കാർകൂന്തൽ….!!!
രചന: RASNA
“”” ടീ ഭ്രാന്തി…..!!! നിനക്ക് വട്ടുണ്ടോ എന്നും അമ്പലത്തിൽ വരാൻ? വന്നാലോ അമ്പലത്തിൽ കയറാതെ ഈ ആൽമരച്ചുവട്ടിലിരിക്കും. എന്താ നിന്റെ ഉദ്ദേശ്യം?”””
കൈയിലെ ആലില പൂവിൽ നോക്കിയിരിക്കുന്ന ആ ദാവണിക്കാരിയിൽ ഒരു പുഞ്ചിരി വിടർന്നു.
“”” സഖാവെന്താ അമ്പലത്തിൽ കയറാത്തത്?”””
“””ശ്ശെടാ… നിന്നോട് ഞാൻ ചോദിച്ചതെന്ത്? നീ ചോദിക്കുന്നതെന്ത്? ഇതൊക്കെ ഓരോരുത്തരുടെ വിശ്വാസമല്ലേ…!! എനിക്ക് ഏന്തോ വിശ്വാസ കുറവ് ഉണ്ട്..അതാവും.. എന്ന് വച്ച് ആരെയും അവിശ്വാസിയാക്കാൻ ഞാൻ മുതിരില്ല. ഇനി നീ എന്നെ കണ്ടിട്ടാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ മോളെ നിനക്ക് എന്തോ കുഴപ്പമുണ്ട്…”””
ഒരു പൊട്ടിച്ചിരിയായിരുന്നു അതിനുള്ള മറുപടി.
“”” എനിക്ക് ഭ്രാന്താണ് സഖാവേ..നല്ല സുഖമുള്ള ഭ്രാന്ത്.. ഈ സഖാവ് പകർന്ന് തന്ന ഭ്രാന്ത്….”””
ചിരിച്ച് കൊണ്ട് അവന്റെ കവിളിൽ ഒന്ന് കടിച്ച് കൊണ്ടവൾ ഓടി മറഞ്ഞു.
കാന്താരി….!!!
ഒന്ന് ആത്മഗതിച്ച് കൊണ്ട് കയ്യിലെ പുസ്തകത്തിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞു. അപ്പോഴും അവൾ അവന് വേണ്ടി സമ്മാനിച്ച ആലില പൂവ് അവിടെ അനാഥമായി കിടക്കുകയായിരുന്നു.
“”” സഖാവേ……..!!!!!””””
പതിവ് പോലെ ആൽമരച്ചുവട്ടിൽ പുസ്തകം വായിച്ച് കൊണ്ടിരിക്കുന്ന സഖാവിനെയവൾ തട്ടി വിളിച്ചു.
“””എന്താടീ ഭ്രാന്തി…?”””
“”” സഖാവിന്റെ പേരെന്താ?”””
“”” വി.എസ്. അച്ഛ്യുതാനന്ദൻ….!!!!”””
“”” കളിയാക്കാതെ… കാര്യമായിട്ട് ചോദിച്ചതാ… സഖാവിന്റെ പേര് എന്താ?”””
ചിണുങ്ങി കൊണ്ടവൾ വീണ്ടും ചോദിച്ചു.
“”” പേര് അറിഞ്ഞിട്ടെന്തിനാ? അല്ലെങ്കിലും പേരിൽ എന്തിരിക്കുന്നു. നിന്റെ പേര് ഞാൻ ചോദിച്ചോ…? എനിക്ക് നീ എന്റെ ഭ്രാന്തി പെണ്ണ്…നിനക്ക് ഞാൻ നിന്റെ സഖാവ്.. പോരെ…”””
എപ്പോഴും സഖാവ് അങ്ങനെയായിരുന്നു. ചോദ്യം സ്വകാര്യതയിലേക്ക് കടന്ന് ചെല്ലുമ്പോൾ വേഗം ഒഴിഞ്ഞു മാറും.അത് അറിയാവുന്നത് കൊണ്ട് തന്നെ അവളൊന്നും ചോദിക്കാറില്ലായിരുന്നു. എങ്കിലും അവളുടെ ആകാംക്ഷ വളർന്ന് കൊണ്ടിരുന്നു.
