രചന: മഹാ ദേവൻ
“ന്റെ പെണ്ണെ… നീയിങ്ങനെ ഈ മുച്ചക്രവും തള്ളി ഉടയാത്ത ശരീരം വെറുതെ നശിപ്പിച്ചു കളയാതെ ഞാൻ പറഞ്ഞപ്പോലെ ഒന്ന് മനസ്സ് വെച്ചാൽ ഇത് തള്ളികിട്ടുന്നതിന്റെ പത്തിരട്ടി ഞാൻ തരാം.കാക്കേടെ വിശപ്പും മാറും പോത്തിന്റെ ചൊറിച്ചിലും……വെറുതെ ശീലാവതി ചമഞ്ഞിട്ട് വന്നു കേറിയ ഭാഗ്യം കളയണോ? ആരും അറിയില്ല ഇതൊന്നും. നീ ഒന്ന് നന്നായി ആലോചിക്ക്..കഷ്ടപ്പാട് മാത്രം മതിയോ ജീവിതത്തിൽ? “
അന്നും ഓട്ടോയിൽ കേറിയപ്പോൾ അയാൾക്ക് പറയാനുണ്ടായിരുന്നത് അത് മാത്രമായിരുന്നു.
ഹേമ ലോൺ എടുത്തൊരു ഓട്ടോയുമായി റോഡിലേക്ക് ഇറങ്ങിയത് മുതൽ മറ്റുള്ള ഓട്ടോക്കാരെക്കാൾ ഓട്ടമായിരുന്നു അവൾക്ക്.
അത് പെണ്ണെന്ന ഒറ്റ കാരണം കൊണ്ടാണെന്ന് അറിയാവുന്നത്ക്കൊണ്ട് തന്നെ മറ്റുള്ളവരുടെ അടക്കിപ്പിടിച്ച ചോദ്യങ്ങൾക്കും ഇടക്ക് കേറിവരുന്ന അശ്ലീലച്ചുവയുള്ള വാക്കുകൾക്കും കണ്ണടക്കാറാണ് പതിവ്.
പറയുന്നവർ പറയട്ടെ. അതിന് ചെവികൊടുക്കാനും പ്രതികരിക്കാനും നിന്നാൽ അതിന് മാത്രേ സമയം കാണൂ എന്നതുകൊണ്ട് അവൾ മൗനം പാലിക്കും.
പക്ഷേ, ആ മൗനം പലരും സമ്മതമായി വ്യാഖ്യാനിക്കുന്നത് കാരണം ഓട്ടം വിളിക്കുന്നവരിൽ ചിലർ കൂടെ കിടക്കാൻ കൂടി ക്ഷണിച്ചുതുടങ്ങിയപ്പോൾ കണ്മുന്നിൽ വീടിന്റ അവസ്ഥ തന്നെ ആയിരുന്നു പ്രതികരണത്തിന്റെ വാക്കുകളെ കടിഞ്ഞാണിട്ട് നിർത്തിയത്.
അതുപോലെ എന്നോ ഒരിക്കൽ കേറിയ ആളാണ് ഇയാളും. അന്നു മുതൽ തുടങ്ങിയതാണ് ഈ വിളിയും.
“അല്ല, ഹേമകുട്ടി ഒന്നും പറഞ്ഞില്ല… ഒരു രാത്രി ഓട്ടം ഉണ്ടെന്ന് പറഞ്ഞ് ഇറങ്ങിയാൽ മതി വീട്ടിൽ നിന്ന്.. അത്ര വിശ്വാസം ഉള്ള വീട്ടുകാർ ആണെന്നും പറഞ്ഞ് നിന്റെ വീട്ടുകാരെ സമ്മതിപ്പിക്ക്. പിന്നെ ഒക്കെ ഞാൻ ഏറ്റു.. പുലരും മുന്നേ വീട്ടിൽ എത്താം.. രാവിലെ ഒരു കുളി കഴിഞ്ഞാൽ മാറിക്കോളും ക്ഷീണം. ഇതൊക്കെ ഇത്രേ ഉളളൂ… നിനക്ക് പേടിയായത് കൊണ്ടാണ്. ഒരു വട്ടം ഒന്ന് വന്നാൽ മാറും നിന്റെ ഈ പേടിയൊക്കെ. “
അയാൾ അവളുടെ അകാരവടിവൊന്ന് അളന്നുകൊണ്ട് പറയുമ്പോൾ അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു ” ഒന്ന് പോയി നോക്ക്. പറഞ്ഞപോലെ കാക്കയുടെ വിശപ്പ് മാറിയില്ലെങ്കിലും പോത്തിന്റെ കടിയെങ്കിലും മാറ്റികൊടുക്കാലോ ” എന്ന്.
