ആ കുഞ്ഞുപ്പെണ്ണ് മാത്രം ഓടി വന്നു അയാളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു…അയാൾ തിരിച്ചു ഹൃദയം നിറഞ്ഞൊരു പുഞ്ചിരി നൽകി…

ഇന്ദ്രജാലം ~ രചന: അക്ഷര എസ്

“നീല ചടയനാണെന്നാ പറയുന്നത്….”

“അതൊന്നും അല്ല…വാറ്റാണെന്നാ കവലയിൽ പറയുന്നത്….”

“പറയാൻ പറ്റില്ല…ചിലപ്പോൾ വിദേശി ആവും…”

“വ്യാജനും ആവാലോ…..”

“എന്തായാലും മ്മടെ പെങ്കുട്ട്യോളെ ഒന്ന് സൂക്ഷിച്ചോ… മായാജാലക്കാരനാണ്… മൊഞ്ചനും….”പഞ്ചായത്ത്‌ മെമ്പർ എല്ലാവർക്കും താക്കീത് നൽകി…

ചായക്കടയിൽ ചർച്ച പൊടി പൊടിയ്ക്കുകയാണ്…. നാട്ടിൽ എത്തിയ പുതിയ അതിഥിയാണ് സംസാര വിഷയം…

അല്ലെങ്കിലും അത് അങ്ങനെ ആണല്ലോ… നമുക്ക് പരിചിതമല്ലാത്ത വസ്ത്രം ഇടുന്നവർ… നിൽപ്പിലും നടപ്പിലും വ്യത്യസ്തത പുലർത്തുന്നവർ എല്ലാം നമ്മുടെ കണ്ണിൽ കരടാവുമല്ലോ….പെണ്ണാണെങ്കിൽ അവൾ പോക്ക് കേസും ആണാണെങ്കിൽ അവൻ കഞ്ചാവും…

11 നാളുകൾക്കപ്പുറം പുഴക്കരയിലുള്ള ആ മലയോര ഗ്രാമത്തിൽ ഉത്സവമാണ്…. ഉത്സവത്തിന് ദിവസങ്ങൾക്ക് മുൻപേ പലരും വന്നു ആ കൊച്ചു ഗ്രാമത്തിൽ വന്നു തമ്പടിയ്ക്കും…

കളിപ്പാട്ടം വിൽക്കുന്നവർ… വളയും മാലയും വിൽക്കുന്നവർ…ബലൂൺ വിൽപ്പനക്കാർ…. കൈനോട്ടക്കാർ….അച്ചു വച്ചു മൈലാഞ്ചി ഇട്ടു കൊടുക്കുന്നവർ…കാശ് വച്ചു കളിയ്ക്കുന്നവർ…. കരിമ്പിൻ ജ്യൂസും ബജ്ജിയും ഉണ്ടാക്കി വിൽക്കുന്നവർ….മാജിക്‌ കാണിയ്ക്കുന്നവർ…. തെരുവ് സർക്കസ്സുകാർ… തെരുവ് നൃത്തം ചെയ്യുന്നവർ… അങ്ങനെ പലരും ഉത്സവം നടക്കുന്ന ആ വലിയ മൈതാനത്തു തമ്പടിയ്ക്കും….

അങ്ങനെയൊരു ഇന്ദ്രജലക്കാരനാണ് ഇയാളും… പേര് ആർക്കും അറിയില്ല. അയാൾ പറഞ്ഞിട്ടില്ല..പറയാൻ അയാൾക്ക് കഴിയില്ല…നാവില്ല…

മുടിയും താടിയും നീട്ടി വളർത്തി കയ്യിൽ നിറയെ മുത്തുകൾ കൊണ്ട് തീർത്ത കൈ ചെയിനുകൾ അണിഞ്ഞു ബൊഹീമിയൻ സ്റ്റൈലിൽ വസ്ത്രവും ധരിച്ചു നടക്കുന്ന അയാളെ കണ്ടാലേ നാട്ടിലെ ചില പ്രമാണിമാർക്ക് പിടിയ്ക്കില്ല…

അയാൾ ഒരിടത്തു മാത്രമായി തമ്പടിച്ചില്ല…. ആ നാടിന്റെ കവലകളിൽ പകൽ നേരം നടന്നു മാജിക്‌ കാണിയ്ക്കും…. കാണികളിൽ ആരെങ്കിലും പണം കൊടുത്താൽ അത് കൂട്ടിയെടുത്തു കിഴി കെട്ടി അവിടെ പിച്ച തെണ്ടാൻ ഇരിയ്ക്കുന്ന ആർക്കെങ്കിലും എടുത്തു കൊടുക്കും….

