റമളാൻ 22- രചന: യൂസുഫലി ശാന്തിനഗർ
എന്റെ ഊഹം ശരിയാണെങ്കിൽ സംഭവം നടക്കുന്നത് ഒരു ആറ് വർഷം മുമ്പത്തെ റമളാൻ 22 ന് ആണ്.
ഞങ്ങൾ ഫാമിലി ആയിട്ട് തറാവീഹ് ന് പോയിരുന്ന കാലം. നോമ്പ് തുറന്ന് കഴിഞാൽ ഒരു കെട്ട് അൻസാരി ബീഡി വലിച്ചു തീരുന്ന സമയം അതായിരുന്നു കണക്ക്. അത് കഴിഞ്ഞാൽ ഉപ്പ ഓട്ടോക്ക് വിളിക്കും. തറാവീഹ്ന് പള്ളിയിൽ പോവാൻ. ഉമ്മയും അനിയത്തിമാരും ഞാനും ഉപ്പയും ഒരുമിച്ച് പള്ളിയിലേക്ക് പോവും.
ഉപ്പ ആള്കുറച്ചു ദേഷ്യക്കാരനാണ്. കുറച്ചല്ല…കുറച്ചുകൂടുതൽ ദേഷ്യക്കാരൻതന്നെയാ (എന്നോട് മാത്രം). നാട്ടുകാരോട് നല്ല കളിയും ചിരിയും ഒക്കെ ആണ്. എന്നെക്കണ്ടാൽ എന്താണെന്നറിയില്ല പൂച്ചയുടെ മുന്നിൽ എലിയെ കണ്ടപോലെയാ.
അതു കൊണ്ട് തന്നെ എന്നോടതികം സംസാരിക്കില്ല…ഫുൾ ആക്ഷനാണ്. അല്ല അതിനു പൂച്ചയെ പറഞ്ഞിട്ട് കാര്യമില്ല. എലിയുടെ കാട്ടിക്കൂട്ടാലോന്നും പൂച്ചക്ക് പറ്റില്ലലോ…
തറാവീഹിന് പോരുമ്പോ വീടുകാരുടെ മനസ്സ് പള്ളിയിലും എന്റെ മനസ്സ് ശാന്തി അങ്ങാടിയിലും ആയിരിക്കും. ഓട്ടോ ഇറങ്ങി അങ്ങാടിയിലേക് നോകുമ്പോ വല്ലാത്തൊരു കുളിരാണ്. അങ്ങാടിയിൽ പോവാനും ഒരു നാരങ്ങ സോഡ കുടിക്കാനും പിന്നെ, അവ്ടെ ആരോടേലും നുണപറഞ്ഞിരിക്കാനും നല്ല മോഹം തോന്നും.
പക്ഷെ ഉപ്പാന്റെ ഒരു നോട്ടം മതി അങ്ങാടിയിൽ പോവാനുള്ള എന്റെ മോഹം ഇല്ലാതാകാൻ. അങ്ങനെ തറാവീഹ് നിസ്കാരം തുടങ്ങി. ആദ്യത്തെ കുറച്ചു ദിവസം തറാവീഹ് തീരുവോളം പള്ളിയിൽ ഉപ്പാന്റെ അടുത്തു തന്നെ ഇരുന്നു നിസ്കരിച്ചു. പിന്നെ കുറച്ചു ദിവസം ഞാൻ ബാക്കിലേക് പോയി നിസ്കാരം തുടങ്ങി.
ഉപ്പ ഇടക്ക് ഇടക്ക് നോക്കും ബാക്കിലേക് ഞാൻ അവിടെയുണ്ടോ എന്ന്. എന്നെ അവിടെ കണ്ടാൽ പിന്നെ നോട്ടം നിറുത്തും (എന്നെ അത്രയ്ക്ക് വിശ്വാസമാണേ )…എന്നും എന്നെ ബാക്കിൽ കാണാൻ തുടങ്ങിയപ്പോ ഉപ്പ ആ നോട്ടം നിറുത്തി.
