എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവരെ പോലെ ആയിരുന്നു അവർ അഞ്ജനയുടെ വീട്ടിലെത്തിയത്. ഉമ്മറത്തു തന്നെ അവരെ കാത്തുനിൽക്കുന്ന….

വാടകക്കൊരു ഗർഭപാത്രം ~ രചന: മഹാ ദേവൻ

“ഡോക്ടർ.. ഇനി “

പ്രതീക്ഷയെല്ലാം നഷ്ട്ടപ്പെട്ടതുപോലെ നിസ്സംഗതയോടെ മുഖത്തേക്ക് നോക്കുന്ന അമലിനെയും അഞ്ജനയെയും ഡോക്ടർ കൃഷ്ണനുണ്ണി മാറിമാറി നോക്കി.
രണ്ട് പേരുടെയും മുഖത്തു കാണുന്ന വിഷമം വാക്കുകളിൽ നിറഞ്ഞുനിൽക്കുമ്പോൾ ഇടക്കെപ്പോഴോ അഞ്ജനയുടെ കണ്ണുകൾ ഒന്ന് നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു.

ഒരു അമ്മയാകാൻ ഇടനെഞ്ചു പിടക്കുമ്പോൾ ഒരു കുഞ്ഞിനെ ചേർത്തുപിടിച്ചു മുലയൂട്ടാൻ അവളുടെ മാറിടം കൊതിക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ മോഹം പോലും തങ്ങൾക്ക് തീണ്ടാപ്പാടാണെന്ന് അറിയുമ്പോൾ അവൾ എല്ലാ പ്രതീക്ഷയും നഷ്ട്ടപ്പെട്ടപോലെ അവന്റെ തോളിലേക്ക് ചാരി വിതുമ്പി.

” ഏട്ടാ.. ഇവടേം നമ്മൾ തോറ്റുപോയല്ലോ ” എന്നും പറഞ്ഞ് വിതുമ്പുന്ന അവളെ ആശ്വസിക്കാൻ എന്നവണ്ണം അമൽ കവിളിൽ തട്ടി ഉണർത്തുമ്പോൾ അത്‌ ഒരു ഡോക്ടറുടെ റൂം ആണെന്ന് പോലും മറന്ന് പോയിരുന്നു രണ്ട് പേരും.

” നിങ്ങൾ ഇങ്ങനെ അപ്‌സെറ്റ് ആവാതിരിക്കൂ. നമുക്ക് മുന്നിൽ ഒരു വഴികൂടി ഉണ്ട്… പക്ഷേ…. “

അവരുടെ നിറം മങ്ങിയ സ്വപ്നങ്ങൾക്ക് നിറം പകരുന്നപോലെ കൃഷ്ണനുണ്ണി അത്‌ പറയുമ്പോൾ തോളിൽ തല ചേർത്തു വിതുമ്പുന്ന അഞ്ജനയും അവളെ ആശ്വസിപ്പിക്കുന്ന അമലും ഒരു ഞെട്ടലോടെ ആണ് തലയുയർത്തിയത്.

വല്ലാത്തൊരു ആശ്ചര്യവും സന്തോഷവും രണ്ട് മുഖത്തും കാണുന്നുണ്ടെങ്കിലും പറയാൻ പോകുന്ന കാര്യത്തിന്റെ കോംപ്ലികേഷൻസ് കൂടി പറയുമ്പോൾ ഇപ്പോൾ മുഖത്തു കാണുന്ന ഈ സന്തോഷം വീണ്ടും മങ്ങിപ്പോകുമോ എന്ന ചിന്തയിലായിരുന്നു അപ്പൊൾ കൃഷ്ണനുണ്ണി.

” ഡോക്ടർ.. പറയൂ… എന്താണ്.. എന്താണ് ഇനിയുള്ള വഴി “എന്ന് ചോദിക്കുന്ന അഞ്ജനയുടെ ആഹ്ളാദം ഒരു അമ്മയാകാൻ കൊതിക്കുന്ന ഹൃദയത്തിന്റ പിടച്ചിലാണെന്ന് കൃഷ്ണനുണ്ണിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വളരെ ഗൗരവത്തോടെ ആണ് കൃഷ്ണനുണ്ണി പറഞ്ഞുതുടങ്ങിയത്.

