സുഹൃത്താണെന്ന് പറഞ്ഞു കൂട്ട് കൂടി പെട്ടെന്ന് ഇഷ്ടമാണെന്ന് പറഞ്ഞാൽ ചിലപ്പോൾ ആ സൗഹൃദം തന്നെ തകർന്നു പോയേക്കാം എന്ന് കരുതി ഒന്നും പറഞ്ഞില്ല….

ദേവർഷം ~ രചന: അക്ഷര എസ്

“ആർക്കാടാ ദേവർഷിന്റെ അനിയന്റെ ദേഹത്ത് തൊടാൻ മാത്രം ധൈര്യം ഇവിടെ….”കോളേജിന്റെ മുറ്റത്തു തടിച്ചു കൂടി നിന്ന വിദ്യാർത്ഥികളുടെ ഇടയിൽ വന്നു അലറി കൂവി കൊണ്ട് ചോദിച്ച ആ കണ്ണുകളിൽ ചോര പൊടിഞ്ഞ കണക്കു രക്ത വർണ്ണം പടർന്നിരുന്നു…ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ച അനിയന്റെ മൂക്കിലെ വെളുത്ത പ്ലാസ്റ്റർ കാൺകെ കണ്ണുകളിൽ വീണ്ടും അഗ്നി പടർന്നു…

“ഡാ അല്ല ദേവർഷേട്ടാ ഡീയാ….”അടുത്ത് നിന്നിരുന്ന ഒരുത്തൻ കാതോരം പതിയെ പറഞ്ഞപ്പോഴാണ് കൂടി നിന്നിരുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്നും ഒരു പെൺക്കുട്ടി മുൻപോട്ട് വന്നത്…

ബ്ലൂ ജീൻസും വൈറ്റ് ഷർട്ടും ഇട്ടൊരു പെൺക്കുട്ടി കൈ മാറിൽ പിണച്ചു വച്ചു ദേവർഷിന്റെ മുൻപിൽ തന്നെ വന്നു നിന്നു…

ദേവർഷ് അനിയനെ ഒന്ന് നോക്കിയപ്പോൾ അതേയെന്ന ഭാവത്തിൽ തല മെല്ലെയൊന്നാട്ടി…

എതിരാളി പെണ്ണാണെന്ന അപ്രതീക്ഷിതമായ തിരിച്ചറിവിൽ ഉള്ളിൽ നുരഞ്ഞു വന്ന വീര്യമൊക്കെ കെട്ടടങ്ങിയിരുന്നു…

കോളേജിൽ വച്ചു അനിയനെ ആരോ അടിച്ചെന്ന് ചെവിയിൽ എത്തിയപ്പോൾ ചാടി പുറപ്പെട്ടു വന്നതാണ്…. ആരാണെന്നോ എന്താണെന്നോ ചോദിയ്ക്കാനുള്ള ക്ഷമയൊന്നും കേട്ടപ്പാടെ ഉണ്ടായിരുന്നില്ല…തന്റെ ചോരയെ തൊട്ടവന്റെ കൈ വേണമെങ്കിൽ വെട്ടിയെടുക്കണം എന്ന് കരുതി തന്നെ ഇറങ്ങി പുറപ്പെട്ടിട്ട് ഇതിപ്പോൾ എല്ല് പോലൊരുത്തി…

പെണ്ണാണെങ്കിലും നൊന്തത് തന്റെ അനിയനാണ് എന്നോർത്തപ്പോൾ വീര്യം സിരകളിൽ വീണ്ടും നുരഞ്ഞു…

“നീയാണോടീ ഇവനെ അടിച്ചത്…”മാറിൽ പിണച്ചു പിടിച്ച അവളുടെ ഇരു കൈകളും പിടിച്ചു പിന്നോട്ട് ഞെരിച്ചു ചോദിച്ചതും നാഭിയ്ക്കു മുകളിൽ മുട്ടുക്കാലു കൊണ്ടൊരു പ്രഹരമേറ്റതും തോളെല്ലിൽ അമർത്തി ഒരു കടി കിട്ടിയതും ഒന്നിച്ചായിരുന്നു….

എന്താണ് സംഭവിച്ചത് എന്നറിയുന്നതിന് മുൻപേ നേരത്തെ പെയ്ത മഴയിൽ കുതിർന്നു കിടന്നിരുന്ന ചെളി വെള്ളത്തിലേയ്ക്ക് വീണിരുന്നു ദേവർഷ്…വീണത് കവിളിടിച്ചായിരുന്നു….

ജീവിതത്തിൽ ആദ്യമായാണ് ഒരു പ്രഹരം കിട്ടുന്നത്… അതും ഒരു പെണ്ണിന്റെ കയ്യിൽ നിന്നാണ് കിട്ടിയത് എന്നറിഞ്ഞത് അവളുടെ നിൽപ്പും ഭാവവും കണ്ടപ്പോഴായിരുന്നു….

“പെണ്ണുങ്ങളുടെ ദേഹത്ത് കൈ വയ്ക്കുന്നോടാ…”

വിറച്ചു തുള്ളി കൊണ്ട് നിൽക്കുന്ന ആ പെണ്ണിനെ കണ്ടതും ഭദ്രക്കാളിയെയാണ് ഒരു നിമിഷം ഓർത്ത് പോയത്…

അമ്പലത്തിലെ ആൽത്തറയിലും നാട്ടിലെ കവലയിലും ഇരുന്നു കമന്റ്‌ അടിയ്ക്കുമ്പോൾ ഒന്നും മിണ്ടാതെ തല കുമ്പിട്ടു പോകുന്ന പെണ്ണുങ്ങളെയാണ് പരിചയം…. അല്ലെങ്കിൽ ദേവർഷിനോട് കണ്ണ് കൊണ്ട് പോലും കൊമ്പ് കോർക്കാൻ ഒരാൾക്കും ധൈര്യമില്ലായിരുന്നു എന്നും പറയാം….

“ഡീ..”എന്ന് അലറി കൊണ്ട് ഒറ്റ വലിയ്ക്ക് രണ്ടു കാലും കൂട്ടി വലിച്ചു ആ ചെളി വെള്ളത്തിലേയ്ക്ക് തട്ടിയിട്ടു…

കണ്ണിലാകെ ചെളിവെള്ളം പോയി കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നെങ്കിലും രണ്ടാളും പരസ്പരം കഴുത്തിൽ കുത്തി പിടിച്ചിരുന്നു…

“സെറാ മറിയം ഇമ്മാനുവൽ…. സ്റ്റോപ്പ് ഇറ്റ്…”

ചുറ്റും കൂടി നിന്നവരുടെ ആർപ്പുവിളികൾക്കിടയിൽ പരസ്പരം പോര് കോഴികളെ പോലെ നിന്നിരുന്ന രണ്ടുപ്പേരുടെയും കൈകൾ അയഞ്ഞത് മറ്റൊരു ശബ്ദം കേട്ടപ്പോഴായിരുന്നു…

കോളേജ് പ്രിൻസിപ്പൽ….

