രചന: കാശിനാഥൻ
“ഗായത്രീ…ഗായത്രീ…
കടൽക്കരക്ക് പോകണം എന്ന് നീ വാശി പിടിച്ചു.പിടിച്ച പിടിയാലേ എന്നെ നീ ഇങ്ങോട്ട് കൊണ്ട് വന്നിട്ട്..
ഇവിടെ എന്നെ തന്നെ നോക്കി ഇരിപ്പാണോ???
നീ ഇങ്ങനെ നോക്കല്ലേ പെണ്ണെ… നെഞ്ചിലേക്ക് എന്തോ ഭാരം കയറുന്ന പോലുണ്ട്..
ഇങ്ങനെ നോക്കാതെ…
നിന്റെ കണ്ണുകളെന്നെ കൊത്തി വലിക്കുന്നു.. തളർന്നു പോകുന്നു…
നോക്കാതെ..
നീ ഈ കടലിനെയും കരയെയും ശ്രദ്ധിച്ചോ???
നമ്മളെ പോലെ…
നമ്മള് തമ്മില് വഴക്കിട്ട് രണ്ടാളും രണ്ടു മൂലയിൽ മുഖവും വീർപ്പിച്ചിരുന്നിട്ട്, അവസാനം… ഞാനോ നീയോ മറ്റേ ആൾടെ അടുത്ത് വന്ന് ക്ഷമ പറയുമ്പോ ശുണ്ഠി പിടിച്ചു തട്ടി മാറ്റി കളയുന്നത്..ഓർക്കുന്നുണ്ടോ നീ…
അങ്ങനെ എത്രയോ പ്രാവശ്യം തട്ടി മാറ്റി കളഞ്ഞു ,അവസാനം ദേഷ്യം സ്നേഹത്തിനു വഴി മാറുമ്പോ ഒരു ചെറു പുഞ്ചിരിയിൽ ഞാൻ നിന്നെയും നീ എന്നെയും ഉറുമ്പടക്കം പുണർന്നതും നീ ഓർക്കുന്നുണ്ടോ???
നമ്മടെ ചുണ്ടുകൾ തമ്മിലുള്ള അകലം കുറഞ്ഞു വന്ന് ഇണ ചേർന്നതും…
എന്റെ കൈത്തലം നിന്റെ അരക്കെട്ടിൽ പതിഞ്ഞപ്പോ നീ എന്റെ നെഞ്ചോരം ചുരുങ്ങി കിടന്നതും നീ ഓർക്കുന്നോ ???
അന്നൊക്കെയും നീ എന്നെ ഇങ്ങനെ തന്നെ നോക്കിയിരുന്നിട്ടുണ്ട്..ഇമ വെട്ടാതെ..എന്റെ കണ്ണുകളിലേക്ക്…
ഒരു പോള പോലും അനക്കാതെ.. ഓർക്കുന്നുണ്ടോ??
ഇപ്പഴും എന്നെ തന്നെ ഇങ്ങനെ നോക്കല്ലേ..ഈ തണുത്ത കടൽക്കാറ്റിലും ഞാൻ വിയർക്കുന്നു..
കണ്ടോ നീ??
നിന്റെ ഈ കണ്ണുകളുടെ തീക്ഷണത എന്നെ വല്ലാതെ തളർത്തുന്നു ഗായത്രീ… ഇങ്ങനെ നോക്കല്ലേ… “
കണ്ടില്ലേ.. അവരുടെ പിണക്കം ഇനിയും തീർന്നിട്ടില്ല എന്ന് തോന്നുന്നു….
നോക്ക്… ഇപ്പഴും തട്ടി മാറ്റിക്കളയുവാ… എന്നിട്ട് പിന്നേം പിന്നേം വരുന്നു…
“ഗായത്രീ
നീ ഈ മേഘക്കൂട്ടങ്ങളെ നോക്കിക്കേ…
ഇവക്കൊരു പ്രത്യേകത ഉണ്ട്…
എന്തെന്നറിയോ??
നമ്മളിങ്ങനെ ഈ മേഘങ്ങളെ തന്നെ നോക്കിക്കൊണ്ടിരുന്നാൽ നമ്മള് വിചാരിക്കുന്ന രൂപങ്ങളിൽ അവ മാറും..