വൈകുന്നേരം ഏതെങ്കിലും പാലത്തിന്റെ അടിയിലോ കലുങ്കിലോ കിടന്നു ഉറങ്ങും…

ബുള്ളറ്റിലാണ് കറക്കം…. അതിന് പുറകിൽ കുറെയേറെ ഭാണ്ഡക്കെട്ടുകൾ കെട്ടി വച്ചിട്ടുണ്ട്….ഹാൻഡിൽ ബാറിൽ കുറെയേറെ തോരണങ്ങളുടെ കൂട്ടത്തിൽ കൊന്തയും ഓം ചിഹ്നവും മിസ്ബഹയും കിടപ്പുണ്ട്…. അത് കൊണ്ട് അയാളുടെ മതം കണ്ടു പിടിയ്ക്കാൻ നടന്നവർക്ക് നിരാശപ്പെടേണ്ടി വന്നു….

എല്ലാ മായാജാലത്തിനുമൊടുവിൽ അയാൾ കാണികളിൽ ഒരാളുടെയെങ്കിലും ചുണ്ടിൽ പുഞ്ചിരി വിരിയിയ്ക്കും…. ചുണ്ട് പിളർത്താൻ മടിയുള്ളവർ കണ്ണ് കൊണ്ടെങ്കിലും ഒന്ന് പുഞ്ചിരിയ്ക്കാതിരിയ്ക്കില്ല…. വായുവിൽ നിന്ന് ആ പുഞ്ചിരികൾ ഏറ്റ് വാങ്ങുന്നത് പോലെ കൈ ചുഴറ്റി അയാൾ നെഞ്ചോട് ചേർക്കും…

ഉത്സവത്തിനോട് അടുത്തൊരു ദിവസം ഉത്സവ പറമ്പിൽ അയാളെ എല്ലാവരും ചേർന്ന് കെട്ടിയിട്ട് അടിച്ചു ആണത്തം തെളിയിച്ചു….

പൊന്തക്കാട്ടിൽ കിടന്നൊരു കുഞ്ഞിപ്പെണ്ണിനെ കോരി എടുത്തു അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച കുറ്റത്തിന്…. ആ കുഞ്ഞിന്റെ മൃദുലതകൾ ആരോ നുള്ളിയെടുക്കാൻ നോക്കിയത്രേ… അത് ആ മായാജാലക്കാരനാണെന്ന് ആ സമൂഹം വിചാരണ നടത്തി…. കുഞ്ഞിനെ കേൾക്കാനുള്ളതോ നാവില്ലാത്ത അയാൾക്ക് എഴുതി കാണിയ്ക്കാനുള്ളതോ ഉള്ള സാവകാശം പോലും കൊടുത്തില്ല…. ആൾക്കൂട്ട വിചാരണ….

കുഞ്ഞിപ്പെണ്ണിന് ഓർമ്മ വന്നൊരു നാൾ അവൾ പറഞ്ഞു അയാളല്ല അത് ചെയ്തതെന്ന്…. ഉത്സവം കൊടിയിറങ്ങിയ ദിവസം….അയാളല്ല കുറ്റക്കാരനെന്നു അറിഞ്ഞപ്പോൾ വിചാരണ നടത്തിയവർ ഒന്നും വന്നിരുന്നില്ല അയാളെ കാണാൻ….

ബുള്ളറ്റിൽ ബാഗും കെട്ടിവച്ചു അക്കരെ പോകാൻ ചങ്ങാടം കാത്തു നിൽക്കുമ്പോഴാണ് അയാൾ ആ കാഴ്ച്ച കാണുന്നത്….തോണി മറിയുന്നതും കുറച്ചുപ്പേർ പുഴയിൽ കിടന്നു കൈക്കാൽ ഇട്ട് അടിയ്ക്കുന്നതും…..

വിദഗ്ദ്ധനായൊരു നീന്തൽക്കാരനെ പോലെ അയാൾ വെള്ളത്തിലേയ്ക്ക് എടുത്തു ചാടുന്നതും ചാട്ടുളി കണക്കെ അയാൾ വെള്ളത്തിലൂടെ പാഞ്ഞു പോകുന്നതും കരയിൽ നിൽക്കുന്നവർ കണ്ടു….

ചുഴിയും അടിയൊഴുക്കും ഉള്ള പുഴയാണെന്നോർത്ത് ആൾക്കൂട്ട വിചാരണയ്ക്ക് മുൻപിൽ ഉണ്ടായിരുന്ന നാടിന്റെ നന്മ കാത്തു രക്ഷിയ്ക്കുന്നവർ എന്നു സ്വയം പറഞ്ഞു നടക്കുന്നവർ ഒഴിഞ്ഞു മാറി നിന്നു… അയാളെ പോലെ ഊര് തെണ്ടികൾ എന്ന് വിളിപ്പേരുള്ള ആരൊക്കെയോ അയാളോടൊപ്പം ചേർന്നു….

