എത്രയൊക്കെ മൂടി വച്ചാലും കണ്ടു പിടിയ്ക്കാൻ ഒരാളുണ്ടായിരുന്നു. പക്ഷേ അതൊന്നും ഒരിയ്ക്കലും പ്രണയത്തെ ബാധിച്ചില്ല…

മഴമുകിൽ ~ രചന: അക്ഷര എസ്

“നമ്മൾ കല്യാണം കഴിയ്ക്കുമോ ജോ….”

മഴയിൽ കുതിർന്ന ഫുൾ പാവാട തുമ്പ് ഒരു കൈ കൊണ്ട് അല്പം ഉയർത്തി കൂട്ടി പിടിച്ചു ഒരു കൈയ്യിൽ കുടയും പിടിച്ചു പെരുമഴയത്തു അവനോടു ചേർന്ന് നടക്കുമ്പോൾ അവൾ ചിരിയോടെ ചോദിച്ചു…

“പിന്നെ… കഴിയ്ക്കാതെ…. പക്ഷേ ഇനിയും കുറേ സമയം കഴിയണം …”അതേ ചിരിയോടെ അവളോട്‌ മറുപടി പറഞ്ഞു…

ഒരു ഒൻപതാം ക്ലാസ്സുക്കാരന് അതിൽ കൂടുതൽ വാഗ്ദാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല…. ഒരു മതിലിനപ്പുറമുള്ള വീട്ടിലെ കളിക്കൂട്ടുക്കാരിയായിരുന്ന അവളോട്‌ എന്നാണ് പ്രണയം തോന്നി തുടങ്ങിയത്….

അറിയില്ല….

മഴവില്ലിന്റെ ചായക്കൂട്ടുകൾ കട്ടെടുത്തു കൗമാരത്തിലെ തന്റെ സ്വപ്‌നങ്ങൾക്ക് അവളായിരുന്നു ആദ്യം നിറം നൽകിയത്….

അടഞ്ഞ കൺപോളകൾക്ക് മുകളിൽ മഴത്തുള്ളികൾ വീഴുമ്പോൾ ഉള്ളിലാകെ പടരുന്ന തണുപ്പ് പോലെയൊരു സുഖമായിരുന്നു അവളെ കുറിച്ച് ഓർക്കുമ്പോഴെല്ലാം….

എയ്ഞ്ചൽ….

എന്റെ മാലാഖ…. എന്നിൽ പ്രണയം നിറച്ച മാലാഖ….

കൗമാരത്തിന്റെ തുടക്കത്തിൽ ആരും കാണാതെ പുസ്തകത്തിൽ ഒളിപ്പിച്ചു വച്ചു കൊടുത്ത കത്തു വായിച്ചവൾ അതേ കത്തിൽ മറുപടിയായൊരു ഹൃദയം വരച്ചു തന്നപ്പോൾ മുതൽ അവൾക്ക് സമപ്രായക്കാരിയായ കളിക്കൂട്ടുകാരിയിൽ നിന്നും പ്രണയിനിയിലേക്ക് സ്ഥാനക്കയറ്റം കിട്ടി….

പിന്നെയങ്ങോട്ട് ആരോഹണങ്ങൾ മാത്രം….

സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേയ്ക്ക്….

വിരൽ തുമ്പിൽ നിന്ന് ഹൃദയത്തിലേയ്ക്ക്….

ചിറകുകൾ വിരിച്ച നിറമുള്ള സ്വപ്‌നങ്ങളിലേയ്ക്ക്….

ഉറങ്ങാൻ പോകുന്നതും ഉണർന്നെണീയ്ക്കുന്നതും ജനലോരം അവളെ കണ്ടു….

അവധി വരുമ്പോൾ വീട്ടിലെ ടെറസിന് മുകളിൽ പഠിയ്ക്കാൻ ഇരിയ്ക്കും….

മിണ്ടാതെ മിണ്ടും… പറയാതെ പറയും… കണ്ണുകൾ കൊണ്ട്… ഹൃദയം കൊണ്ട്….