” ഞാൻ പറയാൻ പോകുന്നത് കുറച്ച് റിസ്ക് ഉള്ള കാര്യമാണ്. വാക്കുകൾ കൊണ്ട് പറയുംപോലെ അത്ര എളുപ്പം നടക്കുന്ന ഒരു കാര്യത്തെ കുറിച്ചല്ല ഞാൻ പറയാൻ പോകുന്നതെന്ന് സാരം. അതുകൊണ്ട് തന്നെ അമിതമായ പ്രതീക്ഷ കൊടുക്കരുത്. “

മുഖവുരയോടെ പറഞ്ഞുതുടങ്ങുന്ന ഡോക്ടർക്ക് മുന്നിൽ ആകാംഷയോടെ ഇരിക്കുമ്പോൾ ഡോക്ടർ പറയാൻ പോകുന്ന ആ അവസാനപ്രതീക്ഷ എന്താണെന്ന് അറിയാനുള്ള ഉത്കണ്ഠയോടെ ആയിരുന്നു അമൽ ഡോക്ടർക്ക് മുന്നിൽ കൈകൂപ്പിയത്,

” ഡോക്ടർ.. കുഞ്ഞെന്ന സ്വപ്നത്തിന് മുന്നിൽ ഇനിയും ഞങ്ങള്ക്ക് പ്രതീക്ഷയുണ്ടെങ്കിൽ അതിന് എന്ത് ചെയ്യാനും ഞങ്ങൾ തയ്യാറാണ്… “

അവന്റെ വാക്കുകളെ അംഗീകരിക്കുംപോലെ “അതേ ” എന്ന് അഞ്ജനയും തലയാട്ടി സമ്മതിക്കുമ്പോൾ ഡോക്ടർ അവരുടെ മുഖത്തേക്ക് നോക്കികൊണ്ട് ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു,

” അരുൺ. നിങ്ങൾ കരുതും പോലെ അത്ര എളുപ്പം നടക്കുന്ന ഒരു കാര്യത്തെ കുറിച്ചല്ല ഞാൻ പറയാൻ പോകുന്നത്. ഇന്നിപ്പോൾ ഒരുപാട് ആളുകൾ ഇതുവഴി കുട്ടികൾക്ക് ജന്മം കൊടുക്കുന്നുണ്ടെങ്കിലും ഇതിനും ഒരുപാട് കോംപ്ലിക്കേഷൻസ് ഉണ്ട്. റിസ്ക് ഉണ്ട്… ” എന്നും പറഞ്ഞ് ഡോക്ടർ കണ്ണട ഊരി കർചീഫ് കൊണ്ട് തുടച്ചു പിന്നെയും മുഖത്തേക്ക് വെച്ചുകൊണ്ട് തുടർന്നു,

” അമൽ .. IVF എന്ന് കേട്ടിട്ടുണ്ടോ.?

