സുകുവേട്ടനും കാഞ്ചനയും സ്വയംപര്യാപ്തതയും
രചന: അക്ഷര എസ്
“നമുക്കൊരു സേവ് ദി ഡേറ്റ് ചെയ്താലോ സുകുവേട്ടാ….”
“എന്റെ അടിയന്തിരത്തിന്റെ ആണോ….”
ചിന്താഭാരത്തോടെ ബെഡിൽ ഇരിയ്ക്കുന്ന കാഞ്ചനയെ നോക്കി ബെഡിൽ എണീറ്റിരുന്നു സുകു പറഞ്ഞു…. മൊബൈൽ സ്ക്രീൻ ഒന്ന് നോക്കിയപ്പോൾ സമയം പാതിരാത്രി പന്ത്രണ്ടു മണി….
“ഹാ… അറം പറ്റുന്ന വർത്താനം പറയാതെ മനുഷ്യാ…”
” കല്യാണം കഴിഞ്ഞു വർഷം പത്തായപ്പോഴാണോ നിനക്ക് സേവ് ദി ഡേറ്റ് ഡേറ്റ് ചെയ്യാൻ തോന്നിയത് കാഞ്ചു …. “
“സേവ് ദി ഡേറ്റ് കല്യാണത്തിന് മാത്രമേ ചെയ്യാൻ പാടൂ എന്നുണ്ടോ സുകുവേട്ടാ…”
“പിന്നെ അല്ലാതെ മരിപ്പിന് വയ്ക്കാൻ പറ്റില്ലല്ലോ…ഹാ.. ഹാ… ഹാ…..”സുകു പൊട്ടി ചിരിച്ചു പറഞ്ഞു….
“ഹാ.. ഹാ. ഹാ….പേര് സുകു എന്നാണെങ്കിലും ഒരു സുഖമില്ലാത്ത കോമഡി ആണ് ഈയിടെയായി സുകുവേട്ടൻ പറയുന്നത്….”കാഞ്ചന മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു…..
“ISO 9001:2000 സ്റ്റാൻഡേർഡ് കോമഡി പറയുന്ന നീയുണ്ടല്ലോ ഇവിടെ… അത് മതി…നീ കാര്യം പറയ് കാഞ്ചു…ഇപ്പോ എന്താ ഇങ്ങനെ ഒരു പൂതി…”
“അതൊക്കെ ഉണ്ട്… ഞാൻ പണ്ടേ നാല് മുഴം മുൻപേ എറിയുന്ന ആളാണെന്നു സുകുവേട്ടന് അറിഞ്ഞൂടെ….”
“പിന്നെ…. കാര്യം പറയ്…. പാതിരാത്രി വിളിച്ചു എണീപ്പിച്ചു ഉറക്കവും കളഞ്ഞു…”സുകു പിറുപിറുത്തു കൊണ്ട് തല ചൊറിഞ്ഞു…
“എന്താണ് ഈ സേവ് ദി ഡേറ്റ്…കല്യാണപ്പെണ്ണിന്റെയും ചെറുക്കന്റെയും ഒരു ഷോ…മൊത്തത്തിൽ ഒരു ഓളം എല്ലാവരുടെയും ഇടയിൽ ഉണ്ടാക്കണം…”
“അങ്ങനെ പറയാൻ പറ്റോ കാഞ്ചു….”സുകു വീണ്ടും തല ചൊറിഞ്ഞൊന്നു കാഞ്ചനയെ നോക്കി…
“ആ തിയ്യതി ആണ് കല്യാണം എന്ന് നാലാളെ അറിയിയ്ക്കാൻ ആണെങ്കിൽ ഡേറ്റ് കല്യാണക്കുറിയിലും അടിയ്ക്കുന്നുണ്ടല്ലോ…അത് പോരേ….”
“അറിയാൻ മേലാഞ്ഞിട്ട് ചോദിയ്ക്കുവാ… എന്താ നിന്റെ പ്രശ്നം….”