നീ എന്റെ കൂടെ ഇല്ലാതിരുന്ന എത്രയോ നാളുകൾ ഞാൻ മേഘങ്ങളെ നോക്കി കിടന്നിരുന്നു…അപ്പോഴൊക്കെ..അവക്ക് നിന്റെ മുഖമായിരുന്നു…
മേഘക്കൂട്ടങ്ങൾക്കിടയിലിരുന്നു നീ …..
നീ എന്നെ ദാ , ഇപ്പൊ നോക്കുന്ന ഈ നോട്ടമില്ലേ..അതുപോലെ നോക്കി നിക്കും..
തീക്ഷണത ഒട്ടും ചോരാതെ…ഞാനും നോക്കി നിൽക്കും..
അവസാനം ഞാൻ തോറ്റു പിന്മാറുമ്പോ കണ്ണുകൾ മെല്ലെ ഒന്നടക്കും.. നമ്മടെ പഴയ കാലത്തേക്ക് ഒരു യാത്ര പോകും…
ഒറ്റക്ക്..
അവിടെ നീ എനിക്ക് ചോറ് വാരി തന്നതും…
മഴ നനഞ്ഞ കയറി വരുമ്പോ സാരി തുമ്പാൽ തല തോർത്തി തന്നു വഴക്ക് പറഞ്ഞതും…
വയറു വേദനിക്കുമ്പോ എന്റെ നെഞ്ചോരം ചേർന്ന് കിടന്നതും..
ഇടിയുടെ ശബ്ദം കേട്ട് പേടിച്ചു എന്റെ കയ്യെ തലയിണ ആക്കിയപ്പോ,ഞാൻ ചേർത്തു പിടിച്ചപ്പോ കുഞ്ഞു കുട്ടിയെ പോലെ സുഖമായി ഉറങ്ങിയതൊക്കെ ഓർക്കും…
മെല്ലെ കണ്ണ് തുറക്കുമ്പോഴും.. ആ മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് നീ എന്നെ നോക്കുന്നുണ്ടാകും..
ജയിച്ചവളുടെ അധികാരത്തിൽ നീ ഓരോ ഗോഷ്ടികൾ കാണിച്ചെന്നെ ശുണ്ഠി പിടിപ്പിക്കും..
അല്ലെങ്കിലും പണ്ടേ നിനക്കെന്നെ ദേഷ്യം പിടിപ്പിക്കുന്നതല്ലേ ഇഷ്ട വിനോദം…
“ഏയ്… ഗായത്രീ “
എങ്ങോട്ടാ നീ പോകുന്നെ…
കടലിലേക്കിറങ്ങല്ലേ…
ദൂരേക്ക് പോകല്ലേ… എന്നെ ഇവിടെ ആക്കിയിട്ട് നീ എങ്ങോട്ടാ പോകുന്നെ….”
“”വാ കാശീ… ഈ കടൽ വെള്ളത്തിന് എന്ത് തണുപ്പാ..വാ…നമുക്ക് ഇനിയും മുന്നോട്ട് പോകാം…
അവിടെ തണുപ്പ് കൂടുതലായിരിക്കും….വേഗം വാ കാശീ. ദേ എഴുന്നേറ്റില്ലെങ്കിൽ ഞാൻ ഒറ്റക്കങ്ങു പോകും കേട്ടോ. ഞാൻ പോയാലെ നിനക്കെന്റെ വില മനസിലാവൂ
കളിക്കാതെ
വാ കാശീ… “”
**********************
പത്രവാർത്ത :
മാനസിക നില തെറ്റിയ യുവാവ്, കാശിനാഥൻ (30) കടലിൽ ചാടി ആത്മഹത്യ ചെയ്തു.
ഓ… ആ ഭ്രാന്തൻ ചെക്കൻ മരിച്ചോ.. ഇന്നലെയും കൂടി അവിടിരുന്ന് പിച്ചുംബയും പറയണത് ഞാൻ കണ്ടതാണല്ലോ..
ഒരു കണക്കിന് പോകുന്നത് തന്നെയാ നല്ലത്… അഞ്ചു കൊല്ലമായില്ലേ ഇങ്ങനെ ആയിട്ട്……