നോവ് ~ രചന: Uma S Narayanan
“ചേട്ടാ ചേട്ടാ “
രാവിലെ തന്നെ നീനയുടെ വിളി കേട്ടാണ് രാജീവ് ഉണർന്നതു..
“എന്താടി രാവിലെ ഉറങ്ങാൻ സമ്മതിക്കില്ലേ “
“ഒന്നെണീറ്റെ. മോൾക്ക് ജലദോഷം വരുന്നുണ്ടോ എന്നൊരു സംശയം…..നാട്ടിലാകെ ആധി പടരുകയല്ലേ… അവളെ പുറത്തിറക്കാൻ വയ്യ…. ഫാമിലി ഡോക്ടറെ ഒന്ന് കണ്ടു വിവരം പറയണം.’.
“അത് സാധാരണ ജലദോഷം ആകും നീയെന്താ വെറുതെ പേടിപ്പിക്കുന്നെ “
ചേട്ടാ ഇപ്പോഴത്തെ അവസ്ഥ അങ്ങനെ അല്ലെ പേടിയാകുന്നു “
അത് കേട്ടപ്പോൾ രാജീവനും ആധിയായി അവൻ പെട്ടന്ന് തന്നെ മാസ്ക്, ഓവർകോട്ട്, കയ്യുറ, സോക്സ്, ഷൂ എന്നിവ ധരിച്ചു രാജീവ് പാസ്സും ബൈക്കും എടുത്തു ഇറങ്ങുമ്പോൾ നീന പ്രത്യേകം പറഞ്ഞു
“ചേട്ടാ ആരെയും തൊടാൻ പോകരുത് കേട്ടോ “
രാജീവ് ഡോക്ടറുടെ വീട്ടിലെത്തി.. മരുന്നുമായി തിരികെ വരുമ്പോൾ..മഴ ചാറി തുടങ്ങി..
“സാറേ….’ എന്ന വിളി കേട്ട് ബൈക്ക് നിർത്തി. വഴിയിൽ മൂക്കൊലിപ്പിച്ചു. കോതിയൊതുക്കാത്ത മുടിയുമായി, നഗ്നപാദയായി ഒരു അഞ്ചു വയസ്സുകാരി…
” സാറേ… എന്തെങ്കിലും താ…വിശക്കുന്നു… രണ്ടീസായി ഒന്നും കഴിച്ചിട്ടില്ല…”
പേടിയോടെ പോക്കറ്റിൽ കൈയിട്ടു കിട്ടിയ പത്തുരൂപാ നോട്ട് അവൾക്ക് നേരെ വലിച്ചെറിഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ അയാളുടെ മാസ്ക് കണ്ണുനീരിനാൽ നനയുന്നതയാൾ അറിഞ്ഞു.
മഴ കൂടി കൊണ്ടിരിക്കുന്നു കുറച്ചു ദൂരെ പോയി അയാൾ തിരിഞ്ഞു നോക്കി
മഴയുടെ കാഴ്ചയിൽ അഞ്ചു വയസുകാരി നിന്നിടം ശൂന്യമായിരുന്നു..
അവന്റെ മനസ്സിൽ ഒരു നോവ് പടർന്നു തന്റെ മോളുടെ അതെ പ്രായം ഉള്ള കുട്ടി.
അയാൾ വേഗം ബൈക്ക് തിരിച്ചു .
സമീപത്തെ വെയിറ്റിങ്ങ് ഷെഡിൽ ആ കുട്ടി ഇരിക്കുന്നത് അയാൾ കണ്ടു.
“മോളെന്താ തനിയെ ഇവിടെ നില്കുന്നത്
ആരുമില്ലേ കൂടെ. “
മറുപടി ആയി അവൾ കുഞ്ഞു വിരൽ ചൂണ്ടി കാണിച്ചു
അവൾ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് അയാൾ നോക്കി.
അവിടെ വെറും നിലത്തു കറുത്തു മെലിഞ്ഞു ഒരു സ്ത്രീ കിടക്കുന്നു..വായിൽ കൂടി ഉറുമ്പു അരികുന്നുണ്ട്. എപ്പോഴോ അവർ മരിച്ചിരിക്കുന്നെന്നു മനസിലായി..
“സാറെ അമ്മക്ക് കാൻസറ അമ്മ ഇന്നലെ മുതൽ കിടക്കുന്നതാ വിളിച്ചിട്ട് എണീക്കുന്നില്ല രണ്ടു ദിവസം ആയി അമ്മ ഭക്ഷണം തന്നിട്ട്.. “
അയാൾ ഒന്നും പറയാതെ ആ കുഞ്ഞിനെ കോരി എടുത്തു എന്നിട്ട് സ്റ്റാന്റിൽ ഇരിക്കുന്ന ബൈക്കിൽ ഇരുത്തി തന്റെ ഓവർ.കോട്ട് അഴിച്ചു തലയിൽ കൂടി ഇട്ടുകൊടുത്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു.
ആ അഞ്ചു വയസുകാരി തല തിരിച്ചു കുഞ്ഞുകണ്ണുകൾ അയാളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി കൊണ്ടിരിക്കുന്നു. കുഞ്ഞികൈയിൽ അയാൾ കൊടുത്ത പത്തു രൂപ ചുരുട്ടി പിടിച്ചിട്ടുണ്ട്..
അപ്പോൾ അയാളുടെ കണ്ണുകൾ മാത്രം അല്ല മനസ്സ് കൂടി നിറഞ്ഞൊഴുകുകയായിരുന്നു..