കൊഞ്ചിക്കൊഞ്ചിയുള്ള ആ പുളകിത ശബ്ദം കാതുകളിൽ വീണതും വാവച്ചന്റെ ബോധം ഇടവപ്പള്ളിയിൽ പെരുന്നാളിനു കത്തിക്കുന്ന ഇലുമിനേഷൻ ലൈറ്റ് പോലെ….

ഓപ്പറേഷൻ മാട്ടം

രചന: ഷിജു കല്ലുങ്കൻ (Deva Shiju)

“നമുക്കിന്നു ത്രികോണം കുട്ടിച്ചന്റെ മാട്ടം അങ്ങു പൊക്കിയാലോ?”

വെളുപ്പാൻ കാലത്ത് കിടക്കപ്പായയിൽ കിടന്നു കൊണ്ടുള്ള ചേട്ടൻ ഈപ്പച്ചന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് അനിയൻ വാവച്ചന്റെ കണ്ണുകൾ പാലസ് ഹോട്ടലിന്റെ ചില്ലലമാരയിൽ ഇരിക്കുന്ന ബോണ്ടയുടെ വലുപ്പത്തിൽ വെളിയിലേക്ക് തള്ളിവന്നു.

വളരെക്കാലമായി മനസ്സിൽ മുളപൊട്ടി നിൽക്കുന്ന ആഗ്രഹം ആണ് കുട്ടിച്ചന്റെ മാട്ടത്തിലെ മധുരക്കള്ള്! പക്ഷേ ഓരോ വട്ടവും ആ മുള പുറത്തേക്കു വരുമ്പോൾ ‘നീ എന്റെ പണിയും കൂടി കളയിക്കും അല്ലേ?’ എന്ന ഒറ്റചോദ്യത്തിൽ അതിന്റെ മുനയൊടിക്കുന്നത് ചേട്ടൻ ഈപ്പച്ചൻ തന്നെ ആയിരുന്നു.

അല്ല! ഈപ്പച്ചനെ പറഞ്ഞിട്ടു കാര്യമില്ല,അവന്റെ പേടിയിൽ കഴമ്പുണ്ട്. ത്രികോണം കുട്ടിച്ചൻ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന കാരക്കൽ കുട്ടിച്ചന്റെ പറമ്പിലെ സ്ഥിരം പണിക്കാരായിയിരുന്നു ഈപ്പച്ചനും വാവച്ചനും. കുട്ടിച്ചന്റെ ത്രികോണാ ത്രികോണാ എന്നുള്ള നടപ്പു കണ്ട് അയാൾക്ക് ത്രികോണം കുട്ടിച്ചൻ എന്ന ഇരട്ടപ്പേരിട്ടത് വാവച്ചൻ ആണെന്ന് ആരോ കുട്ടിച്ചനെ പറഞ്ഞു കേൾപ്പിച്ചു.

തന്നെപ്പോലെ തന്നെയല്ലെങ്കിലും കുറച്ചൊക്കെ തന്റെ പണിക്കാരെയും സ്നേഹിക്കുക അല്ലെങ്കിൽ അവർ നമുക്കിട്ടു പണിതിട്ടു പോകും എന്ന സാമാന്യതൊഴിലാളിസം അറിയാവുന്നവൻ ആയിരുന്നു കുട്ടിച്ചൻ. അതുകൊണ്ടു തന്നെ അമ്പതാം വയസ്സിൽ ഓർക്കാപ്പുറത്തൊരു കില്ലപ്പേര് കിട്ടിയതിന്റെ കലിപ്പ് കുട്ടയിട്ടുകമിഴ്ത്തി മൂടിവച്ച് അതിന്റെ മുകളിൽ ഒരു കല്ലും കയറ്റിവച്ച്, നടക്കുകയായിരുന്നു അയാൾ.

അപ്പോഴാണ് വാവച്ചന്റെ വക,കൂനിന്മേൽ കുരു പോലെ നല്ല മുട്ടൻ പണികൾ രണ്ടെണ്ണം.

പണി ഒന്ന്.

കുട്ടിച്ചനു പട്ടികൾ രണ്ട്! മുറ്റത്തരുകിലെ തൊഴുത്തിന്റെ തൂണിൽ നിന്ന് തൊടിയിലെ പനയിലേക്ക് നീളത്തിൽ വലിച്ചു കെട്ടിയ കമ്പിയിലൂടെ തുടലിൽ തൂങ്ങി നടന്ന് കുട്ടിച്ചൻ നിധിപോലെ കാക്കുന്ന ചെത്തുപനയിലെ മാട്ടവും വീടിന്റെ വാതിലും ഒരു പോലെ കാത്തുസൂക്ഷിക്കുന്ന കുറുക്കു ആണ് ഒന്നാമൻ.

