ആരോ പടച്ചു വിട്ട ഒരു വീഡിയോയിൽ എന്റെ മുഖസാദൃശ്യമുള്ള ഒരു കുട്ടിയുടെ മുഖം കണ്ടെന്നു കരുതി അത് ഞാനാണെന്ന് കരുതി എനിക്കു വില പറയാൻ വന്നാലുണ്ടല്ലോ….

നിന്നേയറിയുമ്പോൾ ~ രചന: Unni K Parthan

“എത്രാ ഡീ നിന്റെ ഒരു രാത്രിയുടെ വില…”

കാർ സൈഡിലേക്ക് ഒതുക്കി നിർത്തി കാർത്തിയുടെ ചോദ്യം കേട്ട്…ബസ് സ്റ്റോപ്പിൽ നിന്ന ദേവപ്രിയ ഒന്ന് പകച്ചു..പിന്നെ ചുറ്റിനും നോക്കി…

“നീ ന്താ നോക്കുന്നേ…നിന്നോട് തന്നെയാ..” കാർത്തി ഒന്നുടെ ശബ്ദമുയർത്തി…

രണ്ടോ മൂന്നോ ആളുകളെ അവടെയുണ്ടായിരുന്നുള്ളു..അവരുടെ നോട്ടം ദേവപ്രിയയിലേക്ക് പതിഞ്ഞു..

മറ്റൊന്നും ആലോചിക്കാതെ ദേവപ്രിയ കാറിന്റെ ഡോർ തുറന്നു മുൻ സീറ്റിൽ കയറിയിരുന്നു..ഡോർ ശക്തിയിൽ വലിച്ചടച്ചു..

“ചേട്ടാ..ചേട്ടൻ വണ്ടിയെടുത്തേ..” ദേവപ്രിയപറഞ്ഞത് കേട്ട് കാർത്തി ഞെട്ടി…

“ന്താ കുന്തം വിഴുങ്ങിയത് പോലെയിരിക്കുന്നെ..റേറ്റ് ഒക്കെ മ്മക്ക് പോകും വഴി സംസാരിക്കാം…”

പകച്ചു പോയ കാർത്തി കാർ മുന്നോട്ടെടുത്തു…

കുറച്ചു ദൂരം മുന്നോട്ട് പോയതും…

“ഡോ..താൻ വണ്ടിയൊന്നു സൈഡിലേക്ക് പാർക്ക്‌ ചെയ്തേ..” ദേവപ്രിയയുടെ ശബ്ദം വല്ലാതെ കനത്തിരുന്നു…

കാർത്തി വേഗം ഇൻഡികേറ്ററിട്ട് സൈഡിലേക്ക് നിർത്തിയതെ കാർത്തിക്ക് ഓർമയുള്ളു..

പിന്നെ കരണത്തു അവളുടെ കൈ പതിഞ്ഞു പിൻവലിക്കുമ്പോൾ കവിളിൽ അവളുടെ വലതു കയ്യുടെ അഞ്ചു വിരലുകൾ പതിഞ്ഞിരുന്നു..

“ദേ ഈ അടി ന്തിനാണ് ന്ന് മനസ്സിലായോ…കാർത്തിക്ക്…”