” ഒന്ന് ആലോചിച്ചാൽ ചേട്ടൻ പറഞ്ഞതൊക്കെ ശരിയാ… ഇതൊന്നും വെറുതെ പതിഞ്ഞു വെച്ചു നടന്നിട്ട് ഒരു ഗുണവുമില്ല. പക്ഷേ, ഈ രാത്രി എന്നുള്ളത് മാത്രം പറ്റില്ല.. ഇനി എത്ര വിശ്വസ്തരായ ആളുകൾക്കൊപ്പമാണ് പോകുന്നതെന്ന് പറഞ്ഞാലും അമ്മ സമ്മതിക്കില്ല. ഇന്നത്തെ കാലമല്ലേ ചേട്ടാ… ഞാൻ ഒരു പെണ്ണും, പെണ്ണിനെ കാണുമ്പോൾ കുരുപൊട്ടുന്ന ചേട്ടനെ പോലെ ഉള്ളവരുടെ നാട്ടിൽ രാത്രി ഒരു യാത്ര.. നോ രക്ഷ.. അതുകൊണ്ട് രാത്രി എന്നുള്ളത് പകൽ ആക്ക്. അങ്ങനെ ആണെങ്കിൽ…… “
അത് കേട്ടപ്പോൾ മുതൽ അയാൾ അതിയായ സന്തോഷത്തോടെ അവളെ നോക്കികൊണ്ട് ഒന്ന് ചുണ്ടുകൾ കടിച്ചു. പിന്നെ അവളുടെ കാതിലേക്ക് ഒന്ന് ചേർന്ന് നിന്ന് പറയുന്നുണ്ടായിരുന്നു ” പകലെങ്കിൽ പകൽ. നീ തയാറാണെന്ന് പറഞ്ഞാൽ പിന്നെ സമയം ഒരു വില്ലൻ അല്ലല്ലൊ ” എന്ന്.
” ഒരു കാര്യം ചെയ്യാം ചേട്ടാ.. നിങ്ങൾ വീട്ടിൽ വെയിറ്റ് ചെയ്താൽ മതി. അവരോട് എന്തെങ്കിലും കള്ളം പറഞ്ഞ് നിൽക്ക് എവിടേലും പോവാൻ ആണെന്ന്. അവിടെ നിന്ന് ഏട്ടനെ പിക് ചെയ്യുമ്പോൾ എന്നേം ആരും സംശയിക്കില്ലല്ലോ. “
എന്നും പറഞ്ഞ് വരേണ്ട വഴി മനസിലാക്കി അന്നത്തെ ഓട്ടത്തിന്റ കാശും വാങ്ങി ഓട്ടോ തിരിക്കുമ്പോൾ അവൾ ഓർമ്മിപ്പിക്കാൻ എന്നോണം ഒന്നുകൂടി പറയുന്നുണ്ടായിരുന്നു ” ചേട്ടാ.. രാവിലെ ഒൻപത് മണിക്ക് ഞാൻ അവിടെ എത്തും. വൈകരുത്. നേരത്തെ എനിക്ക് തിരികെ പോരണം. മനസ്സിലായല്ലോ ” എന്ന്.
അത് കേട്ട് അയാൾ സന്തോഷത്തോടെ തലയാട്ടുമ്പോൾ മനസ്സിൽ ഇതുവരെ മധുരം രുചിക്കാത്ത ആ കരിമ്പിനോടുത്തുള്ള നാളത്തെ നിമിഷങ്ങൾ ആയിരുന്നു . !
പിറ്റേ ദിവസം ഒൻപത് മണിയാകുമ്പോൾ വീട്ടുമുറ്റത്തേക്ക് കയറ്റിനിർത്തിയ ഓട്ടോ ജനൽ വഴി കണ്ടപ്പോൾ അയാളിൽ ഒരു തരിപ്പ് കേറുന്നുണ്ടായിരുന്നു.
ഇനി കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ആ കരിമ്പ് തന്റെ കൈക്കുള്ളിൽ കിടന്ന് ചണ്ടിയാകാൻ പോകുന്ന ദൃശ്യം കണ്ണുകള്ക്ക് കുളിരേകുമ്പോൾ പുറത്ത് മുറ്റത്തു വന്നു നിന്ന് ഓട്ടോ കണ്ട് ആരെന്ന് അറിയാൻ പുറത്തേക്ക് വന്നു നോക്കുന്നുണ്ടായിരുന്നു അയാളുടെ ഭാര്യ.