IN VITRO FERTILIZATION ! കൃത്രിമബീജസങ്കലനം ! അതായത് ദമ്പതികളിൽ നിന്ന് അണ്ഡവും ബീജവും എടുത്ത് IVF.വിലൂടെ ബീജസങ്കലനം ചെയ്ത് അനേകം ഭ്രൂണങ്ങൾ സൃഷ്ടിച്ചെടുക്കുക. ഇത് നമുക്ക് മുന്നിൽ എളുപ്പമായി തോന്നാമെങ്കിലും അടുത്തത് ആ ഭ്രൂണത്തെ നിക്ഷേപിക്കാൻ നമുക്ക് ഒരു ഗർഭപാത്രം വേണമെന്നതാണ്. ഈ പത്തു മാസകാലയളവിലേക്ക് ഒരു ഗർഭപാത്രം ആരെങ്കിലും തരാൻ തയാറായാൽ മാത്രമേ ഇതിനെ കുറിച്ച് മുന്നോട്ട് ചിന്തിക്കാൻ പറ്റൂ… അങ്ങനെ എത്ര പേർ തയാറായി മുന്നോട്ട് വരും എന്നറിയില്ല. വന്നാലും ചിലപ്പോൾ നിങ്ങള്ക്ക് താങ്ങാവുന്നത്തിലും അപ്പുറം ആയിരിക്കും ചിലപ്പോൾ അങ്ങനെ വരുന്നവർ പ്രതീക്ഷിക്കുന്ന പ്രത്യോപകാരം. അങ്ങനെ പാടില്ലെന്നാണ് നിയമം എങ്കിലും ഇന്ന് പലയിടത്തും നടക്കുന്നത് അങ്ങനെ ഒക്കെ തന്നെ ആണ്. അല്ലാതെ മറ്റൊരുത്തന്റെ കുഞ്ഞിനെ ഗർഭം പേറി പത്തു മാസം വെറുതെ ചുമക്കാൻ ആര് വരാനാ. അത്‌ മാത്രമല്ല, ഇനി നമ്മൾ എന്ത് വേണമെങ്കിലും കൊടുക്കാമെന്നു പറഞ്ഞാലും ഇങ്ങനെ ഒരു കാര്യത്തിന് നമ്മുടെ നാട്ടിൽ ഒരാൾ മുന്നോട്ട് വരിക എന്നത് പോസിബിളായ കാര്യം ആണെന്ന് തോന്നുന്നില്ല. ഇപ്പഴും ഇതൊക്കെ വലിയ ഒരു അപരാധം പോലെ കാണുന്നവർ ആണ് മിക്കവാറും നമ്മുടെ നാട്ടിൽ, ആ സ്ഥിതിക്ക്.. “

ഡോക്ടർ പറഞ്ഞവസാനിപ്പിക്കുംപോലെ രണ്ട് പേരെയും മാറിമാറി നോക്കുമ്പോൾ കുറച്ച് മുന്നേ ആശ്ചര്യത്താൽ തുടുത്ത മുഖത്തെ തിളക്കമാർന്ന കണ്ണുകളിൽ വീണ്ടും കാർമേഘം ഇരുണ്ടുകൂടുന്നത് കാണാമായിരുന്നു. മുന്നിലുള്ള വഴി പെട്ടന്ന് തണ്ടാവുന്ന ഒന്നല്ലെന്ന് മനസ്സിലാക്കുമ്പോൾ ഇനി ഒരു വഴി ഉണ്ടെന്ന് പറഞ്ഞു ഡോക്ടർ നൽകിയ പ്രതീക്ഷ കൂടി ഇല്ലാതാകുകയാണെന്ന് തോന്നി അമലിനും അഞ്ജനക്കും.

അഞ്ജന പ്രതീക്ഷ വറ്റിയ കണ്ണുകളുമായി അമലിനു നേരെ തിരിയുമ്പോൾ അവനും പറയാൻ വാക്കുകൾ ഇല്ലായിരുന്നു. ഇങ്ങനെ ഒരു ഗർഭധാരണത്തെ കുറിച്ച് ഒന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് എന്നല്ലാതെ…….

ഇങ്ങനെ ഒരു ആവശ്യം ആരോട് പറയും ! ആര് തരും പത്തു മാസത്തേക്ക് ഒരു ഗർഭപാത്രം !

ഒരു എത്തും പിടിയും കിട്ടാതെ നിസ്സഹായതയോടെ ഡോക്ടറെ നോക്കുമ്പോൾ കൃഷ്ണനുണ്ണി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവരെ ആശ്വസിപ്പിക്കുംപോലെ പറയുന്നുണ്ടായിരുന്നു

” അമൽ… ഇങ്ങനെ അപ്സെറ്റ് ആവാതെ. ഞാൻ പറഞ്ഞല്ലോ, കൂടുതൽ പ്രതീക്ഷ കൊടുക്കണ്ട എന്ന്. അതുപോലെ ഉള്ള പ്രതീക്ഷ മുഴുവനായും ഉപേക്ഷിക്കുകയും വേണ്ട.. ഒന്ന് ശ്രമിച്ചുനോക്ക്. നിങ്ങളുടെ ഭാഗ്യം പോലെ ഒരാൾ ഇതിനു തയാറായാൽ പിന്നെ കാര്യങ്ങൾ എല്ലാം നമ്മൾ വിജാരിച്ച പോലെ ഭംഗിയായി നടത്താം.. അപ്പോൾ നിങ്ങൾ ആദ്യം അങ്ങനെ ഒരാളെ കണ്ടെത്താൻ ശ്രമിക്കൂ.. ആവശ്യക്കാരന് ഔചിത്യം ഇല്ല എന്നല്ലേ. അതുകൊണ്ട് ഒരു മടിയും കൂടാതെ അന്വോഷിക്കൂ..പത്തു മാസത്തേക്ക് ഒരു ഗർഭപാത്രത്തിനായി. ഞാനും അന്വോഷിക്കാം..അങ്ങനെ ഒരാൾ തയാറാണെങ്കിൽ പിന്നെ ബാക്കിയുള്ള കാര്യങ്ങളുമായി നമുക്ക് മുന്നോട്ട് പോകാം ! “