കാർത്തി ഞെട്ടി തരിച്ചു അവളെ നോക്കി…

“നിന്റെ ഒരാലോചന വന്നിരുന്നു എന്നുള്ളത് നേരാ..എനിക്കു അതിനു സമ്മതവുമായിരുന്നു..പക്ഷേ..ആരോ പടച്ചു വിട്ട ഒരു വീഡിയോയിൽ എന്റെ മുഖസാദൃശ്യമുള്ള ഒരു കുട്ടിയുടെ മുഖം കണ്ടെന്നു കരുതി അത് ഞാനാണെന്ന് കരുതി എനിക്കു വില പറയാൻ വന്നാലുണ്ടല്ലോ…നിന്റെ കഴുത്തിനു മേലേ ഈ തലയങ്ങു വേണ്ട ന്ന് കരുതും ഞാൻ…കൊറേ ആയി ആളുകളുടെ കുത്തു വാക്ക് കേട്ട് നെഞ്ച് പൊള്ളുന്നു..ആരോ ചെയ്തു പോയ പാതകത്തിനു…നശിച്ചു പോയത് എന്റെ ജീവിതമാണ്..എല്ലാം അറിഞ്ഞിട്ടാണ് നിന്റെ ആലോചന വന്നതെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷിച്ചു ഞാൻ..പക്ഷേ എനിക്ക് തെറ്റി…” പാതിയിൽ നിർത്തി…ദേവപ്രിയ….

“ഡോ…തനിക്കു തെറ്റി…തനിക്കു വിലയിടാൻ വന്നതല്ല ഞാൻ…എല്ലാരുടെയും കുത്തുവാക്കുകൾ കേൾക്കുന്ന ആളുടെ നെഞ്ചിലെ വിങ്ങൽ ഒന്ന് പെയ്തോഴിയട്ടെ ന്ന് കരുതി മനഃപൂർവം ചോദിച്ചതാ..കാരണം ഈ ചോദ്യം ഇനി മറ്റൊരാൾ തന്നോട് ചോദിച്ചാലും പൊള്ളരുത് ആ നെഞ്ച്…ഒന്നുമില്ലേ എന്റെ വലതു കയ്യിൽ നിന്റെ ഇടതു കൈ ചേർത്ത് പിടിക്കുമ്പോൾ…എന്നും ഈ ചോദ്യം എല്ലാത്തിനുമുള്ള ഊർജമായി കൂടെ ഉണ്ടാവട്ടെ ന്നേ…”

കാർത്തിയുടെ മറുപടി കേട്ട് ദേവപ്രിയ അമ്പരന്നു..

“എല്ലാം അറിഞ്ഞിട്ടാ പെണ്ണേ ഞാൻ വന്നത്..ഒന്ന് പൊള്ളിക്കാൻ തീരുമാനിച്ചു..അത്…എന്റെ ഒരു സമ്മാനമാണ്…എല്ലാം പെയ്തൊഴിഞ്ഞു പോകാൻ..ഞാനും എന്റെ ഹൃദയവും നിനക്ക് തന്ന ഒരു മരുന്ന്…ഞാനിങ്ങനെയാണ്…എന്നേ സഹിക്കാൻ വല്യ പാടാവും ഇനി…ന്തേ കൂടെ കൂടുന്നോ…”

“കേട്ട് ശീലിച്ചെങ്കിലും…ദേ അല്പം മുന്നേ ഹൃദയം തകർത്തു കളഞ്ഞു ട്ടോ…പക്ഷേ…ഇപ്പൊ ന്തോ…കാർത്തി പറഞ്ഞത് പോലെ ഉള്ളിൽ നിന്നും ന്തോ പെയ്തൊഴിഞ്ഞ പോലെ തോന്നുവാ…”

കാർത്തിയുടെ കരുവാളിച്ച കവിളിൽ പതിയെ ദേവപ്രിയ അവളുടെ വിരലുകൾ കൊണ്ട് തലോടി..

“ഇങ്ങനാണ് പെണ്ണേ ജീവിതം..ഇനിയും ന്തെല്ലാം കാണാൻ..കേൾക്കാൻ….കിടക്കുന്നു…അന്നൊക്കെ ദേ ഇങ്ങനെ ഒന്ന് തലോടി കൂടെയുണ്ടായാൽ മതി…അതു മാത്രം മതി….” നേർത്തിരുന്നു കാർത്തിയുടെ ശബ്ദം…

“തിരിച്ചും….” പതിയെ പറഞ്ഞു കൊണ്ട് ദേവപ്രിയ കാർത്തിയുടെ തോളിലേക്ക് ചാരി..

ശുഭം…