രണ്ടാമൻ കുക്കു! പോമറേനിയൻ ആണ് വർഗ്ഗം! അതിന്റെ സർവ്വ അഹങ്കാരവും ഉള്ള കുട്ടിച്ചന്റെ പൂച്ചപ്പട്ടി. പുരക്കകത്താണ് ഇവന്റെ സാമ്രാജ്യം.

ഒരു ദിവസം തന്റെ സാമ്രാജ്യത്തിൽനിന്ന് വെളിയിൽ ചാടിയ കുക്കുവിന് പറമ്പിൽ വാഴയ്ക്ക് തടമെടുത്തുകൊണ്ടിരുന്ന വാവച്ചന്റെ തൂമ്പ ഉയർത്തി 360 ഡിഗ്രി ആങ്കിളിൽ ഉള്ള കിള അങ്ങോട്ടു പിടിച്ചില്ല. കട്ടക്കലിപ്പിൽ കുരച്ചുകൊണ്ട് ഒരു മിന്നലാക്രമണത്തിലൂടെ കുക്കു തന്റെ പ്രതിഷേധം അറിയിച്ചു.

തന്റെ നേർക്ക് ഫുട്ബോൾ പോലെ ഉരുണ്ട്‌ പിന്നെ അന്തരീക്ഷത്തിലേക്കു ചാടിയുയർന്ന് ഒരു ചാവേറിനെപ്പോലെ വന്ന പട്ടിയെ വാവച്ചൻ നേരിട്ടത് കിളക്കാൻ ഉയർത്തിയ തൂമ്പകൊണ്ട്!

ഒന്നേ കരഞ്ഞുള്ളൂ കുക്കു, ആ കരച്ചിൽ കേട്ട് ഓടിയെത്തിയ ത്രികോണം ഉച്ചത്തിൽ അലറിക്കൊണ്ട് ചോദിച്ചു.

“ക ഴപ്പു തീർന്നോടാ….?”

“പട്ടീടെ അല്ലേ…? തീർന്നു കാണും! ” നിഷ്കളങ്കനായി വാവച്ചൻ മറുപടി പറഞ്ഞു.

തിരിച്ചൊന്നും പറയാനില്ലാതെപോയ കുട്ടിച്ചൻ കമിഴ്ത്തി വച്ച പഴയ കുട്ടയുടെ അടിയിൽ നിന്ന് വലിച്ചു വെളിയിലിട്ട കട്ടക്കലിപ്പിനെ നിഷ്കരുണം തിരിച്ചു തള്ളിക്കേറ്റി വച്ച് സാമാന്യതൊഴിലാളിസം ശരണം എന്ന മന്ത്രം ജപിച്ചു.

പണി രണ്ട്.

കുട്ടിച്ചനു കുട്ടി ഒന്ന്! വയസ്സ് ഇരുപതു കഴിഞ്ഞ് തനിക്കു സ്വന്തമായിട്ട് കല്യാണപ്രായം ആയോ ആയില്ലയോ എന്ന സംശയത്തിൽ നാട്ടിലുള്ള ചെറുപ്പക്കാരെ നോക്കാതെ നോക്കി കൊതിപ്പിക്കാതെ കൊതിപ്പിച്ചു നടക്കുന്ന റെജീനാമ്മ എന്ന റെജി.

മുറ്റട്ടം നീളത്തിൽ മുടിയുള്ള, ഇരുനിറക്കാരിയായ സുന്ദരിയെ കുട്ടിച്ചൻ ഭൂതം പൊന്നു കാക്കുന്ന പോലെ പുറം ലോകം കാണിക്കാതെ കാത്തുസൂക്ഷിച്ചു പോന്നു.

എന്നാൽ ഈയടുത്ത കാലത്തായി വാവച്ചൻ പറമ്പിൽ നിന്ന് പണി കഴിഞ്ഞ് പണിസാധനങ്ങൾ തിരിച്ചു വയ്ക്കാൻ വരുമ്പോൾ ഗ്രഹിണി പിടിച്ച പിള്ളേര് ചക്കക്കുരുക്കൂട്ടാൻ കാണുമ്പോൾ കാണിക്കുന്ന പോലത്തെ ഒരു ആക്രാന്തവും ഇളക്കവും ഒക്കെ റെജീനമ്മയുടെ നടത്തത്തിൽ ഉണ്ടെന്ന് കണ്ടു പിടിച്ചതും രഹസ്യമായി കുട്ടിച്ചനെ പറഞ്ഞു കേൾപ്പിച്ചതും പെങ്കൊച്ചിന്റെ അമ്മ തെറുതിക്കുട്ടി തന്നെയാണ്.

