പതിവിനു വിപരീതമായി പെട്ടന്നുണർന്നു മുറിക്കു പുറത്തേക്കു വന്ന അയാൾ കുഞ്ഞിനേയും എടുത്തു പുറത്തേക്കിറങ്ങി…

മകൻ ~ രചന: താമര താമര

ഉമ്മറത്തെ വിളക്ക് കെടുത്തി അയാളോടൊപ്പം ഉള്ളിലേക്ക് കേറുമ്പോൾ..എന്നത്തേയും പോലെ അയാളുടെ കൈയിൽ അന്നും ഒരു കുഞ്ഞുണ്ടായിരുന്നു…. അയാളുടെ കാലുകൾ നിലത്തുറച്ചിരുന്നില്ല…..നിലത്തുറക്കാത്ത കാലുമായി, ഇത്തിരിയോളം പോന്ന കുഞ്ഞുമായി ഒരിടത്തും വീഴാതെ വരുന്ന അയാൾ എന്നും എനിക്കൊരു ചോദ്യമായിരുന്നു…. ഉത്തരം കിട്ടാത്ത ചോദ്യം…. എവിടന്നു വരുന്നു എന്നു ഒരിക്കലും അയാൾ പറഞ്ഞിരുന്നില്ല. അല്ലെങ്കിലും എന്നെപോലുള്ളവരുടെ മുന്നിൽ വരുന്നവര് ഒരിക്കലും അത് പറയാൻ ആഗ്രഹിക്കാറില്ലലോ…

പതിവുപോലെ കുഞ്ഞിനെ ഉമ്മറത്തു കിടത്തി മുറിയിലേക്ക് പോകുന്ന അയാൾക്കൊപ്പം പോകുമ്പോൾ എന്തിനു വേണ്ടിയോ എന്റെ നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു…. പാലുകുടി മാറാത്ത കുഞ്ഞിന് അവന്റെ അമ്മയുടെ മുലപ്പാൽ നിഷേധിക്കുമ്പോൾ അമ്മക്കുണ്ടാകുന്ന വിങ്ങൽ… എന്നിലെ അമ്മ ഉണരുകയായിരുന്നു…

പലപ്പോഴും അയാളോട് ആ കുഞ്ഞിനെ കുറിച്ച് തിരക്കണം എന്നു വിചാരിക്കും.. പക്ഷെ എന്നെ പോലുള്ളവർക്ക് അതിനുള്ള അവകാശമില്ലലോ, മറ്റുള്ളവരുടെ മുന്നിൽ മടിക്കുത്തഴിക്കുമ്പോൾ എല്ലാ അവകാശങ്ങളും പെണ്ണിൽ നിന്നും മറഞ്ഞു പോകുന്നു… പിന്നെ അവളൊരു പാവ മാത്രമാണ്… ചലിക്കുന്ന പാവ…ആണിന്റെ ചൂടും ചൂരും അറിയാൻ മാത്രമുള്ളവൾ….വെറും കാശിനു വേണ്ടി ആണൊരുത്തന് മുന്നിൽ കിടന്നു കൊടുക്കുന്നവൾ… അവൾക്കൊരു പേര് വേശ്യ…. ഇഷ്ടമില്ലാത്തത് ചെയ്യാൻ ആണൊരുത്തൻ തുനിയുമ്പോൾ ഇഷ്ടക്കേടോടെ അവനു മുന്നിൽ നിന്നു കൊടുക്കുക… അതാണ് ജീവിതം… അതിനിടയിൽ പാൽമണവും മാതൃത്വവും എല്ലാം അന്യം നിന്നുപോകാൻ വിധിക്കപെട്ടവൾ…. പലരും പകൽവെട്ടത്തിൽ അറപ്പോടെയും വെറുപ്പോടേയും ഞങ്ങളെ പോലുള്ളവരെ നോക്കുമ്പോൾ. പല പകൽ മാന്യന്മാരുടെയും ചതിയിൽ അകപ്പെട്ടു ജീവിതം നഷ്ടപ്പെട്ടവരാണ് ഞങ്ങളെ പോലെയുള്ള പലരും. അതാരും ഓർക്കാറില്ല. എന്നും പെണ്ണിന് മാത്രമാണ് കുറ്റങ്ങൾ…