ഇടയ്ക്ക് ആരുമില്ലാത്തപ്പോൾ വീട്ടിലെ ലാൻഡ് ഫോൺ ഹൃദയദൂത് കൈമാറും…

ശബ്ദങ്ങൾ ഇല്ലാതെ ഹൃദയം കൊണ്ട് മാത്രം പ്രണയിച്ചവർ…

എത്രയൊക്കെ മൂടി വച്ചാലും കണ്ടു പിടിയ്ക്കാൻ ഒരാളുണ്ടായിരുന്നു….പക്ഷേ അതൊന്നും ഒരിയ്ക്കലും പ്രണയത്തെ ബാധിച്ചില്ല….

ബഹളങ്ങൾ ഇല്ലാത്ത പുഴ പോലെ അതൊഴുകി… കല്ലുകളെ തലോടി … കിന്നരിച്ചു….ശാന്തമായി….

കൗമാരം പടി കടന്നു യൗവ്വനത്തിൽ എത്തിയപ്പോഴായിരുന്നു പ്രണയത്തിൽ ആദ്യമായി ഭയം എന്ന വികാരം വന്നത്….

ഡിഗ്രി കഴിഞ്ഞു ഒന്നോ രണ്ടോ വർഷം കഴിഞ്ഞിരുന്നു അപ്പോൾ…

അവളുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞ സമയം…

അവളുടേതാണ് അടുത്ത ഊഴം എന്ന് അവളുടെ അപ്പൻ പറഞ്ഞു എന്ന് പറഞ്ഞപ്പോൾ….അമ്മയോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു…പറഞ്ഞു…. ആദ്യം എതിർപ്പായിരുന്നു…

വീടിന്റെ തൊട്ടപ്പുറത്തു വീട്… ഒരേ ഇടവക… സമപ്രായം….ഡിഗ്രി കഴിഞ്ഞു ജോലി ഒന്നും ആയിട്ടില്ല…കല്യാണം കഴിയ്ക്കാനുള്ള പ്രായം ആയിട്ടില്ല… ചേട്ടൻ നിൽക്കുമ്പോൾ അനിയൻ എങ്ങനെ കെട്ടും… അങ്ങനെ നൂറു ചോദ്യങ്ങൾ…

ഉത്തരം ഒന്ന് മാത്രം… എനിയ്ക്ക് അവളെ ഇഷ്ടമാണ്… അവളില്ലാതെ എനിയ്ക്ക് പറ്റില്ല….

പിന്നെ ആ അമ്മ ഒന്നും ചിന്തിച്ചില്ല…എയ്ഞ്ചലിന്റെ വീട്ടിൽ പോയി മകന് വേണ്ടി പെണ്ണ് ചോദിച്ചു ….

ഇക്കണ്ട കാലം ഗൾഫിൽ കിടന്നു പണിയെടുത്തത് ഇങ്ങനെ ജോലിയും കൂലിയും ഇല്ലാത്ത ഒരുത്തന് എന്റെ മകളെ കെട്ടിച്ചു കൊടുക്കാൻ അല്ലെന്ന് ആ അപ്പൻ തറപ്പിച്ചു പറഞ്ഞു….

കൊട്ടാരം പോലെയുള്ള ആ വീട്ടിൽ നിന്നും ഒറ്റ നില മാത്രമുള്ള ആ കുഞ്ഞു വീട്ടിലേയ്ക്ക് അയാളുടെ മകളെ കെട്ടിച്ചു കൊടുക്കില്ലെന്നും….

അവിടെ തകർന്നു സ്വപ്‌നങ്ങൾ….

ജനലോരം നിൽക്കുമ്പോൾ കണ്ടു കരഞ്ഞു വീർത്ത കൺപോളകളുമായി നിൽക്കുന്നവളെ….പുളിവാറു കൊണ്ട് വടുക്കൾ വീണ കൈകൾ ഉയർത്തി കാണിച്ചു തന്നു….