” ആര് വിളിച്ചിട്ടാ മോള് വന്നേ.. ഇവിടെ ആരും വണ്ടിക്ക് പറഞ്ഞില്ലല്ലോ ” എന്നും പറഞ്ഞ് സംശയത്തോടെ നോക്കുന്ന ആ മുഖത്തേക്കൊന്ന് നോക്കി ഹേമ.
കൂടെ അമ്മക്കൊപ്പം ഇറങ്ങിവന്ന ഏഴ് വയസ്സുകാരി മോളെയും.
പിന്നെ പുഞ്ചിരിയോടെ പറയുന്നുണ്ടായിരുന്നു ” ഇവിടുത്തെ ചേട്ടൻ വിളിച്ചിട്ട് വന്നതാ ചേച്ചി ” എന്ന്.
അപ്പോഴേക്കും ധൃതിയിൽ ഡ്രസ്സ് മാറി ഇറങ്ങിയ അയാൾ ഭാര്യയോട് പറയുന്നുണ്ടായിരുന്നു ” എടി, ഞാൻ ഇച്ചിരി വൈകുംട്ടോ.. ഒന്ന് രണ്ട് സ്ഥലത്തു പോകാനുണ്ട് ” എന്ന്. പിന്നെ ഹേമയെ നോക്കി കണ്ണിറുക്കികൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ വണ്ടിയിൽ ഉണ്ടായിരുന്ന ഒരു മിട്ടായി എടുത്തുകൊണ്ട് ആ കുഞ്ഞുമോൾക്ക് അരികിലേക്ക് നടന്നു ഹേമ. പിന്നെ ആ മിട്ടായി അവളുടെ കയ്യിൽ വെച്ചുകൊടുത്തു മോള് അകത്തുപോയി കഴിച്ചോ എന്നും പറഞ്ഞ് ആ കവിളിൽ ഒന്ന് തലോടുമ്പോൾ ആ കുഞ്ഞ് അമ്മയെ ഒന്ന് നോക്കി കൊണ്ട് ആ മിട്ടായി വാങ്ങി ഹേമക്ക് ഒരു പുഞ്ചിരി സമ്മാനിച് അകത്തേക്ക് പോയി.
അത് കണ്ട് ചിരിയോടെ നോക്കി നിൽക്കുന്ന അവളോട് അയാൾ ” പോകാം ” എന്ന് പറയുമ്പോൾ അവൾ തിരിഞ്ഞ് സംശയത്തോടെ ചോദിക്കുന്നുണ്ടായിരുന്നു
” അല്ല, ഇനിപ്പോ പോണോ ചേട്ടാ… പുറത്തൊക്കെ പോയാൽ പേടിക്കണം. ഇതിപ്പോ ഞാൻ ഇവിടെ വന്ന സ്ഥിതിക്ക് ഇവിടെ തന്നെ ഒന്ന് സെറ്റാക്കിയാൽ പോരെ.. പേടിക്കണ്ടല്ലോ.. കാവലായി ഭാര്യയും മോളും ഉണ്ടല്ലോ ” എന്ന്.
പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ട് അയാൾ ഒന്ന് ഞെട്ടുമ്പോൾ അതേ ഞെട്ടലിൽ ആയിരുന്നു അയാളുടെ ഭാര്യയും. എന്താണ് പറയുന്നത് എന്നറിയാതെ നോക്കി നിൽക്കുന്ന അവൾക്ക് മുന്നിൽ ഒരു വിളറിയ ചിരിയോടെ അയാൾ പെട്ടന്ന് വിഷയം മാറ്റാനെന്നോണം ചോദിക്കുന്നുണ്ടായിരുന്നു ” ഇവിടെ നിന്നാൽ നിക്ക് പോകേണ്ട സ്ഥലത്ത് എത്തില്ലല്ലോ കുട്ടി. അവിടെ ചെന്നിട്ട് എനിക്ക് വേഗം തിരികെ എത്താനുള്ളതാ..” എന്ന്. പിന്നെ ഭാര്യയെ നോക്കി പുഞ്ചിരിക്കുമ്പോൾ അത് ശ്രദ്ധിച്ചുകൊണ്ട് തന്നെ ഹേമ പറയുന്നുണ്ടായിരുന്നു.
