അവളുടെ കൂടെ വഴക്കിട്ടതും…കൂട്ടം തെറ്റി പിരിഞ്ഞു പോയ വല്യമ്മാവന്റെ കഥകൾ കേട്ട് പേടിച്ചുറങ്ങിയതും….

രചന: കാശിനാഥൻ

“ഹോ”…. ” എന്തൊരു ചൂടാണ് ഇത്…

” എനിക്കാകെ ഭ്രാന്തു പിടിക്കുന്നു.. “

“”തലയിലാരോ തീ കോരി ഒഴിക്കും പോലെ”

“ഈ സിമെന്റ് തറയിൽ നിന്നിട്ടു കാലൊക്കെ വെന്തു നീറുന്നു…”

അതും മനസിലോർത്തവൻ കാലൊന്നിളക്കി.. അതിനൊപ്പം അവന്റെ ശരീരവും ഒന്ന് ഇളകി..

“ഇവരൊക്കെ എന്താ വിചാരിച്ചിരിക്കുന്നെ…. ജീവനുള്ള പച്ച മാംസം വേവുമ്പോൾ നല്ല സുഖമാണെന്നോ…”ഹോ.. നീറുന്നു… വയ്യെനിക്ക് ഇവിടെ നിൽക്കാൻ ..” അവന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി ജലം പുറത്തേക്ക് വമിച്ചു…

“പോരാത്തതിന് ദേ ഇപ്പൊ മേളവും തുടങ്ങി…. അല്ലെങ്കിൽ തന്നെ ഈ ആയിരക്കണക്കിന് മനുഷ്യരുടെ കലപില ശബ്ദങ്ങൾ പോരാഞ്ഞിട്ടാണോ ഇതും കൂടി..”

“ഹോ… എന്റെ തല പെരുക്കുന്നു… ഒന്നിനെ രണ്ടായിട്ടാണിപ്പോ കാണുന്നെ… “

“ഭ്രാന്തു പിടിക്കും പോലെ…”

” എന്തൊരു അലോസരമാണിത്… കാലിലെ ഈ ചങ്ങല ഒന്ന് പൊട്ടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ… എങ്ങോട്ടെങ്കിലും ഓടി പോകാമായിരുന്നു… ഈ ശബ്ദങ്ങളും പൊള്ളലും വിട്ട്… ദൂരെ ശാന്തമായ മനുഷ്യരില്ലാത്ത എന്റെ ലോകത്തേക്ക്..”

” എന്ത് രസമായിരുന്നു.. അപ്പോഴൊക്കെ… കിളികളോട് കുശലം ചോദിച്ചും… അമ്മയുടെ മാറിൽ ചേർന്നുറങ്ങിയും… അച്ഛന്റെ കൂടെ കാടും മലയും കയറി ഇറങ്ങിയും ….. മലയുടെ മാറ് പിളർന്നൊഴുകിയ തെളിനീരാറ്റിൽ നീരാടിയതും…വെള്ളം ചീറ്റിച്ചു പെങ്ങളൂട്ടിയെ കളിപ്പിച്ചതും… അവളുടെ കൂടെ വഴക്കിട്ടതും… കൂട്ടം തെറ്റി പിരിഞ്ഞു പോയ വല്യമ്മാവന്റെ കഥകൾ കേട്ട് പേടിച്ചുറങ്ങിയതും….അച്ഛനേം അമ്മേം ഇല്ലാതെ എങ്ങും പോകരുതേ എന്നുള്ള അമ്മയുടെ ഉപദേശവും… അങ്ങനെ എന്തൊക്കെ… എല്ലാം ഒരു നോവായി ഇന്നും മനസ്സിൽ പേറാൻ മാത്രമേ തനിക്കു യോഗമുള്ളു… “

“അമ്മെ… അമ്മേടെ ഉണ്ണി തെറ്റൊന്നും ചെയ്തിട്ടില്ലമ്മേ…. ഇന്നീ എന്റെ ചുറ്റും കാണുന്നില്ലേ..ഈ മനുഷ്യരാണ്… ഇവരാണ് എന്നെ ഇങ്ങനാക്കിയത്… ഇവരുടെ ചതിയിൽ പെട്ട് എല്ലാർക്കും… അമ്മേടെ മകൻ… “

അച്ഛാ… അച്ഛനെന്നോടു പൊറുക്കണം… ആരെയും ദ്രോഹിക്കരുത്… എന്നും എല്ലാർക്കും ഉപകാരമേ ചെയ്യാവു എന്ന് എന്നെ പഠിപ്പിച്ചതല്ലേ… ഇതുവരെ ഞാനതു പാലിച്ചു…. ഇവരൊക്കെ എന്നെ ദ്രോഹിക്കുകയാ അച്ഛാ….എന്നോട് പൊറുക്കണം…. എനിക്കീ ചങ്ങലകെട്ടുകൾ പൊട്ടിക്കണം…. ഈ നീചന്മാരുടെ ഇടയിൽ നിന്നെനിക്ക് ഓടി ഒളിക്കണം… അച്ഛനെന്നോട് പൊറുക്കണം…. “