രൂക്ഷമായ നോട്ടത്തോടെ ആ ജനൽ പാളിയും അവളുടെ അമ്മ കൊട്ടിയടച്ചതോടെ തീർന്നു കൂടി കാഴ്ച്ചകൾ…

ഒന്ന് വിളിച്ചാൽ അവൾ ഇറങ്ങി വരാൻ തയ്യാറാണ് എന്ന് മനസ്സ് ഉറപ്പ് പറഞ്ഞിരുന്നു….

അപ്പന്റെ ഒരു വരുമാനം കൊണ്ട് മാത്രം വീട് നടന്നു പോകുന്ന ഒരിടത്തേക്ക് ജോലിയും കൂലിയും ഇല്ലാത്ത ഒരു ഇരുപത്തി രണ്ടു വയസ്സുക്കാരന് അവളെ വിളിച്ചു കൊണ്ട് വരാൻ തോന്നിയില്ല….

വിവാഹാലോചനകൾ അവിടെ തകൃതിയായി നടക്കുന്നു എന്ന് അറിഞ്ഞപ്പോഴും ഗൾഫിലേയ്ക്ക് പോകാൻ വേണ്ടി കാത്തിരിയ്ക്കുന്ന വിസയിൽ ആയിരുന്നു പ്രതീക്ഷ മുഴുവനും….

അതൊരു പ്രതീക്ഷയായി മാത്രം നിന്നപ്പോൾ അവളുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾ മുന്നേറി….

അവളുടെ കല്യാണത്തലേന്ന് രാത്രി ടെറസിൽ ഇരുന്നു അവളുടെ വീട്ടിലെ നിറക്കാഴ്ച്ചകളിലേയ്ക്ക് കണ്ണും നട്ടിരുന്നു….

പരസ്പരം കണ്ണും കണ്ണും നട്ടിരുന്നു ഹൃദയം കൊണ്ട് സംസാരിച്ചയിടങ്ങൾ നാളെ മുതൽ ശൂന്യമാകാൻ പോകുന്നു എന്ന തിരിച്ചറിവിൽ….

“ജോ.. നീ ഒരു വാക്ക് പറഞ്ഞാൽ മതി… പൊക്കി എടുത്തു നിന്റെ മുൻപിൽ കൊണ്ട് നിർത്തി തരും… അവളുടെ തന്തയോട് പോവാൻ പറ…”അവരുടെ പ്രണയം ആദ്യമായി കണ്ടു പിടിച്ചവൻ ജോയോട് പറഞ്ഞപ്പോൾ വേണ്ടെന്നു തലയാട്ടി…

“എനിയ്ക്ക് കൊടുക്കാൻ പറ്റുന്നതിനേക്കാൾ നല്ലൊരു ജീവിതം അവന് കൊടുക്കാൻ പറ്റുന്നത് കൊണ്ടാവും ദൈവം എനിയ്ക്ക് അവളെ നിഷേധിച്ചത്… അവൾ സന്തോഷമായി ജീവിയ്ക്കട്ടെ….”ചിരിച്ചു കൊണ്ട് പറഞ്ഞെങ്കിലും അവസാന നിമിഷമെങ്കിലും അത്ഭുതം സംഭവിച്ചിരുന്നെങ്കിൽ എന്ന് അറിയാതെ മോഹിച്ചു….

തൂ വെള്ള വസ്ത്രമണിഞ്ഞു മറ്റൊരുത്തന്റെ മാലാഖയാവാൻ അവൾ വീട്ടിൽ നിന്നും ഇറങ്ങുന്നത് കണ്ടപ്പോൾ നെഞ്ചു പറിയുന്ന വേദനയോടെ ആ ജനൽ കമ്പിയിൽ അമർത്തി പിടിച്ചു…

അന്നും മഴയുണ്ടായിരുന്നു….. പക്ഷേ ആ മഴയ്ക്ക് തണുപ്പായിരുന്നില്ല…

അവൻ താലി കെട്ടി സ്വന്തമാക്കുന്നത് കാണാൻ കെൽപ്പില്ലാത്തത് കൊണ്ട് വീട്ടിൽ തന്നെ ഇരുന്നു…