“എന്റെ ചേട്ടാ… നിങ്ങൾക്ക് വേണ്ടത് എന്നെ അല്ലെ.. അതിപ്പോ ഇവിടെ ആയാലും കാര്യം നടന്നാൽ പോരെ.എന്റെ മേനി കണ്ടാൽ തരിക്കുന്നെന്ന് പറഞ്ഞ നിങ്ങൾ എന്തിനാ ഇപ്പോൾ വിറയ്ക്കുന്നത്?
എന്റെ മാറ് കണ്ട് തരിച്ച ആ കയ്യിന്റെ തരിപ്പ് മാറ്റുമ്പോൾ പുറത്ത് കാവൽ നിൽക്കാൻ ഭാര്യ ഉള്ളത് ഒരു ഭാഗ്യം അല്ലെ. പിന്നെ എന്റെ ഉടലിന്റ ചൂട് അറിയുമ്പോൾ എന്റെ ദാരിദ്ര്യം മാറ്റാനുള്ള കാശ് പണി കഴിയുമ്പോഴേക്കും എണ്ണി തിട്ടപ്പെടുത്തി വെക്കാൻ മകളും ഉണ്ട്. ഇതിൽ കൂടുതൽ സൗകര്യം ഒരു റൂം എടുത്താൽ കിട്ടുമോ. റൈഡ് പേടിക്കണ്ട. ആരും ശല്യവും ചെയ്യില്ല. അപ്പൊ ചേട്ടൻ ഒരു കാര്യം ചെയ്യ് ചേച്ചിയോട് നമുക്കുള്ള റൂം സെറ്റ് ആകാൻ പറ. എനിക്ക് പോയിട്ട് വേറെ ജോലിയുണ്ട് ” എന്ന്.
അവളുടെ ശാന്തമായ നിൽപ്പും കൂസലില്ലാതെ വാക്കുകളും കേട്ട് വിയർത്തു നിൽക്കുകയായിരുന്നു അയാൾ. അതോടൊപ്പം മുന്നിൽ നിൽക്കുന്ന ഭാര്യയുടെ നോട്ടം താങ്ങാൻ കഴിയാതെ തല താഴ്ത്തുമ്പോൾ ഹേമയുടെ വാക്കുകളിൽ രക്ഷപ്പെടാനെന്നോണം അയാൾ പറയുന്നുണ്ടായിരുന്നു ” നീ എന്തൊക്കെ ആണ് കൊച്ചേ ഈ പറയുന്നേ. എന്റെ വീട്ടിൽ കേറി വന്നു എന്റെ ഭാര്യയുടെ മുന്നിൽ വെച്ച് എന്നെ അപമാനിക്കാൻ നോക്കുവാണോ . നിന്റെ ശരീരം കണ്ട് മോഹിക്കാൻ മാത്രം അല്പനല്ലെടി ഞാൻ. ” എന്ന്.
അത് കേട്ടതും അയാളുടെ മുഖമടച്ചൊന്ന് കൊടുത്തു ഹേമ. പിന്നെ അടികൊണ്ട് മുഖം പൊത്തി ദേഷ്യത്തോടെ നോക്കുന്ന അയാളിൽ നിന്നും മുഖം തിരിച്ച് അടുത്തു നിൽക്കുന്ന അയാളുടെ ഭാര്യയെ നോക്കി ” ക്ഷമിക്കണം ചേച്ചി.. ഇത് ചേച്ചിയുടെ ഭർത്താവ് ചോദിച്ചു വാങ്ങിയതാണ്. ഇലാതായ്മയിൽ ജീവിക്കുന്ന എന്നെ മനസ്സിലാക്കാൻ ഒരു പെണ്ണായ ചേച്ചിക്ക് പറ്റുംമെന്ന് വിശ്വസിക്കുന്നു ” എന്നും പറഞ്ഞ് പിന്നെ അയാൾക്ക് നേരെ തിരിഞ്ഞു അവൾ.
” അപ്പൊ ചേട്ടാ… പറഞ്ഞ് വന്നത് എന്താണെന്ന് വെച്ചാൽ… വീട്ടിൽ കാണിക്കുന്ന മാന്യത പുറത്ത് ഇറങ്ങുമ്പോഴും കാണിച്ചാൽ ഇതുപോലെ വീട്ടിൽ ഇരുന്ന് അടി വാങ്ങേണ്ടി വരില്ല. ഞാൻ എന്റെ കഷ്ടപ്പാട് കൊണ്ട് ഈ മുച്ചക്രവും ഉരുട്ടി റോഡിലേക്ക് ഇറങ്ങുന്നത് നിന്നേ പോലുള്ള പോത്തുകളുടെ കടി മാറ്റാൻ അല്ല. നിവർത്തികേട് കൊണ്ടാണ്.