സഖാവ് തന്റെ പേര് പറയുന്ന നാളിൽ മാത്രമേ താനും തന്റെ പേര് പറയൂ എന്നവൾ ഉറപ്പിച്ചു.
“”” സഖാവ് എന്നെ കെട്ടുവോ….?”””
ഒരിക്കൽ ഒരു മോഹത്തോടെ അവൾ ഇത്രയും കാലം കൊണ്ട് നടന്ന തന്റെ ആഗ്രഹം അവനോട് മൊഴിഞ്ഞു.
“””അതിനെന്താ… നീ ഒരു കയർ കൊണ്ട് വാ.. ഈ ആലിനോട് ചേർത്ത് തന്നെ കെട്ടി കളയാം…”””
“”” കളിയാക്കാതെ..ഞാൻ കാര്യമായിട്ട് ചോദിച്ചതാ..എന്നെ കല്യാണം കഴിക്കുമോ എന്ന്….”””
ചെറിയൊരു നാണത്തോടെ അവൾ അവന്റെ മറുപടിക്കായി കാത്തിരുന്നു.
“”” ഇങ്ങനൊരു പൊട്ടി…!!! നീയെന്റെ ഭ്രാന്തി പെണ്ണല്ലേ.. ഭ്രാന്തിയെ ബോധമുള്ള ആരെങ്കിലും കെട്ടുമോ?”””
ഒരു കുസൃതിയോടെയുള്ള അവന്റെ ചോദ്യത്തിന് ചിണുങ്ങി കൊണ്ട് അവൾ അന്ന് നടന്നു നീങ്ങി..
കാലങ്ങളുടെ കൊഴിഞ്ഞ് പോക്കിൽ അതേ ആൽത്തറയിൽ ചങ്ങലക്കിട്ട ആ പെണ്ണിനെ അവൻ വീണ്ടും കണ്ടു. അവനെ എന്നും മോഹിപ്പിച്ചിരുന്ന അവന്റെ നാസികയെ ഉണർത്തിയിരുന്ന തുളസിയുടെ ഗന്ധം നിറഞ്ഞ അവളുടെ കാർകൂന്തൽ പൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. എന്നും തന്റെ കാതുകളിൽ ലഹരിയായി പടർന്നെത്താറുണ്ടായിരുന്ന കൊലുസുകൾ കിലുങ്ങുന്ന കാൽ പാദം തൊലീ പറിഞ്ഞു നീരു വന്നിരിക്കുന്നു. എന്നും തന്നെ നോക്കി കുറുമ്പ് ചൊല്ലുന്ന ആ ചുണ്ടുകൾ ഇന്ന് എന്തിനോ വേണ്ടി തേങ്ങുന്നു.
എല്ലാരെയും കൈ കൊട്ടി വിളിച്ച് കൊണ്ട് അട്ടഹസിക്കുന്ന അവളിലേക്ക് പതറുന്ന കാലടികൾ വച്ച് നീങ്ങുമ്പോഴും അവളുടെ കണ്ണുകളിൽ ഒളിപ്പിച്ച് വച്ചിരുന്ന ആ പ്രണയ തിരമാല അവൻ തേടി കൊണ്ടിരുന്നു..
“””മോനെപ്പോ വന്നു.. ?കണ്ടിട്ട് കുറേയായല്ലോ..”””
കുശലം ചോദിക്കാനായി വന്ന അമ്പല കമ്മിറ്റിയിലെ ആളെ ഗൗനിക്കാതെ അവനാ ഭ്രാന്തി പെണ്ണിനെ കൺനിറയെ നോക്കി.
“”” കുട്ടിക്ക് അറിയോ ഈ പെണ്ണിനെ? ആരോ പിച്ചീ ചിന്തി അമ്പല മുറ്റത്ത് കൊണ്ടിട്ടു. ഭഗവാന്റെ കൃപ കൊണ്ട് ജീവൻ തിരിച്ച് കിട്ടി. പക്ഷേ സമനില നഷ്ടപ്പെട്ടു. അമ്പല കമ്മിറ്റിയാ ഇപ്പോൾ ഈ കുട്ടിയെ നോക്കുന്നത്…””””
“”” ഞാൻ കൊണ്ട് പോകുവാ ഇവളെ….!!!”””