അവളുടെ കഴുത്തിൽ മിന്ന് വീഴുന്നതിന് ഒരു നിമിഷം മുൻപെങ്കിലും വിസ ശരിയായെന്ന ഒരു ഫോൺ കാൾ വന്നെങ്കിൽ എന്ന് പ്രതീക്ഷിച്ചു…. വന്നില്ല…

പക്ഷേ പിറ്റേന്ന് രാവിലെ വന്നു…. ഒരു ഫോൺ കാൾ…ഒപ്പം ഒരു ഇ-മെയിലും…

ബഹറിനിൽ നിന്ന് വിസ ശരിയായെന്നും പറഞ്ഞു….

ഏറെ കാത്തിരുന്ന ഒരു നിമിഷത്തെ ശപിച്ചു പോയി അപ്പോൾ…

അന്ന് വൈകുന്നേരമായിരുന്നു അവൾ ഭർതൃ ഗൃഹത്തിൽ നിന്നും മടങ്ങി വന്നത്…

വിസ വന്ന ആഘോഷമായിരുന്നു വീട്ടിൽ…അതേ ടെറസിൽ ഇരുന്നു ആദ്യമായി ബോധം മറയുവോളം കുടിച്ചു… കരഞ്ഞു…സ്വയം പഴിച്ചു…

അപ്പോഴും പുറത്ത് നല്ല മഴയായിരുന്നു….

“എനിയ്ക്ക് അവളെ കാണണം… ഇപ്പോൾ തന്നെ കാണണം….”ഇടയ്ക്ക് എപ്പോഴോ വെളിവില്ലാതെ പുലമ്പി….

“പോകാം…”കൂടെ ഇരുന്നവൻ പറഞ്ഞു…

“നീയെന്നെ കൊണ്ട് പോവോ….”ജോ ചിരിച്ചു കൊണ്ട് ചോദിച്ചു….

“പിന്നെന്താ… ജോ എണീയ്ക്ക്…”ജോയെ പിടിച്ചു എണീപ്പിച്ചു കുട എടുക്കാൻ പോയപ്പോൾ വേണ്ടെന്നു കൈ കൊണ്ട് തടഞ്ഞു കാണിച്ചു…

“മഴ നനഞ്ഞു പോകണം എനിയ്ക്ക്….”അവളുടെ വീടിന്റെ ഗേറ്റിനടുത്തു ചെന്നു നിന്ന് ഗേറ്റിൽ തട്ടി ശബ്ദം ഉണ്ടാക്കി…

അവളുടെ അപ്പനായിരുന്നു വന്നു തുറന്നത്… നനഞ്ഞ വസ്ത്രത്തോടെ തന്നെ ഉമ്മറത്തേയ്ക്ക് വന്നു…

ചെറുക്കനും പെണ്ണും അവിടെ ഇരിപ്പുണ്ടായിരുന്നു…അവളുടെ ചെറുക്കനെ കണ്ണ് നിറച്ചു കണ്ടു…

പരിചയപ്പെട്ടു…

അവളെ പൊന്ന് പോലെ നോക്കണേ എന്ന് മനസ്സ് കൊണ്ട് പറഞ്ഞു…

“ജോയ്ക്ക് വിസ വന്നെന്ന് പറഞ്ഞല്ലോ….”അവളുടെ അപ്പനായിരുന്നു ചോദിച്ചത്…

“വന്നു… പക്ഷേ ഒരു ദിവസം വൈകി പോയി…”ജോ ചിരിച്ചു കൊണ്ട് പറഞ്ഞു അവളെ നോക്കി…

ഒന്നും മിണ്ടാതെ അകത്തു പോയി എയ്ഞ്ചൽ …

ചിരിച്ചു കൊണ്ട് പറഞ്ഞു ആ മഴയിലേയ്ക്ക് ഇറങ്ങി നടന്നു…പ്രണയിയ്ക്കാൻ പഠിപ്പിച്ച അതേ മഴയിലേയ്ക്ക്…

അവൾ ഗർഭിണി ആണെന്നു അറിഞ്ഞ ദിവസം വരേയ്ക്കും അവളുണ്ടായിരുന്നു മനസ്സിൽ…

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ….

