു നടന്നാൽ നമ്മുടെ ഭാഗ്യം..വലിയ കുടുംബക്കാർ  ആണ്.. ” എന്ന് പപ്പാ വിളിച്ചു പറഞ്ഞപ്പോൾ..ഒന്നും തിരിച്ചു പറയുവാൻ തോന്നിയില്ല..

പപ്പാ അയച്ചു തന്ന കെവിന്റെ ഫോട്ടോ എന്നെ കളിയാക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്..സുന്ദരനായ അയാൾക്ക് ബിലോ ആവറേജ് ആയ എന്നെയിഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ അമ്പരന്ന് പോയി. കെവിന്റെ അച്ഛൻ പെങ്ങൾ വീട് എന്റെ വീടിന്റെ അടുത്ത് ആയിരുന്നു. കെവിന്റെ അമ്മച്ചിയും വല്യമ്മച്ചിയും അവിടെ വച്ചു എന്നെ കണ്ടിട്ടുണ്ടത്രെ.

ഒരു മാസത്തിനുള്ളിൽ കല്യാണം നടന്നു.അതിനിടക്ക് ഒരിക്കൽ പോലും കെവിൻ എന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല..ബിസിനസ് തിരക്ക് ആയിരിക്കും എന്ന് ഓർത്തു ആശ്വസിച്ചു.. എങ്കിലും മനസ്സിൽ ഒരു അസ്വസ്ഥത നിറഞ്ഞു നിന്നിരുന്നു. 

താലി കെട്ടുമ്പോൾ  എനിക്ക് കെവിന്റെ നെഞ്ചിന്റെ അത്രയും ഉയരമുള്ളൂ എന്ന് ഞാൻ തിരിച്ചറിഞ്ഞു….പിന്നീട് അങ്ങോട്ട്‌ തിരിച്ചറിവുകളുടെ കാലം ആയിരുന്നു..ആദ്യ രാത്രിയിൽ തനിക്കൊരു  പ്രണയം ഉണ്ടെന്നും….വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് കല്യാണം കഴിച്ചതെന്നും…എന്നെ സ്നേഹിക്കാനോ ഒരു ഭാര്യ ആയിക്കാണാനോ സാധ്യമല്ല എന്നും…കെവിൻ തുറന്നടിച്ചപ്പോൾ കരയാൻ പോലും മറന്നു ഞാൻ നിന്നു.  

പലപ്പോഴും കെവിൻ ബിസിനസ് ടൂറുകളിൽ ആയിരുന്നു.ഞാൻ വല്യമ്മച്ചിയോടൊപ്പം ആക്കി കിടപ്പെല്ലാം. വീണ്ടും കോളേജിൽ  പോകാൻ തുടങ്ങി…എല്ലാവരും എനിക്ക് വന്ന ഭാഗ്യത്തെ പറ്റി പറയുമ്പോൾ ഞാൻ ഉള്ളിന്നുള്ളിൽ നീറുകയായിരുന്നു..ഇടയ്ക്കു ഒക്കെ കെവിൻ വീട്ടിൽ വരുമ്പോൾ കാണാറുണ്ടെങ്കിലും അടുത്ത് പോകാനോ സംസാരിക്കനോ ഞാൻ മുതിർന്നില്ല.കെവിൻ ഒഴികെ എല്ലാവരും എന്നോട് സ്നേഹം പുലർത്തി. അവരിൽ ഒരാൾ ആയി മാറാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല..

ജൂനിയർ ആയിരുന്ന നിഖിതയുമായുള്ള പ്രണയവും വീട്ടിൽ അറിഞ്ഞപ്പോൾ ഉണ്ടായ പ്രശ്നങ്ങളും  എല്ലാം വീട്ടിൽ ജോലിക്ക് നിൽക്കുന്ന ഒരു ചേച്ചി വഴി ഞാൻ അറിഞ്ഞു.ഒരിക്കൽ നിഖിതയുടെ ഫോട്ടോയും കാണിച്ചു തന്നു. സുന്ദരി ഒരു കൊച്ചു… 

കോളേജിൽ നിന്നും വീട്ടിലേക്ക് വരുവാൻ നിൽക്കുന്ന വഴിയാണ് ഫോൺ വന്നത്.

