പുറത്ത് കോരിച്ചൊരിയുന്ന മഴയുള്ള ആ രാത്രി അകത്തേക്ക് ഇരച്ചു കയറുന്ന തണുപ്പിലും അവളടുത്തുണ്ടായിട്ടും എന്തോ…

രചന: മഹാ ദേവൻ

പുറത്ത് കോരിച്ചൊരിയുന്ന മഴയുള്ള ആ രാത്രി അകത്തേക്ക് ഇരച്ചു കയറുന്ന തണുപ്പിലും അവളടുത്തുണ്ടായിട്ടും എന്തോ ഒന്ന് അവളിലേക്ക് നീങ്ങിക്കിടക്കാനോ കെട്ടിപ്പുണരാണോ തോന്നിയില്ല.

മനസ്സ് നിറയെ വാശിയായിരുന്നു. സംശയത്തോടെ മാത്രം പലതിനെയും കാണുകയും, അതിന്റ പേരിൽ ഉണ്ടാക്കുന്ന വഴക്കും ജീവിതത്തിന്റെ ഒരു ഭാഗമായപ്പോൾ എന്തോ മനസ്സ് വല്ലാതെ അകലുകയായിരുന്നു അവളിൽ നിന്ന്.

ഒരിക്കൽ പോലും മുഖം കറുപ്പിക്കാതെ സംസാരിച്ചിട്ടില്ല അവൾ. എന്നുമുണ്ടായിരുന്നു വഴിക്കിനായി കണ്ടെത്തുന്ന കാരണങ്ങളുടെ പട്ടിക.

” നീ എന്തിനടി ഇങ്ങനെ പിന്നാലെ നടന്ന് ഓരോന്ന് കണ്ടുപിടിച് മനുഷ്യന്റെ സ്വസ്ഥത കളയുന്നത് ” എന്ന് ചോദിക്കുമ്പോഴെല്ലാം അവൾക്ക് പറയാനുള്ള ഉത്തരത്തിലുമുണ്ടാകും കുത്തുവാക്കുകൾ,

” അല്ലെങ്കിലും കെട്ടിക്കേറിവന്നത് മുതൽ ഞാൻ ആണല്ലോ നിങ്ങളുടെ സ്വസ്ഥത കളയുന്നത്. നിങ്ങൾ വലിയ മാന്യൻ. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട . രാത്രി മാറി നിന്നുള്ള വിളിയും ചിരിയും. എന്തൊരു ഒലിപ്പീരാണ് അപ്പോഴെല്ലാം.. എന്നെ കണ്ടാൽ മാത്രം ചിരിക്കാൻ പോലും അറിയില്ല.. ഒന്ന് സ്നേഹത്തോടെ മിണ്ടാൻ വയ്യ.. “

അവൾ അത്രയൊക്കെ പറയുമ്പോഴും അവൾ ചിന്തിക്കുന്നില്ല എന്ത് കൊണ്ടാണ് സംസാരിക്കാൻ മടി കാണിക്കുന്നത് എന്നും അവളുടെ മുഖത്തു നോക്കി ചിരിക്കാൻ കഴിയാത്തത് എന്നും.

അവളുടെ കൂടെ കുറച്ചു നേരം സന്തോഷത്തോടെ ഇരുന്നാൽ അപ്പോപറയും

” ഇന്നിപ്പോ എന്താണാവോ ഒരു ചിരിയും സംസാരവും സോപ്പിടലും. വല്ലവൾമാരും ചെല്ലാൻ പറഞ്ഞോ ഇത്രക്ക് സന്തോഷിക്കാൻ . നിങ്ങള് അങ്ങനെ എന്നെ ചിരിച്ചു മയക്കി കയ്യിലെടുത്ത്‌ കാര്യം സാധിക്കാമെന്ന് കരുതണ്ട. ” എന്ന്.

എന്തെ കാണിച്ചാലും , എങ്ങനെ പെരുമാറിയാലും കുറ്റം കണ്ടുപിടിക്കുന്ന അവളുടെ മുഖത്ത്‌ നോക്കി ചിരിക്കാനോ സ്നേഹത്തോടെ ഒന്ന് സംസാരിക്കാനോ തോന്നുമൊ?