തല കുമ്പിട്ടു ചെളി ഒലിയ്ക്കുന്ന വസ്ത്രത്തോടെ തന്നെ പ്രിൻസിപ്പൽ കാബിനിലേയ്ക്ക് കയറി…..വാർണിങ് ലെറ്ററിനോപ്പം ഒരാഴ്ച്ചത്തേയ്ക്കുള്ള സസ്‌പെൻഷൻ കിട്ടി സെറയ്ക്ക് … ഇരു കൂട്ടർക്കും പരാതി ഇല്ലെന്നു പറഞ്ഞതോടെ പോലീസ് കേസിൽ നിന്നും ഒഴിവായി കിട്ടി…സെറയ്‌ക്കൊപ്പം ദേവർഷിന്റെ അനിയൻ ദേവജിത്തിനും കിട്ടിയിരുന്നു സസ്‌പെൻഷൻ….

“ഒന്ന് നിന്നേ….”എല്ലാം കഴിഞ്ഞു പാർക്കിങ്ങിൽ നിന്നും വണ്ടിയെടുക്കാൻ നേരമാണ് പിന്നിൽ നിന്നൊരു വിളി കേട്ടത്… നേരത്തെ കഴിഞ്ഞതിന്റെ ബാക്കി എന്തെങ്കിലും കാണാം എന്ന് കരുതി അപ്പോഴേക്കും ചക്കയിൽ ഈച്ച പൊതിയുന്നത് പോലെ വിദ്യാർത്ഥികൾ ചുറ്റും കൂടാൻ തുടങ്ങിയിരുന്നു…

“നീ ആരെയാണ് നോവിച്ചു വിട്ടത് എന്ന് നിനക്ക് അറിയില്ല….”ദേവർഷ് സെറയുടെ അടുത്തേയ്ക്ക് വന്നു പറഞ്ഞു…

“ചേട്ടൻ അടുത്ത തവണ വരുമ്പോൾ പേരും അഡ്രസ്സും എഴുതി തന്നിട്ട് അടി തുടങ്ങാം .. അപ്പോൾ അറിയാലോ….”കയ്യിലെ ചാവി വിരലിലിട്ടു ഒരു തരി പോലും കൂസലില്ലാതെ സെറ പറഞ്ഞു….

“പെണ്ണായി പോയി.. ഇല്ലെങ്കിൽ കാണായിരുന്നു…”

“ഇതൊക്കെ കുറേ കേട്ടതാ ചേട്ടാ… പുതിയത് വല്ലതും ഉണ്ടേൽ പറയാൻ നോക്ക്….”സെറ പറയുമ്പോഴാണ് ദേവർഷ് അവളുടെ പല്ലിലേയ്ക്ക് നോക്കിയത്…കമ്പിയിട്ട പല്ലുകൾ..അത് നോക്കിയപ്പോൾ തന്നെ അവന്റെ കൈകൾ തോളിൽ പതിയെ ഒന്നമർന്നിരുന്നു…

“ഡീ പല്ലി… നീ ചെവിയിൽ നുള്ളിയ്ക്കോ… ഇതിന് നിനക്കിട്ടൊരു മറുപണി ഈ ദേവർഷ് തന്നിരിയ്ക്കും…”

“‘ഡീ പോടീന്നൊക്കെ വീട്ടിൽ പോയി തന്റെ പെണ്ണുംപിള്ളയെ വിളിച്ചാൽ മതി….”

“എന്തായാലും പെണ്ണുപിള്ളയെ വിളിയ്ക്കാൻ നീ പറഞ്ഞ സ്ഥിതിയ്ക്ക് നിന്റെ ആ പല്ലിലെ കമ്പി വേലി പൊളിച്ചു നിന്നെയും കെട്ടി നിന്റെ മോനെ കൊണ്ട് തന്നെ എന്റെ ചിതയ്ക്ക് തീ കൊളുത്തിയ്ക്കുമെടീ കോന്ത്രമ്പല്ലി…” പറഞ്ഞു തീർന്നതിനൊപ്പം ബൈക്കിന്റെ ശബ്ദവും ഉയർന്നിരുന്നു…

വീട്ടിൽ എത്തിയപ്പോഴേ കണ്ടു മുഖം വീർപ്പിച്ചു നിൽക്കുന്ന അമ്മയെ…

“ഇന്ന് എവിടെയായിരുന്നു തല്ല്… നീയാണ് ഈ ചെക്കനെ കൂടി വഷളാക്കുന്നത്…” വന്നു കയറിയ രണ്ടാളുടെയും കോലം കണ്ടതോടെ അമ്മ പൊട്ടി തെറിയ്ക്കാൻ തുടങ്ങി…

“ആഹ് ബെസ്റ്റ്…”ദേവർഷ് ദേവജിത്തിനെ നോക്കി ചിരിച്ചു…

“എന്താടാ ഒരു പുച്ഛം… കണ്ണിൽ കാണുന്ന തെമ്മാടി ചെക്കൻമാരുമായിട്ട് തല്ലുണ്ടാക്കി വന്നു രാത്രി ചൂട് പിടിച്ചു തരാൻ അമ്മ വേണം… നിനക്ക് ചൂട് പിടിയ്ക്കുന്ന പരിപാടി ഞാൻ ഇന്നത്തോടെ നിർത്തി… വേണമെങ്കിൽ പെണ്ണ് കെട്ടിക്കോളണം…”അമ്മ താക്കീതോടെ പറയുന്നത് കേട്ട് ദേവജിത് ചിരി തുടങ്ങിയിരുന്നു…

“ഒരു ചേഞ്ചിന് ഇന്നൊരു പെണ്ണായിട്ടായിരുന്നു തല്ല് പിടിച്ചത്… ആരാണ് ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്…” അവരുടെ കവിളിൽ ഒന്ന് നുള്ളി ദേവർഷ് ചിരിയോടെ അകത്തേയ്ക്ക് പോയി….