“ഹലോ എമിൽ ഞാൻ നിഖിതയാണ്.ഓപ്പോസിറ്റ് ഉള്ള കഫെയിൽ ഉണ്ട്. ഒന്ന് വരാമോ? “

എന്നെങ്കിലും  ഒരിക്കൽ കണ്ടുമുട്ടേണ്ടി വരും എന്നറിയാമായിരുന്നെങ്കിലും ഇത്ര വേഗം പ്രതീക്ഷിചില്ല.ചുരിദാറിന്റെ ഷാൾ കൊണ്ട് മുഖം അമർത്തി തുടച്ചു നടന്നു.ചെറിയ ഒരു വെപ്രാളത്തോടെ നിഖിതക്കു മുന്നിൽ ഇരിക്കുമ്പോൾ മനസ് ശൂന്യമായിരുന്നു.

“എന്റെ അടുത്ത് ഉണ്ട്… ഇല്ല തുടങ്ങിയില്ല.. കഴിയുമ്പോൾ വിളിക്കാം ” നിഖിത ഫോണിൽ സംസാരിക്കുകയാണ്.മറുപുറത്തു കെവിൻ ആയിരിക്കും.. എനിക്ക് ആത്മനിന്ദ തോന്നി…

“ഞാനും കെവിനും കുറേ വർഷങ്ങൾ ആയി  പ്രണയത്തിലാണ് ” അവൾ പറഞ്ഞു തുടങ്ങി.

“എനിക്കറിയാം “

“സൊ ആസ് യൂഷ്വൽ…വ്യത്യസ്ത മതം ആയതു കൊണ്ട് കെവിന്റെ വീട്ടുകാർ സമ്മതിച്ചില്ല..ഇതെല്ലാം ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു..ബട്ട്‌ ഇത്രയും പെട്ടന്ന് ഒരു കല്യാണം ഞങ്ങൾ എക്സ്പെക്ട്  ചെയ്തില്ല. അതാണ് പ്ലാനിൽ വീഴ്ച പറ്റിയത്. ” ഞാൻ എല്ലാം കേട്ടിരുന്നു…

“എനിക്ക് കെവിനേ വേണം.. ഐ ഡോണ്ട് വാണ്ട്‌ ടു ലോസ് ഹിം “

“ഞാൻ അയാളുടെ ഭാര്യയാണ് “

“അതുകൊണ്ട്? ” നിഖിത നെറ്റി ചുളിച്ചു.

“എന്റെ സ്ഥാനത്തു താൻ ആയിരുന്നെങ്കിൽ കെവിനേ വിട്ടു കൊടുക്കുമായിരുന്നോ? ” അവൾ മുഖം കുനിച്ചു..

“കെവിൻ എന്റെ പ്രണയമാണ്..അവനില്ലാതെ ഞാൻ ഇല്ല…നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ…എനിക്ക് തിരികെ തരണം…. “

എന്റെ രണ്ടു കൈയും കൂട്ടി പിടിച്ചു  അവൾ യാചിച്ചു.ഞാൻ ഒന്നും മിണ്ടാതെ അവിടുന്ന് ഇറങ്ങി പോന്നു .എന്നെങ്കിലും ഒരിക്കൽ കെവിൻ എന്നെ മനസിലാക്കും… സ്നേഹിക്കും എന്നുള്ള എന്റെ വിശ്വാസങ്ങളും പ്രതീക്ഷകളും അന്നത്തെ ആ സംഭവത്തോടെ ഇല്ലാതെയായി.

ഒരാഴ്ച കഴിഞ്ഞു കെവിൻ എന്നെ റൂമിൽ വിളിച്ചു മ്യൂച്വൽ ഡിവോഴ്സ് പേപ്പർ തന്നു.ഒരു തരം നിർവികാരത ആയിരുന്നു..ഒന്നും മിണ്ടാതെ ഞാൻ അതിൽ ഒപ്പിട്ടു കൊടുത്തു..എന്നെ വേണ്ടാത്ത  ആളെ എനിക്ക് എന്തിന്..എന്തോ പറയുവാൻ ശ്രമിച്ച കെവിനേ ഞാൻ കൈയുയർത്തി തടഞ്ഞു.

“ഇതിൽ കൂടുതൽ എനിക്ക് ഒന്നും ചെയ്യാനില്ല…ഒന്നു ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ..വെറുതെ ഞാൻ ആയിട്ട് എന്തിന് നിങ്ങളുടെ സന്തോഷം കളയണം? “

പക്ഷേ എന്തോ സങ്കടം സഹിക്കാൻ പറ്റാതെ വന്നപ്പോ അമ്മച്ചിയോടു 
കാര്യങ്ങൾ തുറന്ന് പറഞ്ഞു..അന്ന് രാത്രിയിൽ വീട്ടിൽ വലിയ ബഹളം ആയിരുന്നു
അന്നാദ്യമായി കെവിനേ പപ്പാ തല്ലി..

