ഒരു കുഞ്ഞിനെ സമ്മാനിക്കാൻ ശേഷി ഇല്ലാത്തൊരുവളെ അയാൾക്ക് വേണ്ടെന്ന് അച്ഛന്റെ മുഖത്ത് നോക്കി ഒട്ടും ദയയില്ലാതെ പറഞ്ഞപ്പോൾ നിസ്സംഗതയോടെ നോക്കി…

അരികെ ~ രചന: അഞ്ജലി മോഹൻ

ശിവേട്ടന്റെ അഞ്ചാമത്തെ കുഞ്ഞിനേയും ഗർഭത്തിൽ ചുമക്കെ അലസിപ്പോയതിന് ശേഷം അയാളെ ഒരുനോക്ക് കാണാനുള്ള അടങ്ങാത്ത കാത്തിരിപ്പായിരുന്നു…

പ്രായമായ അച്ഛനൊപ്പം പ്രതീക്ഷയോടെ ഒരുപാട് നാൾ വീട്ടുപടിക്കൽ നീണ്ടു കിടക്കുന്ന വഴിയോരത്തേക്ക് കണ്ണും നട്ട് ഇരുന്നിട്ടുണ്ട്. അപ്പോഴൊക്കെ വഴിയോരത്തുകൂടെ നടന്നുവരുന്ന സ്ത്രീ രൂപത്തിനെ പോലും ശിവേട്ടനെ പോലെ തോന്നിച്ചിരുന്നു….. കാണുന്ന സ്വപ്നങ്ങളിലെല്ലാം അയാള് തന്നെ ചേർത്തുപിടിച്ചിരുന്നു..

പ്രതീക്ഷ നഷ്ടപ്പെട്ട് കാത്തിരിപ്പ് മനസ്സിനെ കുത്തിനോവിച്ച് തുടങ്ങിയപ്പോഴാണ് വാർദ്ധക്യം ബാധിച്ച അച്ഛനൊപ്പം വീണ്ടും അയാൾക്കരുകിലേക്ക് പോയത്…..ഒരുനോക്ക് ദൂരെനിന്ന് കണ്ടപ്പോഴേ കണ്ണുകൾ വിടർന്ന് ഉള്ളിൽ സന്തോഷം നിറഞ്ഞ് തൂവിയിരുന്നു….. ഗേറ്റ് തുറന്നപ്പോഴേക്കും അയാളുടെ മുഖം കറുത്തിരുന്നു…

ഒരു കുഞ്ഞിനെ സമ്മാനിക്കാൻ ശേഷി ഇല്ലാത്തൊരുവളെ അയാൾക്ക് വേണ്ടെന്ന് അച്ഛന്റെ മുഖത്ത് നോക്കി ഒട്ടും ദയയില്ലാതെ പറഞ്ഞപ്പോൾ നിസ്സംഗതയോടെ നോക്കി നിൽക്കാനല്ലാതെ ഒന്ന് കരയാൻ പോലും സാധിച്ചില്ല…… അയാളില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന്, അയാളെ മറന്ന് ഒരുനിമിഷം പോലും വയ്യെന്ന് ഉറക്കെ വിളിച്ചു പറയണമെന്നവൾക്ക് തോന്നിയിരുന്നു…..

അന്നച്ഛനൊപ്പം മടങ്ങിയതിൽ പിന്നെയും ഒരു കാത്തിരിപ്പുണ്ടായിരുന്നു അയാള് തന്നെ തിരക്കി എന്നെങ്കിലും വരുമെന്നൊരു തോന്നൽ അപ്പോഴും ഉള്ളിലെവിടെയോ അവശേഷിച്ചിരുന്നു…..അച്ഛൻ മരിച്ച് വെള്ളപുതപ്പിച്ച് കിടത്തിയപ്പോഴും താങ്ങി നിൽക്കാൻ ആ തോളിനായി കൂടി നിന്ന ആൾക്കൂട്ടത്തിലേക്ക് ഇടയ്ക്കിടെ മിഴികൾ പാഞ്ഞുകൊണ്ടിരുന്നു…..

