ആ വാർത്ത നമ്മളെയൊക്കെ അറിയിക്കാനും ആ പാവം പെൺകുട്ടിയുടെ അച്ഛനമ്മമാരുടെ അവസ്ഥ നമ്മളെ അറിയിക്കാനും വേണ്ടിയാ ആ അക്കാ ആ ഊരിൽ പോകുന്നത്…

തീയിൽ കുരുത്തവൾ ~ രചന: നിവിയ റോയ്

എന്തിനാ അമ്മാ ആ അക്കായെ പോലീസുകാര് തടയുന്നത്…?

കനൽ അടുപ്പിനടുത്തിരുന്നു രാത്രിയിലേക്കുള്ള റൊട്ടി ചുട്ടുകൊണ്ടിരുന്ന അമ്മയോട്ടി,ടി.വി യിലെ കാഴ്ചകണ്ടു മാലയെന്ന പത്തു വയസ്സുകാരി ചോദിച്ചു….

അത് ആ ഊരിൽ ഒരു പെൺകുട്ടിയെ കുറേ ദുഷ്ടൻമാര് ചേർന്നു കൊന്നു.

ആ വാർത്ത നമ്മളെയൊക്കെ അറിയിക്കാനും ആ പാവം പെൺകുട്ടിയുടെ അച്ഛനമ്മമാരുടെ അവസ്ഥ നമ്മളെ അറിയിക്കാനും വേണ്ടിയാ ആ അക്കാ ആ ഊരിൽ പോകുന്നത്

ആ പെൺകുട്ടിയെ എന്തിനാ കൊന്നേ ….?

അത് പറഞ്ഞാൽ ഉനക്ക് ഒന്നും മനസ്സിലാവില്ല…. അമ്മയുടെ. നെടുവീർപ്പു തട്ടി കനലുകൾ കൂടുതൽ ചുവന്നു തിളങ്ങി

മാല കണ്ണേ അമ്മയുടെ അടുത്ത് നിന്നു എങ്കേയും പോകരുത്….അവർ കൂട്ടിചേർത്തു

ഈ അക്കയ്ക്ക് പോലീസുകാരെ പേടിയില്ലേ?

നമ്മുടെ ചേരിയില് പോലീസ് വരുമ്പോൾ എല്ലാരും പേടിച്ചു ഓടുവല്ലോ. അവൾ ചോദിച്ചു

നമ്മുടെ തെരുവിലുള്ളവർക്കു പഠിപ്പില്ല… നല്ല തൊഴിൽ ഇല്ല…കാശില്ല….പദവിയില്ല….ഇതൊക്കെ ഉള്ളവരുടെ മുൻപിൽ നമ്മൾ ഇരുകാലുള്ള മൃഗങ്ങൾ ആണ്…

ആ അക്കയെ കണ്ടോ നല്ല മിടുക്കിയാണ്. അവള് നന്നായിട്ടു പഠിച്ചു. ഒരു പത്രത്തിലും ജോലി ചെയ്യുന്നു. അവൾക്കു നല്ല ധൈര്യവുമുണ്ട് …. നീയും നന്നായിട്ട് പഠിക്കണം മാല കണ്ണേ… അമ്മയുടെ കണ്ണുകൾ തിളങ്ങി.

എനിക്കും നന്നായിട്ട് പഠിക്കണം… അവൾ പറഞ്ഞു

നീ കടവുളിനോട് പറ… റൊട്ടി കനലിൽ മറിച്ചും തിരിച്ചും ഇട്ടുകൊണ്ട് അവളുടെ അമ്മ പറഞ്ഞു

തുണികൾ തോരണം തൂക്കിയിട്ട അയയുടെ ഇടയിൽക്കൂടി അഴുക്കുപിടിച്ചു നിറം മങ്ങിയ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന പേരറിയാത്ത കടവുളിനെ നോക്കി അവൾ എന്തൊക്കയോ മന്ത്രിച്ചു.