ഡോക്ടറുടെ സ്നേഹത്തോടെ ഉള്ള വാക്കുകൾക്ക് മുന്നിൽ തലയാട്ടികൊണ്ട് രണ്ട് പേരും എഴുനേറ്റ് പുറത്തേക്ക് നടക്കുമ്പോൾ അമലിന് അറിയില്ലായിരുന്നു ഒരു ഗർഭപാത്രം ആരോട് ചോദിക്കും എങ്ങിനെ ചോദിക്കും എന്ന്. ഡോക്ടർ പറഞ്ഞ പോലെ നമ്മുടെ നാട്ടിൽ ഇതെല്ലാം എന്തോ വലിയ അപരാധം പോലെ ഒക്കെ കാണുന്നവരാണ് കൂടുതൽ. അങ്ങനെ ഉള്ളിടത്തു നിന്ന് ഇങ്ങനെ ഒരു ആവശ്യം പറയുമ്പോൾ ആരും മുന്നോട്ട് വരുമെന്ന് തോന്നുന്നില്ല എന്ന് അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.

എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവരെ പോലെ ആയിരുന്നു അവർ അഞ്ജനയുടെ വീട്ടിലെത്തിയത്. ഉമ്മറത്തു തന്നെ അവരെ കാത്തുനിൽക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി അവൻ മുറിയിലേക്ക് നടക്കുമ്പോൾ കലങ്ങിയ കണ്ണുകളുമായി അമ്മയെ ഒന്ന് നോക്കികൊണ്ട് അവന് പിന്നാലെ അവളും റൂമിലേക്ക് നടന്നു.

എത്ര നേരം അങ്ങനെ കിടന്നു എന്ന് അറിയില്ല…

അഞ്ജനയുടെ വിളി കേട്ട് എഴുന്നേക്കുമ്പോൾ നേരം സന്ധ്യ ആയിരുന്നു. മനസ്സിലൂടെ ഓടിമറഞ്ഞ ചിന്തകൾക്കൊപ്പം മയക്കം കണ്ണുകളെ പിടിമുറുക്കിയപ്പോൾ അത്‌ സന്ധ്യ വരെ നീണ്ട ഉറക്കം ആയിമാറുമെന്ന് അവനും കരുതിയില്ലായിരുന്നു.

“എന്തൊരു ഉറക്കാ ഏട്ടാ ഇത്. അമ്മ ചോദിക്കുന്നുണ്ട് മരുമകനിന്ന് ഇത് എന്ത് പറ്റി, ഇങ്ങനെ കിടക്കാറില്ലല്ലോ ” എന്ന്. ഹോസ്പിറ്റലിൽ നിന്നും വന്നപാടെ കേറിക്കിടന്നതല്ലേ പോയി ഫ്രഷ് ആയി വാ.. അപ്പോഴേക്കും ഞാൻ ചായ ഇട്ടു വെക്കാം ” എന്നും പറഞ്ഞ് മുന്നിൽ ചിരിയോടെ നിൽക്കുന്ന അവളെ തന്നെ ഇമയനക്കാതെ നോക്കി ഇരുന്നു അവൻ.

ഇനിയും താൻ വിഷമിക്കാതിരിക്കാൻ പുറമെ സന്തോഷം അഭിനയിച്ചുകാണിക്കുന്ന അവളുടെ ഉള്ളിലെ സങ്കടങ്ങൾ അവന് മനസ്സിലാകുന്നുണ്ടായിരുന്നു. അവൾ ചിരിക്കാൻ ശ്രമിക്കുമ്പോഴും അവളുടെ കണ്ണുകളിൽ ആ സങ്കടങ്ങൾ തിരതല്ലുന്നത് അവന് കാണാമായിരുന്നു.