കൂടി നിന്നവരും ദുഃഖത്തിൽ പങ്കുചേർന്നവരും ആ പെണ്ണിന്റെ വിധിയെ കുറിച്ച് പറഞ്ഞ് ഇറങ്ങിപോയപ്പോഴാണ് താൻ തനിച്ചാണ് ഇനിയെന്ന സത്യം അവളെ നോവിച്ചത്…അത് കഴിഞ്ഞുള്ള പകലുകളിലും രാത്രികളിലും വീണ്ടുമവൾ പൊട്ടിയെപോലെ അവനെ കാത്തിരുന്നു….. വയറ് വിശന്ന് ഉറക്കെ നിലവിളിക്കാൻ തോന്നുമ്പോൾ അവന്റെ മുഖം വീണ്ടും പ്രതീക്ഷയെന്നോണം കണ്മുൻപിൽ തെളിഞ്ഞുവരും……

“”മോൾക്ക് ശങ്കരേട്ടൻ ഒരു ജോലി ശെരിയാക്കി തരട്ടെ…?? ഇനിയും ശിവൻ വിളിക്കാൻ വരുമെന്ന് കരുതുന്നത് തന്നെ വിഡ്ഢിത്തമാണ് കുട്ടീ….””

പറഞ്ഞത് സത്യമാണെന്നു അറിയാമെങ്കിലും ഹൃദയം എന്തിനോ നീറി…. അച്ഛന്റെ കൂട്ടുകാരന്റെ ഒപ്പം വീടിന്റെ പടികൾ ഇറങ്ങുമ്പോൾ പൂജാമുറിയിൽ അയാള് കെട്ടിയ താലിയും അഴിച്ചുവച്ചിരുന്നു……

പുതിയ വീട്… ഒരു കുഞ്ഞു ഒറ്റനിലവീട്…. മുറ്റത്തേക്ക് കാലെടുത്ത് വച്ചതേ അകത്തുനിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കാതിലേക്ക് തുളഞ്ഞ് കയറിയിരുന്നു….

“”ഇവിടത്തെ സാറിന്റെ കുഞ്ഞിനെ നോക്കലാ മോൾടെ പണി….. മഹേഷ്‌ മോന്റെ ഭാര്യ പ്രസവത്തിൽ മരിച്ചതാ കുഞ്ഞിനെ നോക്കാൻ ഇപ്പം ആരുല്യ…. മാസത്തിൽ ആറായിരം ഉറുപ്പിക കിട്ടും പിന്നെ ഉണ്ണാനും കിടക്കാനും ഒക്കെ ഇവിടെത്തന്നെ….””

ശങ്കരേട്ടൻ പറഞ്ഞപ്പോൾ ഉള്ളിലിരുന്ന് കരയുന്ന കുഞ്ഞിനെ കാണാനായിരുന്നു ധൃതി…. വാവയെ അദ്ദേഹം ശ്രദ്ധയോടെ കൈകളിലേക്ക് വച്ച് തന്നപ്പോൾ അടിവയറിൽ നിന്ന് എല്ലുനുറുങ്ങുന്ന വേദനയോടെ തന്റെ കുഞ്ഞ് പുറത്തേക്ക് വന്നതുപോലെ തോന്നിയവൾക്ക്…..

കുഞ്ഞിനെ കുളിപ്പിച്ച് കൊടുക്കാനും പൌഡർ ഇടീച്ച് കണ്ണെഴുതി പൊട്ടുതൊടുവിക്കാനും, ഉറക്കാനുമെല്ലാം അവൾക്കെന്തോ ഭ്രാന്തമായ ആവേശമായിരുന്നു….. കുഞ്ഞൊന്ന് കരയുമ്പോൾ നെഞ്ചോട് ചേർത്ത് കരച്ചിൽ അടങ്ങുന്നത് വരെ അവള് അങ്ങോട്ടും ഇങ്ങോട്ടും നടക്കുമായിരുന്നു…..കുഞ്ഞിനെ നോക്കലല്ലാതെ അവൾക്ക് മറ്റൊരു പണിയും ആ വീട്ടിലില്ലായിരുന്നു…. രാത്രി കുഞ്ഞ് ഉറങ്ങിക്കഴിഞ്ഞാൽ അയാളുടെ മുറിയിൽ കൊണ്ട് ചെന്ന് കിടത്തുമ്പോൾ മാത്രമാണ് ഒരു ദിവസത്തിൽ അയാളും അവളും തമ്മിൽ പരസ്പരം കാണാറ്…..