പക്ഷെ ബാക്കിയുള്ളവരെ പോലെയായിരുന്നില്ല അയാളെനിക്ക്… അയാള് വരുമ്പോൾ എന്നിൽ സന്തോഷമാണ്… ആടി കുഴഞ്ഞ കാലുകൾക്കിടയിൽ തളർന്നുറങ്ങുന്ന പുരുഷത്വം എനിക്ക് വേദനകൾ നൽകാറില്ല… ബോധം മറഞ്ഞുറങ്ങുന്ന അയാളെ കടന്നു ആ കുഞ്ഞിനടുത്തേക്കു ഓടുമ്പോൾ എന്നിലെ അമ്മ ഉണരുകയാണ്…പ്രസവിക്കാതെ തന്നെ കുറച്ചു സമയത്തെക്കെങ്കിലും ഞാനൊരു അമ്മയായി മാറുകയാണ്.. വല്ലപ്പോഴും കിട്ടുന്ന ആ അവസരം എന്നിലെ അമ്മയിൽ വേലിയേറ്റം സൃഷ്ടിച്ചു…..

പതിവിനു വിപരീതമായി പെട്ടന്നുണർന്നു മുറിക്കു പുറത്തേക്കു വന്ന അയാൾ കുഞ്ഞിനേയും എടുത്തു പുറത്തേക്കിറങ്ങി… പ്രകൃതി അതിന്റെ ഉഗ്ര രൂപത്തിൽ ഉറഞ്ഞു തുള്ളുന്നുണ്ട്…….

അരുത് ഈ മഴയിൽ കുഞ്ഞിനേയും കൊണ്ട് പോകരുത്…. ആദ്യമായി എന്നിൽ നിന്നും വന്ന വാക്കുകൾ കേട്ടിട്ടാകണം അയാൾ കുറച്ചു നിമിഷം എന്നെ തന്നെ നോക്കി നിന്നതു … ഒന്നും മിണ്ടാതെ കുഞ്ഞിനെ ഉമ്മറത്തു തന്നെ കിടത്തിയിട്ട് അയാൾ മഴയിലേക്ക് തന്നെ മറഞ്ഞു….

ദിവസങ്ങൾ കടന്നു പോയി ആടി കുഴഞ്ഞ അയാളുടെ കാലുകൾ ഒരിക്കലും മടങ്ങി വന്നില്ല…. മഴയിലേക്ക് മറഞ്ഞ അയാൾ എന്നിൽ എന്നും ഒരുത്തരം കിട്ടാത്ത ചോദ്യമായിരുന്നു.. അതിനു ശേഷം ഉമ്മറപ്പടിയിൽ ഒരിക്കലും വിളക്ക് തെളിഞ്ഞില്ല…. കാരണം ഞാൻ ഇന്നൊരു അമ്മയാണ്… എന്റെ മകന്റെ അമ്മ….
വിശപ്പ്‌ വയറിൽ കാളി കത്തുമ്പോൾ… കുഞ്ഞു കരച്ചിലുകൾക്കു ഇടവേളയില്ലാതെ വന്നപ്പോൾ… അവനെയും എടുത്തു കൊണ്ട് നടന്നു തുടങ്ങി… വേശ്യയെന്ന പട്ടം അവിടെ ഉപേക്ഷിച്ചു കൊണ്ട്…. പ്രസവിക്കാതെ.. മുലയൂട്ടാതെ… ഒരു അമ്മയായി…. എന്റെ മകന്റെ മാത്രം അമ്മ…..