ഒരു വാക്ക് കൊണ്ട് ആശ്വസിപ്പിക്കാൻ കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ബാത്റൂമിലേക്ക് നടക്കുമ്പോൾ അവൾ ആ വിഷാദമായ പുഞ്ചിരിയെ ഏറ്റുവാങ്ങികൊണ്ട് പതിയെ പുറത്തേക്ക് നടന്നു.

കുളി കഴിഞ്ഞ് ഡ്രസ്സ്‌ മാറി പുറത്തെ വാരാന്തയിൽ ചെന്നിരിക്കുമ്പോൾ മഴ ചാറിത്തുടങ്ങിയിരുന്നു. ആ മഴയുടെ സംഗീതം ആസ്വദിച്ചുകൊണ്ട് അവിടെ ഇരിക്കുമ്പോൾ ആയിരുന്നു അമ്മ ചായയുമായി അവനരികിലേക്ക് വന്നത്.

” മോനെ, ” എന്നും വിളിച്ച് അവന് നേരെ ചായക്കപ്പ് നീട്ടുമ്പോൾ അവർ ശ്രദ്ധിച്ചത് മുഴുവൻ മകന്റ മുഖത്തേക്ക് ആയിരുന്നു. സന്തോഷം കെട്ടുപോയ, വെറും മരവിപ്പ് മാത്രം അവശേഷികുന്ന ആ മുഖത്തേക്ക് നോക്കുമ്പോൾ ഇടക്ക് അഞ്ജനയും ആ മഴയെ ആസ്വദിക്കാൻ എന്നപോലെ അവർക്കരികിലെത്തി.

” എന്നിട്ട് എന്ത് തീരുമാനിച്ചു മോനെ നീ…”

അമ്മയുടെ ചോദ്യം കേട്ട് ഒന്നും പറയാൻ കഴിയാതെ ഇരിക്കുന്ന അവനെ നോക്കിക്കോണ്ട് മകളുടെ കയ്യിൽ പിടിച്ചു അമ്മ. ” കാര്യങ്ങൾ എല്ലാം ഇവൾ പറഞ്ഞു. ഇങ്ങനെ ഒരു അവസ്ഥയിൽ ആരെങ്കിലും ഇതിനു തയാറായി മുന്നോട്ട് വരുമെന്ന്… “

അമ്മ ആ വാക്കിൽ എന്ത് പറയണമെന്ന് അറിയാതെ നിർത്തുമ്പോൾ അവന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു. അതിന് വിഷാദത്തിന്റെ ചുവയായിരുന്നു.

” നമുക്ക് മുന്നിൽ ഇനി അതൊരു അടഞ്ഞ അദ്ധ്യായമാണ് അമ്മേ. അങ്ങനെ ഒരു കുഞ്ഞിനെ താലോലിക്കാൻ ഉള്ള യോഗം ഞങ്ങള്ക്ക് ഇല്ലെന്ന് കരുതി സമാധാനിക്കാം. അതല്ലാതെ ഒരു ഗർഭപാത്രം ആര് തരാനാ..പത്തു മാസത്തെ വാടകക്ക് ഒരു ഗർഭപ്പാത്രം. ഓർക്കുമ്പോൾ തന്നെ…അതും ഈ നാട്ടിൽ. വേറെ എവിടെ നിന്നെങ്കിലും ആളെ കണ്ടെത്തിയാൽ തന്നെ ചിലപ്പോൾ അവർ ആവശ്യപ്പെടുന്ന പണം നൽകാൻ നമ്മുടെ കയ്യിൽ എവിടുന്നാ അമ്മേ…? നിയമങ്ങൾ അല്ലല്ലോ പലപ്പോഴും ജീവിതങ്ങൾക്ക് വിലയിടുന്നത്. അതുകൊണ്ട് നമുക്ക് മുന്നിൽ അങ്ങനെ ഒരു വഴി തുറക്കുമെന്ന് എനിക്ക് വിശ്വാസമില്ല. “

അവന്റ വാക്കുകൾ ഇടറാൻ തുടങ്ങിയപ്പോൾ അത്‌ പുറത്ത് കാണിക്കാതിരിക്കാൻ കയ്യിലെ ഗ്ലാസ്‌ ചുണ്ടോട് ചേർത്തു അമൽ.