ഒരുരാത്രി ഉറങ്ങിയ കുഞ്ഞിനെ അയാൾക്കരുകിൽ കിടത്തുമ്പോഴായിരുന്നു കുഞ്ഞിപ്പെണ്ണ് ഉറക്കം ഞെട്ടി ഉണർന്ന് കളിക്കാനും ചിരിക്കാനും തുടങ്ങിയത്….. ചിരിയോടെ അയാളും അവളും ചേർന്ന് ആ കുഞ്ഞിന്റെ കളികൾ കണ്ടിരുന്നു…..

“”മ്മാ….”” ആദ്യമായ് ആ കുരുന്ന് അവളെനോക്കി വിളിച്ചു….. സന്തോഷം സഹിക്കവയ്യാതെ എടുത്ത് പിടിച്ച് നൂറുമ്മകൾ കൊണ്ട് അവൾക്കാ കുഞ്ഞിനെ പൊതിയാൻ തോന്നിപോയി….

“”അമ്മയല്ലട്ടോ ആയമ്മ….”” കുഞ്ഞിനെ എടുക്കാനായവൾ കൈകൾ നീട്ടിയപ്പോഴാണ് അയാള് അത് തിരുത്തി പറഞ്ഞ് കൊടുത്തത്…. ഉള്ളിൽ എന്തോ കൊണ്ടുവലിഞ്ഞെങ്കിലും അയാളെനോക്കി അവളൊന്ന് ചിരിച്ചെന്ന് വരുത്തി…….

കുഞ്ഞിപ്പെണ്ണ് മുട്ടിൽ ഇഴഞ്ഞ്, പിടിച്ച് നിന്ന്, പിച്ചവെച്ച് നടന്നപ്പോഴേക്കും അവൾക്കവൾ ആയമ്മ ആയിക്കഴിഞ്ഞിരുന്നു…..ആയമ്മേന്നുള്ള തേനൂറുന്ന വിളി കേട്ടുകൊണ്ടാണ് അവളുടെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും തന്നെ……കുഞ്ഞിപ്പെണ്ണ് സ്കൂളിൽ പോകാൻ തുടങ്ങിയതിൽ പിന്നെ ഉത്തരവാദിത്തങ്ങൾ കൂടി വന്നു….. അയാൾക്ക് തിരക്കുള്ള ദിവസങ്ങളിൽ അയാൾക്ക് പകരം അവള് കുഞ്ഞിപ്പെണ്ണിനെ സ്കൂളിൽ കൊണ്ടുചെന്നാക്കാൻ തുടങ്ങി….

“”ഇതേ എന്റെ ആയമ്മയാ…”” സന്തോഷത്തോടെ തുള്ളിച്ചാടിക്കൊണ്ട് കൂട്ടുകാർക്കെല്ലാം കുഞ്ഞിപെണ്ണവളെ പരിചയപെടുത്തികൊണ്ടിരുന്നു…..എപ്പോഴാണെന്നറിയില്ല കുഞ്ഞിപ്പെണ്ണിന്റെ ഗൗരവക്കാരനായ അച്ഛനും ആ പെണ്ണിന്റെ മനസ്സിൽ കയറിക്കൂടിയിരുന്നു…..വർഷം പത്തൊൻപത് കടന്ന് പോയതറിഞ്ഞില്ല….. കുഞ്ഞിപ്പെണ്ണിന്ന് മുതിർന്നു എന്നിട്ടും അവൾക്കവൾ കുഞ്ഞിപെണ്ണായിരുന്നു…… കുഞ്ഞിപ്പെണ്ണിന്റെ കല്യാണത്തിന് വസ്ത്രങ്ങൾ എടുത്ത കൂട്ടത്തിൽ അവൾക്കും കിട്ടി ഒരു പട്ടുപുടവ…..

