ഗ്രീഷ്മം ~ രചന: അക്ഷര എസ്
“സിന്ധുവേടത്തി വന്നിരുന്നു ഇന്ന്….”രാത്രി ഭക്ഷണം കഴിയ്ക്കാൻ ഇരിയ്ക്കുമ്പോൾ കുറച്ചു ബുദ്ധിമുട്ടിയാണ് അമ്മ പറഞ്ഞത്… അച്ഛനും സ്പൂൺ കഞ്ഞിയിൽ ഇളക്കി കൊണ്ട് ഇരിപ്പുണ്ട്….
“ശ്രീക്കുട്ടനെ കാണാനാണോ….” ചെറു ചൂടുള്ള കഞ്ഞി ഒരിറക്ക് ഇറക്കി കൊണ്ട് ചോദിച്ചു….
“അതും ഉണ്ട്… പിന്നെ… നിങ്ങൾ തന്നെ പറയ് ചന്ദ്രേട്ടാ….”അമ്മ അച്ഛനെ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു…..
അച്ഛൻ അമ്മയെ ഒന്ന് നോക്കി….
“നിന്നെ മഹിയ്ക്ക് കൊടുക്കോ എന്ന് ചോദിയ്ക്കാൻ….”അച്ഛനും ബുദ്ധിമുട്ടിയാണ് പറഞ്ഞു ഒപ്പിച്ചത്….
ഉള്ളിലൊരു ആന്തലായിരുന്നു…. കെട്ട് പോവാത്തൊരു കനലിൽ എപ്പോഴെങ്കിലും ഒരു കുഞ്ഞു കരിയില വീഴുമെന്നും അത് ആളി പടരാൻ തുടങ്ങുമെന്നും ഉറപ്പായിരുന്നു….
“അവർക്ക് എന്റെ ചേച്ചിയെ കൊലയ്ക്ക് കൊടുത്തത് പോരേ… ഇനി എന്നെ കൂടി വേണോ….”പറയുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു….
“എന്താ മോളെ… അവർ വേണം എന്ന് കരുതി ചെയ്തതാണോ വല്ലതും…..എന്റെ കുഞ്ഞിന്റെ വിധി അതായിരുന്നു…..”അമ്മയായിരുന്നു…
ഒന്നും പറഞ്ഞില്ല… ശരിയാണ് ആരും വേണം എന്ന് വച്ചു ചെയ്തല്ലല്ലോ…
” വർഷം രണ്ട് ആവാറായില്ലേ… എത്ര കാലം എന്ന് വച്ചാണ് മഹി ഒറ്റയ്ക്ക്…. അത് മാത്രം അല്ല… വേറെ ആരെയെങ്കിലും കെട്ടിയാൽ പിന്നെ ശ്രീ കുട്ടനെ മഹി അങ്ങോട്ട് കൊണ്ട് പോവില്ലേ…. അവനെ പിന്നെ കണ്ണ് നിറച്ചൊന്ന് കാണാൻ കിട്ടോ നമുക്ക്…. നമ്മുടെ നെഞ്ചിൽ കിടന്നു വളർന്നതല്ലേ….”അച്ഛൻ പറഞ്ഞു തീർക്കാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നി… അതിലേറെ വിഷമമായിരുന്നു നെഞ്ചിൽ….
ശരിയാണ്… എത്ര കാലം എന്ന് വച്ചാണ് ശ്രീ കുട്ടനെ അടക്കി പിടിയ്ക്കുന്നത്…
എത്ര സന്തോഷമുള്ള ജീവിതമായിരുന്നു… അച്ഛനും അമ്മയും ചേച്ചിയും ഞാനും…
ഉമ… അതായിരുന്നു ചേച്ചിയുടെ പേര്… സുന്ദരി… നർത്തകി…. യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ…. എല്ലാം തികഞ്ഞ പെണ്ണെന്നൊക്കെ എല്ലാവരും അസൂയയോടെ നോക്കിയ ഒരാൾ…. ചേച്ചി പി ജി കഴിഞ്ഞു നിൽക്കുന്ന സമയത്തായിരുന്നു വിവാഹം…
മഹേശ്വർ…അതായിരുന്നു ഏട്ടന്റെ പേര്… ബാങ്കിൽ ആയിരുന്നു ജോലി….
ഉമാമഹേശ്വരന്മാരെ പോലൊരു ജോഡി….വാക്ക് കൊണ്ട് പോലും മഹിയേട്ടൻ നുള്ളി നോവിയ്ക്കാറില്ലെന്ന് അവൾ പറയാറുണ്ട്….