അങ്ങനെ നിവർത്തിയില്ലാതെ എന്തെകിലും ജോലി ചെയ്ത് കുടുംബത്തെ ചേർത്തുപിടിക്കാൻ കൊതിക്കുന്ന എന്നെ പോലെ ഉള്ള പാവങ്ങളുടെ വിശപ്പ് മാറ്റാൻ ചേട്ടൻ കഷ്ടപ്പെട്ട് ഇറങ്ങുമ്പോൾ ദേ, ഈ നിൽക്കുന്ന മുഖത്തേക്ക് ഒന്ന് നോക്ക്. അതുപോലെ ഉളിലേക്ക് പോയ ആ കുഞ്ഞിന്റെയും. ഈ മുഷിഞ്ഞ വേഷത്തിനുള്ളിൽ നിങ്ങളെ പ്രതിഷ്ഠിച്ച ഒരു മനസ്സുണ്ട്. അച്ഛനെന്ന് വിളിക്കുന്ന മോള് നാളെ വളരുമ്പോൾ എന്നെ പോലെ ഒരു മുഖം അവൾക്കും ഉണ്ടാകും. ഇതുപോലെ ഒരു ശരീരവും. അന്ന് പട്ടിണി മാറ്റാൻ ആ കുട്ടിയെ ഇതുപോലെ ആരും വിളിക്കാതിരിക്കാൻ ഇന്ന് എന്റെ പട്ടിണി മാറ്റാൻ കാണിക്കുന്ന ഈ ശുഷ്ക്കാന്തി സ്വന്തം കുടുംബത്തിന് വേണ്ടി കാണിക്ക്. വളർന്നു വരുന്നത് പെണ്ണാണ്..അതും ശീലാവതി ആവാൻ കൊതിക്കുന്ന ഒരു മനസ്സ് ആയിരിക്കും. സ്വന്തം ഉടലു പൊതിഞ്ഞപിടിക്കാൻ കൊതിക്കുന്നവൾ. ഇന്ന് നിങ്ങൾ എന്നെ പോലുള്ളവരെ ശീലാവതി എന്ന് പുച്ഛിച്ചു മുഖത്തേക്ക് എറിയുന്ന കാശ് മതി ആ കുഞ്ഞിന് ശീലാവതിയായി ജീവിക്കാൻ.
ഒരു പെണ്ണിന് എന്നും വലുത് അവളുടെ ഉടലിന്റ പരിശുദ്ധിയാണ് ചേട്ടാ… പട്ടിണി എന്ന വാക്ക് കൊണ്ട് അതിനെ ചൂഷണം ചെയ്യരുത്. അപേക്ഷയാണ്… “
അതും പറഞ്ഞവൾ എല്ലാവരെയും ഒന്ന് നോക്കികൊണ്ട് ഓട്ടോയിൽ കയറി പുറത്തേക്ക് പോകുമ്പോൾ അയാൾ ആകെ ഉരുകിയൊലിക്കുകയായിരുന്നു.
കൂടെ ഭർത്താവിനെ രൂക്ഷമായി നോക്കികൊണ്ട് ഭാര്യയും.
അതേ സമയം അകത്തു നിന്ന് അച്ഛാ എന്നും വിളിച്ച് പുറത്തേക്ക് വന്ന മകളുടെ കയ്യിൽ മുറുക്കെ പിടിക്കുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു
” അകത്തേക്ക് പോ പെണ്ണെ.. കാലം ആത്ര നല്ലതല്ല.. ചോരയാണെങ്കിലും ചേരി തിരിച്ചു നിർത്തേണ്ട കാലം ആണ്. ചതിക്കില്ലെന്ന് ആർക്ക് അറിയാം ” എന്ന്…
ആ വാക്കുകൾ ഒരു കുത്തലായി അയാളുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അമ്മയുടെ സാരിത്തുമ്പിൽ ഒതുങ്ങിയ ആ കുഞ്ഞുമുഖത്തെ നോട്ടം അയാളോട് പറയാതെ പറയുന്നപോലെ തോന്നുന്നുണ്ടായിരുന്നു ” അച്ഛൻ ചീത്തയാ ” എന്ന്..