ഷവറിലെ വെള്ളം തോളത്തു പതിച്ചപ്പോഴാണ് ഒരു നീറ്റൽ തോന്നി അങ്ങോട്ട് നോക്കിയത്… തോളിൽ വൃത്തിയായി ഒരു വേലിപ്പാട് ഉണ്ട്…കമ്പിയിട്ട പല്ല് കൊണ്ട് കടിച്ചപ്പോൾ കിട്ടിയ സമ്മാനം…

“ഔഹ്…ഇവളെന്താ വല്ല യക്ഷിയുമാണോ…”നീറ്റലിൽ പതിയെ ഊതി കൊണ്ട് ദേവർഷ് പറഞ്ഞു…

കുളി കഴിഞ്ഞു ഭക്ഷണം കഴിയ്ക്കുമ്പോൾ എല്ലുള്ള ഒരു കഷണം കോഴി വായിലിട്ടപ്പോഴാണ് ശരീരത്തിലെ അടുത്ത ഡാമേജ് തിരിച്ചറിഞ്ഞത്… അവൾ മുട്ട്ക്കാൽ കേറ്റി മറിഞ്ഞു വീണ സമയത്തു താഴേയ്ക്ക് വീണത് മുഖമടിച്ചായിരുന്നു….പല്ല് അന്തസ്സായി ഇളകി നിൽപ്പുണ്ട്…. കോഴി ഇറച്ചിയുടെ എല്ല് പല്ലിൽ തട്ടിയതോടെ പ്രശ്നം ഗുരുതരമായി… പല്ല് വേദന സഹിയ്ക്കാൻ പറ്റുന്നില്ല…

കിടക്കയിൽ വീണു ഉരുണ്ടിട്ടും മറിഞ്ഞിട്ടും വേദന മാറാൻ ഒരു ഗുളിക എടുത്തു വിഴുങ്ങിയിട്ടൊന്നും പല്ല് വേദന ഒടുങ്ങുന്നില്ല…

“ജിത്തേ…. വണ്ടി എടുക്കെടാ… പല്ല് വേദന സഹിയ്ക്കാൻ പറ്റുന്നില്ല…” സഹിക്കെട്ട് അവസാനം പറഞ്ഞപ്പോൾ ജിത്ത് തന്നെ വണ്ടിയെടുത്തു…

“ഈ രാത്രിയിൽ ഏതെങ്കിലും ഡോക്ടർ തുറന്നു വച്ചിരിയ്ക്കുമോന്നാ എന്റെ ഡൌട്ട്….” പോകുന്നതിനിടയിൽ ജിത്തു പറഞ്ഞപ്പോൾ ദേവർഷ് അവനെ തറപ്പിച്ചു നോക്കി…

“നീ ഒറ്റ ഒരുത്തൻ കാരണമാണ്….എവിടെയോ കിടക്കുന്ന ഒരുത്തിയും തൊഴിയും വാങ്ങി നാണം കെട്ട്… ഇനി പല്ല് കൂടെ അവൾ അടിച്ചു ഇളക്കിയെന്ന് വല്ലവരും അറിഞ്ഞാൽ മതി ഉള്ള വില പോകാൻ…”കൈ കവിളിനോട് ചേർത്ത് വച്ചു ദേവർഷ് പറഞ്ഞു….

“ചേട്ടൻ കേറി വെല്ലുവിളിയ്ക്കുന്നുണ്ടായിരുന്നല്ലോ… അവളെ കെട്ടുമെന്നോ തീ കൊളുത്തുമെന്നോ… സത്യത്തിൽ ഉള്ളതാണോ…”ജിത്തിന് ചിരിയായിരുന്നു…

” പോകുന്ന പോക്കിന് നിന്റെ പല്ല് കൂടി എടുപ്പിയ്ക്കേണ്ട ഗതിക്കേട് ഉണ്ടാക്കേണ്ടെങ്കിൽ മര്യാദക്ക് വണ്ടി ഓടിയ്ക്കാൻ നോക്കെടാ… ആഹ്…” പറഞ്ഞു തീർന്നതും അറിയാതെ പല്ല് ഞെരിച്ച വേദനയിൽ ദേവർഷ് ഒന്ന് അമറി…

സുഹൃത്തുക്കളിൽ ആരോടെക്കെയോ വിളിച്ചു ചോദിച്ചപ്പോൾ ഏത് നേരത്തു കയറി ചെന്നാലും ട്രീറ്റ് ചെയ്യുന്ന ഒരു ഡോക്ടറിന്റെ ക്ലിനിക് പറഞ്ഞു കൊടുത്തു… നേരെ വച്ചു പിടിച്ചത് അങ്ങോട്ടായിരുന്നു…

രാത്രി ആയത് കൊണ്ട് ക്ലിനിക്കിൽ ആരും ഉണ്ടായിരുന്നില്ല…ക്ലിനിക്കും പൂട്ടി കിടപ്പായിരുന്നു….

ക്ലിനിക്കിനോട് ചേർന്നുള്ള വീട്ടിൽ ബെല്ലടിച്ചപ്പോൾ മധ്യവയസ്ക്കനായ ഒരാളായിരുന്നു വാതിൽ തുറന്നത്… കാര്യം പറഞ്ഞപ്പോൾ ചിരിയോടെ അയാൾ അകത്തേയ്ക്ക് ക്ഷണിച്ചു… വീടിനുള്ളിലൂടെ തന്നെ ക്ലിനിക്കിനകത്തേയ്ക്ക് തുറക്കുന്ന വാതിൽ ഉണ്ടായിരുന്നു…

“പല്ലാകെ പൊട്ടി പോയല്ലോ… ബാക്കി നിൽക്കുന്ന ചെറിയ കുറ്റിയ്ക്ക് നല്ല ഇളക്കവും ഉണ്ട്…അതിനി നിർത്തിയിട്ട് കാര്യമില്ല… നമുക്ക് പറിച്ചു കളഞ്ഞാലോ….”പരിശോധന കഴിഞ്ഞു ഡോക്ടർ പറയുന്നത് കേട്ട് ദേവർഷ് അയാളെ നോക്കി…

“വേദന കാണോ ഡോക്ടറേ…”

“എവിടെ.. അതിന് മുൻപേ തരിപ്പിയ്ക്കാൻ ഉള്ള ഇൻജെക്ഷൻ തരില്ലേ… എടുക്കുന്നതൊന്നും അറിയില്ലന്നേ…”ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു…

“മോളെ ആ തരിപ്പിയ്ക്കാൻ ഉള്ള ഇൻജെക്ഷൻ എടുത്തേയ്ക്ക്…. പപ്പ ഇപ്പോൾ വരാം….”ഡോക്ടർ പറയുന്നത് കേട്ടപ്പോഴാണ് ദേവർഷ് തല ചെരിച്ചൊന്ന് നോക്കിയത്…അവിടെ നിന്ന് കാര്യമായി ചിരിച്ചു കൊണ്ട് നോക്കുന്നുണ്ട് സെറ….