“പ്രശ്നം ഒന്നും ഇല്ല…അത് പോലെ നമുക്കും ഒരു ഓളം സൃഷ്ടിയ്ക്കണം….”
“അത് ആവശ്യത്തിന് നിന്റെ തലയിൽ ഉണ്ടല്ലോ… ഇനി എന്തോന്ന് സൃഷ്ടിയ്ക്കാൻ…”
“ദേ സുകുവേട്ടാ… ഞാൻ ഭയങ്കര സീരിയസ് ആയിട്ടാണ് ആശയ സംവാദം നടത്തുന്നത്….”
“എന്തോന്ന്….”സുകു കണ്ണ് തുറുപ്പിച്ചു നോക്കി….
“നമ്മുടെ പത്താം വിവാഹ വാർഷികം പ്രമാണിച്ചു നമ്മളും ചെയ്യുന്നു ഒരു സേവ് ദി ഡേറ്റ്…”
“അത് കൊള്ളാം… നല്ല ഐഡിയ …പക്ഷേ ഈ ബെഡ് ഷീറ്റ് വേണ്ട… കാണാൻ തന്നെ ഒരു ഓഞ്ഞ ലുക്ക്…ഞാൻ പോയി വേറെ ചുവപ്പിൽ പച്ച ഇലകൾ ഉള്ള ബെഡ്ഷീറ്റ് വാങ്ങിയിട്ട് നമുക്ക് നടത്താം…”
“യ്യട… ബെഡ് ഷീറ്റ്… എന്താ പൂതി…ഞാൻ സാരി… സുകുവേട്ടൻ മുണ്ടും ഷർട്ടും… അത് മതി…”
“പിന്നെന്തിനാ സേവ് ദി ഡേറ്റ്…. സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുത്താൽ പോരേ….”
“അവിടെ പോയി പന്തം കണ്ട പെരുച്ചാഴിയുടെ പോലെ നിൽക്കുന്ന പോലെത്തെ ഫോട്ടോ അല്ല വേണ്ടത്.. കാൻഡിഡ് ഷോട്സ് വേണം…ഓടുന്നതും… ചാടുന്നതും… തല കുത്തി മറിയുന്നതും….”കാഞ്ചന എന്തൊക്കെയോ ആലോചിച്ചു പറഞ്ഞു….
“നീന്തൽ കൂടി വച്ചാൽ ഒളിമ്പിക്സ് ആയി പ്രഖ്യാപിയ്ക്കാം….”
“വാക്കുകളിലെ പുച്ഛം എനിയ്ക്ക് മനസ്സിലാവുന്നുണ്ട്… പിന്നെ ഞാൻ ക്ഷമിച്ചു തരുന്നതാണ്…”കാഞ്ചന ചുണ്ട് കോട്ടി പറഞ്ഞു…
“എന്നാലും ഇതൊക്കെ വേണോ….”
“വേണം…”കാഞ്ചന ഉറപ്പിച്ചു പറഞ്ഞു..
“നീ പാതിരാത്രി വിളിച്ചു എണീപ്പിച്ചു പറയുന്ന ഐഡിയകളൊക്കെ ബി എസ് എൻ എൽ ടവർ വിട്ട് ഇറങ്ങാറില്ല….”
“ബി എസ് എൻ എൽ ടവറോ…”
“എന്നും 3G തന്നെ ആയിരിയ്ക്കും എന്ന്….ആദ്യം കഥ എഴുതാൻ പോയി…അവിടെ കുത്തിത്തിരുപ്പ് ഉണ്ടാക്കി കഥ എഴുത്തു നിർത്തി….. പിന്നെ ടിക് ടോക്… അതും പൂട്ടിച്ചു…”
“രാജ്യ സുരക്ഷയ്ക്കും പുരോഗതിയ്ക്കും വേണ്ടി ടിക് ടോക് വിട്ട് കൊടുത്തു പോരാടിയ ഒരു ധീര വനിതയാണ് ഞാൻ… സുകുവേട്ടന് അങ്ങനെ വല്ലതും പറയാൻ ഉണ്ടോ സ്വന്തമായിട്ട്… രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിയ്ക്കാൻ നമ്മളോരോരുത്തരും ബാധ്യസ്ഥരാണ്….”