കല്യാണം കഴിഞ്ഞു മഹിയേട്ടനൊപ്പം ചെന്നൈയിൽ ആയിരുന്നു ചേച്ചി കുറച്ചു നാൾ….പിന്നെ ശ്രീക്കുട്ടനെ ഗർഭിണി ആയിരുന്നപ്പോഴാണ് തിരിച്ചു നാട്ടിൽ വന്നത്….ഏട്ടന് ജോലിയ്ക്ക് പോകുമ്പോൾ ശ്രദ്ധിയ്ക്കാൻ പറ്റിയില്ലെങ്കിലോ എന്നോർത്ത്…..
വന്നു നിന്നതും മഹിയേട്ടന്റെ വീട്ടിൽ തന്നെയായിരുന്നു…
ശ്രീക്കുട്ടൻ ജനിച്ചു മൂന്നു നാലു മാസം സന്തോഷം തന്നെയായിരുന്നു… വീണ്ടും ഏട്ടന്റെ അടുത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലും….
ഒരു ദിവസം തലവേദന അസഹ്യമായപ്പോഴാണ് ഡോക്ടറുടെ അടുത്ത് കൊണ്ട് പോകുന്നത്…
സ്കാനിങ്ങും പരിശോധനകൾക്കുമൊടുവിൽ ഡോക്ടർ എല്ലാവരുടെയും നെഞ്ചിലേയ്ക്ക് തീ കോരിയിട്ട് ആ വാർത്ത പറഞ്ഞു… ബ്രെയിൻ ട്യൂമർ ആണ് എന്ന്…അധിക നാൾ കൂടെ കാണില്ലെന്നും….ഇടയ്ക്ക് തലവേദന വരുന്നത് മഹിയേട്ടന്റെ അമ്മയോട് പറയാറുണ്ടെങ്കിലും അവർ അന്ന് അത്ര ശ്രദ്ധിച്ചിരുന്നില്ല…..
പിന്നീട് അങ്ങോട്ട് ആശുപത്രികൾ കേറി ഇറങ്ങി…. ചികിത്സയും മരുന്നുകളും ആശുപത്രിവാസവും എല്ലാം കൂടെ ഉമ അവശയായിരുന്നു…. എല്ലാത്തിനും മഹിയേട്ടൻ ഉണ്ടായിരുന്നു കൂടെ…ജോലിയിൽ നിന്നും ലോങ്ങ് ലീവ് എടുത്തു….
അന്നൊക്കെ ശ്രീ കുട്ടൻ തന്റെ ഒപ്പം ആയിരുന്നു…. അവന്റെ ബുദ്ധി ഉറയ്ക്കാൻ തുടങ്ങിയ പ്രായത്തിൽ അവന്റെ കൂടെ എപ്പോഴും താനായിരുന്നു… തന്റെ നെഞ്ചിൻ ചൂടിലെ അവൻ ഉറങ്ങാറുള്ളു… എന്തിനും ഏതിനും താൻ തന്നെ വേണം എന്ന അവസ്ഥ…. ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു അപ്പോൾ…
പിന്നെ അധികം നാൾ കൂടെ ഉണ്ടായില്ല ചേച്ചി… എല്ലാവരെയും വേദനയുടെ പടുക്കുഴിയിൽ തള്ളിയിട്ടു അവൾ പോയി…ഒരു വയസ്സ് പോലും തികഞ്ഞിരുന്നില്ല ശ്രീക്കുട്ടന് അന്ന്…
എല്ലാം കഴിഞ്ഞു മഹിയേട്ടൻ ശ്രീക്കുട്ടനെ കൂട്ടി കൊണ്ട് പോകാൻ നോക്കിയിട്ടും തന്റെ മാറിൽ നിന്നും നീങ്ങില്ലായിരുന്നു…ചെന്നൈയിൽ നിന്നും ഇപ്പോൾ നാട്ടിലേയ്ക്ക് മാറ്റം കിട്ടി… അവധി ദിവസങ്ങളിൽ ഇവിടെ വരും ശ്രീക്കുട്ടനെ കളിപ്പിയ്ക്കും… പുറത്ത് കൊണ്ട് പോകും… ചിലപ്പോൾ വീട്ടിലേയ്ക്ക് കൊണ്ട് പോകും… പകൽ നേരം എത്ര നേരം കളിച്ചു കൂടെ ഇരുന്നാലും ഉറങ്ങാൻ നേരം വാശി പിടിയ്ക്കുന്നത് കൊണ്ട് രാത്രി തങ്ങില്ല അവിടെ…
ആ ശ്രീക്കുട്ടനെ മറ്റൊരു അമ്മയെ ഏൽപ്പിയ്ക്കുന്ന കാര്യം ചിന്തിയ്ക്കാൻ കൂടി കഴിയില്ല…. അവർക്ക് താൻ സ്നേഹിച്ച പോലെ സ്നേഹിയ്ക്കാൻ പറ്റുമോ ശ്രീക്കുട്ടനെ ….