പണികഴിഞ്ഞു വന്നിട്ട് മുറ്റത്തിനു ചുറ്റും മീന്തല കണ്ട കണ്ടൻപൂച്ച നടക്കുമ്പോലെ ചൂളവുമടിച്ചു നടക്കുന്ന വാവച്ചനെക്കൂടിക്കണ്ടപ്പോൾ പണി വരുന്ന വഴി കുട്ടിച്ചൻ മണത്തറിഞ്ഞു.

ഇത്തവണ കമിഴ്ത്തി വച്ച പഴയ കുട്ടയുടെ അടിയിൽ കിടന്ന കട്ടക്കലിപ്പിനെ ഒന്നുകൂടി വെളിയിൽ വലിച്ചിട്ട് നിഷ്കരുണം വാവച്ചനെ തന്റെ പറമ്പിൽ നിന്നും പണിയിൽ നിന്നും പുറത്താക്കി കുട്ടിച്ചൻ.

പക്ഷേ വാവച്ചൻ ഒരു പാവം ആയിരുന്നു. അവൻ അന്ന് പണിയിൽ നിന്ന് പുറത്താക്കിയപ്പോൾ മുതൽ ഉന്നം വച്ചത് ആ മാട്ടവും അതിലെ മുന്തിരിക്കള്ളും മാത്രം.

“ഈപ്പച്ചാ….. പക്ഷേ സംഗതി എങ്ങനെ നടക്കും? കുറുക്കുവിനെ കെട്ടിയേക്കുന്നത് പനയിലേക്ക് നീട്ടിയല്ലേ?”

“ഡാ, കുറുക്കുവിന് ഒരു മേലാഴിക…. ഒരാഴ്ചയായി, അതിനു തീറ്റ കൊടുക്കുന്നതും നോക്കുന്നതും ഞാൻ തന്നെയാ. ഇപ്പൊ രാത്രിയിൽ എന്നെ കണ്ടാലും കുരയ്ക്കില്ല…!!!!”

“ആഹാ…. ബെസ്റ്റ് ഫ്രെണ്ട്സ്!”

“പട്ടിയെ ഞാൻ നോക്കിക്കോളാം…. പക്ഷേ പനയിൽ ആരു കേറും?”

“രണ്ടു പേർക്കും മരം കയറ്റം അത്ര വശമുള്ള പണിയല്ല.”

“നമുക്ക് സാബുവണ്ണനെ കൂടി പങ്കുചേർത്താലോ?”

വാവച്ചന്റെ നിർദ്ദേശം പക്ഷേ കമുക്‌ കയറ്റക്കാരൻ സാബുവണ്ണന് അത്ര സ്വീകാര്യം ആയില്ല.

“ഇന്നുവരെ കുട്ടിച്ചന്റെ മാട്ടം മാത്രം ആരും പൊക്കാത്താതെന്നാ?”

“എന്നാ..? ” വാവച്ചൻ തിരിച്ചു ചോദിച്ചു.

“കുറുക്കു ഉള്ളതുകൊണ്ടല്ലേ….. അവനെ ഞാൻ നോക്കിക്കോളാം..” ഈപ്പച്ചൻ പറഞ്ഞു.

“അതുമാത്രം അല്ലടാ ഉവ്വേ…. കുട്ടിച്ചനു കൂടോത്രം ഉണ്ട്!”

“ങേ…? ” രണ്ടുപേരും ഒരുമിച്ചു വാ പൊളിച്ചു.

“ഇടയ്ക്കിടയ്ക്ക് പാതിരാത്രി മണിയടി ശബ്ദം കേട്ടിട്ടില്ലേ അങ്ങേരുടെ വീട്ടിൽ നിന്ന്?”

പണ്ട് ഇതേ സംശയം നാട്ടുകാർ ഉന്നയിച്ചപ്പോൾ ഇടവകപ്പള്ളിയിലെ വികാരിയച്ചൻ ഒരു പ്രാവശ്യം കുട്ടിച്ചനെ പള്ളിമേടയിലേക്ക് വിളിപ്പിച്ചു.

