നീയും അയാളെ ഒളികണ്ണിട്ട് നോക്കുന്നതും ഞാൻ അറിയില്ലെന്ന് വിചാരിക്കേണ്ട.

ഖദീജാടെ ഫിഷർമാൻ- അബ്ദുൾ റഹീം പുത്തൻചിറ

എന്തായി നിന്നെ പെണ്ണ്‌ കാണാൻ വന്നിട്ട്…? ചെക്കനെ ഇഷ്ടായ….ഹേമ ഖദീജാടെ അടുത്ത് വന്നു രഹസ്യം പോലെ ചോദിച്ചു…

ഇനിക്കിഷ്ടായില്ല. അതെന്താ..? ചെക്കൻ ദുബായിക്കാരനാണെന്നു കേട്ടു…കോളടിച്ചല്ലോ.

ദുബായിക്കാരൻ…തലയിൽ മുടിയില്ലാത്ത ചെക്കനെ എനിക്ക് വേണ്ട…ഖദീജ ഇഷ്ട്ടപ്പെടാത്ത പോലെ പറഞ്ഞു.

നിന്നെ കെട്ടാൻ ഇനി സുൽത്താൻ വരും..അടുക്കളയിൽ നിന്നും ഇതു കേട്ടുവന്ന പാത്തുമ്മ പറഞ്ഞു.

പാത്തുമ്മയുടെ ഒരേ ഒരു മകളാണ് ഖദീജ. ഖദീജക്കു രണ്ടു വയസ്സുള്ളപ്പോഴാണ് വാപ്പ മരിക്കുന്നെ. അതിനു ശേഷം ബന്ധുക്കളുടെ വീട്ടിലും, പുറത്തും അടുക്കള പണി ചെയ്തും ഒരുപാട് കഷ്ട്ടപ്പെട്ടുമാണ് പാത്തുമ്മ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്.

ഖദീജ പത്താം തരെ വരെ പടിച്ചു. ആ കോളനിയിൽ മൊഞ്ചുള്ള ഒരു പെണ്ണാണ് ഖദീജ. എപ്പോഴും ചിരിച്ചു സംസാരിക്കുന്ന ഖദീജാനോട് ഇഷ്ടം കൂടാൻ വരുന്നവർ ഒരുപാടുണ്ട്. ഹേമയും ഖദീജയും കൂട്ടുകാരികളാണ്, കൂടാതെ അയൽവക്കവും.

എത്ര കഷ്ട്ടപ്പെട്ടാണ് ഓരോ ആലോചനകളും കൊണ്ട് വരുന്നത്. ഏതു കാര്യം വന്നാലും ഓരോ കുറ്റങ്ങൾ പറഞ്ഞു മുടക്കും. ഈ ഓലപ്പുരയിലേക്കു ഇനി ആരു വരാന എന്റെ റബ്ബേ…ഇതിനെക്കൊണ്ട് ഞാൻ തോറ്റല്ലോ. പാത്തുമ്മ അവരുടെ വിഷമങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു…

ഓരോ പെണ്ണുങ്ങൾ നല്ല ആലോചനകൾ കാത്തിരിക്കുന്നു. ഇവിടെയുള്ളത് എത്ര നല്ല ആലോചന ആണേലും വേണ്ടാന്ന്. ഇതു എവിടെ ചെന്നവസാനിക്കാനാണ്..പാത്തുമ്മ സങ്കടത്തോടെ പറഞ്ഞു.

എന്റെ റബ്ബേ ഞാൻ എങ്ങോട്ടെങ്കിലും പോണ്….എന്റെ കല്യാണം കഴിഞ്ഞില്ലന്നു വെച്ചു ഉമ്മാക്കെന്താ…? ഞാൻ ഇവിടെത്തന്നെ നിന്നാൽ ഈ വീട് ഇടിഞ്ഞു വീഴോ…? ഒരു രൂപയുടെ റേഷൻ അരിയല്ലേ വെയ്ക്കുന്നത്. വെക്കുമ്പോൾ രണ്ടാൾക്കും വെയ്ക്കണം. ഞാൻ അത് കുടിച്ചു ഇവിടെ തന്നെ കഴിഞ്ഞോളാം…ഖദീജ ദേഷ്യം ഭാവിച്ചു കൊണ്ട് പറഞ്ഞു.