“ഈ ചുട്ടുപൊള്ളുന്ന അന്തരീക്ഷവും കാതടപ്പിക്കുന്ന ശബ്ദവും എന്നെ ഭ്രാന്തനാക്കുകയാ…. ഇനിയും സഹിക്കാനാവില്ലെനിക്ക്…”

“എനിക്ക് ഈ ചങ്ങലകളിൽ നിന്നൊരു മോചനം വേണം…. ” അവന് ……മനുഷ്യന്റെ ഭാഷയിൽ മദമിളകാൻ പോവുകയായിരുന്നു…

അവൻ സർവ ശക്തിയുമെടുത്തു കാലൊന്നു വലിച്ചു… ചങ്ങല പൊട്ടി…മദമിളകിയ ആനയുടെ മുന്നിൽ കേവലം ചങ്ങല കണ്ണികൾ എങ്ങനെ വിഘ്നം നിൽക്കാനാണ്..ലക്ഷ്യ ബോധമില്ലാതെ അവനോടി… മുന്നിൽ കണ്ടതൊക്കെയും വലിച്ചെറിഞ്ഞു… ആരെയൊക്കെയോ എന്തിനൊക്കെയോ ചവിട്ടി മെതിച്ചു… കാലിൽ ചോര പറ്റിയിരിക്കുന്നു… പൊള്ളലേറ്റ മുറിവിൽ ചോര വീണപ്പോൾ ഒന്നുകൂടി നീറി… വൈദ്യുതകണം പോലെ മസ്തകത്തിനുള്ളിൽ ഇടി മുഴക്കി….അത്… കൂടുതൽ ഭ്രാന്തനാക്കുകയാണ് തന്നെ….

” ഒന്നും മനസിലാവുന്നില്ല… ആരെയും കാണുന്നില്ല.. ഒന്നും കേൾക്കുന്നില്ല…മുന്നിൽ വരുന്നതൊക്കെ തകർക്കണം…ഓടണം.. എന്റെ ലോകത്തേക്ക്…. എന്റെ കാട്ടിലേക്ക്.. അച്ഛന്റേം അമ്മയുടെയും എന്റെ കുറുമ്പിടേം അടുത്തേക്ക്… പക്ഷെ.. എങ്ങോട്ടു പോകണം… അറിയില്ല…”

“എന്തൊക്കെയോ തട്ടി തെറുപ്പിക്കുന്നുണ്ട്… ആരൊക്കെയോ തുമ്പി കയ്യാൽ എടുത്തെറിയുന്നുണ്ട്… പാവങ്ങൾ… “

വേദന മസ്തകത്തിൽ മിന്നൽ പിണർ തീർക്കുമ്പോഴും.. അത് ഭ്രാന്തനായി അവനെ മാറ്റുമ്പോഴും ഏതോ ഒരു ആർദ്രത അവനെ മൂടാൻ വെമ്പിയിരുന്നു…

“ഇല്ല… ഓടണം… എന്റെ ലോകം ഇതല്ല.. എന്റെ ലോകം കാടാണ്… അവിടേക്ക് പോകണം…. അതിനി എന്തൊക്കെ നടന്നാലും.. ആരൊക്കെ മരിച്ചാലും.. “

ഉത്സവം അലങ്കോലമാക്കികൊണ്ട് അവൻ എന്തെന്നില്ലാതേ…..എതെന്നില്ലാതെ…എങ്ങോട്ടെന്നില്ലാതെ കുതിക്കുകയായിരുന്നു… തുമ്പിക്കയ്യിൽ കിട്ടുന്നതൊക്കെയും വലിച്ചെറിഞ്ഞു കൊണ്ട്…. കാലിന്റെ നേരെ എന്തൊക്കെ വന്നാലും ചവിട്ടി തെറിപ്പിച്ചു കൊണ്ട്….

ആ സമയം അവനെ അവനായിരുന്നില്ല നയിച്ചിരുന്നത്.. വലിയ ശരീരത്തിലെ കുഞ്ഞു തലച്ചോറിൽ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞ മിന്നൽ സ്ഫുരണങ്ങൾ ആയിരുന്നു…

ലക്ഷ്യമില്ലാത്ത ഓട്ടത്തിനടിയിൽ അവന്റെ തുമ്പിക്കയ്യിനു നേർ വന്ന പിഞ്ചു പൈതലിനെയും അവൻ വിട്ടില്ല.. തൂക്കിയെടുത്തു….വാവിട്ടു കരയുന്നുണ്ടവൾ… കുഞ്ഞുടിപ്പിട്ട് കണ്ണിലെ കണ്മഷി താഴേക്ക് പടർന്നു അമ്മയെ വിളിച്ചു കരയുന്നുണ്ടവൾ…