“എന്നതാ കുട്ടിച്ചാ…. പാതിരാത്രി ഒരു മണിയടീം ബഹളോം ഒക്കെ? കൂടോത്രം ആണെന്ന് നാട്ടുകാര് പറയുന്നുന്നണ്ടല്ലോ?”

“ഓഹോ….. അപ്പൊ അച്ചൻ പള്ളിയിൽ മണിയടിച്ചാൽ അതു വിശുദ്ധകുർബ്ബാന! ബാക്കിയൊള്ളോൻ വീട്ടിലൊന്നു മണിയടിച്ചാൽ അതു കൂടോത്രം! ഇത്‌ എവിടുത്തെ ന്യായം ആണച്ചോ?”

അച്ചന് നാവിറങ്ങിപ്പോയപോലെ ആയി.

‘ഞാനും വീട്ടിലിരുന്ന് മണിയടിച്ചു പ്രാർത്ഥിക്കുവാണച്ചോ’ എന്നു പറഞ്ഞു പുറത്തിറങ്ങിയ കുട്ടിച്ചൻ നേരെ പോയത് ഷാപ്പിലേക്കായിരുന്നു. അന്ന് അവിടെ കുട്ടിച്ചൻ നടത്തിയ പ്രഖ്യാപനം ഇന്നും സാബുവണ്ണൻ ഓർക്കുന്നു.

“അച്ചൻ മണിയടിച്ചാൽ കർത്താവ്‌ വരുമെങ്കിൽ ഈ കുട്ടിച്ചൻ മണിയടിച്ചാൽ യക്ഷി വരും… സാക്ഷാൽ കരിമ്പനയെക്ഷി!!! എന്റെ പറമ്പിൽ നിൽക്കുന്ന പനയിൽ നിന്ന് മാട്ടം പറിക്കാൻ വരുന്നോന്മാരെ പിടിച്ചു രക്തമൂറ്റിക്കുടിക്കാൻ ഞാൻ പനയിൽ വളർത്തുന്ന യക്ഷി!”

“റോമിൽ നിന്ന് വെഞ്ചിരിച്ചു കൊണ്ടുവന്ന കൊന്തയല്ലിയോ സാബുവണ്ണാ കഴുത്തേൽ കിടക്കുന്നത്…. നിങ്ങളെ ഏത് യക്ഷി പിടിക്കാനാ…?”

വാവച്ചൻ സാബുവണ്ണന്റെ വീക്നെസ്സിൽ തന്നെ കയറിപ്പിടിച്ചു.

അങ്ങനെ അവസാനം ആ കാര്യം തീരുമാനിക്കപ്പെട്ടു! കുറുക്കുവും യക്ഷിയും പുല്ല്! ഇന്നു രാത്രി കുട്ടിച്ചന്റെ മാട്ടം പൊക്കും കട്ടായം!

ഓപ്പറേഷൻ മാട്ടത്തിന്റെ ഏകദേശ രൂപരേഖ ഇതായിരുന്നു.

അടുത്ത പറമ്പിൽനിന്നും കമുകുകൾ വഴി ആടിപ്പകർന്ന് പനയിൽ എത്തുന്ന സാബുവണ്ണൻ മാട്ടം കയറിൽ താഴേക്ക് ഇറക്കും. അതേ സമയം ഈപ്പച്ചൻ കുറുക്കുവിനെ തുടലഴിച്ച് ദൂരെ മാറ്റിക്കൊണ്ടു പോകും. കയറിൽ താഴേക്കുവരുന്ന കള്ളുനിറഞ്ഞ മാട്ടം വാവച്ചൻ ചുമന്നു മാറ്റും.

പക്ഷേ ഓപ്പറേഷൻ മാട്ടത്തെക്കുറിച്ച് യാതൊരു അറിവുമില്ലാത്തിരുന്ന കുറുക്കുവിന്റെ ആത്മാവ് ഇന്നു കാലത്ത് സ്വന്തം ദേഹത്തെ വിട്ടുപിരിഞ്ഞ് അയല്പക്കത്തെ കുഞ്ഞോനാച്ചന്റെ കൊടിച്ചിപ്പട്ടിക്കു ചുറ്റും നാലുവട്ടം കറങ്ങി, ഷാപ്പിനു പിന്നിൽ മീൻകഴുകി വെള്ളം ഒഴിക്കുന്ന കുഴിക്കരുകിലെ പഴയ പ്ലാവിൻകുറ്റിക്കരികിൽ ഇടതുകാൽ പൊക്കി ധ്യാനിച്ച് പുണ്യാഹവും തളിച്ച് നേരെ മുകളിലേക്ക് പോയി.