“അത് പോട്ടേന്ന് വയ്ക്കാം… യൂട്യൂബോ… കുറച്ചു നാൾ മുൻപേ ഒരു ചാനൽ തുടങ്ങിയില്ലായിരുന്നോ…”സുകു ചിരിച്ചു കൊണ്ട് ചോദിച്ചു…
“ആഹ്… ദതാണ് പോയിന്റ്…. എന്റെ യൂട്യൂബ് ചാനലിന് ഞാൻ പ്രൊമോഷൻ കൊടുക്കാൻ പോകുന്നതിന്റെ ഭാഗമായാണ് ഈ സേവ് ദി ഡേറ്റ്….”
“അതെങ്ങനെ….”
“കേരളത്തിൽ ഇപ്പോഴത്തെ ട്രെൻഡിംഗ് സെർച്ച് ടോപിക് എന്താണ്…. സേവ് ദി ഡേറ്റ്… കപ്പിൾ… കേക്ക് നിർമ്മാണം….”
“എനിയ്ക്ക് ഒന്നും അങ്ങോട്ട് മനസ്സിലായില്ല….”
“ന്റെ മനുഷ്യാ…. ഇതൊക്കെ ഒരു PR strategy അല്ലേ…ഒരു influential മാർക്കറ്റിംഗ് തന്ത്രം….”കാഞ്ചന പറയുന്നത് കേട്ട് കണ്ണും തള്ളി ഒരു ഇരിപ്പായിരുന്നു സുകു…
“നീയിത്ര വളർന്നോ കാഞ്ചു…. PR…Strategy.. Marketing… എന്തൊക്കെയാണ്…”
“അതിപ്പോൾ സുകുവേട്ടാ നമുക്ക് അറിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഉപയോഗിയ്‌ക്കേണ്ട കുറച്ചു വാക്കുകൾ ഉണ്ട്… നമ്മൾ ബുദ്ധിജീവി ആണെന്ന് ചുമ്മാ കരുതാൻ വേണ്ടി ….ഇപ്പോൾ സ്ത്രീ പുരോഗമന പോസ്റ്റുകൾ ആണെങ്കിൽ patriarchy, male chauvinism , feminism, conditioning … അല്ലെങ്കിൽ political correctness എടുത്തു ഉപയോഗിയ്ക്കാം….ഇനിയിപ്പോൾ നടന്മാരുടെയും നടിമാരുടെയും പോസ്റ്റിൽ nepotism കുത്തി കയറ്റാം…അങ്ങനെ അങ്ങനെ…”
“അപ്പോൾ അതിന്റെ അർത്ഥം ഒന്നും അറിയില്ലല്ലേ….”
“എവിടെ…അതൊക്കെ വിട്… എന്നിട്ടു നമ്മൾ സേവ് ദി ഡേറ്റ് ചെയ്യുന്നു…അപ്പോൾ നമ്മൾ വൈറൽ കപ്പിൾ ആവുന്നു…അതിന്റെ അവസാനം നമ്മൾ പറയുന്നു….ഇത് പോലെയുള്ള കൂടുതൽ വീഡിയോ കാണാൻ ആ ബെൽ ഐക്കൺ പ്രെസ്സ് ചെയ്യു എന്ന്…”
“എന്നിട്ട്… ബാക്കി കൂടെ പറഞ്ഞേ….”
“എന്നിട്ട് ഞാൻ അതിൽ കേക്ക് ഉണ്ടാക്കുന്ന വീഡിയോസ് ചറപറാ ഇടുന്നു….കേക്കിന്റെ ഓർഡർ വരുന്നു….”