ആ കുഞ്ഞി കൈ കൂട്ടി പിടിയ്ക്കാതെ അവന്റെ തലയിലെ രാസനാദി പൊടിയുടെ മണം ശ്വസിയ്ക്കാതെ ഇടതു കൈ തണ്ടയിൽ അവന്റെ കുഞ്ഞി തലയുടെ ഭരമില്ലാതെ ഉറങ്ങാൻ പറ്റുമോ തനിയ്ക്ക്…
പക്ഷേ ഏട്ടന്റെ സ്ഥാനം കൊടുത്ത മഹിയേട്ടനെ ഒരു ഭർത്താവിന്റെ സ്ഥാനത്തു കാണാനും വയ്യ…
അച്ഛനും അമ്മയും പിന്നെ ഒന്നും ചോദിച്ചില്ല… സ്വയം തീരുമാനം എടുക്കട്ടെ എന്ന് കരുതി കാണും….
നാലു ദിവസങ്ങൾക്കപ്പുറമായിരുന്നു മഹിയേട്ടൻ വന്നത്…. പതിവ് പോലെ ശ്രീക്കുട്ടനെ കളിപ്പിച്ചും ചിരിപ്പിച്ചും ഇരിയ്ക്കുമ്പോൾ അത് വരെ ഇല്ലാത്തൊരു വല്ലായ്മ ആയിരുന്നു തനിയ്ക്ക്…
മിണ്ടാനൊക്കെ ആകെ ഒരു വിമ്മിഷ്ടം… അത് മഹിയേട്ടൻ തിരിച്ചറിഞ്ഞിരിയ്ക്കണം…. ആളും ഒന്നും സംസാരിച്ചില്ല…. അല്ലെങ്കിൽ ശ്രീക്കുട്ടന് ആവശ്യം ഉള്ളതും അവന്റെ വിശേഷങ്ങളും തിരക്കാറുള്ളതാണ്….
ഒന്നോ രണ്ടോ മാസം ആ ഒളിച്ചു കളി ഉണ്ടായിരുന്നു…. മനസ്സിൽ ഒരുപാട് ചിന്തകളും….
ഒരു അവധി ദിവസം കടൽ കാണണം എന്ന് ശ്രീക്കുട്ടൻ വാശി പിടിച്ചപ്പോഴാണ് കുറേ കാലത്തിന് ശേഷം എല്ലാവരും കൂടി പുറത്തേയ്ക്ക് ഇറങ്ങുന്നത്… ചേച്ചിയുടെ വിയോഗം ഏൽപ്പിച്ച ആഘാതം അത്രത്തോളം ഉണ്ടായിരുന്നു ആ കാലയളവിൽ….
മഹിയേട്ടൻ വീട്ടിൽ കാറുമായി വന്നു… കൂടെ മഹിയേട്ടന്റെ അമ്മയും ഉണ്ടായിരുന്നു… അച്ഛനും അമ്മയും എല്ലാവരും കൂടെ ഒന്നിച്ചായിരുന്നു യാത്ര….
ബീച്ചിൽ ശ്രീക്കുട്ടൻ കളിയ്ക്കുന്നതും നോക്കി ഇരുന്നപ്പോഴാണ് മഹിയേട്ടൻ പിന്നിൽ നിന്നും വിളിച്ചത്…
“നമുക്കൊന്ന് നടക്കാം…”എന്ന് മാത്രമേ പറഞ്ഞുള്ളൂ….
അച്ഛനും അമ്മയും മഹിയേട്ടന്റെ അമ്മയും പോയി വരാൻ കണ്ണ് കൊണ്ട് കാണിച്ചപ്പോൾ എണീറ്റു പറ്റി പിടിച്ചിരുന്ന മണൽ തരികൾ തട്ടി കളഞ്ഞു മഹിയേട്ടന് ഒപ്പം നടന്നു… കുറച്ചു സമയം നിശബ്ദതയായിരുന്നു….