ഈ പല്ലിയാണോ ഇയാളുടെ മോള്…

ഒരു സിറിഞ്ചിൽ മരുന്ന് നിറച്ചു ദേവർഷിന്റെ അടുത്ത് വന്നു നിന്നു…

“പ്രതികാരം ചെയ്യാൻ ഇത്രയും പെട്ടെന്ന് വീടും തപ്പി പിടിച്ചു വരുമെന്ന് വിചാരിച്ചില്ല…”സിറിഞ്ച് അല്പം ഉയർത്തി പിടിച്ചു മരുന്ന് അല്പം പുറത്തേയ്ക്ക് കളഞ്ഞു ചിരിച്ചു കൊണ്ട് സെറ പറഞ്ഞു…

ഇരുന്നിടത്തു നിന്നും ചാടി എണീറ്റു ദേവർഷ്…

“എനിയ്ക്ക് പല്ല് പറിയ്‌ക്കേണ്ട… “

“ആഹ്.. അങ്ങനെ പോയാലോ…ഇപ്പോൾ ഇവിടെ നിന്നും വാശിയ്ക്ക് എണീറ്റു പോയാൽ ഞാൻ നിങ്ങളുടെ പല്ലടിച്ചു കൊഴിച്ച കഥ മൊത്തത്തിൽ ഫ്ലാഷ് ആവും… തനിയ്ക്ക് പിന്നെ അതൊരു കുറച്ചിലാവും…. എന്തിനാ വെറുതെ ഹെൽത്ത് വച്ചു കളിയ്ക്കുന്നത്… അത് കൊണ്ട് നല്ല കുട്ടിയായി അവിടെ കിടക്കാൻ നോക്ക്…”സെറ പറയുന്നത് കേട്ടപ്പോൾ കണ്ണ് തുറുപ്പിച്ചു അവളെ തന്നെ നോക്കി..

“ഇരിയ്ക്കെടോ അവിടെ…”വീണ്ടും പറഞ്ഞതും പല്ലിന്റെ വേദന ഓർത്ത് ചാടി കേറി ചെയറിൽ ഇരുന്നു…

“വായ തുറക്ക്…”സെറ പറയുന്നത്തിനൊപ്പം വായ തുറന്നു…

ഒറ്റ കുത്തായിരുന്നു….

“പതിനഞ്ചു മിനിറ്റ് കഴിയുമ്പോൾ തരിപ്പ് വരും… അപ്പോൾ നമുക്ക് ആഘോഷമായി അതങ്ങ് പറിച്ചെടുക്കാം….”സെറ ചിരിച്ചു കൊണ്ട് പറഞ്ഞു…

നേരം പത്തും ഇരുപതും മിനിറ്റ് കഴിഞ്ഞതല്ലാതെ തരിപ്പൊന്നും വന്നില്ല….

“എന്താടോ തരിപ്പൊന്നും വന്നില്ലേ ഇത് വരെ…”ഡോക്ടർ അത് വഴി വന്നപ്പോൾ ചോദിച്ചു…

ഇല്ലെന്നു പറഞ്ഞപ്പോൾ കേട്ടു ഒരു ഇൻജെക്ഷൻ കൂടെ കൊടുക്കാൻ…നേരത്തെ തന്നെ ഒരുവിധം ആണ് പിടിച്ചിരുന്നത്… പിന്നെ ആവശ്യം നമ്മുടെ ആയി പോയില്ലേ…

വീണ്ടും ഒരു സിറിഞ്ച് കൊണ്ട് സെറ വരുന്നത് കണ്ടു…

അവളെ തന്നെ കണ്ണുരുട്ടി നോക്കിയപ്പോൾ ഇരു വിരലുകൾ കൊണ്ട് ചുണ്ട് പിളർത്തി വീണ്ടും പല്ലിനടുത്തായി സിറിഞ്ച് കേറ്റി…

“നേരത്തെ ഒന്ന് ചുമ്മാ കുത്തി നോക്കിയതാ… മരുന്നൊന്നും ഉണ്ടായിരുന്നില്ല… “ചിരിയോടെ സെറ പറയുന്നത് കേട്ട് കലി കയറി…

“എനിയ്ക്കിട്ട് പണിതതും പോരാ എന്നിട്ട് ഇരുന്നു ചിരിയ്ക്കുന്നോടീ പുല്ലേ…”അത് പറയുമ്പോൾ തരിപ്പ് വന്നു തുടങ്ങിയിരുന്നു….

“ഇതാണ് അനിയനും കിട്ടിയത്… പെണ്ണുങ്ങളോട് മര്യാദക്ക് സംസാരിക്കാനും പെരുമാറാനും പഠിയ്ക്കണം ആദ്യം… അല്ലാതെ കാര്യമറിയാതെ മെക്കെട്ട് കയറാൻ വരരുത്…”താക്കീത് പോലെ പോലെ അവൾ പറയുന്നത് കേട്ടപ്പോൾ അവളെ തന്നെ ഒന്ന് നോക്കി…

“നീ പോടീ പല്ലി…കമ്പി വേലി പല്ലിലിട്ട് ഉപദേശിയ്ക്കാൻ ഇറങ്ങിയേക്കുന്നു…”

“താൻ നന്നാവില്ലെടോ…”

ആദ്യമായാണ് ഒരു പെണ്ണ് ഇത് പോലെ കണ്ണിൽ കണ്ണിൽ നോക്കി ധൈര്യമായി സംസാരിക്കുന്നത് തന്നെ… കാണാൻ സുന്ദരിയാണ്… അത് പോലെ ഭീകരിയും…

ബാക്കി ട്രീറ്റ്മെന്റ് ചെയ്തത് മുഴുവനും അവളുടെ പപ്പയായിരുന്നു… ബാക്കി പല്ലുകളിൽ ചെറിയ പോടുണ്ടെന്നും റൂട്ട് കനാൽ ചെയ്താൽ നല്ലതാണെന്നും പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് അവിടെ നിന്നും സ്ഥലം വിട്ടു… പോകുമ്പോൾ വീടിന്റെ ടെറസിൽ നിൽപ്പുണ്ടായിരുന്നു സെറ… പരസ്പരം കണ്ടതും പുച്ഛത്തോടെ രണ്ടാളും തല വെട്ടിച്ചു…

“സത്യത്തിൽ അവൾ എന്തിനാടാ നിന്നെ അടിച്ചത്…”വണ്ടിയിൽ കയറി സീറ്റിൽ പതിയെ ചാരി ദേവർഷ് ചോദിച്ചു…

“അവരുടെ കോളേജിൽ നിന്ന് ഇന്റർ കോളേജ് ഫെസ്റ്റിവലിന് വന്നതാ ഞങ്ങളുടെ കോളേജിലേയ്ക്ക്… എന്റെ ഫ്രണ്ട് ഒരുത്തൻ അവളുടെ ഫ്രണ്ടിനെ കമന്റ്‌ അടിച്ചു.. അവൾ തിരിച്ചു എന്തോ പറഞ്ഞപ്പോൾ അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ അവളുടെ കയ്യിൽ കേറി പിടിച്ചു… അത് ഇവൾക്ക് ഇഷ്ടപ്പെട്ടില്ല……”ദേവജിത് ചിരിച്ചു കൊണ്ട് പറഞ്ഞു..