വാടി നമുക്ക് മനസ്സമാധാനം കിട്ടുന്ന എവിടെങ്കിലും പോകാം…ഹേമയെ വിളിച്ചുകൊണ്ട് ഖദീജ പാടത്തോട്ടു പോയി. വീടിനടുത്തുള്ള പാടത്തിന്റെ അരികിലുള്ള പറമ്പിലാണ് വൈകുന്നേരങ്ങളിൽ ആടിനെ തീറ്റാൻ ഹേമയും ഖദീജയും പോകാറുള്ളത്. അവിടെ വെച്ചാണ് അവരുടെ ജീവിതവും സ്വപ്നങ്ങളും പങ്കു വെക്കുന്നത്.

എന്തിനാടീ ആ പാവം ഉമ്മാനെ ഇങ്ങനെ വിഷമിപ്പിക്കുന്നെ…? ഹേമ ചോദിച്ചു.

എന്നാ ഒരു കാര്യം ചെയ്യാം ആ ദുബായിക്കാരനെ നീ കെട്ടിക്കോ…

ഇനിക്കു ഡബിൾ ഓക്കെ…ഹേമ ചിരിച്ചു കൊണ്ട് പറഞ്ഞു. എന്താ നിന്റെ പ്രശ്നം, പെണ്ണ് കാണാൻ ആരേലും വരുന്നുണ്ടെന്ന് അറിഞ്ഞാൽ നിന്റെ മുഖം മാറും…കുറച്ചു നാളായി ഞാനതു ശ്രദ്ദിക്കുന്നു. ഇനി ഞാനറിയാതെ ആരേലും നിന്റെ മനസിൽ കയറിക്കൂടിയ…ഹേമ കാര്യമായി തന്നെ ചോദിച്ചു.

ഇനി ഫിഷർമാൻ അഷ്റഫ് ആണോ…അയാൾ മീൻ കൊണ്ട് വരുമ്പോഴെല്ലാം നിന്നെ ശ്രദ്ദിക്കുന്നത് ഞാൻ കാണാറുണ്ട്. നീയും അയാളെ ഒളികണ്ണിട്ട് നോക്കുന്നതും ഞാൻ അറിയില്ലെന്ന് വിചാരിക്കേണ്ട. അതു മാത്രമല്ല മീൻ വേടിക്കുമ്പോൾ രണ്ടെണ്ണം കൂടുതൽ തരുന്നതും ഞാൻ അറിയുന്നുണ്ട്.

പോടി അഷ്‌റഫ്‌കാക്കു അങ്ങനെയൊന്നുമില്ല. അപ്പോ നിനക്കുണ്ടോ…ഖദീജ ചെറുതായി പുഞ്ചിരിച്ചു. അപ്പോ അതാണ് കാര്യം. എന്നാലും ദുബൈകാരനേക്കാളും വലുതാണോ മീൻകാരൻ…ഹേമ ചോദിച്ചു.

ആരും ആരേക്കാളും വലുതല്ല..പക്ഷെ എനിക്ക് വലുത്‌ എന്റെ ഉമ്മയാണ്. നിനക്കറിയാലോ വാപ്പ പോയതിൽ പിന്നെ ഒരുപാട് കഷ്ടപ്പെട്ടാണ് ഉമ്മ എന്നെ വളർത്തിയത്. ഇപ്പോഴും ഉമ്മാനെ കെട്ടിപ്പിടിച്ചാണ് ഞാൻ ഉറങ്ങാറ്. ആ ഉമ്മാനെ തനിച്ചാക്കി എങ്ങനെയാടി വേറൊരു വീട്ടിലേക്ക് പോകുന്നത്.

ആ കൂരയിൽ ഉമ്മാനോടൊപ്പം കിടക്കുന്ന സുരക്ഷിതത്വം ഇനിക്ക് വേറെ എവിടേം കിട്ടില്ല. എന്നാലും ഇനിക്കറിയാം എന്നെങ്കിലുമൊരിക്കൽ വേറൊരു വീട്ടിലേക്ക് പോകണമെന്ന്.