മറഞ്ഞു വീണു കിടന്ന വഞ്ചിയിൽ പിടിച്ചു കിടന്ന പഞ്ചായത്ത്‌ മെമ്പർ മാത്രമായിരുന്നു രക്ഷപ്പെടാൻ അവശേഷിച്ചിരുന്നത്…. ആ ഇന്ദ്രജാലക്കാരന് നേരെ പുഴയുടെ നടുവിൽ മരണത്തിന് മുൻപിൽ വച്ചു അയാൾ പ്രതീക്ഷയോടെ കൈ കാണിച്ചു… കണ്ണുകൾ കൊണ്ട് കെഞ്ചി…

അയാളുടെ കൈകൾ ആ ഇന്ദ്രജാലക്കാരൻ കൂട്ടിപ്പിടിച്ചു പുഴയുടെ ആഴങ്ങളിലേയ്ക്ക് മുങ്ങാംകുഴിയിട്ടു….

ഒരു കുഞ്ഞു പൂവിനെ നുള്ളി നോവിച്ചവന് ആ അമ്മ പുഴ മരണം നൽകി….

ഒരു അഭ്യാസിയെ പോലെ കുതിച്ചു പൊന്തി തിരിച്ചു നീന്തി അയാൾ കരയ്ക്ക് വന്നിരുന്നു…. ചുറ്റുമുള്ള എല്ലാവരും അയാളെ അത്ഭുതത്തോടെയായിരുന്നു നോക്കിയത്…

ആ കുഞ്ഞുപ്പെണ്ണ് മാത്രം ഓടി വന്നു അയാളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു… അയാൾ തിരിച്ചു ഹൃദയം നിറഞ്ഞൊരു പുഞ്ചിരി നൽകി….പോക്കറ്റിൽ നിന്നും നനഞ്ഞു കുതിർന്നൊരു ചിത്രം എടുത്തു കീറി കാറ്റിൽ പറത്തി…. ആ കുഞ്ഞിപ്പെണ്ണ് വരച്ചു നൽകിയ ആ പഞ്ചായത്തു മെമ്പറിന്റെ ചിത്രം…

ചുറ്റും നിരന്ന നിറഞ്ഞ കണ്ണുകൾക്കും നന്ദിയോടെയുള്ള നോട്ടങ്ങൾക്കും ഹൃദയം നിറഞ്ഞൊരു പുഞ്ചിരി മാത്രം നൽകി ആരുടേയും സ്വീകരണങ്ങൾക്കോ നല്ല വാക്കിനോ കാത്തു നിൽക്കാതെ തിരിച്ചൊന്നും പ്രതീക്ഷിയ്ക്കാതെ അയാൾ അയാളുടെ ബുള്ളറ്റെടുത്തു ചങ്ങാടത്തിൽ കയറി….

പിന്തിരിഞ്ഞു പോകുന്ന അയാളെ നോക്കി കൊണ്ട് പട്ടാളത്തിൽ നിന്നും ലീവിന് നാട്ടിൽ വന്ന ആരോ ഒരാൾ അയാളുടെ കഥ പറഞ്ഞു….

ഏതോ ഒരു ബോട്ടപകടത്തിൽ മകളെയും ഭാര്യയേയും നഷ്ടപ്പെട്ടതും ആ ദുരന്തത്തിന് പിന്നാലെ അയാളുടെ നാവിനെ കാൻസർ വിഴുങ്ങിയതും വരെയുള്ള കഥകൾ…

രക്ഷപ്പെട്ടവരിൽ ആരോ അയാളുടെ പേരെന്താണ് എന്ന് ചോദിയ്ക്കുന്നുണ്ടായിരുന്നു…

കേണൽ മഹേന്ദ്രവർമ്മ…

ചിലരൊക്കെ അങ്ങനെയാണ്… എവിടെ നിന്നോ വരും… നെഞ്ചിൽ കൂട് കൂട്ടി തിരിച്ചൊന്നും പ്രതീക്ഷിയ്ക്കാതെ എങ്ങോട്ടാ പോയ്‌ മറയും… ഒരു ഇന്ദ്രജാലക്കാരനെ പോലെ….

അയാളും യാത്രയിലാണ്… ആരുടേയൊക്കെയോ ജീവിതത്തിൽ ഇന്ദ്രജാലം കാണിയ്ക്കാനുള്ള യാത്രയിൽ..

🦋🔸🦋🔸🦋🔸🦋🔸🦋🔸🦋

എന്നും പ്രണയവും വിരഹവും എഴുതിയാൽ അതിൽ എന്താണ് പുതുമയല്ലേ…ചിലപ്പോൾ എഴുതുന്നത് എഴുതുന്ന എന്റെയും വായിയ്ക്കുന്ന നിങ്ങളിൽ ചിലരുടെയെങ്കിലും മനസ്സ് നിറയാൻ കൂടിയാണ്…❣️😘…