അയാളുടെ മറുപടിക്ക് പോലും കാത്ത് നിൽക്കാതെ അവനാ ചങ്ങല കെട്ട് അറുത്തു മാറ്റി.
പൊട്ടിചിരിച്ച് കൊണ്ട് ഓടി നടക്കുന്ന അവൾക്ക് പിറകിലായി ഒരു സംരക്ഷകനെന്ന പോലെ അവനും നടന്നു.
“”” ടീ ഭ്രാന്തി… നമുക്ക് കല്യാണം കഴിച്ചാലോ?”””
പണ്ടത്തെ ഓർമയിൽ അവനവളോട് ചോദിച്ചു.
“”” ഭ്രാന്തിയെ ആരാ കെട്ടുക….?”””
മുടി പറിച്ച് കളിക്കുന്ന അവളുടെ ചോദ്യം കേട്ടവന്റെ കണ്ണ് സന്തോഷത്താൽ നിറഞ്ഞു.
“”നിനക്ക് ഓർമയുണ്ടോ?”””
ഓടി പിടച്ച് കൊണ്ടവൻ ആ പെണ്ണിന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു.
അവനെ ഒന്ന് നോക്കി കൊണ്ടവൾ ആട്ടഹസിച്ച് കൊണ്ട് അവന്റെ മുടി പിടിച്ച് വലിച്ചു..
കണ്ണ് നിറച്ച് കൊണ്ട് അവളുടെ കളികൾ അവൻ നോക്കി നിന്നു. അപ്പോഴും കാലം തെറ്റി പെയ്യുന്ന മഴയിൽ ആൽമരം പൂത്ത് തുടങ്ങിയിരുന്നു.
നിന്നിലെ ഭ്രാന്ത് പോലും എന്നിലെ ആത്മാവിനെ തൊട്ടുണർത്തുന്നതാണ്.., നിന്നിലെ ഭ്രാന്തിനെ എനിക്ക് നൽകൂ.. എന്റെ സ്നേഹത്താൽ ഞാനത് തളരിതമാക്കാം❤️❤️
കോരിച്ചൊരിയുന്ന മഴയിൽ അവളോട് തൊട്ടുരുമ്മിയിരുന്ന് കൊണ്ടവന്റെ മനസ് മന്ത്രിച്ചു.
“””” എനിക്കും ഭ്രാന്താണ്… ഞാനും ഭ്രാന്തനാണ്. നിന്നിലെ ഭ്രാന്തിനെ ഞാൻ പ്രണയമായി കാണുന്നു. ആ ഭ്രാന്തിൽ എനിക്ക് അലിയാൻ നിന്റെ മനസിന്റെ ശുദ്ധി മാത്രം മതി… നിന്നെ പിച്ചി ചീന്തിയവർക്കും ഭ്രാന്താണ്. പക്ഷേ അത് നിന്റെ ശരീരത്തോടുള്ള അഭിനിവേശം മാത്രം. നിന്റെ മനസവർ കീറി മുറിച്ചിട്ടില്ല. എനിക്കായ് അത് പകർന്ന് തന്നൂടെ…”””
അവളുടെ മറുപടിക്കായവൻ അന്ന് പുലരുവോളം കാത്തിരുന്നിരിക്കാം. എന്നാൽ ആരും തേടി വരാത്ത ലോകത്തിലേക്ക് ഉള്ള യാത്രയിലായിരുന്നവൾ എന്നവൻ അറിഞ്ഞ് കാണില്ല.
ചിതയിലവൾ കത്തിയമരുമ്പോഴും അവന്റെ കണ്ണിൽ ആത്മസംതൃപ്തിയായിരുന്നു.
* തന്റെ പ്രണയത്തിന് മോക്ഷം ലഭിച്ചു എന്ന സംതൃപ്തി*
എല്ലാരും വായിച്ച് അഭിപ്രായം അറിയിക്കുക.