“ഇങ്ങനെ വയറിളക്കി കേക്ക് വിൽക്കണോ കാഞ്ചനെ….”
“ശേ…. വൃത്തിക്കേട് പറയാതെ മനുഷ്യാ….”
“പിന്നെ….”
“നിങ്ങളുടെ ഭാര്യ സ്വയം പര്യാപ്തത നേടുന്നത് കാണാൻ നിങ്ങൾക്ക് ഇഷ്ടമല്ലേ സുകുവേട്ടാ…. അതൊന്ന് ക്ലച്ചു പിടിച്ചാൽ പിന്നെ നിങ്ങളെ ഞാൻ ജോലിയ്ക്ക് പോലും വിടില്ല…”
“കേക്ക് ഉണ്ടാക്കുന്നതിലാണോ സ്വയം പര്യാപ്തത…”
“അത് സുകുവേട്ടന് അറിയതോണ്ടാ…. സമ്പൂർണ കേക്ക് സ്വയം പര്യാപ്ത സംസ്ഥാനമായി നമ്മുടെ നാടിനെ പ്രഖ്യാപിയ്ക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്…. കേരളത്തിന്റെ ഔദ്യോഗിക ഡിസ്സേർട്ട് ആയി കേക്കിനെ പ്രഖ്യാപിയ്ക്കാനുള്ള ഒപ്പ് ശേഖരണം വരെ നടക്കുന്നുണ്ട്… ഞാനാണ് അതിന്റെ പ്രസിഡന്റ്….”
“നന്നായി… അപ്പോൾ ലക്ഷ്യം കാണും…”
“ആക്കല്ലേ….”കാഞ്ചനയുടെ മുഖം മങ്ങി…
“എല്ലാവരും കേക്ക് ഉണ്ടാക്കി വിറ്റാൽ പിന്നെ വാങ്ങാൻ ആള് കാണോ….”സുകു സംശയ ഭാവത്തോടെ ചോദിച്ചു…
“സമ്പൂർണ സാക്ഷരത നേടിയിട്ടും മിക്കവാറും എല്ലാവരും പിള്ളേരെ ട്യൂഷന് വിടുന്നില്ലേ….”
“അതൊരു ചോദ്യമാണല്ലോ… അല്ല കേക്ക് തന്നെ വേണോ… വല്ല ഉണ്ണ്യപ്പം പോരേ..”
“നിങ്ങൾ ഓഫീസിൽ എന്തെങ്കിലും ആഘോഷം വന്നാൽ ഉണ്ണ്യപ്പം ആണോ മുറിയ്ക്കുന്നത്…”
“അല്ല…”
“കൊച്ചിന്റെ ബർത്ത് ഡേ… കല്യാണ റിസപ്ഷൻ… വാർഷികം.. ഇതിനൊക്കെ ഉണ്ണ്യപ്പം ആണോ വായിൽ കുത്തി കേറ്റുന്നത്….”
“അല്ല….”
“കേക്ക് നിർമ്മാണത്തിന് അനന്ത സാധ്യതകൾ ആണ് സുകുവേട്ടാ….”
“ആണോ…”
“പിന്നല്ലാതെ…ആദ്യം ലൈസൻസ് എടുക്കണം…”
“അത് നല്ലതാ… തിന്ന് കഴിയുമ്പോൾ അടി പൊട്ടും എന്ന് ഉറപ്പായാൽ ഓടാൻ നിൽക്കണ്ടല്ലോ … വണ്ടി എടുത്തു മുങ്ങാം…”
“യ്യടാ… വണ്ടി പറപ്പിയ്ക്കാൻ ഉള്ള ലൈസൻസ് അല്ല… കേക്ക് നിർമ്മാണത്തിന്….”