“ഒരു പെണ്ണിന്റെ ജീവിതം തകർക്കാൻ ഞാൻ സമ്മതിക്കില്ല ” പപ്പാ തീർത്തു പറഞ്ഞു. എന്തോ നിശബ്ദമായി നിൽക്കുന്ന കെവിനെ കണ്ടപ്പോൾ നെഞ്ചിൽ ഒരു സങ്കടം ഉറഞ്ഞു കൂടി.. അന്നാദ്യമായി ശബ്ദം ഉയർത്തി ഞാൻ സംസാരിച്ചു.

“കെവിൻ അല്ല പപ്പാ എന്റെ ജീവിതം തകർത്തത്..നിങ്ങൾ എല്ലാവരും ആണ്…നിങ്ങളുടെ പിടിവാശിയാണ്…..എന്ത് കുറവാണ് നിങ്ങൾ നിഖിതയിൽ കണ്ടത്?പഠിപ്പില്ലേ?…സൗന്ദര്യമില്ലേ?…ജോലിയില്ലേ? ….കുടുംബ പാരമ്പര്യവും  സമ്പത്തും ഇല്ലേ? എന്തു കൊണ്ടും  തനിക്ക്  യോജിച്ച ഒരാളെയാണ് കെവിൻ തിരഞ്ഞെടുത്തത്.

ഞാനോ??ഈ പറഞ്ഞത് എന്തെങ്കിലും എനിക്കുണ്ടോ?ഇതെല്ലാം പോകട്ടെ അവർക്ക് തമ്മിൽ മനപ്പൊരുത്തം ഉണ്ട്..അവർ പരസ്പരം സ്നേഹിക്കുന്നു..
മനസിലാക്കുന്നു…ഞാനും കെവിനുമോ..എന്നെങ്കിലും ഒരിക്കൽ കെവിന് എന്നെ അംഗീകരിക്കാൻ പറ്റുമോ? സ്നേഹിക്കാൻ പറ്റുമോ?എന്തിനാണ് പപ്പാ ഇഷ്ടമില്ലാത്ത ഒരാളെ അടിച്ചേൽപ്പിക്കുന്നത്?  ” കരഞ്ഞു പോയി

“അവരുടെ ജീവിതം അവർ ആഗ്രഹിക്കുന്ന പോലെ ജീവിക്കാൻ അവകാശം ഉണ്ട്..സ്വാതന്ത്ര്യം ഉണ്ട്..അവർ ജീവിക്കട്ടെ…പപ്പാ ഒന്നും എതിർത്തു പറയരുത് “
ഞാൻ കൈ കൂപ്പി

“മോളെ ” പപ്പാ വിളിച്ചു

“എനിക്ക് വിഷമം ഉണ്ട്..ഒരുപാട് ആഗ്രഹങ്ങൾ … സ്വപ്‌നങ്ങൾ എല്ലാം ആയിട്ടാണ് ഒരു പെൺകുട്ടി വിവാഹ ജീവിതത്തിലേക്ക് കടന്നു  വരുന്നത്….പക്ഷേ… ഇവിടെ…. ഞാൻ…സാരമില്ല…എല്ലാം വിധി പോലെയെ വരൂ.. “

കുറച്ചു  മാസത്തിനുള്ളിൽ ഞങ്ങൾ വേർപിരിഞ്ഞു…എല്ലാത്തിനോടും ഒരു വാശി ആയിരുന്നു.. തോറ്റു പോകാൻ മനസ്സില്ലായിരുന്നു…ഒരുപാട് കഷ്ടപ്പെട്ട് ഇവിടേം വരെ എത്തുവാൻ…ഗോപികയോട് എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മനസു ശാന്തമായിരുന്നു…..മഴ പെയ്തൊഴിഞ്ഞ പ്രതീതി..

രണ്ടു ദിവസത്തിനു ശേഷം കാളിങ് ബെൽ നിർത്താതെ അടിക്കുന്നത് കേട്ട് അല്പം ഈർഷ്യയോടെയാണ് പോയി വാതിൽ തുറന്നത്. ഒരു നിമിഷം അന്തിച്ചു പോയി 

“കെവിൻ ” താടിയും മുടിയും  എല്ലാം വളർന്നു ആകെ ക്ഷീണിച്ച അവസ്ഥ. മുഷിഞ്ഞ വേഷം…പഴയ കെവിന്റെ നിഴൽ പോലെ എനിക്ക് തോന്നി.