പട്ടിയെ കുഴിച്ചിട്ടിട്ട് സ്വന്തം ജീപ്പുമെടുത്തു നേരെ വടക്കോട്ടു വിട്ട കുട്ടിച്ചൻ വൈകുന്നേരത്തോടെ തിരിച്ചെത്തി ഷാപ്പിനു മുൻപിൽ ജീപ്പു ചവിട്ടി, ജീപ്പിനു പിന്നിലെ പടുത പൊക്കി ഷാപ്പിനു മുന്നിൽ ഒരു പ്രദർശനം നടത്തി!

കറുത്തിരുണ്ട് കരിങ്കൂറ്റനെപ്പോലെ ഒരു നായ! അതിന്റെ മുരളിച്ച കേട്ട കുടിയന്മാരുടെ അടിവയറ്റിൽ കിടന്ന മധുരക്കള്ള് ഒരു നിമിഷം കൊണ്ട് മൂത്ത് കുമിളകൾ ഉയർത്തി!

“ഇവനാണ് മേജർ! വില്ലാളിവീരൻ! കുറുക്കു ഇവന്റെ മുൻപിൽ വെറും കീടം മാത്രം!”

നാട്ടുകാരുടെ കണ്ണിൽ മേജറിനോടുള്ള ഭയവും ആരാധനയും തിളങ്ങി നിൽക്കുന്നത് കണ്ടപ്പോൾ കുട്ടിച്ചന് ആവേശം മൂത്തു.

“ഇവനാണ് ഇന്നു മുതൽ എന്റെ പനയ്ക്ക് കാവൽ! ഇവനെക്കടന്ന് എന്റെ മാട്ടം പൊക്കാൻ ആണായി പിറന്നവന്മാർ ഉണ്ടെങ്കിൽ പൊക്കടാ…..”

“ആരേലും പൊക്കിയാലോ കുട്ടിച്ചാ? ” കുടിയന്മാരിൽ ആരോ സംശയം പ്രകടിപ്പിച്ചു.

“പൊക്കിയാൽ…….. പൊക്കിക്കൊണ്ട് എന്റെ പറമ്പിന്റെ അതിരു കടക്കുന്നവന് ഞാനെന്റെ പെണ്ണിനെ കെട്ടിച്ചു കൊടുക്കും.”

ഷാപ്പിലെ മേശപ്പുറത്ത് കറിക്കാരൻ മത്തായി വിളമ്പി വച്ച ചൂടൻ പോട്ടിക്കറിയുടെ പ്ളേറ്റിലേക്ക് കൈയ്യടിച്ചു കൊണ്ട് കുട്ടിച്ചൻ പന്തയം ഉറപ്പിച്ചു. ഷാപ്പിലെ ഒട്ടുമിക്ക കുടിയന്മാരുടെയും ദേഹത്തും മുഖത്തുമെല്ലാം പോട്ടിക്കറി ചിതറിത്തെറിച്ചു ചിത്രങ്ങൾ വരച്ചു.

മുഖത്തു വീണ പോട്ടിക്കറിയുടെ എരുവ് കുടിയന്മാർ നാക്കുനീട്ടി നുണയുമ്പോൾ ഇതൊന്നുമറിയാതെ രാത്രിയിലെ ഉറക്കമിളച്ചുള്ള ഓപ്പറേഷനു മുന്നോടിയായി കൂർക്കം വലിച്ചുറങ്ങുകയായിരുന്നു വാവച്ചനും ഈപ്പച്ചനും സാബുവണ്ണനും.

രാത്രി രണ്ടു മണി!

ഓപ്പറേഷൻ മാട്ടം ആരംഭിച്ചു.

കമുകുകളിൽ നിന്ന് കമുകുകളിലേക്ക് ആടിപ്പകർന്ന് സാബുവണ്ണൻ പനയുടെ മുകളിൽ സ്ഥാനം ഉറപ്പിച്ചു.

കുറുക്കു പോയി മേജർ വന്നതറിയാതെ പാവം ഈപ്പച്ചൻ പമ്മിപ്പമ്മിച്ചെന്ന് പട്ടിയുടെ തുടൽ അഴിച്ചു വലിച്ചു കൊണ്ടു നടന്നു.

പനയിൽ നിന്ന് താഴെക്കിറങ്ങിവന്ന മാട്ടം തലയിൽ ഏറ്റുവാങ്ങി വാവച്ചൻ ശബ്ദമുണ്ടാക്കാതെ കുട്ടിച്ചന്റെ പറമ്പിന്റെ അതിരിലേക്ക് നടന്നു.