“ഇഷ്ടപ്പെട്ടില്ല….എന്നിട്ട് അവൾ നിനക്കിട്ടു പൊട്ടിച്ചു… അല്ലേ…”

“ഹ്മ്മ്… കോളേജിലെ ഏറ്റവും വലിയ അലമ്പത്തി ആണ് ഇവളെന്ന് നമുക്ക് വല്ലതും അറിയോ…ആരേയും കൂസാത്ത സ്വഭാവം…കുറേപ്പേര് വളയ്ക്കാൻ നോക്കി കഷ്ടപ്പെട്ട മുതലാണ്….റെയർ പീസ്…”

“അതിനുള്ളതൊന്നും ഇല്ല…”ദേവർഷ് പുറത്തേയ്ക്ക് നോക്കി എന്തോ ആലോചിച്ചു പറഞ്ഞു…

“ഇല്ലെങ്കിൽ ചേട്ടൻ ഒന്ന് വളച്ചു കാണിയ്ക്ക്… എന്തായാലും വെല്ലുവിളിച്ചതല്ലേ…”

“വളച്ചു കാണിച്ചാൽ…”

“ചേട്ടനെ കൊണ്ട് പറ്റില്ല…. അത് വേറെയാണ് മുതല്…”ദേവജിത് ചിരിച്ചു കൊണ്ട് പറഞ്ഞു…

“എന്തായാലും നീ പറഞ്ഞ സ്ഥിതിയ്ക്ക് വളച്ചിട്ട് തന്നെ കാര്യം…”

“നടന്നത് തന്നെ….”

“അവളെ വളച്ചു ഒടിച്ചു കുപ്പിയിലാക്കി ചേട്ടൻ ഇല്ലാതെ ജീവിയ്ക്കാൻ പറ്റില്ലെന്ന് പറയുമ്പോൾ പോടീ പുല്ലേ എന്ന് പറഞ്ഞു ഇറങ്ങി പോരുന്നത് കാണിച്ചു തരാം ഞാൻ…..”ദേവർഷ് പറയുന്നത് കേട്ട് ദേവജിത് ചിരിച്ചു..

“ചേട്ടൻ തോറ്റാൽ എനിക്ക് ഒരു ബൈക്ക്… ഡീൽ …” ദേവ്ജിത് പുരികം ഒന്നുയർത്തി ചോദിച്ചു…

“ഡീൽ….”മനസ്സിൽ എന്തോ ഉറപ്പിച്ചു കൊണ്ട് മൂളി…..

പിന്നീടങ്ങോട്ട് അവളെ പോലൊരുത്തിയെ എങ്ങനെ വളയ്ക്കാം എന്ന ചിന്തയായിരുന്നു… ആദ്യമായാണ് ഒരു പെണ്ണ് മനസ്സിൽ കരടായി വരുന്നത്…

അവളെ പോലൊരുത്തിയെ വളയ്ക്കാൻ തറ വേലയൊന്നും നടക്കില്ലെന്നു ഉറപ്പായിരുന്നു….

റൂട്ട് കനാൽ എന്നും പറഞ്ഞു ക്ലിനിക്കിൽ പതിവ് സന്ദർശകനായി ആദ്യം… പതിയെ അത് സൗഹൃദമായി….മകളോടും പപ്പയോടും…

സൗഹൃദം സ്ഥാപിച്ച സ്ഥിതിയ്ക്ക് അടുത്ത ഘട്ടം പ്രണയമാവാം എന്നും മനസ്സിൽ ഉറപ്പിച്ചു….

മകളുടെ പഠിപ്പ് ഈ വർഷത്തോടെ തീരുമെന്നും അത് കഴിഞ്ഞാൽ തന്റെ മകളും തന്റെ പാത പിന്തുടർന്ന് ഒരു പല്ല് ഡോക്ടർ ആവുമെന്നും പറഞ്ഞു അഭിമാനം കൊള്ളുന്ന അയാളുടെ കവിളിൽ അമർത്തി ചുംബിയ്ക്കുന്ന അവളെ കാണുമ്പോൾ എല്ലാവരും അഹങ്കാരിപ്പട്ടം ചാർത്തി കൊടുത്തവൾ തന്നെയാണോ ഇതെന്ന് സംശയിയ്ക്കും…

“ഡീ..” “പോടീ…” വിളികൾ പതിയെ മറിയാമ്മേ എന്ന നീട്ടി വിളിയിലേയ്ക്ക് വഴി മാറിയിരുന്നു…. അവളുടെ പപ്പ വിളിയ്ക്കുന്നത് പോലെ….

എപ്പോഴോ അവളും അവനിലൊരു നല്ല സുഹൃത്തിനെ കാണാൻ തുടങ്ങിയിരുന്നു…ഏത് പാതിരാത്രിയിലും എന്തിനും കൂടെ നിൽക്കുന്ന ഒരു സുഹൃത്ത്…

കള്ളു കുടിച്ചു ബോധം മറിഞ്ഞ ഒരു ന്യൂ ഇയർ തലേന്ന് രാത്രിയിൽ വെറുതെ എപ്പോഴോ തോന്നി അവളോടുള്ള ഇഷ്ടം പറയണമെന്ന്…

അവൾ എതിർപ്പ് പറയാൻ സാധ്യത വളരെ കുറവാണെന്നു മനസ്സ് തന്നെ പറഞ്ഞിരുന്നു….അത്രത്തോളം സൗഹൃദം ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായിരുന്നു…

അനിയൻ തന്നെ കൊണ്ട് വിട്ടു…ഇന്നെന്തായാലും പ്രൊപ്പോസ് ചെയ്തു ഉത്തരം കിട്ടുമെന്ന് അനിയനും വാക്ക് കൊടുത്തിരുന്നു…

പാതിരാത്രി നേർവഴിയിലൂടെ ചെന്നാൽ അവളുടെ പപ്പ എന്ത് വിചാരിയ്ക്കും എന്ന് കരുതിയപ്പോൾ മതിൽ ചാടി ടെറസിന് മുകളിലൂടെ വലിഞ്ഞു കയറാനെ തോന്നിയുള്ളൂ….

“ഒരു ബിയർ എടുക്കാനുണ്ടാവുമോ സാറേ…”എന്ന് ചിരിച്ചു കൊണ്ട് അവൾ ചോദിച്ചപ്പോൾ നിമിഷങ്ങൾ കൊണ്ട് രണ്ടു ബിയർ സംഘടിപ്പിച്ചു… കുപ്പി പൊട്ടിച്ചു ചിയേർസ് പറയാൻ നേരമാണ് പുതുവർഷത്തിന്റ വരവറിയിച്ചു ചുറ്റും അമിട്ടുകൾ പൊട്ടിയമർന്നത്…. അപ്രതീക്ഷിതമായി പപ്പയെ കണ്ടപ്പോൾ ഒന്ന് ചമ്മിയെങ്കിലും അവരുടെ കൂടെ അയാളും കൂടി…

അന്ന് അവിടെ വച്ചാണ് ആദ്യമായി അവൾ കരയുന്നത് കണ്ടത്….ചെറുതിലെ എന്നോ അച്ഛന്റെ സ്നേഹം പോരെന്നു തോന്നി അമ്മ വേറൊരുത്തന്റെ ഒപ്പം പോയ കഥ അവൾ പറഞ്ഞപ്പോഴാണ് പുറമേ തന്റേടിയെന്ന് കാണിയ്ക്കുന്നവരുടെ ഉള്ളിലാകും ആഞ്ഞടിച്ചു ചിതറാൻ വെമ്പുന്ന ഒരു സങ്കടത്തിരമാല കാണുകയെന്ന് ആദ്യമായി അവനോർത്തത്….ആ മനുഷ്യനും കരയുന്നുണ്ടായിരുന്നു…

“ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് നല്ലൊരു ന്യൂ ഇയർ ആഘോഷിച്ചത്… ഇനി ഇങ്ങനെ ഒരു അവസരം ഉണ്ടാവുമോ എന്നൊന്നും അറിയില്ല എനിയ്ക്ക് … എന്തായാലും നന്ദി… നല്ലൊരു ദിവസം ഞങ്ങൾക്ക് തന്നതിന്….”ചിരിച്ചു കൊണ്ട് പറഞ്ഞു പോകുന്ന അയാളെ ചെറിയ പുഞ്ചിരിയോടെ നോക്കിയെങ്കിലും കാര്യങ്ങൾ അത്ര വ്യക്തമായിരുന്നില്ല…

“മറിയാമ്മേ… താൻ അടിപൊളിയാടോ… തന്റെ അപ്പനും…. ആര് ഇട്ടേച്ചു പോയാലും സ്നേഹിച്ചു കൊല്ലാൻ ഇങ്ങനെ ഒരു അപ്പൻ പോരേ ജീവിച്ചു കാണിയ്ക്കാൻ….”ചിരിച്ചു കൊണ്ട് ദേവർഷ് പറഞ്ഞപ്പോൾ അവളും ചിരിച്ചു പതിയെ അത് കരച്ചിലായി….

“എന്താടോ കരയുന്നത്….”

“ഒന്നുമില്ല സന്തോഷം കൊണ്ടാ….എന്റെ പപ്പ ഒന്ന് ചിരിച്ചു കണ്ടല്ലോ……”

“അതിനൊക്കെ ഇത്രയും സന്തോഷിയ്ക്കുമോ….”

“എന്നോ പുഞ്ചിരി നഷ്ടപ്പെട്ടവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയ്ക്കുക അത്ര എളുപ്പമുള്ള കാര്യമൊന്നും അല്ല മിസ്റ്റർ ദേവർഷ്….”അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു….

“നീയും എന്നും ഇങ്ങനെ പുഞ്ചിരിയ്ക്കണം…. അപ്പോഴാണ് കൂടുതൽ ഭംഗി….”ഇടം കണ്ണിട്ട് അത് പറയുമ്പോൾ അവളും ചിരിച്ചു…. ചിരിയുടെ അവസാനം എപ്പോഴോ കൈ കോർത്തു പിടിച്ചു….

“ഈ അപ്പന്റെയും മകളുടെയും ചുണ്ടിൽ എന്നും പുഞ്ചിരി വിരിയിയ്ക്കാൻ ഞാൻ കൂടെ ഉണ്ടാവട്ടെ…ഒരു സുഹൃത്തായിട്ട്…” കൂട്ടി പിടിച്ച കൈ വിടാതെ പിടിച്ചു മുഖത്തേയ്ക്ക് നോക്കാതെ അവൻ പറഞ്ഞു….

“നമ്മൾ പറയുന്നത് കേട്ടിരിയ്ക്കാൻ ഒരാളെ കിട്ടുക എന്നത് ഇന്നത്തെ കാലത്ത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമാണെടോ… അതും തന്നേപ്പോലൊരു സുഹൃത്ത്…”സെറ പറയുന്നത് കേട്ടപ്പോൾ മറ്റൊന്നും പറയാൻ തോന്നിയില്ല…

യാത്ര പറഞ്ഞു ഇറങ്ങാൻ നേരം അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…സുഹൃത്താണെന്ന് പറഞ്ഞു കൂട്ട് കൂടി പെട്ടെന്ന് ഇഷ്ടമാണെന്ന് പറഞ്ഞാൽ ചിലപ്പോൾ ആ സൗഹൃദം തന്നെ തകർന്നു പോയേക്കാം എന്ന് കരുതി ഒന്നും പറഞ്ഞില്ല… സൗഹൃദത്തിനുമപ്പുറം മറ്റൊരു സ്ഥാനവും അവളുടെ ഉള്ളിൽ ഇല്ലെന്നറിഞ്ഞപ്പോൾ ഒരു നോവ്….

“എന്ത് പറ്റി ഒരാലോചനയൊക്കെ …”ദേവർഷ് പോയി കഴിഞ്ഞു മുറിയിൽ എന്തോ ചിന്തിച്ചു കൊണ്ട് അലസമായി കിടക്കുന്നത് കണ്ടു പപ്പ ചോദിച്ചു…

“ഒന്നുമില്ല പപ്പ…. വെറുതെ…”

“അവൻ വല്ലതും പറഞ്ഞോ….”

“നല്ലൊരു ഫ്രണ്ട് ആയി കൂടെ കാണും എന്ന് പറഞ്ഞു…”സെറ ചിരിച്ചു കൊണ്ട് പറഞ്ഞു…

“അപ്പോൾ അതാണ് പപ്പയുടെ മോളുടെ വിഷമം…”

“അല്ല പപ്പ…”

“പിന്നെ നിന്നെ ഇഷ്ടമാണെന്ന് പറയും എന്ന് പ്രതീക്ഷിച്ചോ…പപ്പയ്ക്ക് അവനെ ഇഷ്ടപ്പെട്ടു… നല്ല പയ്യനാ…”

“അങ്ങനെ ഒന്നും ഇല്ല പപ്പാ… എനിക്ക് ഒരാളോട് ഇഷ്ടം തോന്നിയാൽ ഞാൻ അവന്റെ കണ്ണിൽ നോക്കി പറയും എനിയ്ക്ക് ഇഷ്ടം ആണെന്ന്….പക്ഷേ എനിയ്ക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല….എനിയ്ക്ക് ആരേയും കല്യാണം കഴിയ്ക്കേണ്ട പപ്പാ…..”ചിരിച്ചു കൊണ്ട് പറഞ്ഞു…

ദിവസങ്ങൾക്കപ്പുറം ഒരു ദിവസം ആശുപത്രിയുടെ വരാന്തയിൽ ഇരുന്നു കരയുന്ന സെറയെ ആയിരുന്നു കണ്ടത്….

സെറയുടെ പപ്പയ്ക്ക് സുഖമില്ലാതെ ആശുപത്രിയിൽ ആണെന്ന വിവരം അറിഞ്ഞു എത്തിയതായിരുന്നു ദേവർഷ്….

