ആരേലും വൃത്തികേട് പറഞ്ഞാ അതും കേട്ടോണ്ട് വന്നു നിന്ന് കരയാൻ നാണമില്ലേ നിനക്ക്…?? ആരായാലും ചെകിടത്തൊന്ന് പൊട്ടിക്കാര്ന്നില്ലേടീ…

രചന: സിയ യൂസഫ്

( ഭാവന ഒട്ടുംതന്നെ തൊട്ടു തീണ്ടാത്ത എന്റെ ഒരനുഭവമാണ് ഞാനിന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്… )

ഞാനന്ന് ഡിഗ്രിക്ക് ലാസ്റ്റ് ഇയർറിനു പഠിക്കുകയാണ്…..

അന്നെന്തോ കാരണത്താൽ ക്ലാസ് ഉച്ചയ്ക്ക് വിട്ടു….. ബി കോമിലുള്ള ഞങ്ങൾ നാലു പേരും പിന്നൊരു ബി എ ക്കാരിയും അടങ്ങുന്നതാണ് ഞങ്ങളുടെ ഗ്യാങ്ങ്….അതിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും ഒരേ റൂട്ടിൽ നിന്നും വരുന്നവരുമാണ്…..ക്ലാസിൽ നിന്നുമിറങ്ങി ഗേറ്റിനരികിലെത്തിയപ്പോഴാണ് ബി എ യിലുള്ള ശോഭ ഓടി വന്നത്

“” ഡീ…. ഞങ്ങക്കിൾക്കിന്ന് സാറ് സ്പെഷ്യൽ ക്ലാസ് വച്ചിട്ടുണ്ട്….അറ്റൻഡ് ചെയ്തില്ലെങ്കിൽ ആകെ സീനാവും….. നിങ്ങളു വിട്ടോ “”

“”എന്നാപ്പിന്നെ നീയത് കഴിഞ്ഞിട്ടു വന്നാ മതി…. ഞങ്ങള് നടക്കട്ടെ “” എന്നും പറഞ്ഞ് ഞങ്ങള് പോന്നു…..

സ്റ്റാൻഡിലെ വെയിറ്റിങ് ഷെഡിൽ കത്തിവച്ച് ഇരിക്കുമ്പോഴുണ്ട് ശോഭ വരുന്നു…..കുറച്ചു മുമ്പ് കണ്ട പോലെ അല്ല , കണ്ണും മുഖവുമൊക്കെ ചുമന്ന്…. കരഞ്ഞു വീർത്ത്…..ആകെക്കൂടി ഒരു സ്പെല്ലിങ് മിസ്റ്റേക്……

“”എന്താടീ നിന്റെ മുഖൊക്കെ വല്ലാതെ….നിനക്ക് ക്ലാസുണ്ടെന്ന് പറഞ്ഞിട്ടെന്തേ….. ഇരുന്നില്ലേ……?? “” വിജി ചോദിച്ചു.

“” ക്ലാസ് ,സാറ് ക്യാൻസൽ ചെയ്തു….. “”

ശബ്ദം പുറത്തു കേൾക്കാത്ത വിധമായിരുന്നു അവളുടെ മറുപടി…… ഒപ്പം കണ്ണുകളും നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു….കണ്ണീരിന്റെ കാരണമറിയാതെ ഞങ്ങൾ നാലെണ്ണം അന്യോന്യം നോക്കി പുരികമുയർത്തി……

“” എന്തു പറ്റീടാ….. എന്തിനാ നീ കരയണത് ?? കാര്യം പറ….. “”

എന്റെ ചോദ്യം കേട്ടതും അവളുടെ തേങ്ങലിന്റെ ആഴം കൂടി…പിന്നെ, പതിയെ കണ്ണീരിനെ നിയന്ത്രിച്ചു കൊണ്ട് അവൾ പറഞ്ഞു;

“” ഒരാളെന്നോട് വേണ്ടാത്തത് പറഞ്ഞു….. അതെന്താന്ന് നിങ്ങളോട് പറയാൻ പോലും എനിക്ക് അറപ്പാ……”” അവള് വീണ്ടും കരച്ചില് തുടങ്ങി…..

“” ആരേലും വൃത്തികേട് പറഞ്ഞാ അതും കേട്ടോണ്ട് വന്നു നിന്ന് കരയാൻ നാണമില്ലേ നിനക്ക്……?? ആരായാലും ചെകിടത്തൊന്ന് പൊട്ടിക്കാര്ന്നില്ലേടീ…… ആരാ അയാള് ?? ഇനി കണ്ടാ നീയ് തിരിച്ചറിയോ ?? “””

എന്റെ രക്തം തിളച്ചു തുടങ്ങിയിരുന്നു…..പെട്ടന്ന് അവളെന്റെ കയ്യിൽ മുറുകെ പിടിച്ചു…..