“അതിനും ഉണ്ടോ ലൈസൻസ്…”
“പിന്നെ… ഇല്ലെങ്കിൽ ഫൈൻ അടച്ചു അകത്തു കിടക്കാം…. പിന്നെ ഡെയിലി ഒരു അഞ്ചു കേക്ക്… പതിയെ ഒരു കേക്ക് നിർമ്മാണ യൂണിറ്റ്… പിന്നെ ഒരു ബേക്കറി ശൃംഖല തന്നെ പണിയും… ശ്ശോ!!സുകുവേട്ടാ നിങ്ങളുടെ ഭാര്യ ഒരു ഓണ്ട്രപ്രണർ ആവുന്നത് നിങ്ങൾക്ക് ഇരുന്നു കാണാം…”
“എന്ത് ഉണ്ട…”
“ഒരു ഉണ്ടയും അല്ല….ഓണ്ട്രപ്രണർ… സംരംഭക…”
“ആഹാ.. അവസാനം എനിയ്ക്കിട്ട് പണിയരുത്….”
“ഒന്നു പോ സുകുവേട്ടാ…എല്ലാം പച്ച പിടിയ്ക്കുമ്പോൾ സുകുവേട്ടനെ ഞാൻ എ സി മുറിയിൽ കറങ്ങുന്ന കസേരയിൽ ഇരുത്തും… ന്റെ ഒരു വാശിയാണ് അത്…ശോഭ മാത്രം ഇരുന്നാൽ പോരല്ലോ….”
“കേൾക്കാനൊക്കെ നല്ല രസമുണ്ട്…. ഇതിനൊക്കെ കൂടി എന്ത് ചിലവ് വരും…”
“ഒരു ഇലെക്ട്രിക് ഓവൻ…. പിന്നെ ടേൺ ടേബിൾ..പിന്നെ അല്ലറ ചില്ലറ ഐറ്റംസ് കൂട്ടി ഒരു 25000 മതി താത്ക്കാലം….”
“25000 രൂപ…എന്റെ കയ്യിൽ അഞ്ചു പൈസ ഇല്ല….”
“ഈ മാസം ഒരു ചിട്ടി വട്ടം എത്തില്ലേ… അതീന്നു തന്നാൽ മതി… വിത്തിൻ 10 ഡേയ്‌സ് ഞാനത് മടക്കി തന്നിരിയ്ക്കും…”കാഞ്ചന ആത്മവിശ്വാസത്തോടെ പറഞ്ഞു…
“10 ദിവസം…10 കൊല്ലം എടുത്താലും നീ തന്നത് തന്നെ….”
“ഡോണ്ട് under estimate a entrepreneur wife…. ഭാര്യ സ്വയം പര്യാപ്തയാണ് എന്ന് ഞാൻ തെളിയിച്ചു തരും…”
“എന്തെങ്കിലും ആവട്ടെ.. മര്യാദക്ക് അറിയുന്ന ഒരു പണി ശരിയാക്കി തന്നപ്പോൾ അത് പോരാ.. ഇനി ഇങ്ങനെ എങ്കിൽ ഇങ്ങനെ….എന്റെ സപ്പോർട്ട് കിട്ടാത്തത് കൊണ്ടാണ് നീ മുരടിച്ചു പോയതെന്ന് നാളെ നീ പിള്ളേരോട് പറയരുതല്ലോ….”സുകു പറഞ്ഞു കൊണ്ട് തല വഴി പുതപ്പിട്ട് കിടന്നു…
പിന്നെ കാര്യങ്ങൾ വേഗത്തിലായി… സേവ് ദി ഡേറ്റ് ഫോർ വെഡിങ് ആനിവേഴ്സറി ചെയ്ത കേരളത്തിലെ ആദ്യ കപ്പിൾ സുകുവേട്ടനും കാഞ്ചനയും വൈറലായി…. പാടത്തു ഓടുന്ന കാഞ്ചന… അതിന്റെ പിന്നാലെ സുകുവേട്ടൻ…. പിന്നെ വാഴത്തോപ്പ് ആയി .. തെങ്ങിൻ തോപ്പ് ആയി ….അവർക്കൊപ്പം ക്യാമറ മാനും ഓടും ചാടും തുള്ളി ചാടും….