ഇന്ന് ആ ചേരി അവിടെയില്ല…. അവിടെ ഇന്ന് അത്യാധുനിക സൗകര്യമുള്ള ഷോപ്പിങ് കോംപ്ലക്സുകളും ആഡംബരം നിറഞ്ഞ കൂറ്റൻ ഫ്ലാറ്റുകളുമാണ്…

മാലയും അമ്മയുമൊക്കെ എങ്ങോട്ടോ മാറ്റപ്പെട്ടിരുന്നു

ആ കെട്ടിടങ്ങളിൽ ഒന്നിൽ ഇരുന്നു ബർഗർ തിന്നുകൊണ്ടു ടി വി കണ്ടുകൊണ്ടിരുന്ന നിരഞ്ജന എന്ന കൗമാരക്കാരിയായ പെൺകുട്ടി അമ്മയോട് പറഞ്ഞു

മമ്മി നോക്ക് ടി വി യിൽ ഒരു ആന്റിയെ കുറേ വനിതാ പോലീസുകാർ തടയുന്നു. എന്തിനാ…?

വർഷങ്ങൾക്കു മുൻപ് മാല ചോദിച്ച അതേ ചോദ്യം…അവളുടെ അമ്മ മുഖത്ത്അ ഫേസ് പാക്ക് ഇട്ട് ഐപോഡ്‌സ് കാതിൽ വെച്ച് റീലാക്സിങ് മ്യൂസിക് കേട്ട് കണ്ണടച്ച് കിടക്കുകയായിരുന്നു….

അവർ അവളുടെ ചോദ്യം കേട്ടില്ല കണ്ണിനു മീതെ വച്ചിരുന്ന നനഞ്ഞ മിനുസ്സമുള്ള തുണിയുടെ നനവ് പരിശോധിച്ചുകൊണ്ട് അവർ മ്യൂസിക് കേട്ട് കിടന്നു.

നിരഞ്ജന ടി വി യിലേക്ക് ഉറ്റു നോക്കി ഒരു പ്രമുഖ പത്രത്തിന്റെ മാധ്യമ പ്രവർത്തകയാണ്.

എന്തിനാണ് നിങ്ങൾ എന്നെ തടയുന്നത്?

വനിതാ പോലീസുമാർക്ക് നേരെ അവൾ ആക്രോഷിച്ചു.ആറു പേര് ചേർന്നു ഒരു പെൺകുട്ടിയെ മൃഗീയമായി റേപ്പ് ചെയ്യ്തു കൊന്നിരിക്കുന്നു. നിങ്ങൾക്കൊക്കെ എന്താ മനസ്സാഷി മരവിച്ചോ?

നിങ്ങളും അമ്മമാരും ചേച്ചിമാരുമൊക്കെ അല്ലേ….?നിങ്ങൾക്കും പെൺകുട്ടികൾ ഇല്ലേ?

ഞങ്ങൾക്ക് മുകളിൽ നിന്നുള്ള ഓർഡർ അനുസരിച്ചേ പറ്റൂ. അവർ തങ്ങളുടെ നിസ്സഹായാവസ്ഥ വിവരിച്ചു അവൾക്ക് മുന്നിൽ ഒരു മതിൽ തീർത്തു

ഇത് എന്റെ ജോലിയാണ് ഈ ക്രൂരത ലോകത്തെ അറിയിക്കുക എന്നത് എന്റെ കർത്താവ്യമാണ് ആണ്.

അവൾ അവർക്കിടയിലൂടെ മുന്നോട്ട് നീങ്ങാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു

അപ്പോഴാണ് ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥ അവളെ തടഞ്ഞു കൊണ്ടു മുന്നോട്ട് വന്ന് പറഞ്ഞു…

നിങ്ങൾക്ക് ഇപ്പോൾ വേണമെങ്കിൽ മടങ്ങിപ്പോകാം …

ഇല്ല ഞാൻ ഈ വാർത്ത റിപ്പോർട്ട്‌ ചെയ്യും.വിട്ടുകൊടുക്കുവാൻ ആ മാധ്യമ പ്രവർത്തക തയ്യാർ അല്ലായിരുന്നു.