“””ഞാൻ നാളെ പോയാൽ പിന്നെ ആയമ്മയും പോകും ലെ…. എന്നെനോക്കാൻ വന്നതല്ലേ ഇനി ഞാൻ ഇല്ലാലോ ഇവിടെ….””” കല്യാണത്തലേന്ന് രാത്രിയിൽ മടിയിൽ കിടന്നുകൊണ്ട് കുഞ്ഞിപെണ്ണത് ചോദിച്ചപ്പോഴാണ് തന്റെ ജോലി നാളെകൊണ്ട് അവസാനിക്കും എന്നതവൾ ഓർത്തത് പോലും…..

പിറ്റേന്ന് കല്യാണം കഴിഞ്ഞ് ഇറങ്ങാൻ നേരമവൾ അച്ഛനുശേഷം ആയമ്മയുടെ കാലിലും വീണ് അനുഗ്രഹം വാങ്ങി….. ആയമ്മയെ പുണർന്ന് കുറേനേരം കരഞ്ഞു..

മുറിയിൽ ചെന്ന് തുരുമ്പിച്ച ഇരുമ്പിന്റെ പെട്ടിയിലേക്ക് സാധനങ്ങൾ ഓരോന്നായി എടുത്ത് വയ്ക്കുമ്പോൾ ആ അച്ഛന്റെയും മോളുടെയും മുഖം മാത്രമായിരുന്നു മനസ്സിൽ….. ആ രാത്രി മുഴുവനും ഇത്രയും വർഷങ്ങൾക്കിടയിൽ എപ്പോഴെങ്കിലും കുഞ്ഞിപ്പെണ്ണിന്റെ അച്ഛന്റെ നോട്ടം തന്റെ നേർക്ക് പതിച്ചിരുന്നോയെന്ന് ഓർത്തോർത്തു കിടന്നു…..

“””ഞാൻ ഇറങ്ങായി….””” പിറ്റേന്ന് പകൽ അയാളുടെ മുറിവാതിൽക്കൽ ചെന്ന് നിന്ന് താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു…. മേശവലിപ്പ് തുറന്നയാൾ ചെക്ക് ലീഫ് ഒരെണ്ണം എടുത്ത് അവൾക്ക് നേരെ നീട്ടി….. ഒരായുസ്സിന്റെ സ്നേഹത്തിന് അയാള് വിലയിട്ടപ്പോൾ നെഞ്ചിൽ ആയിരം കത്തി ഒരുമിച്ച് കുത്തിയിറക്കുന്ന വേദന തോന്നി…

അവിടെ നിന്ന് പടിയിറങ്ങി സ്വന്തം വീട്ടിലേക്ക് ചെന്ന് കയറിയപ്പോൾ വീണ്ടും തനിച്ചായെന്നുള്ള സത്യം അവളുടെ സമനില തെറ്റിക്കാൻ തുടങ്ങിയിരുന്നു…വെള്ളവും ഭക്ഷണവും കഴിക്കാതെ രണ്ട് ദിവസം മുറിക്കുള്ളിൽ അടച്ചിരുന്നു…..

“”ആയമ്മേ…”” ഒരാഴ്ചയ്ക്കിപ്പുറം കുഞ്ഞിപ്പെണ്ണിന്റെ ശബ്ദം കേട്ടാണ് ഓടിച്ചെന്ന് കതക് തുറന്നത്….. മുന്നിൽ ഭർത്താവിനൊപ്പം നിൽക്കുന്ന കുഞ്ഞിപ്പെണ്ണിനെ കണ്ട് കണ്ണ് നിറഞ്ഞൊഴുകി….. അവരെ അകത്തേക്ക് കയറ്റി ഇരുത്തിയപ്പോഴും നോട്ടം ഇടയ്ക്കിടെ പുറത്തേക്ക് കുഞ്ഞിപ്പെണ്ണിന്റെ ഗൗരവക്കാരനായ അച്ഛനെത്തേടി പാഞ്ഞുകൊണ്ടിരുന്നു……

“”ആയമ്മ ഇതാരെയാ ഈ നോക്കുന്നെ….??””