തറാവീഹ് നിസ്കാരത്തിനു ഇടയിൽ ഒരഞ്ചുമിനുട്ട് പ്രസംഗം ഉണ്ടാവാറുണ്ട്. ഒരു ദിവസം ഞാൻ ആ സമയത്ത് അങ്ങാടിയിൽ പോയി നിസ്കാരം തുടങ്ങിയപ്പോഴേക്കും തിരിച്ചെത്തി. ആ പോക്കുവരവ് കൊണ്ട് പ്രതേകിച്ചു ദോഷമൊന്നും എനിക്കുണ്ടായില്ല…
ഉപ്പ അറിഞ്ഞോ അറിഞ്ഞില്ലേ ഒന്നും എനിക്കറിയില്ല. എന്നോട് അതിനെ കുറിച്ചൊന്നും ചോദിച്ചില്ല. അതുകൊണ്ട് ആ പോക്ക് ഞാൻ അങ്ങോട്ട് സ്ഥിരമാക്കി. പിന്നീടൊരുദിവസം തിരിച്ചു പള്ളിയിൽ വന്നത് നിസ്കാരം കഴിയാൻ നേരത്ത്…അന്നും ഉപ്പ ഒന്നും അറിഞ്ഞില്ല. അറിഞാൽ അന്ന് അടിയുടെ ബദറായിരിക്കും…
പിന്നെ പിന്നെ നിസ്കരം കഴിയാൻ നേരത്ത് തിരിച്ചുവരുന്നതായി ശീലം. പക്ഷേ ഉപ്പ ഒന്നും അറിഞ്ഞിരുന്നില്ല എന്നത് എന്റെ വെറും തോന്നലായിരുന്നു. ഒരു ദിവസം പള്ളിയിൽ നിന്നിറങ്ങി അങ്ങാടിയിൽ മൊബൈൽ ഷോപ്പിൽ സംസാരിച്ചോണ്ടിരുന്നപ്പോ പെട്ടന്ന് എന്റെ ബാക്കിൽ ഷർട്ട് പിടിച്ചു ഒരു വലി…തിരിഞ്ഞ് നോകുമ്പോ ഉപ്പ…
പള്ളിയിൽ കാണാഞിട്ട് എന്നെ തപ്പി വന്നതാണ്. കയ്യിലാണെങ്കിൽ ഒരിഞ്ചു വണ്ണത്തിലുള്ള വടിയും…എന്നെ മൊബൈൽ ഷോപ്പിൽ നിന്നും ഇറക്കി റോട്ടിൽ ഇട്ടു അടിക്കാൻ തുടങ്ങി. അടി എന്ന് പറഞ്ഞാൽ ഒരൊന്നൊന്നര അടി.
നാട്ടുകാർ മുഴുവനും ടിക്കെറ്റെടുക്കാതെ സിനിമ കാണാൻ കേറിയവരുടെ സന്തോഷത്തിൽ അടി കണ്ടിരിക്കുന്നു. അടിച്ചടിച്ച് വടി മുറിഞ്ഞു…പിന്നെ കൈകൊണ്ടായി അടി. കൈകൊണ്ടു കിട്ടാൻ തുടങ്ങിയപ്പോ, വടി മുറിഞ്ഞതിൽ സങ്കടം തോനിയത് ഉപ്പനെക്കാളും എനിക്കായിരുന്നു…
ഒന്ഗി അടിച്ചാൽ ഒന്ടറ ട്ടൻ വെയിറ്റ് ഡാാ പാകിരിയാ..
ഇതാണ് ഉപ്പാന്റെ കൈകൊണ്ടടിയുടെ ഏകദേശരൂപം. ഉപ്പാക്ക് കൈ വേദന എടുത്തത് കൊണ്ടാവാം അടി നിറുത്തി…എന്നെ പള്ളിയിലേക്ക് കൈപിടിച്ച് വലിച്ചു കൊണ്ടുപോവാൻ തുടങ്ങി.
പോവുന്ന പോക്കിൽ അതാ കിടക്കുന്നു പോന്നുന്റെ കൂൾബാറിലെ നേന്ത്രക്കുലയുടെ വലിച്ചെറിഞ്ഞ തണ്ട്. പിന്നെ അടി നേന്ത്രക്കുല തണ്ടുകൊണ്ടായി. അതു കൊണ്ടു രണ്ടെണ്ണം കിട്ടിയപ്പോ പരലോകം കണ്ടു…
ഉപ്പാന്റ കൈക്ക് ഒരു കടി കൊടുത്ത് എന്റെ പിടുത്തം വിടിയിച്ച് ഞാൻ കരഞ്ഞുകൊണ്ട് കുതറിയോടി…വീട്ടിലേക്ക്. വീട്ടിലെത്തി ഞാൻ ഒരുപാട് കരഞ്ഞു. ഉപ്പാനോട് ഉള്ള ദേശ്യവും അങ്ങാടിയിൽ നിന്നു കിട്ടിയതിലുള്ള നാണക്കേടും എല്ലാം കൂടി ആയപ്പോ സങ്കടം മാറുന്നില്ല.