അവന്റെ വിഷമം ഇത്രത്തോളം ആണെന്ന് മനസ്സിലാക്കുമ്പോൾ അതിനേക്കാൾ എത്രത്തോളം വേദനിക്കുന്നുണ്ടാകും അമ്മയാകാൻ കൊതിക്കുന്ന തന്റെ മോളുടെ മനസ്സ് എന്ന് ആലോചിക്കുമ്പോൾ ആ അമ്മയുടെ കണ്ണുകളും ഇത്തിരി നനവ് പടർന്നിരുന്നു. അതുകൊണ്ട് തന്നെ ആണ് മനസ്സിൽ എന്തോ തീരുമാനിച്ച പോലെ ” അങ്ങനെ ഒരാൾ ഉണ്ട് മോനെ…. പക്ഷേ, നിങ്ങൾക്ക് ഇഷ്ടമാകുമോ എന്നാണ്….. ” എന്ന് പറയുന്ന അമ്മയെ ഞെട്ടലോടെ ആണ് രണ്ട് പേരും നോക്കിയത്.

പെട്ടന്ന് അമ്മ പറഞ്ഞ വാക്ക് കേട്ട് അവൻ ആശ്ചര്യത്തോടെ മുഖം തിരിക്കുമ്പോൾ അഞ്ജന അമ്മയുടെ കണ്ണുകളിലേക്ക് മനസ്സിന്റെ സന്തോഷം പിടിച്ചുനിർത്താൻ കഴിയാത്ത പോലെ നോക്കുമ്പോൾ അമൽ അതിയായ താല്പര്യത്തോടെ ചോദിക്കുന്നുണ്ടായിരുന്നു ” അമ്മ പറ.. ഇങ്ങനെ ഒരു കാര്യത്തിന് മനസ്സുള്ള ആളെ ഈഷ്ടമാകാതിരിക്കൊ അമ്മേ.. അവർക്ക് എന്ത് വേണേലും കൊടുക്കാം നമുക്ക്. ഇനിയുള്ള കാലം അവർക്ക് ജീവിക്കാൻ ഉള്ളതെല്ലാം.. പറ അമ്മേ.. ആരാ… ആരാത് ! ” എന്ന്. !

അവനിലുണ്ടായ ആശ്ചര്യം വാക്കുകളായി പുറത്തേക്ക് വരുമ്പോൾ അതിൽ ഒരുപാട് സന്തോഷം നിറഞ്ഞുനിന്നിരുന്നു.

” ആരാ അമ്മേ അത്‌ ” എന്ന് ചോദിച്ചുകൊണ്ട് അമ്മയുടെ കയ്യിൽ പിടിക്കുന്ന അഞ്ജനയെയും ഒരു വാക്ക് കൊണ്ട് ഒരു വസന്തം കിട്ടിയപോലെ സന്തോഷിക്കുന്ന മരുമകനെയും നോക്കികകൊണ്ട് അമ്മ പുഞ്ചിരിയോടെ പറഞ്ഞു ” വേറെ ആരും അല്ല മോനെ, ഈ അമ്മ തന്നെയാ ” എന്ന്.

അതൊരു വല്ലാത്ത ഷോക്ക് ആയിരുന്നു രണ്ട് പേർക്കും. ഒരു നിമിഷം ഞെട്ടലോടെ നിന്നവർ ഒന്നും മിണ്ടാതെ മൗനമാകുമ്പോൾ അമ്മ രണ്ട് പേരെയും മാറിമാറി നോക്കിക്കണ്ട് ചോദിക്കുന്നുണ്ടായിരുന്നു ” എന്ത് പറ്റി ” എന്ന്.