എല്ലാം ശുഭം എന്ന് മൂവരും ആശ്വസിച്ച നിമിഷത്തിൽ സാബുവണ്ണൻ പനയിൽനിന്ന് പകർന്നു ചെന്ന കാമുകിലെ പ്രായം ചെന്ന പാള കണ്ട്രോൾ തെറ്റി താഴേക്കു വീണു!

പകൽ ഗട്ടർറോഡിലൂടെ ജീപ്പിന്റെ പിറകിൽ കിടന്നു യാത്ര ചെയ്തതിനു വിപരീതമായി , ആകാശത്തു വിമാനത്തിനു മുകളിലിരുന്നു മേഘങ്ങളിൽ തെന്നിത്തെന്നി യാത്ര ചെയ്യുന്ന സുഖസ്വപ്നവും കണ്ട്, ഈപ്പച്ചൻ വലിക്കുന്ന തുടലിനറ്റത്തു സുഷുപ്തിയിലാണ്ടു കിടന്ന മേജറുടെ ചെവിയിലേക്ക് ഭൂമി കുലുങ്ങുന്ന ശബ്ദത്തിൽ പാള വീണ ശബ്ദം തുളച്ചു കയറി.

തുടലിനറ്റത്തു നിന്നും ഇന്ദ്രൻസിന്റെ കിളിക്കൊഞ്ചൽ ശബ്ദം പോലുള്ള കുറുക്കുവിന്റെ കുരയ്ക്ക് പകരം ജനാർദ്ദനന്റെ ശബ്ദം പോലുള്ള ബേസും ടെറിബിളും കൂടിയ മുരൾച്ച കേട്ടപ്പോഴേ ഈപ്പച്ചന്റെ കാലുകൾക്ക് ചിറകുമുളച്ചു.

കുട്ടിച്ചന്റെ പറമ്പിന്റെ അതിരു തിരിക്കുന്ന ചീമക്കൊന്നയിൽ എത്തിപ്പിടിക്കുമ്പോൾ വാവച്ചന്റെ പിന്നിൽ നിന്നൊരു ശബ്ദം കേട്ടു!

“ശ്…ശൂ…”

വാവച്ചൻ ഒന്നേ തിരിഞ്ഞു നോക്കിയുള്ളൂ…..

പനങ്കുല പോലത്തെ മുടിയഴിച്ചിട്ട്, അരണ്ട നിലാവെളിച്ചത്തിൽ തിളങ്ങുന്ന പട്ടുപാവാടയും ബ്ലൗസും ഇട്ട് യക്ഷി!! മാട്ടം എടുക്കുന്നവരുടെ രക്തം ഊറ്റിക്കുടിക്കാൻ കുട്ടിച്ചൻ മണിയടിച്ചു വളർത്തുന്ന കരിമ്പനയെക്ഷി!!!!

വാവച്ചൻ കണ്ണുകൾ ഇറുകെയടച്ചു. വീണ്ടും കേൾക്കുന്നു വിളി!

“ശ്…ശൂ…വാവച്ചൻ ചേട്ടാ…..”

യക്ഷി തന്നെ തിരിച്ചറിഞ്ഞു പേരു ചൊല്ലി വിളിക്കുന്നു! ഇനി രക്ഷപെടാൻ മാർഗം ഇല്ല എന്നു മനസിലാക്കിയ വാവച്ചൻ മാട്ടം താഴെക്കിട്ട് തന്റെ രണ്ടു കൈകൊണ്ടും ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടൺ വലിച്ചു പൊട്ടിച്ചു വിരിമാറു കാണിച്ചുകൊണ്ട് കണ്ണടച്ച് അലറി!

“ചുമ്മാ ശ്…ശൂന്നു വിളിച്ചു പേടിപ്പിക്കാതെ വേണേൽ വന്ന് രക്തം ഊറ്റിക്കുടിച്ചേച്ചു പോടീ…….”

പിന്നോട്ടു മറിഞ്ഞ വാവച്ചൻ ബോധം തെളിയുമ്പോൾ സർക്കാർ ആശുപത്രിയുടെ ജനറൽ വാർഡിൽ ആയിരുന്നു. തൊട്ടടുത്തുള്ള ബെഡിൽ മേജറിന്റെ ലീലാവിലാസങ്ങൾക്കുശേഷം മിച്ചം വന്ന മുക്കാൽ ഈപ്പച്ചൻ കിടപ്പുണ്ട്. അടുത്തുള്ള ബെഡിൽ വിഷാദമഗ്നനായി താടിക്ക് കയ്യും കൊടുത്ത് സാബുവണ്ണൻ.