“പി ജി യ്ക്ക് നോക്കുന്നില്ലേ….”പ്രതീക്ഷിച്ച ചോദ്യമായിരുന്നില്ല തുടക്കം…
“അത്..നോക്കണം….”ഉത്തരം മുഴുവനും പറയാതെ ഒന്നു തപ്പി തടഞ്ഞു…
“ശ്രീക്കുട്ടൻ പ്ലേ സ്കൂളിൽ പോവാറായില്ലേ…. ഗ്രീഷ്മ ഇനി നോക്കിക്കോളൂ…”
“ഹ്മ്മ്…”
” ഈ മിണ്ടാനുള്ള ബുദ്ധിമുട്ട് അമ്മ സൂചിപ്പിച്ച കാര്യം ഓർത്തണോ…. “
ഒന്നും പറയാതെ കൂടെ നടന്നു…
“കല്യാണ കാര്യം അമ്മ സൂചിപ്പിച്ചിരുന്നു… പിന്നെ നോക്കാം എന്നെ പറഞ്ഞിരുന്നുള്ളൂ… ഇത്ര പെട്ടെന്ന് അമ്മ അവിടെ വന്നു പറയും എന്ന് കരുതിയില്ല….”മഹിയേട്ടൻ പറയുന്നതിന് ഒരു കേൾവിക്കാരി മാത്രമായി അപ്പോൾ…
“കുറേ ചിന്തിച്ചു…ഒരു കൂട്ടില്ലാതെ മുൻപോട്ട് പോകാൻ കുറച്ചു നാൾ എല്ലാവർക്കും പറ്റും… പക്ഷേ ഏതെങ്കിലും ഒരു പോയിന്റിൽ മടുപ്പ് തോന്നും…. സങ്കടമായാലും സന്തോഷമായാലും അത് ഷെയർ ചെയ്യാൻ ഒരു കുടുംബം ഇല്ലെങ്കിൽ പിന്നെ എന്താണ് ജീവിതം….”
മഹിയേട്ടൻ എന്താണ് പറഞ്ഞു തുടങ്ങുന്നത് എന്ന് ഉള്ളിൽ മനസ്സിലാവാൻ തുടങ്ങിയിരുന്നു…
” ശ്രീക്കുട്ടൻ അവിടെ… ഞാൻ മറ്റൊരിടത്തു….ഇനിയും ഇങ്ങനെ മുൻപോട്ടു പോകാൻ പറ്റില്ല… അവന് കാര്യങ്ങൾ തിരിച്ചറിയാൻ തുടങ്ങുന്ന പ്രായവുമായി തുടങ്ങി….ഒന്നോ രണ്ടോ വർഷത്തിൽ ഗ്രീഷ്മയും കല്യാണം കഴിച്ചു സെറ്റിൽ ആവേണ്ട സമയമാകും…അന്ന് ശ്രീക്കുട്ടൻ ഗ്രീഷ്മയുടെ ജീവിതത്തിൽ ഒരു ബാധ്യതയായി തോന്നുകയും അരുത്… അത് കൊണ്ട്… “മഹിയേട്ടൻ പാതി പറഞ്ഞു നിർത്തി ഒന്നു നോക്കി…
“ഗ്രീഷ്മയ്ക്ക് തീരുമാനിയ്ക്കാം…. ഞാനും ശ്രീക്കുട്ടനും ഉള്ള ലോകത്തിലേയ്ക്ക് വരണോ വേണ്ടയോ എന്ന്… ഒരിയ്ക്കലും നിർബന്ധിച്ചു കൂടെ കൂട്ടില്ല… വിളിയ്ക്കാതിരിയ്ക്കാനും ആവില്ല…കാരണം അമ്മ എന്ന് ഉമയെ പോലും വിളിച്ചിട്ടില്ല അവൻ …നിന്നെക്കാൾ നല്ലൊരു അമ്മയെ എനിയ്ക്ക് കണ്ടെത്തി കൊടുക്കാനും കഴിയില്ല…”അവസാന വാചകം പറയുമ്പോൾ മഹിയേട്ടന്റെ കണ്ണ് നിറഞ്ഞിരുന്നോ….