ഓട്ടം since 2010…. പത്തു വർഷത്തെ നിർത്താത്ത ഓട്ടം… എന്ന് ടാഗ് ലൈൻ കൂടി ആയതോടെ വമ്പൻ ഹിറ്റ്…അങ്ങനെ അവരുടെ ചാനലും വൈറൽ ആയി…..
അഞ്ചു കേക്കൊന്നും ദിവസവും വിറ്റ് പോയില്ലെങ്കിലും ഇക്കണ്ട കാലയളവിൽ അഞ്ചെണ്ണം ഉണ്ടാക്കി വിറ്റു…. അതും കച്ചവടം പിടിയ്ക്കാൻ ബന്ധു ജനങ്ങൾക്ക് ഫ്രീ ആയി കൊടുത്തത്…പക്ഷേ കച്ചവടം പിടിയ്ക്കാൻ ഉണ്ടാക്കിയ ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും ശ്മശാന മൂകമായിരുന്നു…. ഫോട്ടോ എടുക്കാനും വീഡിയോ ഉണ്ടാക്കാനും വേണ്ടി എടുത്തത് സ്വയം തിന്ന് തൃപ്തിയടയേണ്ട അവസ്ഥ…
കാഞ്ചന കേക്ക് ഉണ്ടാക്കി വിൽക്കുന്നതറിഞ്ഞു ന്യൂസ് പിടിയ്ക്കാൻ എത്തിയതായിരുന്നു സുകുവേട്ടന്റെ വകയിൽപ്പെട്ട പാറു അമ്മായി…..
“നീ പലഹാരം ഒക്കെ ഉണ്ടാക്കി വിക്കാൻ തുടങ്ങീന്ന് അറിഞ്ഞല്ലോ കാഞ്ചനേ…ഇതൊക്കെ നീയുണ്ടാക്കീതാ…”പരദൂഷണം കഴിഞ്ഞു ചായ വലിച്ചു കേറ്റുന്നതിനിടയിൽ ആണ് പാറു അമ്മായീടെ ചോദ്യം എത്തിയത്….
“പലഹാരം അല്ല… ബേക്കിങ്….”കാഞ്ചനയ്ക്ക് പലഹാരം എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല…
“എന്തായാലും പലഹാരം തന്നെ അല്ലേ…. സുകൂന് അപ്പോ ശമ്പളം ഒന്നും ഇല്ലെന്ന് പറഞ്ഞത് സത്യം തന്നെയാണല്ലേ ….”
“അതെന്താ സുകൂന് ശമ്പളം ഇല്ലെങ്കിൽ മാത്രേ എനിയ്ക്ക് നാല് കാശ് ഉണ്ടാക്കാൻ പാടൂ…ഓരോന്ന് വരും….”കാഞ്ചന ചുണ്ട് കോട്ടി പിറുപിറുത്തു പറഞ്ഞു….
“എന്തായാലും ആ റാഗി പുല്ലിന്റെ വട്ടേപ്പം ഒരു കഷ്ണം കൂടി തന്നേ നീ…. രസായിണ്ട്….”പാറു അമ്മായി പറയുന്നത് കേട്ട് കാഞ്ചനയ്ക്ക് സമനില തെറ്റി…
“റാഗി പുല്ലിന്റെ വട്ടേപ്പം അല്ല അത് തള്ളേ… ബ്രൗണിയാണ്… ചോക്ലേറ്റ് ബ്രൗണി….”