ചെറിയ ജോലിയിൽ നിന്നും ലക്ഷങ്ങൾ മാസം ശമ്പളം വാങ്ങുന്ന ജോലിയിലേയ്ക്ക് ഉയർന്നു ജീവിതം…

രണ്ടാമത്തെ കണ്മണിയെ പ്രതീക്ഷിച്ചിരിയ്ക്കുന്ന സമയത്തു പുതിയ ഇരുനില വീടിന്റെ പാലു കാച്ചലിനാണ് പിന്നീട് അവളുടെ അപ്പനെ കാണുന്നത്….

ഭക്ഷണം കഴിച്ചു അയാൾ എണീറ്റ നേരത്ത് അയാളുടെ അടുത്ത് ചെന്നു നിന്നു…

ഒന്നും പറഞ്ഞില്ല… തോളിൽ മെല്ലെ തട്ടി വീട് ചൂണ്ടി നന്നായിട്ടുണ്ട് എന്ന് കാണിച്ചു…

അതിൽ ഉണ്ടായിരുന്നു എല്ലാം…തന്റെ മകളുടെ സൗഭാഗ്യം മുഴുവനും തട്ടി തെറിപ്പിച്ച ഒരു അപ്പന്റെ വേദന മുഴുവനും….

എപ്പോഴോ അറിഞ്ഞിരുന്നു എയ്ഞ്ചലിന്റെ ഭർത്താവിന്റെ ബിസിനസ് പൊളിഞ്ഞതും അവൾക്ക് കൊടുത്ത ആഭരണങ്ങളും ഇവിടെയുള്ള വീടും അങ്ങനെ എല്ലാം വിറ്റു പറക്കിയ കഥകൾ…

പ്രാണനേക്കാൾ സ്നേഹിച്ചു പോയവളല്ലേ… വേദന തോന്നി കേട്ടപ്പോൾ…

പക്ഷേ കഥയല്ല ജീവിതമല്ലേ…

നഷ്ടപ്പെട്ടു പോയ പ്രണയിനിയെ ഓർത്ത് വിലപിച്ചാൽ കൈ കുമ്പിളിൽ ശേഖരിച്ച ജീവിതമാകും ഊർന്ന് പോകുന്നത്….

നേടുന്നതിനേക്കാൾ മധുരം ചിലപ്പോൾ നഷ്ടപ്പെടുമ്പോഴാണ്..

നഷ്ടപ്രണയത്തിൽ അവരെന്നും ഉപാധികൾ ഇല്ലാത്ത പ്രണയിതാക്കൾ മാത്രമാകും….ചിലപ്പോൾ പ്രണയം മധുരമാകുന്നത് ഇങ്ങനെയുമാകാം എന്ന തിരിച്ചറിവാണ് ജീവിതം….

ഇനിയുള്ള ജന്മങ്ങൾക്ക് വേണ്ടി കൊതിയോടെ കാത്തിരിയ്ക്കുന്നത് പ്രണയം നഷ്ടപ്പെടുമ്പോൾ മാത്രമാണ് …നിനക്ക് വേണ്ടിയാവണം അടുത്ത ജന്മം ഞാൻ ജനിയ്‌ക്കേണ്ടത് എന്ന പ്രതീക്ഷയിൽ….

ഘനീഭവിച്ചൊരു ജലകണത്തെ ഭൂമിയിലേയ്ക്കയക്കുമ്പോൾ വീണ്ടുമൊരു ജലകണമായി ആ മഴത്തുള്ളി തന്നിലേയ്ക്ക് തന്നെ തിരിച്ചെത്തും എന്ന മഴമുകിലിന്റെ പ്രതീക്ഷ പോലെ…..❤

🦋🦋🦋🦋🦋🦋🦋🦋🦋

റിയൽ ലൈഫ്‌ സ്റ്റോറിയിൽ എന്ത് ഹാപ്പി എൻഡിങ്…