പിന്നെ ഒന്നും പറഞ്ഞില്ല… കുറച്ചു ദിവസം തലച്ചോറും ഹൃദയവും തമ്മിൽ ഒരു യുദ്ധമായിരുന്നു… ഏട്ടനെ പോലെ കണ്ട ഒരാളെ മനസ്സിനും ശരീരത്തിനും പാതിയായി കണ്ടു സ്വീകരിയ്ക്കേണ്ട അവസ്ഥ….
ഒരു ബന്ധമില്ലാത്ത ഒരു സ്ത്രീയെ ശ്രീക്കുട്ടൻ അമ്മ എന്ന് വിളിയ്ക്കുന്നതും അവനില്ലാത്ത പ്രഭാതങ്ങളും രാത്രികളും ഓർത്തപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല സമ്മതം മൂളി…
ലളിതമായിരുന്നു ചടങ്ങുകൾ… ചേച്ചിയുടെ സിന്ദൂരം ചുവപ്പിച്ച അതേ കൈകൾ കൊണ്ട് തന്റെ സിന്ദൂര രേഖയും ചുവന്നു…. ഇടം കയ്യിൽ ഒരു കുഞ്ഞി കൈയ്യും കോർത്തു പിടിച്ചിരുന്നു….
ചേച്ചി ജീവിച്ച അതേ മുറിയിലേയ്ക്ക് ഒരു ഗ്ലാസ് പാലുമായി കാലെടുത്തു വച്ചു കയറുമ്പോൾ ഉള്ളിലാകെ വിങ്ങലായിരുന്നു…. ചുവരിൽ ഉണ്ടായിരുന്ന അവരുടെ പഴയ ചിത്രങ്ങൾ എല്ലാം അവിടെ നിന്നും മാറ്റിയിരുന്നു….
പണ്ട് ചേച്ചിയെ കാണാൻ വരുന്നതും സൊറ പറഞ്ഞു ഇരുന്നതും എല്ലാം ഇവിടെയായിരുന്നു…. അന്ന് ബെഡിന് മുകളിലും ചുമരിലും എല്ലാം മഹിയേട്ടന്റെയും ഉമയേച്ചിയുടെയും നിരവധി പ്രണയ മുഹൂർത്തങ്ങൾ സ്ഥാനം പിടിച്ചിരുന്നു….ശ്രീക്കുട്ടന്റെ പേരിടൽ വരെയുള്ള ചിത്രങ്ങൾ….
ഇപ്പോൾ ശ്രീക്കുട്ടന്റേത് ഒഴികെ മറ്റൊരു ചിത്രവും ഉണ്ടായിരുന്നില്ല അവിടെ….
“എല്ലാം എടുത്തു മറ്റൊരിടത്തേയ്ക്ക് മാറ്റി…. അല്ലെങ്കിൽ ഓർമ്മകൾ നമ്മളെ രണ്ടു പേരെയും വേട്ടയാടി കൊല്ലും…”മുറിയിൽ നിന്ന് കണ്ണ് മിഴിയ്ക്കുന്നത് കണ്ടിട്ടാവും മഹിയേട്ടൻ പറഞ്ഞു…
“കിടന്നോ… ഞാൻ വന്നു കിടന്നോളാം…”കാട്ടിലിലേയ്ക്ക് ചൂണ്ടി ആയിരുന്നു പറഞ്ഞത്… ശ്രീക്കുട്ടൻ ബെഡിൽ ഇരുന്നു എന്തോ വച്ചു കളിച്ചു കൊണ്ടിരിക്കുന്നുണ്ട്…
“എനിയ്ക്ക് ഒരു കാര്യം പറയാനുണ്ട്…”മഹിയേട്ടനോട് സംസാരിയ്ക്കുമ്പോൾ അത് വരെ ഇല്ലാത്ത എന്തോ ഒരു തടസ്സം തോന്നിയിരുന്നു…മഹിയേട്ടന്റെ കണ്ണുകളിൽ അത്ഭുതമായിരുന്നു…
കല്യാണ കാര്യം സൂചിപ്പിച്ചപ്പോൾ മുതൽ ഒരു തരം ഒഴിഞ്ഞു മാറലായിരുന്നു താൻ….