“ആരാടീ നിന്റെ തള്ള… പോയി നിന്റെ തള്ളയെ വിളിയ്ക്കെടീ തള്ളാന്ന്…അവളുടെ ഒരു ബ്രൗണി… അപ്പുറത്തെ വീട്ടിലെ പട്ടീടെ പേരിട്ടു വായിൽ വയ്ക്കാൻ കൊള്ളാത്ത ഓരോന്ന് ഉണ്ടാക്കും… പാവം എന്റെ സുകു….മര്യാദക്ക് കഞ്ഞി കുടിച്ചു കിടന്നിരുന്ന ചെക്കനാ… ഈ പിണ്ണാക്ക് തിന്നിട്ട് ചാവാനാവും യോഗം…. “
“നിങ്ങൾക്ക് വെസ്റ്റേൺ കൾച്ചർ അറിയില്ല എന്ന് കരുതി അനാവശ്യം പറയരുത്…പട്ടിയ്ക്ക് മാത്രം അല്ല ബ്രൗണി എന്ന് പറയുന്നത്….”
“അവളുടെ ഒരു വെസ്റ്റേൺ കൾച്ചർ… തിന്ന് തിന്ന് ശീമ പോർക്ക് പോലെയായി… എന്റെ സുകു മോന്റെ കാശൊക്കെ എവിടെയാ പോകുന്നത് എന്ന് ഇപ്പോഴല്ലേ മനസ്സിലായത്….”എന്നും പറഞ്ഞു പ്രാകി കൊണ്ട് പോകുന്ന പാറു അമ്മായിയെ ദേഷ്യത്തോടെ നോക്കി റൂമിലേയ്ക്ക് ഓടി പോയി കണ്ണാടിയിൽ സ്വയം ഒന്നു നോക്കി ….
വൈകുന്നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു….
“സുകുവേട്ടാ…. സുകുവേട്ടാ….”എന്തെങ്കിലും കാര്യം സാധിയ്ക്കാൻ ഉള്ളപ്പോൾ മാത്രം കേൾക്കുന്ന ആ വിളി കേട്ട് സുകുവേട്ടൻ ഉണർന്നു….
പകൽ അമ്മായി വന്നതും പറഞ്ഞതും എല്ലാം പറഞ്ഞു….
“അമ്മായി പറഞ്ഞതിൽ തെറ്റില്ല… കേക്ക് മുഴുവനും തിന്ന് വണ്ണം വച്ച് ഒരു ശീമ പോർക്കിന്റെ പോലെ ആയിട്ടുണ്ട് നീ….”
“ബോഡി ഷെയിമിങ്ങ് ഈസ് എ ഡേർട്ടി ബിസിനസ് സുകുവേട്ടാ…”
“അത് നർക്കോട്ടിക്സ് അല്ലേ….”
“അധോലോകക്കാർക്ക് അങ്ങനെ പറയാം… നമുക്ക് ഇങ്ങനെയും….”
“ഇനി അടുത്ത ആവശ്യം എന്താണ്….”സുകു തല ഒന്ന് ചൊറിഞ്ഞു ചോദിച്ചു….
“വർക്ക് ഔട്ട് ചെയ്യണം…”
“അതിന്…”
“അതിനൊന്ന് ജിമ്മിൽ പോയാലോ ഒന്ന് ആലോചിയ്ക്കാണ് ഞാൻ….ബോഡി ഒന്ന് ഫിറ്റ് ആക്കണം….”കാഞ്ചന ചിന്തഭാരത്തോടെ പറഞ്ഞു….
“രണ്ടു സേവ് ദി ഡേറ്റ് കൂടി ചെയ്താൽ മതീലെ കാഞ്ചു ..ആവശ്യത്തിന് ഓടാം….”