“കയറി വാ കെവിൻ. ” കെവിൻ മെല്ലെ നടന്നു വന്നു സോഫയിൽ ഇരുന്നു.

“നിഖിത പറഞ്ഞു നീ ഇവിടെ ഉണ്ടെന്ന് ” ഞാൻ ഒന്നും മിണ്ടിയില്ല.

“ചായ എടുക്കാം” കെവിനു  ഇഷ്ടമുള്ള ഏലക്കയും ഇഞ്ചിയും ചതച്ചിട്ട  കടുപ്പമുള്ള ഒരു ചായ എടുത്തിട്ട് വന്നു. ചായ കുടിച്ചതും കെവിൻ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു.

“എനിക്ക് ഒന്നും സംസാരിക്കണം” കെവിൻ ചായകപ്പ് തിരികെ നീട്ടി.

“പോയി കുളിച്ചിട്ട് വരൂ. ” ഞാൻ ടവൽ എടുത്തു വച്ചു.

“അതിനു മുൻപ് ആ റോഡിനു എതിർവശത്തുള്ള സലൂണിൽ പോയി  താടിയും മുടിയും വെട്ടിയിട്ട് വരൂ. ” കെവിൻ എന്നെ മിഴിച്ചു നോക്കി. എന്നിട്ട് ഇറങ്ങി പോയി അരമണിക്കൂർ ഉള്ളിൽ കെവിൻ തിരിച്ചു എത്തി. പോയി കുളിച്ചിട്ടു വന്നു.

“ഇപ്പോൾ പഴയ ആൾടെ ഒരു പകുതി ആയിട്ടുണ്ട് കേട്ടോ ” ഞാൻ ചിരിച്ചു.

അത്താഴം ഒരുമിച്ചു ഇരുന്നു കഴിച്ചു.എന്താ ഫീൽ എന്നെനിക്ക് അറിയില്ല..ഒരു സന്തോഷം….പാത്രം  കഴുകുമ്പോൾ കെവിൻ എന്റെ കൂടെ വന്നു..

“ഇവിടെ കുറേ നാൾ ആയി…നിഖിതയെ കണ്ടപ്പോഴാണ്എല്ലാം അറിഞ്ഞത്.. ” ഞാൻ മുഖത്തു നോക്കാതെ പറഞ്ഞു.

“എനിക്ക് ഒന്നുറങ്ങണം എമിൽ ” പഴയ ബെഡ് ഷീറ്റ് മാറ്റാൻ തുടങ്ങിയ  എന്നെ കെവിൻ തടഞ്ഞു..

“ഉറങ്ങിക്കോളൂ ” പുറത്ത് പോകാൻ തുടങ്ങിയ എന്റെ കൈയിൽ കെവിൻ പിടിച്ചു

“ഇവിടെ എന്റെ അടുത്തു കുറച്ചു നേരം ” ഞാൻ ഒന്നും മിണ്ടിയില്ല…ഞാൻ ബെഡിൽ ഇരുന്നു..പ്രതീക്ഷിക്കാതെ കെവിൻ എന്റെ മടിയിൽ തല വച്ചു ചുരുണ്ടു കിടന്നു..എന്തോ എനിക്ക് ഒരു  വാത്സല്യം  തോന്നി.

“എമിൽ…. എനിക്ക്… ” കെവിൻ എന്തോ പറയാൻ ആഞ്ഞു. ഞാൻ എന്റെ കൈ കൊണ്ട് കെവിന്റെ വായ് മൂടി..മെല്ലെ മുഖം അടുപ്പിച്ചു കെവിന്റ നെറ്റിയിൽ ഉമ്മ വച്ചു.

“ഉറങ്ങിക്കോളൂ ” കെവിന്റെ മുടിയിഴകൾക്കിടയിൽ വിരലോടിച്ചു..ആ രാത്രി പുലരും വരെ ഞാൻ കാവൽ ഇരുന്നു..

“എമിൽ ” ആരോ കവിളിൽ തട്ടിയൂണർത്തി.കെവിൻ കുളിയൊക്കെ കഴിഞ്ഞു കൈയിൽ ഒരു കപ്പ് ചായയും പിടിച്ചു നിൽക്കുന്നു.ചാടി എഴുന്നേറ്റു…എപ്പോഴാ ഉറങ്ങിപ്പോയത് എന്നറിയില്ല. 