അങ്ങനെ ഒരു ഒഴുക്കൻ മട്ടിൽ മുന്നോട്ട് പോകുന്ന ജീവിതത്തിൽ കടിച്ചുതൂങ്ങി കിടക്കുകയാണ് ഇത്ര കാലവും.മറ്റുള്ളവർക്ക് മുന്നിൽ സ്നേഹം അഭിനയിച്ചും “അവരെ കണ്ട് പഠിക്ക് എല്ലാവരും, എന്തൊരു സ്നേഹമാണ് രണ്ട് പേർക്കും ” എന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ അഭിനവജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോൾ ആശ്വസിക്കാൻ വകയായിട്ടുണ്ടായിരുന്നത് എന്നോ ഒരു സന്തോഷനിമിഷത്തിൽ പിറവി കൊണ്ട് മകൻ മാത്രമായിരുന്നു.

ഇപ്പഴും പിണക്കത്തിലാണ് അവൾ .

കോരിച്ചൊരിയുന്ന ഇടവപ്പാതിയിൽ രാത്രി തണുത്തു മരവിച്ചു കേറിവരുമ്പോൾ വൈകിയെത്തിയതിന്റെ സംശയം ആ കണ്ണുകളിൽ ഉണ്ടായിരുന്നു.

അവളുടെ നോട്ടം അവഗണിച്ചു മിണ്ടാതെ അകത്തേക്ക് പൊകുമ്പോൾ പിറുപിറുത്തുകൊണ്ട് പിന്നാലെ വന്ന അവളുടെ കണ്ണുകളിൽ ഉടക്കിയ ഒരു മുടിനാരിഴയായിരുന്നു അന്നത്തെ പ്രശ്നം.

എന്തെന്നോ ഏതെന്നോ ചോദിക്കാതെ, ഇത്ര നേരം എവിടെ ആയിരുന്നു എന്നതിന്റെ കാരണം തിരക്കാതെ അവൾ ഭദ്രകാളിയെ പോലെ തുള്ളിത്തുടങ്ങിയപ്പോൾ ഒരു മൗനം കൊണ്ട് അതിനെയെല്ലാം മറികടന്ന് കുളിക്കാനായി ബാത്റൂമിൽ കയറുമ്പോഴും പുറത്തെ പെരുമഴയെക്കാൾ ശക്തിയായിരുന്നു അവളുടെ വാക്കുകൾക്.

” മഴയും തണുപ്പും കൂടി ആയപ്പോൾ ചൂട് തേടി പോയതാകും അല്ലെ ഈ പാതിരാത്രിയിൽ. എന്നിട്ട് ഓരോ തേ വിടിച്ചികളുടെ കൂടെ കിടന്ന് ഒന്നുമറിയാത്തവനെ പോലെ കേറി വന്നാൽ വീട്ടിലിരിക്കുന്ന ഞങ്ങൾ ഒന്നും അറിയില്ലെന്ന് കരുതിയോ? കിടന്ന് മറിയുമ്പോൾ ആലോചിച്ചിട്ടുണ്ടാകില്ല ഈശ്വരൻ എന്റെ കൂടെ ആണെന്ന്. ഒരു തെളിവിനായിട്ടാണ് ഈ മുടി കൂടി തന്നു വിട്ടതെന്ന്. എന്നിട്ടോ, ‘ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ ‘ എന്ന മട്ടിൽ കേറിവരുന്ന ഒരു മാന്യൻ.. തുഫ്……

ഇതിപ്പോ എന്റെ മുടിയെങ്ങാനും ആണ് മുഖത്തോ ദേഹത്തോ തട്ടിയതെങ്കിൽ എന്തൊക്കെ ആയിരിക്കും കോലാഹലം. അറപ്പ്, വെറുപ്പ്.. ഹോ….കണ്ടവൾമാരുടെ ആകുമ്പോൾ അതിന് അഴകും… “