അത്‌ കേട്ട് നിഷേധാർത്ഥത്തിൽ തല കുടഞ്ഞുകൊണ്ട് അവൻ ആദ്യം ഇരുന്നിടത്തു തന്നെ പോയിരുന്ന്കൊണ്ട് അമ്മക്ക് മുഖം കൊടുക്കാതെ മഴയിലേക്ക് മിഴിനട്ടുകൊണ്ട് പറയുന്നുണ്ടായിരുന്നു

” അമ്മ ഇതെന്ത് ഭ്രാന്താണ് പറയുന്നത്. മകളുടെ കുഞ്ഞിനെ അമ്മ പ്രസവിക്കുക എന്നൊക്കെ വെച്ചാൽ.. നാളെ നാട്ടുകാര്ക്ക് ചിരിക്കാൻ പിന്നെ വേറൊന്നും വേണ്ട. പിന്നെ ഇവിടുത്തെ പെങ്ങന്മാരുടെയും ബന്ധുക്കളുടെയും കുത്തുവാക്കുകൾ. എന്റെ വീട്ടുകാരെ കാര്യം പറഞ്ഞ് മനസിലാക്കാമെന്ന് വെച്ചാൽ കൂടി…മക്കളുടെ കുഞ്ഞിനെ അമ്മ ഗർഭത്തിൽ ചുമക്കുക…. ഏയ്യ്.. അതൊന്നും.. “

അതോർക്കുമ്പോൾ തന്നെ അവന്റെ തല പെരുകുകയായിരുന്നു. അമ്മ ഒരിക്കലും ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചതല്ല….അതേ ഷോക്കിൽ തന്നെ ആയിരുന്നു ആ സമയം അഞ്ജനയും.

പക്ഷേ, അമ്മ അവന്റെ വാക്കുകളെ നിസ്സാരമായി കണ്ടായിരുന്നു പുഞ്ചിരിയോടെ സംസാരിച്ചത്,

” മോനെ…. നാട്ടുകാർക്ക് കുറ്റം പറയാനേ അറിയൂ.. ബന്ധുക്കൾക്ക് പുച്ഛിക്കാനും.

ചിരിക്കാനും കളിയാക്കാനും മാത്രം അറിയാവുന്ന ഇവർക്ക് മുന്നിൽ നമ്മൾ ചിന്തിക്കേണ്ടത് അവരെ അവരുടെ പാട്ടിനു വിടുക എന്നാണ് .

പിന്നെ അമ്മ മോളുടെയും മോന്റെയും കുഞ്ഞിനെ ഗർഭം ധരിക്കുന്നത് ഒരു കുറച്ചിലായി കാണുന്നത് എന്തിനാണ്.. എനിക്കിലാത്ത പ്രശ്നം എന്തിനാണ് മറ്റുള്ളവർക്ക്? ലോകത്ത് ആദ്യമായിട്ടല്ല ഒരമ്മ മകന്റെയൊ മകളുടെയോ കുഞ്ഞിനെ ഇങ്ങനെ ഒരു ഫെസിലിറ്റി പ്രയോജനപ്പെടുത്തികൊണ്ട് ഗർഭം ധരിക്കുന്നത്. നമ്മുടെ നാട്ടിൽ എന്തിനെയും പുച്ഛിക്കാനും കളിയാക്കാനും മാത്രം പഠിച്ചവർക്ക് മുന്നിൽ നമുക്ക് ഒന്നും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല. അവർ ഇപ്പഴും അവരുടെ ഇടുങ്ങിയ കാഴ്ചപ്പാടിനുള്ളിലാണ്..

അതുകൊണ്ട് എന്റെ മോളുടെയും മോന്റെയും കുഞ്ഞിനെ ഗർഭപാത്രത്തിൽ സ്വീകരിക്കാൻ എനിക്ക് സന്തോഷമേ ഉള്ളൂ. ഇവളും ഇവളുടെ ചേച്ചിമാരും കിടന്ന ഗർഭപാത്രം അല്ലെ.. ഇതിനേക്കാൾ സുരക്ഷിതത്വം നിങ്ങടെ കുഞ്ഞിന് മറ്റൊരു ഗർഭപാത്രം സ്വീകരിച്ചാലും കിട്ടില്ലെന്ന് തോന്നിയത് കൊണ്ട് തന്നെ ആണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തതും.