“ഉമേച്ചിയെ പോലെ അല്ല ഞാൻ… സൗന്ദര്യമോ പഠിപ്പോ കലയോ ഒന്നും ചേച്ചിയെ പോലെ എനിയ്ക്ക് കിട്ടിയിട്ടില്ല… അവളെ പോലെ പാവവും അല്ല…. ദേഷ്യവും വാശിയുമൊക്കെ കൂടുതലാണ്…. അത് കൊണ്ട് ഒരിയ്ക്കലും ഉമേച്ചിയുമായി എന്നെ താരതമ്യം ചെയ്യരുത്…. കഴിവതും നല്ല ഭാര്യയാവാൻ ശ്രമിയ്ക്കാം…പക്ഷേ ശ്രീക്കുട്ടന് എന്നും നല്ലൊരു അമ്മയായിരിയ്ക്കും…”മഹിയേട്ടൻ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് തോളിൽ പതിയെ തട്ടി വാതിൽ തുറന്നു ടെറസിലേയ്ക്ക് പോയി….
പിറ്റേന്ന് ഉണർന്നത് ശ്രീക്കുട്ടന് അപ്പുറം കിടക്കുന്ന മഹിയേട്ടനെ കണ്ടായിരുന്നു….
പിന്നീടുള്ള പ്രഭാതങ്ങൾ എല്ലാം ശ്രീക്കുട്ടന് ഇടവും വലവുമായി തങ്ങളുടെ പ്രഭാതം തുടങ്ങി…രാത്രികളും…
ഉമേച്ചിയെ പോലെ അല്ലെങ്കിലും നല്ലൊരു ഭാര്യയാവാൻ ശ്രമിച്ചു…സങ്കടം വരുമ്പോൾ പരസ്പരം കേട്ടിരിയ്ക്കാനും കുറെയേറെ സംസാരിയ്ക്കാനും തുടങ്ങിയിരുന്നു…
റെഗുലർ ആയി പഠിയ്ക്കാൻ മടിയായത് കൊണ്ട് മഹിയേട്ടൻ തന്നെയായിരുന്നു ഇഗ്‌നോയിൽ ചേർത്തത്… സ്വപ്‍നങ്ങൾക്കും കൂട്ട് നിൽക്കാൻ തുടങ്ങിയതോടെ മങ്ങി പോയ നിറങ്ങൾ ഓരോന്നും തിരിച്ചു വരുന്നത് അറിയാൻ തുടങ്ങിയിരുന്നു…
അച്ഛനമ്മമാർക്കും സന്തോഷം…. മനസ്സ് ആഗ്രഹിക്കുന്ന നിമിഷം പേരക്കുട്ടിയെ ചേർത്ത് പിടിയ്ക്കാൻ പറ്റുന്നത് കൊണ്ട്…
ശ്രീക്കുട്ടൻ ചുമരരികിൽ ചേർന്ന് കിടക്കാൻ വാശി പിടിയ്ക്കാൻ തുടങ്ങിയത് മുതൽ തങ്ങൾക്കിടയിലെ അകലം പതിയെ കുറയാൻ തുടങ്ങിയിരുന്നു….
പ്രണയം പൂത്തുലഞ്ഞ നിമിഷത്തിലൊന്നിൽ ശരീരം കൊണ്ടും ഒന്നായി….ദാമ്പത്യം പൂർണ്ണത കൈവരിച്ച നിമിഷം….
അമ്മക്കിളി പറന്നു പോയപ്പോൾ ഉണങ്ങി പോയൊരു ചില്ലയിൽ വീണ്ടും വർഷം പൊടിഞ്ഞിറങ്ങി….അത് തളിർത്തു…മൊട്ടിട്ടു… വസന്തത്തിൽ അത് വീണ്ടും പൂത്തുലഞ്ഞു…. ഇന്നാ ചില്ലയിൽ ഒരു ആൺക്കിളിയും അമ്മക്കിളിയും രണ്ടു കുഞ്ഞിക്കിളികളും ഉണ്ട്…. അവരുടെ ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞി പെൺ കിളി കൂടി വിരുന്നെത്തിയിരുന്നു….
ശിശിരത്തിലെ കുളിരിൽ അവരൊന്നിച്ചു ഒരു പുതപ്പിൻ കീഴിൽ ഉറങ്ങാറുണ്ട്….
ഗ്രീഷ്മമില്ലാതെ ഒരു വർഷവും പെയ്തിറങ്ങിയിട്ടില്ല… ഒരു വസന്തവും പൂത്തുലഞ്ഞിട്ടുമില്ല….
❣️❣️❣️❣️❣️❣️❣️❣️❣
(ശ്രീക്കുട്ടൻ ഇപ്പോൾ പത്താം ക്ലാസ്സ് കഴിഞ്ഞിരിയ്ക്കണം… കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞു 🥰)