“വേഗം കുളിച്ചിട്ടു  വന്നാൽ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാം ” എന്നെ നോക്കി ചിരിച്ചു കൊണ്ട് കെവിൻ ഇറങ്ങി പോയി..

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ പറഞ്ഞു “രജിസ്റ്റർ ചെയ്യാം….ഇനി ഒരു താലികെട്ട് വേണ്ട..അതൊരു പ്രഹസനം മാത്രം ആണെന്ന് എനിക്കു അറിയാം..വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കുന്നത് കെവിന്റ ഉത്തരവാദിത്തം ആണ്..” ഇടയ്ക്കു ഞാൻ മുഖം ഉയർത്തി.  കെവിൻ അന്തം വിട്ടു എന്നെ നോക്കിയിരിക്കുന്നു. .

“വേഗം കഴിക്കൂ…. ” ഞാൻ മുഖം കൊണ്ട് കാണിച്ചു.

ഉണങ്ങിയ ഡ്രസ്സ്‌ മടക്കി വയ്ക്കുമ്പൾ കെവിൻ റൂമിൽ കയറി വന്നു.

“എമിൽ “

“കുറ്റസമ്മതവും ഏറ്റുപറച്ചിലുകളും ഒന്നും വേണ്ട..പശ്ചാത്താപത്തെക്കാൾ വലിയ പ്രായശ്ചിത്തം ഇല്ല കെവിൻ.കെവിൻ എന്നെ സ്നേഹിച്ചിരുന്നു… എന്നറിഞ്ഞപ്പോൾ  തന്നെ എനിക്ക് നിങ്ങളോടുള്ള ദേഷ്യവും പിണക്കവും പരിഭവവും എല്ലാം മാഞ്ഞു  പോയി…..പിന്നെ ഈ അഞ്ചു വർഷം എനിക്കു വേണ്ടി കളഞ്ഞതല്ലേ?സ്വയം ശിക്ഷ പോലെ….നിഖിതയെ  കണ്ട അന്ന് തൊട്ട് ഞാൻ കെവിനേ പ്രതീക്ഷിച്ചിരിക്കുവാരുന്നു..”

“നീ എന്ത് പാവമാണ് എമിൽ? ” കെവിൻ എന്റെയടുത്തു വന്നു..

“ഈ കടങ്ങൾ എല്ലാം ഞാൻ എങ്ങനെ തീർക്കും? “

“സമയം ഉണ്ടല്ലോ?   അങ്ങ് സ്നേഹിച്ചു തീർത്താൽ മതി..”

കെവിൻ എന്നെ തെല്ലു നേരം നോക്കി നിന്നു..”താലി കെട്ടിയ പെണ്ണിനോടുള്ള സോഫ്റ്റ്‌ കോർണർ മാത്രം ആണെന്നായിരുന്നു വിചാരിച്ചിരുന്നത്…..നിഖിതയോട് തോന്നാത്ത എന്തോ ഒരിത്   എപ്പോഴോ നിന്നോട് തോന്നി തുടങ്ങി..നിന്റെ അടുക്കൽ വരുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നതും….കൈ കാൽ വിറക്കുന്നതും…എല്ലാം എന്തോ പോലെ….”

“നീ വന്ന ശേഷം ആണ്..എന്റെ വീട് ഉണർന്നത്…പൊട്ടിച്ചിരികളും… ഉറക്കെയുള്ള സംസാരങ്ങളും ഉണ്ടായത്….സ്വതവേ ഗൗരവക്കാരനായ അപ്പച്ചനും പപ്പയും തമാശകൾ പറയുവാൻ തുടങ്ങിയത്..നേരം പോക്കുകളും…… കളിതമാശകളും നിറഞ്ഞത്….പലപ്പോഴും ഞാൻ നിഖിതയെ നിന്റെ സ്ഥാനത്തു സങ്കൽപ്പിച്ചു നോക്കുമായിരുന്നു…..രാപ്പകൽ വ്യത്യാസം ഉണ്ട്….ഞാൻ ആഗ്രഹിച്ചതും ഇതൊക്കെ തന്നെ ആയിരുന്നു. എന്റെ സംസാരം മുഴുവൻ നിന്നെ പറ്റി ആയപ്പോൾ  ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളും തുടങ്ങി.. “

“നീ പോയപ്പോൾ ഞാൻ ശരിക്കും തളർന്നു പോയി..നീ എന്റെ ഹൃദയത്തിലും ആത്മാവിലും ആഴ്ന്നിറങ്ങിയെന്ന് ഞാൻ മനസിലാക്കാൻ വൈകിപ്പോയി..നീയില്ലാതെ ജീവിതം പൂർണമാകില്ല എന്നു തോന്നി.. ” കെവിന്റെ ഒച്ച പതറി പതറി  നേർത്തു വന്നു.