ഞാൻ പ്രസവിക്കാൻ പോകുന്നത് എന്റെ പേരക്കുട്ടിയെ അല്ലെ.. ആ മുഖം കാണാൻ നിങ്ങളെ പോലെ തന്നെ ഞാനും ഒരുപാട് ആഗ്രഹിക്കുമ്പോൾ എന്റെ മക്കൾ എങ്ങിനെ ആണോ എന്റെ ഗർഭപാത്രത്തിൽ കിടന്നത്, അതിനേക്കാൾ സുരക്ഷിതമായിരിക്കും നിങ്ങൾക്ക് പിറക്കാൻ പോകുന്ന കുഞ്ഞിന് എന്റെ ഗർഭപാത്രത്തിലെ പത്തു മാസങ്ങൾ ! എന്റെ പേരക്കുട്ടിയെ ഗർഭം ധരിക്കാനും പ്രസവിക്കാനും ഉള്ള ഭാഗ്യം കൂടി ദൈവം എനിക്ക് തന്നിട്ടുണ്ടെന്ന് കരുതിയാൽ മതി. കൂടുതൽ ചിന്തിക്കുമ്പോഴേ ഇതിലൊക്കെ വലിയ പ്രശ്നങ്ങൾ തോന്നുകയുള്ളൂ..എന്റെ തീരുമാനത്തേക്കാൾ വലുതാണോ നിനക്ക് മറ്റുള്ളവരുടെ വാക്കുകളും ചിരിയും? ചിരിക്കുന്നവർ ചിരിച്ചുകൊണ്ടേ ഇരിക്കും. അവരെ ആ വഴിക്ക് വിട്ടേക്കുക.എന്നിട്ട് നീ ഡോക്ടറെ വിളിച്ച് പറ ഗർഭപാത്രം റെഡിയാണെന്ന്. മകളുടെ കുഞ്ഞിനെ ഗർഭം ധരിക്കാൻ അവളുടെ അമ്മക്ക് സമ്മതമാണെന്നും ! അല്ലാതെ വെറുതെ ഓരോന്ന് ചിന്തിച്ചുകൂട്ടാൻ നിൽക്കണ്ട. “

എന്നും പറഞ്ഞ് അകത്തേക്കു നടന്ന അമ്മയെ നോക്കി നിൽക്കുമ്പോൾ അവനറിയില്ലായിരുന്നു എന്ത് ചെയ്യണമെന്ന്. ആ ചിന്തയോടെ തന്നെ അഞ്ജനക്ക് നേരെ തിരിയുമ്പോൾ അവന് മനസിലായി അവളും വല്ലാത്തൊരു ഷോക്കിൽ ആണെന്ന്.

കുറച്ചു നേരത്തെ ആലോചനക്ക് ശേഷം അവൾക്കരികിലെത്തി എന്താണ് നിന്റെ അഭിപ്രായം എന്ന് ചോദിക്കുമ്പോൾ അവളും ഒരു തീരുമാനം കൈകൊണ്ട പോലെ ചോദിക്കുന്നുണ്ടായിരുന്നു ” ഞാൻ കിടന്ന ഗർഭപ്പാത്രം അല്ലെ ഏട്ടാ..അതിനേക്കാൾ സുരക്ഷിതത്വം നമ്മുടെ കുഞ്ഞിന് വേറെ എവിടെ കിട്ടും ” എന്ന്.

അവളുടെ മനസ്സും അമ്മയുടെ തീരുമാനത്തെ ഉൾകൊണ്ടെന്ന് ബോധ്യമായപ്പോൾ അവൻ മറുത്തൊന്നും ചിന്തിക്കാതെ ഡോക്ടറുടെ നമ്പർ ഡയൽ ചെയ്യുമ്പോൾ അവന്റെ മനസ്സ് ഏറെ സന്തോഷത്തോടെ മന്ത്രിക്കുന്നുണ്ടായിരുന്നു

” മകൾ കിടന്ന ഗർഭപാത്രം തന്നെ മകളുടെ കുഞ്ഞിനും. അതിനേക്കാൾ സുരക്ഷിതം കിട്ടാനുണ്ടോ ജനിക്കാൻ പോകുന്ന കുഞ്ഞിന് ” എന്ന്