“” അയാളാ….. അയാളാ ന്നോട് വേണ്ടാത്തത് പറഞ്ഞത്…… “””

അവൾ വിരൽ ചൂണ്ടിയിടത്തേക്ക് ഞങ്ങളൊന്നടങ്കം നോക്കി…ലൈറ്റ് റോസ് കളർ ഷർട്ടും വെള്ള മുണ്ടും ഉടുത്ത , മധ്യവയസ്കനായൊരാൾ……കണ്ടാലോ ഭയങ്കര മാന്യനും !! അയാൾ യാതൊരു കൂസലുമില്ലാതെ ഞങ്ങളെ നോക്കി വഷളൻ ചിരി ചിരിച്ചു…..

കണ്ടാലൊരു പൊടിക്കുപ്പിയാണേലും , ഞാനാളൊരു കാന്താരി മുളകാണെന്നാണ് പൊതുവെയുള്ള എല്ലാവരുടേയും വയ്പ്പ്…….! അതുകൊണ്ടു തന്നെ എനിക്കങ്ങേരുടെ ചിരി കൂടി കണ്ടപ്പോ പെരുവിരലീന്നങ്ങു കേറി…..

“”” നമുക്ക് പോലീസിനോട് പറയാം…. “”ഞാൻ ഉറക്കെ പറഞ്ഞു.

ഞങ്ങൾ നിൽക്കുന്നതിന്റെ തൊട്ടപ്പുറത്ത് ‘ പോലീസ് എയ്ഡ് പോസ്റ്റ ‘ ആണ്….ആ ധൈര്യത്തിലാണ് ഞാനങ്ങനെ പറഞ്ഞതും……

“”വേണ്ടടീ… നിക്ക് പേടിയാ…. “” അവള് വീണ്ടും തുടങ്ങി….

എന്തായാലും എന്റെ ശബ്ദത്തിന്റെ പവറുകൊണ്ട് , ഞാൻ പറഞ്ഞത് തൊട്ടു ബാക്കിലെ ചെയറിലിരുന്ന ചില ചേട്ടൻമാർ കൃത്യമായി കേട്ടു……

“” എന്താ….. എന്താ പ്രശ്നം ?? “”

കാര്യമറിയാൻ അവർ മുന്നോട്ടു വന്നതും , ശോഭയുടെ എതിർപ്പു വക വെക്കാതെ ഞാൻ കാര്യം പറഞ്ഞു…..അതേസമയം തന്നെ, ഞങ്ങളുടെ ഭാവ ചലനങ്ങൾ ശ്രദ്ധിച്ചു കൊണ്ട് എയ്ഡ് പോസ്റ്റിൽ നിന്നും ഒരു പോലീസുകാരനും ഇറങ്ങി വന്നു……അദ്ധേഹത്തോടും കാര്യം പറയുകയും , അയാളെ കാട്ടിക്കൊടുക്കുകയും ചെയ്തു….

ഞങ്ങളുടെ വിരലുകൾ തനിക്കു നേരെ ചൂണ്ടുന്നതു കണ്ട അയാൾ ആകെ പരവശനായി……കാര്യങ്ങൾ ഇത്ര വേഗം കൈവിട്ടു പോകുമെന്ന് അയാളും കരുതിക്കാണില്ല ! അതുവരെ ഇളിച്ചോണ്ടു നിന്ന അങ്ങേര് പെട്ടന്ന് ഓടാൻ തുടങ്ങി……അതുകണ്ട പോലീസുകാരൻ നിർത്തിയിട്ട ബസുകൾക്കിടയിലൂടെ ഷോട്ട് കട്ടെടുത്ത്, നിമിഷങ്ങൾക്കകം കൂളായി അങ്ങേരെ ഷർട്ടിന്റെ കോളറിൽ തൂക്കിയെടുത്ത് ഞങ്ങളുടെ മുന്നിലേക്ക് കൊണ്ടുവന്നിട്ടു…..

ശോഭ കിടുകിടാ വിറയ്ക്കാൻ തുടങ്ങി…..എന്റെ കയ്യിൽ മുറുകെ പിടിച്ച് അവൾ പുറകോട്ട് നീങ്ങി നിന്നു……

“” ഇയാള് തന്നെയല്ലേ കുട്ടിയോട് അസഭ്യം പറഞ്ഞത്……?? “” സാറ് ചോദിച്ചു…

അവൾ പേടിയോടെ ‘ അതെ ‘ എന്ന് തലകുലുക്കി…..

“” നീയൊക്കെ പെമ്പിള്ളേരോട് അനാവശ്യം പറയും അല്ലേടാ…….നിന്റെ മോളാവാനുള്ള പ്രായല്ലേടാ ആ കൊച്ചിനുള്ളൂ….. നിന്നെയൊക്കെ ഇന്നു ഞാൻ…… “” സാറ് സ്റ്റണ്ട് തുടങ്ങിക്കഴിഞ്ഞിരുന്നു….. !