നോക്കു നിങ്ങളൾക്ക് മുന്നോട്ട് പോകാനാണ് ഉദ്ദേശമെങ്കിൽ പിന്നീട് കാല് പിറകോട്ടു വെയ്ക്കരുത്. മരണം വന്നാൽ പോലും.

ഇല്ല… പിന്നോട്ട് നീങ്ങുന്ന പ്രശ്നമില്ല…അവൾ ഒരു നിമിഷം അതിശയത്തോടെ ആ പോലീസ്ഉദോഗസ്ഥയെ നോക്കി, മുന്നോട്ട് നീങ്ങികൊണ്ട് ഉറച്ച കാൽവെയ്പ്പുകളോടെ പറഞ്ഞു.

എങ്കിൽ മുന്നോട്ട്…. ഞാൻ ഉണ്ട് നിങ്ങളുടെ കൂടെ. അവർ തടഞ്ഞു വെച്ച ക്യാമറമാനേയും അവൾക്കൊപ്പം പറഞ്ഞയച്ചുകൊണ്ട് ആ ഉദ്യോഗസ്ഥ പറഞ്ഞു.

അത് പറഞ്ഞുകൊണ്ട് ആ മാധ്യമ പ്രവർത്തകയെ തടയാൻ ശ്രമിച്ചവർക്ക് നേരെ അവൾ ശബ്ദംമുയർത്തി.

അല്പം മാറി മാധ്യമ പ്രവർത്തകർ പാർക്ക്‌ ചെയ്തിരുന്ന വാഹനത്തിൽ ഇരുന്നു മറ്റൊരാൾ ആരും കാണാതെ ഈ ദൃശ്യങ്ങൾ പകർത്തി പുറംലോകത്തെ അറിയിക്കുന്നുണ്ടായിരുന്നു

അവരെ തടയാൻ വേണ്ടി മുന്നോട്ട് വന്നവരോട് അവൾ അജ്ഞാപിച്ചു ആരും അവളെ തടയരുത്…ആരും അനങ്ങിപോകരുത്

എന്തു ചെയ്യണം എന്നറിയാതെ എല്ലാവരും അനങ്ങാതെ നിൽക്കുകയാണ്

മേടം ഇത് ശരിയല്ല….ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് നമ്മൾക്ക് ഇന്നും അറിയില്ല… അവളുടെ സ്വരം വളരെ കടുത്തതായിരുന്നു.

ആ ഉദ്യോഗസ്ഥൻ അവളുമായി തർക്കിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവിടെ കൂടിനിന്നവരിൽ ഒരാൾ ഒരു പോലീസുകാരന്റെ കൈയിലെ തോക്ക് തട്ടിയെടുത്തു അവൾക്കു നേരെ നിറയൊഴിച്ചു.

അയാളുടെ മുഖത്ത് അപ്പോൾ ‌ അധികാരത്തിന്റെ ഒരു ഗർവ് ഉണ്ടായിരുന്നു

ആ ശബ്ദം കേട്ട് ആ മാധ്യമ പ്രവർത്തക അവളുടെ അരികിലേക്ക് ഓടി വരാൻ തുടങ്ങി.

തിരിഞ്ഞു നോക്കിയില്ലെങ്കിലും ആ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അത് ഊഹിക്കാൻ കഴിഞ്ഞു.

അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു മുന്നോട്ട് ….മുന്നോട്ട്… നീ ആ വീട് എത്തും വരെ എനിക്ക് ആയിരം വെടിയുണ്ട ഏറ്റാലും ഞാൻ വീഴില്ല….

അവളുടെ ആ ആജ്ഞ പോലുള്ള ശബ്ദം കേട്ട് അവൾ ആ പെൺകുട്ടിയുടെ വീട്ടിലേക്കു തന്നെ കുതിച്ചു.

എല്ലാവരും സ്തബ്ധരായി നിൽക്കേ ആയാൾ വീണ്ടും വീണ്ടും നിറ ഒഴിച്ചു. അവളുടെ ദേഹത്ത് നിന്നും മാംസകഷണങ്ങൾ ചിതറി കാക്കി കുപ്പായം ഒരു ചോര പുഴയായി….