കുഞ്ഞി കണ്ണാൽ ഒന്നുകൂടി നോക്കിയപ്പോൾ… കണ്ടു…ചിപ്പി മോൾ…എന്റെ കാശിയേട്ടന്റെ മകൾ… ” തലക്കകത്തിരുന്നു ആരോ വിളിച്ചു പറയും പോലെ… ഒരു നിമിഷം നിന്നു…. കാശിയേട്ടന്റെ ചെറുവിരലിൽ തൂങ്ങി ആനക്കൊട്ടിലിൽ വന്ന്‌ എന്നോട് കിന്നാരം പറഞ്ഞവൾ…

ചുറ്റും നോക്കി…. ഗായത്രി ചേച്ചി…. നെഞ്ചത്തടിച്ചു കരയുന്നു…

ഒരുവേള കണ്ണ് നിറഞ്ഞു… ആവില്ലെനിക്ക് വലിച്ചെറിയാൻ…

കാശിയേട്ടൻ മുന്നിൽ…

“ഏതൊക്കെയോ ജന്തുക്കൾ തീർത്ത വാരികുഴിയിൽ അന്ന് ചതിയിൽ അകപ്പെട്ട് ഇവിടെ എത്തിയത് മുതൽ ഇന്നേവരെ ഒരു മനുഷ്യനെയും ഞാൻ കണ്ടിട്ടില്ല..മനുഷ്യത്വമുള്ള ഒരു മനുഷ്യനെയും ഞാൻ കണ്ടിട്ടില്ല.. എന്റെ കാശിയേട്ടനല്ലാതെ…”

“ഇന്നും ഓർക്കുന്നു… ഗായത്രി ചേച്ചിക്ക് വേണ്ടി കാശിയേട്ടൻ എന്നോട് ഒരു ആനവാലിനു വേണ്ടി ചോദിച്ചത്… ഗായത്രി ചേച്ചിക്ക് വേണ്ടി..അന്ന് പറയണമെന്നുണ്ടായിരുന്നു… “നിങ്ങളെയൊക്കെ പേടിച്ചു കഴിയുന്ന എന്റെ വാലിലെ ഒരു രോമത്തിനു നിങ്ങളുടെ പേടി മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്ന നിങ്ങളെന്തു മണ്ടന്മാരാണെന്ന്… ” പറഞ്ഞില്ല… എടുത്തോളാൻ തലയാട്ടി..” എനിക്ക് നിങ്ങളുടെ ഭാഷ അറിയില്ലല്ലോ.. “

“അതിനു ശേഷം… കാശിയേട്ടന്റെയും ഗായത്രി ചേച്ചിടെയും പ്രണയത്തിനു സാക്ഷിയായി താൻ..ഗായത്രി ചേച്ചി എനിക്ക് അമ്മയായി…കാശിയേട്ടൻ അച്ഛനും..അവരുടെ കുഞ്ഞു കുഞ്ഞു വഴക്കുകൾക്കും ഇഷ്ടങ്ങൾക്കും ഒക്കെ സാക്ഷിയായി… പിന്നെ കുറച്ചു വർഷങ്ങൾക്ക് ശേഷം ചിപ്പി മോളുണ്ടായപ്പോ അവൾക്ക് ഏട്ടനായി.”

അവന്റെ കാശിയേട്ടന്റെ മുന്നിൽ അവൻ കുഞ്ഞി കണ്ണ് നിറച്ചു…

“ചതിക്കല്ലെടാ കുട്ടി ശങ്കരാ… “

കാശിയുടെ കണ്ണുനീര് ആ വെയിലിനേക്കാൾ അവനെ ചുട്ടു പൊള്ളിച്ചു….മനസൊന്നടങ്ങി… പേമാരി പെയ്തു തീർന്നു… മിന്നൽ സ്പുരണങ്ങൾ ഇല്ലാതായി.. ഇടി മുഴക്കം നിലച്ചു… ശാന്തമായി… ആകാശം തെളിഞ്ഞു… അവന്റെ മനസും…ചിപ്പി മോളെ പോറലേതുമില്ലാതെ.. കാശിയുടെ നെഞ്ചിലേക്കവൻ തട്ടി…

പെട്ടെന്നങ്ങു നിന്നോ വന്ന വെടിയുണ്ട അവനെ മയക്കത്തിലേക്ക് തള്ളിയിടുമ്പോഴും അവന്റെ ആ കുഞ്ഞി കണ്ണുകൾ കാശിയുടെ കൃഷ്ണമണികൾ തന്നെ നോക്കുകയായിരുന്നു…

“എന്നെ എന്റെ ലോകത്തേക്ക് വിട്ടൂടെ കാശിയേട്ടാ…” അവൻ പറയാതെ പറഞ്ഞു…അവന്റെ കണ്ണുകൾ പറഞ്ഞതെന്തോ മനസിലാക്കിയ വണ്ണം.. കാശിയും മനസ്സിൽ എന്തോ ഉറപ്പിച്ചിരുന്നു…

എഡിറ്റിംഗ് സിമ്മം :- Gayathri Vasudev

Scroll to Top