യക്ഷി ഊറ്റിക്കുടിച്ചിട്ടു പോയതിന്റെ ബാക്കി വല്ലതും മിച്ചം ഉണ്ടോയെന്ന് വാവച്ചൻ ബെഡിൽക്കിടന്ന് നെഞ്ചുതടവിനോക്കുമ്പോൾ കുട്ടിച്ചന്റെ മാട്ടം പൊക്കിയ വാവച്ചനു വേണ്ടി അവന്റെ നാട്ടിൽ ഒരു ഫാൻസ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടിരുന്നു.

ആശുപത്രിയിൽ നിന്ന് കട്ടില് സഹിതം പൊക്കിയെടുക്കപ്പെട്ട വാവച്ചനുമായി ഫാൻസ് അസോസിയേഷൻകാർ ജാഥപോലെ കുട്ടിച്ചന്റെ വീടിന്റെ മുറ്റത്ത് എത്തി. രാത്രിയിൽ ഒരാളുടെ കലാപരിപാടി തന്നെ തനിക്ക് ആവശ്യത്തിനുള്ളതായി എന്ന് തോന്നിയതുകൊണ്ട് മേജർ ഒരു കൊട്ടുവാ ഇട്ട് ആരെയും കാണാത്തപോലെ ഒന്നരക്കണ്ണ് അടച്ചു.

“കുട്ടിച്ചോ…… കുട്ടിച്ചോ….” ഫാൻസുകാർ വിളിച്ചു.

“എന്തോന്നെടേയ് പ്രളയം വന്നോ …. ആളെയും കട്ടിലിൽ ചുമന്ന് പിരിവിനിറങ്ങിയിരിക്കുന്നു ..? ” കുട്ടിച്ചൻ വെളിയിലേക്ക് വന്നു.

“പിരിവല്ല കുട്ടിച്ചാ….. ഇന്നലെ ഷാപ്പിൽ ഇരുന്നൊരു വാക്ക് പറഞ്ഞതോർക്കുന്നോ?”

“എന്തോന്ന്..?”

“മാട്ടം പറിക്കുന്നവന് പെണ്ണിനെ കെട്ടിച്ചു കൊടുക്കുമെന്ന്….”

“അതിന്…?”

“വാവച്ചൻ തന്റെ മാട്ടം പൊക്കി… വാവച്ചനെ ആശുപത്രിയിൽ നിന്നും ഞങ്ങള് പൊക്കി… ദേ ഇപ്പൊ ഞങ്ങൾ എല്ലാരുംകൂടി ഇവന് പെണ്ണ് ചോദിക്കാൻ ഇറങ്ങിയതാ….”

“ആന്നോ….. നല്ല കാര്യം…. ഇന്നലെ ഞാൻ എന്തോന്നാ പറഞ്ഞെന്ന് മുഴുവൻ ഓർക്കുന്നുണ്ടോ പ്രമാണിമാര്?”

“എന്തോന്നാ..?”

“മാട്ടം പറിച്ച് എന്റെ അതിരു കടക്കുന്നവന് എന്റെ പെണ്ണിനെ കെട്ടിച്ചു കൊടുക്കും എന്ന്…..ഇവൻ മാട്ടം പറിച്ചു….. പക്ഷേങ്കി പറിച്ചോണ്ട് എന്റെ അതിരു കടന്നോ….?”

“ആഹ്…. കടന്നോ….?…. കടന്നില്ലേ? ” എല്ലാവരും വാവച്ചനെ നോക്കി.

“എവിടെ വച്ചാണ് യക്ഷി പിടിച്ചത്…? ചീമക്കൊന്ന വേലിക്ക് അപ്പുറത്തോ അതോ ഇപ്പുറത്തോ?” വാവച്ചൻ കട്ടിലിൽ കിടന്ന് ദിക്കറിയാതെ ദയനീയമായി ചുറ്റും നോക്കി.

“ദേ…. ഈ കറിയാച്ചനാ ആദ്യം കണ്ടേ…. അങ്ങേരോടു ചോദിക്ക്…..” കുട്ടിച്ചൻ തന്റെ അടുക്കളക്കാരൻ കറിയാച്ചനെ മുന്നോട്ടു തള്ളി.

കറിയാച്ചൻ വായ തുറക്കും മുൻപേ ഒരു കിളിനാദം കേട്ട് വാവച്ചൻ തല കഷ്ടപ്പെട്ടു പൊന്തിച്ചു നോക്കി.