“പപ്പ കൂടി എന്നെ ഇട്ടേച്ചു പോയാൽ ഞാൻ ഒറ്റയ്ക്കായി പോകില്ലേ…”എന്ന് പറഞ്ഞു കരയുന്ന അവളെ കണ്ടപ്പോൾ ചങ്ക് പിടഞ്ഞു പോയി…

“ഞാനുള്ളപ്പോൾ നീ ഒറ്റയ്ക്കായി പോവില്ല… കൂടെ വന്നൂടെ….”എന്ന് തന്റെ കൈപ്പത്തിയുടെ മുകളിൽ കൈ അമർത്തി ദേവർഷ് ചോദിച്ചപ്പോൾ സെറ പതിയെ കണ്ണ് തുടച്ചു….

മനസ്സിൽ വല്ലാത്തൊരു സന്തോഷം വന്നു നിറയുന്നുണ്ടായിരുന്നു… പക്ഷേ എന്തോ മറുപടി കൊടുക്കാൻ തോന്നിയില്ല…

“വേണ്ട… നമുക്ക് എന്നും നല്ല സുഹൃത്തുക്കളായി ഇരിയ്ക്കാം….ഇനി എന്നെങ്കിലും കല്യാണം കഴിയ്ക്കാൻ തോന്നുവാണെങ്കിൽ ഇയാളോട് മാത്രമേ ഞാൻ സമ്മതം മൂളൂ ….”എന്ന സെറയുടെ വാക്കുകൾ കേട്ടപ്പോൾ തിരിച്ചൊന്ന് പുഞ്ചിരിച്ചു ദേവർഷ് …

അങ്ങനെയൊക്കെ ദേവർഷിനോട് പറഞ്ഞെങ്കിലും പപ്പ ആരോഗ്യത്തോടെ പുറത്ത് വരുന്ന ദിവസം ദേവർഷിനോട് യെസ് പറയണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു….

“അവളെ വളച്ചു ഒടിയ്ക്കുന്ന ഉദ്യമത്തിൽ തോറ്റത് കൊണ്ട് ബെറ്റ് തോറ്റതായി പ്രഖ്യാപിയ്ക്കുന്നു…”എന്ന് പറഞ്ഞു ദേവർഷിന്റെ തോളിൽ തട്ടുന്ന അനിയനെ ആയിരുന്നു പപ്പയെ അകത്തു കയറി കണ്ടു പുറത്ത് ഇറങ്ങാൻ നേരം കണ്ടത്…

നെഞ്ചിലാകെ ഒരു വിങ്ങലായിരുന്നു…. ഇഷ്ടമാണെന്ന് പറഞ്ഞതും സൗഹൃദം നടിച്ചതും എല്ലാം ഒരു ബെറ്റിന്റെ പുറത്ത് ആണെന്ന തിരിച്ചറിവിൽ ലോകം കീഴ്മേൽ മറിയുന്നത് പോലെ തോന്നി…

അനിയന്റെ കണ്ണുകൾ പിന്തുടർന്ന് ദേവർഷ് തിരിഞ്ഞു നോക്കുമ്പോൾ കണ്ടു കണ്ണ് കലങ്ങി നിൽക്കുന്ന സെറയെ…

“നന്നായിരിയ്ക്കുന്നു ദേവർഷ്….സ്നേഹിച്ചവരൊക്കെ എന്നും വേദനിപ്പിച്ചിട്ടേ ഉള്ളൂ എന്റെ പപ്പയേയും ദാ ഇപ്പോൾ എന്നെയും…. അനിയന്റെ മുൻപിൽ ഒരു ബെറ്റ് ജയിക്കാൻ ആണെന്ന് പറഞ്ഞാൽ ഞാൻ സന്തോഷത്തോടെ തോറ്റു തന്നേനെ… കാരണം നാടകം കളിച്ചു സുഹൃത്തുക്കളെ ചതിച്ചു എനിയ്ക്ക് പരിചയമില്ലാതായി പോയി….ചെയ്തു തന്ന സഹായങ്ങൾക്കൊക്കെ നന്ദി…ഇനിയൊരിയ്ക്കലും കാണാൻ ഇടവരാതിരിയ്ക്കട്ടെ….”പറഞ്ഞതിനൊന്നും മറുപടി ഉണ്ടായിരുന്നില്ല ദേവർഷിന്… പറഞ്ഞു തിരുത്താൻ ഒരു അവസരം പോലും കൊടുക്കാനും തോന്നിയില്ല സെറയ്ക്ക് ….കാത് കൊണ്ട് കേട്ടതിനേക്കാൾ അപ്പുറം ഒരു സത്യം ഇല്ലല്ലോ…

ഒന്നിന് പുറകേ മറ്റൊന്ന് കൂടെ എന്നോണം പപ്പയുടെ മരണം കൂടി ആയതോടെ സെറയും തകർന്നു പോയിരുന്നു…

പിന്നീട് വിദേശത്തെവിടേയ്‌ക്കോ ചേക്കേറി… ഓർമ്മകളിൽ നിന്നൊക്കെയൊരു ഒളിച്ചോട്ടമായിരുന്നു…പ്രത്യേകിച്ച് ദേവർഷിൽ നിന്നും….കാണാനും ബന്ധപ്പെടാനും ഉള്ള എല്ലാ മാർഗങ്ങളും അടച്ചിരുന്നു….

നാലു വർഷത്തിനപ്പുറം പപ്പയുടെ ബന്ധുക്കൾ നിർബന്ധിയ്ക്കാൻ തുടങ്ങിയപ്പോൾ പാതി മനസ്സോടെ വിവാഹത്തിന് പച്ച കൊടി കാണിച്ചു…ഒറ്റയ്ക്കുള്ള ജീവിതം മടുപ്പായി തുടങ്ങിയിരുന്നു…. ആർക്കോ വേണ്ടി ജീവിയ്ക്കുന്നത് പോലെ… ഇനിയുള്ള ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് ചിന്തകൾ വഴി മാറി തുടങ്ങിയപ്പോഴാണ് സമ്മതം മൂളിയത് ….

മനസ്സ് അപ്പോഴും കൈപ്പിടിയിൽ ആയിരുന്നില്ല…

പ്രിയപ്പെട്ട എന്തോ ഒന്നിനെ മനഃപ്പൂർവ്വം മറന്നു കളയാൻ മനസ്സിനെ ചട്ടം കെട്ടിയായിരുന്നു അൾത്താരയുടെ മുൻപിൽ മനസമ്മത ചടങ്ങിന് വേണ്ടി നിന്നത്….

“സെറ മറിയം… മിശിഹായുടെ നിയമവും തിരുസഭയുടെ നടപടികളുമനുസരിച്ചു ഈ നിൽക്കുന്ന മാത്യുവിനെ വിവാഹം ചെയ്തു കൊള്ളാമെന്നു നീ വാഗ്ദാനം ചെയ്യുന്നുവോ…”

“സമ്മതമല്ലച്ചോ… “വൈദികൻ ചോദിച്ചതിന് ഉത്തരമായി സെറയുടെ ശബ്ദത്തിന് മുൻപേ മറ്റൊരു ശബ്ദം എത്തിയപ്പോൾ എല്ലാവരും പെട്ടെന്ന് തിരിഞ്ഞു നോക്കി….