അന്നത്തെ 18 കാരനായ ഞാൻ ഉപ്പാക്കും ഒരു പണി കൊടുക്കാൻ തീരുമാനിച്ചു…ഉപ്പ സ്ഥിരമായി ഇരിക്കുന്ന ഒരു പഴയ മരത്തിന്റെ ചാരു കസേരയുണ്ട്…അതിന്റെ തുണിയുടെ വടി ഞാൻ ഊരിയെടുത്തു വടിക്ക് പകരം ഒരു ഈർക്കിൽ വെച്ചു.
ഉപ്പ വന്നിരുന്നാൽ മൂടും കുത്തി താഴേ വീയട്ടെ എന്ന് വിജാരിച്ചു. എന്നിട്ട് ഞാൻ എന്റെ മുറിയിൽ പോയി വാതിലടച്ച് കിടന്നു. കിടന്നിട്ടാണെങ്കിൽ ഉറക്കവും വരുന്നില്ല. തല്ല് കിട്ടിയതോർതിട്ടല്ല…ഉപ്പ വന്നിരുന്നാൽ എന്തെങ്കിലും ആവോ എന്ന് പേടിച്ചിട്ട്…
തല്ല് കിട്ടിയതിൽ മനസിൽ സങ്കടമുണ്ടെങ്കിലും ഉപ്പാക്ക് ഒന്നും പറ്റരുത് എന്നായിരുന്നു മനസിൽ….കസേര നേരേയാക്കി വെച്ചാലോ എന്ന് വരെ ഞാൻ ചിന്തിച്ചു. പേടിക്കാൻ കാരണമുണ്ട്, ഉപ്പ 80 വയസ്സ് കഴിഞ്ഞ ആളാണ്. ഓരോന്ന് ഓർത്തു കിടന്ന് ഞാൻ എങ്ങനെയോ ഉറങ്ങിപ്പോയി.
കുറച്ച് കഴിഞ്ഞ് ഓട്ടോയുടെ ശബ്ദം കേട്ട് ഞാൻ എണീറ്റു. വീട്ടുകാർ പള്ളിയിൽ നിന്നു വന്നതാണ്. ഉപ്പ കസേരയിൽ ഇരിക്കോ വീഴുമോ എന്നൊക്കെ പേടിച്ചു ഇങ്ങനെ കിടക്കുന്ന സമയത്ത്…
മ്മോ…..എന്നൊരു വിളി. ഞാൻ വാതില് തുറന്നു നോകുമ്പോ അനിയത്തിയതാ കസേരയിൽ. ഉപ്പാക്ക് മുന്നേ അവളാണ് കസേരയിൽ കേറി ഇരുന്നതും വീണതും…ഇതു കണ്ട് ഞാൻ ഹാവൂന്നൊരു ദീർഘശ്വാസം വിട്ടു….(ഉപ്പ വീഴാത്തത് കൊണ്ട് ).
ഞാൻ ചെന്നു പിടിച്ചു എണീപ്പിക്കാൻ നോക്കി. അപ്പോയെകും ഉപ്പയും ഉമ്മയും എല്ലാവരും എത്തി. എല്ലാം കണ്ട് നിന്ന് ഉപ്പ എന്നെ ഒരു നോട്ടം. ആാ നോട്ടത്തിൽ ഉണ്ടായിരുന്നു എല്ലാം മനസ്സിലാക്കിയ ഭാവം.
വീണവൾ തന്നെ അവസാനം ചിരിക്കാൻ തുടങ്ങിയപ്പോ പിന്നീടത് ഒരു കൂട്ടച്ചിരിയായി മാറി…..
ഇന്നെന്റെ ഉപ്പ ഞങ്ങളുടെ കൂടെയില്ല..അന്ന് ഉപ്പ തന്ന ആാ ചെറിയ വേദനകൾ ഇന്നു ഉപ്പയെ കുറിച്ചു എന്നും ഓർക്കാനുള്ള മധുരമുള്ള ഓർമകളായി മാറി.