‘കൂമ്പിനിടി’ എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ… അന്നത് നേരിട്ട് കണ്ടു…..! അതും ഒരുകൈ അകലത്തിൽ നിന്നുകൊണ്ട്……ആദ്യത്തെ അനുഭവമായതു കൊണ്ട് ഞങ്ങൾക്കും ആകപ്പാടെ ഒരു വിറയൽ പോലെ……

സംഗതി വൈറലായതോടെ സ്റ്റാൻഡിലെ സകലമാന ആളുകളും ഒരൊറ്റ വൃത്തമായി മാറി……വിവരമറിഞ്ഞ ഞങ്ങളുടെ ബസിന്റെ കണ്ടക്ടർ ഞങ്ങളോട് പോയി ബസിൽ കയറി ഇരുന്നോളാൻ പറഞ്ഞു ( സാധാരണ സി ടി പിള്ളേർക്ക് ഈ ചാൻസ് കിട്ടാറില്ല )…..

ആശ്വാസത്തോടെ ഞങ്ങളെല്ലാം കൂടി ബസിനരികിലേക്ക് സ്പീഡിൽ നടന്നു അല്ല, ഓടി…..

“” അയ്യോ സാർ തല്ലല്ലേ….. ഇനി ചെയ്യില്ല സാർ…. പ്ലീസ് സാർ….. “”

അങ്ങേരുടെ ദീന രോദനം അപ്പോഴും അവിടമാകെ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു……

വീട്ടിലെത്തി , കാര്യങ്ങളെല്ലാം വിസ്തരിച്ചു തന്നെ എല്ലാവരേയും പറഞ്ഞു കേൾപ്പിച്ചു….സംഭവം കേട്ട ഇത്താത്തമാരും വേറെ ചിലരും പറഞ്ഞു;

“” വെറുതെ പുലിവാലു പിടിക്കാൻ നിക്കണ്ട… അയാളെങ്ങാൻ നിങ്ങളെ നോട്ട് ചെയ്ത് വല്ലതും ചെയ്താല് പിന്നെ പറഞ്ഞിട്ട് കാര്യല്ല്യ…… “”

ഞാനതു കേട്ടു ചിരിച്ചതേയുള്ളൂ…… കാരണം, എനിക്കതിനു മറുപടി ഒന്നേ ഉണ്ടായിരുന്നുള്ളൂ….

“” അയാള് ഇത്രയൊക്കെ പറഞ്ഞിട്ടും നമ്മള് പ്രതികരിക്കാതിരുന്നാൽ ,,, നാളെ അയാള് അതിനേക്കാൾ വലുത് പ്രവർത്തിക്കില്ല എന്ന് ആര് കണ്ടു…..?? “”

എന്റെ വാക്കുകൾ സത്യമായിരുന്നെന്ന് രണ്ടു ദിവസത്തിനകം ഞങ്ങളറിഞ്ഞു…..ഞങ്ങളോടൊപ്പം സ്ഥിരമായി ബസിൽ യാത്ര ചെയ്യാറുള്ള ഒരു ചേച്ചി….. അവരൊരു വക്കീൽ ഗുമസ്തയായിരുന്നു……ആ ചേച്ചിയാണ് പറഞ്ഞത് ;

“” നിങ്ങൾ പറഞ്ഞ ആ ആളില്ലേ…. അയാളെ ഇന്നലെ കോടതിയിൽ കൊണ്ടുവന്നിരുന്നു….ഏതോ ഒരു സ്ത്രീയെ പീഢിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന്…..!!””

അന്നേരം കണ്ണുകളിൽ കയറിക്കൂടിയ ഇരുട്ടിന്റെ പേര് ഭയം എന്നായിരുന്നോ…..??

അറിയില്ല !!

പക്ഷേ ഒന്നറിയാം…..

പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം……ചങ്കൂറ്റം കാണിക്കേണ്ടിടത്ത് അത് കാണിക്കുക തന്നെ വേണം…..സ്ത്രീയെ അബലയാക്കുന്നതും ദുർബലയാക്കുന്നതും സ്ത്രീ തന്നെയാവരുത്……

കണ്ണീരല്ല….. കരളുറപ്പാണ് വേണ്ടത് !!

”ആരാടീ ” എന്ന് ആരെങ്കിലും ചോദിച്ചാൽ,, ” നീയാരെടാ ” എന്ന് തിരിച്ച് ചോദിക്കാനുള്ള ചങ്കൂറ്റം പെണ്ണിനു വേണമെന്ന് പറഞ്ഞു പഠിപ്പിച്ചു തന്ന എന്റെ ഉപ്പച്ചിയോടുള്ള സ്നേഹം കുറിച്ചുകൊണ്ട്……

ഒത്തിരി ഇഷ്ടത്തോടെ…….❤️❤️❤️ സിയ യൂസഫ്…..