ദേവർഷ്…

“കല്യാണം കഴിയ്ക്കാൻ തോന്നുമ്പോൾ എന്നോട് മാത്രമേ സമ്മതം മൂളു എന്ന് പണ്ടെന്നോട് ഇവള് പറഞ്ഞിട്ടുണ്ട്…ഇല്ലെങ്കിൽ ഇവള് പറയട്ടെ….”മുൻപോട്ടു വന്നു മടക്കി കുത്തിയിരുന്ന മുണ്ട് അഴിച്ചിട്ട് വിനയത്തോടെ പറഞ്ഞു ദേവർഷ്…

“വിവാഹം കഴിയ്ക്കാൻ താല്പര്യമില്ലെങ്കിൽ ഇതിന് മുൻപേ പറഞ്ഞൂടെ കുട്ടി…”വൈദികന്റെ മുഖത്തും ചെറുക്കൻ വീട്ടുക്കാരുടെ മുഖത്തും അതൃപ്‌തിയുണ്ടായിരുന്നു…

“അത് എന്നാ പറച്ചിലാണ് അച്ചോ…. സമ്മതം ആണോന്നു ചോദിയ്ക്കാൻ വേണ്ടിയല്ലേ ഈ സമ്മതം പരിപാടി വയ്ക്കുന്നത്… അല്ലെങ്കിൽ പിന്നെ ചോദ്യവും പറച്ചിലും ഒന്നും വേണ്ടല്ലോ നേരിട്ട് പിടിച്ചു മാലയിട്ടാൽ പോരേ….അല്ലേ…”സെറയുടെ മുഖത്തു നോക്കി ദേവർഷ് പറഞ്ഞതിന് ഒരടിയായിരുന്നു മറുപടി…

“ഇത് പ്രതീക്ഷിച്ചു തന്നെയാണ് വന്നത്….”കവിളും പൊത്തി പിടിച്ചു ചിരിയോടെയായിരുന്നു ദേവർഷ് പറഞ്ഞത്…

ചെറുക്കൻ വീട്ടുക്കാർക്ക് ബന്ധം മുൻപോട്ടു കൊണ്ട് പോകാൻ താല്പര്യമില്ലാതായതോടെ ചടങ്ങുകൾ അവിടം കൊണ്ട് തീർന്നു… എല്ലാവരും പിരിഞ്ഞു പോയപ്പോൾ ബാക്കിയായത് സെറയും ദേവർഷും മാത്രമായിരുന്നു…

രണ്ടു ബെഞ്ചിലായി മുൻപിലും പിന്നിലും രണ്ടു പേരും ഇരുന്നു….

“നേരം കുറെയായി ഇരിയ്ക്കുന്നു… ഈ വെറുതെ ഇരിയ്ക്കുന്ന നേരം ഇളകി കിടക്കുന്ന പല്ലൊന്ന് പറിച്ചു തന്നാൽ ഉപകാരമായിരുന്നു….” രണ്ടും കല്പിച്ചു സെറയുടെ അടുത്തേയ്ക്ക് നീങ്ങി ഇരുന്നു പറഞ്ഞു…

ദഹിപ്പിയ്ക്കുന്ന ഒരു നോട്ടമായിരുന്നു മറുപടി…

“ഇനി ഇതും ആരോടെങ്കിലും ബെറ്റ് വച്ചു ചെയ്തതാണോ…”

“ആണ്…”ചിരിയോടെ ദേവർഷ് പറഞ്ഞു..

“അമ്മയോട് പറഞ്ഞിരുന്നു ഇന്ന് വൈകുന്നേരം അമ്മയ്ക്ക് ഒരു മരുമകളെ കൊണ്ട് കൊടുക്കാമെന്ന്… കേട്ടപ്പോൾ എന്നെ കളിയാക്കി വെല്ലുവിളിച്ചു… ചുണയുണ്ടെങ്കിൽ ചെയ്തു കാണിയ്ക്കെടാ എന്ന്… അതാണ് പിന്നെ വച്ചു വൈകിപ്പിയ്ക്കണ്ട എന്ന് വച്ചത്….” ചിരിയോടെ പറയുമ്പോൾ ആ മുഖത്തെ ദേഷ്യം പതിയെ അലിഞ്ഞില്ലാതാവാൻ തുടങ്ങിയിരുന്നു….

“അത് കൊണ്ടാണ് അല്ലാതെ ഇഷ്ടം ഉണ്ടായിട്ടല്ല….”ചുണ്ട് കൂർപ്പിച്ചു പരിഭവത്തോടെ അവൾ പറയുന്നത് കണ്ടു അവൻ ചിരിച്ചു…

“ആര് പറഞ്ഞു… ബെറ്റ് എന്ന് പറഞ്ഞാണ് അന്ന് തുടങ്ങിയതെങ്കിലും അതിലൊന്നും അവസാനിയ്ക്കാൻ പോണില്ലെന്ന് എനിയ്ക്ക് ഉറപ്പായിരുന്നു. എന്നെ സഹിയ്ക്കാനും മനസ്സിലാക്കാനും നിന്നേ കൊണ്ടേ പറ്റു എന്ന് എനിയ്ക്ക് ഉറപ്പായിരുന്നു…അവൻ പറയുന്നത് കേട്ട് നീ ഇട്ടേച്ചു പോയപ്പോഴും അതിനൊരു മാറ്റവും ഉണ്ടായിട്ടില്ല… ദേ ഇപ്പോഴും…”ചിരിയോടെ പറഞ്ഞു അവളുടെ കൈയ്യിൽ കൈ കോർത്തു ആ തിരു സന്നിധിയിൽ ഇരുന്നു….

“നിന്റെ പല്ലിലെ കമ്പി വേലി എവിടെ പോയി….”

“പൊളിച്ചു കളഞ്ഞു…”

“അതെന്തായാലും നന്നായി…”

“അതെന്താ…”

“കമ്പി വേലി പൊളിയ്ക്കുക എന്ന ആദ്യത്തെ ടാസ്ക് കഴിഞ്ഞല്ലോ…. ഇനി കല്യാണം… കൊച്ച്… വെല്ലുവിളിച്ചതൊക്കെ പതിയെ നടത്തി എടുക്കണം…” ചിരിച്ചു കൊണ്ട് ദേവർഷ് പറഞ്ഞപ്പോൾ അടുത്ത യുദ്ധത്തിനുള്ള പടപ്പുറപ്പാട് തുടങ്ങിയിരുന്നു…..

❤️❤️❤️❤️❤️❤️❤️❤️❤️

വെറുതെ ഒരു രസത്തിന് കുത്തി കുറിച്ചതാണ്…. ഹാപ്പി എൻഡിങ് വായിക്കാൻ എന്നെപ്പോലെ ഇഷ്ടമുള്ളവർക്ക് വേണ്ടി മാത്രം ❣️