ഞാൻ കെവിനേ നോക്കി കെവിൻ എന്നെ കണ്ണിമയ്ക്കാതെ നോക്കികൊണ്ടിരിക്കുന്നു….

“കെവിൻ ” ഞാൻ വിരൽ ഞൊടിച്ചു.

“എന്താണ് ഇങ്ങനെ നോക്കുന്നത്? ഇതുവരെ കാണാത്ത പോലെ “

“ഈ മേൽചുണ്ടിലെ കറുത്ത മറുക് പണ്ടില്ലായിരുന്നല്ലോ ” കെവിൻ എന്റെ മുഖമാകെ കണ്ണോടിച്ചു കൊണ്ടു പറഞ്ഞു.

“എങ്ങനെ അറിയാം? ” ഞാൻ അത്ഭുതപ്പെട്ടു

“ഞാൻ നിന്റെ മുഖത്ത് നോക്കിയിട്ടുണ്ട്. നീ കാണാതെ…നിന്റെ ചിരി ആസ്വദിച്ചിട്ടുണ്ട്…ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികളെ കണ്ടു കൊതിച്ചിട്ടുണ്ട്..കുറുമ്പ് നിറഞ്ഞ നോട്ടം എന്നിലേക്കെത്തിയിരുന്നെങ്കിൽ  എന്ന് ആഗ്രഹിച്ചിട്ടുണ്ട്.. “ഞാൻ അമ്പരന്നു പോയി..

കെവിൻ ബാഗ് തുറന്നു ഒരു ചെറിയ പൊതിയെടുത്തു.അതിൽ കെവിൻ കെട്ടിയ താലിയും ഞങ്ങളുടെ പേരെഴുതിയ മോതിരങ്ങളും..

“കഴിഞ്ഞ അഞ്ചു വർഷങ്ങൾ ആയി ഇതു കൊണ്ടു നടക്കുവാൻ തുടങ്ങിയിട്ട്. നിന്നെ എവിടെ വച്ചു കണ്ടാലും ഇതു തിരികെ അണിയിച്ചു കൂടെ കൂട്ടുവാൻ വേണ്ടി.. “

“ഞാൻ വേറെ കല്യാണം കഴിച്ചിരുന്നെങ്കിലോ? “

“ഒരു വിശ്വാസം  ഉണ്ടായിരുന്നു എമിൽ.നീ എന്നെ അല്ലാതെ വേറെയാരെയും കൂടെ കൂട്ടില്ല എന്നുള്ള വിശ്വാസം..എന്റെ ഹൃദയ സഖിയാണ് നീ..കാരണം എന്നെ അത്രയേറെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്തിട്ടുണ്ട് നീ..ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ നിന്നോട് ചെയ്തത്…” കെവിൻ ഒന്നു നിർത്തി…എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

“പക്ഷേ ഞാൻ വന്നു നിന്നെ കണ്ടു സംസാരിച്ചു മാപ്പ് ചോദിക്കുന്നത്തിനു മുന്നേ നീ എല്ലാം എന്നോട് ക്ഷമിച്ചില്ലേ…എന്നോട് സംസാരിച്ചില്ലേ..എന്നോടോത്തിരുന്നു ആഹാരം കഴിച്ചില്ലേ..എന്നെ ചുംബിച്ചില്ലേ. എന്നെ നിന്റെ മടിയിൽ കിടത്തി ഉറക്കിയില്ലേ…എനിക്ക് വീണ്ടും ഒരു ജീവിതം വച്ചു നീട്ടിയില്ലേ….ഇതിൽ കൂടുതൽ എന്ത് വേണം എനിക്ക്…. ” കെവിൻ കരയുകയായിരുന്നു….ഞാനും…..

ക്രൂശിത രൂപത്തെ സാക്ഷി നിർത്തി…കെവിൻ ആ താലി വീണ്ടും എന്നെ അണിയിക്കുമ്പോൾ…..ചേർത്ത് നിർത്തി നെറുകയിൽ ചുംബിക്കുമ്പോൾ…ഞങ്ങളുടെ ജീവിതം വീണ്ടും തളിരിടുകയായിരുന്നു……