അവളുടെ മനസ്സിൽ കേറിക്കൂടിയ വിഷം പുറത്തേക്ക് ചീറ്റുമ്പോൾ എല്ലാം പറയണമെന്ന് ഉണ്ടായിരുന്നു. പിന്നെ തോന്നി, വേണ്ടെന്ന്. പറഞ്ഞിട്ടും വല്യ പ്രയോജനം ഒന്നുമില്ലെന്ന്. കാരണം തുറന്ന് പറഞ്ഞാൽ അടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന നമ്മുടെ ചിന്തയെ തെറ്റിച്ചുകൊണ്ട് പറയാൻ വേറൊരു കാരണം കണ്ടെത്തും അവൾ. പിന്നെ ഇതിനൊക്കെ ദേഷ്യത്തിന് മുഖമടച്ചൊന്ന് കൊടുത്താലൊക്കെ കൊള്ളാം. പക്ഷേ, എന്ത് കാര്യം.. ഇതുപോലെ കുറ്റം മാത്രം കണ്ടുപിടിക്കുന്നവർക്ക് അതിലും കണ്ട് പിടിക്കാൻ ഉണ്ടാകും നൂറ് കുറ്റങ്ങൾ. പിന്നെ ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുകയേ ഉളളൂ പ്രശ്നങ്ങൾ. അതിലും നല്ലത് മൗനം തന്നെ ആണെന്ന് തോന്നിയത് കൊണ്ട് ആ വഴി തന്നെ സ്വീകരിച്ചു.

ആ രാത്രി ഉറക്കമില്ലാത്ത രാത്രി ആയിരുന്നു. കുത്തുവാക്കുകൾ പിറുപിറുപ്പായി ചെവിയിൽ തുളച്ചുകയറുമ്പോൾ ആ മുടികണ്ട് അവൾ പഴിക്കുന്നതും, അവിടെ എന്റെ കൂടെ കിടന്ന തേവിടിച്ചിയെന്ന് വിളിച്ചതും ആരെയാണെന്ന് അവൾ അറിയുന്നുണ്ടോ എന്ന ചിന്തയായിരുന്നു മനസ്സിൽ.

മഴയിൽ തണുത്തുറഞ്ഞ ആ രാത്രി പുലരുമ്പോൾ മനസ്സിൽ ഒരു ആശ്വാസം ആയിരുന്നു. ഇനി രാത്രി അവളെ കേട്ടാൽ മതിയല്ലോ എന്ന്.

അതെ സമയം ആയിരുന്നു അവളുടെ ഫോൺ അടിച്ചുകൊണ്ടിരുന്നതും.

മറുതലക്കൽ അമ്മയാണെന്ന് അറിഞ്ഞപ്പോൾ ഭർത്താവിന്റെ കൊള്ളരുതായ്മയെ കുറിച്ചും പെണ്ണ് കേസുമായി കൂട്ടിവെച്ച പഴികളുടെ ഭാണ്ഡക്കെട്ടുകൾ ഒരു കരച്ചിലിന്റെ അകമ്പകുടിയോടെ അമ്മക്ക് മുന്നിൽ തുറക്കാൻ തുടങ്ങുമ്പോൾ അപ്പുറത്ത് നിന്ന് അമ്മയുടെ സംസാരം അവളുടെ കാതിലേക്ക് എത്തിയിരുന്നു,