“ഇളക്കല്ലേ….”കാഞ്ചന പല്ല് ഞെരിച്ചു പറഞ്ഞു…
“നിനക്ക് വർക്ക് ഔട്ട് ചെയ്യണം അത്രയല്ലേ ഉള്ളൂ… നാളെ രാവിലെ തൊട്ട് തുടങ്ങാം… പോരേ…. “
“ശരിക്കും…”
“ഹ്മ്മ്… കിടക്കാൻ നോക്ക്….നാളെ രാവിലെ നേരത്തെ എണീറ്റു തുടങ്ങണം…”സുകു പറയുന്നത് കേട്ട് കുളിര് കോരി കിടന്നു കാഞ്ചന…. മിനിമം ഒരു സീറോ സൈസ് ആവാതെ നിർത്തില്ല ഞാൻ…. ശീമ പോർക്ക് എന്ന് വിളിച്ചവരുടെ മുൻപിൽ വേണേൽ ബിക്കിനി.. ബിക്കിനി വേണ്ട…മുട്ട് വരെ ഇറക്കമുള്ള ഡ്രസ്സ് ഇട്ടു വിലസും ഞാൻ…. ശോഭ ഇട്ടാൽ ആഹാ… ഞാൻ ഒന്ന് ജീൻസിട്ടാൽ ഓഹോ….ശരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ… എന്നിട്ട് ഒരു ഫിറ്റ്‌നെസ് ചാലെഞ്ച് തുടങ്ങണം ഫേസ്ബുക്കിൽ….
പിറ്റേന്ന് രാവിലെ നേരത്തെ തന്നെ സുകുവിനെ അന്വേഷിച്ചു ചെന്നത് കിണറ്റിൻ കരയിലേയ്ക്കായിരുന്നു….
“ആഹാ.. ഇവിടെ നിൽക്കുവാണോ സുകുവേട്ടൻ… നമുക്ക് പോകാം…”
“എങ്ങോട്ട്…”
“വർക്ക് ഔട്ട് ചെയ്യാൻ ജിമ്മിലേയ്ക്ക്…ഈ സുകുവേട്ടന് എന്തൊരു മറവിയാണ്….”കാഞ്ചന മുടിയൊതുക്കി ചിരിച്ചു പറഞ്ഞു…
“ആഹ്…ഇതാണ് ഞാൻ പറഞ്ഞ ജിം…. മോട്ടോർ കേടായി…. പുതിയത് വാങ്ങുന്നത് വരെ വെള്ളം കോരാം….നിനക്കൊരു വർക്ക് ഔട്ടും ആവും…”
“യ്യോ.. വെള്ളം കോരാനോ…എന്നെ കൊണ്ടൊന്നും വയ്യ…”
“അവിടെ പോയാലും ഇതൊക്കെ തന്നെയാണ് ചെയ്യാൻ പോകുന്നത്…അതും ഫീസ് കൊടുത്തിട്ട്….ഇതാവുമ്പോൾ അഞ്ചു പൈസ ചിലവില്ല…കേക്കിൽ സ്വയം പര്യാപ്തത ഭാര്യയ്ക്ക് ആകാം എങ്കിൽ വീട്ടിലൊരു ജിം… അതായിരുന്നു ഞാൻ കണ്ട സ്വപ്നം… വരൂ കാഞ്ചു…. ആ ബക്കറ്റ് മുഴുവനും എടുത്തോളൂ….നീ കോരിയ്ക്കോ.. ഞാൻ അകത്തു കൊണ്ട് വച്ചോളാം….” സുകുവേട്ടൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ മറുപടിയൊന്നും പറയാനില്ലാതെ ഒരു നിൽപ്പായിരുന്നു കാഞ്ചന….
സുകുവേട്ടനും സ്വയം പര്യാപ്തത കൈ വരിയ്ക്കാൻ കഴിയും എന്ന് സ്വപ്നത്തിൽ പോലും കരുതാതെ…
“എന്നാലും സുകുവേട്ടാ ഈ ചതി വേണ്ടായിരുന്നു….”
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഭാര്യയെ ആവോളം പ്രോത്സാഹിപ്പിയ്ക്കുന്ന കാര്യത്തിൽ സുകുവേട്ടൻ അല്ലെങ്കിലും ഹീറോ ആണ്….😎