കണ്ണിൽ ഇരുട്ട് നിറയും മുൻപ് അവൾ കണ്ടു അയാളുടെ തോക്ക് ആ മാധ്യമ പ്രവർത്തകയെ ലക്ഷ്യം വയ്ക്കുന്നത്. ആ നിമിഷം അവളുടെ കൈയിലെ തോക്കും ഗർജിച്ചു.ആ ഒറ്റ കാഞ്ചി വലിയിൽ അയാൾ നിന്ന നിലയിൽ തന്നെനിലം പതിച്ചു.

തന്റെ അടഞ്ഞു തുടങ്ങുന്ന കണ്ണുകൾ വലിച്ചു തുറന്നു അവൾ ഒന്ന് തിരിഞ്ഞു നോക്കി. അവർ ആ പെൺകുട്ടിയുടെ വീടിന്റെ പടി ചവിട്ടിക്കയറുന്നത് ഒരു പുഞ്ചിരിയോടെ അവൾ നോക്കി കണ്ടു… കാലുകൾ കുഴഞ്ഞു തുടങ്ങി അവൾ പതിയെ മുട്ടുകുത്തി…

അപ്പോൾ അങ്ങ് ദൂരെ ഓടുപാകിയ ആ കൊച്ചു വീട്ടിൽ ടി വി യിൽ ഈ ദൃശ്യങ്ങൾ കണ്ട് കൊണ്ടിരുന്ന ഒരു വൃദ്ധയായ അമ്മ എഴുന്നേറ്റു നിവർന്നു നിന്നു അവളെ സല്യൂട്ട് ചെയ്യ്തു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു.

മാല കണ്ണേ…. അമ്മ ഉയിരേ… നീയാണ് പെണ്ണ്…. അമ്മയുടെ അഭിമാനം….

അപ്പോൾ അവരുടെ ഒട്ടിയ വയർ ഉയർന്നു താഴുന്നുണ്ടായിരുന്നു…. ഹൃദയത്തിൽ രക്തം പൊടിഞ്ഞു… പക്ഷെ കണ്ണുകൾ കനൽ പോലെ കത്തി നിന്നു…. അവിടെ കൂടിയിരുന്നവർ നിറ കണ്ണുകളോടെ കൈകൾ അടിച്ചു….

അവൾ നിലം പതിക്കുമ്പോൾ ടി വി യിലെ സ്‌ക്രീനിൽ ചോരയിൽ എഴുതിയ അവളുടെ നെയിം ടാഗ് കണ്ടു മാല ശ്രീ ഐ പി സ്.

നിരഞ്ജന കസേരയിൽ നിന്നും കരഞ്ഞു കൊണ്ട് എഴുന്നേറ്റു അവളെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു…..

മാല നിങ്ങൾ മരിക്കുന്നില്ല…. ആ ശബ്ദം ആ കെട്ടിട സമുചയങ്ങളെ ചുഴറ്റി…

ആയിരങ്ങളുടെ കണ്ഠങ്ങളിലെ ശബ്ദമായി തെരുവുകളിലും നഗരങ്ങളിലും പാത ഓരങ്ങളിലും ഉയർന്നു….പിന്നെ പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും ശബ്ദമായി… അതിൽ അനേകം പെൺകുട്ടികളുടെ ശബ്ദം ഉണ്ടായിരുന്നു… അവരുടെ അച്ഛന്മാരുടെയും സഹോദരന്മാരുടെയും കൂട്ടുകാരുടെയും ശബ്ദമായി…..

അങ്ങ് അവസാന ശ്വാസം മാലയെ വേർപെടും മുൻപ് ആ ശബ്ദ വീചിക അവളുടെ കർണ്ണങ്ങളിൽ വന്നു തട്ടുന്നുണ്ടായിരുന്നു….. മുകളിൽ കത്തി ജ്വലിക്കുന്ന സൂര്യന് താഴെ വെയിലിലും വാടാത്ത ഒരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു നിന്നു…