“”മോൾടെ അച്ഛൻ വന്നില്ലേ നിങ്ങള് രണ്ടാളും തനിച്ചാണോ വന്നത് വീടെങ്ങനെയാ കണ്ടുപിടിച്ചേ ഒത്തിരി ബുദ്ധിമുട്ടി കാണുമല്ലോ….???””

“””അച്ഛൻ പുറത്ത് നില്പുണ്ട് ഇങ്ങോട്ടേക്ക്‌ കയറാൻ ചെറിയൊരു മടി അമ്പതാമത്തെ വയസ്സിൽ അച്ഛന് ഈ ആയമ്മയോട് പ്രേമമാണത്രെ…. ഞങ്ങൾ ആയമ്മയെ പെണ്ണ് കാണാൻ വന്നതാ….””” തമാശപോലെ പറയുന്ന കുഞ്ഞിപ്പെണ്ണിനെ ശാസനയെന്നോണം കടുപ്പിച്ചൊന്ന് നോക്കി…..

“”നോക്കി പേടിപ്പിക്കാതെ ന്റെ ആയമ്മേ…. പോരുന്നോ ഞങ്ങടെ വീട്ടിലേക്ക് ന്റെ സ്വന്തം അമ്മയായിട്ട്….??”” അടുത്തേക്ക് വന്ന് നിന്ന് കുഞ്ഞിപ്പെണ്ണ് മുഖം കൈകുമ്പിളിൽ എടുത്തുപിടിച്ച് ചോദിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു….. മറുത്തൊന്നും പറയാതെ കണ്ണ് തുടച്ച് മുറിക്കുള്ളിലേക്ക് നടന്നു…..

“”താനും മോളും ഇല്ലാതെ തനിച്ചവിടെ പറ്റുന്നില്ല…..”” മുറിയിലെ കിടക്കയിൽ അച്ഛന്റേം മോൾടേം കളിചിരികൾ ഓർത്തുകൊണ്ട് ഇരിക്കുമ്പോഴായിരുന്നു കുഞ്ഞിപ്പെണ്ണിന്റെ അച്ഛൻ കയറിവന്ന് അരികിലിരുന്നത്…

“താല്പര്യം ഇല്ലെങ്കിൽ വേണ്ടാട്ടോ…..” വേദന തങ്ങിനിറഞ്ഞ പുഞ്ചിരിയോടെ അയാള് എഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ മേശവലിപ്പ് വലിച്ചു തുറന്ന് അന്ന് തന്ന ചെക്ക് ലീഫ് അയാൾക്ക് നേരെ നീട്ടി……

“””സ്വന്തം കുഞ്ഞിന്റെ അമ്മയ്ക്ക് ആരും വിലയിടില്ല…..””” തലതാഴ്ത്തി നേർത്ത ചിരിയോടെ അയാളുടെ നെഞ്ചിലേക്ക് പതിയെ ചാഞ്ഞു…..

“”” പത്തൊൻപത് വർഷം വേണ്ടിവന്നോ ഈ അച്ഛനും മോൾക്കും ന്നെ ഒപ്പം കൂട്ടാൻ…..””” നേർത്ത പരിഭവം അവളുടെ വാക്കുകളിൽ തിങ്ങി നിറഞ്ഞു…..

ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത വിധം വീടടച്ച് പൂട്ടി കുഞ്ഞിപെണ്ണിനൊപ്പം കാറിനു പിന്നിൽ ഇരിക്കുമ്പോൾ മുന്നിലെ കോ ഡ്രൈവർ സീറ്റിലിരുന്നയാൾ ഇടയ്ക്കിടെ ആാാ അമ്മയെയും മകളെയും വാത്സല്യത്തോടെ നോക്കി… ഇടയ്ക്കിടെ ഒരു ഇരുപത്തേഴുകാരനെപോലെ അയാളുടെ കണ്ണുകളിൽ കുഞ്ഞിപ്പെണ്ണിന്റെ അമ്മയോടുള്ള പ്രണയം തിളങ്ങി…..

അവസാനിച്ചു….