പക്ഷെ ഉമ്മാനെ ഒറ്റക്കാക്കി അകലേക്കൊന്നും പോകാൻ എന്നെക്കൊണ്ടാകില്ല. എന്റെ ഉമ്മ എന്റെ കൺമുൻപിൽ തന്നെ വേണം…ഇതു പറയുമ്പോൾ ഖദീജാടെ കണ്ണുകൾ നിറയുന്നുണ്ടായി…

എന്നാലും നിന്റെ ഭാവിയെ കുറിച്ച് ഉമ്മാക്ക് ഒരുപാട് ആഗ്രഹങ്ങളില്ലേ…ഹേമ ചോദിച്ചു.

ഉണ്ടാകാം…അതുകൊണ്ട് ഇനിക്കും ആഗ്രഹിച്ചൂടെ. മറ്റുള്ളവർ എന്താഗ്രഹിക്കുന്നു എന്നു ഞാൻ നോക്കുന്നില്ല. പക്ഷെ എന്റെ ഉമ്മാനെ തനിച്ചാക്കി എനിക്കൊരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല.

ദുബായിക്കാരന്റെ ആലോചന എനിക്ക് ഇഷ്ട്ടമില്ലാഞ്ഞിട്ടല്ല… പക്ഷെ അയാളുടെ വീട്ടിലേക്ക് പോകാൻ രണ്ടു ബസ്സ് മാറി കയറണം. ഇനിക്കൊരു ജീവിതമുണ്ടങ്കിൽ എന്റെ ഉമ്മാന്റെ കൺവെട്ടത്തു തന്നെ ആയിരിക്കണം…അതാണ് എന്റെ ആഗ്രഹം. അതും പറഞ്ഞു ഖദീജ കരഞ്ഞു.

ഹേമയുടെ കണ്ണുകളും നിറഞ്ഞിരുന്നു. എന്നാൽ നമുക്കു ഫിഷർമാനെ ആലോചിച്ചാലോ..? അതാകുമ്പോ അധികം ദൂരമില്ല. അതു മാത്രമല്ല ആളു നല്ല മനുഷ്യനാ. പുള്ളിക്കാരനും വീട്ടിൽ ഉമ്മ മാത്രം ഉള്ളുന്ന കേട്ടത്…

പിന്നെ നിനക്കു എന്നും മീൻകറി കൂട്ടി ചോറുണ്ണാം…എന്താ നോക്കണോ…?ഹേമ ഖദീജാടെ കണ്ണുകളിൽ നോക്കി ചോദിച്ചു. ഒന്നു പോടി….അതും പറഞ്ഞു ഖദീജ ഓടി.

ടി നിക്കടീ ഞാനും വരുന്നു…പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ…ഹേമ ഖദീജയുടെ പിന്നാലെ ഓടി.

ഇന്നു ഖദീജയുടെ നിക്കാഹ് ആണ്. വലിയ ആഘോഷമൊന്നും ഇല്ലാതെ ചെറിയ കല്യാണം. ഒരുപാട് പൊന്നൊന്നും ഇല്ലെങ്കിലും കല്യാണ വേഷത്തിൽ ഖദീജ ഒരുപാട് സുന്ദരിയായി മാറി. ഖദീജ ആഗ്രഹിച്ചപോലെ അഷ്റഫ് ആണ് വരൻ. ഹേമയുടെ വാക്കിലൂടെ പറഞ്ഞാൽ ഫിഷർമാൻ.

അതേയ് ഇനി ഫിഷർമാൻ ഇവിടെ മീൻ കൊണ്ടു വന്നാൽ ഇനിക്കു കുറച്ചു മീൻ കൂടുതൽ തരാൻ പറയണം കേട്ടോ…ഹേമ രഹസ്യം പോലെ ഖദീജാനോട് പറഞ്ഞു. അതുകേട്ട് ഖദീജാക്കു ചിരി വന്നു. കല്യാണ വേഷത്തിൽ ഖദീജയെ കണ്ട പാത്തുമ്മാടെ കണ്ണുകൾ നിറഞ്ഞു.

അള്ളാഹു എന്റെ മോളുടെ ജീവിതത്തിൽ അനുഗ്രഹം ചൊരിയട്ടെ. പാത്തുമ്മ മനസ്സറിഞ്ഞു ദുആ ചെയ്തു.