കർത്താവേ യക്ഷി…..!!!! ഇന്നലെ രാത്രി കണ്ട അതേ പട്ടുപാവാടയും ബ്ലൗസും!!! അതേ അഴിച്ചിട്ട തലമുടി!!!

“ബ്ത്‌…..” വട്ടുസോഡായുടെ ഗ്യാസ് പോകുന്ന ഒരു ശബ്ദത്തോടെ വാവച്ചന്റെ ബോധം വീണ്ടും പനമുകളിൽ കയറി.

“കറിയാച്ചൻ അല്ലപ്പച്ചാ….. ഞാനല്ലേ ആദ്യം കണ്ടേ…… ” വിടർത്തിയിട്ട തലമുടി തെല്ലൊതുക്കി മുഖത്തിന്റെ ചന്ദ്രക്കല വട്ടം മാത്രം കാണിച്ചു കൊണ്ട് റെജീനാമ്മ ഫാൻസ്‌കാരെ നോക്കിച്ചിരിച്ചു.

കുട്ടിച്ചന് മറുത്തെന്തെങ്കിലും പറയാൻ സമയം കിട്ടും മുൻപേ അവൾ പറഞ്ഞു വന്നതു പൂരിപ്പിച്ചു.

“ചീമക്കൊന്നവേലിക്കപ്പുറത്തു വഴിയിൽ കിടന്ന വാവച്ചൻ ചേട്ടനെ വലിച്ച് ഇപ്പുറത്തിട്ടിട്ട് ഉടഞ്ഞ മാട്ടം പെറുക്കി അടുത്തിട്ടത് അപ്പച്ചനും കറിയാച്ചനും കൂടിയല്ലിയോ? രാത്രിയിലെ ഉറക്കപ്പിച്ചിൽ അപ്പച്ചൻ എല്ലാം മറന്നു പോയി!!! ” റെജീനാമ്മ നാണിച്ചു മുഖം കുനിച്ച് കാലുകൊണ്ട് നിലത്തു കളം വരച്ചു.

കൊഞ്ചിക്കൊഞ്ചിയുള്ള ആ പുളകിത ശബ്ദം കാതുകളിൽ വീണതും വാവച്ചന്റെ ബോധം ഇടവപ്പള്ളിയിൽ പെരുന്നാളിനു കത്തിക്കുന്ന ഇലുമിനേഷൻ ലൈറ്റ് പോലെ കെടുകയും തെളിയുകയും ചെയ്തു കൊണ്ടിരുന്നു.

തലയ്ക്കു കയ്യും താങ്ങി കുട്ടിച്ചൻ ഉമ്മറത്തു തളർന്നിരിക്കുമ്പോൾ ഫാൻസുകാരു മുറ്റത്തു വച്ച കട്ടിലിൽ വാവച്ചന്റെ കൈപിടിച്ചു കൊണ്ട് റെജീനാമ്മ പറഞ്ഞു.

“അപ്പച്ചൻ ഞങ്ങളെ അനുഗ്രഹിക്കണം.”

ആശുപത്രിയിൽ തന്റെ ബെഡിൽ അപ്പോൾമാത്രം ബോധം വീണ ഈപ്പച്ചൻ കുണ്ഠിതപ്പെട്ടിരിക്കുന്ന സാബുവണ്ണനെ കുത്തിപ്പൊക്കി ഒരു ചോദ്യം ചോദിച്ചു.

“അണ്ണാ മാട്ടം ഭദ്രം ആണല്ലോ അല്ലേ?”

“ഓ.. ഇല്ലടാ…അതു പൊട്ടിപ്പോയി…..”

“ഹയ്യോ…. അപ്പൊ ഇനിയെന്നാ അടുത്ത ഓപ്പറേഷൻ മാട്ടം?”

“ഹോ…. ഇനിയെന്ത് ഓപ്പറേഷൻ…? മാട്ടം ഇരിക്കുന്ന പന നിന്റനിയനു തീറെഴുതിക്കിട്ടത്തില്ലയോ?”

കാര്യം പിടികിട്ടാത്ത ഈപ്പച്ചൻ ചുമ്മാ കണ്ണു മിഴിച്ചു. വലിയൊരു ദീർഘനിശ്വാസത്തോടെ സാബുവണ്ണൻ ഈപ്പച്ചനെ ആശ്വസിപ്പിച്ചു.

സാരമില്ലടാ ഈപ്പച്ചാ….. പട്ടി കടിച്ചവനു പനങ്കള്ളു വിധിച്ചിട്ടില്ല.