” എന്റെ മോളെ അമ്മക്ക് തീരെ വയ്യെടി, പറ്റിയാൽ രണ്ട് ദിവസം നീ ഇവിടെ ഒന്ന് വന്നു നിൽക്ക്. ഇന്നലെ വൈകീട്ട് ആ മഴയത്ത് പുറത്ത് വിരിച്ചിട്ട തുണിയൊക്കെ എടുത്തു വെക്കാൻ മുറ്റത്തേക്ക് ഇറങ്ങിയതാ.. അവിടെ തന്നെ വഴുക്കലിൽ കാല് തെന്നി വീണുപോയി. നിന്റെ ആങ്ങളയെ ആണെങ്കിൽ വിളിച്ചാൽ കിട്ടുന്നുമില്ലായിരുന്നു. അവസാനം മരുമകനെ വിളിച്ചപ്പോൾ ആണ് കിട്ടിയത്. അവൻ വന്നിട്ടാണ് എന്നെ ആശുപത്രിയിൽ കൊണ്ടുപോയത്. എനിക്കണേൽ എഴുനേൽക്കാൻ പോലും വയ്യാത്ത അവസ്ഥ ആയിരുന്നു. അവൻ അവിടെ വന്നപ്പോൾ പറ്റാഞ്ഞില്ലേ ഒന്നും. അവൻ പറയുമെന്ന് കരുതി, അതാണ്‌ ഇന്നലെ വിളിച്ച് പറയാതിരുന്നത്, പിന്നെ നല്ല മഴയും ആയിരുന്നല്ലോ.. ! ഇപ്പോൾ മോൻ ഉണ്ട് അടുത്ത്. എന്നാലും പെട്ടന്ന് ഇറങ്ങി നടക്കാൻ പറ്റില്ല. അതുകൊണ്ട് നീ വന്നു രണ്ട് ദിവസം നിൽക്ക്.. “

അമ്മയോട് പറയാൻ കഴിയില്ലല്ലോ ആ വൈകിയതിന്റ പേരിൽ ഒരു ഭൂകമ്പം തന്നെ വീട്ടിൽ നടന്നെന്ന്. മരുമകന് ഒന്ന് സംസാരിക്കാൻ പോലും അവസരം കൊടുക്കാതെ കൊല്ലാകൊല ചെയ്യുകയായിരുന്നു എന്ന്.

അമ്മയുടെ വാക്കുകൾക്ക് മുന്നിൽ പറയാൻ വന്ന കുറ്റങ്ങൾ അപ്പാടെ മാറ്റിവെച്ച് വരാമെന്ന് പറഞ്ഞ് ഫോൺ കട്ട്‌ ചെയ്യുമ്പോൾ ഒന്നും മിണ്ടാതെ ജോലിക്കായി പുറത്തേക്ക് ഇറങ്ങുന്ന

ഭർത്താവിനെ നോക്കി അവൾ പറയുന്നുണ്ടായിരുന്നു,

” അല്ലെങ്കിലും എന്ത് നടന്നാലും വീട്ടിൽ പറയില്ലല്ലോ.. പുറത്ത് വല്ലവൾമാരും ആണെകിൽ ലോകത്തുള്ള എല്ലാ കാര്യങ്ങളും സംസാരിക്കാൻ അറിയാം. വീട്ടിലുള്ള പെണ്ണുങ്ങളോട് എന്തെങ്കിലും ഉണ്ടായാൽ പോലും പറയാൻ വാ തുറക്കില്ല . “എന്ന്.

അത് കേട്ട് പുറത്തേക്കിറങ്ങുമ്പോൾ ചുണ്ടിൽ ചിരിയായിരുന്നു.

“എന്തക്കെ ആയിരുന്നു ഇന്നലെ.. കാരണം പോലും തിരക്കാതെ ഏതോ തേ വിടിച്ചിയുടെ കൂടെ അഴിഞ്ഞാടി വന്നെന്ന് പറഞ്ഞ് ലോകം കീഴ്മേൽ മരിക്കുമ്പോൾ സ്വന്തം അമ്മയെ ആണ് അങ്ങനെ ഒക്കെ വിളിക്കുന്നതെന്ന് അറിഞ്ഞില്ല. എന്നിട്ട് ഇപ്പോഴും കുറ്റം തനിക്ക് തന്നെ..

ഇതാണ് പറയുന്നത്. നായുടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും അത് വളഞ്ഞു തന്നെ നിൽക്കത്തുള്ളൂ എന്ന് “

അങ്ങനെ ചിന്തിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോഴും അകത്തു നിന്ന് കേൾക്കാമായിരുന്നു ഒരു കാരണം ഇല്ലാത്ത കുറെ പിറുപിറുക്കലുകൾ.